55 റണ്‍സ് വിജയവുമായി രാജസ്ഥാന്‍ റോയല്‍സ്, മൂന്ന് വീതം വിക്കറ്റുമായി ക്രിസ് മോറിസും മുസ്തഫിസുര്‍ റഹ്മാനും

ഐപിഎലില്‍ 55 റണ്‍സിന്റെ മികച്ച വിജയവുമായി രാജസ്ഥാന്‍ റോയല്‍സ്. 31 റണ്‍സ് നേടിയ മനീഷ് പാണ്ടേയും 30 റണ്‍സ് നേടിയ ജോണി ബൈര്‍സ്റ്റോയും മാത്രം തിളങ്ങിയപ്പോള്‍ കെയിന്‍ വില്യംസണ്‍ 20 റണ്‍സ് നേടി.

പവര്‍പ്ലേയില്‍ മികച്ച തുടക്കം ജോണി ബൈര്‍സ്റ്റോയും മനീഷ് പാണ്ടേയും നല്‍കിയെങ്കിലും പിന്നീട് തുടരെ വിക്കറ്റുകള്‍ വീണത് ടീമിന് തിരിച്ചടിയായി മാറുകയായിരുന്നു. മുസ്തഫിസുര്‍ മനീഷിനെ പുറത്താക്കിയാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്.

5 പന്തില്‍ 17 റണ്‍സ് നേടിയ മുഹമ്മദ് നബി മാത്രമാണ് പിന്നെ പൊരുതി നോക്കിയ മറ്റൊരു താരം. മൂന്ന് വീതം വിക്കറ്റുമായി ക്രിസ് മോറിസും മുസ്തഫിസുര്‍ റഹ്മാനുമാണ് രാജസ്ഥാന് വേണ്ടി മികച്ച ബൗളിംഗ് പുറത്തെടുത്തത്.

 

ഡല്‍ഹി ടോപ് ഓര്‍ഡറിന്റെ നടുവൊടിച്ച് ജയ്ദേവ് ഉനഡ്കട്, പൊരുതി നിന്നത് ഋഷഭ് പന്ത് മാത്രം

രാജസ്ഥാന്‍ റോയല്‍സിനെതിരെ ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സിന് ബാറ്റിംഗ് തകര്‍ച്ച. കഴിഞ്ഞ മത്സരത്തിലെ ഹീറോകളായി പൃഥ്വി ഷായെയും ശിഖര്‍ ധവാനെയും വീഴ്ത്തിയ ജയ്ദേവ് ഉനഡ്കട് പവര്‍പ്ലേയ്ക്കുള്ളില്‍ അജിങ്ക്യ രഹാനെയെയും വീഴ്ത്തിയപ്പോള്‍ 36/3 എന്ന നിലയിലേക്ക് ഡല്‍ഹി വീണു. തൊട്ടടുത്ത ഓവറില്‍ മുസ്തഫിസുര്‍ മാര്‍ക്കസ് സ്റ്റോയിനിസിനെയും പുറത്താക്കിയപ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സ് 37/4 എന്ന സ്ഥിതിയില്‍ പരുങ്ങലിലായി.

പിന്നീട് ഋഷഭ് പന്തും ലളിത് യാദവും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 51 റണ്‍സ് നേടിയെങ്കിലും മികച്ചൊരു ഫീല്‍ഡിംഗിലൂടെ റിയാന്‍ പരാഗ് പന്തിനെ റണ്ണൗട്ടാക്കുകയായിരുന്നു. 32 പന്തില്‍ 51 റണ്‍സാണ് പന്ത് നേടിയത്.

Rishabhpant

അധികം വൈകാതെ 20 റണ്‍സ് നേടിയ ലളിത് യാദവിന്റെ വിക്കറ്റ് ക്രിസ് മോറിസ് വീഴ്ത്തുകയായിരുന്നു. മികച്ച ക്യാച്ച് പൂര്‍ത്തിയാക്കിയ രാഹുല്‍ തെവാത്തിയ ആണ് മോറിസിന് ഈ വിക്കറ്റ് സാധ്യമാക്കിയത്. ആറാം വിക്കറ്റ് വീഴുമ്പോള്‍ 14.5 ഓവറില്‍ 100/6 എന്ന നിലയിലായിരുന്നു ഡല്‍ഹി ക്യാപിറ്റല്‍സ്.

പിന്നീട് ഇംഗ്ലണ്ട് താരങ്ങളായ ടോം കറനും ക്രിസ് വോക്സും ഏഴാം വിക്കറ്റില്‍ നേടിയ 28 റണ്‍സാണ് അവസാന ഓവറുകളില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സിലേക്ക് എത്തുവാന്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ സഹായിച്ചത്. ടോം കറനെ(17) വീഴ്ത്തി മുസ്തഫിസുര്‍ ആണ് കൂട്ടുകെട്ട് തകര്‍ത്തത്.

മത്സരത്തില്‍ ഉനഡ്കട് മൂന്നും മുസ്തഫിസുര്‍ റഹ്മാന്‍ രണ്ടും വിക്കറ്റാണ് രാജസ്ഥാന് വേണ്ടി നേടിയത്. ക്രിസ് വോക്സ് 15 റണ്‍സും കാഗിസോ റബാഡ 4 പന്തില്‍ 9 റണ്‍സും നേടി പുറത്താകാതെ നിന്നു.

 

മുസ്തഫിസുര്‍ റഹ്മാന് രാജസ്ഥാന്റെ ആദ്യ മത്സരം നഷ്ടമാകും

ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്മാന് ഐപിഎലിലെ രാജസ്ഥാന്‍ റോയല്‍സിന്റെ ആദ്യ മത്സരം നഷ്ടമാകും. ഏപ്രില്‍ 12ന് പഞ്ചാബ് കിംഗ്സിനെതിരെയാണ് രാജസ്ഥാന്റെ ആദ്യ മത്സരം. ഇപ്പോള്‍ ന്യൂസിലാണ്ടില്‍ ഏകദിന ടി20 പര്യടനം കളിച്ച് നില്‍ക്കുന്ന താരം ഏപ്രില്‍ 4ന് ബംഗ്ലാദേശിലേക്ക് യാത്രയാകുമെന്നാണ് അറിയുന്നത്.

താരം തൊട്ടടുത്ത ദിവസം ഫ്ലൈറ്റ് പിടിച്ച് ഇന്ത്യയിലെത്തിയാലും ഏഴ് ദിവസത്തെ ക്വാറന്റീന്‍ നില്‍ക്കണണെന്നതിനാല്‍ തന്നെ ഏപ്രില്‍ 12ലെ മത്സരത്തിന് മുമ്പ് രാജസ്ഥാന്‍ ക്യാമ്പില്‍ എത്തുവാന്‍ സാധിക്കില്ലെന്നാണ് അറിയുന്നത്.

ഏപ്രില്‍ 15ന് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയാണ് രാജസ്ഥാന്റെ രണ്ടാമത്തെ മത്സരം. അടിസ്ഥാന വിലയായ ഒരു കോടി നല്‍കിയാണ് താരത്തെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്.

IPL 2021 :രാജസ്ഥാന്‍ റോയല്‍സിന് ആശ്വാസം, മുസ്തഫിസുര്‍ റഹ്മാന് ഐപിഎല്‍ കളിക്കുവാന്‍ അനുമതി

ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്മാന് ഐപിഎല്‍ കളിക്കുവാനുള്ള നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. താരത്തിനെ 2021 ഐപിഎല്‍ ലേലത്തില്‍ അടിസ്ഥാന വിലയായ ഒരു കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സ് ആണ് സ്വന്തമാക്കിയത്.

ശ്രീലങ്കയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ താരത്തിനെ പരിഗണിക്കാത്തതിനാല്‍ തന്നെ മുസ്തഫിസുര്‍ ഐപിഎല്‍ കളിക്കുന്നതാവും താരത്തിനും ബംഗ്ലാദേശിനും ഗുണം എന്ന ബോര്‍ഡ് കരുതുന്നതായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ചീഫ് സെലക്ടര്‍ മിന്‍ഹാജുല്‍ അബേദിന്‍ വ്യക്തമാക്കി.

2021 ടി20 ലോകകപ്പ് ഇന്ത്യയില്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്നതിനാല്‍ മുസ്തഫിസുറിന് ഐപിഎല്‍ കളിക്കുന്നത് ഗുണകരമാകുമെന്നാണ് ബോര്‍ഡിന്റെ വിലയിരുത്തല്‍.

കൂറ്റന്‍ സ്കോര്‍ പിന്തുടര്‍ന്നിറങ്ങിയ വിന്‍ഡീസിന് രണ്ട് വിക്കറ്റ് നഷ്ടം

മെഹ്ദി ഹസന്റെ ശതകത്തിന്റെ ബലത്തില്‍ ബംഗ്ലാദേശ് നേടിയ 430 റണ്‍സെന്ന വലിയ സ്കോര്‍ പിന്തുടര്‍ന്നിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ 75/2 എന്ന നിലയില്‍. ജോണ്‍ കാംപെല്ലിന്റെയും ഷെയിന്‍ മോസെല്ലിയുടെയും വിക്കറ്റുകള്‍ ചുരുങ്ങിയ സ്കോറിന് നഷ്ടമായ സന്ദര്‍ശകര്‍ ഒരു ഘട്ടത്തില്‍ 24/2 എന്ന നിലയിലായിരുന്നു. മുസ്തഫിസുര്‍ റഹ്മാന്‍ ആണ് ഇരു വിക്കറ്റുകളും വീഴ്ത്തിയത്.

പിന്നീട് ഓപ്പണര്‍ ക്രെയിഗ് ബ്രാത്‍വൈറ്റും ക്രുമാ ബോണ്ണറും ചേര്‍ന്നാണ് വിന്‍ഡീസിനെ കൂടുതല്‍ നഷ്ടമില്ലാതെ രണ്ടാം ദിവസം അവസാനിപ്പിക്കുവാന്‍ സഹായിച്ചത്. ക്രെയിഗ് 49 റണ്‍സും ക്രുമാ ബോണ്ണര്‍ 17 റണ്‍സുമാണ് നേടിയിട്ടുള്ളത്. 51 റണ്‍സ് ഇവര്‍ മൂന്നാം വിക്കറ്റില്‍ കൂട്ടിചേര്‍ത്തിട്ടുണ്ട്.

ഐപിഎല്‍ കളിക്കുവാന്‍ ബംഗ്ലാദേശ് താരത്തിന് അനുമതിയില്ല

ഐപിഎല്‍ കളിക്കുവാന്‍ ബംഗ്ലാദേശ് താരം മുസ്തഫിസുര്‍ റഹ്മാന് അനുമതി നല്‍കാതെ ബംഗ്ലാദേശ് ബോര്‍ഡ്. താരത്തെ മുംബൈ ഇന്ത്യന്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും സമീപിച്ചുവെങ്കിലും ദേശീയ ടീമിനൊപ്പം മത്സരങ്ങളുള്ളതിനാല്‍ തന്നെ ഐപിഎല്‍ കളിക്കുവാന്‍ അനുമതി പത്രം നല്‍കാതെ ബോര്‍ഡ് നിലപാട് കഠിപ്പിക്കുകയായിരുന്നു.

കൊല്‍ക്കത്ത ഹാരി ഗുര്‍ണേയ്ക്ക് പകരവും മുംബൈ ഇന്ത്യന്‍സ് ലസിത് മലിംഗയ്ക്കും പകരമാണ് താരത്തെ സമീപിച്ചത്. പിന്നീട് മുംബൈ ജെയിംസ് പാറ്റിന്‍സണുമായി കരാറിലെത്തുകയായിരുന്നു. ഒക്ടോബര്‍ 24ന് ശ്രീലങ്കയും ബംഗ്ലാദേശുമായുള്ള ടെസ്റ്റ് പരമ്പര ആരംഭിക്കുമെന്നതിനാലാണ് ഐപിഎല്‍ കളിക്കുവാനുള്ള അനുമതി നല്‍കേണ്ടെന്ന് ബോര്‍ഡ് തീരുമാനിച്ചതെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഓപ്പറേഷന്‍സ് ചെയര്‍മാന്‍ അക്രം ഖാന്‍ വെളിപ്പെടുത്തി.

 

ഈ വര്‍ഷം കരീബിയന്‍ പ്രീമിയര്‍ ലീഗ് കളിക്കാനില്ലെന്ന് തീരുമാനിച്ച് തമീം ഇക്ബാലും മറ്റു രണ്ട് ബംഗ്ലാദേശ് താരങ്ങളും

ഈ വര്‍ഷം കരീബിയന്‍ പ്രീമിയര്‍ ലീഗിലേക്ക് ഇല്ലെന്ന് തീരുമാനിച്ച് ബംഗ്ലാദേശ് താരങ്ങളായ തമീം ഇക്ബാല്‍, മഹമ്മദുള്ള, മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവര്‍. ഓഗസ്റ്റ് 18ന് ആണ് കരീബിയന്‍ പ്രീമിയര്‍ ലീഗ് ആരംഭിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നത്. ആറ് ദ്വീപുകളിലായി നടക്കേണ്ടിയിരുന്ന ടൂര്‍ണ്ണമെന്റ് ഈ വര്‍ഷം ട്രിനിഡാഡില്‍ മാത്രമാവും നടക്കുക. കൊറോണ കാരണമാണ് ഈ തീരുമാനം.

ധാക്ക പ്രീമിയര്‍ ലീഗില്‍ കളിക്കുവാന്‍ വേണ്ടിയാണ് തമീം ഈ വര്‍ഷം ടൂര്‍ണ്ണമെന്റില്‍ നിന്ന് വിട്ട് നില്‍ക്കുവാന്‍ തീരുമാനിച്ചതിന് കാരണമെങ്കില്‍ വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് മഹമ്മദുള്ള പിന്മാറിയത്. അന്താരാഷ്ട്ര ക്രിക്കറ്റ് എന്നാരംഭിക്കുമെന്നതില്‍ വ്യക്തതയില്ലാത്തതിനാലും ബംഗ്ലാദേശിന് വേണ്ടി കളിക്കുന്നതാണ് കൂടുതല്‍ താല്പര്യമെന്നുമുള്ളതിനാലാണ് താന്‍ അവസരം നിരസിച്ചതെന്ന് മുസ്തഫിസുര്‍ വ്യക്തമാക്കി.

ടീമുകള്‍ തങ്ങളെ സമീപിച്ചിപ്പോള്‍ അസൗകര്യം അറിയിക്കുകയാണെന്നാണ് താരങ്ങള്‍ വ്യക്തമാക്കിയത്. ഇതില്‍ തമീമും മഹമ്മദുള്ളയും മുമ്പും കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കളിച്ചിരുന്നു. താന്‍ കരാറിലെത്തുവാന്‍ ഏറെ അടുത്തിരുന്നുവെന്നും തനിക്ക് ഏറെ ഗുണകരമാകുന്ന കരാറായിരുന്നു അതെങ്കിലും വീട്ടുകാര്‍ ഈ സമയത്ത് യാത്ര ചെയ്യുന്നതില്‍ അസംതൃപ്തി പ്രകടിപ്പിച്ചതോടെ താന്‍ കരാര്‍ വേണ്ടെന്ന് വയ്ക്കുകയായിരുന്നുവെന്ന് മഹമ്മദുള്ള വ്യക്തമാക്കി.

തനിക്ക് മൂന്ന് ഫോര്‍മാറ്റിലും കളിക്കണം, അല്ലാതെ ഉയരുന്ന വാര്‍ത്തകള്‍ അസത്യം – മുസ്തഫിസുര്‍ റഹ്മാന്‍

ബംഗ്ലാദേശിന്റെ എക്കാലത്തെയും മികച്ച പേസര്‍ എന്ന നിലയില്‍ നിന്ന് ടെസ്റ്റ് ക്രിക്കറ്റ് കരാര്‍ നഷ്ടമാകുന്ന നിലയിലേക്ക് വീണ ഒരു താരമാണ് മുസ്തഫിസുര്‍ റഹ്മാന്‍. എന്നാല്‍ താന്‍ തന്റെ ടെസ്റ്റ് മോഹങ്ങള്‍ അവസാനിപ്പിച്ചിട്ടില്ലെന്നും ഇത്തരത്തില്‍ വരുന്ന വാര്‍ത്തകള്‍ അസത്യമാണെന്നും വ്യക്തമാക്കുകയായിരുന്നു മുസ്തഫിസുര്‍.

തനിക്ക് മൂന്ന് ഫോര്‍മാറ്റിലും കളിക്കണമെന്നും അതല്ല താന്‍ വൈറ്റ് ബോള്‍ ക്രിക്കറ്റ് മാത്രമേ കളിക്കുവാന്‍ ആഗ്രഹിക്കുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ അസത്യമാണെന്നും താരം സൂചിപ്പിച്ചു. മൂന്ന് ഫോര്‍മാറ്റിലും മികച്ച ബൗളര്‍ ആണെങ്കില്‍ മാത്രമേ ഒരു ബൗളറെ മികവാര്‍ന്നതെന്ന് വിളിക്കാവൂ എന്നാണ തന്റെ അഭിപ്രായമെന്നും റഹ്മാന്‍ വ്യക്തമാക്കി.

ഒരു ദിവസത്തില്‍ അവസാനിക്കുന്ന മത്സരത്തെയാണ് താന്‍ കൂടുതല്‍ സ്വാഗതം ചെയ്യുന്നതെന്നും സമ്മര്‍ദ്ദം ഒരു ദിവസത്തില്‍ അവസാനിക്കുന്നു എന്നത് കൊണ്ടാണെന്നും ഇത്തരം ഒരു താല്പര്യമെന്നും മുസ്തഫിസുര്‍ വ്യക്തമാക്കി. എന്നാല്‍ ഇതിനര്‍ത്ഥം തനിക്ക് ടെസ്റ്റ് കളിക്കാന്‍ ആഗ്രഹമില്ലെന്നല്ലെന്നും താരം അഭിപ്രായപ്പെട്ടു.

മുസ്തഫിസുര്‍ റഹ്മാന് ടെസ്റ്റ് ക്രിക്കറ്റില്‍ ഇനിയും റോളുണ്ട് – ഓടിസ് ഗിബ്സണ്‍

ബംഗ്ലാദേശ് മുന്‍ നിര പേസര്‍ മുസ്തഫിസുര്‍ റഹ്മാന്‍ തന്റെ പ്രതാപകാലത്തിന്റെ ഏഴയലത്തല്ലെങ്കിലും താരത്തിന് ഇപ്പോളും ടെസ്റ്റ് ക്രിക്കറ്റില്‍ വലിയ റോളുണ്ടെന്ന് പറഞ്ഞ് ബംഗ്ലാദേശ് പേസ് ബൗളിംഗ് കോച്ച് ഓടിസ് ഗിബ്സണ്‍. താരത്തിനെ ടെസ്റ്റ് കേന്ദ്ര കരാറില്‍ നിന്ന് ഈ അടുത്ത് പുറത്താക്കിയിരുന്നു. ഇന്ത്യയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ ടീമില്‍ ഇടം ലഭിക്കാതരുന്ന മുസ്തഫിസുറിനെ ഫെബ്രുവരിയില്‍ പാക്കിസ്ഥാനെതിരെയുള്ള റാവല്‍പിണ്ടി ടെസ്റ്റ് സ്ക്വാഡില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു.

മുഖ്യ കോച്ച് റസ്സല്‍ ഡൊമിംഗോ പറയുന്നത് താരം ടെക്നിക്ക് മെച്ചപ്പെടുത്തിയാല്‍ മാത്രമേ ഇനി ടീമിലേക്ക് തിരികെ എത്തുവാനാകൂ എന്നാണ്. മുസ്തഫിസുറിന് ഭാഗികമായ വൈറ്റ് ബോള്‍ ക്രിക്കറ്റ് കരാര്‍ മാത്രമാണ് ബോര്‍ഡ് ഇപ്പോള്‍ നല്‍കിയിട്ടുള്ളത്. 2015ല്‍ തന്റെ ടെസ്റ്റ് അരങ്ങേറ്റം ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടത്തിയ ശേഷം ഇതുവരെ 13 ടെസ്റ്റുകള്‍ മാത്രമാണ് താരം കളിച്ചിട്ടുള്ളത്. അതില്‍ നിന്ന് നേടിയത് 28 വിക്കറ്റും. പരിമിത ഓവര്‍ ക്രിക്കറ്റില്‍ മികച്ച പ്രഭാവം ഉണ്ടാക്കിയ താരത്തിന് എന്നാല്‍ ടെസ്റ്റില്‍ നിറം മങ്ങിയ പ്രകടനം മാത്രമാണ് പുറത്തെടുക്കാനായിട്ടുള്ളത്.

ചാള്‍ ലാംഗെവെല്‍ഡടിന് പകരം ബൗളിംഗ് കോച്ചായി എത്തിയ ഗിബ്സണ്‍ പറയുന്നത് മുസ്തഫിസുറിന് ഇനിയും ടെസ്റ്റില്‍ പ്രഭാവം ഉണ്ടാക്കുവാനാകും എന്നാണ്. താരം കൂടുതല്‍ വൈറ്റ് ബോള്‍ ക്രിക്കറ്റ് കളിച്ചതിനാല്‍ ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള മെന്‍ഡ്സെറ്റ് സൃഷ്ടിക്കുകയാണ് പ്രധാനം എന്ന് ഗിബ്സണ്‍ പറഞ്ഞു. രണ്ട് തരം മൈന്‍ഡ്സെറ്റ് സൃഷ്ടിച്ചെടുക്കുകയാണ് താരം ആദ്യം ചെയ്യേണ്ടതെന്നും ഗിബ്സണ്‍ വ്യക്തമാക്കി.

ടെസ്റ്റില്‍ ലൈനിനും ലെംഗ്ത്തിനും ഓവറുകളോളം പ്രാധാന്യം കൊടുക്കേണ്ടതുണ്ട്, എന്നാല്‍ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ അപ്രവചനീയതയ്ക്കാണ് കൂടുതല്‍ പ്രാധാന്യമെന്നും ഗിബ്സണ്‍ വ്യക്തമാക്കി. ഈ രണ്ട് കാര്യത്തിലേക്ക് മുസ്തഫിസുര്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്ന് ഗിബ്സണ്‍ പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പ് താരത്തെ ബംഗ്ലാദേശിന്റെ ഏറ്റവും മികച്ച പേസറെന്നാണ് വിലയിരുത്തപ്പെട്ടതെന്ന് ആരും മറക്കേണ്ടതില്ലെന്നും ഗിബ്സ്ണ്‍ വ്യക്തമാക്കി.

ടെസ്റ്റ് കരാര്‍ ഇല്ലാത്തത് തനിക്ക് ഗുണം ചെയ്യും – മുസ്തഫിസുര്‍ റഹ്മാന്‍

ഒരു കാലത്ത് ബംഗ്ലാദേശിന്റെ ഏറ്റവും മികച്ച പേസറായി വിലയിരുത്തപ്പെട്ട താരമായിരുന്നു മുസ്തഫിസുര്‍ റഹ്മാന്‍ എങ്കിലും ഇന്ന് ടെസ്റ്റ് കരാര്‍ ഇല്ലാതെയാണ് താരം നില്‍ക്കുന്നത്. എന്നാല്‍ അത് തനിക്ക് ഗുണം ചെയ്യുമെന്നാണ് കരുതുന്നതെന്ന് മുസ്തഫിസുര്‍ അഭിപ്രായപ്പെ്ടടു. ഇപ്പോള്‍ താരത്തെ ബി വിഭാഗം കരാറിലേക്ക് തരം താഴ്ത്തുകയായിരുന്നു. താരം മാര്‍ച്ച് 2019ല്‍ ന്യൂസിലാണ്ടിലാണ് അവസാനമായി ഒരു ടെസ്റ്റ് കളിച്ചത്.

താന്‍ ഏറെ മെച്ചപ്പെടുവാനുണ്ടെന്ന് തനിക്ക് മനസ്സിലാക്കുവാന്‍ ഈ സംഭവം സഹായിച്ചുവെന്നാണ് മുസ്തഫിസര്‍ പറയുന്നത്. തന്റെ ഇപ്പോളത്തെ നിലവാരം വെച്ച് തനിക്ക് വീണ്ടും ദേശീയ ടീമിലേക്ക് സ്ഥാനമില്ലെന്നത് മനസ്സിലാക്കുവാനായതില്‍ തനിക്ക് ഇനി മെച്ചപ്പെടുവാന്‍ സഹായിക്കുമെന്നും റഹ്മാന്‍ വിശദമാക്കി.

മൂന്ന് ഫോര്‍മാറ്റുകളിലും കളിക്കുവാനായി താന്‍ മെച്ചപ്പെടുക എന്നതാണ് ഇനി ചെയ്യാനുള്ളതെന്നും അതിനായി താന്‍ തീവ്രമായി ശ്രമിക്കുമെന്നും മുസ്തഫിസുര്‍ വ്യക്തമാക്കി.

ഐപിഎല്‍ ലേലത്തില്‍ മുസ്തഫിസുറിന് പങ്കെടുക്കുവാന്‍ അനുമതി നല്‍കി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്

ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്മാനെ ഐപിഎല്‍ ലേലത്തില്‍ പങ്കെടുക്കുവാന്‍ അനുമതി നല്‍കി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. താരത്തിനെ കഴിഞ്ഞ ജൂലൈയില്‍ വിദേശ ടി20 ലീഗുകളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് വിലക്കിയിരുന്നു. താരത്തിന്റെ പരിക്കിന്റെ സാധ്യതകള്‍ വളരെ അധികം ആയതിനാലായിരുന്നു ഈ തീരുമാനം. എന്നാല്‍ ഇപ്പോള്‍ താരത്തിന്റെ ഫോം വീണ്ടെടുക്കുന്നതിനായിട്ടാണ് ലേലത്തില്‍ പങ്കെടുക്കുവാന്‍ ബോര്‍ഡ് അവസരം നല്‍കിയത്.

ഡിസംബര്‍ 19ന് നടക്കുന്ന ലേലത്തില്‍ ബംഗ്ലാദേശില്‍ നിന്ന് ആറ് താരങ്ങളാണുള്ളത്. തമീം ഇക്ബാല്‍, മെഹ്ദി ഹസന്‍, സൗമ്യ സര്‍ക്കാര്‍, മഹമ്മദുള്ള, ടാസ്കിന്‍ അഹമ്മദ് എന്നിവരാണ് മുസ്തഫിസുര്‍ റഹ്മാന് പുറമെ ലേലത്തില്‍ പങ്കെടുക്കുന്നവര്‍.

നിര്‍ണ്ണായക മത്സരത്തിന് മുമ്പ് ബംഗ്ലാദേശിന് തലവേദനയായി പരിക്ക്

ഇന്ത്യയ്ക്കെതിരെ ടി20 പരമ്പരയിലെ അവസാനത്തെയും നിര്‍ണ്ണായകവുമായ നാഗ്പൂര്‍ മത്സരത്തിന് മുമ്പ് ബംഗ്ലാദേശിന് വിനയായി പരിക്ക്. ബംഗ്ലാദേശ് നിരയില്‍ മൊസ്ദേക്ക് ഹൊസൈനും മുസ്തഫിസുര്‍ റഹ്മാനും ഇന്നത്തെ മത്സരത്തില്‍ കളിക്കുന്നത് സംശയത്തിലാണെന്നാണ് അറിയുവാന്‍ കഴിയുന്നത്. ഇരു താരങ്ങളും ഇന്നലെ പരിശീലനത്തിന് ഇറങ്ങിയിരുന്നില്ല. ഇരു താരങ്ങളും മൂന്നാം ടി20യില്‍ കളിക്കില്ലെന്ന് തന്നെയാണ് ലഭിയ്ക്കുന്ന വിവരം. നാഗ്പൂരിലെ പിച്ച് സ്പിന്നര്‍മാരെ പിന്തുണയ്ക്കുമെന്നതും ആദ്യ മത്സരത്തില്‍ കാര്യമായ പ്രകടനം പുറത്തെടുക്കുവാന്‍ മുസ്തഫിസുറിന് കഴിയാത്തതും താരത്തിന് പകരം ഒരു സ്പിന്നറെ കളിപ്പിക്കുവാനുള്ള അവസരം ബംഗ്ലാദേശിന് ഈ പരിക്ക് നല്‍കുന്നുണ്ട്.

ഇന്ത്യയിലെ ആദ്യത്തെ ടി20 പരമ്പര വിജയമാണ് നാഗ്പൂരിലെ മത്സരം വിജയിച്ചാല്‍ ബംഗ്ലാദേശിനെ കാത്തിരിക്കുന്നത്. ആദ്യ മത്സരത്തില്‍ ഏഴ് വിക്കറ്റ് വിജയം സ്വന്തമാക്കിയ ടീം രണ്ടാം മത്സരത്തില്‍ രോഹിത് ശര്‍മ്മയ്ക്ക് മുന്നില്‍ നിഷ്പ്രഭമാകുന്ന കാഴ്ചയാണ് കണ്ടത്.

Exit mobile version