കര്‍ണ്ണാടകയുടെ ജൈത്രയാത്രയ്ക്ക് തടയിട്ട് മുംബൈ ഫൈനലിലേക്ക്

പൃഥ്വി ഷായുടെ ബാറ്റിംഗ് മികവില്‍ 322 റണ്‍സ് നേടിയ മുംബൈ എതിരാളികളായ കര്‍ണ്ണാടകയ്ക്കെതിരെ 72റണ്‍സിന്റെ വിജയവുമായി വിജയ് ഹസാരെ ട്രോഫി ഫൈനലിലേക്ക്. ദേവ്ദത്ത് പടിക്കലും ശരത്ത് ബിആറും ഒഴികെ മറ്റാര്‍ക്കും കാര്യമായ ബാറ്റിംഗ് പ്രകടനം പുറത്തെടുക്കാനാകാതെ പോയപ്പോള്‍ കര്‍ണ്ണാടകയുടെ ഇന്നിംഗ്സ് 42.4 ഓവറില്‍ 250 റണ്‍സിന് അവസാനിക്കുകയായിരുന്നു.

പടിക്കല്‍ 64 റണ്‍സും ശരത്ത് 61 റണ്‍സും നേടിയപ്പോള്‍ ശ്രേയസ്സ് ഗോപാല്‍(29), കൃഷ്ണപ്പ ഗൗതം(28), കരുണ്‍ നായര്‍(29) എന്നിവരുടെ പ്രകടനം ടീമിന് ഫൈനലിലേക്ക് യോഗ്യത നേടുവാന്‍ മതിയായില്ല. മുംബൈയ്ക്കായി തുഷാര്‍ ദേശ്പാണ്ടേ, തനുഷ് കോടിയന്‍,ഷംസ് മുലാനി, സോളങ്കി എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

വീണ്ടും അടിച്ച് തകര്‍ത്ത് പൃഥ്വി ഷാ, മൂംബൈയ്ക്ക് 322 റണ്‍സ്

വിജയ് ഹസാരെ ട്രോഫിയില്‍ കര്‍ണ്ണാടകയ്ക്കെതിരെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനവുമായി മുംബൈ ോപ്പണര്‍ പൃഥ്വി ഷാ. പൃഥ്വിയുടെ ബാറ്റിംഗ് മികവില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ 322 റണ്‍സിന് 49.2 ഓവറില്‍ ഓള്‍ഔട്ട് ആയി. പൃഥ്വി ഷാ 122 പന്തില്‍ നിന്ന് 165 റണ്‍സാണ് നേടിയത്. 17 ഫോറും 7 സിക്സും അടക്കമായിരുന്നു ഈ പ്രകടനം.

യശസ്വി ജൈസ്വാലിനെ തുടക്കത്തിലെ നഷ്ടമായെങ്കിലും മുംബൈയ്ക്ക് വേണ്ടി പൃഥ്വി ഷായുടെ മിന്നും പ്രകടനം ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു. ആദിത്യ താരെയുമായി(16) 71 റണ്‍സ് നേടി പൃഥ്വി. മൂന്നാം വിക്കറ്റില്‍ ഷംസ് മുലാനിയുമായി ചേര്‍ന്ന് 159 റണ്‍സാണ് പൃഥ്വി ഷാ നേടിയത്.

എന്നാല്‍ അടുത്തടുത്ത ഓവറുകളില്‍ മുലാനിയും(45) പൃഥ്വിയും പുറത്തായതോടെ അവസാന ഓവറുകളില്‍ പുതിയ ബാറ്റ്സ്മാന്മാര്‍ ആയിരുന്നു മുംബൈയ്ക്കായി ക്രീസിലെത്തിയത്. അവസാന ഓവറുകളില്‍ ശിവം ഡുബേ(27), അമന്‍ ഹക്കീം ഖാന്‍(25) എന്നിവരുടെ ബാറ്റിംഗ് പ്രകടനം ആണ് മുംബൈയുടെ സ്കോര്‍ 300 കടത്തിയത്. കര്‍ണ്ണാടകയ്ക്ക് വേണ്ടി വൈശാഖ് നാലും പ്രസിദ്ധ് മൂന്നും വിക്കറ്റ് നേടുകയായിരുന്നു.

വിജയ് ഹസാരെ സെമി ലൈനപ്പ് അറിയാം

വിജയ് ഹസാരെ ട്രോഫിയുടെ സെമി ഫൈനല്‍ മത്സരങ്ങള്‍ നാളെ മാര്‍ച്ച് 11ന് നടക്കും. ആദ്യ സെമിയില്‍ ഗുജറാത്തും ഉത്തര്‍ പ്രദേശും ഏറ്റുമുട്ടുമ്പോള്‍ കരുത്തന്മാരുടെ പോരാട്ടത്തില്‍ കര്‍ണ്ണാടകയും മുംബൈയും ഏറ്റുമുട്ടും. ആദ്യ സെമി അരുണ്‍ ജയ്‍റ്റിലി സ്റ്റേഡിയത്തിലും രണ്ടാം സെമി പാലം എ സ്റ്റേഡിയത്തിലും ആണ് അരങ്ങേറുക. ഇരു മത്സരങ്ങളും രാവിലെ 9 മണിയ്ക്ക് ആരംഭിയ്ക്കും.

മാര്‍ച്ച് 14, ഞായറാഴ്ചാണ് ഫൈനല്‍ മത്സരം. ഓപ്പണര്‍മാരായ ദേവ്ദത്ത് പടിക്കലിന്റെയും രവികുമാര്‍ സമര്‍ത്ഥിന്റെയും ബാറ്റിംഗ് മികവാണ് ടൂര്‍ണ്ണമെന്റില്‍ കര്‍ണ്ണാടകയ്ക്ക് തുണയായിട്ടുള്ളത്. കരുത്തരായ മുംബൈയും മികച്ച ഫോമിലേക്ക് ഉയര്‍ന്നിട്ടുണ്ട്. പൃഥ്വി ഷാ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ അടിച്ച തകര്‍ത്ത് ടൂര്‍ണ്ണമെന്റില്‍ മുന്നേറുകയാണ്.

ഗൂജറാത്ത് 117 റണ്‍സിന്റെ വിജയം നേടിയാണ് സെമിയില്‍ കടന്നിരിക്കുന്നത്. ഉത്തര്‍ പ്രദേശ് ഡല്‍ഹിയ്ക്കെതിരെ മികച്ച വിജയവുമായാണ് സെമി ഫൈനലില്‍ എത്തിയത്.

വിജയ് ഹസാരെയില്‍ പൃഥ്വി “ഷോ”

വിജയ് ഹസാരെ ട്രോഫി സെമിയില്‍ കടന്ന് മുംബൈ. ഇന്ന് സൗരാഷ്ട്ര നല്‍കിയ 285 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ മുംബൈ പൃഥ്വി ഷായുടെ വണ്‍ മാന്‍ ഷോ ഇന്നിംഗ്സിന്റെ ബലത്തില്‍ 9 വിക്കറ്റിന്റെ ആധികാരിക വിജയമാണ് നേടിയത്.

29 പന്തില്‍ നിന്ന് അര്‍ദ്ധ ശതകവും 67 പന്തില്‍ തന്റെ ശതകവും പൂര്‍ത്തിയാക്കി പൃഥ്വി ഷായെ പിടിച്ചുകെട്ടാനാകാതെ സൗരാഷ്ട്ര ബൗളര്‍മാര്‍ പതറിയപ്പോള്‍ മുംബൈ 41.5 ഓവറില്‍ വിജയം കരസ്ഥമാക്കി. 123 പന്തില്‍ 185 റണ്‍സ് നേടിയ പൃഥ്വി ഷാ 21 ഫോറും 7 സിക്സുമാണ് മത്സരത്തില്‍ നേടിയത്.

75 റണ്‍സ് നേടിയ യശസ്വി ജൈസ്വാലിനെ പുറത്താക്കി ജയ്ദേവ് ഉനഡ്കട് ആണ് ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിനെ തകര്‍ത്തത്. 238 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. ആദിത്യ താരെ 20 റണ്‍സുമായി പൃഥ്വിയ്ക്കൊപ്പം വിജയ സമയത്ത് ക്രീസിലുണ്ടായിരുന്നു.

29 പന്തില്‍ അര്‍ദ്ധ ശതകം തികച്ച് പൃഥ്വി ഷാ, മുംബൈ കുതിയ്ക്കുന്നു

സൗരാഷ്ട്ര നല്‍കിയ 285 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്നറങ്ങിയ മുംബൈയ്ക്ക് മിന്നും തുടക്കം നല്‍കി പൃഥ്വി ഷാ. താരം 29 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം തികച്ച് മുന്നേറിയപ്പോള്‍ 10 ഓവറില്‍ 72 റണ്‍സ് നേടി മുംബൈ അതി ശക്തമായ നിലയില്‍ ആണ് മത്സരത്തില്‍.

31 പന്തില്‍ 51 റണ്‍സുമായി പൃഥ്വി ഷായും 20 റണ്‍സുമായി യശസ്വി ജൈസ്വാലുമാണ് മുംബൈയ്ക്കായി ക്രീസിലുള്ളത്.

മുംബൈയ്ക്കെതിരെ 284 റണ്‍സ് നേടി സൗരാഷ്ട്ര

വിജയ് ഹസാരെ ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ 284 റണ്‍സ് നേടി സൗരാഷ്ട്ര. മുംബൈയ്ക്കെതിരെ 5 വിക്കറ്റ് നഷ്ടത്തിലാണ് ടീമിന്റെ ഈ സ്കോര്‍. 71 പന്തില്‍ പുറത്താകാതെ 90 റണ്‍സ് നേടിയ സമര്‍ത്ഥ് വ്യാസും 38 പന്തില്‍ 53 റണ്‍സ് നേടിയ ചിരാഗ് ഗനിയും ആണ് അവസാന ഓവറുകളില്‍ സൗരാഷ്ട്രയെ മുന്നോട്ട് നയിച്ചത്.

വിശ്വരാജ്സിന്‍ഹ് ജഡേജ 53 റണ്‍സും സ്നെല്‍ പട്ടേല്‍ 30 റണ്‍സും നേടിയപ്പോള്‍ അവി ബാരോത് 37 റണ്‍സ് നേടി. മുംബൈയ്ക്കായി ഷംസ് മുലാനി 2 വിക്കറ്റ് നേടി.

31 ഫോറുകള്‍ 5 സിക്സ്, പുതുച്ചേരിയ്ക്കെതിരെ ഇരട്ട ശതകം നേടി പൃഥ്വി ഷാ

പുതുച്ചേരിയ്ക്കെതിരെ വിജയ് ഹസാരെ ട്രോഫിയില്‍ കൂറ്റന്‍ സ്കോര്‍ നേടി മുംബൈ. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ ക്യാപ്റ്റന്‍ പൃഥ്വി ഷായുടെ മിന്നും ഫോമിന്റെ ബലത്തില്‍ 50 ഓവറില്‍ 457/4 എന്ന കൂറ്റന്‍ സ്കോര്‍ നേടുകയായിരുന്നു.

152 പന്തില്‍ നിന്ന് 227 റണ്‍സാണ് പുറത്താകാതെ പൃഥ്വി ഷാ നേടിയത്. സൂര്യകുമാര്‍ യാദവ് 58 പന്തില്‍ നിന്ന് 133 റണ്‍സ് നേടിയപ്പോള്‍ ആദിത്യ താരെ അര്‍ദ്ധ ശതകം നേടി. പൃഥ്വി 31 ഫോറും അഞ്ച് സിക്സും നേടിയപ്പോള്‍ സൂര്യകുമാര്‍ 22 ഫോറും നാല് സിക്സും നേടി.

വിജയ് ഹസാരെ ട്രോഫിയിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറാണ് ഇന്ന് പൃഥ്വി ഷാ നേടിയത്.

വിജയ് ഹസാരെ ട്രോഫിയ്ക്കുള്ള മുംബൈ ടീം സെലക്ഷന് തന്നെ അനുവദിക്കണമെന്ന് സലീല്‍ അങ്കോള

വിജയ് ഹസാരെ ട്രോഫിയ്ക്കുള്ള മുംബൈ ടീം സെലക്ഷന് തന്നെ അനുവദിക്കണമെന്ന് മുംബൈ ക്രിക്കറ്റ് അസോസ്സിയേഷനോട് ആവശ്യപ്പെട്ട് സലീല്‍ അങ്കോള. മുംബൈയുടെ മുഖ്യ സെലക്ടര്‍ ആണ് അങ്കോള. കോച്ച് അമിത് പാഗ്നിസ് സയ്യദ് മുഷ്താഖ് അലിയിലെ മോശം പ്രകടനം കാരണം രാജി വയ്ക്കുകയായിരുന്നു.

അടുത്ത ടൂര്‍ണ്ണമെന്റിന് മുമ്പ് ടീം സെലക്ഷന്‍ നടത്തി താരങ്ങള്‍ക്ക് വേണ്ടത്ര സമയം പരിശീലനത്തിന് ലഭിയ്ക്കുവാന്‍ വേണ്ടിയാണ് തന്റെ ഈ ആവശ്യമെന്ന് അങ്കോള അറിയിച്ചു. ബിസിസിഐ ഫെബ്രുവരി മധ്യത്തോടെ വിജയ് ഹസാരെ ട്രോഫ് നടത്തുവാനുള്ള ആലോചനയിലാണെന്നും കോച്ച് ഇല്ലാത്ത ടീം പുതിയ കോച്ചിനെ കണ്ടെത്തി മാത്രം സെലക്ഷന് മുതിരുകയാണെങ്കില്‍ സമയം വൈകുമെന്നും അങ്കോള വ്യക്തമാക്കി.

സയ്യദ് മുഷ്താഖ് അലി ട്രോഫിയിലെ മോശം പ്രകടനം, മുംബൈ കോച്ച് സ്ഥാനം ഒഴിഞ്ഞു

സയ്യദ് മുഷ്താഖ് അലി ട്രോഫിയിലെ മോശം പ്രകടനത്തെത്തുടര്‍ന്ന് മുംബൈ കോച്ച് അമിത് പാഗ്നിസ് സ്ഥാനം ഒഴിഞ്ഞു. ടൂര്‍ണ്ണമെന്റില്‍ എലൈറ്റ് ഗ്രൂപ്പ് ഇയില്‍ അഞ്ച് മത്സരങ്ങളില്‍ ആദ്യ നാല് മത്സരങ്ങളിലും പരാജയമേറ്റു വാങ്ങിയ മുംബൈയ്ക്ക് ഒരു വിജയം ആണ് നേടാനായത്.

തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്താണ് താന്‍ പടിയിറങ്ങുന്നതെന്ന് പാഗ്നിസ് വ്യക്തമാക്കി. ടീമെന്ന നിലയില്‍ ഒരുമിച്ച് പരിശീലനം നടത്തുവാന്‍ സാധിക്കാതെ പോയതാണ് മുംബൈയ്ക്ക് തിരിച്ചടിയായതെന്ന് അമിത് വ്യക്തമാക്കി.

മുംബൈയ്ക്ക് വീണ്ടും നാണക്കേട്, പുതുച്ചേരിയോട് 94 റണ്‍സിന് പുറത്ത്, ശാന്ത മൂര്‍ത്തിയ്ക്ക് അഞ്ച് വിക്കറ്റ്

സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ തുടര്‍ തോല്‍വികള്‍ നേരിടുന്ന മുംബൈയ്ക്ക് ഇന്ന് വീണ്ടും ബാറ്റിംഗ് തകര്‍ച്ച. പുതുച്ചേരിയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത മുംബൈ 94 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു. 19 ഓവറിലാണ് ടീം ഓള്‍ഔട്ട് ആയത്.

ശാന്ത മൂര്‍ത്തിയുടെ അഞ്ച് വിക്കറ്റ് നേട്ടമാണ് മുംബൈയുടെ നടുവൊടിച്ചത്. ശിവം ഡുബേ 28 റണ്‍സുമായി മുംബൈയുടെ ടോപ് സ്കോറര്‍ ആയപ്പോള്‍ ആകാശ് പാര്‍ക്കര്‍ 20 റണ്‍സ് നേടി പുറത്താകാതെ നിന്നു.

പുതുച്ചേരിയ്ക്ക് വേണ്ടി അരവിന്ദരാജ് രണ്ട് വിക്കറ്റ് നേടി.

അസ്ഹര്‍ അടിയില്‍ വീണ് മുംബൈ, കേരളത്തിന് രണ്ടാം ജയം

മുംബൈ നല്‍കിയ 197 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യം നിഷ്പ്രയാസം മറികടന്ന് കേരളം. 15.5 ഓവറിലാണ് 2 വിക്കറ്റ് നഷ്ടത്തില്‍ കേരളം ഈ സ്കോര്‍ മറികടന്നത്. 54 പന്തില്‍ 137 റണ്‍സ് നേടിയ അസ്ഹറുദ്ദീന്റെ പ്രകടനം ആണ് കേരളത്തിന് മത്സരം അനുകൂലമാക്കി മാറ്റിയത്. 9 ഫോറും 11 സിക്സുമാണ് അസ്ഹറുദ്ദീന്‍ നേടിയത്.

23 പന്തില്‍ 33 റണ്‍സ് നേടിയ റോബിന്‍ ഉത്തപ്പയും 12 പന്തില്‍ 22 റണ്‍സ് നേടിയ സഞ്ജു സാംസണും മികച്ച പ്രകടനം കേരളത്തിനായി നേടി.

മുഹമ്മദ് അസ്ഹറുദ്ദീന്റെ ഒറ്റയാന്‍ പ്രകടനമാണ് കേരളത്തെ വിജയത്തിലേക്ക് നയിച്ചത്. 20 പന്തില്‍ അര്‍ദ്ധ ശതകം നേടിയ അസ്ഹറുദ്ദീന്‍ തന്റെ ശതകം പൂര്‍ത്തിയാക്കുവാന്‍ 17 പന്ത് കൂടിയാണ് നേരിട്ടത്.

Mohammedazharuddeen

6 ഓവറില്‍ 88 റണ്‍സ് നേടിയ ടീമിന് 10 ഓവറില്‍ 140 റണ്‍സാണ് നേടാനായത്.

കേരളത്തിനെതിരെ കൂറ്റന്‍ സ്കോര്‍ നേടി മുംബൈ, മൂന്ന് വിക്കറ്റുമായി ജലജ് സക്സേനയും കെഎം ആസിഫും

കേരളത്തിനെതിരെ സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ ആദ്യം ബാറ്റ് ചെയ്ത് 196 റണ്‍സ് നേടി മുംബൈ. ഓപ്പണര്‍മാര്‍ നല്‍കിയ മികച്ച പ്രകടനത്തിന് ശേഷം ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും അവസാന ഓവറുകളില്‍ സര്‍ഫ്രാസും ശിവം ഡുബേയും മികവ് പുലര്‍ത്തിയപ്പോള്‍ മുംബൈ പടുകൂറ്റന്‍ സ്കോറിലേക്ക് നീങ്ങുകയായിരുന്നു. 7 വിക്കറ്റാണ് മുംബൈയ്ക്ക് നഷ്ടമായത്.

യശസ്വി ജൈസ്വാലും ആദിത്യ താരെയും ചേര്‍ന്ന് 88 റണ്‍സാണ് 9.5 ഓവറില്‍ മുംബൈയ്ക്കായി നേടിയത്. 42 റണ്‍സ് നേടിയ ആദിത്യ താരെയെ ജലജ് സക്സേന പുറത്താക്കിയപ്പോളാണ് കേരളത്തിന് ആദ്യ ബ്രേക്ക്ത്രൂ ലഭിച്ചത്. അധികം വൈകുന്നതിന് മുമ്പ് 40 റണ്‍സ് നേടിയ ജൈസ്വാലിനെ മുംബൈയ്ക്ക് നഷ്ടമാകുമ്പോള്‍ ടീം 101 റണ്‍സാണ് നേടിയത്. നിധീഷിനായിരുന്നു വിക്കറ്റ്.

അതിന് ശേഷം സൂര്യകുമാര്‍ യാദവും സിദ്ധേഷ് ലാഡും ചേര്‍ന്ന് 49 റണ്‍സ് മൂന്നാം വിക്കറ്റില്‍ നേടി. 21 റണ്‍സ് നേടിയ ലാഡിനെ പുറത്താക്കി ജലജ് സക്സേന തന്റെ രണ്ടാം വിക്കറ്റ് നേടി. അതേ ഓവറില്‍ തന്നെ സൂര്യകുമാര്‍ യാദവിനെയും(38) പുറത്താക്കി ജലജ് സക്സേന മുംബൈയുടെ കുതിപ്പിന് തടയിട്ടു.

അവസാന ഓവറുകളില്‍ സര്‍ഫ്രാസ് ഖാനും ശിവം ഡുബേയും കേരള ബൗളര്‍മാരെ തിരഞ്ഞ് പിടിച്ച് അടിച്ചപ്പോള്‍ മുംബൈ ഇരുനൂറും കടന്ന് മുന്നോട്ട് പോകുമെന്ന് തോന്നിപ്പിച്ചുവെങ്കിലും ഇരുവരെയും പുറത്താക്കി കെഎം ആസിഫ് മുംബൈയെ 196 റണ്‍സില്‍ ഒതുക്കി. ഇരുവരും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 43 റണ്‍സാണ് നേടിയത്.

ശിവം ഡുബേ 13 പന്തില്‍ 26 റണ്‍സും സര്‍ഫ്രാസ് ഖാന്‍ 9 പന്തില്‍ 17 റണ്‍സുമാണ് നേടിയത്. ഇന്നിംഗ്സിലെ അവസാന ഓവറിലെ ആദ്യ രണ്ട് പന്തില്‍ സര്‍ഫ്രാസിനെയും ശിവം ഡുബേയെയും ആസിഫ് പുറത്താക്കിയെങ്കിലും താരത്തിന് ഹാട്രിക് നേടാനായില്ല. അവസാന പന്തില്‍ അഥര്‍വ്വയുടെ വിക്കറ്റ് വീഴ്ത്തി താരം തന്റെ മൂന്ന് വിക്കറ്റ് നേട്ടം തികച്ചു.

Exit mobile version