വീണ്ടും തിളങ്ങി ഓജ, ശതകം!!! ഇന്ത്യ ലെജന്‍ഡ്സിന് ഫൈനലില്‍ 195 റൺസ്

റോഡ് സേഫ്റ്റി വേള്‍ഡ് സീരീസിൽ മികച്ച സ്കോര്‍ നേടി ഇന്ത്യ ലെജന്‍ഡ്. നമന്‍ ഓജയുടെ തകര്‍പ്പന്‍ ശതകത്തിന്റെ ബലത്തിൽ 195 റൺസാണ് ഇന്ത്യ ലെജന്‍ഡ്സ് 6 വിക്കറ്റ് നഷ്ടത്തിൽ നേടിയത്. ഓജ 71 പന്തിൽ 108 റൺസാണ് നേടിയത്. 15 ഫോറും 2 സിക്സും അടക്കമായിരുന്നു താരത്തിന്റെ പ്രകടനം.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ലെജന്‍ഡ്സിന് ആദ്യ ഓവറിൽ തന്നെ സച്ചിന്റെ വിക്കറ്റ് നഷ്ടമായപ്പോള്‍ താരം ഗോള്‍ഡന്‍ ഡക്കായാണ് പുറത്തായത്. മൂന്നാം ഓവറിൽ സുരേഷ് റെയ്‍നയെയും നുവാന്‍ കുലശേഖര പുറത്താക്കിയപ്പോള്‍ ഇന്ത്യയുടെ നില പരുങ്ങലിലായി. അവിടെ നിന്ന് 90 റൺസ് കൂട്ടുകെട്ടുമായി നമന്‍ ഓജ – വിനയ് കുമാര്‍ കൂട്ടുകെട്ട് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു.

36 റൺസ് നേടിയ വിനയ് കുമാറിനെ ഇഷാന്‍ ജയരത്നേ പുറത്താക്കിയപ്പോള്‍ യുവരാജ് സിംഗ് 13 പന്തിൽ 19 റൺസ് നേടി പുറത്തായി. 11 റൺസ് നേടിയ ഇര്‍ഫാന്‍ പത്താനുമായി 34 റൺസ് അഞ്ചാം വിക്കറ്റിൽ നേടി അവസാന ഓവറുകളിലും ഓജ ഇന്ത്യയെ മികച്ച രീതിയിൽ മുന്നോട്ട് നയിച്ചു. അതേ ഓവറിൽ യൂസഫ് പത്താനെയും വീഴ്ത്തി ഇരു പത്താന്‍ സഹോദരന്മാരുടെയും വിക്കറ്റ് ഇസ്രു ഉഡാന കരസ്ഥമാക്കി.

അവസാന രണ്ട് പന്തിൽ രണ്ട് ബൗണ്ടറി നേടി സ്റ്റുവര്‍ട് ബിന്നി ഇന്ത്യയെ 195 റൺസിലേക്ക് എത്തിച്ചപ്പോള്‍ 108 റൺസുമായി നമന്‍ ഓജ പുറത്താകാതെ നിന്നു.

ഇന്ത്യന്‍ ഇതിഹാസങ്ങള്‍ ഫൈനലില്‍!!! മിന്നും ബാറ്റിംഗുമായി നമന്‍ ഓജ, അവസാന ഓവറുകളിൽ ഇന്ത്യന്‍ വിജയം ഉറപ്പാക്കി ഇര്‍ഫാന്‍ പത്താന്‍

റോഡ് സേഫ്ടി വേള്‍ഡ് സീരീസിന്റെ ഫൈനലില്‍ കടന്ന് ഇന്ത്യ. ഇന്ന് ഓസ്ട്രേലിയ ലെജന്‍ഡ്സിനെതിരെ 5 വിക്കറ്റ് വിജയം നേടിയാണ് ഇന്ത്യന്‍ ലെജന്‍ഡ്സ് ഫൈനലില്‍ പ്രവേശിച്ചത്. ഓസ്ട്രേലിയ 171/5 എന്ന സ്കോര്‍ നേടിയപ്പോള്‍ ഇന്ത്യ 19.2 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.

ഇന്ത്യയ്ക്കായി നമന്‍ ഓജ 62 പന്തിൽ 90 റൺസ് നേടിയപ്പോള്‍ 12 പന്തിൽ 37 റൺസ് നേടി ഇര്‍ഫാന്‍ പത്താന്‍ താരത്തിന് മികച്ച പിന്തുണ നൽകി ഇന്ത്യന്‍ വിജയം ഉറപ്പാക്കി. ഒരു ഘട്ടത്തിൽ ഇന്ത്യ തോൽവിയിലേക്ക് വീഴുമെന്ന സ്ഥിതിയിൽ നിന്ന് 22 പന്തിൽ 50 റൺസ് കൂട്ടുകെട്ടുമായി ഇര്‍ഫാനും ഓജയും വിജയം ഉറപ്പാക്കി. ഈ കൂട്ടുകെട്ടിൽ 37 റൺസും ഇര്‍ഫാന്റെ സംഭാവന ആയിരുന്നു.

172 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യയ്ക്ക് സച്ചിനെയും റെയ്നയെയും വേഗത്തിൽ നഷ്ടമായപ്പോള്‍ ഒരു വശത്ത് നമന്‍ ഓജ തകര്‍പ്പന്‍ ബാറ്റിംഗ് പുറത്തെടുക്കുകയായിരുന്നു. മൂന്നാം വിക്കറ്റായി യുവരാജിനെ നഷ്ടമാകുമ്പോള്‍ ഇന്ത്യയുടെ സ്കോര്‍ 115/3 എന്നായിരുന്നു.

മത്സരം അവസാന ഓവറുകളിലേക്ക് കടന്നപ്പോള്‍ 36 പന്തിൽ 55 റൺസായിരുന്നു ഇന്ത്യ വിജയത്തിനായി നേടേണ്ടിയിരുന്നത്. എന്നാൽ അവിടെ നിന്ന് സ്റ്റുവര്‍ട് ബിന്നിയെയും യൂസഫ് പത്താനെയും വേഗത്തിൽ ഇന്ത്യയ്ക്ക് നഷ്ടമായത് ഇന്ത്യന്‍ മോഹങ്ങള്‍ക്ക് തിരിച്ചടിയായി. മത്സരം അവസാന 18 പന്തിലേക്ക് കടന്നപ്പോള്‍ 36 റൺസായിരുന്നു ഇന്ത്യ നേടേണ്ടിയിരുന്നത്.

18ാം ഓവറിൽ ഇര്‍ഫാനും നമന്‍ ഓജയും ഒരോ ബൗണ്ടറി നേടിയപ്പോള്‍ 12 റൺസ് വരികയും ലക്ഷ്യം 2 ഓവറിൽ 24 റൺസായി മാറി. ഡിര്‍ക്ക് നാന്‍സ് എറിഞ്ഞ 19ാം ഓവറിൽ ഇര്‍ഫാന്‍ പത്താന്‍ മൂന്ന് സിക്സുകള്‍ പായിച്ചപ്പോള്‍ ഓവറിൽ നിന്ന് 21 റൺസ് വന്നു. ഇതോടെ ഇന്ത്യയ്ക്ക് ജയിക്കുവാന്‍ വേണ്ടത് മൂന്ന് റൺസായി മാറി. ഓവറിലെ ആദ്യ പന്തിൽ ഓജ സിംഗിള്‍ നേടിയപ്പോള്‍ രണ്ടാം പന്തിൽ വൈഡ് എറിഞ്ഞ ബ്രെറ്റ് ലീ ഇന്ത്യയ്ക്ക് സ്കോര്‍ ഒപ്പമെത്തിക്കുവാന്‍ അവസരം നൽകി. ബൗണ്ടറി പായിച്ചാണ് ഇര്‍ഫാന്‍ ഇന്ത്യന്‍ വിജയം ആഘോഷിച്ചത്.

 

ഇന്നലെ ഓസ്ട്രേലിയയുടെ ബാറ്റിംഗ് 16 ഓവര്‍ എത്തിയപ്പോള്‍ മഴ കളി തടസ്സപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ബാക്കി ഇന്ന് പൂര്‍ത്തിയാക്കിയ ഓസ്ട്രേലിയ 171/5 എന്ന മികച്ച സ്കോറാണ് നേടിയത്. 26 പന്തിൽ 46 റൺസ് നേടിയ ബെന്‍ ഡങ്ക് ആണ് ടീമിന്റെ ടോപ് സ്കോറര്‍.

ഷെയിന്‍ വാട്സൺ(30), ഡൂളന്‍(35), കാമറൺ വൈറ്റ്(30*) എന്നിവരും ബാറ്റിംഗിൽ തിളങ്ങി. ഇന്ത്യയ്ക്കായി യൂസഫ് പത്താനും മിഥുനും രണ്ട് വീതം വിക്കറ്റ് നേടി.

ഐപിഎല്‍ സീസണിലെ ഏറ്റവും കൂടുതല്‍ പുറത്താക്കലുകള്‍ നടത്തിയ കീപ്പറെന്ന ഖ്യാതി ഇനി ഋഷഭ് പന്തിനു

ഒരു ഐപിഎല്‍ സീസണില്‍ ഏറ്റവും അധികം പുറത്താക്കലുകള്‍ നടത്തിയ കീപ്പറെന്ന ഖ്യാതി സ്വന്തമാക്കി ഋഷഭ് പന്ത്. 12 മത്സരങ്ങളില്‍ നിന്ന് 15 ക്യാച്ചുകളും 5 സ്റ്റംപിംഗും പൂര്‍ത്തിയാക്കിയാണ് പന്ത് ഈ നേട്ടത്തിലേക്ക് എത്തുന്നത്. കുമാര്‍ സംഗക്കാര 2011ല്‍ 13 മത്സരങ്ങളില്‍ നിന്ന് 17 ക്യാച്ചും 2 സ്റ്റംപിംഗുകളും പൂര്‍ത്തിയാക്കിയ റെക്കോര്‍ഡാണ് ഇന്നലെ പന്ത് മറികടന്നത്.

18 പുറത്താക്കലുകളുമായി ദിനേശ് കാര്‍ത്തിക്(16 മത്സരം – 14 ക്യാച്ച്, 4 സ്റ്റംപിംഗ് – 2015ലും 2018ലും), ആഡം ഗില്‍ക്രിസ്റ്റ്(2009ല്‍ 16 മത്സരങ്ങളില്‍ നിന്ന് 10 ക്യാച്ചും 8 സ്റ്റംപിംഗും), നമന്‍ ഓജ(2016, 17 മത്സരം 18 ക്യാച്ച്) എന്നിവരാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ളത്.

Exit mobile version