മുരുഗന്‍ സിസിയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ ഇന്ന്, സഞ്ജു സാംസണെയും ബിജു ജോര്‍ജ്ജിനെയും ആദരിക്കും

തിരുവനന്തപുരത്തെ മുരുഗന്‍ ക്രിക്കറ്റ് ക്ലബ്ബിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ ഇന്ന് തലസ്ഥാന നഗരിയില്‍ നടക്കും. തിരുവനന്തപുരത്തെ പ്രശാന്ത് ഹോട്ടലില്‍ ആണ് ആഘോഷ പരിപാടികള്‍ അരങ്ങേറുന്നത്. ആഘോഷങ്ങളുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട കായിക മന്ത്രി ശ്രീ ഇപി ജയരാജന്‍ നിര്‍വ്വഹിക്കും. ബഹുമാനപ്പെട്ട കെസിഎ പ്രസിഡന്റ് ശ്രീ സാജന്‍ വര്‍ഗ്ഗീസ്, സെക്രട്ടറി ശ്രീ അഡ്വ. ശ്രീജിത്ത്, ശ്രീ ജയേഷ് ജോര്‍ജ്ജ്, ശ്രീ ടിനു യോഹന്നാന്‍, ശ്രീ വിനോദ് എസ് കുമാര്‍, ശ്രീ രജിത് രാജേന്ദ്രന്‍ എന്നിവര്‍ക്കും കെസിഎയുടെയും ട്രിവാന്‍ഡ്രം ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസ്സിയേഷന്‍ ഭാരവാഹികളുടെയും സാന്നിദ്ധ്യത്തിലാണ് ചടങ്ങുകള്‍ നടക്കുന്നത്.

ചടങ്ങില്‍ ശ്രീ എസ്‍കെ നായര്‍, ശ്രീ രാമമൂര്‍ത്തി, ശ്രീ എസിഎം അബ്ദുള്ള, ശ്രീ ഗണേഷ്, ശ്രീ മണികണ്ഠകുറുപ്പ് എന്നിവര്‍ക്കൊപ്പം മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണെയും ഇന്ത്യന്‍ വനിത ടീം ഫീല്‍ഡിംഗ് കോച്ചായി പ്രവര്‍ത്തിച്ചിട്ടുള്ള ശ്രീ ബിജു ജോര്‍ജ്ജിനെയും ആദരിക്കുന്നതാണ്.

രണ്ട് ദിവസങ്ങളിലായാണ് ക്ലബ്ബിന്റെ ആഘോഷ പരിപാടി നടന്നത്. ഇന്ന് നടക്കുന്ന പൊതു ചടങ്ങിനു മുന്നോടിയായി ഇന്നലെ ക്ലബ്ബംഗങ്ങളുടെ കുടുംബ സംഗമം തിരുവനന്തപുരം പൂവാറിലെ എസ്റ്റ്യുറി ഐലന്‍ഡില്‍ നടന്നിരുന്നു. വിദേശത്തും കേരളത്തിലും താമസിക്കുന്ന ക്ലബ്ബിന്റെ ആരംഭത്തിലെ സാരഥികളും പൂര്‍വ്വ കാല താരങ്ങളും എല്ലാം അടങ്ങിയ സംഗമമാണ് ഇവിടെ നടന്നത്.

മുരുഗന്‍ ക്രിക്കറ്റ് ക്ലബ്ബിനെക്കുറിച്ച്

അഞ്ച് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തിരുവനന്തപുരം പുത്തന്‍ തെരുവിലെ കുറച്ച് ചെറുപ്പക്കാര്‍ ചേര്‍ന്ന് തങ്ങളുടെ ക്രിക്കറ്റ് അഭിരുചി വളര്‍ത്തുന്നതിനായി ഒത്തുകൂടുകയും, 1967ല്‍ മുരുഗന്‍ ക്രിക്കറ്റ് ക്ലബ്ബ് എന്ന പേരിലൊരു ക്രിക്കറ്റ് ക്ലബ്ബ് രൂപീകരിക്കുകയും ചെയ്യുകയായിരുന്നു.

1977 തിരുവനന്തപുരം എ ഡിവിഷനില്‍ കളിക്കുവാനാരംഭിച്ച ക്ലബ്ബ് പിന്നീടങ്ങോട്ട് കേരളത്തങ്ങോളമിങ്ങോളം നിരവധി ടൂര്‍ണ്ണമെന്റുകളില്‍ തങ്ങളുടെ മികവ് തെളിയിക്കുകയും ഒട്ടേറെ മികച്ച താരങ്ങളെ വാര്‍ത്തെടുക്കുകയും ചെയ്യുകയുണ്ടായി.
1983 അട്ടക്കുളങ്ങര ഗവ. ഹൈസ്കൂളില്‍ മാറ്റിംഗ് വിക്കറ്റില്‍ പരിശീലനമാരംഭിച്ച ക്ലബ്ബിനു പക്ഷേ 1989ല്‍ ചില സാങ്കേതിക കാരണത്താല്‍ അനുമതി നിഷേധിക്കപ്പെടുകയും മറ്റൊരു സ്ഥലം കണ്ടെത്തേണ്ടതായും വരുകയായിരുന്നു. 1997 സ്വന്തമായി സ്ഥലം വാങ്ങിയ ക്ലബ്ബ് ഒട്ടനവധി ചെറുപ്പക്കാര്‍ക്ക് പരിശീലനത്തിനുള്ള അവസരം സൃഷ്ടിക്കുകയായിരുന്നു.

കേരളത്തിലെ പ്രമുഖ ടീമുകള്‍ പങ്കെടുക്കുന്ന സെലസ്റ്റിയല്‍ ട്രോഫിയുടെയും സംഘാടകര്‍ മുരുഗന്‍ ക്രിക്കറ്റ് ക്ലബ്ബ് ആണ്. 1995ല്‍ ആരംഭിച്ച ടൂര്‍ണ്ണമെന്റ് ഇന്ന് കേരളത്തില്‍ നടത്തപ്പെടുന്ന മികച്ച ടൂര്‍ണ്ണമെന്റുകളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്. ഇത് കൂടാതെ ടെക്നോപാര്‍ക്കിലെ കമ്പനികളുടെ ക്രിക്കറ്റ് ടൂര്‍ണ്ണമന്റായ ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗിന്റെ സംഘാടകരും മുരുഗന്‍ സിസിയാണ്. 120ലധികം ടീമുകള്‍ പങ്കെടുക്കുന്ന കേരളത്തിലെ തന്നെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് ടെന്നീസ് ബോള്‍ ക്രിക്കറ്റ് ലീഗാണ് ടിപിഎല്‍.

സെലസ്റ്റിയല്‍ ട്രോഫി ക്വാര്‍ട്ടര്‍ ഫൈനല്‍ ഫിക്സ്ച്ചറുകള്‍ അറിയാം

24ാമത് എംപിഎസ് – ഇന്ത്യ സെലസ്റ്റിയല്‍ ഓള്‍ കേരള ടൂര്‍ണ്ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ മാര്‍ച്ച് 15നു ആരംഭിക്കും. അന്നേ ദിവസം രണ്ട് വേദികളിലായി ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളെല്ലാം തന്നെ ആരംഭിക്കും. കെസിഎ ഗ്രൗണ്ട് മംഗലപുരത്തും സെയിന്റ് സേവിയേഴ്സ് ഗ്രൗണ്ട് തുമ്പയിലുമായാണ് മത്സരങ്ങള്‍ നടക്കുക. വെള്ളിയാഴ്ച മംഗലപുരം കെസിഎ ഗ്രൗണ്ടില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ മുത്തൂറ്റ് യമഹ മാസ്റ്റേഴ്സ് സിസിയും സ്വാന്റണ്‍സ് സിസിയും ഏറ്റുമുട്ടും. രാവിലെ 8 മണിയ്ക്കാണ് ആദ്യ മത്സരം.

തുടര്‍ന്ന് അതേ വേദിയില്‍ നടക്കുന്ന മത്സരത്തില്‍ ഉച്ചയ്ക്ക് 12.30യ്ക്ക് നിലവിലെ റണ്ണേഴ്സ് അപ്പായ ഗ്ലോബ്സ്റ്റാര്‍ സിസിയും തൃപ്പൂണിത്തുറ സിസിയും ഏറ്റുമുട്ടും. രണ്ടാമത്തെ വേദിയായ സെയിന്റ് സേവിയേഴ്സ് ഗ്രൗണ്ടില്‍ രാവിലെ എട്ട് മണിയ്ക്ക് നിലവിലെ ചാമ്പ്യന്മാരായ മാസ്റ്റേഴ്സ് റോയല്‍ സെഞ്ചൂറിയണ്‍ സിസ എ ടീമും പ്രതിഭ സിസിയും ഏറ്റുമുട്ടും. രണ്ടാം മത്സരത്തില്‍ 12.30യ്ക്ക് മുത്തൂറ്റ് എറണാകുളം സിസിയും ഏജീസ് ഓഫീസ് റിക്രിയേഷന്‍ ക്ലബ്ബും ഏറ്റുമുട്ടും.

സെമി ഫൈനല്‍ മത്സരങ്ങള്‍ മാര്‍ച്ച് 16നും ഫൈനല്‍ ഞായറാഴ്ച മാര്‍ച്ച് 17നും നടക്കും.

ന്യൂ കിഡ്സിനെ കീഴടക്കി ചാമ്പ്യന്മാരായി രഞ്ജി സിസി

പ്രതാപചന്ദ്രന്‍ മെമ്മോറിയല്‍ ഓള്‍ കേരള ടീന്‍സ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ രഞ്ജി സിസി ചാമ്പ്യന്മാര്‍. ഇന്നലെ മംഗലപുരം കെസിഎ ഗ്രൗണ്ടില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ ന്യൂ കിഡ്സ് ചെങ്ങന്നൂരിനെ 135 റണ്‍സിനു പരാജയപ്പെടുത്തിയാണ് രഞ്ജി സിസിയുടെ കിരീട നേട്ടം. ആദ്യം ബാറ്റ് ചെയ്ത രഞ്ജി സിസി 249/9 എന്ന സ്കോര്‍ 45 ഓവറില്‍ നേടിയപ്പോള്‍ ന്യൂ കിഡ്സ് 144 റണ്‍സിനു ഓള്‍ഔട്ട് ആകുകയായിരുന്നു.

രഞ്ജി സിസിയ്ക്ക് വേണ്ടി തകര്‍പ്പന്‍ ശതകവുമായി ഒമര്‍ അബൂബക്കര്‍ തിളങ്ങിയപ്പോള്‍ രോഹിത് നായര്‍ 47 റണ്‍സ് നേടി മികച്ച പിന്തുണ നല്‍കി. ഒമര്‍ 131 റണ്‍സാണ് നേടിയത്. ന്യൂ കിഡ്സിനു വേണ്ടി ഉജ്വല്‍ കൃഷ്ണ 31 റണ്‍സ് നേടിയപ്പോള്‍ രഞ്ജി ബൗളര്‍മാരില്‍ 3 വിക്കറ്റ് നേടി അഭി ബിജു തിളങ്ങി.

Omar Abubaker Renji CC. best batsman, player of the tournament, player of the final

രഞ്ജി സിസിയുടെ ഒമര്‍ അബൂബക്കറിനെ കളിയിലെ താരം, മികച്ച ബാറ്റ്സ്മാന്‍, ടൂര്‍ണ്ണമെന്റിലെ താരം എന്നീ പുരസ്കാരങ്ങള്‍ നല്‍കി ആദരിച്ചു. ന്യൂ കിഡ്സ് സിസിയുടെ സുധി അനില്‍ ആണ് ടൂര്‍ണ്ണമെന്റിലെ മികച്ച ബൗളര്‍.

Sudhi Anil (best bowler)

മുരുഗന്‍ സിസി സംഘടിപ്പിക്കുന്ന പ്രതാപചന്ദ്രന്‍ മെമ്മോറിയല്‍ ഓള്‍ കേരള ടീന്‍സ് ക്രിക്കറ്റ് ഫൈനലിസ്റ്റുകളായി

മുരുഗന്‍ സിസി തിരുവനന്തപുരം സംഘടിപ്പിക്കുന്ന പ്രതാപചന്ദ്രന്‍ മെമ്മോറിയല്‍ ഓള്‍ കേരള ടീന്‍സ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന്റെ ഫൈനലില്‍ രഞ്ജി സിസി ന്യൂ കിഡ്സ് സിഎയെ നേരിടും. ഇന്ന് നടന്ന സെമി ഫൈനല്‍ മത്സരത്തില്‍ രഞ്ജി സിസി ഷൈന്‍സ് ക്രിക്കറ്റ് ക്ലബ്ബിനെയും ന്യൂ കിഡ്സ് RSG SG ക്രിക്കറ്റ് സ്കൂളിനെയും മറികടന്ന് വിജയം ഫൈനലില്‍ കടന്നു.

Renji CC

ഷൈന്‍സ് സിസി 28.3 ഓവറില്‍ 104 റണ്‍സിനു ഓള്‍ഔട്ട് ആയപ്പോള്‍ എട്ട് വിക്കറ്റുകളുടെ നഷ്ടത്തിലാണ് രഞ്ജി സിസി വിജയം കുറിച്ചത്. ഷൈന്‍സിനു വേണ്ടി ആദിത്യ 30 റണ്‍സ് നേടി. 27 റണ്‍സ് നല്‍കി മൂന്ന് വിക്കറ്റ് നേടിയ രഞ്ജി സിസി താരം അഭി ബിജുവാണ് മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്.

Man of the Match: Abhi Biju

രണ്ടാം സെമിയില്‍ ആദ്യം ബാറ്റ് ചെയ്ത RSG SG ക്രിക്കറ്റ് സ്കൂള്‍ 75 റണ്‍സിനു ഓള്‍ഔട്ട് ആയപ്പോള്‍ ന്യൂ കിഡ്സ് ക്രിക്കറ്റ് അക്കാദമി 7 വിക്കറ്റ് നഷ്ടത്തില്‍ 77 റണ്‍സ് നേടി വിജയം കുറിച്ചു. കിഡ്സിനായി സുധി അനില്‍ 3 വിക്കറ്റ് നേടി തിളങ്ങിയപ്പോള്‍ ഹരിപ്രസാദിന്റെ മികച്ച ബൗളിംഗ് സ്പെല്ലിനും(34/4) ന്യൂ കിഡ്സ് ക്രിക്കറ്റ് അക്കാദമിയുടെ വിജയം തടുക്കാനായില്ല.

New Kids, Chengannur
Man of the Match: Sudhi Anil

മുരുഗന്‍ സിസിയെ വിജയത്തിലേക്ക് നയിച്ച് കപില്‍ തോമര്‍

ലക്ഷ്യം വെറും 122 റണ്‍സ്. എന്നാല്‍ മുരുഗന്‍ ക്രിക്കറ്റ് ക്ലബ്ബിന്റെ ചേസിംഗ് അത്ര സുഗമമല്ലായിരുന്നു. രണ്ടാം പന്ത് മുതല്‍ വിക്കറ്റുകള്‍ നഷ്ടമായ മുരുഗന്‍ ക്രിക്കറ്റ് ക്ലബ്ബിനെ ഒരു വിക്കറ്റ് വിജയത്തിലേക്ക് നയിച്ചത് കപില്‍ തോമറിന്റെ ചെറുത്ത്നില്പായിരുന്നു. തന്റെ 23 റണ്‍സ് നേടാന്‍ 50 പന്തുകള്‍ നേരിട്ടുവെങ്കിലും തോമര്‍ പുറത്താകാതെ ടീമിന്റെ വിജയം ഉറപ്പാക്കുകയായിരുന്നു. ഓപ്പണര്‍ ഷെബാബ് സലീം(27), വിഷ്ണു ദത്ത്(23) എന്നിവരാണ് ശ്രദ്ധേയമായ പ്രകടനവുമായി കപിലിനു പിന്തുണ നല്‍കിയത്. ഒരു ഘട്ടത്തില്‍ 38/5 എന്ന നിലയിലായിരുന്നു മുരുഗന്‍ സിസി. സലീം ആറാം വിക്കറ്റായി പുറത്താകുമ്പോള്‍ സ്കോര്‍ 53. പിന്നീട് ഏഴാം വിക്കറ്റില്‍ 36 റണ്‍സ് നേടിയ കപില്‍-വിഷ്ണു കൂട്ടുകെട്ടാണ് വിജയമെന്ന പ്രതീക്ഷ വീണ്ടും മുരുഗന്‍ ക്യാമ്പില്‍ കൊണ്ടുവന്നത്. 9ാം വിക്കറ്റ് നഷ്ടമാവുമ്പോള്‍ വിജയം 6 റണ്‍സ് അകലെയായിരുന്നുവെങ്കിലും ക്രിസ്റ്റ്യന്‍ ബ്രദേഴ്സ് ബൗളര്‍മാര്‍ക്ക് മുന്നില്‍ പ്രതിരോധം തീര്‍ത്ത് കപില്‍ തോമര്‍ മുരുഗന്‍ സിസിയെ ഒരു വിക്കറ്റ് വിജയത്തിലേക്ക് നയിച്ചു. ക്രിസ്റ്റ്യന്‍ ബ്രദേഴ്സിനു വേണ്ടി ഫര്‍ഹാനും പ്രിജിനും മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ക്രിസ്റ്റ്യന്‍ ബ്രദേഴ്സിനു മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണര്‍മാര്‍ 57 റണ്‍സിന്റെ തുടക്കം നല്‍കിയ ശേഷമാണ് ക്രിസ്റ്റ്യന്‍ ബ്രദേഴ്സ് ബാറ്റിംഗ് നിര തകര്‍ന്നത്. ജിജോ ജോര്‍ജ്ജ് 42 റണ്‍സ് നേടി മികച്ച ഫോമിലാണ് ബാറ്റ് വീശിയത്. 57/0 എന്ന നിലയില്‍ നിന്ന് 87/6 എന്ന നിലയിലേക്കും പിന്നീട് 121 റണ്‍സിനും ടീം ഓള്‍ഔട്ട് ആവുകയായിരുന്നു.

രണ്ട് വീതം വിക്കറ്റുമായി സുനില്‍, വിജിത്ത് കുമാര്‍, ശ്രീജിത്ത്, അഭിജിത്ത്, അനുവിന്ദ് എന്നിവര്‍ മുരുഗന്‍ സിസിയ്ക്കായി വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

എംപിഎസ് ഇന്ത്യ ടിപിഎല്‍ 2018, ഉദ്ഘാടനം ഐജി ശ്രീ മനോജ് എബ്രഹാം നിര്‍വ്വഹിക്കും

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ് 2018 ന്റെ ഉദ്ഘാടനം ഫെബ്രുവരി 1നു വൈകുന്നേരം 5.30 നു ടെക്നോപാര്‍ക്ക് ക്രിക്കറ്റ് ഗ്രൗണ്ടില്‍ വെച്ച് കേരള പോലീസ് ഐജി ശ്രീ മനോജ് എബ്രഹാം നിര്‍വ്വഹിക്കും. മത്സരങ്ങള്‍ ഫെബ്രുവരി 3 മുതല്‍ ആരംഭിക്കും. ആദ്യ ഘട്ട മത്സരങ്ങളില്‍ 46 ടീമുകളാണ് പങ്കെടുക്കുന്നത്.
15 ഗ്രൂപ്പുകളിലായി ഈ ടീമുകളെ തിരിച്ചിട്ടുണ്ട്. പീക്കോക്ക് ഗ്രൂപ്പ് ഒഴികെ എല്ലാ ഗ്രൂപ്പിലും മൂന്ന് ടീമുകളാണ് ഉള്ളത്. ഓരോ ഗ്രൂപ്പ് ജേതാക്കളും നോക്ഔട്ട് സ്റ്റേജിലേക്ക് കടക്കും. നാല് ടീമുകള്‍ ഉള്ള പീക്കോക്ക് ഗ്രൂപ്പില്‍ നിന്ന് വിജയികളും രണ്ടാം സ്ഥാനക്കാരും അടുത്ത റൗണ്ടിലേക്ക് കടക്കും.

ആദ്യ ഘട്ടത്തില്‍ നിന്ന് 8 ടീമുകള്‍ രണ്ടാം ഘട്ടത്തിലേക്ക് കടക്കും. അവിടെ സീഡ് ചെയ്യപ്പെട്ട 40 ടീമുകള്‍ക്കൊപ്പം ഈ ടീമുകള്‍ രണ്ടാം ഘട്ട മത്സരങ്ങളില്‍ കളിക്കും.

ടൂര്‍ണ്ണമെന്റിന്റെ ആദ്യ മത്സരത്തില്‍ ഫിനസ്ട്ര സ്ട്രൈക്കേഴ്സ് നിയോലോജിക്സ് സൂപ്പര്‍ സ്ട്രൈക്കേഴ്സിനെ നേരിടും. ഫെബ്രുവരി മൂന്ന് ശനിയാഴ്ച രാവിലെ എട്ട് മണിക്കാണ് മത്സരം നടക്കുക.

ആദ്യ ഘട്ട ഫിക്സച്ചറിനായി ലിങ്ക് സന്ദര്‍ശിക്കുക: http://murugancricketclub.com/wp-content/uploads/MPS-INDIA-TPL-QF-1-Fixtures-1.pdf

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കൂറ്റന്‍ ജയവുമായി സിക്സേര്‍സ്, 112 റണ്‍സ് ജയം

മുരുഗന്‍ സിസി എ ടീമിനെ 112 റണ്‍സിനു പരാജയപ്പെടുത്തി സിക്സേര്‍സ് സിസി. ഇന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ സിക്സേര്‍സ് ബാറ്റിംഗ് തിരഞ്ഞെടുത്തു. ഓപ്പണര്‍മാരായ രാകേഷ്(52), ഹസനുള്‍ ബെന്ന(55) എന്നിവരുടെ തകര്‍പ്പന്‍ ആദ്യ വിക്കറ്റ് കൂട്ടുകെട്ടും ലിബിന്‍ തോമസ്(32), അക്ഷയ് ശ്രീധര്‍(35), അഭിജിത്ത്(26*) എന്നിവരുടെ ബാറ്റിംഗ് മികവില്‍ ആദ്യം ബാറ്റ് ചെയ്ത സിക്സേര്‍സ് 26 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 232 റണ്‍സ് നേടുകയായിരുന്നു. മുരുഗന്‍ സിസിയ്ക്കായി വിനോദ് വിക്രമന്‍ രണ്ടും സത്യ നാരായണന്‍, ഹരിഹരന്‍, കൃഷ്ണന്നുണ്ണി എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ മുരുഗന്‍ ക്രിക്കറ്റ് ക്ലബ്ബിനു 22.4 ഓവറില്‍ 120 റണ്‍സ് നേടാനേ ആയുള്ളു. 22 റണ്‍സ് നേടി ബാബു, ഗോകുല്‍ എന്നിവര്‍ ടീമിന്റെ ടോപ് സ്കോറര്‍മാരായി. ആറ് വിക്കറ്റ് നേടി ആര്‍ ഉണ്ണികൃഷ്ണന്‍ സിക്സേര്‍സിന്റെ അനായാസ വിജയം സാധ്യമാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

എംപിഎസ് ഇന്ത്യ 23 ാമത് ഓള്‍ കേരള സെലസ്റ്റിയല്‍ ട്രോഫിയ്ക്ക് തുടക്കം

മുരുഗന്‍ ക്രിക്കറ്റ് ക്ലബ് സംഘടിപ്പിക്കുന്ന 23ാമത് ഓള്‍ കേരള സെലസ്റ്റിയല്‍ ട്രോഫി ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിനു ബുധനാഴ്ച (24-01-18) തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ തുടക്കമായി. എംപിഎസ് ഇന്ത്യ മുഖ്യ സ്പോണ്‍സര്‍ ആയ ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത് കേരള പോലീസ് ഡിഐജി ശ്രീ ഷെഫിന്‍ അഹമ്മദ് ആണ്.

42 ടീമുകളാണ് ഇത്തവണത്തെ ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്നത്. പ്രാഥമിക റൗണ്ടുകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഗ്രൗണ്ടിലും പ്രീക്വാര്‍ട്ടര്‍ മുതലുള്ള മത്സരങ്ങള്‍ മംഗലപുരം കെസിഎ ക്രിക്കറ്റ് ഗ്രൗണ്ടിലുമായി ആണ് അരങ്ങേറുക. ഫൈനല്‍ മത്സരം ഫെബ്രുവരി പതിനൊന്നിനാണ് ക്രമീകരിച്ചിട്ടുള്ളത്. ഫൈനല്‍ സെയിന്റ് സേവിയേഴ്സ് കെസിഎ ക്രിക്കറ്റ് ഗ്രൗണ്ടില്‍ വെച്ച് നടക്കും.

ടൂര്‍ണ്ണമെന്റിന്റെ ഫിക്സ്ച്ചര്‍ ചുവടെ കൊടുത്തിരിക്കുന്നു:

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ടിപിഎല്‍ 2018 ഫെബ്രുവരി 3നു ആരംഭിക്കും

ടെക്നോപാര്‍ക്ക് കമ്പനികള്‍ പങ്കെടുക്കുന്ന ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗിന്റെ 2018ലെ പതിപ്പ് ഫെബ്രുവരിയില്‍ ആരംഭിക്കും. ഫെബ്രുവരി 1നു ഉദ്ഘാടനം ചെയ്യുന്ന ടൂര്‍ണ്ണമെന്റിന്റെ ആദ്യ മത്സരം ഫെബ്രുവരി 3നു ടെക്നോപാര്‍ക്ക് മൈതാനത്ത് നടക്കും. കഴിഞ്ഞ വര്‍ഷത്തെ പോലെ മുരുഗന്‍ ക്രിക്കറ്റ് ക്ലബ്ബും ടെക്നോപാര്‍ക്കും സംയുക്തമായി സംഘടിപ്പിക്കുന്ന ടൂര്‍ണ്ണമെന്റിന്റെ മുഖ്യ സ്പോണ്‍സര്‍മാര്‍ എംപിഎസ് ഇന്ത്യ ആണ്.

മൂന്ന് ഘട്ടങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുക. ഫേസ് 1, ഫേസ് 2 യോഗ്യത റൗണ്ടുകളും ചാമ്പ്യന്‍ഷിപ്പ് റൗണ്ടുമാണ് ടൂര്‍ണ്ണമെന്റില്‍ ഉണ്ടാവുക. വിവിധ കമ്പനികളില്‍ നിന്നായി 125 ടീമുകളാണ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്നതിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ആദ്യ ഘട്ടത്തില്‍ 45 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ഇവയില്‍ നിന്ന് 8 ടീമുകള്‍ രണ്ടാം റൗണ്ടില്‍ നേരത്തെ സ്ഥാനം പിടിച്ചിരിക്കുന്ന 40 ടീമുകള്‍ക്കൊപ്പം ചേരും. ചാമ്പ്യന്‍ഷിപ്പ് റൗണ്ടിലും 40 ടീമുകള്‍ക്കാണ് ഡയറക്ട് എന്റട്രി നല്‍കിയിട്ടുള്ളത്. രണ്ടാം ഘട്ടത്തില്‍ നിന്ന് യോഗ്യത നേടിയ 8 ടീമുകളും ഈ നാല്പത് ടീമുകളും ചേര്‍ന്നാവും ചാമ്പ്യന്‍ഷിപ്പ് റൗണ്ടില്‍ പങ്കെടുക്കകു.

ഓരോ ഘട്ടത്തിലെയും ഫൈനല്‍ മത്സരങ്ങള്‍ ഒഴികെ എല്ലാ മത്സരങ്ങളും 8 ഓവറുകളായിരിക്കും. ഓരോ ഘട്ടത്തിലും ലീഗ് കം നോക്ഔട്ട് രൂപത്തിലാവും മത്സരങ്ങള്‍ സംഘടിപ്പിക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version