മുത്തൂറ്റ് യമഹ മാസ്റ്റേഴ്സിന് വിജയമൊരുക്കി കൃഷ്ണ പ്രസാദ്

52 പന്തില്‍ നിന്ന് പുറത്താകാതെ 74 റണ്‍സ് നേടിയ കൃഷ്ണ പ്രസാദിന്റെ മികവില്‍ മുത്തൂറ്റ് യമഹ മാസ്റ്റേഴ്സിന് വിജയം. ഇന്ന് കോഴിക്കോട് ഡിസിഎയ്ക്ക് എതിരെ ടോസ് നേടി ഫീല്‍ഡിംഗ് തിരഞ്ഞെടുത്ത മാസ്റ്റേഴ്സ് അവരെ 26 ഓവറില്‍ 129/7 എന്ന സ്കോറിന് തളച്ചിടുകയായിരുന്നു. കോഴിക്കോടിന് വേണ്ടി ദ്വജ് റായ്ചുര 22 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ ആഷിക്ക് അലി(20), മുഹമ്മദ് സിയ്യാദ്(19) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍. കെസി അക്ഷയ് 17 റണ്‍സ് നേടി. മുത്തൂറ്റ് യമഹ മാസ്റ്റേഴ്സിനായി നിരഞ്ജന്‍ ദേവ് മൂന്ന് വിക്കറ്റ് നേടി.

ലക്ഷ്യം പിന്തുടര്‍ന്നെത്തിയ മാസ്റ്റേഴ്സിന് കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകളുമായി നഷ്ടമായപ്പോള്‍ ഒരു ഘട്ടത്തില്‍ 34/3 എന്ന നിലയിലേക്ക് ടീം വീണു. നാലാം വിക്കറ്റില്‍ കൃഷ്ണ പ്രസാദും ഷോണ്‍ റോജറും(20) ചേര്‍ന്ന് 63 റണ്‍സ് കൂട്ടുകെട്ട് നേടി മത്സരത്തിലേക്ക് ടീമിനെ തിരിച്ചുകൊണ്ടുവന്നുവെങ്കിലും വീണ്ടു മാസ്റ്റേഴ്സ് ബാറ്റ്സ്മാന്മാര്‍ വിക്കറ്റ് വലിച്ചെറിയുന്നതാണ് കണ്ടത്.

97/3 എന്ന നിലയില്‍ നിന്ന് 118/7 എന്ന നിലയിലേക്ക് വീണ മാസ്റ്റേഴ്സിന് അവസാന ഓവറില്‍ ജയിക്കുവാന്‍ നേടേണ്ടിയിരുന്നത് 11 റണ്‍സായിരുന്നു. ആദ്യ പന്തില്‍ തന്നെ നിരഞ്ജന്‍ ദേവിനെ നഷ്ടമായ ശേഷം അടുത്ത മൂന്ന് പന്തില്‍ നിന്ന് നാല് റണ്‍സ് നേടിയപ്പോള്‍ ലക്ഷ്യം അവസാന രണ്ട് പന്തില്‍ 7 റണ്‍സായി മാറി. അടുത്ത പന്തില്‍ രാഹുലിനെ സിക്സര്‍ പറത്തി സ്കോറുകള്‍ ഒപ്പമെത്തിച്ച കൃഷ്ണ പ്രസാദ് അടുത്ത പന്തിലും സിക്സര്‍ നേടി ടീമിനെ 2 വിക്കറ്റ് വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

കോഴിക്കോട് ഡിസിഎയ്ക്ക് വേണ്ടി രാഹുല്‍, കെസി അക്ഷയ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

അടിച്ച് തകര്‍ത്ത് വിഷ്ണു വിനോദും മുഹമ്മദ് അസ്ഹറുദ്ദീനും, പ്രതിഭ സിസിയ്ക്ക് അഞ്ച് വിക്കറ്റ് വിജയം

രഞ്ജി താരങ്ങളായ വിഷ്ണു വിനോദും മുഹമ്മദ് അസ്ഹറുദ്ദീനും അടിച്ച് തകര്‍ത്തപ്പോള്‍ മുത്തൂറ്റ് യമഹ മാസ്റ്റേഴ്സിനെതിരെ 5 വിക്കറ്റ് വിജയം നേടി പ്രതിഭ സിസി. ഇന്ന് 165 റണ്‍സ് ലക്ഷ്യം ചേസ് ചെയ്തിറങ്ങിയ പ്രതിഭയ്ക്ക് വേണ്ടി ഓപ്പണര്‍മാരായ വിഷ്ണു വിനോദും മുഹമ്മദ് അസ്ഹറുദ്ദീനും 9.5 ഓവറില്‍ 103 റണ്‍സാണ് നേടിയത്. 39 പന്തില്‍ നിന്ന് 5 ഫോറും 6 സിക്സും അടക്കം 69 റണ്‍സ് നേടിയ വിഷ്ണുവിന്റെ വിക്കറ്റാണ് പ്രതിഭയ്ക്ക് ആദ്യം നഷ്ടമായത്. 35 പന്തില്‍ നിന്ന് 46 റണ്‍സ് നേടിയ അസ്ഹറുദ്ദീനും പുറത്തായ ശേഷം വിക്കറ്റുകള്‍ തുടരെ നഷ്ടമായി 135/5 എന്ന നിലയിലേക്ക് ടീം വീണുവെങ്കിലും ഷറഫുദ്ദീനും(17*) രഞ്ജിത്ത് രവീന്ദ്രനും(9*) ചേര്‍ന്ന് ടീമിനെ 23.4 ഓവറില്‍ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. മാസ്റ്റേഴ്സിന് വേണ്ടി കാര്‍ത്തിക് ബി നായര്‍ മൂന്ന് വിക്കറ്റ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത മാസ്റ്റേഴ്സിന് വേണ്ടി കൃഷ്ണ പ്രസാദും അഭയ് ജോടിനും അര്‍ദ്ധ ശതകങ്ങള്‍ നേടിയാണ് ടീമിനെ 164/5 എന്ന സ്കോറിലേക്ക് നയിച്ചത്. 22/2 എന്ന നിലയില്‍ നിന്ന് 103 റണ്‍സ് കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ നേടിയത്. അഭയ് 52 റണ്‍സ് നേടിയപ്പോള്‍ 76 റണ്‍സാണ് കൃഷ്ണ പ്രസാദ് നേടിയത്. അതുല്‍ 20 റണ്‍സും ടീമിനായി നേടി. പ്രതിഭയ്ക്ക് വേണ്ടി ശ്രീരാജ് രണ്ട് വിക്കറ്റ് നേടി.

മാസ്റ്റേഴ്സ് റോയല്‍ സെഞ്ചൂറിയന്‍ എ ടീം ഫൈനലില്‍, ഇത് തുടര്‍ച്ചയായ രണ്ടാം തവണ

സെലസ്റ്റിയില്‍ ട്രോഫിയിലെ നിലവിലെ ചാമ്പ്യന്മാരായ മാസ്റ്റേഴ്സ് റോയല്‍ സെഞ്ചൂറിയന്‍ എ ടീം ഈ വര്‍ഷത്തെയും ഫൈനലിനു യോഗ്യത നേടി. ഇന്ന് നടന്ന ആദ്യ സെമിയില്‍ എതിരാളികളായ മുത്തൂറ്റ് യമഹ മാസ്റ്റേഴ്സിനെതിരെ 6 വിക്കറ്റ് വിജയമാണ് മാസ്റ്റേഴ്സ് റോയല്‍ സെഞ്ചൂറിയന്‍ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത മുത്തൂറ്റ് യമഹ മാസ്റ്റേഴ്സിനെ 108 റണ്‍സിനു പുറത്താക്കിയ ശേഷം മാസ്റ്റേഴ്സ് റോയല്‍ സെഞ്ചൂറിയന്‍ 4 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.

വിജയികള്‍ക്കായി 32 റണ്‍സ് വീതം നേടി ജിത്തിനു രോഹനും 26 റണ്‍സ് നേടിയ അരുണ്‍ പൗലോസുമാണ് ബാറ്റിംഗില്‍ തിളങ്ങിയത്. ബൗളിംഗ് ടീമിനു വേണ്ടി അതുല്‍ ഡയമണ്ട് സൗരിയും അഭിഷേക് മോഹനും രണ്ട് വീതം വിക്കറ്റ് നേടി. കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് അതുല്‍ രവീന്ദ്രനെയാണ്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത മുത്തൂറ്റ യമഹ മാസ്റ്റേഴ്സിന്റെ നടുവൊടിച്ചത് അതുലിന്റെ ബൗളിംഗ് ആയിരുന്നു. താരം 4 വിക്കറ്റ് നേടി 32 ഓവറില്‍ മുത്തൂറ്റ് യമഹ മാസ്റ്റേഴ്സിനെ 108 റണ്‍സിനു ഓള്‍ഔട്ട് ആക്കുകയായിരുന്നു. ബാറ്റിംഗ് ടീമിനു വേണ്ടി 46 റണ്‍സ് നേടിയ അതുല്‍ ഡയമണ്ട് സൗരിയാണ് ടോപ് സ്കോറര്‍‍.

ഇന്നലെ നടന്ന ക്വാര്‍ട്ടര്‍ മത്സരത്തില്‍ മാസ്റ്റേഴ്സ് റോയല്‍ സെഞ്ചൂറിയന്‍ പ്രതിഭ സിസിയ്ക്കെതിരെ 191 റണ്‍സ് വിജയമാണ് സ്വന്തമാക്കിയത്. സ്വാന്റണ്‍സിനെതിരെ 110 റണ്‍സ് ജയം നേടിയായിരുന്നു മുത്തൂറ്റ യമഹ മാസ്റ്റേഴ്സിന്റെ സെമി പ്രവേശനം.

റൈഫി തിളങ്ങി, പക്ഷേ അലന്‍ സജുവിന്റെ ബൗളിംഗില്‍ ജയം ഗ്ലോബ്സ്റ്റാര്‍ സിസിയ്ക്ക്

മുന്‍ കേരള താരങ്ങള്‍ അടങ്ങിയ മുത്തൂറ്റ് യമഹ മാസ്റ്റേഴ്സ് സിസിയെ വീഴ്ത്തി ഗ്ലോബ്സ്റ്റാര്‍ ആലുവ. ടോസ് നേടി ആലുവ ടീം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഗ്ലോബ്സ്റ്റാര്‍ ആലുവ അന്‍സില്‍(49*), ആനന്ദ് ബാബു(38), അനുജ് ജോതിന്‍(22) എന്നിവരുടെ ബാറ്റിംഗ് മികവില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 26 ഓവറില്‍ നിന്ന് 152 റണ്‍സ് നേടുകയായിരുന്നു. 32 പന്തില്‍ നിന്നാണ് 49 റണ്‍സ് നേടി അന്‍സില്‍ പുറത്താകാതെ നിന്നത്. മാസ്റ്റേഴ്സിനു വേണ്ടി രാഹുല്‍ രാഘവന്‍ മൂന്നും പ്രശാന്ത്, ജോണ്‍സണ്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. രണ്ട് ഗ്ലോബ്സ്റ്റാര്‍ താരങ്ങള്‍ റണ്‍ഔട്ട് രൂപത്തിലാണ് പുറത്തായത്.

റൈഫി വിന്‍സെന്റ് ഗോമസ് നേടിയ 58 റണ്‍സിന്റെ ബലത്തില്‍ മുന്നേറിയ മുത്തൂറ്റ യമഹ മാസ്റ്റേഴ്സ് സിസിയുടെ ഇന്നിംഗ്സിനെ എന്നാല്‍ അലന്‍ സജു തന്റെ മികച്ച ബൗളിംഗിലൂടെ തിരിച്ചടികള്‍ നല്‍കി കൊണ്ടിരുന്നു. റൈഫിയുടേതുള്‍പ്പെടെ 4 വിക്കറ്റാണ് അലന്‍ സജു മത്സരത്തില്‍ നേടിയത്. തന്റെ നാലോവറില്‍ നിന്ന് 14 റണ്‍സ് മാത്രം താരം വിട്ടുകൊടുത്തപ്പോള്‍ ഗ്ലോബ്സ്റ്റാറിനു 17 റണ്‍സിന്റെ വിജയം സ്വന്തമാക്കാനായി. 22.4 ഓവറില്‍ മാസ്റ്റേഴ്സ് സിസി 135 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. ജയത്തോടെ ഗ്ലോബ്സ്റ്റാര്‍ ആലുവ ടൂര്‍ണ്ണമെന്റിന്റെ സെമിയില്‍ കടന്നിട്ടുണ്ട്.

വിഷ്ണു അജിത്ത്, അരുണ്‍ കുമാര്‍ എന്നിവരും രണ്ട് വിക്കറ്റുകളുമായി പട്ടികയില്‍ ഇടം പിടിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version