തുടർച്ചയായ നാലാം ജയം; ന്യൂകാസിൽ മൂന്നാം സ്ഥാനത്തേക്ക്

പ്രീമിയർ ലീഗിൽ ന്യൂകാസിൽ മുന്നേറ്റം തുടരുന്നു. ഒന്നിനെതിരെ നാല് ഗോളുകൾക്ക് സതാംപ്ടനെയാണ് കീഴടക്കിയത്. മാഗ്പീസിന്റെ തുടർച്ചയായ നാലാം ജയവും അവസാനത്തെ ഏഴു മത്സരങ്ങളിൽ ആറാം ജയവും ആണിത്. ഇതോടെ പോയിന്റ് പട്ടികയിൽ തൽക്കാലകമായെങ്കിലും മൂന്നാം സ്ഥാനത്തേക്ക് ഉയരാനും അവർക്കായി. സതാംപ്ടൻ പതിനെട്ടാം സ്ഥാനത്താണ്.

സ്വന്തം തട്ടകത്തിൽ സതാംപ്ടനാണ് തുടക്കത്തിൽ മേൽകൈ നേടിയത്. എന്നാൽ ആദ്യ അരമണിക്കൂർ ഗോൾ രഹിതമായ മത്സരത്തിൽ ന്യൂകാസിൽ മുപ്പത്തിയഞ്ചാം മിനിറ്റിൽ ലീഡ് എടുത്തു. മുപ്പത്തിയഞ്ചാം മിനിറ്റിൽ ആണ് ഗോൾ എത്തിയത്. ഒന്നാം പകുതിയിൽ കൂടുതൽ ഗോളുകൾ വന്നില്ല. രണ്ടാം പകുതിയിൽ പകരക്കാരനായി എത്തിയ ക്രിസ് വുഡ് ആണ് ഗോളടിക്ക് തുടക്കമിട്ടത്. മുർഫിയുടെ അസിസ്റ്റ് സ്വീകരിച്ച താരം ബോക്‌സിൽ നിന്നും അനായാസം പന്ത് വലയിൽ എത്തിച്ചു. ഇതോടെ മത്സരം എന്താണ്ട് പൂർണമായും ന്യൂകാസിലിന്റെ വറുതിയിൽ ആയി.

അറുപത്തിരണ്ടാം മിനിറ്റിൽ വില്ലിക്കിൽ നിന്ന് മൂന്നാം ഗോളും എത്തി. തിരിച്ചടിക്കാൻ സമ്മർദ്ദം ചെലുത്തിയ ആതിഥേയർക്ക് എൺപതിയൊൻപതാം മിനിറ്റിൽ തങ്ങളുടെ ഏക ഗോൾ നേടാൻ ആയി. പെറൗഡ് ആയിരുന്നു സ്‌കോറർ. രണ്ടു മിനിറ്റുകൾക്ക് ശേഷം ബ്രൂണോയുടെ ഗോളിലൂടെ ന്യൂകാസിൽ വീണ്ടും മൂന്ന് ഗോൾ ലീഡ് തിരിച്ചു പിടിച്ചതോടെ മത്സരത്തിന് പരിസമാപ്തിയായി.

കുതിക്കുന്ന മാഗ്പീസ്; ആസ്റ്റൺ വില്ലക്കെതിരെ നാല് ഗോൾ വിജയം

പ്രിമിയർ ലീഗിൽ ന്യൂകാസിലിന്റെ കുതിപ്പ് തുടരുന്നു. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളിന് ആസ്റ്റൺ വില്ലയെ തകർത്തു. സ്റ്റീവൻ ജെറാർഡിനെ പുറത്താക്കിയ ശേഷം താൽക്കാലിക കോച്ചിന് കീഴിൽ ഇറങ്ങിയ ആസ്റ്റൻവില്ലക്ക് ന്യൂകാസിലിന്റെ ആക്രമണങ്ങൾക്ക് മുന്നിൽ പകച്ചു നിൽക്കാനെ കഴിഞ്ഞുള്ളൂ. ഇരട്ട ഗോളുകളുമായി കല്ലം വിൽസൺ കളം നിറഞ്ഞപ്പോൾ മറ്റ് ഗോളുകൾ ജോയേലിന്റണിന്റെയും ആൽമിറോണിന്റെയും വകയായിരുന്നു. ഇതോടെ ന്യൂകാസിൽ ലീഗിൽ നാലാം സ്ഥാനത്തേക്ക് കയറി.

ആസ്റ്റൻവില്ലക്ക് മത്സരത്തിൽ ഒരിക്കൽ പോലും എതിർ പോസ്റ്റിലേക്ക് ലക്ഷ്യം വെക്കാൻ ആയില്ല. ഗോൾരഹിതമായി പിരിയേണ്ടിയിരുന്ന ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ വീണു കിട്ടിയ പെനാൽറ്റിയിലൂടെയാണ് ന്യൂകാസിൽ ആദ്യ ഗോൾ കണ്ടെത്തിയത്. വിൽസൺ ഉന്നം പിഴക്കാതെ ബോൾ വലയിൽ എത്തിച്ചു.

രണ്ടാം പകുതിയിൽ ന്യൂകാസിൽ ആക്രമണം തുടർന്നു. ഷോർട് കോർണർ എടുത്ത ട്രിപ്പിയർ ബോക്സിലേക്ക് ഉയർത്തി നൽകിയ ക്രോസ് വിൽസൺ തന്നെ ഒരിക്കൽ കൂടി വലയിൽ എത്തിച്ചു. ആസ്റ്റൻവില്ല നിലയുറപ്പിക്കുന്നതിന് മുൻപ് മിനിറ്റുകൾക്കുള്ളിൽ അടുത്ത ഗോൾ എത്തി. ഇത്തവണ ജോയലിന്റനാണ് ന്യൂകാസിൽ സ്‌കോർ ഷീറ്റിൽ ഇടം പിടിച്ചത്. അറുപതിയെട്ടാം മിനിറ്റിൽ ആൽമിറോൺ പട്ടിക പൂർത്തിയാക്കി.

ടോട്ടനത്തെ ഞെട്ടിച്ച് ന്യൂകാസിൽ യുണൈറ്റഡ്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കോണ്ടെയുടെ സ്പർസിന് തുടർച്ചയായ രണ്ടാം പരാജയം. ഇന്ന് ലണ്ടണിൽ സ്പർസിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ന്യൂകാസിൽ
കോണ്ടെയുടെ ടീമിനെ പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിൽ ആയിരുന്നു ന്യൂകാസിലിന്റെ രണ്ടു ഗോളുകൾ വന്നത്. 31ആം മിനുട്ടിൽ ഗോൾ ലൈൻ വിട്ടു വന്ന ലോരിസിന് പറ്റിയ പിഴവ് മുതലെടുത്ത് ഒരു ലോംഗ് റേഞ്ചറിലൂടെ കാലം വിൽസൺ ആണ് ന്യൂകാസിലിന് ലീഡ് നൽകിയത്.

നാൽപ്പതാം മിനുട്ടിൽ ആൽമിറോണിലൂടെ ന്യൂകാസിൽ യുണൈറ്റഡ് ലീഡ് ഇരട്ടിയാക്കി. ലോങ്സ്റ്റഫിന്റെ പാസു സ്വീകരിച്ച് മുന്നേറി ആയിരുന്നു ആൽമിറോനിന്റെ ഫിനിഷ്.

രണ്ടാം പകുതിയിൽ കെയ്നിലൂടെ ഒരു ഗോൾ സ്പർസ് മടക്കി എങ്കിലും പരാജയം ഒഴിവാക്കാൻ അവർക്ക് ആയില്ല. 12 മത്സരങ്ങളിൽ നിന്ന് 23 പോയിന്റുമായി സ്പർസ് ഇപ്പോഴും മൂന്നാമതാണ് ഉള്ളത്. 21 പോയിന്റുമായി ന്യൂകാസിൽ ലീഗിൽ നാലാമതും എത്തി.

ഒടുവിൽ ലീഗിൽ റൊണാൾഡോ ആദ്യ പതിനൊന്നിൽ ഇറങ്ങി, എന്നിട്ടും മാഞ്ചസ്റ്റർ യുണൈറ്റഡിനു സമനില

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്, ന്യൂകാസ്റ്റിൽ യുണൈറ്റഡ് മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചു. ഏതാണ്ട് വിരസമായ മത്സരത്തിൽ ലഭിച്ച അവസരങ്ങൾ മുതലെടുക്കാൻ ഇരു ടീമുകൾക്കും ആയില്ല. ഒരു ഇടവേളയ്ക്ക് ശേഷം ക്രിസ്റ്റിയാനോ റൊണാൾഡോയെ എറിക് ടെൻ ഹാഗ് ലീഗിൽ ആദ്യ പതിനൊന്നിൽ ഇറക്കിയ മത്സരം ആയിരുന്നു ഇത്.

ആദ്യ പകുതിയിൽ ന്യൂകാസ്റ്റിൽ ആണ് മികച്ചു നിന്നത്. 24 മത്തെ മിനിറ്റിൽ ട്രിപ്പിയറിന്റെ ഫ്രീകിക്കിൽ നിന്നു ലഭിച്ച അവസരത്തിൽ ജോലിന്റണിന്റെ രണ്ടു ഹെഡറുകളിൽ ഒന്നു ബാറിലും മറ്റേത് പോസ്റ്റിലും തട്ടി മടങ്ങുക ആയിരുന്നു. രണ്ടാം പകുതിയിൽ ഉണർന്നു കളിച്ച മാഞ്ചസ്റ്റർ യുണൈറ്റഡിനു ആയി അവസാന നിമിഷങ്ങളിൽ ലഭിച്ച അവസരം പക്ഷെ റാഷ്ഫോർഡിന് മുതലാക്കാൻ ആയില്ല. നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഗിൽ അഞ്ചാമത് നിൽക്കുമ്പോൾ ന്യൂകാസ്റ്റിൽ യുണൈറ്റഡ് ആറാമത് ആണ്.

മാഞ്ചസ്റ്ററിൽ ഇന്ന് ന്യൂകാസിൽ എത്തുന്നു

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് ന്യൂകാസിൽ യുണൈറ്റഡ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടും. ഓൾഡ് ട്രാഫോർഡിൽ നടക്കുന്ന മത്സരം വൈകിട്ട് 6.30ന് ആണ് നടക്കുന്നത്. കളി തത്സമയം സ്റ്റാർ സ്പോർട്സിൽ കാണാൻ ആകും. അഞ്ചാം സ്ഥാനത്ത് ഉള്ള യുണൈറ്റഡ് ഇന്ന് വിജയിച്ച് ടോപ് 4ലേക്ക് അടുക്കാൻ ആകും ശ്രമിക്കുക. ന്യൂകാസിൽ യുണൈറ്റഡിന് തൊട്ടു പിറകിൽ ആറാം സ്ഥാനത്ത് ഉണ്ട്.

മാഞ്ചസ്റ്റർ സിറ്റിയോട് ഏറ്റ വലിയ പരാജയത്തിനു ശേഷം കളിച്ച മൂന്ന് മത്സരങ്ങളും വിജയിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് ആ ഫോം തുടരാൻ ആകുമെന്ന പ്രതീക്ഷയിൽ ആണ്. മാർഷ്യലിന് പരിക്ക് ആയതു കൊണ്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ന് ആദ്യ ഇലവനിൽ എത്തും. റാഷ്ഫോർഡും ആന്റണിയും റൊണാൾഡോക്ക് ഇരു വശങ്ങളിലുമായി ഇറങ്ങും.

അവസാന രണ്ട് മത്സരങ്ങളിൽ നിന്ന് 9 ഗോളുകൾ അടിച്ച ന്യൂകാസിൽ യുണൈറ്റഡ് അതിഗംഭീര ഫോമിൽ ആണ്.

ബ്രൈറ്റണിനു എതിരെ ജയിച്ചു ടോട്ടൻഹാം, ബ്രന്റ്ഫോർഡിനെ ഗോൾ മഴയിൽ മുക്കി ന്യൂകാസ്റ്റിൽ യുണൈറ്റഡ്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വിജയവഴിയിൽ തിരിച്ചെത്തി ടോട്ടൻഹാം ഹോട്‌സ്പർ. അപകടകാരികൾ ആയ ബ്രൈറ്റണിനു എതിരെ 22 മത്തെ മിനിറ്റിൽ സോണിന്റെ ക്രോസിൽ നിന്നു ഹെഡറിലൂടെ ഗോൾ നേടിയ ഹാരി കെയിൻ ആണ് ടോട്ടൻഹാമിനു ജയം നൽകിയത്. ഗോൾ വഴങ്ങിയ ശേഷം നിരന്തരം ഗോൾ തിരിച്ചടിക്കാൻ ബ്രൈറ്റൺ ശ്രമിച്ചെങ്കിലും ലോറിസ് വില്ലനായി. കയിസിഡോ, വെൽബക്ക്, മിറ്റോമ എന്നിവരുടെ ശ്രമങ്ങൾ എല്ലാം ടോട്ടൻഹാം ഗോൾ കീപ്പർ മികച്ച രീതിയിൽ രക്ഷിച്ചു. ജയത്തോടെ മൂന്നാം സ്ഥാനത്ത് തുടരാനും ടോട്ടൻഹാമിനു ആയി.

അതേസമയം മറ്റൊരു മത്സരത്തിൽ ന്യൂകാസ്റ്റിൽ യുണൈറ്റഡ് തങ്ങളുടെ മികവ് തുടർന്നു. ബ്രന്റ്ഫോർഡിനു എതിരെ ഒന്നിനെതിരെ 5 ഗോളുകൾക്ക് ആണ് അവർ ജയിച്ചത്. ന്യൂകാസ്റ്റിലിന് ആയി ബ്രൂണോ ഗുയിമാരസ് ഇരട്ടഗോളുകൾ നേടിയപ്പോൾ മിഗ്വൽ അൽമിരോൺ, ജേക്കബ് മർഫി എന്നിവർ ഓരോ ഗോൾ വീതവും കണ്ടത്തി. പിനോക്കിന്റെ സെൽഫ് ഗോൾ ന്യൂകാസ്റ്റിലിന് അഞ്ചാം ഗോൾ സമ്മാനിച്ചപ്പോൾ ഇവാൻ ടോണിയുടെ പെനാൽട്ടി മാത്രമാണ് ബ്രന്റ്ഫോർഡിന്റെ ആശ്വാസം. ജയത്തോടെ ലീഗിൽ അഞ്ചാം സ്ഥാനത്തേക്ക് ന്യൂകാസ്റ്റിൽ ഉയർന്നു.

ഇരട്ട ഗോളുമായി ആൽമിറോൺ; ഫുൾഹാമിനെ കെട്ടുകെട്ടിച്ച് ന്യൂകാസിൽ

സ്വന്തം തട്ടകത്തിൽ വെച്ചു നടന്ന മത്സരത്തിൽ ന്യൂകാസിലിനോട് കനത്ത തോൽവി ഏറ്റുവാങ്ങി ഫുൾഹാം. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ന്യൂകാസിൽ വിജയം കണ്ടെത്തിയത്. ആൽമിറോൺ ഇരട്ട ഗോളുമായി തിളങ്ങിയപ്പോൾ വിൽസണും ലോങ്സ്റ്റാഫും മറ്റ് ഗോളുകൾ നേടി.

ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളുകൾ നേടിക്കൊണ്ടു ന്യൂകാസിൽ മത്സരത്തിന്റെ വിധി നിർണയിച്ചു. എട്ടാം മിനിറ്റിൽ തന്നെ ചലോബ ചുവപ്പ് കാർഡുമായി കയറിയതോടെ തന്നെ ഫുൾഹാമിന്റെ പിടി അയഞ്ഞിരുന്നു. പതിനൊന്നാം മിനിറ്റിലാണ് ആദ്യ ഗോൾ എത്തിയത്. ട്രിപ്പിയറുടെ ക്രോസ് പോസ്റ്റിലേക്ക് ഹെഡ് ചെയ്ത് ഇടാനുള്ള വിലോക്കിന്റെ ശ്രമം പഴയെങ്കിലും അവസരം കാത്തിരുന്ന വിൽസണ് ഒഴിഞ്ഞ പോസ്റ്റിലേക്ക് ബോൾ എത്തിക്കേണ്ട ചുമതലയെ ഉണ്ടായിരുന്നുള്ളൂ.

മുപ്പത്തിമൂന്നാം മിറ്റിൽ ആൽമിറോണിന്റെ മനോഹര ഗോളിൽ ന്യൂകാസിൽ ലീഡ് ഉയർത്തി. ഗ്വിമറെസ് ബോക്സിലേക്ക് ഉയത്തി നൽകിയ പാസ് നിലം തൊടുന്നതിന് മുൻപ് കീപ്പർക്കും മുകളിലൂടെ ആൽമിറോൺ വലയിൽ എത്തിച്ചു. ഇടവേളക്ക് പിരിയുന്നതിന് മുൻപ് ലോങ്സ്റ്റാഫും വല കുലുക്കിയതോടെ മൂന്ന് ഗോളിന്റെ ലീഡുമായി ന്യൂകാസിലിന് ഇടവേളക്ക് പിരിഞ്ഞു. രണ്ടാം പകുതിയിൽ ന്യൂകാസിൽ നാലാം ഗോൾ കണ്ടെത്തി.

മർഫിയുടെ പാസിൽ നിന്നും ആൽമിറോൺ തന്നെയാണ് സ്‌കോർ ചെയ്തത്. എൺപതിയെട്ടാം മിനിറ്റിൽ ഫുൾഹാമിന്റെ ആശ്വാസ ഗോൾ മുന്നേറ്റ താരം ബോബി റീഡ് നേടി. വിജയത്തോടെ ന്യൂകാസിലിന് പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്തുള്ള ഫുൾഹാമിന് തൊട്ടു മുകളിൽ എത്താനായി.

സുഡാനി ഫ്രം ഓസ്ട്രേലിയ; ഭൂഖണ്ഡങ്ങൾ താണ്ടി യുവതാരം മാഗ്പീസിലേക്ക്

സുഡാനിൽ ജനനം, അവിടുന്ന് ഈജിപ്തിലേക്ക്, പിന്നീട് അഭയാർത്ഥിയായി ഓസ്‌ട്രേലിയൻ മണ്ണിലേക്ക്. ജന്മനാട് വിട്ട് മറ്റിടങ്ങളിലേക്ക് ചേക്കേറുമ്പോഴും കൗൾ കുടുംബത്തിലെ സന്താനങ്ങൾ പന്ത് കളി മറന്നിരുന്നില്ല. മൂത്തവൻ അലു കൗൾ സ്റ്റുഗർട്ടിലേക്കാണ് ചേക്കേറിയതെങ്കിൽ പിടിച്ചതിനെക്കാൾ വലുത് മാളത്തിൽ എന്ന കണക്കിൽ ആണ് താരത്തിന്റെ സഹോദരൻ ഗരങ് കൗൾ. 2021ൽ മാത്രം ഓസ്‌ട്രേലിയൻ എ-ലീഗിൽ അരങ്ങേറിയ താരത്തെ റാഞ്ചിയിരിക്കുന്നത് ന്യൂകാസിൽ ആണ്. പതിനെട്ടുകാരൻ ജനുവരിയിൽ ഇംഗ്ലീഷ് മണ്ണിൽ കാലുകുത്തും.

ആദ്യം സെൻട്രൽ കോസ്റ്റ് മറൈനേഴ്‌സ് ടീമിന്റെ യൂത്ത് ടീമിലും പിന്നീട് സീനിയർ ടീമിലും അരങ്ങേറിയ താരം പത്തോളം മത്സരങ്ങൾ മാത്രമേ സീനിയർ തലത്തിൽ കളിച്ചിട്ടുള്ളു. കഴിഞ്ഞ വാരം ഓസ്‌ട്രേലിയൻ ദേശിയ ടീമിന് വേണ്ടിയും അരങ്ങേറി. മെയ് മാസം ബാഴ്‌സക്കെതിരെ കളത്തിൽ ഇറങ്ങിയ എ-ലീഗ് ഓൾ സ്റ്റാർ ഇലവനിലും താരം ഉൾപ്പെട്ടിരുന്നു.

“ഇത് അവിശ്വസനീയമാണ്” ഗരങ് പറഞ്ഞു, “മറ്റെല്ലാവരെയും പോലെ പ്രീമിയർ ലീഗ് തന്നെ ആയിരുന്നു പ്രധാനമായും കണ്ടിരുന്നത്. എന്നാൽ ആ ഉയരത്തിൽ എത്താൻ സാധിക്കുമെന്ന് ഒരിക്കലും കരുതിയില്ല.” ന്യൂകാസിൽ തരമായതോടെ താൻ കൂടുതൽ കഠിനാധ്വാനം ചെയ്യണമെന്നും, ലോകകപ്പിന് ശേഷം ഇങ്ങോട് മടങ്ങി വരുമെന്നും ടീമിനോടൊപ്പം, കരാർ ഒപ്പിട്ടുകൊണ്ട് താരം പറഞ്ഞു.

ന്യൂകാസിൽ സമനില യുണൈറ്റഡ്!! ഒരു സമനില കൂടെ

പ്രീമിയർ ലീഗിൽ വലിയ സ്വപ്നങ്ങൾ കാണുന്ന ന്യൂകാസിലിന് സ്വന്തം ഹോം ഗ്രൗണ്ടിൽ സമനിലയുടെ നിരാശ. ന്യൂകാസിലിന്റെ പരിശീലകനായ എഡി ഹോയുടെ മുൻ ക്ലബായ ബൗണ്മത് ആണ് ന്യൂകാസിലിനെ 1-1ന്റെ സമനിലയിൽ പിടിച്ചത്. അവസാന ഏഴ് ലീഗ് മത്സരങ്ങൾക്ക് ഇടയിലെ ന്യൂകാസിലിന്റെ അഞ്ചാം സമനില ആണ് ഇത്.

രണ്ടാം പകുതിയിൽ 61ആം മിനുട്ടിൽ ഫിലിപ്പ് ബില്ലിങിന്റെ ഗോൾ ആണ് ബൗണ്മതിന് ലീഡ് നൽകിയത്‌. ഇതിന് ഒരു പെനാൾട്ടിയിലൂടെ സമനില വന്നു. 67ആം മിനുട്ടിൽ ആയിരുന്നു ഒരു ഹാൻഡ് ബോളിന് സമനില വിളിച്ചത്. പന്ത് ഇസാക് പെനാൾട്ടി സ്പോടിൽ നിന്നും ലക്ഷ്യത്തിൽ എത്തിച്ചു. പക്ഷെ ഇതിനപ്പുറം വിജയം ഗോളിലേക്ക് എത്താൻ ന്യൂകാസിലിന് ആയില്ല. ഏഴ് മത്സരങ്ങളിൽ നിന്ന് എട്ട് പോയിന്റുമായി ന്യൂകാസിൽ പത്താം സ്ഥാനത്താണ്. ബൗണ്മത് 8 പോയിന്റുമായി പന്ത്രണ്ടാം സ്ഥാനത്തും.

കരിയസ് ഇനി ന്യൂകാസിൽ യുണൈറ്റഡിൽ, പക്ഷെ വെറും നാലു മാസത്തെ കരാർ മാത്രം

ഗോൾ കീപ്പർ ലോരിസ് കരിയസ് ന്യൂകാസിൽ യുണൈറ്റഡിൽ എത്തി. ഫ്രീ ഏജന്റായ താരത്തെ സൈൻ ചെയ്തതായി ന്യൂകാസിൽ യുണൈറ്റഡ് ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ന്യൂകാസിലിന്റെ രണ്ടാം ഗോൾ കീപ്പർ ആയ കാൾ ഡാർലോക്ക് പരിക്കേറ്റതോടെ ആയിരുന്നു ന്യൂകാസിൽ ഒരു കീപ്പറെ എത്തിക്കാൻ തീരുമാനിച്ചത്.

കരിയസിന് നാലു മാസത്തെ കരാർ മാത്രമെ ന്യൂകാസിൽ ഇപ്പോൾ നൽകിയിട്ടുള്ളൂ. ജനുവരി കഴിഞ്ഞ് മാത്രമെ കരാർ നീട്ടണോ എന്ന് ന്യൂകാസിൽ തീരുമാനിക്കുകയുള്ളൂ.

ലോരിസ് കരിയസ് ലിവർപൂളിലെ കരാർ അവസാനിച്ചതോടെ കഴിഞ്ഞ മാസം ആൻഫീൽഡ് വിട്ടിരുന്നു. 2017-18 സീസണിലെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ലിവർപൂളിന്റെ വല കാത്ത കരിയസ് പിന്നീട് ഒരിക്കലും ലിവർപൂളിനായി കളിച്ചിട്ടില്ല. തുർക്കിയിൽ ബെസികസിനായും ജർമ്മനിയിൽ യൂണിയൻ ബർലിനായും താരം ലോണിൽ കളിച്ചിരുന്നു.

സമനിലയിൽ പിരിഞ്ഞ് ന്യൂകാസിലും ക്രിസ്റ്റൽ പാലസും

സ്വന്തം ഗ്രൗണ്ടിൽ വെച്ചു ക്രിസ്റ്റൽ പാലസിനെ നേരിട്ട ന്യൂകാസിലിന് സമനില. ഗോളുകൾ പിറക്കാതെ പോയ മത്സരത്തിൽ ഇരു ടീമുകളും പോയിന്റ് പങ്കു വെച്ചു. ആറു മത്സരങ്ങളിൽ നിന്നും ഏഴു വീതം പോയിന്റ് ആണ് ഇരു ടീമുകൾക്കും ഉള്ളത്.

ഇസാക് തന്നെ ന്യൂകാസിലിന്റെ മുന്നേറ്റത്തെ നയിച്ചു. ആദ്യ പകുതിയിൽ ഇരു ടീമുകളും പലതവണ എതിർ ബോക്സിലേക്ക് ബോൾ എത്തിച്ചു. ക്രിസ്റ്റൽ പാലസ് പ്രതിരോധ നിരക്ക് മുകളിൽ സമ്മർദ്ദം ചെലുത്തി നേടിയെടുത്ത ബോൾ ഇസാക് കീപ്പറുടെ കൈകളിലേക്ക് തന്നെ നൽകി. മട്ടെറ്റ ഉതിർത്ത ഷോട്ട് ന്യൂകാസിൽ കീപ്പർ നിക് പോപ്പ് തടുത്തു. ജോയേലിന്റണ് കിട്ടിയ അവസരം ഗോൾ ലൈൻ സേവുമായി ഡൗക്കോറേ പാലസിന്റെ രക്ഷക്കെത്തി. നിരവധി അവസരങ്ങൾ പിറന്നെങ്കിലും ആദ്യ പകുതി ഗോൾ രഹിതമായി അവസാനിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ന്യൂകാസിൽ മുന്നേറ്റം ഓൺ ഗോലായി പാലസിന്റെ വലയിൽ എത്തിയെങ്കിലും വാർ ഫൗൾ വിളിച്ചതിനാൽ ഗോൾ അനുവദിച്ചില്ല. പാലസ് മുന്നേറ്റ താരം എഡ്വേർഡിന്റെ മികച്ചൊരു ഷോട്ട് നിക് പോപ്പ് തടഞ്ഞു. മുഴുവൻ സമയത്തിന് മുൻപ് ട്രിപ്പിയറിന്റെ കോർണറിൽ നിന്നും ന്യൂകാസിലിന് വീണ്ടും അവസരം ലഭിച്ചെങ്കിലും ഗോൾ ആക്കാൻ സാധിച്ചില്ല.

ന്യൂകാസിൽ യുണൈറ്റഡ് ഗോൾ കീപ്പറെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ശ്രമം

ന്യൂകാസിൽ യുണൈറ്റഡ് ഗോൾകീപ്പർ ആയ മാർട്ടിൻ ഡുബ്രൊകയെ സ്വന്തമാക്കാൻ ആയി മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമം. യുണൈറ്റഡ് ഡുബ്രൊകയ്ക്ക് ആയി ആദ്യ ബിഡ് സമർപ്പിച്ചതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. യുണൈറ്റഡ് ഡിഹിയക്ക് പിറകിൽ രണ്ടാം ഗോൾ കീപ്പർ ആയാണ് ഡുബ്രൊകെയെ തേടുന്നത്. ലോൺ കരാറിൽ താരത്തെ വിട്ടു നൽകാൻ ന്യൂകാസിൽ തയ്യാറാണ്.

യുണൈറ്റഡ് ഫ്രാങ്ക്ഫർട് ഗോൾകീപ്പർ കെവിൻ ട്രാപ്പിനായി ശ്രമിച്ചിരുന്നു എങ്കിലും അത് നടക്കാനുള്ള സാധ്യത കുറഞ്ഞത് കൊണ്ട് ഡുബ്രകയിലേക്ക് നീങ്ങിയിരിക്കുകയാണ്. 32കാരനായ താരം അവസാന നാലു വർഷമായി ന്യൂകാസിൽ യുണൈറ്റഡിന് ഒപ്പം ഉണ്ട്. സ്ലൊവാക്യ ദേശീയ ടീമിനായി 2014 മുതൽ കളിക്കുന്ന താരമാണ് ഡുബ്രക. ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഡിഹിയക്ക് പിറകിൽ ഹീറ്റൺ മാത്രമാണ് സീനിയർ ഗോൾ കീപ്പറായി ഉള്ളത്.

Exit mobile version