അരങ്ങേറ്റം ഉജ്ജ്വലമാക്കി അല്‍സാരി ജോസഫ്, വമ്പന്‍ തിരിച്ചുവരവുമായി മുംബൈ ഇന്ത്യന്‍സ്

ജോണി ബൈര്‍സ്റ്റോയും ഡേവിഡ് വാര്‍ണറും പതിവു പോലെ നല്‍കിയ മിന്നും തുടക്കത്തിനു ശേഷം സണ്‍റൈസേഴ്സിനെ മുംബൈ ഇന്ത്യന്‍സ് വരിഞ്ഞു മുറുക്കിയപ്പോള്‍ ടീമിനു 40 റണ്‍സിന്റെ വിജയം. അല്‍സാരി ജോസഫിന്റെ ആറ് വിക്കറ്റ് നേട്ടമാണ് മുംബൈയ്ക്ക് അവിസ്മരണീയ വിജയം നേടിക്കൊടുത്തത്. 17.4 ഓവറില്‍ സണ്‍റൈസേഴ്സ് 96 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു.

ഒന്നാം വിക്കറ്റില്‍ 3.4 ഓവറില്‍ നിന്ന് 33 റണ്‍സിലേക്ക് ജോണി ബൈര്‍സ്റ്റോയും ഡേവിഡ് വാര്‍ണറും കൂടി ടീമിനെ നയിച്ചപ്പോള്‍ ഓവറുകള്‍ ബാക്കി നില്‍ക്കെ ആതിഥേയര്‍ വിജയം കൈയ്യടക്കുമെന്നാണ് ഏവരും കരുതിയത്. എന്നാല്‍ ഓവറുകളുടെ വ്യത്യാസത്തില്‍ അപകടകാരികളായ ഓപ്പണര്‍മാരെ മുംബൈ പുറത്താക്കിയപ്പോള്‍ മത്സരത്തിലേക്ക് മുംബൈ ശക്തമായ തിരിച്ചുവരവ് നടത്തി.

രാഹുല്‍ ചഹാര്‍ 16 റണ്‍സ് നേടിയ ജോണി ബൈര്‍സ്റ്റോയെ പുറത്താക്കിയപ്പോള്‍ അടുത്ത ഓവറിന്റെ ആദ്യ പന്തില്‍ തന്റെ ഐപിഎല്‍ അരങ്ങേറ്റം കുറിച്ച അല്‍സാരി ജോസഫ് ഡേവിഡ് വാര്‍ണറെയും(15) പുറത്താക്കി. തന്റെ അടുത്ത ഓവറില്‍ വിജയ് ശങ്കറെ പുറത്താക്കി ജോസഫ് തന്റെ രണ്ടാം വിക്കറ്റ് നേടി. മനീഷ് പാണ്ഡേയെ മികച്ചൊരു ക്യാച്ചിലൂടെ രോഹിത് ശര്‍മ്മ പുറത്താക്കിയപ്പോള്‍ ജേസണ്‍ ബെഹ്രെന്‍ഡോര്‍ഫ് തന്റെ മത്സരത്തിലെ ഏക വിക്കറ്റ് നേടി. രാഹുല്‍ ചഹാര്‍ യൂസഫ് പത്താനെ പുറത്താക്കിയതോടെ 33/0 എന്ന നിലയില്‍ നിന്ന് സണ്‍റൈസേഴ്സ് 62/5 എന്ന നിലയിലേക്ക് വീഴുകയായിരുന്നു.

അല്‍സാരി ജോസഫ് തന്റെ രണ്ടാം സെല്ലിനു വന്നപ്പോള്‍ ചെറുത്ത് നില്‍ക്കുകയായിരുന്ന ഹൂഡ-നബി കൂട്ടുകെട്ടിനെയും തകര്‍ക്കവാന്‍ ജോസഫിനായി. 20 റണ്‍സ് നേടിയ ദീപക് ഹൂഡയെയാണ് ജോസഫ് തന്റെ രണ്ടാം സ്പെല്ലില്‍ ആദ്യം പുറത്താക്കിയത്. 26 റണ്‍സ് കൂട്ടുകെട്ടാണ് ആറാം വിക്കറ്റില്‍ ഹൂഡയും നബിയും നേടിയത്.

അടുത്ത പന്തില്‍ റഷീദ് ഖാനെ പുറത്താക്കി അല്‍സാരി ജോസഫ് തന്റെ ഹാട്രിക്കിനു അടുത്തെത്തിയെങ്കിലും ഹാട്രിക് നേടുവാന്‍ താരത്തിനായില്ല. മുഹമ്മദ് നബിയെ(11) ജസ്പ്രീത് ബുംറ പുറത്താക്കിയപ്പോള്‍ ഭുവനേശ്വര്‍ കുമാറിനെയും സിദ്ധാര്‍ത്ഥ് കൗളിനെയും പുറത്താക്കി അല്‍സാരി ജോസഫ് തന്റെ 6ാം വിക്കറ്റും മുംബൈയ്ക്ക് 40 റണ്‍സ് ജയവും നേടിക്കൊടുത്തു.

വിക്കറ്റ് മെയിഡന്‍, അതും ഡേവിഡ് വാര്‍ണറുടെ, ഐപിഎല്‍ അരങ്ങേറ്റം ഉജ്ജ്വലമാക്കി അല്‍സാരി ജോസഫ്

ആഡം മില്‍നെയുടെ പരിക്കാണ് ഐപിഎലിനു തുടങ്ങുന്നതിനു മുമ്പ് ആല്‍സാരി ജോസഫിനു ഐപിഎലിലേക്ക് അവസരം ലഭിയ്ക്കുവാന്‍ ഇടയാക്കിയത്. ലസിത് മലിംഗ, മിച്ചല്‍ മക്ലെനാഗന്‍, ജേസണ്‍ ബെഹ്രെന്‍ഡോര്‍ഫ് എന്നിവരുടെ സാന്നിദ്ധ്യത്തില്‍ താരത്തിനു മത്സരാവസരം ലഭിയ്ക്കുമോ എന്നത് സംശയത്തിലായിരുന്നു. എന്നാല്‍ ലസിത് മലിംഗ ശ്രീലങ്കയിലേക്ക് പ്രാദേശിക ക്രിക്കറ്റിനായി മടങ്ങിയതോടെ ഇന്ന് സണ്‍റൈസേഴ്സ് ഹൈദ്രാബാദിനെതിരെ തന്റെ അരങ്ങേറ്റ മത്സരത്തിനു താരത്തിനു അവസരം ലഭിച്ചു.

അല്‍സാരി ജോസഫ് മുംബൈയുടെ അഞ്ചാം ഓവര്‍ എറിയാനെത്തിയപ്പോള്‍ ഡേവിഡ് വാര്‍ണറാണ് ക്രീസിലുണ്ടായിരുന്നത്. ജോണി ബൈര്‍സ്റ്റോ അതിനു തൊട്ട് മുമ്പുള്ള ഓവറില‍് പുറത്തായതെയുള്ളു. തന്റെ ഐപിഎലിലെ ആദ്യ പന്തില്‍ തന്നെ വാര്‍ണറെ പുറത്താക്കിയ താരം ആ ഓവര്‍ റണ്ണൊന്നും വിട്ട് നല്‍കിയില്ല. തന്റെ അടുത്ത ഓവറില്‍ വിജയ് ശങ്കറെ പുറത്താക്കി ജോസഫ് തന്റെ രണ്ടാം വിക്കറ്റും നേടി.

ഇഴഞ്ഞ് നീങ്ങി മുംബൈ ഇന്നിംഗ്സ്, അവസാന ഓവറുകളില്‍ തിളങ്ങി പൊള്ളാര്‍ഡ്

സണ്‍റൈസേഴ്സ് ഹൈദ്രാബാദിനെതിരെ ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത് മുംബൈ ഇന്ത്യന്‍സിന്റെ വക മോശം ബാറ്റിംഗ് പ്രകടനം. 26 പന്തില്‍ നിന്ന് 46 റണ്‍സ് നേടിയ കീറണ്‍ പൊള്ളാര്‍ഡിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെ ബലത്തിലാണ് മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ നിന്ന് 136/7 എന്ന സ്കോറിലേക്ക് നീങ്ങുകയായിരുന്നു. 2 ഫോറും 4 സിക്സും സഹിതമായിരുന്നു പൊള്ളാര്‍ഡിന്റെ ഇന്നിംഗ്സ്.

നാലാം ഓവറില്‍ ഓപ്പണറും നായകനുമായ രോഹിത് ശര്‍മ്മ പുറത്താകുന്നത് വരെ മെല്ലെയെങ്കിലും മുന്നോട്ട് പോകുകയായിരുന്ന മുംബൈയ്ക്ക് പിന്നീട് താളം തെറ്റുന്നതാണ് കണ്ടത്. റണ്‍സ് വിട്ട് നല്‍കാതെയും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയും മുംബൈയ്ക്ക് മേല്‍ സമ്മര്‍ദ്ദം സണ്‍റൈസേഴ്സ് ബൗളര്‍മാര്‍ സൃഷ്ടിക്കുകയായിരുന്നു.

അവസാന ഓവറുകളില്‍ കീറണ്‍ പൊള്ളാര്‍ഡിന്റെ വെടിക്കെട്ട് പ്രകടനത്തിന്റെ ബലത്തിലാണ് നൂറ് റണ്‍സ് കടക്കുവാന്‍ മുംബൈയ്ക്ക് സാധിച്ചത്. സിദ്ധാര്‍ത്ഥ് കൗള്‍ എറിഞ്ഞ 19ാം ഓവറില്‍ മൂന്ന് സിക്സുകള്‍ നേടി പൊള്ളാര്‍ഡ് 20 റണ്‍സാണ് മുംബൈ ഇന്ത്യന്‍സ് നേടിയത്. 20ാം ഓവറില്‍ ഭുവനേശ്വര്‍ കുമാറിന്റെ ഓവറിലും രണ്ട് ബൗണ്ടറിയും ഒരു സിക്സും നേടി 19 റണ്‍സ് ഓവറില്‍ നിന്ന് പൊള്ളാര്‍ഡ് അടിച്ചെടുത്തു. അതേ സമയം മോശം ഫീല്‍ഡിംഗാണ് സണ്‍റൈസേഴ്സിനു വിനയായത്.

അവസാന രണ്ടോവറില്‍ നിന്ന് മാത്രം മുംബൈ 39 റണ്‍സാണ് നേടിയത്. സണ്‍റൈസേഴ്സിനു വേണ്ടി സിദ്ധാര്‍ത്ഥ് കൗള്‍ രണ്ട് വിക്കറ്റ് നേടി.

സണ്‍റൈസേഴ്സിനു ടോസ്, മുംബൈയെ ബാറ്റിംഗിനയയ്ച്ചു, യുവി ഇന്ന് മത്സരിക്കാനില്ല

ഇന്നത്തെ രണ്ടാമത്തെയും തീപാറുമെന്ന് കരുതുന്ന മത്സരത്തിലും മുംബൈ ഇന്ത്യന്‍സ് ആദ്യം ബാറ്റ് ചെയ്യും. സണ്‍റൈസേഴ്സിന്റെ വെടിക്കെട്ട് താരങ്ങള്‍ക്കെതിരെ കൂറ്റന്‍ സ്കോര്‍ നേടുകയെന്ന ലക്ഷ്യത്തോടെയാവും മുംബൈ ബാറ്റിംഗിനിറങ്ങുക. മത്സരത്തില്‍ ടോസ് സണ്‍റൈസേഴ്സ് നായകന്‍ ഭുവനേശ്വര്‍ കുമാറാണ് ടോസ് നേടിയത്. മത്സരത്തില്‍ മാറ്റങ്ങളില്ലാതെയാണ് സണ്‍റൈസേഴ്സ് ഇറങ്ങുന്നത്. അതേ സമയം മുംബൈ നിരയില്‍ യുവരാജ് സിംഗിനു പകരം ഇഷാന്‍ കിഷനും ലസിത് മലിംഗയ്ക്കു പകരം അല്‍സാരി ജോസഫ് തന്റെ അരങ്ങേറ്റവും നടത്തുന്നു.

മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ്മ, ക്വിന്റണ്‍ ഡി കോക്ക്, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, കീറണ്‍ പൊള്ളാര്‍ഡ്, ഹാര്‍ദ്ദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ, രാഹുല്‍ ചഹാര്‍, ജസ്പ്രീത് ബുംറ, അല്‍സാരി ജോസഫ്, ജേസണ്‍ ബെഹ്രെന്‍ഡോര്‍ഫ്

സണ്‍റൈസേഴ്സ് ഹൈദ്രാബാദ്: ഡേവിഡ് വാര്‍ണര്‍, ജോണി ബൈര്‍സ്റ്റോ, മനീഷ് പാണ്ടേ, ദീപക് ഹൂഡ, വിജയ് ശങ്കര്‍, യൂസഫ് പത്താന്‍, റഷീദ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് നബി, സന്ദീപ് ശര്‍മ്മ, സിദ്ധാര്‍ത്ഥ് കൗള്‍

വിജയക്കുതിപ്പ് തുടരാൻ സൺറൈസേഴ്സ്, പൊരുതി ജയിക്കാൻ മുംബൈ ഇന്ത്യൻസ്

ഇന്ത്യൻ പ്രീമിയർ ലീഗിലെ സൂപ്പർ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസ് സൺ റൈസേഴ്സ് ഹൈദരാബാദിനെ നേരിടും. ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുക. ഐപിഎല്ലിലെ ബാറ്റ്സ്മാൻമാരുടെ പറുദീസയായി അറിയപ്പെടുന്ന സ്റ്റേഡിയത്തിൽ ഇരു ടീമുകളും ഇറങ്ങുമ്പോൾ തീ പാറുന്നൊരു മത്സരം തന്നെ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് പ്രതീക്ഷിക്കാം. ഈ സീസണിൽ തകർപ്പൻ ഫോമിലാണ് സൺ റൈസേഴ്സ്.

തുടർച്ചയായ മൂന്ന് ഐപിഎൽ മത്സരങ്ങൾ ജയിച്ച ഹൈദരാബാദാണ് ഇപ്പോൾ പോയന്റ് നിലയിൽ ഒന്നാമത്. ഡേവിഡ് വർണറുടെയും ജോണി ബൈറസ്റ്റോവിന്റെയും ചുമലിലേറി കുതിക്കുകയാണ് ഹൈദരാബാദ്. അവസാന മത്സരത്തിൽ ഒൻപത് പന്തുകൾ ബാക്കി നിൽക്കെ ഡൽഹി ക്യാപിറ്റൽസിനോട് അഞ്ചു വിക്കറ്റ് ജയമാണ് ഹൈദരാബാദ് സ്വന്തമാക്കിയത്. അതെ സമയം ഈ സീസണിൽ കൺസിസ്റ്റൻസി ഇല്ലാത്ത മുംബൈ ഇന്ത്യൻസ് രണ്ടു മത്സരം ജയിക്കുകയും രണ്ടു മത്സരത്തിൽ പരാജയപ്പെടുകയും ചെയ്തു.

നിലവിൽ പോയന്റ് നിലയിൽ ആറാമതാണ് രോഹിത് ശർമ്മയുടെ മുംബൈ ഇന്ത്യൻസ്. എന്നാൽ ഹാര്ദിക്ക് പാണ്ട്യയുടെ ഓൾ റൌണ്ട് പ്രകടനത്തിന്റെ പിൻബലത്തിൽ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സിനെ പരാജയപ്പെടുത്തിയിരുന്നു മുംബൈ ഇന്ത്യൻസ്. ഐപിഎല്ലിൽ ഇരു ടീമുകളുടെയും പോരാട്ടത്തിന്റെ ചരിത്രമെടുത്താൽ 12 തവണയാണ് ഇരു ടീമുകളും ഏറ്റുമുട്ടിയത്. അതിൽ ഏഴു തവണയും ജയം സ്വന്തമാക്കിയത് സൺ റൈസേഴ്സ് ഹൈദരാബാദാണ്. അഞ്ചു തവണ മാത്രമേ മുംബൈ ഇന്ത്യൻസിന് ജയിക്കാൻ സാധിച്ചിരുന്നുള്ളു. ഇന്ന് വൈകിട്ട് 8 മണിക്കാണ് മത്സരം ആരംഭിക്കുക.

രാഹുല്‍ ചഹാറിനു രണ്ടോവര്‍ മാത്രം നല്‍കിയതിനു കാരണം ധോണിയും കേധാറും

മുംബൈയ്ക്കായി രണ്ടോവര്‍ എറിഞ്ഞ രാഹുല്‍ ചഹാര്‍ വെറും 11 റണ്‍സ് മാത്രമാണ് ഈ ഓവറുകളില്‍ നിന്ന് വിട്ട് നല്‍കിയത്. എന്നാല്‍ താരത്തിനു മുഴുവന്‍ ക്വോട്ടയും നല്‍കുവാന്‍ രോഹിത് ശര്‍മ്മ മുതിര്‍ന്നില്ല. അതിനു കാരണമെന്തെന്ന് രോഹിത് പിന്നീട് വ്യക്തമാക്കി. ധോണിയും കേധാറും ക്രീസില്‍ നിന്നതാണ് ഇതിനു കാരണമെന്ന് മുംബൈ നായകന്‍ രോഹിത് ശര്‍മ്മ വ്യക്തമാക്കി.

ഇരു താരങ്ങളും സ്പിന്നര്‍മാരെ മികച്ച രീതിയില്‍ കളിക്കുന്ന താരങ്ങളാണ്. മുംബൈയ്ക്കെതിരെ ചെന്നൈയ്ക്ക് തിരിച്ചുവരവിനു അവസരം നല്‍കാതിരിക്കുവാനുള്ള തീരുമാനമായിരുന്നു അത്. പിന്നീട് ഇരു താരങ്ങളും പുറത്തായപ്പോള്‍ മത്സരം അവസാന ഓവറുകളിലേക്ക് എത്തിയിരുന്നു. മലിംഗയും ഹാര്‍ദ്ദിക് പാണ്ഡ്യയും മികവോടെ പന്തെറിഞ്ഞതിനാലും രാഹുല്‍ ചഹാറിനെ പിന്നീട് ഓവറുകള്‍ക്കായി മുംബൈ നായകന്‍ വിളിച്ചില്ല.

ഏഴ് മാസങ്ങള്‍ കടുപ്പമേറിയതായിരുന്നു, എന്നാല്‍ ഈ പ്രകടനം ഏറെ സന്തോഷം നല്‍കുന്നത്

താന്‍ മത്സരങ്ങളില്‍ അവസരം കിട്ടണമെന്ന് ആഗ്രഹമുള്ളൊരു വ്യക്തിയാണെന്നും ഏഴ് മാസത്തോളം ക്രിക്കറ്റില്‍ നിന്ന് വിട്ട് നില്‍ക്കേണ്ടി വന്നതിനു ശേഷം ഇപ്പോള്‍ ടീമിനെ വിജയത്തിലേക്ക് നയിക്കുവാനുള്ള അവസരം ലഭിയ്ക്കുന്നത് ഏറെ സന്തോഷം നല്‍കുന്ന കാര്യമാണ്. പരിക്കും ക്രിക്കറ്റിനു പുറത്തേ വിവാദവും തന്നെ ഏറെ പ്രയാസത്തിലാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ടീമിനെ വിജയത്തിലേക്ക് നയിക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിക്കാനായതില്‍ ഏറെ സന്തോഷമുണ്ടെന്നും ഹാര്‍ദ്ദിക് പാണ്ഡ്യ വ്യക്തമാക്കി. ഇതുപോലെ തന്നെ തുടര്‍ന്നും കളിച്ച് ഇന്ത്യയുടെ ലോകകപ്പ് വിജയത്തിലും പറ്റുമെങ്കില്‍ ഭാഗമാകണമെന്നതാണ് തന്റെ ഇപ്പോളത്തെ ആഗ്രഹം. ഇന്നത്തെ ഈ വിജയവും മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡും എന്റെ കഷ്ട സമയത്ത് ഒപ്പം നിന്ന എല്ലാവര്‍ക്കുമായി നല്‍കുവാന്‍ ആഗ്രഹിക്കുന്നുവെന്നും ഹാര്‍ദ്ദിക് പറഞ്ഞു.

ഇന്നലെ 8 പന്തില്‍ നിന്ന് 25 റണ്‍സ് നേടിയ ഹാര്‍ദ്ദിക് പാണ്ഡ്യ മൂന്ന് സിക്സ് അടക്കമായിരുന്നു തന്റെ വെടിക്കെട്ട് പ്രകടനം പുറത്തെടുത്തത്. ബൗളിംഗില്‍ തന്റെ നാലോവറില്‍ നിന്ന് 3 വിക്കറ്റാണ് താരം നേടിയത്. 20 റണ്‍സാണ് പാണ്ഡ്യ വിട്ട് നല്‍കിയത്. ഈ പ്രകടനം ഹാര്‍ദ്ദിക്കിനെ മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കുവാന്‍ ഉപകരിച്ചു.

ഐപിഎലില്‍ നൂറ് ജയം തികയ്ക്കുന്ന ആദ്യ ടീമായി മുംബൈ ഇന്ത്യന്‍സ്

ഐപിഎല്‍ ചരിത്രത്തില്‍ നൂറ് വിജയം കുറിയ്ക്കുന്ന ആദ്യ ടീമെന്ന ബഹുമതി സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്. ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സിനെ 37 റണ്‍സിനു പരാജയപ്പെടുത്തിയാണ് മുംബൈ ഈ നേട്ടം കൊയ്തത്. മുംബൈയുടെ വിജയങ്ങളില്‍ ഒരെണ്ണം സൂപ്പര്‍ ഓവറിലായിരുന്നു. മുംബൈയ്ക്ക് പുറകെ ഐപിഎലില്‍ ഏറ്റവും വിജയം നേടിയിട്ടുള്ള ടീം ചെന്നൈ സൂപ്പര്‍ കിംഗ്സ് ആണ്. 93 മത്സരങ്ങളിലാണ് ചെന്നൈ വിജയം കുറിച്ചിട്ടുള്ളത്.

ഐപിഎലില്‍ തങ്ങളുടെ 50ാം വിജയവും മുംബൈ നേടിയത് ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെയായിരുന്നു.

ചെന്നൈ സൂപ്പര്‍ കിംഗ്സിനെ പാളം തെറ്റിച്ച് മുംബൈ ഇന്ത്യന്‍സ്

ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ വിജയ യാത്രയ്ക്ക് തടസ്സം കുറിച്ച് മുംബൈ ഇന്ത്യന്‍സ്. ഇന്ന് വാങ്കഡേ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 171 റണ്‍സ് വിജയലക്ഷ്യം ചേസ് ചെയ്യുകയായിരുന്നു ചെന്നൈയ്ക്ക് വേണ്ടി കേധാര്‍ ജാഥവ് മാത്രം തിളങ്ങിയപ്പോള്‍ മുംബൈയ്ക്ക് 37 റണ്‍സിന്റെ വിജയം പിടിച്ചെടുക്കുകയായിരുന്നു. ബാറ്റ് കൊണ്ടും ബോള്‍ കൊണ്ടും മികവ് പുലര്‍ത്തിയ ഹാര്‍ദ്ദിക് പാണ്ഡ്യയാണ് മുംബൈയുടെ വിജയത്തിലെ പ്രധാനി. കേധാര്‍ ജാഥവ് ചെന്നൈയ്ക്കായി 58 റണ്‍സ് നേടി.

ആദ്യ ഓവറില്‍ തന്നെ അമ്പാട്ടി റായിഡുവിനെ നഷ്ടമായ ചെന്നൈയ്ക്ക് അടുത്ത ഓവറില്‍ വാട്സണെയും(5) നഷ്ടമായി. സുരേഷ് റെയ്‍നയെ(15) തകര്‍പ്പന്‍ ക്യാച്ചിലൂടെ കീറണ്‍ പൊള്ളാര്‍ഡ് പിടിച്ചപ്പോള്‍ ജേസണ്‍ ബെഹ്രെന്‍ഡോര്‍ഫിനു തന്റെ മത്സരത്തിലെ രണ്ടാം വിക്കറ്റ് നേടാനായി. പിന്നീട് കേധാര്‍ ജാഥവും ഒപ്പം കൂട്ടായി എംഎസ് ധോണിയും ചേര്‍ന്നാണ് ചെന്നൈയെ മുന്നോട്ട് നയിച്ചത്. പത്തോവറില്‍ നിന്ന് 66 റണ്‍സാണ് ചെന്നൈ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ നേടിയത്. ഇതില്‍ തന്നെ പകുതിയിലേറെ സ്കോര്‍ നേടിയത് കേധാര്‍ ജാഥവും.

അടുത്ത നാലോവറില്‍ നിന്ന് 21 റണ്‍സ് മാത്രം ചെന്നൈ നേടിയപ്പോള്‍ മത്സരം ജയിക്കുവാന്‍ അവസാന ആറോവറില്‍ ടീമിനു 84 റണ്‍സ് വേണ്ട സ്ഥിതിയായി. ഹാര്‍ദ്ദിക് പാണ്ഡ്യ എറിഞ്ഞ 15ാം ഓവറില്‍ എംഎസ് ധോണിയും രവീന്ദ്ര ജഡേജയും പുറത്തായതോടെ ചെന്നൈയ്ക്ക് കാര്യങ്ങള്‍ കൂടുതല്‍ കഷ്ടത്തിലായി. ധോണി 21 പന്തില്‍ നിന്ന് വെറും 12 റണ്‍സാണ് ഇന്ന് നേടിയത്.

ലസിത് മലിംഗയാണ് കേധാര്‍ ജാഥവിന്റെ വിക്കറ്റ് വീഴ്ത്തിയത്. അതേ ഓവറില്‍ തന്നെ ഡ്വെയിന്‍ ബ്രാവോയെയും മലിംഗ പുറത്താക്കി. ക്വിന്റണ്‍ ഡി കോക്കിന്റെ അവിസ്മരണിയമായ ഒരു ക്യാച്ചാണ് ബ്രാവോയുടെ വിക്കറ്റ് മലിംഗയ്ക്ക് നേടിക്കൊടുത്തത്.

അവസാന ഓവറില്‍ ദീപക് ചഹാറിനെ പുറത്താക്കി ഹാര്‍ദ്ദിക് പാണ്ഡ്യ തന്റെ മൂന്നാം വിക്കറ്റ് നേടി. തുടര്‍ന്ന് ഓവറില്‍ ശര്‍ദ്ധുല്‍ താക്കൂര്‍ ഒരു സിക്സും ഫോറും നേടിയെങ്കിലും 20 ഓവറില്‍ നിന്ന് ചെന്നൈയ്ക്ക് 8 വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സേ നേടാനായുള്ളു.

തുടക്കത്തിലെ പാളിച്ചയ്ക്ക് ശേഷം170 റണ്‍സിലേക്ക് എത്തി മുംബൈ ഇന്ത്യന്‍സ്

ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 170 റണ്‍സ് നേടി മുംബൈ ഇന്ത്യന്‍സ്. വാങ്കഡേയില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈയ്ക്ക് വേണ്ടി സൂര്യകുമാര്‍ യാദവും ക്രുണാല്‍ പാണ്ഡ്യയും ചേര്‍ന്നാണ് മുംബൈയെ നൂറ് കടത്തിയത്. തുടര്‍ന്ന് അവസാന ഓവറുകളില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും കീറണ്‍ പൊള്ളാര്‍ഡും അടിച്ച് തകര്‍ത്തപ്പോള്‍ മുംബൈ മികച്ച സ്കോറിലേക്ക് എത്തുകയായിരുന്നു.

50/3 എന്ന നിലയിലേക്ക് വീണ ശേഷമാണ് മുംബൈയുടെ തിരിച്ചുവരവ്. ക്വിന്റണ്‍ ഡി കോക്ക്(4), രോഹിത് ശര്‍മ്മ(13), യുവരാജ് സിംഗ്(4) എന്നിവരുടെ വിക്കറ്റുകളാണ് മുംബൈയ്ക്ക് നഷ്ടമായത്.

മോഹിത് ശര്‍മ്മ എറിഞ്ഞ 17ാം ഓവറില്‍ രണ്ട് ഫോറുകള്‍ നേടിയ ശേഷം ക്രുണാല്‍ പാണ്ഡ്യ അടുത്ത പന്തില്‍ ജഡേജയ്ക്ക് ക്യാച്ച് നല്‍കി മടങ്ങിയപ്പോള്‍ താരം 32 പന്തില്‍ നിന്ന് 42 റണ്‍സാണ് നേടിയത്. അടുത്ത ഓവറില്‍ ഡ്വെയിന്‍ ബ്രാവോ സൂര്യകുമാര്‍ യാദവിന്റെ വിക്കറ്റും വീഴ്ത്തി. 43 പന്തില്‍ നിന്നാണ് സൂര്യകുമാര്‍ യാദവ് 59 റണ്‍സ് നേടിയത്.

16 ഓവറുകള്‍ പിന്നിട്ടപ്പോള്‍ 103/3 എന്ന നിലയിലായിരുന്നു മുംബൈയ്ക്ക് അവസാന നാലോവറില്‍ നിന്ന് 67 റണ്‍സാണ് നേടാനായത്. ബ്രാവോ എറിഞ്ഞ അവസാന ഓവറില്‍ നിന്ന് 29 റണ്‍സാണ് ഹാര്‍ദ്ദിക് പാണ്ഡ്യയും കീറണ്‍ പൊള്ളാര്‍ഡും ചേര്‍ന്ന് നേടിയത്.

അവസാന രണ്ടോവറില്‍ നിന്ന് 45 റണ്‍സാണ് കൂട്ടുകെട്ട് നേടിയത്. 13 പന്തില്‍ നിന്ന് 45 റണ്‍സാണ് പൊള്ളാര്‍ഡും ഹാര്‍ദ്ദിക് പാണ്ഡ്യും ചേര്‍ന്ന് നേടിയത്. പാണ്ഡ്യ 8 പന്തില്‍ നിന്ന് 25 റണ്‍സ് നേടിയപ്പോള്‍ കീറണ്‍ പൊള്ളാര്‍ഡ് 7 പന്തില്‍ 17 റണ്‍സ് നേടി. ഹാര്‍ദ്ദിക് മൂന്നും പൊള്ളാര്‍ഡ് രണ്ടും സിക്സാണ് മത്സരത്തില്‍ നിന്ന് നേടിയത്.

മുംബൈയില്‍ ബൗളിംഗ് തിരഞ്ഞെടുത്ത് ചെന്നൈ, ധോണിയുടെ കുതിപ്പ് തടയാനാകുമോ രോഹിത്തിന്?

രോഹിത്ത് ശര്‍മ്മയുടെ മുംബൈ ഇന്ത്യന്‍സിനെതിരെ ബൗളിംഗ് തിരഞ്ഞെടുത്ത് ചെന്നൈ സൂപ്പര്‍ കിംഗ്സ്. ഇന്ന് വാങ്കഡേയില്‍ നടക്കുന്ന മത്സരത്തില്‍ ചെന്നൈ തങ്ങളുടെ നാലാം ജയമാണ് ലക്ഷ്യമാക്കുന്നത്. അതേ സമയം രോഹിത്തിന്റെ നേതൃത്വത്തിലുള്ള മുംബൈ തങ്ങളുടെ രണ്ടാം ജയവും ചെന്നൈയുടെ കുതിപ്പും തടയുകയാണ് ലക്ഷ്യമാക്കുന്നത്.

ഇരു ടീമിലും മാറ്റങ്ങളുണ്ട്ള്ളത്. മിച്ചല്‍ സാന്ററിനു പകരം മോഹിത്ത് ശര്‍മ്മ ചെന്നൈ നിരയിലും മിച്ചല്‍ മക്ലെനാഗനും മയാംഗ് മാര്‍ക്കണ്ടേയും ടീമിനു പുറത്ത് പോകുമ്പോള്‍ ജേസണ്‍ ബെഹ്രെന്‍ഡോര്‍ഫും രാഹുല്‍ ചഹാറും ടീമില്‍ ഇടം പിടിയ്ക്കുന്നു.

മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ്മ, ക്വിന്റണ്‍ി ഡി കോക്ക്, സൂര്യകുമാര്‍ യാദവ്, യുവരാജ് സിംഗ്, കീറണ്‍ പൊള്ളാര്‍ഡ്, ഹാര്‍ദ്ദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ രാഹുല്‍ ചഹാര്‍, ജസ്പ്രീത് ബുംറ, ലസിത് മലിംഗ, ജേസണ്‍ ബെഹ്രെന്‍ഡോര്‍ഫ്

ചെന്നൈ സൂപ്പര്‍ കിംഗ്സ്: അമ്പാട്ടി റായിഡു, ഷെയിന്‍ വാട്സണ്‍, സുരേഷ് റെയ്‍ന, എംഎസ് ധോണി, കേധാര്‍ ജാഥവ്, ഡ്വെയിന്‍ ബ്രാവോ, രവീന്ദ്ര ജഡേജ, ദീപക് ചഹാര്‍, മോഹിത് ശര്‍മ്മ, ശര്‍ദ്ധുല്‍ താക്കൂര്‍, ഇമ്രാന്‍ താഹിര്‍

ചെന്നൈ സൂപ്പർ കിങ്സിന്റെ വിജയക്കുതിപ്പിന് കടിഞ്ഞാണിടാൻ മുംബൈ ഇന്ത്യൻസ്

ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസ് ചെന്നൈ സൂപ്പർ കിങ്സിനെ നേരിടും. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ക്യാപ്റ്റൻ മഹേദ്ര സിങ് ധോണിയുടെ കീഴിൽ ഈ എഡിഷനിൽ പരാജയമറിയാതെ കുതിക്കുകയാണ് ചെന്നൈ. ആദ്യ മൂന്നു ഐപിഎൽ മത്സരങ്ങളും ജയിച്ച ചെന്നൈ പോയന്റ് നിലയിൽ ഒന്നാമതാണ്. അതെ സമയം രോഹിത് ശർമ്മയുടെ മുംബൈ ഇന്ത്യൻസിന് ഒരു ജയവും രണ്ടു പരാജയവുമാണുള്ളത്.

ആദ്യ മത്സരത്തിൽ ഡെൽഹിയോടും അവസാന മത്സരത്തിൽ പഞ്ചാബിനോടും പരാജയപ്പെട്ട മുംബൈ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോട് മാത്രമാണ് ജയിച്ചിട്ടുള്ളത്. അതെ സമയം റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ,ഡൽഹി ക്യാപിറ്റൽസ്, രാജസ്ഥാൻ റോയൽസ് എന്നി ടീമുകൾ ചെന്നനായി സൂപ്പർ കിങ്‌സിനോട് അടിയറവ് പറഞ്ഞു. ഐപിഎല്ലിൽ കഴിഞ്ഞ അഞ്ചു മത്സരങ്ങളിൽ നാലെണ്ണവും ജയിച്ചത് മുംബൈ ഇന്ത്യൻസാണ്. ചെന്നൈയിൽ ഹർഭജൻ സിങ് തിരിച്ചുവരാൻ സാധ്യതയുണ്ട്. മുംബൈ നിരയിൽ ഇഷാന്ത് കിഷനോ വെസ്റ്റ് ഇന്ത്യൻ അൽസരി ജോസഫോ യാദവിന്‌ പകരവും ബെൻ കട്ടിങ് മലിങ്കയ്ക്ക് പകരമിറങ്ങാനും സാധ്യതയുണ്ട്.

Exit mobile version