അഫ്ഗാനിസ്ഥാനെ 215 റൺസിലൊതുക്കി ബംഗ്ലാദേശ്

ബംഗ്ലാദേശിനെതിരെ ആദ്യ ഏകദിനത്തിൽ 215 റൺസ് മാത്രം നേടി അഫ്ഗാനിസ്ഥാന്‍. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ടീമിന്റെ തുടക്കം പാളുകയായിരുന്നു. പിന്നീട് വന്ന താരങ്ങള്‍ക്കും സ്കോറിംഗ് വേഗത്തിലാക്കുവാന്‍ സാധിക്കാതെ പോയപ്പോള്‍ 49.1 ഓവറിൽ അഫ്ഗാനിസ്ഥാന്‍ ഓള്‍ഔട്ട് ആകുകയായിരുന്നു.

67 റൺസ് നേടിയ നജീബുള്ള സദ്രാന്‍ ആണ് ടീമിന്റെ ടോപ് സ്കോറര്‍. റഹ്മത് ഷാ 34 റൺസ് നേടിയപ്പോള്‍ ഹസ്മത്തുള്ള ഷഹീദിയും(28), മുഹമ്മദ് നബിയും(20) വേഗത്തിൽ പുറത്തായി. നജീബുള്ള 49ാം ഓവറിലാണ് പുറത്തായത്.

ബംഗ്ലാദേശിന് വേണ്ടി മുസ്തഫിസുര്‍ റഹ്മാന്‍ മൂന്നും ഷൊറിഫുള്‍ ഇസ്ലാമും ഷാക്കിബ് അൽ ഹസനും ടാസ്കിന്‍ അഹമ്മദും രണ്ട് വീതം വിക്കറ്റ് നേടി.

ഓസ്ട്രേലിയയെന്നാൽ മാര്‍ഷ്, രണ്ടാം ടി20യിലും ബാറ്റിംഗ് പരാജയം

ബംഗ്ലാദേശിനെതിരെ രണ്ടാം ടി20യിലും ഓസ്ട്രേലിയയുടെ ബാറ്റിംഗ് തകര്‍ച്ച. ഇന്ന് ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് 7 വിക്കറ്റ് നഷ്ടത്തിൽ 121 റൺസ് മാത്രമേ നേടാനായുള്ളു. 45 റൺസ് നേടിയ മിച്ചൽ മാര്‍ഷ് ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ മോസസ് ഹെന്‍റിക്സ് 30 റൺസ് നേടി.

ബംഗ്ലാദേശിന് വേണ്ടി മൂന്ന് വിക്കറ്റുമായി മുസ്തഫിസുര്‍ റഹ്മാന്‍ ആണ് തിളങ്ങിയത്.  പുറത്താകാതെ 10 പന്തിൽ 13 റൺസ് നേടിയ സ്റ്റാര്‍ക്ക് ആണ് ഓസ്ട്രേലിയയുടെ സ്കോര്‍ 121ലേക്ക് എത്തിച്ചത്.

298 റൺസ് നേടി സിംബാബ്‍വേ, മൂന്ന് താരങ്ങള്‍ക്ക് അര്‍ദ്ധ ശതകം

സിംബാബ്‍വേ താരങ്ങളായി റെഗിസ് ചകാബ്‍വ, സിക്കന്ദര്‍ റാസ, റയാന്‍ ബര്‍ള്‍ എന്നിവരുടെ അര്‍ദ്ധ ശതകങ്ങളുടെ മികവിൽ 298 റൺസ് നേടി സിംബാബ്‍വേ. ബംഗ്ലാദേശിനെതിരെ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‍വേ 49.3 ഓവറിൽ ഓള്‍ഔട്ട് ആകുകയായിരുന്നു.

ഓപ്പണര്‍ റെഗിസ് ചകാബ്‍വ 84 റൺസ് നേടിയപ്പോള്‍ റയാന്‍ ബര്‍ള്‍ 59 റൺസും സിക്കന്ദര്‍ റാസ 57 റൺസും നേടി. ഡിയോൺ മയേഴ്സ് (34), ബ്രണ്ടന്‍ ടെയിലര്‍(28) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍.

ബംഗ്ലാദേശിന് വേണ്ടി മുഹമ്മദ് സൈഫുദ്ദീനും മുസ്തഫിസുര്‍ റഹ്മാനും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ മഹമ്മദുള്ളയ്ക്ക് രണ്ട് വിക്കറ്റ് ലഭിച്ചു.

ഏകദിന പരമ്പരയ്ക്ക് മുമ്പ് ബംഗ്ലാദേശിന് ഭീഷണിയായി മുസ്തഫിസുറിന്റെ പരിക്ക്

സിംബാബ്‍വേയ്ക്കെതിരെയുള്ള ഏകദിന പരമ്പര നാളെ ആരംഭിക്കുവാനിരിക്കവേ ബംഗ്ലാദേശിന് ഭീഷണിയായി മുസ്തഫിസുര്‍ റഹ്മാന്റെ പരിക്ക്. സന്നാഹ മത്സരത്തിനിടെ ആണ് താരത്തിന് പരിക്കേറ്റത്. മത്സരത്തിനിടെ താരം കളി മതിയാക്കി മടങ്ങുകയായിരുന്നു. അഞ്ച് പന്തുകള്‍ മാത്രം എറിഞ്ഞ താരത്തെ മത്സരത്തിൽ നിന്ന് മാനേജ്മെന്റ് പിന്‍വലിക്കുകയായിരുന്നു.

സിംബാബ്‍വേ സെലക്ട് ഇലവനെതിരെയായിരുന്നു ബംഗ്ലാദേശിന്റെ സന്നാഹ മത്സരം. ഐസ് തെറാപ്പിയ്ക്ക് ശേഷം ഫിസിയോതെറാപ്പിസ്റ്റിന്റെ റിപ്പോര്‍ട്ട് കിട്ടിയ ശേഷമാവും താരം മാച്ച് ഫിറ്റ് ആകുമോ എന്ന കാര്യത്തിൽ വ്യക്തത വരികയുള്ളു.

നേരത്തെ മുഷ്ഫിക്കുര്‍ റഹിം വ്യക്തിപരമായ കാരണങ്ങളാൽ നാട്ടിലേക്ക് മടങ്ങിയിരുന്നു.

ഷാക്കിബിനും മുസ്തഫിസുറിനും ഐപിഎൽ കളിക്കുവാൻ അനുമതി നൽകാനാകില്ല – ബംഗ്ലാദേശ് ബോർഡ് പ്രസിഡന്റ്

ഐപിഎൽ കളിക്കുവാൻ ബംഗ്ലാദേശ് താരങ്ങളായ ഷാക്കിബ് അൽ ഹസനും മുസ്തഫിസുർ റഹ്മാനും അനുമതി നൽകാനാകില്ല എന്ന് പറഞ്ഞ് ബംഗ്ലാദേശ് ബോർഡ് പ്രസിഡന്റ് നസ്മുൾ ഹസൻ. ഐസിസി ടി20 ലോകകപ്പിനുള്ള തയ്യാറെടുപ്പുകളിലായിരിക്കും ഇരു താരങ്ങളെന്നും അതിനാൽ തന്നെ ഇരു താരങ്ങൾക്കും എൻഒസി നൽകാൻ ബോർഡിന് താല്പര്യമില്ലെന്നും നസ്മുൾ പറഞ്ഞു.

ടി20 ലോകകപ്പ് വരുന്നതിനാൽ തന്നെ ഇനിയങ്ങോട്ടുള്ള ഓരോ മത്സരവും ദേശീയ ടീമിന് വിലയേറിയതാണെന്നും അതിനാൽ തന്നെ ടീമിലെ രണ്ട് പ്രധാന താരങ്ങളെ ഇത്തരത്തിൽ മാറ്റി നിർത്താനാകില്ലെന്നും നസ്മുൾ വ്യക്തമാക്കി. ഷാക്കിബ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനും മുസ്തഫിസുർ രാജസ്ഥാൻ റോയൽസിനും വേണ്ടിയാണ് കളിച്ചത്.

ഷാക്കിന് ആദ്യ ചില മത്സരങ്ങൾക്ക് ശേഷം ടീമിലെ സ്ഥാനം നഷ്ടമായെങ്കിലും രാജസ്ഥാൻ റോയൽസ് നിരയിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു മുസ്തഫിസുർ റഹ്മാൻ.

ഫലം തോല്‍വി തന്നെ, ശ്രീലങ്കയുടെ നാണക്കേടിന് അവസാനമില്ല

ബംഗ്ലാദേശിനെതിരെ രണ്ടാം ഏകദിനത്തില്‍ കൂറ്റന്‍ തോല്‍വിയേറ്റ് വാങ്ങി ശ്രീലങ്ക. ഇന്ന് മുഷ്ഫിക്കുര്‍ റഹിം ഒറ്റയ്ക്ക് 125 റണ്‍സ് നേടി ബംഗ്ലാദേശിനെ 246 റണ്‍സെന്ന സ്കോറിലേക്ക് നയിച്ചപ്പോള്‍ ശ്രീലങ്കയ്ക്ക് ആകെ നേടാനായത്40 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സ്. ബംഗ്ലാദേശിന്റെ 9 വിക്കറ്റ് നഷ്ടമായി നില്‍ക്കുമ്പോള്‍ മഴ കളി തടസ്സപ്പെടുത്തിയതിനാല്‍ ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം മത്സരം 40 ഓവറാക്കി ചുരുക്കുകയായിരുന്നു. 103 റണ്‍സിന്റെ കനത്ത തോല്‍വിയാണ് ടീം ഏറ്റുവാങ്ങിയത്. 24 റണ്‍സ് നേടിയ ധനുഷ്ക ഗുണതിലകയാണ് ലങ്കന്‍ നിരയിലെ ടോപ് സ്കോറര്‍.

ബംഗ്ലാദേശിന് വേണ്ടി മുസ്തഫിസുറും മെഹ്ദി ഹസനും മൂന്ന് വീതം വിക്കറ്റും ഷാക്കിബ് അല്‍ ഹസന്‍ രണ്ട് വിക്കറ്റും നേടി. ഇതോടെ ഏകദിന പരമ്പര ബംഗ്ലാദേശ് സ്വന്തമാക്കി. ഇസ്രു ഉഡാന 18 റണ്‍സുമായി പുറത്താകാതെ നിന്നു.

ശ്രീലങ്ക 224 റണ്‍സിന് ഓള്‍ഔട്ട്, 33 റണ്‍സ് വിജയവുമായി ബംഗ്ലാദേശ്

ശ്രീലങ്കയ്ക്കെതിരെ ആദ്യ ഏകദിനത്തില്‍ 33 റണ്‍സിന്റെ വിജയം കരസ്ഥമാക്കി ബംഗ്ലാദേശ്. ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ 257/6 എന്ന സ്കോര്‍ നേടിയപ്പോള്‍ ശ്രീലങ്ക 48.1 ഓവറില്‍ 224 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു.

4 വിക്കറ്റുമായി മെഹ്ദി ഹസനും മൂന്ന് വിക്കറ്റ് നേടിയ മുസ്തഫിസുര്‍ റഹ്മാനും ആണ് ശ്രീലങ്കയുടെ പതനം സാധ്യമാക്കിയത്. ലങ്കന്‍ നിരയില്‍ 60 പന്തില്‍ 74 റണ്‍സുമായി വനിന്‍ഡു ഹസരംഗ മാത്രമാണ് പൊരുതി നോക്കിയത്.

Waninduhasaranga

എട്ടാം വിക്കറ്റായി താരം പുറത്തായതോടെ ശ്രീലങ്ക തങ്ങളുടെ വിജയം ഉറപ്പാക്കുകയായിരുന്നു. സൈഫുദ്ദീന്‍ രണ്ട് വിക്കറ്റ് നേടി.

മുസ്തഫിസുര്‍ ബംഗ്ലാദേശിന്റെ പ്രധാന ബൗളര്‍, ന്യൂ ബോള്‍ താരത്തിന് നല്‍കും

ബംഗ്ലാദേശിന്റെ പരിമിത ഓവര്‍ ക്രിക്കറ്റിലെ ഒന്നാം നമ്പര്‍ ബൗളറാണ് മുസ്തഫിസുര്‍ എന്നും താരം ന്യു ബോളില്‍ പന്തെറിയുമെന്നും പറഞ്ഞ് ടീമിന്റെ ബൗളിംഗ് കോച്ച് ഓട്ടിസ് ഗിബ്സണ്‍. താരത്തിന്റെ ഐപിഎലിലെ പ്രകടനത്തെക്കുറിച്ച് തനിക്ക് ഒന്നും പറയാനാകില്ലെന്നും ഐപിഎലില്‍ താരം ന്യൂ ബോളില്‍ ബൗളിംഗ് ഓപ്പണ്‍ ചെയ്തില്ലെങ്കിലും ബംഗ്ലാദേശിന് കളിക്കുമ്പോള്‍ താരം അത് ചെയ്യുമെന്നും ഗിബ്സണ്‍ പറഞ്ഞു.

ഐപിഎലില്‍ താരം മികച്ച രീതിയിലാണോ പന്തെറിഞ്ഞതെന്ന് താന്‍ കണ്ടില്ലെങ്കിലും അങ്ങനെയാണെങ്കില്‍ അത് നല്ല കാര്യമാണെന്നും ആ ആത്മവിശ്വാസം താരത്തിന് ബംഗ്ലാദേശിന് വേണ്ടി മികച്ച രീതിയില്‍ പന്തെറിയുവാന്‍ സഹായിക്കുമെന്നും ഗിബ്സണ്‍ പറഞ്ഞു.

ക്വാറന്റീനില്‍ ഇളവ് നേടുവാനാകുമെന്ന വിശ്വാസത്തില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്

ഐപിഎലില്‍ നിന്ന് മടങ്ങിയെത്തിയ ഷാക്കിബിനും മുസ്തസഫിസുറിനും ക്വാറന്റീനില്‍ ഇളവ് നേടാനാകുമെന്ന ആത്മവിശ്വാസമുണ്ടെന്ന് പറഞ്ഞ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീഫ് നിസ്സാമുദ്ദീന്‍ ചൗധരി. ഇരുവരും 14 ദിവസത്തെ ക്വാറന്റീന് വിധേയരാകണമെന്നാണ് രാജ്യത്തെ ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.

ഇവര്‍ക്ക് ഇളവ് ലഭിയ്ക്കുകയാണെങ്കില്‍ അത് യാതൊരുവിധത്തിലുള്ള വിശേഷാധികാരമല്ലെന്നും അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങള്‍ക്ക് ലഭിയ്ക്കുന്ന ഇളവാണെന്നാണ് മനസ്സിലാക്കേണ്ടതെന്ന് നിസ്സാമുദ്ദീന്‍ വ്യക്തമാക്കി. ഇരു താരങ്ങളും ഇന്ത്യയില്‍ നിന്നെത്തി നെഗറ്റീവാണെന്ന് കണ്ടെത്തിയെന്നും ആരോഗ്യ മന്ത്രാലയത്തില്‍ നിന്ന് ഇവര്‍ക്ക് വേഗത്തില്‍ പരിശീലനത്തിന് ചേരുവാനുള്ള അനുമതി ലഭിയ്ക്കുമെന്നാണ് വിശ്വാസമെന്നും നിസ്സാമുദ്ദീന്‍ പറഞ്ഞു.

മേയ് 16ന് ആണ് ബംഗ്ലാദേശ് തങ്ങളുടെ ക്യാമ്പ് ആരംഭിക്കുവാന്‍ പദ്ധതിയിട്ടിരിക്കുന്നത്. പരമ്പര മേയ് 23ന് ആരംഭിയ്ക്കും.

ഷാക്കിബും മുസ്തഫിസുറും ബംഗ്ലാദേശിലെത്തി, ഇനി 14 ദിവസത്തെ ക്വാറന്റീന്‍

ഐപിഎലില്‍ നിന്ന് മടങ്ങിയ ബംഗ്ലാദേശ് താരങ്ങളായ ഷാക്കിബ് അല്‍ ഹസനും മുസ്തഫിസുര്‍ റഹ്മാനും സുരക്ഷിതരമായി ബംഗ്ലാദേശിലെത്തി. ബംഗ്ലാദേശിലെത്തിയ ഇരുവരും ഇനി 14 ദിവസത്തെ ക്വാറന്റീനിന് വിധേയരാകണമെന്നാണ് രാജ്യത്തെ നിയമം. ഇന്ത്യയില്‍ നിന്നും ദക്ഷിണാഫ്രിക്കയില്‍ നിന്നും എത്തുന്നവര്‍ക്കായി ബംഗ്ലാദേശിന്റെ ആരോഗ്യ മന്ത്രാലയം നടപ്പിലാക്കിയിട്ടുള്ള പ്രത്യേക നിയമം ആണിത്.

മുസ്തഫിസുര്‍ റഹ്മാന്‍ ആണ് ട്വിറ്ററിലൂടെ തങ്ങള്‍ നാട്ടിലെത്തിയ വിവരം അറിയിച്ചത്. താരം രാജസ്ഥാന്‍ റോയല്‍സിന് വേണ്ടിയും ഷാക്കിബ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടിയുമാണ് ഐപിഎലില്‍ കളിച്ചത്. ഐപിഎലില്‍ ആദ്യം കൊറോണ റിപ്പോര്‍ട്ട് ചെയ്തത് കൊല്‍ക്കത്തയുടെ ക്യാമ്പിലായിരുന്നു.

തങ്ങളുടെ നാട്ടിലേക്കുള്ള യാത്ര സുഗമമാക്കിയ രാജസ്ഥാന്‍ റോയല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഫ്രാഞ്ചൈസികള്‍ക്ക് താരം നന്ദിയും അറിയിച്ചു.

ഷാക്കിബിനും മുസ്തഫിസുറിനും ക്വാറന്റീനില്‍ റിലാക്സേഷനില്ല

ഷാക്കിബിനും മുസ്തഫിസുറിനും ഐപിഎല്‍ ശേഷം മടങ്ങുമ്പോള്‍ അവര്‍ക്ക് ക്വാറന്റീനില്‍ നിന്ന് റിലാക്സേഷനില്ലെന്ന് അറിയിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. ഇരുവരും 14 ദിവസത്തെ ക്വാറന്റീന് ഇരിക്കേണ്ടതുണ്ട് ബോര്‍ഡ് അറിയിച്ചു.

ഇതോടെ ഇരുവര്‍ക്കും ശ്രീലങ്കയ്ക്കെതിരെയുള്ള മൂന്ന് ഏകദിനങ്ങളുടെ പരമ്പരയ്ക്ക് മുമ്പ് ആവശ്യത്തിന് സമയം തയ്യാറെടുപ്പുകള്‍ക്ക് ലഭിയ്ക്കില്ല എന്നാണ് അറിയുന്നത്. ബോര്‍ഡ് ആരോഗ്യ വകുപ്പുമായി ചര്‍ച്ച ചെയ്ത് ഇവരുടെ ക്വാറന്റീന്‍ കാലം കുറയ്ക്കുവാന്‍ ശ്രമം നടത്തിയെങ്കിലും അത് നടക്കില്ല എന്ന് ആണ് അറിയുവാന്‍ കഴിയുന്നത്.

ഷാക്കിബ് അല്‍ ഹസനും മുസ്തഫിസുര്‍ റഹ്മാനും ഐപിഎലില്‍ നിന്ന് നേരത്തെ മടങ്ങുവാന്‍ സാധ്യത

ബംഗ്ലാദേശ് താരങ്ങളായ ഷാക്കിബ് അല്‍ ഹസനും മുസ്തഫിസുര്‍ റഹ്മാനും ഐപിഎലില്‍ നിന്ന് നേരത്തെ മടങ്ങുവാന്‍ സാധ്യത. ബംഗ്ലാദേശില്‍ ആരോഗ്യ മന്ത്രി പ്രഖ്യാപിച്ച പുതിയ ക്വാറന്റീന്‍ നിയമം ആണ് ഇതിന് കാരണമെന്നാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ചീഫ് നിസ്സാമുദ്ദീന്‍ ചൗധരി പറഞ്ഞത്.

മേയ് 1 മുതല്‍ ബംഗ്ലാദേശിലെ പുതിയ നിയമപ്രകാരം ഇന്ത്യയില്‍ നിന്നും ദക്ഷിണാഫ്രിക്കയില്‍ നിന്നും വരുന്ന ആളുകള്‍ക്ക് 14 ദിവസത്തെ ക്വാറന്റീന്‍ വേണമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന് പ്രത്യേക അനുമതി വാങ്ങിയാല്‍ മാത്രമേ ഇതിന് അനുമതി ലഭിയ്ക്കുകയുള്ളു. എന്നാല്‍ രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം വന്നതിനാല്‍ അത് സാധ്യമാകില്ലെന്നാണ് അറിയുന്നത്.

ശ്രീലങ്കയില്‍ നിന്ന് മടങ്ങിയെത്തുന്ന ബംഗ്ലാദേശ് ടീമിന് ഈ നിയമം ബാധകമല്ലെങ്കിലും ഐപിഎല്‍ കളിക്കുന്ന ഈ രണ്ട് താരങ്ങള്‍ക്കും ടീമിനൊപ്പം ചേരുന്നതിന് വൈകുന്നതിനാല്‍ തന്നെ അവരോട് 15 ദിവസം നേരത്തെ എത്തുവാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് അറിയുന്നത്.

Exit mobile version