ഫാബിയൻ ഷാർ ന്യൂകാസിലുമായുള്ള കരാർ 2026 വരെ നീട്ടി

ന്യൂകാസിൽ യുണൈറ്റഡിന്റെ പ്രതിരോധ താരം ഫാബിയൻ ഷാർ 2026 വേനൽക്കാലം വരെ സെന്റ് ജെയിംസ് പാർക്കിൽ തുടരുന്ന കരാർ വിപുലീകരണത്തിൽ ഒപ്പുവച്ചു. 2018 ൽ ഡിപോർട്ടീവോ ലാ കൊറൂണയിൽ നിന്ന് ന്യൂകാസിലിൽ ചേർന്ന 33 കാരനായ സ്വിസ് സെന്റർ ബാക്ക്, ക്ലബിനായി 221 മത്സരങ്ങളിൽ കളിച്ചു. 19 ഗോളുകൾ നേടുകയും ചെയ്തു.

ഈ സീസണിൽ ന്യൂകാസിലിന്റെ കാരബാവോ കപ്പ് വിജയത്തിൽ ഷാർ നിർണായക പങ്ക് വഹിച്ചു. ക്ലബ്ബിൽ തുടരുന്നതിൽ സന്തോഷമുണ്ടെന്ന് ഷാർ കരാർ ഒപ്പുവെച്ച ശേഷം പറഞ്ഞു.

ബ്രെന്റ്ഫോർഡിനെതിരെ ന്യൂകാസിൽ വിജയം നേടി

ബുധനാഴ്ച ബ്രെന്റ്ഫോർഡിനെതിരെ ന്യൂകാസിൽ യുണൈറ്റഡ് നിർണായകമായ 2-1ന്റെ വിജയം നേടി. സാന്ദ്രോ ടൊണാലിയുടെ അതിശയകരമായ സ്ട്രൈക്കും അലക്സാണ്ടർ ഇസാക്കിന്റെ സീസണിലെ 20-ാമത്തെ പ്രീമിയർ ലീഗ് ഗോളും ആണ് ന്യൂകാസിലിന് ജയം നൽകിയത്. ഈ ജയം അവരുടെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾ സജീവമാക്കി.

ജേക്കബ് മർഫിയുടെ ക്രോസ് ഗോളാക്കി മാറ്റി ഇസാക്ക് ആദ്യ പകുതിയിലെ സ്റ്റോപ്പേജ് സമയത്ത് ന്യൂകാസിലിനെ മുന്നിലെത്തിച്ചു. എന്നിരുന്നാലും, 66-ാം മിനിറ്റിൽ നിക്ക് പോപ്പ് യോനെ വിസയെ ഫൗൾ ചെയ്തതിനെത്തുടർന്ന് ലഭിച്ച പെനാൽറ്റി എംബ്യൂമോ ലക്ഷ്യത്തിൽ എത്തിച്ച് സമനില നേടി.

74-ാം മിനിറ്റിൽ ഒരു ആയാസകരമായ ആംഗിളിൽ നിന്നുള്ള സ്ട്രൈക്കിലൂടെ ടൊണാലി ന്യൂകാസിലിന്റെ വിജയം ഉറപ്പിച്ചു.

വിജയത്തോടെ, ന്യൂകാസിൽ 50 പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു. ബ്രെന്റ്ഫോർഡ് 41 പോയിന്റുമായി പതിനൊന്നാം സ്ഥാനത്താണ്.

56 വർഷത്തെ കാത്തിരിപ്പിന് അവസാനം കുറിച്ച് ന്യൂകാസിൽ! ലിവർപൂളിനെ തോൽപ്പിച്ച് കിരീടം

ന്യൂകാസിൽ ചരിത്രം സൃഷ്ടിച്ചു. ഒരു കിരീടത്തിനായുള്ള അവരുടെ 1969 മുതൽ ഉള്ള കാത്തിരിപ്പിന് അവസാനമായി. ഇന്ന് കരബാവോ കപ്പ് ഫൈനലിൽ ന്യൂകാസിൽ യുണൈറ്റഡ് ലിവർപൂളിനെ പരാജയപ്പെടുത്തി കൊണ്ടാണ് കിരീടം സ്വന്തമാക്കിയത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ആയിരുന്നു വിജയം.

ഇന്ന് തുടക്കം മുതൽ ലിവർപൂളിന് മേൽ ആധിപത്യം സ്ഥാപിക്കാൻ ന്യൂകാസിലിന് ആയി. ലിവർപൂളിന്റെ ഒരു അറ്റാക്കിംഗ് നീക്കവും ന്യൂകാസിൽ അനുവദിച്ചില്ല. ആദ്യ പകുതിയുടെ അവസാനം ഇരു പവർഫുൾ ഹെഡറിലൂടെ ഡാൻ ബേർൺ ന്യൂകാസിലിന് ലീഡ് നൽകി. സ്കോർ 1-0.

രണ്ടാം പകുതിയിൽ ന്യൂകാസിൽ ഒന്നിനു പിറകെ ഒന്നായി അവസരങ്ങൾ സൃഷ്ടിക്കാൻ തുടങ്ങി. 52ആം മിനുറ്റിൽ മർഫിയുടെ അസിസ്റ്റിൽ നിന്ന് ഇസാകിന്റെ ഫിനിഷ് ന്യൂകാസിലിന്റെ ലീഡ് ഇരട്ടിയാക്കി. സ്കോർ 2-0.

ഇതിനു ശേഷം മൂന്നാം ഗോൾ നേടാൻ ഒരുപാട് അവസരങ്ങൾ ന്യൂകാസിലിന് ലഭിച്ചു. പക്ഷെ ഗോൾ അധികം വന്നില്ല. ഇഞ്ച്വറി ടൈമിൽ കിയേസ ഗോൾ നേടിയതോടെ കളി ആവേശകരമായ ഫിനിഷിലേക്ക് നീങ്ങി. 4-5 ഇഞ്ച്വറി മിനുറ്റുകൾ ആയിരുന്നു ഇതിനു ശേഷം ബാക്കി ഉണ്ടായിരുന്നത്. സമ്മർദ്ദം ഉയർന്നെങ്കിലും വിജയം ഉറപ്പിച്ച് കിരീടത്തിനായുള്ള കാത്തിരിപ്പ് അവസാനിപ്പിക്കാൻ ന്യൂകാസിലിന് ആയി.

ഇന്ന് കാരബാവോ കപ്പ് ഫൈനൽ: ലിവർപൂളും ന്യൂകാസിൽ യുണൈറ്റഡും നേർക്കുനേർ

ഇന്ന് വെംബ്ലി സ്റ്റേഡിയത്തിൽ നടക്കുന്ന കരാബാവോ കപ്പ് ഫൈനലിൽ ലിവർപൂളും ന്യൂകാസിൽ യുണൈറ്റഡും തമ്മിൽ ഏറ്റുമുട്ടും. നിലവിൽ പ്രീമിയർ ലീഗിൽ മുന്നിട്ട് നിൽക്കുന്ന ലിവർപൂൾ ആർനെ സ്ലോട്ടിന് കീഴിലെ ആദ്യ കിരീടമാണ് ലക്ഷ്യമിടുന്നത്.

വെസ്റ്റ് ഹാം, ബ്രൈറ്റൺ, സതാംപ്ടൺ, ടോട്ടൻഹാം എന്നിവരെ തോൽപ്പിച്ചാണ് അവർ ഫൈനലിലെത്തിയത്. എന്നിരുന്നാലും, പരിക്ക് കാരണം അവർ ട്രെൻ്റ് അലക്സാണ്ടർ-അർനോൾഡ് ഇല്ലാതെയാകും അവർ ഇന്ന് ഇറങ്ങുന്നത, അതേസമയം ഇബ്രാഹിമ കൊണാറ്റെ ഫിറ്റായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു.

പ്രീമിയർ ലീഗിൽ ആറാം സ്ഥാനത്തുള്ള ന്യൂകാസിൽ സൗദിയുടെ ഉടമസ്ഥതയിൽ ആയതിനു ശേഷമുള്ള തങ്ങളുടെ ആദ്യ പ്രധാന ട്രോഫി ആണ് ലക്ഷ്യം വെക്കുന്നത്. ആൻ്റണി ഗോർഡൻ, ലൂയിസ് ഹാൾ, സ്വെൻ ബോട്ട്മാൻ എന്നിവരില്ലാതെയാകും ന്യൂകാസിൽ ഇറങ്ങുന്നത്. ഫാൻകോഡ് ആപ്പിലും വെബ്‌സൈറ്റിലും തത്സമയ സ്ട്രീമിംഗ് ലഭ്യമാണ്. മത്സരം 10:00 PM IST ന് ആരംഭിക്കും.

ടോപ് 4 പ്രതീക്ഷകൾക്ക് ഊർജ്ജം നൽകി ന്യൂകാസിൽ യുണൈറ്റഡ്, വെസ്റ്റ് ഹാമിനെ പരാജയപ്പെടുത്തി

ന്യൂകാസിൽ വെസ്റ്റ് ഹാമിനെതിരെ 1-0ന്റെ നിർണായക വിജയം ഉറപ്പിച്ചു. ഈ ജയം പ്രീമിയർ ലീഗിലെ ആദ്യ നാല് സ്ഥാനങ്ങൾ സ്വന്തമാക്കാൻ ആകുമെന്ന അവരുടെ പ്രതീക്ഷകൾ ഉയർത്തി. രണ്ടാം പകുതിയിൽ ബ്രൂണോ ഗ്വിമാരേസ് ആണ് നിർണായക വിജയ ഗോൾ നേടിയത്.

ഈ വിജയം എഡ്ഡി ഹോവിൻ്റെ ടീമിനെ ആറാം സ്ഥാനത്തേക്ക് ഉയർത്തി, പോയിന്റ് നിലയിൽ അഞ്ചാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിയുടെ ഒപ്പമാണ് ന്യൂകാസിൽ ഉള്ളത്. നാലാം സ്ഥാനത്തുള്ള ചെൽസിക്ക് രണ്ട് പോയിന്റ് പിന്നിലും നിൽക്കുന്നു.

കഴിഞ്ഞ നാല് മത്സരങ്ങളിൽ മൂന്നിലും തോറ്റ ന്യൂകാസിലിന് സുപ്രധാന സമയത്താണ് ഫലം വന്നത്. ലിവർപൂളിനെതിരായ അവരുടെ ലീഗ് കപ്പ് ഫൈനലിന് മുന്നോടിയായി ഈ ജയം ആത്മവിശ്വാസം നൽകും.

ലൂയിസ് ഹാൾ ഇനി ഈ സീസണിൽ കളിക്കില്ല, ന്യൂകാസിലിന് വൻ തിരിച്ചടി

ശസ്ത്രക്രിയ ആവശ്യമായതിനാൽ കാലിന് പരിക്കേറ്റ ലൂയിസ് ഹാളിന് 2024/25 സീസണിൻ്റെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകുമെന്ന് ന്യൂകാസിൽ യുണൈറ്റഡ് സ്ഥിരീകരിച്ചു. ലിവർപൂളിന് എതിരായ മത്സരത്തിന് ശേഷമായിരുന്നു ലെഫ്റ്റ് ബാക്കിന് പരിക്കേറ്റത്.

ഈ സീസണിൽ ന്യൂകാസിലിനായി മികച്ച പ്രകടനം നടത്തിയ കളിക്കാരിൽ ഒരാളാണ് ഹാൾ. അദ്ദേഹത്തിൻ്റെ അഭാവം ക്ലബിന് വലിയൊരു പ്രഹരമാണ്. പ്രത്യേകിച്ച് ലിവർപൂളിനെതിരായ കാരബാവോ കപ്പ് ഫൈനൽ അടുത്തുവരികയാണ് എന്നിരിക്കെ. സസ്പെൻഷൻ കാരണം ന്യൂകാസിലൊന് ഗോർദനെയും ലീഗ് കപ്പ് ഫൈനലിൽ ഇറക്കാൻ ആകില്ല.

ബ്രൈറ്റണോട് തോറ്റ് ന്യൂകാസിൽ യുണൈറ്റഡ് എഫ്എ കപ്പിൽ നിന്ന് പുറത്തായി

എക്സ്ട്രാ ടൈമിൽ വഴങ്ങിയ ഗോളിൽ ബ്രൈറ്റണിനോട് 2-1 ന് തോറ്റതോടെ ന്യൂകാസിൽ യുണൈറ്റഡിന്റെ എഫ്എ കപ്പ് യാത്ര അവസാനിച്ചു. ബ്രൈറ്റൺ ജയത്തോടെ ക്വാർട്ടറിലേക്കും മുന്നേറി. ഇന്ന് ഇസക് പെനാൽറ്റി സ്പോട്ടിൽ നിന്ന് (22’) തുടക്കത്തിൽ ന്യൂകാസിലിന് ലീഡ് നൽകി, എന്നാൽ ആദ്യ പകുതി അവസണിക്കും മുൻപ് മിന്റെയുടെ (44′) സമനില ഗോൾ വന്നു.

ഡാനി വെൽബെക്ക് എക്സ്ട്രാ ടൈമിൽ (114’) ഗോൾ നേടി ബ്രൈറ്റന്റെ ജയം ഉറപ്പിച്ചു. മത്സരത്തിൽ നിശ്ചിത 90 മിനുറ്റ് അവസാനിക്കുന്നതിന് മുമ്പ് ന്യൂകാസിലിന്റെ ഗോർദനും ബ്രൈറ്റന്റെ ലാമ്പ്റ്റിയുടെ ചുവപ്പ് കണ്ട് പുറത്തായിരുന്നു.

ആന്റണി ഗോർഡന് ചുവപ്പ് കാർഡ് ലഭിച്ചത് ന്യൂകാസിലിന് വലിയ തിരിച്ചടിയാണ്‌. ലിവർപൂളിനെതിരായ ലീഗ് കപ്പ് ഫൈനൽ ഉൾപ്പെടെ മൂന്ന് മത്സരങ്ങളിൽ നിന്ന് അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്യാൻ സാധ്യതയുണ്ട്. എഫ്എ കപ്പ് പ്രതീക്ഷകൾ അസ്തമിച്ചതോടെ, ന്യൂകാസിൽ ഇപ്പോൾ ഈ സീസണിൽ കിരീടം നേടാനുള്ള ശേഷിക്കുന്ന ഒരേയൊരു പ്രതീക്ഷ ലീഗ് കപ്പാണ്.

ലിവർപൂൾ 13 പോയിന്റ് മുന്നിൽ!! ന്യൂകാസിലിനെ തോൽപ്പിച്ചു

ബുധനാഴ്ച നടന്ന മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡിനെ 2-0ന് തോൽപ്പിച്ച് ലിവർപൂൾ പ്രീമിയർ ലീഗ് കിരീടപ്പോരാട്ടത്തിൽ തങ്ങളുടെ ആധിപത്യം ശക്തമാക്കി. ഇന്നത്തെ ജയത്തോടെ തങ്ങളുടെ ഒന്നാം സ്ഥാനത്തെ ലീഡ് 13 പോയിൻ്റായി അവർ ഉയർത്തി.

ഡൊമിനിക് സോബോസ്ലായ്, അലക്സിസ് മാക് അലിസ്റ്റർ എന്നിവരുടെ ഗോളുകളാണ് ആൻഫീൽഡിൽ ഇന്ന് ലിവർപൂളിന്റെ വിജയം ഉറപ്പിച്ചത്.

11-ാം മിനിറ്റിൽ ലൂയിസ് ഡയസിൻ്റെ ഒരു കട്ട്ബാക്ക് ലക്ഷ്യത്തിൽ എത്തിച്ച് സോബോസ്‌ലായ് സ്കോറിംഗ് ആരംഭിച്ചു. ഹാഫ് ടൈമിന് ശേഷം ന്യൂകാസിൽ മെച്ചപ്പെട്ടെങ്കിലും അവസരങ്ങൾ മുതലാക്കുന്നതിൽ പരാജയപ്പെട്ടു. അറുപത്തിമൂന്നാം മിനിറ്റിൽ മുഹമ്മദ് സലാ മാക് അലിസ്റ്ററിന് മികച്ച പിന്തുണ നൽകി. അത് മാക് അലിസ്റ്റർ ലക്ഷ്യത്തിൽ എത്തിച്ച് ലിവർപൂളിന്റെ ജയം ഉറപ്പിച്ചു.

7 ഗോൾ ത്രില്ലറിൽ ന്യൂകാസിൽ യുണൈറ്റഡ് നോട്ടിംഗ്ഹാം ഫോറസ്റ്റിനെ പരാജയപ്പെടുത്തി

സെന്റ് ജെയിംസ് പാർക്കിൽ നടന്ന ആവേശകരമായ പ്രീമിയർ ലീഗ് മത്സരത്തിൽ നോട്ടിംഗ്ഹാം ഫോറസ്റ്റിനെതിരെ ന്യൂകാസിൽ യുണൈറ്റഡ് 4-3ന്റെ വിജയം നേടി. അലക്സാണ്ടർ ഇസക്കിന്റെ ഇരട്ട ഗോളുകളാണ് മാഗ്പൈസിന് കരുത്ത് പകർന്നത്.

മത്സരത്തിൽ ഫോറസ്റ്റ് തുടക്കത്തിൽ തന്നെ ലീഡ് നേടിയെങ്കിലും ന്യൂകാസിൽ ശക്തമായി പ്രതികരിച്ചു. 6ആം മിനുറ്റിൽ ഹുഡ്സൺ ഒഡോയി ആണ് ഫോറസ്റ്റിന് ലീഡ് നൽകിയത്. എന്നാൽ 23ആം മിനുറ്റിൽ ടീനേജ് താരം മിലേയുടെ ഗോൾ ന്യൂകാസിലിനെ ഒപ്പം എത്തിച്ചു.

25ആം മിനുറ്റിൽ മർഫിയുടെ ഗോൾ അവർക്ക് ലീഡും നൽകി. ആദ്യ പകുതി അവസാനിക്കും മുമ്പ് ഇസാക് രണ്ട് ഗോളുകൾ കൂടെ നേടിയതോടെ ന്യൂകാസിൽ 4-1ന് മുന്നിൽ എത്തി. രണ്ടാം പകുതിയിൽ ഫോറസ്റ്റ് പൊരുതി. 63ആം മിനുറ്റിൽ മിലെങ്കോവിചും 90ആം മിനുറ്റിൽ യറ്റെസും ഗോൾ നേടി എങ്കിലും പരാജയം ഒഴിവാക്കാൻ ആയില്ല.

ഈ ഫലത്തോടെ, ന്യൂകാസിൽ യുണൈറ്റഡ് 44 പോയിന്റുമായി അഞ്ചാമത് നിൽക്കുന്നു. 57 പോയിന്റുള്ള ഫോറസ്റ്റ് 3ആം സ്ഥാനത്താണ്.

ഒമർ മാർമൂഷിന് ഹാട്രിക്!! മാഞ്ചസ്റ്റർ സിറ്റിക്ക് ന്യൂകാസിലിനെതിരെ വമ്പൻ ജയം

ഇത്തിഹാദ് സ്റ്റേഡിയത്തിൽ ന്യൂകാസിൽ യുണൈറ്റഡിനെതിരെ മാഞ്ചസ്റ്റർ സിറ്റി 4-0ന്റെ ഏകപക്ഷീയ വിജയം സ്വന്തമാക്കി. ആദ്യ പകുതിയിൽ ഒമർ മാർമൂഷ് നേടിയ ഹാട്രിക് ആണ് മാഞ്ചസ്റ്റർ സിറ്റിക്ക് കരുത്തായത്. ജനുവരിയിൽ സിറ്റിയിൽ ചേർന്ന ഈജിപ്ഷ്യൻ ഫോർവേഡ്, 14 മിനിറ്റിനുള്ളിൽ ആണ് മൂന്ന് ഗോളുകൾ നേടിയത്.

19-ാം മിനിറ്റിൽ ഗോൾകീപ്പർ എഡേഴ്‌സൺ തൊടുത്ത ഒരു ലോംഗ് ബോളിൽ നിന്നായിരുന്നു മാർമൂഷിന്റെ ആദ്യ ഗോൾ.

വെറും അഞ്ച് മിനിറ്റിനുശേഷം, മാർമൂഷ് ലീഡ് ഇരട്ടിയാക്കി. മധ്യനിരയിൽ നിന്ന് മുന്നേറി വന്ന ഇൽകെ ഗുണ്ടോഗൻ ബോക്സിന്റെ അരികിൽ വെച്ച് ഈജിപ്ഷ്യൻ താരത്തിന് നൽകിയ പാസ് മാർമൂഷ് ഗോളിലേക്ക് തൊടുത്തു. ഡുബ്രാവ്കയെ തന്റെ നിയർ പോസ്റ്റിൽ കീഴ്പ്പെടുത്തി കൊണ്ട് സ്കോർ 2-0 എന്നായി.

33-ാം മിനിറ്റിൽ അദ്ദേഹം ഹാട്രിക് പൂർത്തിയാക്കി. സാവിഞ്ഞോയുടെ അസിസ്റ്റിൽ നിന്നായിരുന്നു മർമൂഷിന്റെ ഈ ഗോൾ. സ്കോർ 3-0. രണ്ടാം പകുതിയിൽ യുവതാരം മാക്റ്റീ കൂടെ ഗോൾ നേടിയതോടെ സിറ്റി വിജയം പൂർത്തിയാക്കി.

ഈ ഫലത്തോടെ, മാഞ്ചസ്റ്റർ സിറ്റി 44 പോയിന്റുമായി നാലാം സ്ഥാനത്തേക്ക് നീങ്ങി. ന്യൂകാസിൽ 41 പോയിന്റുമായി ഏഴാം സ്ഥാനത്ത് തുടരുന്നു.

ന്യൂകാസിൽ ആഴ്‌സണലിനെ വീണ്ടും തോൽപ്പിച്ച് ലീഗ് കപ്പ് ഫൈനലിൽ എത്തി

സെന്റ് ജെയിംസ് പാർക്കിൽ നടന്ന രണ്ടാം പാദ സെമിഫൈനലിൽ ആഴ്‌സണലിനെതിരെ 2-0 ന് ജയിച്ച് ന്യൂകാസിൽ യുണൈറ്റഡ് ലീഗ് കപ്പ് ഫൈനലിൽ സ്ഥാനം ഉറപ്പിച്ചു. ജേക്കബ് മർഫിയും ആന്റണി ഗോർഡനും ഗോൾ നേടി. എഡ്ഡി ഹോവിന്റെ ടീം 4-0ന്റെ അഗ്രഗേറ്റ് സ്കോറിനാണ് വിജയം ഉറപ്പിച്ചത്.

അലക്‌സാണ്ടർ ഇസക്കിന്റെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങവെ ആണ് 19-ാം മിനിറ്റിൽ മർഫി സ്‌കോറിംഗ് ആരംഭിച്ചത്. 52-ാം മിനിറ്റിൽ പ്രതിരോധ പിഴവ് മുതലെടുത്ത് ഗോർഡൻ ലീഡ് ഇരട്ടിയാക്കി വിജയം ഉറപ്പിച്ചു.

ഈ വിജയത്തോടെ, മാർച്ച് 16 ന് വെംബ്ലിയിൽ നടക്കുന്ന ഫൈനലിലേക്ക് ന്യൂകാസിൽ മുന്നേറി, അവിടെ അവർ ലിവർപൂളിനെയോ ടോട്ടൻഹാമിനെയോ നേരിടും. 1955 ലെ എഫ്എ കപ്പ് വിജയത്തിനുശേഷം ഒരു പ്രധാന ആഭ്യന്തര ട്രോഫിക്കായുള്ള അവരുടെ ദീർഘകാല കാത്തിരിപ്പ് അവസാനിപ്പിക്കാൻ ആകും മാഗ്പീസ് ആഗ്രഹിക്കുന്നത്.

സതാംപ്ടണിനെതിരെ ന്യൂകാസിലിന്റെ തിരിച്ചുവരവ്

സെന്റ് മേരീസിൽ സതാംപ്ടണിനെതിരെ 3-1 ന് വിജയിച്ച് ന്യൂകാസിൽ യുണൈറ്റഡ് വിജയവഴിയിലേക്ക് തിരിച്ചുവന്നു. തുടക്കത്തിൽ തന്നെ പിന്നിലായെങ്കിലും, അലക്സാണ്ടർ ഇസക്കിന്റെ രണ്ട് പെട്ടെന്നുള്ള ഗോളുകളും സാന്ദ്രോ ടൊണാലിയുടെ ഗോളും മാഗ്പീസിന് ജയം നൽകി.

10-ാം മിനിറ്റിൽ ജാൻ ബെഡ്‌നാരെക്കിലൂടെ സതാംപ്ടൺ ലീഡ് നേടിയതോടെയാണ് മത്സരം ആരംഭിച്ചത്. എന്നിരുന്നാലും, ബോക്സിൽ ഒരു ഫൗളിന് ശേഷം 26-ാം മിനിറ്റിൽ ഇസക്ക് പെനാൽറ്റി നേടുകയും നാല് മിനിറ്റിനുശേഷം ഒരു സെക്കൻഡ് ഗോൾ കൂടി നേടുകയും ചെയ്തതോടെ ന്യൂകാസിൽ പെട്ടെന്ന് നിയന്ത്രണം തിരിച്ചുപിടിച്ചു.

രണ്ടാം പകുതിയിൽ, 51-ാം മിനിറ്റിൽ നേടിയ മികച്ച ഗോളിലൂടെ ടോണാലി ന്യൂകാസിലിന്റെ വിജയം ഉറപ്പിച്ചു. ഈ വിജയം ന്യൂകാസിലിനെ 23 മത്സരങ്ങളിൽ നിന്ന് 41 പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്ക് ഉയർത്തി.

Exit mobile version