ആധികാരിക വിജയവുമായി പാക്കിസ്ഥാന്‍, നെതര്‍ലാണ്ട്സിനെ പരാജയപ്പെടുത്തിയത് 81 റൺസിന്

പാക്കിസ്ഥാനെതിരെ നെതര്‍ലാണ്ട്സിന്റെ ബാറ്റിംഗ് മികച്ച രീതിയിൽ തുടങ്ങിയെങ്കിലും അധികം സമയം പിടിച്ച് നിൽക്കാനാകാതെ ടീം തകര്‍ന്നപ്പോള്‍ 81 റൺസ് വിജയം നേടി പാക്കിസ്ഥാന് ലോകകപ്പിൽ വിജയത്തുടക്കം. 41 ഓവറിൽ 205 റൺസിന് ഓറഞ്ച് പട ഓള്‍ഔട്ട് ആകുകയായിരുന്നു.

മൂന്നാം വിക്കറ്റിൽ വിക്രംജിത്ത് സിംഗ് – ബാസ് ഡി ലീഡ് കൂട്ടുകെട്ട് ടീമിന് വിജയ പ്രതീക്ഷ നൽകിയെങ്കിലും ഈ കൂട്ടുകെട്ടിനെ തകര്‍ത്ത് പാക്കിസ്ഥാന്‍ മത്സരത്തിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു.

70 റൺസാണ് മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് നേടിയത്. വിക്രംജിത്ത് സിംഗ് 52 റൺസ് നേടിയപ്പോള്‍ താരത്തെ ഷദബ് ഖാന്‍ ആണ് പുറത്താക്കിയത്. 67 റൺസായിരുന്നു ബാസ് ഡി ലീഡിന്റെ സംഭാവന. ലോഗന്‍ വാന്‍ ബീക്ക് 28 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ ഹാരിസ് റൗഫ് പാക്കിസ്ഥാന് വേണ്ടി 3 വിക്കറ്റും ഹസന്‍ അലി രണ്ട് വിക്കറ്റും നേടി.

തുടക്കം പാളിയെങ്കിലും മികച്ച സ്കോര്‍ നേടി പാക്കിസ്ഥാന്‍, നെതര്‍ലാണ്ട്സിന് 287 റൺസ് വിജയ ലക്ഷ്യം

നെതര്‍ലാണ്ട്സിനെതിരെ ടോസ് നഷ്ടമായി ബാറ്റിംഗിനറങ്ങിയ പാക്കിസ്ഥാന്‍ ഒരു ഘട്ടത്തിൽ 38/3 എന്ന നിലയിലേക്ക് തക‍ര്‍ന്നുവെങ്കിലും അവിടെ നിന്ന് തിരിച്ചുവരവ് നടത്തി 286 എന്ന സ്കോര്‍ നേടി.  49 ഓവറിൽ പാക്കിസ്ഥാന്‍ ഓള്‍ഔട്ട് ആകുകയായിരുന്നു. മൊഹമ്മദ് റിസ്വാന്‍ – സൗദ് ഷക്കീൽ എന്നിവരുടെ ബാറ്റിംഗ് മികവിനൊപ്പം മൊഹമ്മദ് നവാസും ഷദബ് ഖാനും അവസാന ഓവറുകളിൽ നടത്തിയ നിര്‍ണ്ണായക ബാറ്റിംഗ് ആണ് ടീമിന് തുണയായത്.

120 റൺസാണ് സൗദ് ഷക്കീൽ – മൊഹമ്മദ് റിസ്വാന്‍ കൂട്ടുകെട്ട് നാലാം വിക്കറ്റിൽ നേടിയത്. 52 പന്തിൽ 68 റൺസ് നേടിയ സൗദ് ഷക്കീൽ പുറത്തായപ്പോള്‍ റിസ്വാനും 68 റൺസ് നേടിയാണ് പുറത്തായത്. 158/3 എന്ന നിലയിൽ നിന്ന് 188/6 എന്ന നിലയിലേക്ക് വീണ പാക്കിസ്ഥാനെ മൊഹമ്മദ് നവാസ് – ഷദബ് ഖാന്‍ കൂട്ടുകെട്ട് 64 റൺസ് ഏഴാം വിക്കറ്റിൽ നേടി പൊരുതാവുന്ന സ്കോറിലേക്ക് എത്തിക്കുകയായിരുന്നു.

ഷദബ് ഖാന്‍ 32 റൺസ് നേടിയപ്പോള്‍ മൊഹമ്മദ് നവാസ് 39 റൺസുമായി റണ്ണൗട്ട് രൂപത്തിൽ പുറത്താകുകയായിരുന്നു. നെതര്‍ലാണ്ട്സിനായി ബാസ് ഡി ലീഡ് 4 വിക്കറ്റ് നേടി ബൗളിംഗിൽ മികച്ച് നിന്നു. കോളിന്‍ അക്കര്‍മാന്‍ 2 വിക്കറ്റ് നേടി.

വമ്പന്മാര്‍ക്കെതിരെ ബൗളിംഗ് തിരഞ്ഞെടുത്ത് നെതര്‍ലാണ്ട്സ്

ലോകകപ്പ് 2023ലെ രണ്ടാം മത്സരത്തിൽ ഇന്ന് നെതര്‍ലാണ്ട്സും പാക്കിസ്ഥാനും ഏറ്റുമുട്ടുന്നു. ഹൈദ്രാബാദിെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടി നെതര്‍ലാണ്ട്സ് നായകന്‍ സ്കോട്ട് എഡ്വേര്‍ഡ്സ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്ക് ശേഷം വേണ്ടത്ര അന്താരാഷ്ട്ര മത്സരങ്ങള്‍ ഇല്ലാതെയാണ് നെതര്‍ലാണ്ട്സ് എത്തുന്നത്. ലോകകപ്പിന് മുമ്പുള്ള സന്നാഹ മത്സരങ്ങള്‍ മഴ മൂലം ഉപേക്ഷിക്കപ്പെട്ടതും പരിശീലനം നെതര്‍ലാണ്ട്സിന് ലഭിയ്ക്കാത്തതിന് ഇടയായി.

പാക്കിസ്ഥാന്‍: Imam-ul-Haq, Fakhar Zaman, Babar Azam(c), Mohammad Rizwan(w), Saud Shakeel, Iftikhar Ahmed, Shadab Khan, Mohammad Nawaz, Hasan Ali, Shaheen Afridi, Haris Rauf

നെതര്‍ലാണ്ട്സ്: Vikramjit Singh, Max ODowd, Colin Ackermann, Scott Edwards(w/c), Bas de Leede, Teja Nidamanuru, Saqib Zulfiqar, Logan van Beek, Roelof van der Merwe, Aryan Dutt, Paul van Meekeren

ലക്ഷ്യം സെമി ഫൈനൽ – ബാസ് ഡി ലീഡ്

പാക്കിസ്ഥാനെതിരെ ഹൈദ്രാബാദിൽ തങ്ങളുടെ ആദ്യ മത്സരത്തിന് നാളെ ഇറങ്ങുന്ന നെതര്‍ലാണ്ട്സ് ലക്ഷ്യം വയ്ക്കുന്നത് സെമി ഫൈനൽ സ്ഥാനം ആണെന്ന് പറഞ്ഞ് ബാസ് ഡി ലീഡ്. ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ മികച്ച രണ്ടാമത്തെ ടീമായ ശേഷം ഒരു അന്താരാഷ്ട്ര മത്സരം പോലും കളിക്കാതെയാണ് നെതര്‍ലാണ്ട്സ് എത്തുന്നത്.

ലോകകപ്പ് സന്നാഹ മത്സരങ്ങള്‍ മഴ കാരണം ഉപേക്ഷിക്കപ്പെട്ടപ്പോള്‍ കര്‍ണ്ണാടക സ്റ്റേറ്റ് ടീമിനോട് കളിച്ച ഏതാനും പരിശീലന മത്സരങ്ങള്‍ മാത്രമാണ് ടീമിന് ലഭിച്ച ഗെയിം ടൈം.

ടീമെന്ന നിലയിൽ നെതര്‍ലാണ്ട്സ് ഒരുമിച്ച് പരിശീലീക്കാറോ കളിക്കാറോ ഇല്ലെന്നും അത് പലരും പലയിടങ്ങളിൽ ജോലി ചെയ്യുന്നതിനാലാണ് എന്നും ബാസ് ഡി ലീഡ് വ്യക്തമാക്കി. കര്‍ണ്ണാടകയ്ക്കെതിരെയുള്ള മത്സരം ടീമെന്ന നിലയിൽ ഒരുമിച്ച് കളിക്കുവാനും ഇന്ത്യന്‍ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുവാനും സഹായകരമായി എന്നും താരം വ്യക്തമാക്കി.

ഡംഫ്രെസിന് ഹാട്രിക്ക് അസിസ്റ്റ്, ഗ്രീസിനെ തോൽപ്പിച്ച് നെതർലന്റ്സ്

യൂറോ കപ് യോഗ്യതാ റൗണ്ടിൽ ഗ്രൂപ്പ് ബിയിൽ നടന്ന പോരാട്ടത്തിൽ നെതർലന്റ്സ് ഗ്രീസിനെ തോൽപ്പിച്ച തോൽപ്പിച്ചു. എതിരില്ലാത്ത മൂന്ന് ഗോഉകൾക്ക് ആയിരുന്നു നെതർലന്റ്സിന്റെ വിജയം. മൂന്നു ഗോളിനും അസിസ് ഒരുക്കി ഇന്റർ മിലാൻ താരം ഡംഫ്രെസ് കളിയിലെ താരമായി. 17ആം മിനുട്ടിൽ ഡി റൂണിലൂടെ ആയിരുന്നു ഡച്ച് പടയുടെ ആദ്യ ഗോൾ. ഡംഫ്രെസിന്റെ ഒരു ഹെഡർ റൂണിനെ കണ്ടെത്തും അദ്ദേഹം പന്ത് വലയിൽ എത്തിക്കുകയും ചെയ്തു.

31-ാം മിനിറ്റിൽ ലിവർപൂൾ ഫോർവേഡ് കോഡി ഗാക്പോയിലൂടെ നെതർലന്റ്സ് ലീഡ് ഇരട്ടിയാക്കി. ഒരു ക്രോസിലൂടെ ഡംഫ്രെസ് ആയിരുന്നു ഗാക്പോയെ കണ്ടെത്തിയത്. ആദ്യ പകുതി പൂർത്തിയാകും മുമ്പ് ഡംഫ്രീസിന്റെ മറ്റൊരു അസിസ്റ്റിൽ വൗട്ട് വെഗോർസ്റ്റ് നെതർലന്റ്സിന്റെ വിജയം പൂർത്തിയാക്കിയ മൂന്നാം ഗോൾ നേടി.

ഗ്രൂപ്പിൽ 6 പോയിന്റുമായി നെതർലന്റ്സ് രണ്ടാം സ്ഥാനത്ത് നിൽക്കുകയാണ് ഫ്രാൻസ് ആണ് ഒന്നാമത് ഉള്ളത്.

ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് നെതർലന്റ്സ് ലോകകപ്പ് ക്വാർട്ടറിൽ

ഫിഫ വനിതാ ലോകകപ്പിൽ ക്വാർട്ടർ ഫൈനൽ ഉറപ്പിച്ച് നെതർലന്റ്സ്. ഇന്ന് ദക്ഷിണാഫ്രിക്കക്ക് എതിരെ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് നെതർലൻഡ്‌സ് വിജയിച്ചത്. ദക്ഷിണാഫ്രിക്ക മികച്ച പ്രകടനം കാഴ്ചവെച്ചു എങ്കിലും ഡാഫ്‌നെ വാൻ ഡോംസെലാറിന്റെ മികച്ച ഗോൾ കീപ്പിംഗ് പ്രകടനം നെതർലന്റ്സിന്റെ വിജയം ഉറപ്പിച്ചു.

മാഞ്ചസ്റ്റർ സിറ്റിയുടെ പുതിയ സൈനിംഗായ ജിൽ റൂഡ് ആണ് ഒമ്പതാം മിനിറ്റിൽ ഡച്ചുകാരെ മുന്നിൽ എത്തിച്ചത്‌. രണ്ടാം പകുതിയിൽ ദക്ഷിണാഫ്രിക്കൻ കീപ്പർ കെയ്‌ലിൻ സ്വാർട്ടിന്റെ പിഴവിൽ നിന്ന് ലിനെത്ത് ബീറൻസ്റ്റൈൻ നെതർലന്റ്സിന്റെ ലീഡ് ഇരട്ടിയാക്കി. ഈ ഗോൾ അവരുടെ വിജയവും ഉറപ്പിച്ചു.

ഇന്ന് മഞ്ഞക്കാർഡ് വാങ്ങിയ മധ്യനിര താരം ഡാനിയേൽ വാൻ ഡി ഡോങ്കിന് ക്വാർട്ടർ ഫൈനൽ നഷ്ടമാകും. ഇനി ക്വാർട്ടർ ഫൈനലിൽ അടുത്ത വെള്ളിയാഴ്ച സ്പെയിനിനെ ആകും നെതർലന്റ്സ് നേരിടുക.

വനിതാ ലോകകപ്പ്; പോർച്ചുഗലിനെ തോല്പ്പിച്ച് നെതർലന്റ്സ് തുടങ്ങി

വനിതാ ഫുട്ബോൾ ലോകകപ്പിൽ നെതർലാന്റ്സിന് വിജയ തുടക്കം. കഴിഞ്ഞ ലോകകപ്പിലെ റണ്ണേഴ്സപ്പായ നെതർലന്റ്സ് ഇന്ന് പോർച്ചുഗലിനെ ആണ് തോൽപ്പിച്ചത്. ഏക ഗോളിനായിരുന്നു വിജയം. ഒരു സെറ്റ് പീസിൽ നിന്നായിരുന്നു നെതർലാന്റ്സിന്റെ വിജയ ഗോൾ വന്നത്. മത്സരത്തിന്റെ 13ആം മിനുട്ടിൽ വാൻ ഡെ ഗാർട് ആണ് ഒരു ഹെഡറിലൂടെ ഗോൾ നേടിയത്.

നെതർലന്റ്സിന് ലീഡ് ഉയർത്താൻ കൂടുതൽ അവസരം ലഭിച്ചു എങ്കിലും പോർച്ചുഗീസ് ഗോൾ കീപ്പറുടെ മികവ് കളി 1-0ൽ നിർത്തി. അടുത്ത മത്സരത്തിൽ അമേരിക്കയെ ആണ് നെതർലാന്റ്സ് നേരിടേണ്ടത്. അമേരിക്കയെ കൂടാതെ വിയറ്റ്നാമും നെതർലന്റ്സിന്റെ ഗ്രൂപ്പിൽ ഉണ്ട്.

ഉപഭൂഖണ്ഡത്തിലെ ടീമുകള്‍ക്ക് ഞങ്ങളെ ക്ഷണിക്കാം, സ്പോൺസര്‍മാര്‍ക്ക് ജഴ്സിയിൽ ഇടം പിടിക്കാം – നെതര്‍ലാണ്ട്സ് കോച്ച്

ലോകകപ്പിന് യോഗ്യത നേടിയ നെതര്‍ലാണ്ട്സിന്റെ കോച്ച് റയാന്‍ കുക്ക് തങ്ങളുമായി കളിക്കുവാന്‍ തയ്യാറായുള്ള ടീമുകളെ ക്ഷണിക്കണമെന്ന ആവശ്യവുമായി മുന്നോട്ട് എത്തിയിരിക്കുന്നു. ഉപഭൂഖണ്ഡത്തിൽ തങ്ങളധികം മത്സരം കളിച്ചിട്ടില്ലെന്നും ഈ ഒരു അവസരത്തിൽ തങ്ങളുമായി കളിക്കുവാന്‍ താല്പര്യമുള്ളവര്‍ക്ക് മുന്നോട്ട് വരാവുന്നതാണെന്നും കുക്ക് വ്യക്തമാക്കി.

ഉപഭൂഖണ്ഡത്തിൽ ഒന്നോ രണ്ടോ ഫിക്സ്ച്ചറുകള്‍ ലോകകപ്പിന് മുമ്പായി ലഭിച്ചാൽ ഗുണം ചെയ്യുമെന്നും അത് പോലെ തന്നെ തങ്ങളുടെ ജഴ്സിയുടെ മുന്നിലോ വശങ്ങളിലോ ഇടം പിടിയ്ക്കുവാന്‍ താല്പര്യമുള്ള സ്പോൺസര്‍മാര്‍ക്കും മുന്നോട്ട് വരാവുന്നതാണെന്ന് നെതര്‍ലാണ്ട്സ് കോച്ച് പറഞ്ഞു.

ഒമാനെതിരെ 74 റൺസ് വിജയം നേടി നെതര്‍ലാണ്ട്സ്

ലോകകപ്പ് യോഗ്യതയിലെ സൂപ്പര്‍ സിക്സ് മത്സരത്തിൽ ഒമാനെതിരെ നെതര്‍ലാണ്ട്സിന് വിജയം. ഇന്ന് ആദ്യം ബാറ്റ് ചെയ്ത നെതര്‍ലാണ്ട്സ് 48 ഓവറിൽ 362/7 എന്ന സ്കോര്‍ നേടിയപ്പോള്‍ മഴ കളി തടസ്സപ്പെടുത്തുകയായിരുന്നു. പിന്നീട് 44 ഓവറിൽ ഒമാന് 321 റൺസ് വിജയ ലക്ഷ്യം പുതുക്കി നിശ്ചയിക്കുകയായിരുന്നു. എന്നാൽ ടീമിന് 6 വിക്കറ്റ് നഷ്ടത്തിൽ 246 റൺസ് മാത്രമേ നേടാനായുള്ളു. 74 റൺസിന്റെ വിജയം ആണ് നെതര്‍ലാണ്ട്സ് നേടിയത്.

വിക്രംജിത്ത് സിംഗ് നേടിയ 110 റൺസും വെസ്ലി ബറേസി നേടിയ 97 റൺസും ആണ് നെതര്‍ലാണ്ട്സിന് മികച്ച സ്കോര്‍ നേടിക്കൊടുത്തത്. മാക്സ് ഒദൗദ്(35), ബാസ് ഡി ലീഡ്(39), സാഖിബ് സുൽഫിക്കര്‍(33) എന്നിവരും ബാറ്റിംഗിൽ മികവ് പുലര്‍ത്തിയാണ് നെതര്‍ലാണ്ട്സിനെ 362 റൺസിലേക്ക് നയിച്ചത്. ഒമാന് വേണ്ടി ബിലാൽ ഖാന്‍ മൂന്നും മൊഹമ്മദ് നദീം 2 വിക്കറ്റും നേടി.

അയാന്‍ ഖാന്‍ 105 റൺസുമായി പുറത്താകാതെ നിന്നുവെങ്കിലും മറ്റു താരങ്ങളിൽ നിന്ന് വലിയ സ്കോര്‍ പിറക്കാതിരുന്നത് ഒമാന് തിരിച്ചടിയായി. 46 റൺസ് നേടിയ ഷൊയ്ബ് ഖാന്‍ ആണ് ടീമിലെ രണ്ടാമത്തെ ടോപ് സ്കോറര്‍. നെതര്‍ലാണ്ട്സിനായി ആര്യന്‍ ദത്ത് 2 വിക്കറ്റ് നേടി.

213 റൺസ് പ്രതിരോധിച്ചു!!! ശ്രീലങ്കയ്ക്ക് 21 റൺസ് വിജയം സമ്മാനിച്ച് സ്പിന്നര്‍മാര്‍

ലോകകപ്പ് യോഗ്യതയിലെ സൂപ്പര്‍ സിക്സ് മത്സരത്തിൽ 21 റൺസിന്റെ വിജയം നേടി ശ്രീലങ്ക. ഇന്ന് ധനന്‍ജയ ഡി സിൽവ 93 റൺസുമായി പൊരുതി നിന്ന് ശ്രീലങ്കയെ 213 റൺസിലേക്ക് എത്തിച്ചപ്പോള്‍‍ 40 ഓവറിൽ നെതര്‍ലാണ്ട്സിനെ 192 റൺസിന് പുറത്താക്കിയാണ് ശ്രീലങ്ക വിജയം കൈക്കലാക്കിയത്.

മഹീഷ് തീക്ഷണ മൂന്നും വനിന്‍ഡു ഹസരംഗ രണ്ടും വിക്കറ്റ് നേടിയാണ് ടീമിന്റെ വിജയം ഒരുക്കിയത്. ഒരു ഘട്ടത്തിൽ 88/2 എന്ന നിലയിലും 127/4 എന്ന നിലയിലും നെതര്‍ലാണ്ട്സ് ബാറ്റ് വീശിയപ്പോള്‍ വിജയത്തിലേക്ക് ടീം നീങ്ങുമെന്നാണ് ഏവരും കരുതിയത്.

ഓപ്പണര്‍മാരെ രണ്ട് പേരെയും പൂജ്യത്തിന് നഷ്ടമായ ശേഷം വെസ്ലി ബാരെസി 52 റൺസും ബാസ് ഡി ലീഡ് 41 റൺസും നേടി നെതര്‍ലാണ്ട്സിനെ മുന്നോട്ട് നയിച്ചു. എന്നാൽ 88/2 എന്ന നിലയിൽ നിന്ന് ടീം 91/4 എന്ന നിലയിലേക്ക് വീണത് ടീമിന് തിരിച്ചടിയായി.

എന്നാലും മികച്ച റൺ റേറ്റിൽ സ്കോറിംഗ് നടത്തിയത് ടീമിന് തുണയാകുമെന്ന് കരുതിയെങ്കിലും 40 ഓവറിൽ ടീം ഓള്‍ഔട്ട് ആയി. ക്യാപ്റ്റന്‍ സ്കോട്ട് എഡ്വേര്‍ഡ്സ് 67 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ മറ്റു താരങ്ങള്‍ക്ക് താരത്തിന് പിന്തുണ നൽകുവാന്‍ സാധിച്ചില്ല.

 

ധനന്‍ജയയുടെ ഒറ്റയാള്‍ പോരാട്ടം!!! വമ്പന്‍ നാണക്കേടിൽ നിന്ന് കരകയറി ശ്രീലങ്ക

നെതര്‍ലാണ്ട്സിനെതിരെ തുടക്കത്തിൽ തകര്‍ന്ന ശ്രീലങ്കയെ വമ്പന്‍ നാണക്കേടിൽ നിന്ന് രക്ഷിച്ച് 213 റൺസിലേക്ക് എത്തിച്ച് ധനന്‍ജയ ഡി സിൽവ. ഒരു ഘട്ടത്തിൽ 67/5 എന്ന നിലയിലേക്ക് തകര്‍ന്ന ശ്രീലങ്കയെ ധനന്‍ജയ ഡി സിൽവ 93 റൺസുമായി പൊരുതി നിന്നാണ് മാന്യമായ സ്കോറിലേക്ക് എത്തിച്ചത്. താരത്തിന് അര്‍ഹമായ ശതകം നഷ്ടമായെങ്കിലും ശ്രീലങ്കയ്ക്ക് പൊരുതാവുന്ന സ്കോര്‍ ഉറപ്പാക്കുവാന്‍ ഡി സിൽവയുടെ ഇന്നിംഗ്സിന് സാധിച്ചു. 47.4 ഓവറിൽ ശ്രീലങ്ക ഓള്‍ഔട്ട് ആകുകയായിരുന്നു.

താരത്തിന് പിന്തുണയായി ദിമുത് കരുണാരത്നേ(33), വനിന്‍ഡു ഹസരംഗ(20) എന്നിവരും തിളങ്ങി. എട്ടാം വിക്കറ്റിൽ ധനന്‍ജയയും മഹീഷ് തീക്ഷണയും ചേര്‍ന്ന് നേടിയ 77 റൺസാണ് ശ്രീലങ്കയുടെ സ്കോര്‍ 200 കടക്കുവാന്‍ സഹായിച്ചത്. എന്നാൽ 28 റൺസ് നേടിയ മഹീഷ് തീക്ഷണയെയും തൊട്ടടുത്ത ഓവറിൽ 93 റൺസ് നേടിയ ധനന്‍ജയ ഡി സിൽവയെയും ശ്രീലങ്കയ്ക്ക് നഷ്ടമായപ്പോള്‍ അവസാന ഓവറുകളിലെ കുതിപ്പ് നടത്തുവാന്‍ ടീമിന് സാധിച്ചില്ല.

നെതര്‍ലാണ്ട്സിന് വേണ്ടി ലോഗന്‍ വാന്‍ ബീക്കും ബാസ് ഡി ലീഡും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ രണ്ട് വിക്കറ്റ് നേട്ടവുമായി സാഖിബ് സുൽഫിക്കറും തിളങ്ങി.

കാര്യങ്ങള്‍ ഒറ്റ ദിവസം കൊണ്ട് മാറി മറിയില്ല, വെസ്റ്റിന്‍ഡീസ് ക്രിക്കറ്റിലെ യാഥാര്‍ത്ഥ്യത്തിന്റെ പ്രതിബിംബമാണ് ഇത് – ഡാരന്‍ സാമി

നെതര്‍ലാണ്ട്സിനെതിരെയുള്ള ത്രില്ലര്‍ മത്സരത്തിൽ തോൽവിയുടെ പക്ഷത്തായതോടെ ലോകകപ്പ് യോഗ്യതയിൽ വെസ്റ്റിന്‍ഡീസിന് കാര്യങ്ങള്‍ പ്രയാസകരമാണ്. ടീം സൂപ്പര്‍ സിക്സിലേക്ക് യോഗ്യത നേടിയെങ്കിലും നെതര്‍ലാണ്ട്സിനോടുള്ള തോൽവി ടീമിന്റെ സാധ്യതകളെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.

രണ്ട് ടീമുകള്‍ മാത്രം ലോകകപ്പിന് യോഗ്യത നേടുമ്പോള്‍ വെസ്റ്റിന്‍ഡീസിനെക്കാള്‍ പോയിന്റുമായി സിംബാബ്‍വേ(8 പോയിന്റ്), ശ്രീലങ്ക, സ്കോട്ലാന്‍ഡ്, നെതര്‍ലാണ്ട്സ് എന്നിവര്‍ ആറ് പോയിന്റുമായാണ് സൂപ്പര്‍ സിക്സിലേക്ക് യോഗ്യത നേടിയിട്ടുള്ളത്. ഒമാനും വെസ്റ്റിന്‍ഡീസും 4 പോയിന്റ് നേടിയിട്ടുണ്ട്.

ചിലപ്പോള്‍ ടീം അടിത്തട്ടിലെത്തി നിൽക്കുമ്പോള്‍ മാത്രമാകും തിരിച്ചുവരവിന് പ്രചോദനം ഉണ്ടാകുകയെന്നും ശ്രമകരമായ ദൗത്യമാണ് മുന്നിലുള്ളതെന്ന് അറിയാമെന്നുമാണ് വിന്‍ഡീസ് മുഖ്യ കോച്ച് ഡാരന്‍ സാമി പറയുന്നത്. ഈ മാറ്റങ്ങള്‍ രാത്രി ഇരുട്ടി വെളുക്കുമ്പോള്‍ സംഭവിക്കില്ലെന്നും തനിക്കറിയാമെന്നും എന്നാൽ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റിന്റെ യഥാര്‍ത്ഥ അവസ്ഥയുടെ പ്രതിബിംബം ആണ് ഇതെന്നും സാമി കൂട്ടിചേര്‍ത്തു.

Exit mobile version