ബാഴ്‌സലോണയും നെയ്മറും തമ്മിലുള്ള നിയമ പോരാട്ടം അവസാനിച്ചു

മുൻ ബാഴ്‌സലോണ താരം നെയ്മറും ബാഴ്‌സലോണയും തമ്മിലുള്ള നിയമ പോരാട്ടം അവസാനിച്ചു. ഇരു കൂട്ടരും നിയമ പോരാട്ടം സൗഹൃദപരമായ രീതിയിൽ അവസാനിപ്പിക്കാൻ തീരുമാനിച്ചതോടെയാണ് നീണ്ട കാലത്തെ നിയമ പോരാട്ടം അവസാനിച്ചത്.

2017ൽ ബാഴ്‌സലോണയിൽ നിന്ന് റെക്കോർഡ് തുകക്ക് നെയ്മർ പി.എസ്.ജിയിൽ എത്തിയതിന് പിന്നാലെയാണ് ബാഴ്‌സലോണയും നെയ്മറും നിയമപോരാട്ടം ആരംഭിച്ചത്. പി.എസ്.ജിയിലേക്ക് മാറിയതിന് പിന്നാലെ ബാഴ്‌സലോണ തനിക്ക് അർഹതപ്പെട്ട ബോണാസ് നൽകിയില്ലെന്ന് ആരോപിച്ചാണ് നെയ്മർ ബാഴ്‌സലോണക്കെതിരെ നിയമപോരാട്ടത്തിന് ഇറങ്ങിയത്. നെയ്മർ ബാഴ്‌സലോണയുമായുള്ള കരാർ ലംഘിച്ചു എന്ന് ആരോപിച്ച് ബാഴ്‌സലോണയും നെയ്മറിനെതിരെ കോടതി കയറുകയും ചെയ്തു.

തുടർന്ന് 4 വർഷകാലം ഇരുകൂട്ടരും നിയമപോരാട്ടം നടത്തിയെങ്കിലും ഈ വിഷയത്തിൽ ഒരു ഒത്തുതീർപ്പിൽ എത്താനായിരുന്നില്ല. തുടർന്നാണ് സൗഹൃദപരമായ രീതിയിൽ കേസ് അവസാനിപ്പിക്കാൻ ഇരു കൂട്ടരും തീരുമാനിച്ചത്.

ജീസുസിന്റെ വിലക്ക്, വിമർശനവുമായി നെയ്മർ

കോപ്പ അമേരിക്ക ഫൈനലിൽ നിന്ന് ബ്രസീൽ താരം ഗബ്രിയേൽ ജീസുസിനെ വിലക്കിയതിനെതിരെ സൗത്ത് അമേരിക്കൻ ഫുട്ബോൾ ഫെഡറേഷനെതിരെ വിമർശനവുമായി ബ്രസീൽ സൂപ്പർ താരം നെയ്മർ. കോപ്പ അമേരിക്ക ക്വാർട്ടർ ഫൈനലിൽ ചിലിക്കെതിരെ ജീസുസിന് ചുവപ്പ് കാർഡ് ലഭിച്ചിരുന്നു. ചിലി താരം ഇഗ്‌നിയോ മെനയെ ഫൗൾ ചെയ്തതിനാണ് റഫറി നേരിട്ട് ചുവപ്പ്കാർഡ് നൽകിയത്. തുടർന്ന് പെറുവിനെതിരായ ബ്രസീലിന്റെ കോപ്പ അമേരിക്ക സെമി ഫൈനൽ പോരാട്ടം ജീസുസിന് നഷ്ടമായിരുന്നു.

എന്നാൽ താരത്തിന് ഒരു മത്സരത്തിൽ നിന്ന് കൂടി വിലക്കാൻ സൗത്ത് അമേരിക്കൻ ഫുട്ബോൾ അസോസിയേഷൻ തീരുമാനിക്കുകയായിരുന്നു. തുടർന്നാണ് ഈ തീരുമാനത്തിനെതിരെ വിമർശനവുമായി നെയ്മർ രംഗത്തെത്തിയത്. ഇത്തരത്തിൽ തീരുമാനങ്ങൾ എടുക്കുന്ന ആളുകളുടെ കൈകളിലായിരിക്കുന്നത് വളരെ സങ്കടകരമാണെന്നും അവർ കളിയെ വളരെ മനോഹരമായ രീതിയിൽ വിശകലനം ചെയ്‌തെന്നും പരിഹാസരൂപേണ നെയ്മർ പറഞ്ഞു.

നെയ്മറിന്റെ ഗോളിൽ ജയം തുടർന്ന് ബ്രസീൽ

ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ തങ്ങളുടെ വിജയകുതിപ്പ് തുടർന്ന് ബ്രസീൽ. ഇന്ന് നടന്ന മത്സരത്തിൽ പരാഗ്വയെയാണ് ബ്രസീൽ പരാജയപ്പെടുത്തിയത്. ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കായിരുന്നു ബ്രസീലിന്റെ ജയം.

മത്സരം തുടങ്ങി മൂന്നാം മിനുട്ടിൽ തന്നെ നെയ്മറിന്റെ ഗോളിലാണ് ബ്രസീൽ മുൻപിലെത്തിയത്. ഗബ്രിയേൽ ജെസൂസിന്റെ ക്രോസിൽ നിന്നാണ് നെയ്മർ ഗോൾ നേടിയത്. ഗോൾ നേടിയെങ്കിലും ബ്രസീലിനെതിരെ പൊരുതി കളിച്ച പരാഗ്വക്ക് പക്ഷെ ഗോൾ മാത്രം നേടാനായില്ല. പരാഗ്വയുടെ മികച്ച ശ്രമങ്ങൾ എല്ലാം ഗോൾ കീപ്പർ എഡേഴ്സൻ രക്ഷപ്പെടുത്തുകയും ചെയ്തു.

തുടർന്ന് മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ നെയ്മറിന്റെ പാസിൽ നിന്ന് പകരക്കാരനായി ഇറങ്ങിയ ലൂക്കാസ് പക്വേറ്റ ബ്രസീലിന് രണ്ടാമത്തെ ഗോളും നേടി കൊടുക്കുകയായിരുന്നു. ജയത്തോടെ ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ആറിൽ ആറ് മത്സരവും ജയിച്ച് ബ്രസീൽ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ്.

നെയ്മറിന് രണ്ട് മത്സരങ്ങളിൽ നിന്ന് വിലക്ക്

ലീഗ് 1ൽ ലില്ലെക്കെതിരായ മത്സരത്തിൽ ചുവപ്പ് കാർഡ് ലഭിച്ച പി.എസ്.ജി താരം നെയ്മറിന് രണ്ട് മത്സരങ്ങളിൽ നിന്ന് വിലക്ക്. ലില്ലെക്കെതിരായ മത്സരത്തിൽ ചുവപ്പ് കാർഡ് ലഭിച്ചതിന് പിന്നാലെയാണ് താരത്തിന് വിലക്ക് നേരിടേണ്ടിവന്നത്. ലീഗ് 1ൽ സ്‌ട്രാസ്ബർഗിനെതിരെയും സെയിന്റ് ഏറ്റിന്നെക്കെതിരെയുമുള്ള മത്സരങ്ങൾ ഇതോടെ നെയ്മറിന് നഷ്ട്ടമാകും. ലീഗ് 1ൽ ലില്ലെക്കെതിരായ മത്സരത്തിൽ രണ്ട് മഞ്ഞ കാർഡ് കണ്ടാണ് നെയ്മർ പുറത്തുപോയത്.

ലില്ലെ താരം തിയാഗോ ഡയലോയെ തള്ളിയതിനാണ് നെയ്മറിന് റഫറി രണ്ടാം മഞ്ഞ കാർഡും തുടർന്ന് ചുവപ്പ് കാർഡും കാണിച്ചത്. കൂടാതെ നെയ്മറുമായി വാക്കേറ്റം നടത്തിയ തിയാഗോ ഡയലോക്കും രണ്ട് മത്സരങ്ങളിൽ നിന്ന് വിലക്കുണ്ട്. മത്സരത്തിൽ തിയാഗോ ഡയലോക്കും ചുവപ്പ് കാർഡ് ലഭിച്ചിരുന്നു. മത്സരം കഴിഞ്ഞതിന് ശേഷംസ്റ്റേഡിയത്തിന്റെ ടണലിൽ വെച്ചും ഇരു താരങ്ങളും വീണ്ടും വാക്കുതർക്കത്തിൽ ഏർപ്പെടുകയും ചെയ്തിരുന്നു. മത്സരത്തിൽ ലില്ലെയോട് പരാജയപ്പെട്ട പി.എസ്.ജി ലീഗ് 1ൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു.

ബാഴ്‌സലോണക്കെതിരെ പി.എസ്.ജി നിരയിൽ നെയ്മർ ഇല്ല

ബാഴ്‌സലോണക്കെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിന്റെ രണ്ടാം പാദത്തിൽ സൂപ്പർ താരം നെയ്മർ കളിക്കില്ലെന്ന് വ്യക്തമാക്കി പി.എസ്.ജി. കഴിഞ്ഞ ദിവസം നെയ്മർ പരിക്ക് മാറി പരിശീലനം നടത്തിയെങ്കിലും ബാഴ്‌സലോണക്കെതിരെ താരം ഉണ്ടാവില്ലെന്ന് പി.എസ്.ജി വ്യക്തമാക്കി. ഇതോടെ തന്റെ പഴയ ക്ലബായ ബാഴ്‌സലോണക്കെതിരെ കളിക്കാനുള്ള അവസരം നെയ്മറിന് നഷ്ട്ടമാകും.

നേരത്തെ ബാഴ്‌സലോണക്കെതിരായ ഒന്നാം പാദത്തിലും പി.എസ്.ജി നിരയിൽ പരിക്ക് മൂലം നെയ്മർ ഇറങ്ങിയിരുന്നില്ല. ആദ്യ പാദത്തിൽ 4-1ന്റെ ജയം സ്വന്തമാക്കിയ പി.എസ്.ജിക്ക് തന്നെയാണ് സ്വന്തം ഗ്രൗണ്ടിൽ രണ്ടാക്കുന്ന രണ്ടാം പാദത്തിൽ മുൻ‌തൂക്കം. ഫെബ്രുവരി 10ന് ഫ്രഞ്ച് കപ്പ് മത്സരത്തിൽ കാനിനെതിരെ മത്സരിക്കുന്നതിനിടെയാണ് നെയ്മറിന് പരിക്കേറ്റത്. പരിക്ക് മൂലം പി.എസ്.ജിയുടെ അവസാന 6 മത്സരങ്ങൾ നെയ്മറിന് നഷ്ടമായിരുന്നു.

പി.എസ്.ജിയിൽ തന്നെ തുടരണമെന്ന് നെയ്മർ

ഫ്രഞ്ച് ലീഗ് ചാമ്പ്യന്മാരായ പി.എസ്.ജിയിൽ തന്നെ തുടരണമെന്നാണ് തന്റെ ആഗ്രഹമെന്ന് പി.എസ്.ജിയുടെ ബ്രസീലിയൻ സൂപ്പർ സ്റ്റാർ നെയ്മർ. നിലവിൽ താൻ പി.എസ്.ജിയിൽ ഒരുപാട് സന്തോഷവാൻ ആണെന്നും ഒരുപാടു കാര്യങ്ങളിൽ ഇപ്പോൾ മാറ്റം സംഭവിച്ചിട്ടുണ്ടെന്നും നെയ്മർ പറഞ്ഞു. അതുകൊണ്ട് തന്നെ പി.എസ്.ജിയിൽ തന്നെ തുടരാനാണ് തനിക്ക് ഇഷ്ട്ടമെന്നും നെയ്മർ പറഞ്ഞു.

കൂടാതെ മറ്റൊരു പി.എസ്.ജി സൂപ്പർ താരമായ എംബപ്പേയും പി.എസ്.ജിയിൽ തന്നെ തുടരണമെന്നാണ് തന്റെ ആഗ്രഹമെന്നും ഒരുപാട് കാലം ഫുട്ബോൾ കളിക്കുകയും സന്തോഷവാനായിരിക്കുകയും ചെയ്യുകയെന്നത് പ്രധാനപ്പെട്ട കാര്യമെന്നും നെയ്മർ പറഞ്ഞു. കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ നെയ്മർ തന്റെ പഴയ ക്ലബായ ബാഴ്‌സലോണയിലേക്ക് തിരിച്ചുപോവുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ നെയ്മറിന്റെ പുതിയ പ്രതികരണം സൂചിപ്പിക്കുന്നത് താരം പി.എസ്.ജിയിൽ തന്നെ തുടരുമെന്നാണ്.

ദൈവമാണ് തന്നെ വലിയ പരിക്കിൽ നിന്ന് രക്ഷിച്ചതെന്ന് നെയ്മർ

ദൈവമാണ് തന്നെ വലിയ പരിക്കിൽ നിന്ന് രക്ഷിച്ചതെന്ന് പി.എസ്.ജിയുടെ ബ്രസീലിയൻ സൂപ്പർ സ്റ്റാർ നെയ്മർ. ലിയോണിനെതിരായ ലീഗ് 1 മത്സരത്തിൽ ഗുരുതര പരിക്കേറ്റ നെയ്മർ കരഞ്ഞുകൊണ്ടാണ് ഗ്രൗണ്ട് വിട്ടത്. ലിയോൺ താരം തിയാഗോ മെൻഡസിന്റെ ടാക്കിളിൽ ആണ് നെയ്മറിന് പരിക്കേറ്റത്. എന്നാൽ താരത്തിന്റെ പരിക്ക് നേരത്തെ കരുതിയ അത്ര ഗുരുതരമല്ലെന്ന് പി.എസ്.ജി വ്യക്തമാക്കി.

നേരത്തെ താരത്തിന്റെ ആംഗിളിനു പൊട്ടൽ ഉണ്ടെന്ന് കരുതിയിരുന്നെങ്കിലും താരത്തിന്റെ ആംഗിളിനു പൊട്ടൽ ഇല്ലെന്ന് പി.എസ്.ജി സ്ഥിരീകരിക്കുകയായിരുന്നു. ഇതിന് ശേഷമാണ് സോഷ്യൽ മീഡിയയിൽ ദൈവമാണ് തന്നെ വലിയ പരിക്കിൽ നിന്ന് രക്ഷിച്ചതെന്ന് പറഞ്ഞ് നെയ്മർ രംഗത്തെത്തിയത്. തന്റെ പരിക്ക് ഇതിനേക്കാൾ ഗുരുതരമാവുമായിരുന്നെന്നും വേദന കൊണ്ടും ഭയം കൊണ്ടുമാണ് താൻ കരഞ്ഞതെന്നും നെയ്മർ വെളിപ്പെടുത്തി.

നെയ്മർ കൊറോണ നെഗറ്റീവ് ആയി, പി എസ് ജി ടീമിൽ തിരിച്ചെത്തി

ഫ്രഞ്ച് ക്ലബായ പി എസ് ജിയുടെ സൂപ്പർ സ്റ്റാർ നെയ്മർ കോവിഡ് മുക്തനായി. കൊറോണ സ്ഥിരീകരിച്ചത് കാരണം ക്വാർന്റൈനിൽ ആയിരുന്ന നെയ്മർ രോഗം ഭേദമായി എത്തി എന്ന് പി എസ് ജി പരിശീലകൻ ടൂഹൽ വ്യക്തമാക്കി. നെയ്മർ, ഡി മറിയ, പരെദസ് എന്നിവർ കൊറോണ നെഗറ്റീവ് ആയെന്ന് ടൂഹൽ പറഞ്ഞു. ഇവർ മൂന്ന് പേരും നാളെ മാഴ്സെക്ക് എതിരെ നടക്കുന്ന മത്സരത്തിൽ കളിക്കും.

എന്നാൽ എമ്പപ്പെ, ഇക്കാർഡി, മാർക്കിനസ് എന്നിവർ ഇപ്പോഴും കൊറോണയുടെ പിടിയിലാണ്‌. ഇവരുടെ ക്വാരന്റൈൻ തുടരും. ലീഗിലെ ആദ്യ മത്സരത്തിൽ കൊറോണ കാരണം ഏഴ് പ്രമുഖ താരങ്ങൾ ഇല്ലാതെ ഇറങ്ങിയ പി എസ് ജി ലെൻസ് ക്ലബിനോട് പരാജയം ഏറ്റു വാങ്ങിയിരുന്നു.

പി.എസ്.ജിയിൽ തുടരും, ചാമ്പ്യൻസ് ലീഗ് നേടണം: നെയ്മർ

പി.എസ്.ജിയിൽ തന്നെ അടുത്ത വർഷവും തുടരുമെന്ന് ബ്രസീലിയൻ സൂപ്പർ സ്റ്റാർ നെയ്മർ. അടുത്ത വർഷം പി.എസ്.ജിയുടെ കൂടെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തണമെന്നും കിരീടം നേടണമെന്നുമാണ് തന്റെ ആഗ്രഹമെന്നും നെയ്മർ പറഞ്ഞു. പി.എസ്.ജിക്ക് ചാമ്പ്യൻസ് ലീഗ് കിരീടം നേടിക്കൊടുത്ത് ക്ലബ്ബിന്റെ ചരിത്രത്തിൽ സ്ഥാനം പിടിക്കുകയാണ് തന്റെ ലക്ഷ്യമെന്നും നെയ്മർ പറഞ്ഞു.

2017ലാണ് ലോക റെക്കോർഡ് തുകക്ക് നെയ്മർ ബാഴ്‌സലോണയിൽ നിന്ന് പാരിസിൽ എത്തുന്നത്. തുടർന്ന് കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ താരം ബാഴ്‌സലോണയിൽ എത്തുമെന്ന് കരുതപ്പെട്ടെങ്കിലും താരം പി.എസ്.ജിയിൽ തന്നെ തുടരുകയായിരുന്നു. ഈ സീസണിൽ നെയ്മറിന്റെ മികച്ച പ്രകടനത്തിന്റെ പിൻബലത്തിൽ പി.എസ്.ജി ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിയെകിലും ബയേൺ മ്യൂണിക്കിനോട് പരാജയപ്പെടുകയായിരുന്നു.

“നെയ്മറെക്കാള്‍ മികച്ചത് മെസ്സി മാത്രം”

ലോക ഫുട്ബോളിൽ നിലവിൽ ബ്രസീൽ സൂപ്പർ സ്റ്റാർ നെയ്മറെക്കാൾ മികച്ച താരമായി അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി മാത്രമാണ് ഉള്ളതെന്ന് മുൻ ബാഴ്‌സലോണ പ്രസിഡന്റ് സാൻഡ്രോ റോസ്സൽ. താൻ ബാഴ്‌സലോണ പ്രസിഡന്റ് ആണെങ്കിൽ നെയ്മറെ ബാഴ്‌സലോണയിൽ എത്തിക്കാൻ ശ്രമിക്കുമെന്നും റോസ്സൽ പറഞ്ഞു. നെയ്മറിന്റെ ഫുട്ബോൾ ബാഴ്‌സലോണയുടെ ഫുട്ബോളുമായി യോജിച്ചുപോവുന്ന ഒന്നാണെന്നും റോസ്സൽ പറഞ്ഞു.

നേരത്തെ 2013ൽ സാൻഡ്രോ റോസ്സൽ ബാഴ്‌സലോണ പ്രസിഡന്റായി നിൽക്കുന്ന സമയത്താണ് ബ്രസീലിയൻ ക്ലബായ സാന്റോസിൽ നിന്ന് നെയ്മർ ബാഴ്‌സലോണയിൽ എത്തുന്നത്. തുടർന്ന് 2017ൽ ലോക റെക്കോർഡ് തുകയായ 246 മില്യൺ ഡോളർ നൽകി പി.എസ്.ജി നെയ്മറെ സ്വന്തമാക്കുന്നത്.  എന്നാൽ കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ നെയ്മർ ബാഴ്‌സലോണയിലേക്ക് തിരിച്ചുവന്നേക്കുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു.

നെയ്മറിന് രണ്ട് ഗോൾ, സമനിലയിൽ കുടുങ്ങി പി.എസ്.ജി

സൂപ്പർ താരം നെയ്മർ ഇരട്ട ഗോളുകൾ നേടിയ മത്സരത്തിൽ പി.എസ്.ജിയെ സമനിലയിൽ തളച്ച് മൊണാകോ. 3-3നാണ് പി.എസ്.ജിയുടെ ഗ്രൗണ്ടിൽ മൊണാകോ സമനില പിടിച്ചത്. മത്സരത്തിൽ രണ്ടു ഗോളുകൾ നേടിയ നെയ്മർ പി.എസ്.ജിക്ക് വേണ്ടി അവസാനം കളിച്ച 7 മത്സരങ്ങളിൽ തുടർച്ചയായി ഗോൾ നേടുകയും ചെയ്തു. നവംബർ 1ന് ശേഷം ആദ്യമായിട്ടാണ് പി.എസ്.ജി ഒരു ലീഗ് മത്സരം ജയിക്കാതെ പോവുന്നത്.

ഗോൾ മഴ കണ്ട മത്സരത്തിൽ ആദ്യ പകുതിയിൽ മാത്രം 5 ഗോളുകളാണ് പിറന്നത്. മത്സരത്തിന്റെ മൂന്നാം മിനുട്ടിൽ തന്നെ നെയ്മറിന്റെ ഗോളിൽ പി.എസ്.ജി മുൻപിൽ എത്തിയെങ്കിലും ഏഴാം മിനുട്ടിൽ ഗെൽസൺ മാർട്ടീൻസിലൂടെ മൊണാകോ സമനില പിടിച്ചു. തുടർന്ന് 13ആം മിനുറ്റിൽ മൊണാകോ ബെൻ യെഡെറിലൂടെ മത്സരത്തിൽ മുൻപിൽ എത്തിയെങ്കിലും 24 മിനുറ്റിൽ ലഭിച്ച സെൽഫ് ഗോളിൽ പി.എസ്.ജി മത്സരത്തിൽ സമനില പിടിച്ചു.

തുടർന്ന് ആദ്യ പകുതി കഴിയുന്നതിന് മുൻപ് നെയ്മറിന്റെ പെനാൽറ്റി ഗോളിലൂടെ പി.എസ്.ജി വീണ്ടും മുൻപിലെത്തുകയായിരുന്നു. എന്നാൽ മത്സരത്തിന്റെ എഴുപതാം മിനുട്ടിൽ ഇസ്ലാം സ്ലിമാനിയിലൂടെ മൊണാകോ മത്സരത്തിൽ സമനില പിടിക്കുകയായിരുന്നു. പി.എസ്.ജിയോട് തുടർച്ചയായ 9 മത്സരങ്ങൾ തോറ്റതിന് ശേഷമാണ് മൊണാകോ ഒരു മത്സരം സമനിലയിൽ പിടിക്കുന്നത്.

പാരിസിൽ എത്തിയതിന് ശേഷം പിഎസ്ജിക്ക് വേണ്ടി പകുതി മത്സരങ്ങളും കളിക്കാതെ നെയ്മർ

ഫുട്ബോളിലെ ട്രാൻസ്ഫർ റെക്കോർഡുകൾ കാറ്റിൽ പറത്തിയാണ് 2017ൽ ബാഴ്സലോണയിൽ നിന്നും പിഎസ്ജിയിലേക്ക് നെയ്മർ ജൂനിയർ എത്തിയത്. റെക്കോർഡ് തുകയായ 222 മില്ല്യൺ യൂറോ നൽകിയാണ് ബ്രസീലിയൻ സൂപ്പർ താരത്തെ ക്യാമ്പ് നൗവിൽ നിന്നും പാരിസിലേക്കെത്തിച്ചത്. എന്നാൽ പാരിസിലേക്ക് നെയ്മർ വന്നതിന് ശേഷം പിഎസ്ജി കളിച്ച മത്സരങ്ങളിൽ പകുതി എണ്ണത്തിൽ മാത്രമാണ് സൂപ്പർ താരം കളിച്ചത്. നെയ്മർ ഇല്ലാതെ‌യും നെയ്മറോടൊപ്പവും പിഎസ്ജി 63 മത്സരങ്ങൾ ആണു കളിച്ചത്.

നെയ്മറിനോടൊപ്പം പിഎസ്ജി 63 മത്സരങ്ങളിൽ 50 ജയവും 7 തോൽവിയും വഴങ്ങുകയും 198 ഗോളുകൾ അടിച്ച് കൂട്ടുകയും ചെയ്തു. എന്നാൽ നെയ്മർ ഇല്ലാത്ത പിഎസ്ജി 63 മത്സരങ്ങളിൽ 47 ജയവും 9 പരാജയവുമാണ് ഏറ്റുവാങ്ങിയത്. 154 ഗോളുകൾ മാത്രമാണ് നെയ്മർ ഇല്ലാത്ത പിഎസ്ജി അടിച്ച് കൂട്ടിയത്. പാരിസിലേക്കെത്തിയതിന് ശേഷം നെയ്മറിന്റെ കരിയറിൽ പരിക്ക് കരിനിഴൽ വീഴ്ത്തി. കോപ അമേരിക്ക ടൂർണമെന്റിൽ ബ്രസീലിന് വേണ്ടി പോലും കളിക്കാൻ നെയ്മറിനായിരുന്നില്ല. പിഎസ്ജിക്ക് വേണ്ടി സുപ്രധാന മത്സരങ്ങളും നെയ്മർ നഷ്ടമാക്കിയിരുന്നു.

Exit mobile version