ഉജ്ജ്വൽ കൃഷ്ണയുടെ സെഞ്ച്വറി!!! 74 റൺസ് ജയവുമായി അത്രേയ സെമിയിൽ

മുത്തൂറ്റ് മൈക്രോഫിന്‍ സിസിയ്ക്കെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി അത്രേയ സിസി. ജയത്തോടെ സെലസ്റ്റിയൽ ട്രോഫിയുടെ സെമി സ്ഥാനം അത്രേയ ഉറപ്പാക്കി. ഉജ്ജ്വൽ കൃഷ്ണയുടെ മിന്നും ബാറ്റിംഗ് പ്രകടനം അത്രേയയെ 30 ഓവറിൽ 216/8 എന്ന സ്കോറിലേക്ക് എത്തിക്കുകയായിരുന്നു.

ഉജ്ജ്വൽ 78 പന്തിൽ 106 റൺസ് നേടിയപ്പോള്‍ മുത്തൂറ്റ് മൈക്രോഫിന്‍ ബൗളിംഗിൽ ബാലു ബാബു മൂന്ന് വിക്കറ്റും ഹരികൃഷ്ണന്‍, നിഖിൽ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി. 13 പന്തിൽ 28 റൺസ് നേടിയ റോജിത്തും അത്രേയയുടെ ഇന്നിംഗ്സിന് അവസാന ഓവറുകളിൽ വേഗം നൽകി.

ബൗളിംഗിൽ അത്രേയയ്ക്കായി 4 വിക്കറ്റുമായി ടിഎം വിഷ്ണു മുന്നിൽ നിന്ന് നയിച്ചപ്പോള്‍ മുത്തൂറ്റ് മൈക്രോഫിന്‍ 142 റൺസിന് ഓള്‍ഔട്ട് ആയി. 21.4 ഓവറിൽ ടീം ഓള്‍ഔട്ട് ആയപ്പോള്‍ 44 റൺസ് നേടിയ സഞ്ജു സജീവും 41 റൺസ് നേടിയ ആകാശ് പിള്ളയും മാത്രമാണ് ചെറുത്ത്നില്പ് നടത്തിയത്. 74 റൺസ് വിജയം ആണ് അത്രേയ സ്വന്തമാക്കിയത്.

രണ്ടാം പന്തിൽ സഞ്ജയ് രാജിനെ നഷ്ടമായ ശേഷം ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റിൽ 75 റൺസ് കൂട്ടിചേര്‍ത്തുവെങ്കിലും ഇവര്‍ പുറത്തായ ശേഷം മുത്തൂറ്റ് തകര്‍ന്നു. 5.4 ഓവറിൽ പുറത്താകുമ്പോള്‍ 20 പന്തിൽ 44 റൺസാണ് സഞ്ജു സജീവ് നേടിയത്. അധികം വൈകാതെ 26 പന്തിൽ 41 റൺസ് നേടിയ ആകാശ് പിള്ളയും പുറത്തായി. ഇരുവരെയും നിപുന്‍ ബാബു ആണ് പുറത്താക്കിയത്. നിപുന്‍ മത്സരത്തിൽ മൂന്ന് വിക്കറ്റ് നേടി.

 

വിജയം അവസാന പന്തിൽ, പ്രതിഭ സിസിയെ മുത്തൂറ്റ് മൈക്രോഫിന്‍ പരാജയപ്പെടുത്തിയത് 3 വിക്കറ്റിന്

സെലസ്റ്റിയൽ ട്രോഫിയിൽ മുത്തൂറ്റ് മൈക്രോഫിന്‍ സിസിയ്ക്ക് വിജയം. അവസാന പന്തിൽ വിജയത്തിനായി രണ്ട് റൺസ് നേടേണ്ടിയിരുന്ന മുത്തൂറ്റ് മൈക്രോഫിന്‍ വിജയം നേടുകയായിരുന്നു. ചാമ്പ്യന്‍സ് റൗണ്ടിൽ ഗ്രൂപ്പ് സി മത്സരത്തിൽ പ്രതിഭ സിസിയെ ആണ് മുത്തൂറ്റ് മൈക്രോഫിന്‍ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത പ്രതിഭ സിസി 30 ഓവറിൽ 175 റൺസാണ് 9 വിക്കറ്റ് നഷ്ടത്തിൽ നേടിയത്.

55 റൺസുമായി ശ്രീകാന്ത് പുറത്താകാതെ നിന്നപ്പോള്‍ രാഹുല്‍ ദേവ് 34 റൺസും കെഎ അരുൺ 29 റൺസും നേടി. മുത്തൂറ്റ് മൈക്രോഫിനിനായി ബാലു ബാബു 3 വിക്കറ്റും അനൂപ്, നിഖിൽ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

മുത്തൂറ്റ് മൈക്രോഫിനിനായി ആകാശ് പിള്ള – സഞ്ജയ് രാജ് കൂട്ടുകെട്ട് ഒന്നാം വിക്കറ്റിൽ 84 റൺസാണ് നേടിയത്. എന്നാൽ പിന്നീട് വിക്കറ്റുകളുമായി പ്രതിഭ സമ്മര്‍ദ്ദം സൃഷ്ടിച്ചു. 26 റൺസ് നേടിയ ആകാശിനെയും 66 റൺസ് നേടിയ സഞ്ജയിനെയും എസ് അശ്വന്ത് പുറത്താക്കിയപ്പോള്‍ മുത്തൂറ്റ് മൈക്രോഫിന്‍ 84/0 എന്ന നിലയിൽ നിന്ന് 96/2 എന്ന നിലയിലേക്ക് വീണു.

ആൽബിന്‍ ഏലിയാസ് പുറത്താകാതെ 36 റൺസുമായി ടീമിന്റെ വിജയം ഉറപ്പാക്കിയപ്പോള്‍ സഞ്ജു സ‍ഞ്ജീവും 25 റൺസ് നേടി നിര്‍ണ്ണായക സംഭാവന നൽകി. പികെ 28ാം ഓവറിൽ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ലക്ഷ്യം 2 ഓവറിൽ 19 റൺസായിരുന്നു.

29ാം ഓവറിൽ ആൽബിന്‍ ഷറഫുദ്ദീനെതിരെ രണ്ട് ബൗണ്ടറി നേടിയതോടെ അവസാന ഓവറി ൽ ലക്ഷ്യം 7 റൺസായി മാറി. രഞ്ജിത് രവീന്ദ്രന്‍ മത്സരം അവസാന പന്ത് വരെ കൊണ്ടെത്തിച്ചുവെങ്കിലും മുത്തൂറ്റ് മൈക്രോഫിനിന്റെ വിജയം തടയാന്‍ ആയില്ല. ആൽബിനാണ് കളിയിലെ താരം.

ബാറ്റിംഗ് പാളിയെങ്കിലും ബൗളിംഗ് മികവിൽ റോവേഴ്സിന് വിജയം

മുത്തൂറ്റ് മൈക്രോഫിന്‍ സിസി എറണാകുളത്തിനെതിരെ 23 റൺസ് വിജയം നേടി റോവേഴ്സ് സിസി തിരുവനന്തപുരം. സെലസ്റ്റിയൽ ട്രോഫിയുടെ ചാമ്പ്യന്‍സ് റൗണ്ട് മത്സരത്തിൽ ടോസ് നേടി റോവേഴ്സ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ 26.1 ഓവറിൽ ടീം 128 റൺസിന് ഓള്‍ഔട്ട് ആയി.

റോവേഴ്സിനായി അജീഷ് 38 റൺസും ശ്യാം രാജ് 25 റൺസും നേടിയപ്പോള്‍ വിഷ്ണുദേവ് സാബു 20 റൺസ് നേടി. മുത്തൂറ്റ് മൈക്രോഫിന്‍ സിസിയ്ക്കായി ബാലു ബാബു 3 വിക്കറ്റും അനൂപ്, നിഖിൽ എന്നിവര്‍ രണ്ട് വീതം വിക്കറ്റുമാണ് നേടിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ മുത്തൂറ്റ് മൈക്രോഫിന്‍ ബാറ്റ്സ്മാന്മാരും നിലയുറപ്പിക്കുവാന്‍ ബുദ്ധിമുട്ടിയപ്പോള്‍ 18.1 ഓവറിൽ 105 റൺസിന് എതിരാളികളെ എറിഞ്ഞിട്ട് റോവേഴ്സ് വിജയം കുറിയ്ക്കുകയായിരുന്നു. 4 വിക്കറ്റ് നേടിയ അജിനാസ് ആണ് ബൗളിംഗിൽ റോവേഴ്സിനായി തിളങ്ങിയത്. ഗിരീഷ് 2 വിക്കറ്റ് നേടി.

റോവേഴ്സിന്റെ അജീഷ് ആണ് കളിയിലെ താരം.

Exit mobile version