മൂന്നാം ടി20യും സ്വന്തമാക്കി ഇംഗ്ലണ്ടിന് പരമ്പര

വിന്‍ഡീസ് വനിതകള്‍ക്കെതിരെ 20 റണ്‍സിന്റെ വിജയം നേടി ഇംഗ്ലണ്ട്. നത്താലി സ്കിവര്‍ കളിയിലെ താരം ആയപ്പോള്‍ പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിലും വിജയം കുറിച്ച ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കി. 20 ഓവറില്‍ നിന്ന് ഇംഗ്ലണ്ട് 154 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസിന് 134 റണ്‍സേ 5 വിക്കറ്റ് നഷ്ടത്തില്‍ നേടാനായുള്ളു.

61 പന്തില്‍ നിന്ന് 82 റണ്‍സ് നേടിയ നത്താലി സ്കിവര്‍, ഹീത്തര്‍ നൈറ്റ്(29) എന്നിവരുടെ മികവിലാണ് ആറ് വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് 154 റണ്‍സ് നേടിയത്. വിന്‍ഡീസിനായി ഷമിലിയ കോണ്ണെല്‍, ഡിയാന്‍ഡ്ര ഡോട്ടിന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസിനായി ഡിയാന്‍ഡ്ര ഡോട്ടിന്‍ ഈ പരമ്പരയില്‍ കാണിച്ച മികവ് ഇന്നും ആവര്‍ത്തിച്ചു. മറ്റു താരങ്ങളില്‍ ഹെയ്‍ലി മാത്യൂസ് മാത്രമാണ് 21 റണ്‍സുമായി പൊരുതി നോക്കിയത്. ഇംഗ്ലണ്ടിനായി കാത്തറിന്‍ ബ്രണ്ടും സാറ ഗ്ലെന്നും രണ്ട് വീതം വിക്കറ്റ് നേടിയപ്പോള്‍ നത്താലി സ്കിവറിന് ഒരു വിക്കറ്റ് ലഭിച്ചു.

മെല്‍ബേണ്‍ സ്റ്റാര്‍സുമായി കരാറിലെത്തി ഇംഗ്ലണ്ട് വനിത താരങ്ങള്‍

വനിത ബിഗ് ബാഷില്‍ ഇംഗ്ലണ്ടിന്റെ രണ്ട് താരങ്ങളെ സ്വന്തമാക്കി മെല്‍ബേണ്‍ ഫ്രാഞ്ചൈസിയായ സ്റ്റാര്‍സ്. ഇംഗ്ലണ്ടിന്റെ നത്താലി സ്കിവറിനെയും കാത്തറിന്‍ ബ്രണ്ടിനെയുമാണ് ടീം കരാറിലെത്തിച്ചിരിക്കുന്നത്. ഇതില്‍ സ്കിവര്‍ സ്റ്റാര്‍സിന് വേണ്ടി മുമ്പ് രണ്ട് വര്‍ഷം കളിച്ചിട്ടുണ്ട്. പിന്നീട് പെര്‍ത്ത് സ്കോര്‍ച്ചേഴ്സിലേക്ക് താരം ചേക്കേറുകയായിരുന്നു. അതേ സമയം കാത്തറിന്‍ ബ്രണ്ട് സ്കോര്‍ച്ചേഴ്സിന് വേണ്ടിയാണ് കളിച്ചിരുന്നത്.

സ്കിവര്‍ 52 വനിത ബിഗ് ബാഷ് മത്സരത്തില്‍ നിന്ന് 952 റണ്‍സ് നേടിയപ്പോള്‍ ബ്രണ്ട് 49 വിക്കറ്റ് നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ ബ്രണ്ട് ടൂര്‍ണ്ണമെന്റ് കളിച്ചിരുന്നില്ല.

സ്കിവറിന് അര്‍ദ്ധ ശതകം, ഇംഗ്ലണ്ടിന് 143 റണ്‍സ്

വനിത ലോക ടി20യില്‍ ഇംഗ്ലണ്ടിന് 143 റണ്‍സ്. വിന്‍ഡീസിനെതിരെ ആദ്യം ബാറ്റ് ചെയ്ത ടീം അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ നേടിയത്. നത്താലി സ്കിവറുടെ അര്‍ദ്ധ ശതകമാണ് ഇംഗ്ലണ്ടിനെ പൊരുതാവുന്ന സ്കോറിലേക്ക് നയിച്ചത്. അവസാന മൂന്നോവറില്‍ നേടിയ 36 റണ്‍സാണ് ടീമിനെ തുണച്ചത്. ആദ്യ ഓവറില്‍ തന്നെ താമി ബ്യൂമോണ്ടിനെ നഷ്ടമായ ശേഷം ഇംഗ്ലണ്ടിനെ നത്താലി സ്കിവറും ഡാനിയേല്‍ വയട്ടും ചേര്‍ന്നാണ് മുന്നോട്ട് നയിച്ചത്.

50 റണ്‍സ് കൂട്ടുകെട്ട് രണ്ടാം വിക്കറ്റില്‍ നേടിയ ശേഷം വയട്ട് 29 റണ്‍സ് നേടി പുറത്താകുകയായിരുന്നു. സ്കിവര്‍ 57 റണ്‍സ് നേടിയപ്പോള്‍ ക്യാപ്റ്റന്‍ ഹീത്തര്‍ നൈറ്റ് റണ്ണൗട്ട് രൂപത്തില്‍ പുറത്തായി. 13 പന്തില്‍ 23 റണ്‍സ് നേടി ആമി എല്ലെന്‍ ജോണ്‍സും 4 പന്തില്‍ 10 റണ്‍സ് നേടി കാത്തറിന്‍ ബ്രണ്ടുമാണ് 143 എന്ന ഭേദപ്പെട്ട സ്കോറിലേക്ക് ഇംഗ്ലണ്ടിനെ നയിച്ചത്.

ഹീത്തര്‍ നൈറ്റിന് ശതകം, തായ്‍ലാന്‍ഡിനെതിരെ 98 റണ്‍സ് വിജയവുമായി ഇംഗ്ലണ്ട്

ഹീത്തര്‍ നൈറ്റ് നേടിയ ശതകത്തിന്റെ ബലത്തില്‍ തായ്‍ലാന്‍ഡിനെതിരെ വനിത ടി20 ലോകകപ്പില്‍ വിജയം കരസ്ഥമാക്കി ഇംഗ്ലണ്ട്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറില്‍ 176 റണ്‍സാണ് നേടിയത്. റണ്ണെടുക്കാതെ ഓപ്പണര്‍മാരെ നഷ്ടമായ ഇംഗ്ലണ്ട് 7/2 എന്ന നിലയില്‍ നിന്നാണ് 169 റണ്‍സ് മൂന്നാം വിക്കറ്റില്‍ നേടിയ ഹീത്തര്‍ നൈറ്റ്-നതാലി സ്കിവര്‍ കൂട്ടുകെട്ടിന്റെ ബലത്തില്‍ മികച്ച സ്കോര്‍ നേടിയത്.

ഹീത്തര്‍നൈറ്റ് 66 പന്തില്‍ 108 റണ്‍സും നതാലി 59 റണ്‍സും നേടിയാണ് ടീമിനെ മികച്ച സ്കോറിലേക്ക് നയിച്ചത് 13 ഫോറും 4 സിക്സുമാണ് നൈറ്റ് തന്റെ ഇന്നിംഗ്സില്‍ നേടിയത്.

മറുപടി ബാറ്റിംഗിനെത്തിയ തായ്‍ലാന്‍ഡ് 7 വിക്കറ്റ് നഷ്ടത്തില്‍ 20 ഓവറില്‍ നിന്ന് 78 റണ്‍സാണ് നേടിയത്. 32 റണ്‍സ് നേടിയ ഓപ്പണിംഗ് താരം നട്ടാകന്‍ ചാന്റം ആണ് ടീമിന്റെ ടോപ് സ്കോറര്‍. ഇംഗ്ലണ്ടിനായി അന്യ ശ്രുബ്സോള്‍ മൂന്നും നതാലി സ്കിവര്‍ രണ്ടും വിക്കറ്റ് നേടി.

വനിത ആഷസിലെ ഏക ടെസ്റ്റിന് നിരാശാജനകമായ സമനില

വനിത ആഷസിന്റെ ഏക ടെസ്റ്റിന് നിരാശാജനകമായ സമനില ഫലം. ആദ്യ ഇന്നിംഗ്സില്‍ 420/8 റണ്‍സ് നേടിയ ഓസ്ട്രേലിയ ഇംഗ്ലണ്ടിനെ 132/5 എന്ന സ്കോറിലേക്ക് എറിഞ്ഞിട്ടുവെങ്കിലും അവിടെ നിന്ന് പൊരുതി 275 റണ്‍സ് 9 വിക്കറ്റ് നഷ്ടത്തില്‍ നേടിയ ശേഷം ഇംഗ്ലണ്ട് ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുമ്പോളേക്കും മത്സരം തോല്‍ക്കില്ലെന്ന് ഉറപ്പാക്കുവാന്‍ ഇംഗ്ലണ്ടിന് സാധിച്ചുവെങ്കിലും ഇതോടെ ആഷസ് പരമ്പര ഓസ്ട്രേലിയ സ്വന്തമാക്കുകയായിരുന്നു.

ഇംഗ്ലണ്ടിന് വേണ്ടി ആമി എല്ലെന്‍ ജോണ്‍സ് 64 റണ്‍സ് നേടിയപ്പോള്‍ നത്താലി സ്കിവര്‍ 88 റണ്‍സ് നേടി. ഓസ്ട്രേലിയയ്ക്കായി സോഫീ മോളിനെക്സ് നാല് വിക്കറ്റ് നേടി തിളങ്ങി. രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ തങ്ങളുടെ ബാറ്റിംഗ് തുടര്‍ന്ന് കൊണ്ടേയിരുന്നപ്പോള്‍ 230/7 എന്ന സ്കോര്‍ ടീം നേടിയെങ്കിലും മത്സരം സമനിലയില്‍ അവസാനിച്ചു. രണ്ടാം ഇന്നിംഗ്സിലും ശതകം നേടുവാനുള്ള അവസരം എല്‍സെ പെറിയ്ക്കുണ്ടായിരുന്നുവെങ്കിലും താരം 76 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയായിരുന്നു. ജെസ്സ് ജോന്നാസ്സെന്‍ 37 റണ്‍സും സോഫി മോളിനെക്സ് 41 റണ്‍സും നേടി ഓസ്ട്രേലിയയ്ക്കായി രണ്ടാം ഇന്നിംഗ്സില്‍ തിളങ്ങി.

ഇംഗ്ലണ്ടിന് വേണ്ടി ലോറ മാര്‍ഷ്, ക്രിസ്റ്റീ ഗോര്‍ഡണ്‍, ഹീത്തര്‍ നൈറ്റ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

അനായാസ ജയം നേടി ഇന്ത്യ, നാല് വീതം വിക്കറ്റുമായി ജൂലന്‍ ഗോസ്വാമിയും ശിഖ പാണ്ടേയും ബാറ്റിംഗില്‍ തിളങ്ങി സ്മൃതി

ഐസിസി ചാമ്പ്യന്‍ഷിപ്പ് മാച്ച് കൂടിയായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇന്ത്യയ്ക്ക് ജയം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ 43.3 ഓവറില്‍ 161 റണ്‍സിനു പുറത്താക്കിയ ഇന്ത്യ ലക്ഷ്യം 41.1 ഓവറില്‍ നിന്ന് 3 വിക്കറ്റ് നഷ്ടത്തിലാണ് മറികടന്നത്. നത്താലി സ്കിവര്‍ 85 റണ്‍സുമായി തിളങ്ങിയെങ്കിലും മറ്റു താരങ്ങളില്‍ നിന്ന് വേണ്ടത്ര മികവ് പുറത്ത് വരാത്തതാണ് ടീമിനു തിരിച്ചടിയായത്. ഇന്ത്യയ്ക്കായി ജൂലന്‍ ഗോസ്വാമിയും ശിഖ പാണ്ടേയും 4 വീതം വിക്കറ്റ് നേടിയപ്പോള്‍ പൂനം യാദവിനു രണ്ട് വിക്കറ്റ് ലഭിച്ചു. 28 റണ്‍സ് നേടിയ ലൗറന്‍ വിന്‍ഫീല്‍ഡും 20 റണ്‍സ് നേടിയ താമി ബ്യൂമോണ്ടുമാണ് ഇംഗ്ലണ്ട് നിരയില്‍ രണ്ടക്കം കടന്നത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് ജെമീമ റോഡ്രിഗസിനെ വേഗത്തില്‍ നഷ്ടമായെങ്കിലും സ്മൃതി മന്ഥാനയുടെയും പൂനം റൗത്ത്, മിത്താലി രാജ് എന്നിവരുടെയും മികവില്‍ ഇന്ത്യ വിജയം കുറിയ്ക്കുകയായിരുന്നു. സ്മൃതി 63 റണ്‍സും പൂനം 32 റണ്‍സും നേടി പുറത്തായപ്പോള്‍ മിത്താലി 47 റണ്‍സുമായി വിജയ സമയത്ത് ക്രീസിലുണ്ടായിരുന്നു.

ഇന്ത്യയ്ക്ക് വിജയമൊരുക്കി ഏകത ബിഷ്ട്

ഇംഗ്ലണ്ടിനെതിരെ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 66 റണ്‍സ് വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് 202 റണ്‍സ് മാത്രമേ നേടാനായുള്ളുവെങ്കിലും എതിരാളികളെ 136 റണ്‍സിനു പുറത്താക്കി ഇന്ത്യ പരമ്പരയില്‍ മുന്നിലെത്തുകയായിരുന്നു. ഏക്ത ബിഷ്ട് നാല് വിക്കറ്റുമായി ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കിയപ്പോള്‍ ശിഖ പാണ്ടേയും ദീപ്തി ശര്‍മ്മയും രണ്ട് വീതം വിക്കറ്റ് നേടി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് വേണ്ടി ജെമീമ റോഡ്രിഗസ്(48), മിത്താലി രാജ്(44) എന്നിവര്‍ മികവ് പുലര്‍ത്തിയപ്പോള്‍ ജൂലന്‍ ഗോസ്വാമി നിര്‍ണ്ണായകമായ 30 റണ്‍സ് നേടി. സ്മൃതി മന്ഥാന(24), താനിയ ഭട്ട് എന്നിവര്‍(25) ടീമിനു വേണ്ടി നിര്‍ണ്ണായക പ്രകടനം നടത്തി. ഇംഗ്ലണ്ടിനു വേണ്ടി ജോര്‍ജ്ജിയ എല്‍വിസ്, നത്താലി സ്കിവര്‍, സോഫി എക്സല്‍സ്റ്റോണ്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

ഇംഗ്ലണ്ടിനു വേണ്ടി നത്താലി സ്കിവര്‍ 44 റണ്‍സ് നേടിയെങ്കിലും താരം റണ്ണൗട്ട് രൂപത്തില്‍ പുറത്താകുകയായിരുന്നു. ക്യാപ്റ്റന്‍ ഹീത്തര്‍ നൈറ്റ് പുറത്താകാതെ 39 റണ്‍സ് നേടി നിന്നുവെങ്കിലും മറുവശത്ത് വിക്കറ്റുകളുമായി ഏക്ത ബിഷ്ട് ഇംഗ്ലണ്ടിനെ തകര്‍ത്തെറിഞ്ഞു. 38/3 എന്ന നിലയിലേക്ക് വീണ ഇംഗ്ലണ്ടിനെ സ്കിവര്‍-ഹീത്തര്‍ കൂട്ടുകെട്ട് 73 റണ്‍സുമായി കരകയറ്റുമെന്ന് തോന്നിപ്പിച്ചപ്പോളാണ് ഏക്ത ബിഷ്ട് സ്കിവറിനെ റണ്ണൗട്ടാക്കിയത്.

തുടര്‍ന്ന് വിക്കറ്റുകള്‍ വേഗത്തില്‍ വീണപ്പോള്‍ ഇംഗ്ലണ്ടിന്റെ ഇന്നിംഗ്സ് 41 ഓവറില്‍ അവസാനിച്ചു. ടീമിന്റെ അവസാന ഏഴ് വിക്കറ്റ് 25 റണ്‍സ് നേടുന്നതിനിടെയാണ് വീണത്. 111/3 എന്ന നിലയില്‍ നിന്ന് 136 റണ്‍സിനു ഓള്‍ഔട്ട് ആയ ടീമിന്റെ പതനം പൊടുന്നനെയായിരുന്നു.

പൊരുതാതെ കീഴടങ്ങി ഇന്ത്യ, വനിത ലോക ടി20യില്‍ ഇംഗ്ലണ്ട് ഓസ്ട്രേലിയ ഫൈനല്‍

89/2 എന്ന നിലയില്‍ നിന്ന് 112 റണ്‍സിനു പുറത്താകുന്ന ടീമില്‍ നിന്ന് പ്രതീക്ഷിക്കേണ്ടത് വിജയമല്ലെന്നിരിക്കെ ആരാധകരുടെ അവസാന പ്രതീക്ഷയായി ബൗളിംഗില്‍ ഇന്ത്യ തിരിച്ചുവരുമെന്ന പ്രത്യാശയും ഫലം കാണാതെ പോയപ്പോള്‍ ഇന്ത്യയെ 8 വിക്കറ്റിനു പരാജയപ്പെടുത്തി ഇംഗ്ലണ്ട് ലോക ടി20 ഫൈനലിലേക്ക്. നേടേണ്ടത് ചെറിയ ലക്ഷ്യമാണെങ്കിലും തുടക്കം പിഴച്ചുവെങ്കിലും പതറാതെ ടീമിനെ മുന്നോട്ട് നയിച്ച് ആമി എല്ലെന്‍ ജോണ്‍സും നത്താലി സ്കിവറും ടീമിനു മികച്ച അടിത്തറയാണ് നല്‍കിയത്.

10 ഓവറില്‍ 60/2 എന്ന നിലയിലേക്ക് ടീമിനെ എത്തിച്ച ഇരുവരും മൂന്നാം വിക്കറ്റില്‍ അപരാജിതമായി നിന്ന് 92 റണ്‍സാണ് നേടിയത്. 74 പന്തില്‍ നിന്നാണ് ഇവരുടെ ഈ കൂട്ടുകെട്ട്. ഇരു താരങ്ങളും അര്‍ദ്ധ ശതകങ്ങള്‍ തികച്ചാണ് ഇംഗ്ലണ്ടിനെ ഫൈനലിലേക്ക് നയിച്ചത്. 17 പന്തുകള്‍ ബാക്കി നില്‍ക്കെയാണ് ഇംഗ്ലണ്ടിന്റെ ഈ മികച്ച വിജയം.

അഞ്ചോവറിനുള്ളില്‍ 24 റണ്‍സിനു രണ്ട് വിക്കറ്റുകള്‍ ഇംഗ്ലണ്ടിനു നഷ്ടമായെങ്കിലും പിന്നീട് മത്സരത്തില്‍ ഇംഗ്ലണ്ട് തന്നെ മികവ് പുലര്‍ത്തുകയായിരുന്നു. ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് യാതൊരുവിധ സമ്മര്‍ദ്ദവും സൃഷ്ടിക്കാനാകാതെ പോയപ്പോള്‍ ഇംഗ്ലണ്ട് ബാറ്റിംഗ് ടീമിനെ ഫൈനലിലേക്ക് എത്തിച്ചു.

നത്താലി സ്കിവര്‍ 54 റണ്‍സ് നേടി ടീമിനെ വിജയത്തിലേക്ക് ബൗണ്ടറി നേടിയാണ് നയിച്ചത്. ആമി എല്ലെന്‍ ജോണ്‍സ് ഏറെ നിര്‍ണ്ണായകമായ 51 റണ്‍സ് നേടി പുറത്താകാതെ നത്താലിയ്ക്ക് കൂട്ടായി നിന്നു. ഇന്ത്യയ്ക്കായി രാധ യാദവും ദീപ്തി ശര്‍മ്മയും ഓരോ വിക്കറ്റ് നേടി.

Exit mobile version