ജോഫ്ര സ്പെഷ്യല്‍, ഇംഗ്ലണ്ടിന്റെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തണം

വരുന്ന ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ട് ജോഫ്ര ആര്‍ച്ചറെ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് പറഞ്ഞ് മുന്‍ ഇംഗ്ലണ്ട് നായകന്‍ നാസ്സര്‍ ഹുസൈന്‍. താരം “സ്പെഷ്യല്‍” ആണെന്ന് പറഞ്ഞ മുന്‍ ഇംഗ്ലണ്ട് താരം സെലക്ടര്‍മാരോട് ഈ ആവശ്യം പരിഗണിക്കണമെന്ന് പറയുകയായിരുന്നു. ബാര്‍ബഡോസില്‍ ജനിച്ച ബ്രിട്ടീഷ് പാസ്പോര്‍ട്ടുള്ള താരമാണ് ജോഫ്ര ആര്‍ച്ചര്‍. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് അടുത്തിടെ നിയമത്തില്‍ ഇളവ് പ്രഖ്യാപിച്ചതോടെ താരത്തിനു ഇംഗ്ലണ്ടിനു കളിക്കുവാനായി വരുന്ന മാസങ്ങളില്‍ യോഗ്യതയാവും. നേരത്തെ ഏഴ് വര്‍ഷമായിരുന്നു റെസിഡന്‍സി കാലാവധി മൂന്ന് വര്‍ഷമായി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് കുറയ്ക്കുകയായിരുന്നു.

ലോകത്തിലെ വിവിധ ഫ്രാഞ്ചൈസി ലീഗുകളില്‍ തന്റെ ഓള്‍റൗണ്ട് പ്രകടനത്തിലൂടെ വിസ്മയ തീര്‍ത്ത താരം സസ്സക്സിനായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റും കളിക്കുന്നുണ്ട്. പേസില്‍ പന്തെറിയാനും അവസാന ഓവറുകളിലെ കൈയ്യടക്കവുമാണ് 23 വയസ്സുകാരന്‍ താരത്തെ വ്യത്യസ്തനാക്കുന്നത്. ഇംഗ്ലണ്ട് ടീം ഏറെക്കുറെ സന്തുലിതമാണ്, തനിക്ക് അവസാന നിമിഷ മാറ്റങ്ങളിലും താല്പര്യമില്ല, എന്നാല്‍ ജോഫ്ര പ്രത്യേകത നിറഞ്ഞ താരമാണെന്നാണ് നാസ്സര്‍ പറഞ്ഞത്.

ലോകകപ്പ് സ്ക്വാഡിനെ മെച്ചപ്പെടുത്തുകയാണ് സെലക്ടര്‍മാരുടെ ലക്ഷ്യമെങ്കില്‍ തീര്‍ച്ചയായും പരിഗണിക്കേണ്ട താരമാണ് ജോഫ്രയെന്നും നാസ്സര്‍ ഹുസൈന്‍ കൂട്ടിചേര്‍ത്തു. നേരത്തെ ഓയിന്‍ മോര്‍ഗനും ജോഫ്രയ്ക്ക് യോഗ്യത കൈവരിക്കുന്ന സമയത്ത് താരത്തെ പരിഗണിക്കുന്ന കാര്യം വ്യക്തമാക്കാമെന്ന് പറഞ്ഞിരുന്നു.ലിയാം പ്ലങ്കറ്റും മാര്‍ക്ക് വുഡും ടീമിലുള്ളതിനാല്‍ ജോഫ്രയെ എടുക്കുക പ്രയാസകരമാണെന്ന സൂചനയും മോര്‍ഗന്‍ നല്‍കിയിരുന്നു.

ഇന്ത്യയുടെ തോല്‍വിയ്ക്ക് കോഹ്‍ലിയ്ക്കും പങ്ക്: നാസര്‍ ഹുസൈന്‍

ഇന്ത്യയുടെ എഡ്ജ്ബാസ്റ്റണ്‍ തോല്‍വിയ്ക്ക് ഉത്തരവാദിത്ത്വം വിരാട് കോഹ്‍ലിയ്ക്കുമുണ്ടെന്ന് അഭിപ്രായപ്പെട്ട് മുന്‍ ഇംഗ്ലണ്ട് നായകന്‍ നാസര്‍ ഹുസൈന്‍. ഇരു ഇന്നിംഗ്സുകളിലുമായി 149, 51 എന്നീ സ്കോറുകള്‍ വിരാട് കോഹ്‍ലി നേടി ഇന്ത്യന്‍ ബാറ്റിംഗിന്റെ ഏക പ്രതീക്ഷയായി മാറിയത് വിരാട് കോഹ്‍ലിയാണെങ്കിലും താരത്തിന്റെ ചില ക്യാപ്റ്റന്‍സി തീരുമാനങ്ങളെയാണ് ഹുസൈന്‍ ചോദ്യം ചെയ്തത്.

ബാറ്റിംഗില്‍ കോഹ്‍ലിയെ പ്രകീര്‍ത്തിച്ചുവെങ്കിലും തോല്‍വിയില്‍ ചെറിയ പങ്ക് കോഹ്‍ലിയ്ക്കുമുണ്ടെന്നാണ് നാസര്‍ ഹുസൈന്‍ പറഞ്ഞത്. ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സില്‍ 87/7 എന്ന നിലയില്‍ നില്‍ക്കെ അശ്വിനെ ഒരു മണിക്കൂറോളം പുറത്ത് പോയ നീക്കത്തിനെയാണ് കോഹ്‍ലിയുടെ ഇടപെടലില്ലാത്തിനാല്‍ മത്സരം ഇന്ത്യ കൈവിടുവാന്‍ കാരണമെന്ന് ഹുസൈന്‍ പറയുന്നത്.

ഇടം കൈയ്യന്മാര്‍ക്കെതിരെ മികച്ച ആവറേജുള്ള അശ്വിനെ പുറത്ത് പോകുവാന്‍ അനുവദിച്ചതിനു ശേഷമാണ് സാം കറനും ആദില്‍ റഷീദും വീണ്ടും മത്സരത്തിലേക്ക് ഇംഗ്ലണ്ടിനെ കൊണ്ടുവരുന്നത്. ഇടം കൈയ്യന്‍ സാം കറന്‍ സ്ട്രൈക്കില്‍ നില്‍ക്കുമ്പോളാണ് ഈ പാളിച്ചയെന്നും വിരാട് കോഹ്‍ലിയുടെ തീരുമാനത്തെ വിമര്‍ശിച്ച് ഹുസൈന്‍ പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version