ഷാക്കിബിന് പിന്തുണ നല്‍കാനാകാതെ പോയത് തിരിച്ചടിയായി, തന്റെ കരിയറിന്റെ കാര്യം നാട്ടിലെത്തിയ ശേഷം തീരുമാനിക്കും

കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഷാക്കിബ് മികച്ച രീതിയില്‍ ബാറ്റ് ചെയ്തപ്പോളും മധ്യനിരയില്‍ താരത്തിന് പിന്തുണ നല്‍കുവാന്‍ മറ്റ് താരങ്ങള്‍ക്ക് കഴിയാതെ പോയതാണ് ബംഗ്ലാദേശിന് തിരിച്ചടിയായതെന്ന് പറഞ്ഞ് നായകന്‍ മഷ്റഫെ മൊര്‍തസ. വിക്കറ്റ് ബാറ്റിംഗിനും ബൗളിംഗിനും അനുകൂലമായതായിരുന്നു എന്നാല്‍ ഷാക്കിബിനൊപ്പം മറ്റ് താരങ്ങള്‍ വേണ്ടത്ര മികവ് പുറത്തെടുക്കാനാകാതെ പോയത് തിരിച്ചടിയായി.

ടൂര്‍ണ്ണമെന്റില്‍ ടീം മൂന്ന് മേഖലകളിലും മികച്ച് നിന്നു. എന്നാല്‍ ചില മത്സരങ്ങളില്‍ ബൗളിംഗും ഫീല്‍ഡിംഗും തിരിച്ചടിയായിട്ടുണ്ടെന്നത് സമ്മതിക്കുന്നു, അതേ സമയം ബാറ്റിംഗില്‍ ടീം ഏറെ മികച്ച നിന്നുവെന്നും മൊര്‍തസ പറഞ്ഞു. മുസ്തഫിസുര്‍ തന്റെ കരിയറിന്റെ തുടക്കം മുതല്‍ അപകടകാരിയായ ബൗളറാണ്, താരത്തിനെ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി പരിക്ക് അലട്ടുകയായിരുന്നുവെന്നും മൊര്‍തസ പറഞ്ഞു. അയര്‍ലണ്ട് പരമ്പരയിലെ തിരിച്ചവരവ് മുതല്‍ മുസ്തഫിസുര്‍ മികച്ച കളിയാണ് പുറത്തെടുക്കുന്നതെന്നും ബംഗ്ലാദേശ് ക്രിക്കറ്റിന് മുതല്‍ക്കൂട്ടാണ് താരമെന്നും നായകന്‍ വ്യക്തമാക്കി.

നാട്ടിലെത്തിയ ശേഷം തന്റെ കരിയറിനെക്കുറിച്ചുള്ള തീരുമാനം താന്‍ എടുക്കുമെന്നും മൊര്‍തസ സൂചിപ്പിച്ചു. ബംഗ്ലാദേശിന് ടൂര്‍ണ്ണമെന്റ് ജയിച്ച് അവസാനിപ്പിക്കുവാനുള്ള അവസരമുണ്ടായിരുന്നുവെങ്കിലും അത് ടീമിന് സാധിച്ചില്ല, എന്നാലും ടീം 100% ആത്മാര്‍ത്ഥതയോടെയാണ് ടൂര്‍ണ്ണമെന്റില്‍ ഇറങ്ങിയതെന്ന് മൊര്‍തസ വ്യക്തമാക്കി.

അവസാന മത്സരത്തില്‍ പാക്കിസ്ഥാനെ പരാജയപ്പെടുത്തുവാന്‍ ശ്രമിക്കും, ലോകകപ്പില്‍ ബംഗ്ലാദേശിന്റെ പ്രകടനം മികച്ചതെന്ന് കരുതുന്നു

ഈ ലോകകപ്പില്‍ ബംഗ്ലാദേശ് മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്നും ഷാക്കിബും മുഷ്ഫിക്കുറും ബാറ്റിംഗില്‍ തിളങ്ങിയെങ്കിലും അല്പം ഭാഗ്യം കൂടി തുണച്ചിരുന്നുവെങ്കില്‍ സെമി ഫൈനലിലേക്ക് ടീം കടന്നേനെയെന്നും ബംഗ്ലാദേശ് നായകന്‍ മഷ്റഫെ മൊര്‍തസ പറഞ്ഞു. ഇന്ത്യയ്ക്കെതിരെ വിജയം അനിവാര്യമായ മത്സരമായിരുന്നു പക്ഷേ ടീമിന് സാധിച്ചില്ല, എന്നാല്‍ അവിസ്മരണീയമായ പ്രകടനമാണ് മുസ്തഫിസുര്‍ റഹ്മാന്‍ നടത്തിയതെന്നും മൊര്‍തസ പറഞ്ഞു.

അവസാന മത്സരത്തില്‍ മികച്ച കളി പുറത്തെടുക്കുവാന്‍ ശ്രമിക്കുമെന്നും ടൂര്‍ണ്ണമെന്റ് വിജയിച്ച് അവസാനിപ്പിക്കുവാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ബംഗ്ലാദേശ് നായകന്‍ പറഞ്ഞു. പാക്കിസ്ഥാനെ പരാജയപ്പെടുത്തുവാന്‍ ശ്രമിക്കുക തന്നെയാവും ബംഗ്ലാദേശിന്റെ ലക്ഷ്യമെന്നും ടൂര്‍ണ്ണമെന്റ് വിജയിപ്പിച്ച് അവസാനിപ്പിക്കുവാന്‍ ടീം ശ്രമിക്കുമെന്നും മഷ്റഫെ മൊര്‍തസ പറഞ്ഞു.

രോഹിത്തിന്റെ ശതകത്തിന് ശേഷം ബംഗ്ലാദേശിന്റെ വിക്കറ്റ് വേട്ട, മുസ്തഫിസുറിന് 5 വിക്കറ്റ്

ബംഗ്ലാദേശിനെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് 314 റണ്‍സ്. രോഹിത് ശര്‍മ്മയും ലോകേഷ് രാഹുലും ചേര്‍ന്ന് നേടിയ മികച്ച തുടക്കത്തിന് ശേഷം തുടരെ വിക്കറ്റുകള്‍ വീഴ്ത്തി ബംഗ്ലാദേശ് മത്സരത്തില്‍ മികച്ച തിരിച്ചുവരവ് നടത്തുകയായിരുന്നു. നിശ്ചിത 50 ഓവറില്‍ ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തിലാണ് 314 റണ്‍സ് നേടിയത്. ഒരു ഘട്ടത്തില്‍ 350നടുത്ത് സ്കോറിലേക്ക് ഇന്ത്യ നീങ്ങുമെന്ന് കരുതിയെങ്കിലും ബംഗ്ലാദേശ് മികച്ച തിരിച്ചുവരവ് നടത്തുകയായിരുന്നു. അവസാന ഓവറില്‍ മാത്രം ഇന്ത്യയ്ക്ക് 3 വിക്കറ്റാണ് നഷ്ടമായത്.

ഒന്നാം വിക്കറ്റില്‍ 29.2 ഓവറില്‍ 180 റണ്‍സ് നേടിയ രോഹിത്-രാഹുല്‍ കൂട്ടുകെട്ടിനെ സൗമ്യ സര്‍ക്കാര്‍ ആണ് തകര്‍ത്തത്. 92 പന്തില്‍ നിന്ന് 104 റണ്‍സ് നേടിയ രോഹിത് അതിവേഗത്തില്‍ സ്കോറിംഗ് തുടങ്ങുമെന്ന ഇന്ത്യന്‍ ആരാധകര്‍ പ്രതീക്ഷിച്ച സമയത്താണ് തിരിച്ചടിയായി വിക്കറ്റ് നഷ്ടമായത്.

ഓവറുകളുടെ വ്യത്യാസത്തില്‍ ലോകേഷ് രാഹുലിനെയും ഇന്ത്യയ്ക്ക് നഷ്ടമായി. 77 റണ്‍സാണ് രാഹുലിന്റെ സംഭാവന. പിന്നീട് വിരാട് ക്രീസിലെത്തിയ ഋഷഭ് പന്തിനോടൊപ്പം വിരാട് കോഹ്‍ലി സ്കോര്‍ ബോര്‍ഡ് ചലിപ്പിച്ചുവെങ്കിലും 42 റണ്‍സ് മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിന് ശേഷം വിരാട് കോഹ്‍ലിയെ(26) മുസ്തഫിസുര്‍ റഹ്മാന്‍ പുറത്താക്കി. അതേ ഓവറില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെയും ഇന്ത്യയ്ക്ക് നഷ്ടമായപ്പോള്‍ സ്കോര്‍ 237/4 എന്ന നിലയിലായിരുന്നു.

48 റണ്‍സ് നേടി പന്തിനെയാണ് ഇന്ത്യയ്ക്ക് പിന്നീട് നഷ്ടമായത്. 40 റണ്‍സ് കൂട്ടുകെട്ട് ധോണിയുമായി നേടിയ താരത്തെ ഷാക്കിബ് അല്‍ ഹസന്‍ ആണ് പുറത്താക്കിയത്. തന്റെ പത്തോവര്‍ സ്പെല്ലില്‍ 41 റണ്‍സ് മാത്രം വിട്ട് നല്‍കി 1 വിക്കറ്റാണ് ഷാക്കിബ് സ്വന്തമാക്കിയത്. അത് ഏറെ നിര്‍ണ്ണായക ഘട്ടത്തില്‍ ഋഷഭ് പന്ത് അടിച്ച് തകര്‍ക്കുവാന്‍ ഒരുങ്ങിയ സാഹചര്യത്തില്‍ സ്വന്തമാക്കിയതാണെന്നുള്ളതിനാല്‍ വിക്കറ്റിന്റെ മൂല്യം കൂടുന്നു.

എംഎസ് ധോണി 33 പന്തില്‍ നിന്ന് 35 റണ്‍സ് നേടി ഇന്ത്യയുടെ സ്കോര്‍ 300 കടത്തുവാന്‍ സഹായിച്ചുവെങ്കിലും അവസാന ഓവറില്‍ മുസ്തഫിസുറിന് വിക്കറ്റ് നല്‍കി മടങ്ങി.

മത്സരം മാറ്റി മറിച്ചത് മുസ്തഫിസുര്‍ നേടിയ വിക്കറ്റുകള്‍

മുസ്തഫിസു‍ര്‍ റഹ്മാന്‍ ഷിമ്രണ്‍ ഹെറ്റ്മ്യറെയും ആന്‍ഡ്രേ റസ്സലിനെയും ഒരേ ഓവറില്‍ പുറത്താക്കിയതാണ് മത്സരത്തിലെ ടേണിംഗ് പോയിന്റ് എന്ന് പറഞ്ഞ് ബംഗ്ലാദേശ് നായകന്‍ മഷ്റഫെ മൊര്‍തസ. 25 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം തികച്ച ഹെറ്റ്മ്യറിനെ പുറത്താക്കി രണ്ട് പന്തുകള്‍ക്ക് ശേഷം അപകടകാരിയായ ആന്‍ഡ്രേ റസ്സലിനെയും മുസ്തഫിസുര്‍ പുറത്താക്കിയതാണ് 350നു മേലുള്ള സ്കോര്‍ നേടുന്നതില്‍ നിന്ന് വിന്‍ഡീസിനു തടസ്സമായത്. മത്സരത്തില്‍ പിന്നെ വിന്‍ഡീസിന്റെ റണ്ണൊഴുക്ക് നഷ്ടപ്പെടുകയായിരുന്നു. ഇന്നിംഗ്സ് 321 റണ്‍സില്‍ എത്തിച്ചുവെങ്കിലും ബംഗ്ലാദേശ് ലക്ഷ്യം അനായാസം മറികടന്നു.

ഈ ലോകകപ്പില്‍ ഷാക്കിബ് ടീമിനു വേണ്ടി ബാറ്റ് കൊണ്ടും ബോള് കൊണ്ടും സംഭാവന ചെയ്തിട്ടുണ്ട്. തമീമും സൗമ്യ സര്‍ക്കാരും മികച്ച തുടക്കമാണ് നല്‍കിയത്. ലിറ്റണ്‍ ദാസിന്റെ പ്രകടനവും എടുത്ത് പറയേണ്ടതാണ്. താരം പൊതുവേ ടോപ് 3ല്‍ ബാറ്റ് ചെയ്യുന്ന ആളാണ്, ലിറ്റണിനോട് അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടത് കടന്ന കൈയ്യാണെങ്കിലും തന്റെ ദൗത്യം ഇന്ന് ലിറ്റണ്‍ ദാസ് നിറവേറ്റിയെന്നും ടീമിനു അത് ഏറെ ഗുണകരമായി എന്നും മൊര്‍തസ പറഞ്ഞു.

ഇനിയുള്ള മത്സരങ്ങളെല്ലാം ജയിച്ചാല്‍ തങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ താന്‍ പറഞ്ഞിരുന്നു, അതിലെ ആദ്യ പടിയാണ് ഇന്നത്തെ വിജയമെന്നും മൊര്‍തസ അഭിപ്രായപ്പെട്ടു. തങ്ങള്‍ക്ക് ഡെത്ത് ഓവറുകള്‍ എറിയുവാന്‍ ആവശ്യത്തിനു ബൗളര്‍മാരുണ്ടെന്നും അതിനാല്‍ അത് ഒരു തലവേദനയല്ലെന്നും മൊര്‍തസ പറഞ്ഞു.

നങ്കൂരമിട്ട് ഹോപ്, വെടിക്കെട്ട് പ്രകടനവുമായി ഹെറ്റ്മ്യര്‍

ഒരു ഘട്ടത്തില്‍ ഹെറ്റ്മ്യര്‍ ക്രീസില്‍ നിന്നപ്പോള്‍ 350 റണ്‍സിനടുത്ത സ്കോറിലേക്ക് എത്തുമെന്ന പ്രതീക്ഷ വിന്‍ഡീസ് പുലര്‍ത്തിയെങ്കിലും മുസ്തഫിസുറിന്റെ രണ്ടാം സ്പെല്ലില്‍ ഹെറ്റ്മ്യറിനെയും ആന്‍ഡ്രേ റസ്സലിനെയും ഒരേ ഓവറില്‍ പുറത്താക്കി താരം തിരിച്ചടിച്ച ശേഷം റണ്ണൊഴുക്ക് നിലച്ച് വിന്‍ഡീസ്.  ഷായി ഹോപിന്റെ 96 റണ്‍സിന്റെ ബലത്തില്‍ ടീം 50 ഓവര്‍ പിന്നിട്ടപ്പോള്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 321 റണ്‍സ് നേടുകയായിരുന്നു. ഹോപ് തന്റെ ശതകത്തിന് 4 റണ്‍സ് അകലെ വെച്ചാണ് പുറത്തായത്. മുസ്തഫിസുറിനു തന്നെയാണ് ഹോപിന്റെ വിക്കറ്റും.

ക്രിസ് ഗെയിലിനെ പൂജ്യത്തിനു നഷ്ടമായ ശേഷം രണ്ടാം വിക്കറ്റില്‍ 116 റണ്‍സുമായി എവിന്‍ ലൂയിസ്-ഷായി ഹോപ് കൂട്ടുകെട്ടാണ് വിന്‍ഡീസ് സ്കോറിനു അടിത്തറ പാകിയത്. 67 പന്തില്‍ നിന്ന് 70 റണ്‍സ് നേടി ലൂയിസിനെ ഷാക്കിബ് പുറത്താക്കിയപ്പോള്‍ അടുത്തതായി എത്തിയ നിക്കോളസ് പൂരനും(25) ഷാക്കിബിനു വിക്കറ്റ് നല്‍കി മടങ്ങി.

പിന്നീട് ഷായി ഹോപ് സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യുകയും ഷിമ്രണ്‍ ഹെറ്റ്മ്യര്‍ അടിച്ച് തകര്‍ക്കുകയും ചെയ്യുന്ന കാഴ്ചയാണ് കണ്ടത് നാലാം വിക്കറ്റില്‍ 83 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. 25 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം തികച്ച അടുത്ത പന്തില്‍ തന്നെ ഹെറ്റ്മ്യര്‍ പുറത്തായപ്പോള്‍ അതേ ഓവറില്‍ തന്നെ ആന്‍ഡ്രേ റസ്സലിനെയും മുസ്തഫിസുര്‍ റഹ്മാന്‍ പുറത്താക്കി.

ഷായി ഹോപിനൊപ്പം എത്തിയ ജേസണ്‍ ഹോള്‍ഡര്‍ ആയിരുന്നു പിന്നീട് അടിച്ച് തകര്‍ക്കുന്ന കാഴ്ച ടോണ്ടണില്‍ കണ്ടത്. വെറും 15 പന്തില്‍ നിന്ന് 33 റണ്‍സാണ് ഹോള്‍ഡര്‍ നേടിയത്. ഡാരെന്‍ ബ്രാവോ 19 റണ്‍സുമായി ഇന്നിംഗ്സിലെ അവസാന വിക്കറ്റായി പുറത്തായി.

മൂന്ന് വീതം വിക്കറ്റുമായി മുസ്തഫിസുറും മുഹമ്മദ് സൈഫുദ്ദീനുമാണ് ബംഗ്ലാദേശ് ബൗളര്‍മാരില്‍ തിളങ്ങിയത്. ഷാക്കിബ് അല്‍ ഹസന് രണ്ട് വിക്കറ്റ് നേടി.

5 വിക്കറ്റ് വിജയവുമായി ബംഗ്ലാദേശ്, മുസ്തഫിസുര്‍ റഹ്മാന്‍ കളിയിലെ താരം

ത്രിരാഷ്ട്ര പരമ്പരയിലെ അഞ്ചാം മത്സരത്തില്‍ വിന്‍ഡീസിനെ കീഴടക്കി ബംഗ്ലാദേശ്. ഷായി ഹോപ്, ജേസണ്‍ ഹോള്‍ഡര്‍ എന്നിവരുടെ പ്രകടനത്തിലൂടെ 50 ഓവറില്‍ 247/9 എന്ന സ്കോര്‍ മാത്രമേ വിന്‍ഡീസിനു നേടാനായുള്ളു. മുസ്തഫിസുര്‍ റഹ്മാന്റെ നാല് വിക്കറ്റ് പ്രകടനവും മഷ്റഫെ മൊര്‍തസ നേടിയ മൂന്ന് വിക്കറ്റുമാണ് വിന്‍ഡീസിനെ പ്രതിരോധത്തിലാക്കിയത്. എന്നാല്‍ ഷായി ഹോപും(87) ജേസണ്‍ ഹോള്‍ഡറും(62) നേടിയ അര്‍ദ്ധ ശതകങ്ങളാണ് വിന്‍ഡീസിനെ മാന്യമായ സ്കോറിലേക്ക് നയിച്ചത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് 47.2 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തിലാണ് വിജയം രേഖപ്പെടുത്തിയത്. മുഷ്ഫിക്കുര്‍ റഹിം 63 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ 54 റണ്‍സ് നേടിയ സൗമ്യ സര്‍ക്കാര്‍ നിര്‍ണ്ണായ പ്രകടനം നടത്തി. മുഹമ്മദ് മിഥുന്‍ 43 റണ്‍സും മഹമ്മദുള്ള പുറത്താകാതെ 30 റണ്‍സും നേടി ജയത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു. തമീം ഇക്ബാല്‍(21), ഷാക്കിബ് അല്‍ ഹസന്‍(29) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍.

വിന്‍ഡീസിനു വേണ്ടി ആഷ്‍ലി നഴ്സ് മൂന്ന് വിക്കറ്റും കെമര്‍ റോച്ച്, ജേസണ്‍ ഹോള്‍ഡര്‍ എന്നിവര്‍ ഓരോ വിക്കറ്റുമായി വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.

മുസ്താഫിസുറിനെ മൂന്ന് മത്സരങ്ങളിലും കളിപ്പിക്കരുത്

വിന്‍ഡീസ് സൂപ്പര്‍ ബൗളര്‍ മുസ്തഫിസുറിനെ ന്യൂസിലാണ്ടിനെതിരെ മൂന്ന് ടെസ്റ്റുകളിലും കളിപ്പിക്കേണ്ടതില്ലെന്ന് പറഞ്ഞ് ബംഗ്ലാദേശിന്റെ ബൗളിംഗ് ഉപദേശകന്‍ കോര്‍ട്നി വാല്‍ഷ്. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗും ന്യൂസിലാണ്ട് ഏകദിന പരമ്പരയും കഴിഞ്ഞെത്തുന്ന ബംഗ്ലാദേശ് താരങ്ങളുടെ ലോകകപ്പ് സാധ്യതകളെ മുന്‍ നിര്‍ത്തിയാണ് വാല്‍ഷിന്റെ അഭിപ്രായം. ടീമിന്റെ മുന്‍ നിര പേസറായ മുസ്തഫിസുറിനെ ലോകകപ്പിനു തയ്യാറാക്കി നിര്‍ത്തുന്നതിനു വേണ്ടിയാണ് ടീം ഈ നീക്കം നടത്തേണ്ടതെന്ന് വാല്‍ഷ് പറഞ്ഞു.

എത്ര ടെസ്റ്റില്‍ താരത്തെ കളിപ്പിക്കണമെന്നത് സെലക്ടര്‍മാര്‍ ആണ് തീരുമാനിക്കേണ്ടത്. അത് അറിഞ്ഞ ശേഷം മാത്രമേ താരത്തിന്റെ വര്‍ക്ക് ലോഡ് കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് തങ്ങള്‍ക്ക് തീരുമാനം എടുക്കാനാകൂ എന്നും വാല്‍ഷ് പറഞ്ഞു. പിച്ചിനെയും ന്യൂസിലാണ്ടിനെ സാഹചര്യങ്ങളെയും വിലയിരുത്തിയ ശേഷം മാത്രമാവും താരത്തിനെ ഏതെല്ലാം ടെസ്റ്റില്‍ കളിപ്പിക്കുമെന്ന് തീരുമാനിക്കുക എന്ന് വാല്‍ഷ് പറഞ്ഞു.

മുസ്തഫിസുര്‍ ആദ്യ ടെസ്റ്റില്‍ കളിക്കുവാനുള്ള സാധ്യത കൂടുതലാണെന്നും വാല്‍ഷ് വ്യക്തമാക്കി. 23 വയസ്സുകാരന്‍ ഫാസ്റ്റ് ബൗളറെ ഹാമിള്‍ട്ടണിലെ ബൗളിംഗ് സാഹചര്യങ്ങള്‍ അനുകൂലമായ പിച്ചുകളില്‍ കളിപ്പിക്കുന്നത് നന്നായിരിക്കുമെന്നാണ് മുന്‍ വിന്‍ഡീസ് സൂപ്പര്‍ താരത്തിന്റെ അഭിപ്രായം.

കിംഗ്സിനു ആദ്യ ജയം, ജയമില്ലാതെ ടൈറ്റന്‍സ്, ടീമിന്റെ മൂന്നാം പരാജയം

രാജ്ഷാഹി കിംഗ്സ് തങ്ങളുടെ ആദ്യ ജയം നേടിയപ്പോള്‍ മൂന്ന് മത്സരങ്ങളില്‍ മൂന്നാം തോല്‍വി ഏറ്റുവാങ്ങി ഖുല്‍ന ടൈറ്റന്‍സ്. ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ ആദ്യ ജയത്തിനായി ടീമുകള്‍ ഏറ്റുമുട്ടിയപ്പോള്‍ 7 വിക്കറ്റിന്റെ വിജയം രാജ്ഷാഹി കിംഗ്സ് സ്വന്തമാക്കുകയായിരുന്നു. 20 ഓവറില്‍ 117/9 എന്ന സ്കോറാണ് ആദ്യം ബാറ്റ് ചെയ്ത ഖുല്‍ന നേടിയത്. ലക്ഷ്യം 7 പന്ത് അവശേഷിക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ കിംഗ്സ് മറികടന്നു.

ഇസ്രു ഉഡാനയുടെ ബൗളിംഗ് മികവാണ് ഖുല്‍നെ തകര്‍ത്തെറിഞ്ഞത്. താരം 4 ഓവറില്‍ 15 റണ്‍സ് മാത്രം വിട്ട് നല്‍കി 3 വിക്കറ്റ് നേടിയപ്പോള്‍ മുസ്തഫിസുര്‍ റഹ്മാന്‍ രണ്ട് വിക്കറ്റുമായി മികച്ച് നിന്നു. 23 റണ്‍സ് നേടിയ ജുനൈദ് സിദ്ദിക്കി ഖുല്‍ന ടൈറ്റന്‍സിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ ദാവീദ് മലന്‍ 22 റണ്‍സ് നേടി.

മെഹ്ദി ഹസന്‍ അര്‍ദ്ധ ശതകവും മോമിനുള്‍ ഹക്ക് 44 റണ്‍സും നേടി രാജ്ഷാഹി കിംഗ്സിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ഇസ്രു ഉഡാനയാണ് കളിയിലെ താരം.

ബോര്‍ഡ് തടയിട്ടു, മുസ്തഫിസുര്‍ ഐപിഎല്‍ 2019ല്‍ കളിക്കില്ല

ഐപിഎല്‍ 2019 സീസണില്‍ ബംഗ്ലാദേശിന്റെ മുസ്തഫിസുര്‍ റഹ്മാന്‍ കളിക്കില്ല. താരത്തിനു ബംഗ്ലാദേശ് ക്രിക്കറ്റിന്റെ അനുമതി ലഭിയ്ക്കാത്തതാണ് കാരണം. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് താരത്തിനുള്ള എന്‍ഒസി കൊടുക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. ലോകകപ്പ് ആസന്നമായ സാഹചര്യത്തില്‍ താരത്തിന്റെ ഫിറ്റ്നെസില്‍ മുമ്പും വീഴ്ച പറ്റിയതിനാലാണ് ഈ തീരുമാനം.

കഴിഞ്ഞ സീസണില്‍ ഐപിഎലിനിടെ പരിക്കേറ്റ് താരത്തിനു ഏറെ നാള്‍ പുറത്തിരിക്കേണ്ടി വന്നിരുന്നു. 2016ല്‍ ഹൈദ്രാബാദിന്റെ കപ്പ് നേടിയ ടീമിലംഗമായിരുന്ന മുസ്തഫിസുറിനെ കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കുകയായിരുന്നു.

അതേ സമയം 9 താരങ്ങള്‍ക്ക് ബംഗ്ലാദേശ് ലേലത്തില്‍ പങ്കെടുക്കുവാന്‍ അനുമതി നല്‍കിയിട്ടുണ്ട്. തമീം ഇക്ബാല്‍, മുഷ്ഫിക്കുര്‍ റഹിം, മഹമ്മദുള്ള, സൗമ്യ സര്‍ക്കാര്‍, ലിറ്റണ്‍ ദാസ്, നയീം ഹസന്‍, ഇമ്രുല്‍ കൈസ്, അബു ഹൈദര്‍, സബ്ബിര്‍ റഹ്മാന്‍ എന്നിവരാണ് അവര്‍.

ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തി മുസ്തഫിസുര്‍ റഹ്മാന്‍, ബംഗ്ലാദേശിനെ മഹമ്മദുള്ള നയിക്കും

വിന്‍ഡീസ് പരമ്പരയില്‍ നിന്ന് പരിക്ക് മൂലം വിട്ട് നിന്ന മുസ്തഫിസുര്‍ റഹ്മാന്‍ സിംബാബ്‍വേയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ ഇടം പിടിച്ചു. കരീബിയന്‍ ടൂറില്‍ നിന്നുള്ള ടീമില്‍ ഇതുള്‍പ്പെടെ അഞ്ച് മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളത്. ആരിഫുള്‍ ഹക്ക്, മുഹമ്മദ് മിഥുന്‍, ഖാലിദ് അഹമ്മദ്, നസ്മുള്‍ ഇസ്ലാം എന്നിവര്‍ ആദ്യമായി ടെസ്റ്റ് ടീമിലേക്ക് ഇടം ലഭിയ്ക്കുകയായിരുന്നു.

മുസ്തഫിസുര്‍ വിന്‍ഡീസ് ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ സ്റ്റാന്‍ഡ് ബൈ ആയി ഇടം പിടിച്ചിരുന്നുവെങ്കിലും ഐപിഎലിനിടെയേറ്റ പരിക്ക് താരത്തിന്റെ അവസരം നഷ്ടമാക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ശ്രീലങ്കയ്ക്കെതിരെയാണ് താരം അവസാനമായി ടെസ്റ്റ് കളിച്ചത്.

ഷാക്കിബിന്റെ അഭാവത്തില്‍ ബംഗ്ലാദേശിനെ ടെസ്റ്റില്‍ മഹമ്മദുള്ളയാണ് നയിക്കുക.

ബംഗ്ലാദേശ്: മഹമ്മദുള്ള, ഇമ്രുല്‍ കൈസ്, ലിറ്റണ്‍ ദാസ്, മോമിനുള്‍ ഹക്ക്, നസ്മുള്‍ ഹൊസൈന്‍, മുഷ്ഫിക്കുര്‍ റഹിം, ആരിഫുള്‍ ഹക്ക്, മെഹ്ദി ഹസന്‍, തൈജുള്‍ ഇസ്ലാം, അബു ജയേദ്, ഷൈഫുള്‍ ഇസ്ലാം, മുസ്തഫിസുര്‍ റഹ്മാന്‍, മുഹമ്മദ് മിഥുന്‍, നസ്മുള്‍ ഇസ്ലാം, ഖാലിദ് അഹമ്മദ്.

പൊരുതി നോക്കി ഇമാം-ഉള്‍-ഹക്ക്, പക്ഷേ പാക്കിസ്ഥാനു ഫൈനലിലെത്തിക്കാനായില്ല

തകര്‍ന്നടിഞ്ഞ പാക് ബാറ്റിംഗ് നിരയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്ന് ഇമാം-ഉള്‍-ഹക്ക് 83 റണ്‍സ് നേടിയെങ്കിലും ടീമിനെ ഫൈനലിലേക്ക് എത്തിക്കാന്‍ താരത്തിനു കഴിയാതെ പോയതോടെ ഏഷ്യ കപ്പ് ഫൈനലില്‍ ഇന്ത്യ-ബംഗ്ലാദേശ് പോരാട്ടം. 50 ഓവറില്‍ പാക്കിസ്ഥാന്‍ ഇന്നിംഗ്സ് 202 റണ്‍സില്‍ ഒതുങ്ങിയപ്പോള്‍ 37 റണ്‍സിന്റെ ജയമാണ് ബംഗ്ലാദേശ് മത്സരത്തില്‍ സ്വന്തമാക്കിയത്. 9 വിക്കറ്റുകളാണ് പാക്കിസ്ഥാനു നഷ്ടമായത്.

239 റണ്‍സിനു ബംഗ്ലാദേശിനെ പുറത്താക്കി ലക്ഷ്യം നേടുവാനിങ്ങിയ പാക്കിസ്ഥാനു ഞെട്ടിക്കുന്ന തുടക്കമാണ് മത്സരത്തില്‍ ലഭിച്ചത്. 18/3 എന്ന നിലയിലേക്ക് തകര്‍ന്ന പാക്കിസ്ഥാനെ ഇമാമും ഷൊയ്ബ് മാലിക്കും ചേര്‍ന്ന് നേടിയ 67 റണ്‍സിന്റെ ബലത്തില്‍ വീണ്ടും ട്രാക്കിലാക്കുമെന്ന് കരുതിയെങ്കിലും മാലിക്കിനെയും(30) ഷദബ് ഖാനെയും ഏതാനും ഓവറുകള്‍ക്കിടെ നഷ്ടമായി പാക്കിസ്ഥാന്‍ 94/5 എന്ന നിലയിലാകുകയായിരുന്നു.

പിന്നീട് മെല്ലെയെങ്കിലും ചെറിയ ലക്ഷ്യത്തിനോട് അടുത്തെത്തുവാന്‍ ഇമാം-ഉള്‍-ഹക്കും ആസിഫ് അലിയും ചേര്‍ന്ന് പാക്കിസ്ഥാനെ മുന്നോട്ട് നയിക്കുകയായിരുന്നു. 40ാം ഓവറില്‍ 31 റണ്‍സെടുത്ത മെഹ്ദി ഹസനെ നഷ്ടമാകുമ്പോള്‍ പാക്കിസ്ഥാന്‍ ലക്ഷ്യത്തിനു 75 റണ്‍സ് അകലെയായിരുന്നു.

മഹമ്മദുള്ള എറിഞ്ഞ തൊട്ടടുത്ത ഓവറില്‍ ഇമാം-ഉള്‍-ഹക്കും പുറത്തായതോടെ പാക്കിസ്ഥാന്‍ മത്സരത്തിലെ പ്രതീക്ഷകള്‍ കൈവിടുകയായിരുന്നു. ഇരു താരങ്ങളും സ്റ്റംപിംഗിലൂടെയാണ് പുറത്തായത്. ഇമാം-ഉള്‍-ഹക്ക് കൂടി പുറത്തായതോടെ പാക്കിസ്ഥാന്‍ വാലറ്റത്തെ വീണ്ടും ബൗളിംഗിനായി എത്തിയ മുസ്തഫിസുര്‍ റഹ്മാന്‍ തുടച്ച് നീക്കുകയായിരുന്നു.

മത്സരത്തില്‍ നിന്ന് മുസ്തഫിസുര്‍ റഹ്മാന്‍ നാലും മെഹ്ദി ഹസന്‍ രണ്ടും റൂബല്‍ ഹൊസൈന്‍, മഹമ്മദുള്ള, സൗമ്യ സര്‍ക്കാര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

3 റണ്‍സ് ജയം നേടി ബംഗ്ലാദേശ്, ഏഷ്യ കപ്പില്‍ നിന്ന് പുറത്തായി അഫ്ഗാനിസ്ഥാന്‍

ബംഗ്ലാദേശിനോട് 3 റണ്‍സ് തോല്‍വി വഴങ്ങി അഫ്ഗാനിസ്ഥാന്‍. 250 റണ്‍സ് വിജയത്തിനായി നേടേണ്ടിയിരുന്ന അഫ്ഗാനിസ്ഥാനു 4 വിക്കറ്റ് കൈവശമുള്ളപ്പോള്‍ അവസാന ഓവറില്‍ 8 റണ്‍സാണ് നേടേണ്ടിയിരുന്നതെങ്കില്‍ 4 റണ്‍സ് മാത്രമേ ടീമിനു നേടാനായുള്ളു. അവസാന ഓവര്‍ എറിഞ്ഞ മുസ്തഫിസുര്‍ റഹ്മാന്‍ റഷീദ് ഖാനെ പുറത്താക്കി മത്സരം ബംഗ്ലാദേശിന്റെ പക്ഷത്തേക്ക് മാറ്റുകയായിരുന്നു. സൂപ്പര്‍ ഫോറിലെ രണ്ട് മത്സരങ്ങളും വിജയത്തിനടുത്തെത്തി പരാജയപ്പെട്ടതോടെ അഫ്ഗാനിസ്ഥാന്‍ ഏഷ്യ കപ്പില്‍ നിന്ന് പുറത്തായി.

മുഹമ്മദ് ഷെഹ്സാദും ഹസ്മത്തുള്ള ഷഹീദിയും അര്‍ദ്ധ ശതകങ്ങള്‍ നേടിയപ്പോള്‍ അസ്ഗര്‍ അഫ്ഗാനും(39) മുഹമ്മദ് നബിയും(38) ടീമിനെ വിജയത്തിലരികിലേക്ക് നയിച്ചുവെങ്കിലും അവസാന നിമിഷം ടീമിനു കാലിടറുകയായിരുന്നു. 71 റണ്‍സാണ് ഹസ്മത്തുള്ള ഷഹീദി നേടിയത്. 53 റണ്‍സ് നേടി മുഹമ്മദ് ഷെഹ്സാദും പുറത്തായ ശേഷം ഒരു ഘട്ടത്തില്‍ റണ്‍ റേറ്റുയര്‍ന്നുവെങ്കിലും അഫ്ഗാനിസ്ഥാന്‍ ബാറ്റ്സ്മാന്മാര്‍ പൊരുതി ബംഗ്ലാദേശ് സ്കോറിനു അടുത്തെത്തുകയായിരുന്നു. സമിയുള്ള ഷെന്‍വാരി പുറത്താകാതെ 23 റണ്‍സ് നേടി പുറത്താകാതെ നിന്നു.

ബംഗ്ലാദേശിനു വേണ്ടി മുസ്തഫിസുര്‍ റഹ്മാന്‍ , മഷ്റഫേ മൊര്‍തസ എന്നിവര്‍ രണ്ട് വിക്കറ്റും മഹമ്മദുള്ള, ഷാക്കിബ് അല്‍ ഹസന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Exit mobile version