ന്യൂകാസിൽ താരം ജോഞ്ചോ ഷെൽവിയെ നോട്ടിങ്ഹാം ഫോറസ്റ്റ് സ്വന്തമാക്കും

പ്രീമിയർ ലീഗിൽ തുടരാൻ ശ്രമിക്കുന്ന നോട്ടിംഗ്ഹാം ഫോറസ്റ്റ് ന്യൂകാസിൽ യുണൈറ്റഡ് മിഡ്ഫീൽഡർ ജോഞ്ചോ ഷെൽവിയെ സ്വന്തമാക്കുന്നു. പ്രീമിയർ ലീഗിൽ എത്തിയതിനു ശേഷമുള്ള് ഫോറസ്റ്റ് ക്ലബിന്റെ 25-ാമത്തെ സൈനിംഗായിരിക്കും ഷെൽവി. ന്യൂകാസിൽ നിലവിൽ ഒരു സെൻട്രൽ മിഡ്ഫീൽഡറെ പകരക്കാരനായി എത്തിക്കാൻ ശ്രമിക്കുന്നുണ്ട്.

2016-ൽ സ്വാൻസീ സിറ്റിയിൽ നിന്ന് ആയിരുന്നു ഷെൽവി ന്യൂകാസിലിൽ എത്തിയത്. ഇപ്പോഴത്തെ ന്യൂകാസിൽ ടീമിൽ ക്ലബിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച കളിക്കാരൻ ആണ് ഷെൽവി. ഇനി ക്ലബിൽ താരത്തിന് 6 മാസത്തെ കരാർ മാത്രമെ ബാക്കിയുള്ളൂ. ബ്രൂണോ ഗുയിമറസ് എത്തിയത് മുതൽ ഷെൽവി ആദ്യ ഇലവനിൽ എത്തുന്നത് കുറഞ്ഞിരുന്നു.

പരിശീലനത്തിന് എത്താതെ ഗോർദൻ, എവർട്ടൺ വിട്ടേ മതിയാകൂ

എവർട്ടൺ യുവതാരം ആന്റണി ഗോർദൻ ഇന്നലെയും പരിശീലനത്തിന് എത്തിയില്ല. ഇന്നലെ ക്ലബിനോട് പറയാതെ ആണ് ഗോർഡൻ പരിശീലനത്തിൽ നിന്ന് അവധി എടുത്തത്. എവർട്ടൺ വിടുകയാണ് തന്റെ ആവശ്യം എന്ന് ഗോർദൻ നേരത്തെ തന്നെ ക്ലബിനോട് വ്യക്തമാക്കിയിരുന്നു. എന്നാൽ റിലഗേഷൻ ഭീഷണിയിൽ ഉള്ള എവർട്ടൺ ജനുവരിയിൽ ഗോർദനെ പോലൊരു താരത്തെ നഷ്ടപ്പെടുത്താൻ ആഗ്രഹിക്കിന്നില്ല. ഇനി ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ നാലു ദിവസം മാത്രമെ ബാക്കിയുള്ളൂ.

ഗോർദൻ ന്യൂകാസിൽ യുണൈറ്റഡിലേക്ക് പോകാൻ ആണ് നോക്കുന്നത്. താരത്തിനു വേണ്ടിയുള്ള ആദ്യ ഓഫർ ന്യൂകാസിൽ കഴിഞ്ഞ ദിവസം സമർപ്പിച്ചിരുന്നു. പക്ഷെ എവർട്ടൺ ആ ഒഫർ തള്ളി. എവർട്ടൺ അറുപത് മില്യൺ പൗണ്ട് ആണ് യുവതാരത്തിനായി ആവശ്യപ്പെടുന്നത്. നേരത്തെ ചെൽസിയും ഗോർഡനായി രംഗത്ത് ഉണ്ടായിരുന്നു.

ആന്റണി ഗോർഡന് വേണ്ടി ന്യൂകാസിൽ ഓഫർ സമർപ്പിച്ചു

എവർട്ടൺ താരം ആന്റണി ഗോർഡന് വേണ്ടിയുള്ള നീക്കങ്ങൾ ന്യൂകാസിൽ ശക്തമാക്കുന്നു. താരത്തിന് വേണ്ടിയുള്ള ആദ്യ ഓഫർ ന്യൂകാസിൽ സമർപ്പിച്ചതായി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ എവർടൻ ആവശ്യപ്പെടുന്ന അറുപത് മില്യൺ പൗണ്ട് എന്ന തുകയിലേക്ക് ന്യൂകാസിലിന്റെ ഓഫർ എത്തില്ല എന്നാണ് സൂചന. എങ്കിലും ഇരു ടീമുകളും തമ്മിലുള്ള ചർച്ചകൾ അവസാന വാരം മുതൽ നടന്ന് കൊണ്ടിരിക്കുകയാണ്. ചെൽസിയും ഗോർഡനെ ലക്ഷ്യമിട്ടിരുന്നു.

ക്രിസ് വുഡ് നോട്ടിങ്ഹാമിലേക്ക് ചേക്കേറിയതോടെയാണ് മറ്റൊരു മുന്നേറ്റ താരത്തെ എത്തിക്കാനുള്ള നീക്കങ്ങൾക്ക് ന്യൂകാസിൽ ആക്കം കൂട്ടിയത്. ഗോർഡന് വേണ്ടി സീസണിന്റെ തുടക്കത്തിലും മാഗ്പീസ് ശ്രമിച്ചിരുന്നു. എന്നാൽ അന്ന് അവരുടെ ഓഫർ എവർടൻ തള്ളി. അതേ സമയം അറുപത് മില്യൺ പൗണ്ട് എന്ന തുകയിൽ വിട്ടു വീഴ്ച്ച ഉണ്ടായില്ലെങ്കിൽ പകരം ചെൽസി താരം ഹക്കീം സിയാച്ചിനെ എത്തിക്കാനും ന്യൂകാസിൽ ശ്രമിച്ചേക്കും എന്നു ടെലിഗ്രാഫ് സൂചിപ്പിച്ചു.

ന്യൂകാസിലിനെയും സമനിലയിൽ തളച്ച് ക്രിസ്റ്റൽ പാലസ്

മാഞ്ചസ്റ്റർ യുണൈറ്റഡിനെ സമനിലയിൽ തളച്ചതിന് പിന്നാലെ ക്രിസ്റ്റൽ പാലസ് ന്യീകാസിൽ യുണൈറ്റഡിനെയും സമനിലയിൽ തളച്ചു. പാലസിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരം ഗോൾ രഹിത സമനിലയിൽ ആണ് അവസാനിച്ചത്. കഴിഞ്ഞ മത്സരത്തിൽ അവർ സെൽഹോസ് പാർക്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെയും സമനിലയിൽ തളച്ചിരുന്നു. ഇന്ന് ഏഴ് ഷോട്ട് ടാർഗറ്റിലേക്ക് തൊടുത്തെങ്കിലും ഗോൾ നേടാൻ ന്യൂകാസിലിന് ആയില്ല.

ഈ സമനിലയോടെ ന്യൂകാസിൽ പ്രീമിയർ ലീഗിൽ അവരുടെ അപരാജിത കുതിപ്പ് 15 മത്സരങ്ങളാക്കി നീട്ടി. ന്യൂകാസിൽ 39 പോയിന്റുമായി ലീഗിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്നു. ക്രിസ്റ്റൽ പാലസ് 24 പോയിന്റുമായി 12ആം സ്ഥാനത്ത് നിൽക്കുകയാണ്.

ക്രിസ്റ്റ്യാനോ റൊണാൾഡോ ന്യൂകാസിലിനായി ചാമ്പ്യൻസ് ലീഗ് കളിക്കും എന്നതിൽ ഒരു സത്യവുമില്ല

അൽ നാസറിലെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കരാറിൽ ന്യൂകാസിലിനായി കളിക്കാനുള്ള പ്രത്യേക വ്യവസ്ഥയുണ്ടെന്ന വാദം ൻഷേധിച്ച് ന്യൂകാസിൽ ക്ലബ് മാനേജർ എഡി ഹോ. ന്യൂകാസിൽ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടിയാൽ ന്യൂകാസിൽ ടീമിൽ ചേരാൻ അനുവദിക്കുന്ന ഒരു ക്ലോസ് ക്രിസ്റ്റ്യാനോ റൊണാൾഡോ വെച്ചിട്ടുണ്ട് ഉണ്ടെന്നായിരുന്നു റിപ്പോർട്ട്‌. എന്ന ഇത് “സത്യം അല്ല” എന്ന് ന്യൂകാസിൽ ബോസ് എഡ്ഡി ഹോ പറഞ്ഞു.

സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ ഉടമസ്ഥതയിലുള്ള ന്യൂകാസിലിൽ അൽ നാസറിന്റെ സൗദി കണക്ഷൻ വെച്ച് കളിക്കും എന്നായിരുന്നു ഒരു സ്പാനിഷ് മാധ്യമം റിപ്പോർട്ട് ചെയ്തത്. ചൊവ്വാഴ്ച ലീഡേഴ്‌സ് ആഴ്‌സണൽ ന്യൂകാസിൽ മത്സരത്തിന് തൊട്ടുമുമ്പ് സംസാരിച്ച എഡി ഹോവ ഈ കാര്യത്തിൽ വ്യക്തത നൽകി.

ക്രിസ്റ്റ്യാനോയുടെ പുതിയ ചുവടിന് ഞങ്ങൾ എല്ലാവിധ ആശംസകളും നേരുന്നു, എന്നാൽ നിങ്ങൾ പറയുന്ന വാർത്തയിൽ ഒരു സത്യവുമില്ല. കോച്ച് സ്കൈ സ്പോർട്സിനോട് പറഞ്ഞു.

പോർച്ചുഗൽ താരം 2025 ജൂൺ വരെ സൗദി അറേബ്യൻ ക്ലബിൽ തന്ന്ദ് തുടരും. ഇന്നലെ റൊണാൾഡോയെ അൽ നാസർ ഔദ്യോഗികമായി അവതരിപ്പിച്ചിരുന്നു. യൂറോപ്പിലെ തന്റെ ജോലി കഴിഞ്ഞു എന്ന് റൊണാൾഡോ മാധ്യമങ്ങളോട് പറയുകയും ചെയ്തു.

ആഴ്സണലിന് തടഞ്ഞ് ന്യൂകാസിൽ യുണൈറ്റഡ് കരുത്ത്

ആഴ്സണലിനെ തടഞ്ഞ് ന്യൂകാസിൽ യുണൈറ്റഡ്. ആഴ്സണലിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന ലീഗ് മത്സരത്തിൽ ആഴ്സണലിനെ ഗോൾ രഹിത സമനിലയിൽ നിർത്താൻ ന്യൂകാസിലിനായി.

ആഴ്സണൽ സ്വന്തം ഹോം ഗ്രൗണ്ടിൽ മികച്ച രീതിയിൽ ആയിരുന്നു കളി തുടങ്ങിയത്. ആദ്യ പത്ത് മിനുട്ടിൽ തന്നെ അഞ്ചോളം ഷോട്ടുകൾ ആഴ്സണൽ ന്യൂകാസിൽ ഗോൾ മുഖത്തേക്ക് തൊടുത്തു. പക്ഷെ ഒന്നും ഗോളായി മാറിയില്ല. പതിയെ ന്യൂകാസിൽ കളിയിൽ താളം കണ്ടെത്തി. റഫറി കാർഡുകൾ വാരി വിതറുന്നതും ആദ്യ പകുതിയിൽ കാണാൻ ആയി. അഞ്ച് മഞ്ഞ കാർഡുകൾ ആണ് ആദ്യ പകുതിയിൽ വന്നത്. ആകെ കളിയിൽ ഏഴ് മഞ്ഞക്കാർഡുകൾ വന്നു.

കളിയിൽ ന്യൂകാസിലും അവസരങ്ങൾ സൃഷ്ടിച്ചു. ഗോൾ വന്നില്ല എങ്കിലും ഇരുഭാഗത്ത് നിന്നും നിരവധി നല്ല ഗോൾ ശ്രമങ്ങൾ കാണാ‌ൻ ആയി. ഈ സീസൺ പ്രീമിയർ ലീഗിൽ ആഴ്സണൽ ഇതാദ്യമാണ് എമിറേറ്റ്സിൽ പോയിന്റ് നഷ്ടപ്പെടുത്തുന്നത്. ഇതിനു മുമ്പ് ഈ ഗ്രൗണ്ടിൽ നടന്ന എല്ലാ മത്സരവും ആഴ്സണൽ വിജയിച്ചിരുന്നു.

ഈ സമനില ആഴ്സണലിനെ 44 പോയിന്റുമായി ഒന്നാമത് തന്നെ നിർത്തുകയാണ്. ന്യൂകാസിൽ 35 പോയിന്റുമായി മൂന്നാം സ്ഥാനത്തും നിൽക്കുന്നു.

പ്രീമിയർ ലീഗിൽ ആഴ്‌സണൽ, ന്യൂകാസ്റ്റിൽ യുണൈറ്റഡ് തീപാറും പോരാട്ടം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനക്കാർ ആയ ആഴ്‌സണൽ ഇന്ന് മൂന്നാം സ്ഥാനക്കാർ ആയ ന്യൂകാസ്റ്റിൽ യുണൈറ്റഡിനെ നേരിടും. സീസണിൽ ഉഗ്രൻ ഫോമിൽ കളിക്കുന്ന ഇരു ടീമുകളും തമ്മിൽ തീപാറും പോരാട്ടം തന്നെയാണ് അർദ്ധരാത്രി കഴിഞ്ഞു 1.15 നു ആരാധകർ പ്രതീക്ഷിക്കുന്നത്. ലോകകപ്പ് ഇടവേള കഴിഞ്ഞ ശേഷം കളിച്ച രണ്ടു കളികളും ജയിച്ചു എത്തുന്ന ആഴ്‌സണൽ ജീസുസിന്റെ അഭാവത്തിലും മികവ് തുടരുകയാണ്. റാംസ്ഡേലിന് മുന്നിൽ ഗബ്രിയേൽ, സലിബ, വൈറ്റ്, സിഞ്ചെങ്കോ എന്നിവർ ആവും അണിനിരക്കുക. സലിബ കഴിഞ്ഞ മത്സരങ്ങളിൽ വരുത്തിയ പിഴവ് ആശങ്ക നൽകുന്നു എങ്കിലും ആഴ്‌സണൽ പ്രതിരോധം ശക്തമാണ്. ടോമിയാസു, ടിയേർണി എന്നിവർ അടങ്ങുന്ന ബെഞ്ചും ശക്തം തന്നെയാണ്.

മധ്യനിരയിൽ ഉഗ്രമായി കളിക്കുന്ന തോമസ് പാർട്ടി, ഗ്രാനിറ്റ് ശാക്ക എന്നിവർ ആണ് ന്യൂകാസ്റ്റിലിന് വെല്ലുവിളി ആവുക. മുന്നേറ്റത്തിൽ ജീസുസിന്റെ അഭാവം നികത്തി കഴിഞ്ഞ രണ്ടു കളികളിലും എഡി എങ്കിതിയ ഗോൾ നേടിയിരുന്നു. ഒപ്പം ഉഗ്രൻ ഫോമിൽ കളിക്കുന്ന ഗബ്രിയേൽ മാർട്ടിനെല്ലി, ബുകയോ സാക, ക്യാപ്റ്റൻ മാർട്ടിൻ ഒഡഗാർഡ് എന്നിവരും ഉണ്ട്. മുന്നിൽ നിന്നു ഉഗ്രൻ ഫോമിൽ കളിച്ചു ടീമിനെ മുന്നോട്ട് നയിക്കുന്ന ഒഡഗാർഡ് ടീമിന്റെ ജീവൻ ആണ്. ഒപ്പം കഴിഞ്ഞ രണ്ടു കളികളിലും ഗോൾ കണ്ടത്തിയ സാക, മാർട്ടിനെല്ലി എന്നിവരും ന്യൂകാസ്റ്റിൽ പ്രതിരോധം പരീക്ഷിക്കും എന്നുറപ്പാണ്. ഇത് വരെ എല്ലാ പ്രീമിയർ ലീഗ് മത്സരത്തിലും ഗോൾ നേടിയ ആഴ്‌സണലിനെ തടയുക എന്നത് ന്യൂകാസ്റ്റിൽ പ്രതിരോധത്തിന് വലിയ വെല്ലുവിളി തന്നെയാവും.

നിക് പോപ്പ് ഗോൾ വല കാക്കുന്ന സമയത്ത് ഷാർ, ബോട്ട്മാൻ, ബേൺ എന്നീ വമ്പന്മാർ ആണ് ന്യൂകാസ്റ്റിൽ പ്രതിരോധം കാക്കുക. ഒപ്പം മുന്നേറ്റത്തിലും സഹായിക്കുന്ന ട്രിപ്പിയറും ഉണ്ട്. മധ്യനിരയിൽ അവിസ്മരണീയമായി കളിക്കുന്ന ബ്രസീൽ താരങ്ങൾ ആയ ബ്രൂണോ ഗുയിമാരസ്, ജോലിന്റൺ എന്നിവർക്ക് ഒപ്പം മുൻ ആഴ്‌സണൽ താരം ജോ വില്ലോക്കും ഇറങ്ങും. മുന്നേറ്റത്തിൽ അവിശ്വസനീയ ഫോമിലുള്ള മിഗ്വേൽ അൽമിറോണിനു ഒപ്പം ക്രിസ് വുഡോ കലം വിൽസനോ ആവും ഇറങ്ങുക. ഇറങ്ങുക ആണെങ്കിൽ സെന്റ് അലക്‌സ് മാക്സിമിൻ ആഴ്‌സണലിന് തലവേദന ആവും സൃഷ്ടിക്കുക. സീസണിൽ ഒരൊറ്റ മത്സരം മാത്രം തോറ്റ ഇരു ടീമുകളും തമ്മിലുള്ള പോരാട്ടം കടുക്കും എന്നുറപ്പാണ്. കഴിഞ്ഞ സീസണിൽ അവരുടെ മൈതാനത്ത് ന്യൂകാസ്റ്റിലിനോട് ഏറ്റ തോൽവിക്ക് പകരം തേടിയാണ് ആഴ്‌സണൽ എത്തുന്നത്. കിരീട പോരാട്ടത്തിൽ ആഴ്‌സണലിന് നിർണായകമായ മത്സരം മൈക്കിൾ ആർട്ടെറ്റ, എഡി ഹൗ പോരാട്ടം കൂടിയാവും.

ടോപ് 4 പ്രതീക്ഷകൾക്ക് തിരിച്ചടി ആയി ന്യൂകാസിൽ യുണൈറ്റഡിന് സമനില

തുടർ വിജയങ്ങളുമായി പ്രീമിയർ ലീഗിൽ കുതിക്കുകയായിരുന്ന ന്യൂകാസിൽ യുണൈറ്റഡിനെ സമനിലയിൽ തളച്ച് ലീഡ്സ്. ന്യൂകാസിലിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും ഗോളുകളൊന്നും നേടാതെ പിരിയുകയായിരുന്നു. ഇതോടെ ന്യൂകാസിലിന്റെ മൂന്നാം സ്ഥാനവും അപകടത്തിൽ ആയി. ലീഡ്സ് പതിനാലാം സ്ഥാനത്തേക്ക് ഉയർന്നു.

തകർപ്പൻ ഫോം തുടരുന്ന ന്യൂകാസിലിനോട് എതിരിട്ടു നിൽക്കുന്ന പ്രകടനമാണ് ലീഡ്സ് ആദ്യ പകുതിയിൽ പുറത്തെടുത്തത്. മികച്ച അവസരങ്ങൾ സൃഷ്ടിച്ചെടുക്കാൻ ന്യൂകാസിലിനായെങ്കിലും ഫിനിഷിങ്ങിലെ പോരായ്മകൾ തിരിച്ചടിയായി. ലീഡ്സ് ആവട്ടെ പലപ്പോഴും എതിർ ബോക്സിന് അടുത്തു വരെ എത്താൻ സാധിച്ചെങ്കിലും കൃത്യമായ അവസരങ്ങൾ സൃഷ്ടിച്ചെടുത്തില്ല. ന്യൂകാസിൽ കോർണറിൽ നിന്നെത്തിയ പന്തിൽ ബേണിന് പോസ്റ്റിന് തൊട്ടുമുൻപിൽ വെച്ചു കൃത്യമായി കാലിൽ കൊള്ളിക്കാൻ സാധിക്കാതെ പോയി. ട്രിപ്പിയരുടെ ഫ്രീകികിൽ ബോട്മാനും അവസരം നഷ്ടപ്പെടുത്തി. ഹാരിൻസണിന്റെ പാസിൽ ലോങ്സ്റ്റാഫിന്റെ ഷോട്ട് ലക്ഷ്യത്തിൽ നിന്നും അകന്ന് പോയി. ലീഡ്സ് ബോക്സിനുള്ളിൽ വെച്ചു സ്കാറിനെ വീഴ്ത്തിയതിന് റഫറി പെനാൽറ്റി അനുവദിക്കാതിരുന്നതോടെ ആദ്യ പകുതി സമനിലയിൽ അവസാനിച്ചു.

രണ്ടാം പകുതിയിൽ ന്യൂകാസിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചെടുത്തു. പോസ്റ്റിന് കീഴിൽ മെസ്ലിയെയുടെ പ്രകടനവും ലീഡ്സിന്റെ രക്ഷക്കെത്തി. ജോയലിന്റണിന്റെ പാസിൽ ലഭിച്ച സുവർണാവസരം ലോങ്സ്റ്റാഫ്‌ പുറത്തേക്കടിച്ചു കളഞ്ഞത് കാണികളെ അമ്പരപ്പിച്ചു. ബോസ്‌കിനുള്ളിൽ ലഭിച്ച മറ്റൊരു അവസരവും താരം ഗാലറിയിൽ എത്തിച്ചു. സെയ്ന്റ് മാക്സിമിന്റെയും കല്ലം വിൽസണിന്റെയും വരവ് ന്യൂകാസിൽ മുന്നേറ്റങ്ങൾ മൂർച്ച കൂട്ടിയെങ്കിലും ഗോൾ മാത്രം അകന്ന് നിന്നു. ട്രിപ്പിയറിന്റെ തുടർച്ചയായ ഫ്രീകിക്കുകളും ഉപയോഗപ്പെടുത്താൻ അവർക്കായില്ല.

ഇടവേള ബാധിക്കാത്ത താളം; ലെസ്റ്ററിനെ വീഴ്ത്തി ന്യൂകാസിൽ പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനത്ത്

ലീഗിൽ വീണ്ടും മികച്ച പ്രകടനത്തോടെ സീസണിന് പുനരാരംഭം കുറിച്ച് ന്യൂകാസിൽ. ലെസ്റ്ററിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളിന് ആതിഥേയരെ വീഴ്ത്തി ന്യൂകാസിൽ ലീഗിൽ തൽക്കാലികമായിട്ടെങ്കിലും രണ്ടാം സ്ഥാനത്തേക്ക് കയറി. ക്രിസ് വുഡ്, ആൽമിറോൻ, ജോയലിന്റൻ എന്നിവരാണ് ജേതാക്കൾക്കായി ഗോൾ കണ്ടെത്തിയത്. ലെസ്റ്റർ പതിമൂന്നാം സ്ഥാനത്താണ്.

സീസണിന്റെ ആദ്യ പകുതിയിൽ നിർത്തിയേടത്തു നിന്നും തുടങ്ങുന്ന പ്രകടനമായിരുന്നു ന്യൂകാസിലിന്റേത്. കൂടുതൽ ഒഴുക്കോടെയുള്ള പ്രകടനം പുറത്തെടുക്കാൻ അവർക്ക് സാധിച്ചപ്പോൾ ലെസ്റ്റർ പ്രതിരോധം പലപ്പോഴും ആടിയുലഞ്ഞു. ആദ്യ മിനിറ്റുകളിൽ തന്നെ ഗോൾ കണ്ടെത്തി ന്യൂകാസിൽ മത്സരം വരുതിയിലാക്കി. ബോക്സിന് തൊട്ടു പുറത്തു വെച്ച് മിസ്പാസ് പിടിച്ചെടുത്തു കൊണ്ടുള്ള ന്യൂകാസിൽ നീക്കം തടയാനുള്ള ശ്രമത്തിനിടയിൽ അമാർട്ടെക്ക് ജോയലിന്റണെ വീഴ്ത്തിയപ്പോൾ റഫറി പെനാൽറ്റി സ്പോട്ടിലേക്ക് വിസിലൂതി.

കിക്ക് എടുത്ത ക്രിസ് വുഡ് വലകുലുക്കുമ്പോൾ മത്സരം ആരംഭിച്ചിട്ട് മൂന്ന് മിനിറ്റ് ആയിരുന്നുള്ളൂ. ആതിഥേയർക്ക് തിരിച്ചു വരാനുള്ള അവസരം നൽകാതെ നാല് മിനിറ്റിനു ശേഷം ന്യൂകാസിൽ വീണ്ടും ലക്ഷ്യം കണ്ടു. വലത് വിങ്ങിൽ നിന്നും ബ്രൂണോക്ക് പാസ് നൽകി ബോക്സിലേക്ക് ഓടിക്കയറിയ ആൽമിറോൻ തിരിച്ചു ബോൾ സ്വീകരിച്ചു എതിർ പ്രതിരോധത്തെയും കീപ്പറേയും മറികടന്ന് പന്ത് വലയിൽ എത്തിച്ചു. ഡാക്ക് ലഭിച്ച ഒരു അവസരം താരം ലക്ഷ്യത്തിൽ നിന്നും അകന്ന് പോയി.

ഇടക്ക് എതിർ ബോക്സിന് അടുത്ത് വരെ ലെസ്റ്ററിന് സാധിച്ചെങ്കിലും എല്ലാം ന്യൂകാസിൽ പ്രതിരോധത്തിൽ തട്ടി മടങ്ങി. മുപ്പത്തിരണ്ടാം മിനിറ്റിൽ മൂന്നാം ഗോൾ എത്തി. ട്രിപ്പിയറിന്റെ ഹെഡറിൽ നിന്നും ജോയലിന്റൻ അനായാസം ഹെഡർ ഉതിർത്തു. പിന്നീട് ക്രിസ് വുഡിന് ലഭിച്ച മികച്ച ഒരവസരം താരം ബാറിന് മുകളിലൂടെ കടന്ന് പോയി.

രണ്ടാം പകുതിയിൽ ലെസ്റ്റർ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. വാർഡി, ഇഹ്യോനാച്ചോ എന്നിവർ എത്തിയതോടെ ന്യൂകാസിൽ ഡിഫെൻസിൽ കൂടുതൽ സമ്മർദ്ദം ചെലുത്താൻ അവർക്കായി. എൻഡിഡിയുടെ വോളിയും വാർഡിയുടെ നീക്കവും തടയാൻ നിക് പോപ്പിനായി.

വില്ലോക്കിന്റെ ബുള്ളറ്റ് ഗോളിൽ ചെൽസിയും വീണു, ന്യൂകാസ്റ്റിൽ യുണൈറ്റഡ് കുതിപ്പ് തുടരുന്നു

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ന്യൂകാസ്റ്റിൽ യുണൈറ്റഡ് കുതിപ്പ് തുടരുന്നു. ഇന്ന് ചെൽസിയെ തങ്ങളുടെ സ്വന്തം മൈതാനം ആയ സെന്റ് ജെയിംസ് പാർക്കിൽ എതിരില്ലാത്ത ഒരു ഗോളിന് ആണ് അവർ തോൽപ്പിച്ചത്. ജയത്തോടെ ലീഗിൽ മൂന്നാം സ്ഥാനത്തേക്ക് അവർ ഉയർന്നു. അതേസമയം ചെൽസി എട്ടാം സ്ഥാനത്തേക്ക് വീണു. മത്സരത്തിൽ ഉടനീളം ന്യൂകാസ്റ്റിൽ ആധിപത്യം ആണ് കാണാൻ ആയത്. പലപ്പോഴും സൃഷ്ടിച്ച അപകടകരമായ നീക്കങ്ങൾ ഗോൾ ആക്കി മാറ്റാൻ എന്നാൽ അവർക്ക് ആയില്ല. ഇടക്ക് കോണോർ ഗല്ലഗർ ഉതിർത്ത ഉഗ്രൻ ഷോട്ട് മികച്ച രീതിയിൽ രക്ഷിച്ച നിക് പോപ് ചെൽസിയെ തടഞ്ഞു.

ഇതിനു തൊട്ടു പിന്നാലെ ന്യൂകാസ്റ്റിൽ ചെൽസി വല കുലുക്കി. അൽമിറോണിന്റെ മികച്ച നീക്കം തടയാൻ കൊലിബാലി ബുദ്ധിമുട്ടിയപ്പോൾ മുന്നിൽ കിട്ടിയ പന്ത് ആദ്യം തന്നെ ഉഗ്രൻ ബുള്ളറ്റ് ഷോട്ടിലൂടെ ജോ വില്ലോക്ക് ചെൽസി വലയിൽ എത്തിയില്ല. മുൻ ആഴ്‌സണൽ താരത്തിന്റെ ഉഗ്രൻ ഷോട്ടിനു എതിരെ മെന്റിക്ക് ഒന്നും ചെയ്യാൻ ആയില്ല. തുടർന്ന് സമനിലക്ക് ആയി ചെൽസി പൊരുതിയെങ്കിലും ന്യൂകാസ്റ്റിൽ അത് തടഞ്ഞു. മികവ് തുടരുന്ന ന്യൂകാസ്റ്റിൽ ലോകകപ്പിന് മുമ്പ് അതിശക്തമായ നിലയിൽ ആണ് ലീഗ് അവസാനിപ്പിക്കുന്നത്. അതേസമയം വളരെ മോശം രീതിയിൽ ആണ് ലീഗ് ലോകകപ്പിന് മുമ്പ് ചെൽസി അവസാനിപ്പിക്കുന്നത്. മത്സരശേഷം ഇരു ടീമുകളിലെയും താരങ്ങൾ തമ്മിൽ ചെറിയ ഊന്തലും തള്ളലും ഉണ്ടായതും കാണാൻ ആയി.

ഒക്ടോബർ മാസത്തിലെ പ്രീമിയർ ലീഗിലെ മികച്ച പരിശീലകനും താരവും ഗോളും എല്ലാം ന്യൂകാസ്റ്റിൽ യുണൈറ്റഡിൽ നിന്നു

പ്രീമിയർ ലീഗിലെ ഒക്ടോബർ മാസത്തിലെ മികച്ച താരവും മികച്ച പരിശീലകനും മികച്ച ഗോളും എല്ലാം തൂത്ത് വാരി ന്യൂകാസ്റ്റിൽ യുണൈറ്റഡ്. ഒക്ടോബർ മാസത്തിൽ പരാജയം അറിയാത്ത ന്യൂകാസ്റ്റിൽ കളിച്ച ആറു കളികളിൽ അഞ്ചു ജയം കുറിച്ചപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡും ആയി ഓൾഡ് ട്രാഫോർഡിൽ സമനിലയും നേടി. 6 കളികളിൽ നിന്നു 16 ഗോളുകൾ ആണ് ഈ കാലത്ത് ന്യൂകാസ്റ്റിൽ അടിച്ചു കൂട്ടിയത്. ഇതോടെ ഒക്ടോബറിൽ സമാന റെക്കോർഡ് ഉള്ള ആഴ്‌സണൽ പരിശീലകൻ മൈക്കിൾ ആർട്ടെറ്റയെ മറികടന്നു എഡി ഹൗ മികച്ച പരിശീലകൻ ആയി തിരഞ്ഞെടുക്കപ്പെട്ടു.

അതേസമയം ഈ സമയത്ത് അവിശ്വസനീയ മികവ് തുടർന്ന ന്യൂകാസ്റ്റിൽ താരം മിഗ്വൽ അൽമിറോൺ ആണ് ഒക്‌ടോബർ മാസത്തെ മികച്ച താരം ആയി തിരഞ്ഞെടുക്കപ്പെട്ടത്. ഒക്ടോബറിൽ തുടർച്ചയായ കളികളിൽ ഗോൾ നേടിയ പരാഗ്വയെൻ താരം കഴിഞ്ഞ 7 കളികളിൽ 7 ഗോളുകൾ ആണ് നേടിയത്. ഫുൾഹാമിനു എതിരായ മിഗ്വൽ അൽമിറോണിന്റെ തകർപ്പൻ വോളി ഒക്ടോബർ മാസത്തെ മികച്ച ഗോളുമായി തിരഞ്ഞെടുക്കപ്പെട്ടു. ഒക്ടോബർ മാസത്തെ അപരാജിത കുതിപ്പിനെ തുടർന്ന് പ്രീമിയർ ലീഗിൽ നിലവിൽ മൂന്നാം സ്ഥാനത്ത് ആണ് ന്യൂകാസ്റ്റിൽ യുണൈറ്റഡ്. അതേസമയം ആസ്റ്റൺ വില്ലക്ക് എതിരായ ചെൽസി ഗോൾ കീപ്പർ കെപയുടെ അവിശ്വസനീയ രക്ഷപ്പെടുത്തൽ ഒക്ടോബർ മാസത്തെ മികച്ച സേവ് ആയും തിരഞ്ഞെടുക്കപ്പെട്ടു.

ലീഗ് കപ്പിൽ പെനാൽട്ടി ഷൂട്ട് ഔട്ട് ജയവുമായി ലിവർപൂൾ, ന്യൂകാസ്റ്റിൽ ടീമുകൾ മുന്നോട്ട്

ഇംഗ്ലീഷ് ലീഗ് കപ്പിൽ പെനാൽട്ടി ഷൂട്ട് ഔട്ടിൽ ജയം കണ്ടു ലിവർപൂൾ നാലാം റൗണ്ടിലേക്ക് മുന്നേറി. ആൻഫീൽഡിൽ ലീഗ് 1 ക്ലബ് ആയ ഡെർബി കൗണ്ടിക്ക് എതിരെ യുവനിരയെ ആണ് ലിവർപൂൾ ഇറക്കിയത്. രണ്ടാം പകുതിയിൽ ഡാർവിൻ നുനിയസ് അടക്കമുള്ളവർ ഇറങ്ങിയെങ്കിലും മത്സരം ഗോൾ രഹിതമായി അവസാനിച്ചതോടെ പെനാൽട്ടി ഷൂട്ട് ഔട്ട് ആവശ്യമായി. ഫർമീന അടക്കമുള്ള 2 താരങ്ങൾ പെനാൽട്ടി പാഴാക്കി എങ്കിലും മൂന്നു രക്ഷപ്പെടുത്തലുകൾ നടത്തിയ ഐറിഷ് ഗോൾ കീപ്പർ ഗെല്ലഹർ ലിവർപൂളിന്റെ രക്ഷകൻ ആയപ്പോൾ അവർ പെനാൽട്ടി ഷൂട്ട് ഔട്ട് 3-2 നു ജയിക്കുക ആയിരുന്നു.

അതേസമയം ക്രിസ്റ്റൽ പാലസിന് എതിരെ രണ്ടാം പകുതിയിൽ അതിശക്തമായ ആക്രമണം അഴിച്ചു വിട്ടിട്ടും ഗോൾ നേടാൻ ആവാത്ത ന്യൂകാസ്റ്റിൽ യുണൈറ്റഡും പെനാൽട്ടി ഷൂട്ട് ഔട്ടിൽ(3-2) ആണ് ജയം കണ്ടത്. മൂന്നു രക്ഷപ്പെടുത്തലുകളും ആയി ഗോൾ കീപ്പർ നിക് പോപ്പ് അവരുടെ ഹീറോ ആവുക ആയിരുന്നു. 1-1 നു അവസാനിച്ച മത്സരത്തിന് ഒടുവിൽ ഷെഫീൾഡ് വെനസ്ഡേയെ പെനാൽട്ടി ഷൂട്ട് ഔട്ടിൽ(6-5) സൗതാപ്റ്റൺ മറികടന്നപ്പോൾ 2-2 നു അവസാനിച്ച മത്സരത്തിനു ഒടുവിൽ പെനാൽട്ടിയിൽ വെസ്റ്റ് ഹാം ബ്ലാക്ക്ബേണിനോട് പരാജയപ്പെട്ടു(10-9). അതേസമയം ലീഡ്സിനെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്നു വോൾവ്സ് ലീഗ് കപ്പിൽ മുന്നേറി. ബൗബകർ ട്രയോറെ ആണ് വോൾവ്സിന്റെ വിജയഗോൾ നേടിയത്.

Exit mobile version