പോച്ചെറ്റിനോയെ പരിശീലകനാക്കാൻ ന്യൂ കാസിൽ ശ്രമം

പോച്ചെറ്റിനോയെ പരിശീലകനായി എത്തിക്കാൻ പുതിയ ന്യൂ കാസിൽ ഉടമകൾ ശ്രമം നടത്തുന്നതായി വാർത്തകൾ. കഴിഞ്ഞ നവംബറിൽ ടോട്ടൻഹാം പോച്ചെറ്റിനോയെ പുറത്താക്കിയത് മുതൽ അർജന്റീന പരിശീലകൻ മറ്റൊരു ടീമിനെയും പരിശീലിപ്പിക്കുന്നില്ല. പോച്ചെറ്റിനോക്ക് പ്രീമിയർ ലീഗിലേക്ക് തിരിച്ചുവരാനുള്ള ആഗ്രഹമുണ്ടെന്നും ന്യൂ കാസിൽ പരിശീലക സ്ഥാനം ഏറ്റെടുത്തേക്കുമെന്നും വാർത്തകൾ ഉണ്ട്.

പോച്ചെറ്റിനോ വന്നില്ലെങ്കിൽ മുൻ ന്യൂ കാസിൽ പരിശീലകനായ റാഫ ബെനിറ്റസിനെയും പുതിയ ന്യൂ കാസിൽ ഉടമകൾ നോക്കുന്നുണ്ട്. നിലവിലെ പരിശീലകൻ സ്റ്റീവ് ബ്രൂസ് ഈ സീസൺ അവസാനിക്കുന്നത് വരെ പരിശീലകനായി തുടരുമെന്നാണ് കരുതപ്പെടുന്നത്. ടോട്ടൻഹാമിൽ ഒരു മികച്ച ടീം ഉണ്ടാക്കുന്നതിൽ പോച്ചെറ്റിനോ വിജയിച്ചതാണ് ന്യൂ കാസിൽ ഉടമകൾക്ക് പോച്ചെറ്റിനോയെ പരിശീലകനാക്കാൻ താല്പര്യം ഉടലെടുത്തത്. നേരത്തെ കഴിഞ്ഞ ഫെബ്രുവരിയിൽ പ്രീമിയർ ലീഗിലേക്ക് തിരിച്ചുവരാൻ താൽപര്യമുണ്ടെന്ന് പോച്ചെറ്റിനോ പറഞ്ഞിരുന്നു.

സിറ്റി പ്രതിരോധം തകർത്ത് മുൻ ലിവർപൂൾ താരം, ന്യൂകാസിലിൽ ചാംപ്യന്മാർക്ക് സമനില

ന്യൂ കാസിലിന് മുന്നിൽ വീണ്ടും പെപ് ഗാർഡിയോള മുട്ട് മടക്കി. ഇത്തവണ 2-2 ന്റെ സമനിലയാണ് സിറ്റി സെന്റ് ജെയിംസ് പാർക്കിൽ വഴങ്ങിയത്. ലോകോത്തരമായ 2 ഗോളുകൾ പിറന്ന മത്സരത്തിൽ പ്രതിരോധത്തിൽ വരുത്തിയ പിഴവുകളാണ് അവർക്ക് വിനയായത്. ഇതോടെ ഒന്നാം സ്ഥനാകാരായ ലിവർപൂളുമായുള്ള വ്യത്യാസം 8 ആയി. ഇന്ന് ലിവർപൂൾ ജയിച്ചാൽ വ്യത്യാസം 11 പോയിന്റ് ആയി ഉയരും.

ആദ്യ പകുതിയിൽ ലീഡ് ആദ്യം എടുക്കാൻ സിറ്റിക്ക് സാധിച്ചെങ്കിലും അത് ഏറെ നേരം നില നിർത്താൻ അവർക്കായില്ല. കളിയുടെ 22 ആം മിനുട്ടിൽ ഡേവിഡ് സിൽവയുടെ പാസിൽ നിന്ന് റഹീം സ്റ്റെർലിങ് ആണ് ഗോൾ നേടിയത്. പക്ഷെ 3 മിനിട്ടുകൾക്ക് ശേഷം ജെട്രോ വില്ലിയംസിന്റെ മികച്ച ഫിനിഷിലൂടെ ന്യൂ കാസിൽ സ്കോർ സമനിലയിലാക്കി.

രണ്ടാം പകുതിയിൽ സിറ്റി തുടർച്ചയായി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ന്യൂ കാസിലിന്റെ മികച്ച പ്രതിരോധം അവർക്ക് തടസ്സമായി. ഇതിൽ 68 ആം മിനുട്ടിൽ ഗബ്രിയേൽ ജിസൂസിന് ലഭിച്ച മികച്ച അവസരവും പെടും. ഇതോടെ ഡേവിഡ് സിൽവ, മഹ്‌റസ് എന്നിവരെ പിൻവലിച്ച പെപ് ബെർനാടോ സിൽവ, ഫിൽ ഫോടൻ എന്നിവരെ ഇറക്കി. 82 ആം മിനുട്ടിൽ ഈ സീസണിലെ തന്നെ ഏറ്റവും മികച്ച ഗോളിലൂടെ ഡു ബ്രെയ്നെ സിറ്റിയെ മുന്നിൽ എത്തിച്ചെങ്കിലും ലീഡ് കാക്കാൻ സിറ്റി പ്രതിരോധം വീണ്ടും പരാജയപ്പെട്ടു. 88 ആം മിനുട്ടിൽ സിറ്റി പ്രതിരോധത്തെ നോക്കുകുത്തിയാക്കി മുൻ ലിവർപൂൾ താരം ജോഞ്ചോ ഷെൽവി പന്ത് വലയിലാക്കി. കിരീട പോരാട്ടത്തിൽ അങ്ങനെ സിറ്റി 8 പോയിന്റ് പിറകിൽ. ഇന്ന് ലിവർപൂൾ ജയിച്ചാൽ അവരുടെ ലീഡ് 11 ആയി ഉയരും.

ഹാട്രിക് നേടി പെരസ്, ന്യൂകാസിലിന് ജയം

പ്രീമിയർ ലീഗിൽ ന്യൂ കാസിലിന് ജയം. പാസിങ്ങിലും, പന്തടക്കത്തിലും, അവസരങ്ങൾ സൃഷ്ടിക്കുന്നതിലും കാണിച്ച മികവ് ഫിനിഷിങ്ങിൽ മറന്ന സൗത്താംപ്ടനെ വീഴ്ത്തിയാണ് അവർ വിലപ്പെട്ട 3 പോയിന്റ് സ്വന്തമാക്കിയത്. സ്വന്തം മൈതാനത്ത് 3-1 നാണ് ബെനീറ്റസിന്റെ ടീം ജയിച്ചത്. അയേസോ പെരസ് നേടിയ ഹാട്രിക്കാണ്‌ അവർക്ക് ജയം സമ്മാനിച്ചത്.

ആദ്യ പകുതിയിൽ പെരസിന്റെ 2 ഗോളുകളാണ് ന്യൂ കാസിൽ ആധിപത്യം ഉറപ്പിച്ചത്. 27, 31 മിനിട്ടുകളിൽ പിറന്ന ഗോളുകൾ സൗത്താംപ്ടനെ ഞെട്ടിച്ചു. പക്ഷെ രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ ലെമിന സൗത്താംപ്ടനെ 59 ആം മിനുട്ടിൽ മത്സരത്തിലേക് തിരികെ എത്തിച്ചു. സ്കോർ 2-1. പക്ഷെ 86 ആം മിനുട്ടിൽ റിച്ചിയുടെ അസിസ്റ്റിൽ പെരസ് ഹാട്രിക് തികച്ചതോടെ സൗത്താംപ്ടന്റെ അവസാന പ്രതീക്ഷയും അവസാനിച്ചു. പെരസിന്റെ ആദ്യ പ്രീമിയർ ലീഗ് ഹാട്രിക്കാണ്‌ ഇത്.

ന്യൂ കാസിലിനെതിരെ ജയം, ആഴ്‌സണൽ മൂന്നാം സ്ഥാനത്ത്

ന്യൂ കാസിലിനെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച് ആഴ്‌സണൽ പ്രീമിയർ ലീഗിൽ മൂന്നാം സ്ഥാനത്ത് എത്തി. ലിവർപൂളിനോട് തോറ്റ ടോട്ടൻഹാം ഇതോടെ ലീഗിൽ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു. ജയത്തോടെ ചാമ്പ്യൻസ് ലീഗ് യോഗ്യത പോരാട്ടത്തിൽ ആഴ്‌സണൽ മുൻപിലെത്തുകയും ചെയ്തു. തൊട്ടു പിറകിലുള്ള ടോട്ടൻഹാമിനെക്കാളും മാഞ്ചസ്റ്റർ യുണൈറ്റഡിനെക്കാളും രണ്ടു പോയിന്റിന്റെ ലീഡ് ആഴ്‌സണലിനുണ്ട്.

ഇരു പകുതികളുമായി റാംസിയും ലാക്കസറ്റെയും നേടിയ ഗോളുകളാണ് ആഴ്‌സണലിന് ജയം അനായാസമാക്കിയത്. ആദ്യ പകുതിയുടെ മുപ്പതാം മിനുട്ടിൽ ലാകസറ്റെ യുടെ പാസിൽ നിന്നാണ് റാംസി ഗോൾ നേടിയത്. തുടർന്ന് രണ്ടാം പകുതിയിൽ മനോഹരമായ ഒരു ചിപ്പിലൂടെ ലാക്കസറ്റെ ആഴ്‌സണലിന്റെ വിജയം ഉറപ്പിക്കുകയായിരുന്നു. ഇത് ആഴ്‌സണലിന്റെ തുടർച്ചയായ പത്താമത്തെ ഹോം ഗ്രൗണ്ടിലെ വിജയമായിരുന്നു.

വീണ്ടും സോൺ രക്ഷ, ടോപ്പ് 4 വിടാതെ സ്പർസ്

ഹ്യുങ് മിൻ സോൺ വീണ്ടും സ്പർസിന്റെ രക്ഷകനായി. സമനിലയിലേക്ക് നീങ്ങിയ മത്സരത്തെ സോണിന്റെ ഏക ഗോളിൽ മറികടന്ന സ്പർസ് ടോപ്പ് 4 പോരാട്ടത്തിൽ തങ്ങളുടെ ഇരിപ്പ് കൂടുതൽ ഉറപ്പിച്ചു. ജയത്തോടെ 57 പോയിന്റുള്ള അവർ നിലവിൽ രണ്ടാം സ്ഥാനത്താണ്. എങ്കിലും നാളെ സിറ്റി ജയിച്ചാൽ സിറ്റി രണ്ടാം സ്ഥാനത്ത് തിരിച്ചെത്തും.

മാഞ്ചസ്റ്റർ സിറ്റിയെ മറികടന്ന ആത്മവിശ്വാസത്തോടെ എത്തിയ ബെനീറ്റസിന്റെ ന്യൂ കാസിൽ മികച്ച പ്രതിരോധമാണ് മത്സരത്തിന്റെ തുടക്കം മുതൽ നടത്തിയത്. ലോറൻറെയെ ബെഞ്ചിൽ ഇരുത്തി മോറയെ സ്‌ട്രൈക്കർ റോളിൽ കളിപ്പിച്ച സ്പർസിന്റെ തന്ത്രം തുടക്കം മുതൽ പാളി. രണ്ടാം പകുതി 10 മിനുട്ട് പിന്നിട്ടപ്പോൾ മോറക്ക് പകരം യോരന്റെയെ ഇറക്കിയത് അവർക്ക് ഗുണമായി. 83 ആം മിനുട്ടിൽ യോറന്റേയുടെ പാസ്സിൽ നിന്ന് സോൺ വിജയ ഗോൾ നേടുകയും ചെയ്തു.

24 പോയിന്റുള്ള ന്യൂ കാസിൽ പതിനാലാം സ്ഥാനത്താണ്.

റെക്കോർഡ് തുകക്ക് എം.എസ്.എൽ താരത്തെ സ്വന്തമാക്കി ന്യൂ കാസിൽ

ട്രാൻസ്ഫർ വിൻഡോയുടെ അവസാന ദിവസം റെക്കോർഡ് തുകക്ക് പരാഗ്വ ഫോർവേഡിനെ സ്വന്തമാക്കി ന്യൂ കാസിൽ. മേജർ സോക്കർ ലീഗിൽ അറ്റ്ലാന്റ യുണൈറ്റഡിന്റെ താരമായ മിഖേൽ അൽമിറോണിനെയാണ് ന്യൂ കാസിൽ ക്ലബ് റെക്കോർഡ് തുകയായ 21 മില്യൺ പൗണ്ട് കൊടുത്ത് സ്വന്തമാക്കിയത്. നേരത്തെ 2005ൽ മൈക്കിൾ ഒവനെ സ്വന്തമാക്കാൻ നൽകിയ 16.5 മില്യൺ പൗണ്ട് ആയിരുന്നു ഇതുവരെയുള്ള ന്യൂ കാസിലിന്റെ റെക്കോർഡ് സൈനിങ്‌.

അഞ്ചര വർഷത്തെ കരാറിലാണ് അൽമിറോൺ ന്യൂ കാസിലിൽ എത്തുന്നത്. കരാർ പ്രകാരം 2024 വരെ അൽമിറോൺ ന്യൂ കാസിലിൽ ഉണ്ടാവും. 2018 സീസണിൽ അറ്റ്ലാന്റക്ക് വേണ്ടി പുറത്തെടുത്ത മികച്ച പ്രകടനമാണ് താരത്തെ ന്യൂ കാസിലിൽ എത്തിച്ചത്. അറ്റ്ലാന്റക്ക് വേണ്ടി 62 മത്സരങ്ങൾ കളിച്ച അൽമിറോൺ 21 ഗോളുകളും നേടിയിട്ടുണ്ട്.

അൽമിറോണെ കൂടാതെ മൊണാകോ ലെഫ്റ്റ് ബാക് അന്റോണിയോ ബറാക്കെയെയും ലോണിൽ ന്യൂ കാസിൽ ഇന്ന് സ്വന്തമാക്കിയിരുന്നു. സീസണിന്റെ അവസാനം വരെയാണ് താരത്തിന്റെ ലോൺ കാലാവധി. റെലെഗേഷൻ ഭീഷണി നേരിടുന്ന ന്യൂ കാസിലിന് താരങ്ങളുടെ വരവ് ഉണർവ് നൽകുമെന്നാണ് കരുതപ്പെടുന്നത്.

പ്രതിരോധ കോട്ട തീർത്ത് ബെനീറ്റസ്, ഹഡേയ്‌സ്ഫീൽഡിൽ ജയം

പ്രീമിയർ ലീഗിൽ ന്യൂ കാസിൽ യുണൈറ്റഡിന് ജയം. എവേ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് അവർ ഹഡേയ്‌സ്ഫീൽഡ് ടൗണിനെ മറികടന്നത്. സോളമൻ റോണ്ടൻ ആണ് അവരുടെ വിജയ ഗോൾ നേടിയത്. ജയത്തോടെ 16 പോയിന്റുള്ള ബെനീറ്റസിന്റെ ടീം ലീഗിൽ 14 ആം സ്ഥാനത്താണ്. 10 പോയിന്റ് മാത്രമുള്ള ഹഡേയ്‌സ്ഫീൽഡ് 18 ആം സ്ഥാനത്താണ്.

മത്സരത്തിന്റെ മൃഗീയ ഭൂരിപക്ഷം സമയവും പന്ത് കൈവശം വച്ചെങ്കിലും ഹഡേയ്‌സ്ഫീൽഡിന് ന്യൂ കാസിൽ പ്രതിരോധത്തെ മറികടക്കാൻ സാധിച്ചില്ല. 73 ശതമാനവും പന്ത് ഹഡേയ്‌സ്ഫീൽഡിന്റെ കൈവശമായിരുന്നു. തീർത്തും പ്രതിരോധത്തിൽ ഊന്നി പിൻവലിഞ്ഞു കളിച്ച ന്യൂ കാസിൽ പ്രതിരോധം തകർത്ത് അവസരങ്ങൾ സൃഷ്ടിക്കാൻ ഹഡേയ്‌സ്ഫീൽഡ് പാട് പെട്ടപ്പോൾ മികച്ച കൗണ്ടർ അറ്റാകുകളായിരുന്നു ന്യൂ കാസിലിന്റെ തന്ത്രം.

രണ്ടാം പകുതി 10 മിനുട്ട് പിന്നിട്ടപ്പോളാണ് ബെനീറ്റസിന്റെ ടീമിന്റെ ഗോൾ എത്തിയത്. റോണ്ടൻ ഗോൾ നേടിയതോടെ ന്യൂ കാസിൽ പ്രതിരോധം ഉറച്ചു നിന്നതോടെ കാര്യങ്ങൾ അവർക്ക് അനുകൂലമായി. രണ്ടാം പകുതിയിൽ കേവലം 23 ശതമാനം മാത്രം പന്ത് കൈവശം വെച്ച ന്യൂ കാസിലിന് പക്ഷെ എതിരാളികളെക്കാൾ അവസരങ്ങൾ സൃഷ്ടിക്കാനായി.

ഇഞ്ചുറി ടൈം ഗോളിൽ വോൾവ്സിന് ജയം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇഞ്ചുറി ടൈമിൽ നേടിയ ഗോളിന് വോൾവ്സ് ന്യൂകാസിൽ യുണൈറ്റഡിനെ മറികടന്നു. പത്ത് പേരായി ചുരുങ്ങിയ ന്യൂ കാസിലിനെതിരെ 94 ആം മിനുട്ടിലാണ് ഡോഹർത്തി ഹെഡറിലൂടെ ഗോൾ നേടിയത്. മത്സരം 2-1 നാണ് സാന്റോയുടെ ടീം സ്വന്തമാക്കിയത്.

ഡിയഗോ ഡോട്ടയുടെ ഗോളിൽ വോൾവ്സാണ് മത്സരത്തിൽ ലീഡ് നേടിയത്. പക്ഷെ 23 ആം മിനുട്ടിൽ അയേസോ പെരസ് മാഗ്പീസിനെ ഒപ്പമെത്തിച്ചു. പക്ഷെ 57 ആം മിനുട്ടിൽ യെഡ്‌ലിൻ ചുവപ്പ് കാർഡ് കണ്ട് മടങ്ങിയത് ബെനീറ്റസിന്റെ ടീമിന് വൻ തിരിച്ചടിയായി. ജയത്തോടെ ലീഗിൽ 22 പോയിന്റുമായി വോൾവ്സ് പത്താം സ്ഥാനത്താണ്. 13 പോയിന്റുള്ള ന്യൂകാസിൽ 15 ആം സ്ഥാനത്താണ്.

ന്യൂ കാസിലിന് ആദ്യ ജയം ഇനിയും അകലെ, സൗത്താംപ്ടനോട് സമനില

ഒരു വിജയം എന്ന ന്യൂ കാസിലിന്റെ ആഗ്രഹം സൗത്താംപ്ടണിലും നടന്നില്ല. സെന്റ് മേരീസ് സ്റ്റേഡിയത്തിൽ വിരസമായ ഗോൾ രഹിത സമനിലയിൽ ഇരു ടീമുകളും പോയിന്റ് പങ്ക് വച്ചു പിരിഞ്ഞു. ലീഗിൽ 10 മത്സരങ്ങൾ പിന്നിട്ടിട്ടും ബെനീറ്റസിന്റെ ടീമിന് ജയമില്ല. ലീഗിൽ 3 പോയിന്റ് മാത്രമുള്ള അവർ 19 ആം സ്ഥാനത്താണ്. 7 പോയിന്റുള്ള സൗത്താംപ്ടൻ 16 ആം സ്ഥാനത്തും.

ആക്രമണ നിരയുടെ ഫോമില്ലാഴ്മയാണ് ന്യൂ കാസിലിന് വിനയായത്. മുട്ടോ നയിച്ച ആക്രമണ നിരക്ക് പന്തെത്തിക്കുന്നതിൽ മധ്യനിര തീർത്തും പരാജയപെട്ടപ്പോൾ മത്സരത്തിൽ സൗത്താംപ്ടൻ ഗോളിലേക്ക് ഒരു ഷോട്ട് പോലും പായികാൻ അവർക്കായില്ല. ക്യാപ്റ്റൻ ലാസെൽസ് നയിച്ച പ്രതിരോധത്തിന്റെ മിടുക്കാണ് അവർക്ക് ഒരു പോയിന്റ് എങ്കിലും നൽകിയത്. മറുവശത്ത് സൗത്താംപ്ടൻ ഇങ്സിലൂടെ ഏതാനും അവസരങ്ങൾ നേടിയെങ്കിലും ഫിനിഷിങിലെ പോരാഴ്മ അവർക്ക് വിനയായി.

ന്യൂ കാസിലിന്റെ കഷ്ടകാലം തുടരുന്നു, ഇത്തവണ തോറ്റത് ബ്രൈറ്റനോട്

പ്രീമിയർ ലീഗിൽ ന്യൂ കാസിലിന്റെ കഷ്ടകാലം തുടരുന്നു. ഇത്തവണ സ്വന്തം ഗ്രൗണ്ടിൽ ബ്രൈട്ടനോട് തോൽക്കാനായിരുന്നു ന്യൂ കാസിലിന്റെ വിധി. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്രൈറ്റൻ ന്യൂ കാസിലിനെ മറികടന്നത്. തോൽവിയോടെ പോയിന്റ് പട്ടികയിൽ ന്യൂ കാസിൽ അവസാന സ്ഥാനത്താണ്.

ആദ്യ പകുതിയിൽ കയാൽ ആണ് ബ്രൈറ്റന്റെ വിജയ ഗോൾ നേടിയത്. ബ്രൈറ്റന് അനുകൂലമായി ലഭിച്ച കോർണർ പ്രതിരോധിക്കുന്നതിൽ ന്യൂ കാസിൽ താരങ്ങൾ വീഴ്ച വരുത്തിയപ്പോൾ അവസരം മുതലാക്കി ബ്രൈറ്റൻ ഗോൾ നേടുകയായിരുന്നു. ന്യൂ കാസിലിന്റെ സ്വന്തം ഗ്രൗണ്ടിലെ തുടർച്ചയായ അഞ്ചാം പരാജയമായിരുന്നു ഇന്നത്തേത്. ന്യൂ കാസിൽ ഈ സീസണിൽ ഇതുവരെ ഒരു മത്സരം പോലും ജയിച്ചിട്ടില്ല.

തോൽവിയോടെ ന്യൂ കാസിൽ പരിശീലകൻ ബെനിറ്റസിന്റെ ഭാവി തുലാസിലായി.

മൗറീഞ്ഞോക്ക് ഇന്ന് നിർണായക പോരാട്ടം

ഓൾഡ് ട്രാഫോഡിൽ ജോസ് മൗറീഞ്ഞോക്ക് ഇന്ന് നിർണായക പോരാട്ടം. ന്യൂ കാസിൽ യുണൈറ്റഡിനെ നേരിടാൻ യുണൈറ്റഡ് ഇറങ്ങുമ്പോൾ മറ്റാരേക്കാളും ആകാംക്ഷ ജോസ് മൗറീഞ്ഞോക്കാവും. ഇന്നത്തെ മത്സരത്തിൽ തോറ്റാൽ ഒരു പക്ഷെ പോർച്ചുഗീസ് പരിശീലകന്റെ ജോലി തന്നെ തെറിച്ചേക്കും.

യുണൈറ്റഡ് അവസാനം കളിച്ച 4 മത്സരങ്ങളിൽ ഒന്നിൽ പോലും ജയിക്കാനാവാതെയാണ് ഇന്ന് സ്വന്തം മൈതാനത്ത് ഇറങ്ങുന്നത്. ലീഗിലെ ആദ്യ ജയമാകും ബെനീറ്റസിന്റെ ടീം ലക്ഷ്യമിടുക. മാഞ്ചസ്റ്റർ യുണൈറ്റഡ് നിരയിലേക്ക് പരിക്ക് മാറി ആഷ്ലി യങ് തിരിച്ചെത്തും. ചാമ്പ്യൻസ് ലീഗിൽ മൗറീഞ്ഞോ പുരത്തിരുത്തിയ ജോൻസ്, ഡാലോട്ട് എന്നിവർ പകരക്കാരുടെ ബെഞ്ചിൽ തിരിച്ചെത്തും.

ന്യൂ കാസിലിനെതിരെ കളിച്ച 36 ഹോം മത്സരങ്ങളിൽ ഒരിക്കൽ മാത്രമാണ് യുണൈറ്റഡ് പരാജയപ്പെട്ടിട്ടുള്ളത്. 2013 ൽ ഡേവിഡ് മോയസ് പരിശീലകനായിരിക്കെയാണ് ആ പരാജയം എത്തിയത്. അത്തരമൊരു നാണക്കേട് ആവർത്തിച്ചാൽ ഓൾഡ് ട്രാഫോഡിൽ മൗറീഞ്ഞോയുടെ ദിനങ്ങൾക്ക് അവസാനമായേക്കും. പോഗ്ബയും സാഞ്ചസും ലുകാകുവും അടക്കമുള്ളവർ ഫോമിലെത്തിയില്ലെങ്കിൽ കാര്യങ്ങൾ എളുപമാവില്ല.

ന്യൂ കാസിലിന്റെ കഷ്ട്ട കാലം തീരുന്നില്ല, ഇത്തവണ തോറ്റത് ലെസ്റ്ററിനോട്

പ്രീമിയർ ലീഗിൽ ന്യൂ കാസിലിന്റെ കഷ്ടകാലം അവസാനിക്കുന്നില്ല. സീസണിലെ ആദ്യ ജയം തേടി സ്വന്തം ഗ്രൗണ്ടിൽ ഇറങ്ങിയ ന്യൂ കാസിലിനെ ലെസ്റ്റർ സിറ്റി ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു. ഇതോടെ അവസാനം കളിച്ച 6 മത്സരങ്ങളിൽ 4 മത്സരങ്ങളും തോറ്റ ന്യൂ കാസിലിന്റെ നില പരുങ്ങലിലായി.

ലെസ്റ്ററിനു വേണ്ടി ആദ്യ പകുതിയിൽ പെനാൽറ്റിയിലൂടെ ജാമി വാർഡിയും രണ്ടാം പകുതിയിൽ ഹാരി മഗ്വയറുമാണ്‌ ഗോളുകൾ നേടിയത്. ജയത്തോടെ ലീഗിൽ ഏഴാം സ്ഥാനത്ത് എത്താനും ലെസ്റ്റർ സിറ്റിക്കായി. അതെ സമയം തോൽവിയോടെ ന്യൂ കേസിൽ ലീഗിൽ 18ആം സ്ഥാനത്താണ്.

Exit mobile version