തന്റെ ഇന്നിംഗ്സ് പിറന്നാളുകാരിയായ ഭാര്യയ്ക്ക് സമര്‍പ്പിച്ച് കീറണ്‍ പൊള്ളാര്‍ഡ്

തന്റെ അവിസ്മരണീയമായ ഇന്നിംഗ്സിലൂടെ മുംബൈ ഇന്ത്യന്‍സിനെ അപ്രാപ്യമായ വിജയം നേടിക്കൊടുത്ത കീറണ്‍ പൊള്ളാര്‍ഡ് തന്റെ ഇന്നിംഗ്സ് ഭാര്യയ്ക്ക് സമര്‍പ്പിച്ചു. ഇന്നലെ മാന്‍ ഓഫ് ദി മാച്ച് പട്ടം സ്വീകരിച്ച ശേഷം സംസാരിക്കുകായയിരുന്നു താരം. ഇന്ന് തന്റെ ഭാര്യയുടെ പിറന്നാളാണെന്നും താന്‍ ഈ ഇന്നിംഗ്സും വിജയവും ഭാര്യയ്ക്ക് സമര്‍പ്പിക്കുവാന്‍ ആഗ്രഹിക്കുന്നുവെന്നും പൊള്ളാര്‍ഡ് പറഞ്ഞു.

താന്‍ വാങ്കഡേയില്‍ ബാറ്റ് ചെയ്യുന്നത് ഇഷ്ടപ്പെടുന്നുവെന്നും അതിനാല്‍ തന്നെയാണ് താന്‍ ബാറ്റിംഗില്‍ സ്ഥാനക്കയറ്റം സ്വയം നല്‍കിയതെന്നും പൊള്ളാര്‍ഡ് പറഞ്ഞു. സ്പിന്നിനു പിച്ചില്‍ അധികം ഒന്നും ചെയ്യാനില്ലെന്ന് കണ്ടതിനാല്‍ അശ്വിനെ ആക്രമിക്കുക എന്നതായിരുന്നു തീരുമാനം. എന്നാല്‍ അതിനു സാധിച്ചില്ല എന്നതാണ് സത്യം പക്ഷേ ആ സമയത്ത് വിക്കറ്റ് നല്‍കാതെ ഇരിക്കുവാന്‍ താന്‍ ശ്രദ്ധിച്ചുവെന്നും പൊള്ളാര്‍ഡ് പറഞ്ഞു.

ഈ പിച്ചില്‍ ബൗളിംഗ് ഏറെ പ്രയാസകരമായിരുന്നു. പഞ്ചാബിനു ലഭിച്ച തുടക്കത്തിനു ശേഷം അവരെ 200നു താഴെ പിടിച്ചുനിര്‍ത്തുവാനായത് മുംബൈ ബൗളര്‍മാരുടെ മികവ് തന്നെയാണ്. മധ്യ ഓവറുകള്‍ മത്സരത്തിലേക്ക് തിരികെ വന്നുവെങ്കിലും അവസാന ഓവറുകളില്‍ വീണ്ടും ബൗളര്‍മാര്‍ മത്സരം കൈവിടുന്നത് കാണേണ്ടി വന്നുവെങ്കിലും ബൗളര്‍മാരുടെ പ്രകടനത്തെ വിമര്‍ശിക്കുവാന്‍ താനില്ലെന്നും പൊള്ളാര്‍ഡ് പറഞ്ഞു.

പൊള്ളാര്‍ഡ് ഷോ, എന്നാല്‍ മറക്കരുത് ഈ വിന്‍ഡീസ് യുവ താരത്തെ

വാങ്കഡേയില്‍ പൊള്ളാര്‍ഡ് ഷോവാണ് കളം നിറഞ്ഞതെങ്കിലും ഏറെ നിര്‍ണ്ണായകമായൊരു പ്രകടനം പുറത്തെടുത്ത മറ്റൊരു വിന്‍ഡീസ് താരത്തെ ആരും മറക്കരുത്. അത് 36 പന്തില്‍ നിന്ന് 63 റണ്‍സ് നേടിയ യൂണിവേഴ്സ് ബോസ് അല്ല എന്നാല്‍ 13 പന്തില്‍ നിന്ന് 15 റണ്‍സ് നേടി പുറത്താകാതെ നിന്ന് പൊള്ളാര്‍ഡ് പുറത്തായ ശേഷം പതറാതെ മുംബൈയെ വിജയത്തിലേക്ക് നയിച്ച അല്‍സാരി ജോസഫിന്റെ പ്രകടനമാണ്.

മുംബൈയുടെ പേര് കേട്ട ബാറ്റിംഗ് നിര പൊള്ളാര്‍ഡിനു പിന്തുണ നല്‍കാതെ മടങ്ങിയപ്പോളാണ് ഏഴാം വിക്കറ്റില്‍ അല്‍സാരി ജോസഫ് ക്രീസിലെത്തുന്നത്. ഇന്ന് ബൗളിംഗില്‍ രണ്ടോവര്‍ മാത്രമാണ് താരത്തിനു ലഭിച്ചത് അതില്‍ 22 റണ്‍സും വഴങ്ങി. എന്നാല്‍ പൊള്ളാര്‍ഡിനു കൂട്ടായി ഏഴാം വിക്കറ്റില്‍ താരം ഒപ്പം നിന്നപ്പോള്‍ കൂട്ടുകെട്ട് നേടിയത് 54 റണ്‍സാണ്.

സ്കോറിംഗ് ഭൂരിഭാഗവും നടത്തിയത് കീറണ്‍ പൊള്ളാര്‍ഡ് ആയിരുന്നുവെങ്കിലും മിന്നും ഫോമില്‍ പന്തെറിഞ്ഞ മുഹമ്മദ് ഷമിയെ രണ്ടോവറിലായി രണ്ട് ബൗണ്ടറി നേടി താരം മത്സരത്തില്‍ നിര്‍ണ്ണായക പങ്കാണ് വഹിച്ചത്. പൊള്ളാര്‍ഡ് പുറത്തായ ശേഷം നാല് പന്തില്‍ നാലെന്ന് നിലയില്‍ നിന്ന് ടീമിനെ മൂന്ന് വിക്കറ്റ് വിജയത്തിലേക്ക് എത്തിക്കുവാനും അല്‍സാരി ജോസഫിനു സാധിച്ചു.

ക്യാപ്റ്റനായി എത്തി, അവിശ്വസനീയ വിജയം നേടിക്കൊടുത്ത് പൊള്ളാര്‍ഡ്

സ്ഥിരം ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്ക്ക് പരിക്കേറ്റതിനെത്തുടര്‍ന്ന് കരുതലെന്ന നിലയില്‍ വിശ്രമം നല്‍കുകയും ചെയ്ത ശേഷം ക്യാപ്റ്റന്‍സി ചുമതലയുമായി എത്തിയത് കീറണ്‍ പൊള്ളാര്‍ഡ് ആയിരുന്നു. പഞ്ചാബ് ബാറ്റിംഗ് കഴിഞ്ഞപ്പോള്‍ കാര്യങ്ങള്‍ അത്ര പന്തിയല്ലായിരുന്നു. ലോകേഷ് രാഹുലിന്റെ ശതകത്തിന്റെ ബലത്തില്‍ 197/4 എന്ന സ്കോര്‍ നേടുകയായിരുന്നു.

ബാറ്റിംഗിനിറങ്ങി കീറണ്‍ പൊള്ളാര്‍ഡ് ഇറങ്ങുന്നത് വരെ മുംബൈയുടെ ഇന്നിംഗ്സിനു ഒരു താളം തന്നെ ഇല്ലായിരുന്നു. വലിയ വിജയത്തിലേക്ക് പഞ്ചാബ് നീങ്ങുമെന്ന് കരുതിയ നിമിഷത്തിലാണ് പൊള്ളാര്‍ഡ് തന്റെ പോരാട്ടം ആരംഭിക്കുന്നത്. പേര് കേട്ട ബാറ്റിംഗ് നിര കൈവിട്ടപ്പോളും മറ്റൊരു വിന്‍ഡീസ് താരമാണ് പൊള്ളാര്‍ഡിനു കൂട്ടായി നിന്നത്.

സ്വയം ഉത്തരവാദിത്വം ഏറ്റെടുത്താണ് പൊള്ളാര്‍ഡ് തനിക്ക് ബാറ്റിംഗ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം നല്‍കിയത്. ആദ്യ മത്സരങ്ങളില്‍ ബാറ്റ് കൊണ്ട് മന്ത്രജാലം കാണിക്കാന്‍ പറ്റാതെ വന്നപ്പോള്‍ കഴിഞ്ഞ മത്സരത്തില്‍ സണ്‍റൈസേഴ്സിനെതിരെ മികച്ച പ്രകടനം ബാറ്റ് കൊണ്ടു താരം പുറത്തെടുത്തിരുന്നു. ഇന്ന് തന്റെ ഐപിഎലിലെ ഏറ്റവും ഉയര്‍ന്ന സ്കോറാണ് നേടിയത്. 31 പന്തില്‍ നിന്നാണ് ഈ വിന്‍ഡീസ് താരം 83 റണ്‍സ് നേടിയത്.

വിന്‍ഡീസ് കരുത്തില്‍ ജയം നേടി മുംബൈ, പൊള്ളാര്‍ഡിന്റെ അവിശ്വസനീയ ഇന്നിംഗ്സിനു ശേഷം ജയം ഒരുക്കി അല്‍സാരി ജോസഫ്

ചേസിംഗിന്റെ ഉത്തരവാദിത്വം മുഴുവന്‍ ഒറ്റയ്ക്ക് മുംബൈ ഇന്ത്യന്‍സിന്റെ നായകന്‍ കീറണ്‍ പൊള്ളാര്‍ഡ് സ്വയം ഏറ്റെടുത്തപ്പോള്‍ ആവേശം അവസാന ഓവര്‍ വരെ അലതല്ലിയ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ ഒറ്റയ്ക്ക് ജയത്തിലേക്ക് നയിച്ച് വിന്‍ഡീസ് താരം. രണ്ടോവറില്‍ 32 റണ്‍സെന്ന ഘട്ടത്തില്‍ സാം കറനെ രണ്ട് സിക്സും ഒരു ബൗണ്ടറിയും അടക്കം നേടി ലക്ഷ്യം അവസാന ഓവറില്‍ 15 ആക്കി മാറ്റുവാന്‍ പൊള്ളാര്‍ഡിനു സാധിച്ചിരുന്നു. ടീമിനെ വിജയത്തിലേക്ക് സ്വയം എത്തിക്കാനാകാതെ പൊള്ളാര്‍‍ഡ് പുറത്തായപ്പോള്‍ ലക്ഷ്യം നാല് പന്തില്‍ നാലായിരുന്നു. അവസാന പന്തില്‍ അല്‍സാരി ജോസഫ് ടീമിനെ 3 വിക്കറ്റ് വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

താന്‍ നേരിട്ട ആദ്യ പന്തുകളില്‍ ഒരു സിക്സും ബൗണ്ടറിയും സിദ്ധേഷ് ലാഡ് നേടിയെങ്കിലും താരം 15 റണ്‍സ് നേടി പുറത്താകുകയായിരുന്നു. സൂര്യകുമാര്‍ യാദവിന്റെയും ക്വിന്റണ്‍ ഡി കോക്കിന്റെയും ക്യാച്ചുകള്‍ കൈവിട്ട് പഞ്ചാബ് മുംബൈയ്ക്ക് അവസരം നല്‍കിയെങ്കിലും ഇവര്‍ക്കാര്‍ക്കും തന്നെ തങ്ങളുടെ ഇന്നിംഗ്സ് മുന്നോട്ട് കൊണ്ടുപോകാനായില്ല. സൂര്യകുമാര്‍ യാദവ് (21) മികച്ച ഫോമിലാണെന്ന് തോന്നിപ്പിച്ചുവെങ്കിലും താരം സാം കറനു വിക്കറ്റ് നല്‍കി മടങ്ങിയപ്പോള്‍ തൊട്ടടുത്ത ഓവറില്‍ ഡേവിഡ് മില്ലര്‍ മികച്ച ക്യാച്ചിലൂടെ ഡി കോക്കിനെ(24) പുറത്താക്കി. അശ്വിനായിരുന്നു വിക്കറ്റ്.

ചേസിംഗില്‍ മുംബൈ താരങ്ങള്‍ക്ക് അത്ര മികച്ച പ്രകടനം പുറത്തെടുക്കാനായില്ലെങ്കിലും സ്വയം ഉത്തരവാദിത്വം ഏറ്റെടുത്ത് നാലാമനായി ബാറ്റ് ചെയ്യാനായി എത്തിയ കീറണ്‍ പൊള്ളാര്‍ഡ് കരുത്താര്‍ന്ന ബാറ്റിംഗ് പ്രകടനം പുറത്തെടുത്തപ്പോള്‍ മുംബൈയ്ക്ക് പ്രതീക്ഷയുണ്ടായിരുന്നു. 62/3 എന്ന നിലയില്‍ നിന്ന് മുംബൈയ്ക്ക് 4ാം വിക്കറ്റ് സ്കോര്‍ 94ല്‍ നഷ്ടപ്പെടുമ്പോള്‍ 7 റണ്‍സ് മാത്രമാണ് ഇഷാന്‍ കിഷന്‍ നേടിയത്. ബഹുഭൂരിഭാഗം സ്കോറിംഗ് നടത്തി മുംബൈയുടെ സാധ്യതകളെ നിലനിര്‍ത്തുവാന്‍ പൊള്ളാര്‍ഡിനു സാധിച്ചിരുന്നു.

അഞ്ചാം വിക്കറ്റില്‍ 41 റണ്‍സ് അതിവേഗത്തില്‍ നേടി പൊള്ളാര്‍ഡ്-ഹാര്‍ദ്ദിക് പാണ്ഡ്യ കൂട്ടുകെട്ട് മത്സരത്തിലേക്ക് മുംബൈയെ ശക്തമായി തിരിച്ചുകൊണ്ടുവരികയായിരുന്നുവെങ്കിലും മുഹമ്മദ് ഷമിയുടെ 16ാം ഓവര്‍ വീണ്ടും പഞ്ചാബിനു അനുകൂലമാക്കി കാര്യങ്ങള്‍ മാറ്റി. പാണ്ഡ്യ സഹോദരന്മാരെ രണ്ട് പേരെയും അതേ ഓവറില്‍ പുറത്താക്കി ഷമി മുംബൈയെ 140/6 എന്ന നിലയിലേക്ക് വീഴ്ത്തി. ഹാര്‍ദ്ദിക് 19 റണ്‍സ് നേടിയപ്പോള്‍ ഒരു റണ്‍സ് നേടിയാണ് ക്രുണാല്‍ പുറത്തായത്.

അവസാന നാലോവറില്‍ 54 റണ്‍സ് വേണ്ടിയിരുന്ന മുംബൈയുടെ പ്രതീക്ഷ മുഴുവന്‍ കീറണ്‍ പൊള്ളാര്‍ഡായിരുന്നു. സാം കറന്റെ ഓവറിലെ ആദ്യ പന്ത് തന്നെ സിക്സ് പൊള്ളാര്‍ഡ് നേടിയെങ്കിലും ഓവറില്‍ നിന്ന് പിന്നീടുള്ള നാല് പന്തില്‍ രണ്ട് റണ്‍സ് മാത്രമേ നേടാനായുള്ളുവെങ്കിലും അവസാന പന്ത് സിക്സര്‍ പറത്തി പൊള്ളാര്‍ഡ് ഓവറില്‍ നിന്നുള്ള നേട്ടം 14 റണ്‍സാക്കി മാറ്റി. വെറു 22 പന്തില്‍ നിന്നാണ് ആ സിക്സോടു കൂടി പൊള്ളാര്‍ഡ് തന്റെ അര്‍ദ്ധ ശതകം  പൂര്‍ത്തിയാക്കിയത്.

ഷമിയുടെ ഓവറില്‍ നിന്ന് 8 റണ്‍സ് പൊള്ളാര്‍ഡും അല്‍സാരി ജോസഫും നേടിയപ്പോള്‍ അതില്‍ ഒരു ബൗണ്ടറി അല്‍സാരി ജോസഫാണ് നേടിയത്. ഷമിയുടെ കഴിഞ്ഞ ഓവറിലും ജോസഫ് ഒരു ബൗണ്ടറി നേടി. ഇതോടെ അവസാന രണ്ടോവറില്‍ മുംബൈയ്ക്ക് 4 വിക്കറ്റ് കൈവശമുള്ളപ്പോള്‍ 32 റണ്‍സായിരുന്നു വേണ്ടിയിരുന്നത്.

സാം കറന്റെ ഓവറില്‍ നിന്ന് 17 റണ്‍സ് നേടി അവസാന ഓവറില്‍ ലക്ഷ്യം 15 ആക്കി മാറ്റിയ മുംബൈയ്ക്ക് വേണ്ടി പൊള്ളാര്‍ഡ് അങ്കിത് രാജ്പുത് എറിഞ്ഞ ഓവറില്‍ പൊള്ളാര്‍ഡ് ആദ്യ പന്ത് നോബോളില്‍ സിക്സ് അടിയ്ക്കുകയും രണ്ടാമത്തെ പന്ത് ബൗണ്ടറിയും നേടി ലക്ഷ്യം വെറും 5 പന്തില്‍ നാലാക്കി മാറ്റി. എന്നാല്‍ അടുത്ത പന്തില്‍ പൊള്ളാര്‍ഡ് പുറത്തായതോടെ മുംബൈ ക്യാമ്പില്‍ പരിഭ്രാന്തി പരന്നു. 31 പന്തില്‍ നിന്ന് 83 റണ്‍സാണ് പൊള്ളാര്‍ഡ് നേടിയത്. 6 സിക്സുകളും 3 ഫോറുമാണ് പൊള്ളാര്‍ഡ് നേടിയത്. തുടര്‍ന്ന് പതറാതെ അല്‍സാരി ജോസഫ് അവസാന പന്തില്‍ രണ്ട് റണ്‍സ് നേടി ടീമിനെ വിജയത്തിലേക്ക് നയിച്ചു.

വാങ്കഡേയില്‍ ഗെയില്‍ സ്റ്റോം, ശതകവുമായി ഒപ്പം കൂടി കെഎല്‍ രാഹുലും, അടികൊണ്ട് തളര്‍ന്ന് ഹാര്‍ദ്ദിക് പാണ്ഡ്യ

വാങ്കഡേയില്‍ മുംബൈ ബൗളര്‍മാരെ തച്ച്തകര്‍ത്ത് കിംഗ്സ് ഇലവന്‍ പഞ്ചാബ് ഓപ്പണര്‍മാര്‍. ഗെയില്‍ താണ്ഡവത്തിനൊപ്പം കെഎല്‍ രാഹുലും തന്റെ അര്‍ദ്ധ ശതകം നേടിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറില്‍ നിന്ന് 4 വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സ് നേടുകയായിരുന്നു. ഒന്നാം വിക്കറ്റില്‍ 116 റണ്‍സ് നേടിയ പഞ്ചാബിന്റെ ഓപ്പണര്‍മാരായ ക്രിസ് ഗെയിലും കെഎല്‍ രാഹുലുമാണ് പഞ്ചാബിനു മികച്ച തുടക്കം നല്‍കിയത്.

ഗെയില്‍ 12.5 ഓവറില്‍ പുറത്താകുമ്പോള്‍ 116 റണ്‍സാണ് പ‍ഞ്ചാബ് നേടിയത്. തന്റെ അവസാന ഓവറില്‍ ജേസണ്‍ ബെഹ്രെന്‍ഡോര്‍ഫാണ് ഗെയിലിനെ പുറത്താക്കിയത്. 36 പന്തില്‍ നിന്ന് 63 റണ്‍സ് നേടിയാണ് ഗെയില്‍ മടങ്ങിയത്. മൂന്ന് ഫോറും 7 സിക്സും ഉള്‍പ്പെട്ടതായിരുന്നു ഗെയില്‍ തകര്‍പ്പനടികള്‍.

ഗെയില്‍ പുറത്തായ ശേഷം മത്സരത്തിലേക്ക് മുംബൈ തിരികെ വരുന്ന കാഴ്ചയാണ് കണ്ടത്. റണ്ണൊഴുക്കിനു തടയിടുകയും ഡേവിഡ് മില്ലറെയും കരുണ്‍ നായരെയും പുറത്താക്കുവാനും അടുത്ത് ഏതാനും ഓവറുകള്‍ക്കുള്ളില്‍ മുംബൈയ്ക്ക് സാധിച്ചു.

ജസ്പ്രീത് ബുംറ എറിഞ്ഞ 18ാം ഓവറില്‍ രണ്ട് ബൗണ്ടറി നേടി തുടങ്ങുവാന്‍ സാം കറനു സാധിച്ചുവെങ്കിലും അടുത്ത പന്തില്‍ താരത്തെ ബുംറ തന്നെ പുറത്താക്കി. 3 പന്തില്‍ നിന്ന് 8 റണ്‍സാണ് സാം കറന്‍ നേടിയത്. എന്നാല്‍ ഹാര്‍ദ്ദിക്കിന്റെ അടുത്ത ഓവറില്‍ കെഎല്‍ രാഹുല്‍ മൂന്ന് സിക്സും ഒരു ഫോറും സഹിതം 25 റണ്‍സ് നേടിയപ്പോള്‍ മത്സരം വീണ്ടും പഞ്ചാബ് ബാറ്റ്സ്മാന്മാര്‍ തിരിച്ച് പിടിക്കുകയായിരുന്നു.

അവസാന ഓവറില്‍ കെഎല്‍ രാഹുല്‍ 63 പന്തില്‍ നിന്ന് ശതകം തികയ്ക്കുകയായിരുന്നു. ഇന്നിംഗ്സ് അവസാനിക്കുമ്പോള്‍ 100 റണ്‍സുമായി രാഹുല്‍ പുറത്താകാതെ നിന്നു. രണ്ട് വിക്കറ്റ് നേടിയെങ്കിലും ഹാര്‍ദ്ദിക് പാണ്ഡ്യ തന്റെ നാലോവറില്‍ നിന്ന് 57 റണ്‍സ് വഴങ്ങുകയായിരുന്നു. ജസ്പ്രീത് ബുംറയും ജേസണ്‍ ബെഹ്രെന്‍ഡോര്‍ഫും ഓരോ വിക്കറ്റും നേടി.

2011നു ശേഷം രോഹിത് ഇതാദ്യമായി മുംബൈയ്ക്ക് വേണ്ടി കളിക്കാനിറങ്ങാത്തത്

പരിശീലനത്തിനിടെ പരിക്കേറ്റതിനെത്തുടര്‍ന്ന് മുംബൈ നായകന്‍ രോഹിത് ശര്‍മ്മയെ വിശ്രമിപ്പിക്കുവാന്‍ മുംബൈ ഇന്ത്യന്‍സ് തീരുമാനിച്ചപ്പോള്‍ 2011നു ശേഷം ഇതാദ്യമായി മുംബൈയ്ക്കായി ഒരു മത്സരത്തിനിറങ്ങാതെ രോഹിത് ശര്‍മ്മ. 2011നു ശേഷം ഇന്നിതുവരെ മുംബൈ ഇന്ത്യന്‍സിന്റെ എല്ലാ മത്സരങ്ങളിലും രോഹിത് ശര്‍മ്മ കളിച്ചിരുന്നു. തുടര്‍ച്ചയായ 133 മത്സരങ്ങളാണ് മുംബൈയ്ക്കായി 2011ല്‍ അരങ്ങേറ്റം നടത്തിയ ശേഷം രോഹിത് ഇന്ന് വരെ കളിച്ചത്. സന്നാഹ മത്സരത്തിലെ പരിക്ക് അത്ര ഗുരുതരമല്ലെന്ന് പകരം നായകന്‍ കീറണ്‍ പൊള്ളാര്‍ഡ് പറഞ്ഞുവെങ്കിലും 4-6 ആഴ്ച വരെ താരത്തിനു വിശ്രമം ആവശ്യമാകുമെന്നാണ് ദേശീയ മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും വരുന്ന വാര്‍ത്ത.

എന്നാല്‍ ഇത് എത്രമാത്രം സത്യമാണെന്നതില്‍ ഔദ്യോഗിക സ്ഥിതീകരണം മുംബൈ ഇന്ത്യന്‍സ് പുറത്ത് വിട്ടിട്ടില്ല. ടോസ് സമയത്ത് രോഹിത്തിന്റെ പരിക്ക് അത്ര ഗുരുതരമല്ലെന്നും കരുതലെന്ന നിലയിലാണ് വിശ്രമമെന്നുമാണ് കീറണ്‍ പൊള്ളാര്‍ഡ് അഭിപ്രായപ്പെട്ടത്.

രോഹിത്തില്ല, പൊള്ളാര്‍ഡ് നയിക്കും, ബൗളിംഗ് തിരഞ്ഞെടുത്ത് മുംബൈ

കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് മുംബൈ ഇന്ത്യന്‍സ്. ഇന്ന് രോഹിത് ശര്‍മ്മയുടെ അഭാവത്തില്‍ കീറണ്‍ പൊള്ളാര്‍ഡ് ആണ് മുംബൈയെ നയിക്കുന്നത്. രോഹിത്തിനു പരിക്ക് അത്ര പ്രശ്നമുള്ളതല്ലെന്നും കരുതലെന്ന നിലയില്‍ ടീം മാനേജ്മെന്റ് താരത്തിനു വിശ്രമം നല്‍കിയതാണെന്നും മുംബൈയുടെ ഇന്നത്തെ നായകന്‍ കീറണ്‍ പൊള്ളാര്‍ഡ് അഭിപ്രായപ്പെട്ടു. രോഹിത്തിനു പകരം സിദ്ധേഷ് ലാഡാണ് കളിക്കാനായി എത്തുന്നത്.

അതേ സമയം കിംഗ്സ് ഇലവന്‍ പഞ്ചാബ് നിരയിലും രണ്ട് മാറ്റം വരുത്തിയിട്ടുണ്ട്. പരിക്കേറ്റ മയാംഗ് അഗര്‍വാളിനു പകരം കരുണ്‍ നായരും മുജീബ് ഉര്‍ റഹ്മാനു പകരം ഹാര്‍ഡസ് വില്‍ജോയനും ടീമിലേക്ക് എത്തുന്നു.

കിംഗ്സ് ഇലവന്‍ പഞ്ചാബ് : ക്രിസ് ഗെയില്‍, കെഎല്‍ രാഹുല്‍, കരുണ്‍ നായര്‍, സര്‍ഫ്രാസ് ഖാന്‍, ഡേവിഡ് മില്ലര്‍, മന്ദീപ് സിംഗ്, രവിചന്ദ്രന്‍ അശ്വിന്‍, സാം കറന്‍, ഹാര്‍ഡസ് വില്‍ജോയന്‍, മുഹമ്മദ് ഷമി, അങ്കിത് രാജ്പുത്

മുംബൈ ഇന്ത്യന്‍സ്: ക്വിന്റണ്‍ ഡി കോക്ക്, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, ക്രുണാല്‍ പാണ്ഡ്യ, കീറണ്‍ പൊള്ളാര്‍ഡ്, ഹാര്‍ദ്ദിക് പാണ്ഡ്യ, രാഹുല്‍ ചഹാര്‍, സിദ്ദേഷ് ലാഡ്, അല്‍സാരി ജോസഫ്, ജേസണ്‍ ബെഹ്രെന്‍ഡോര്‍ഫ്, ജസ്പ്രീത് ബുംറ

അഭ്യൂഹങ്ങള്‍ ശക്തം, രോഹിത്തിനു പരിക്കോ?

മുംബൈ ഇന്ത്യന്‍സിന് നായകന്‍ രോഹിത്ത് ശര്‍മ്മയ്ക്ക് പരിശീലനത്തിനിടെ പരിക്കേറ്റുവെന്ന വാര്‍ത്ത ക്രിക്കറ്റ് ലോകത്ത് പരക്കുന്നു. താരത്തിന്റെ പരിക്ക് ഗുരുതരമാണെന്നും കുറഞ്ഞത് നാലാഴ്ച മുതല്‍ ആറാഴ്ച വരെ താരത്തിന്റെ സേവനം ടീമിനുണ്ടാകില്ലെന്നുമാണ് പുറത്ത് വരുന്ന ശക്തമായ അഭ്യൂഹം. കൂടുതല്‍ വിവരങ്ങള്‍ സ്ഥിതീകരിച്ചിട്ടില്ലെങ്കിലും ഇന്നത്തെ മത്സരത്തില്‍ താരം കളിക്കില്ലെന്നും ഇനി ഐപിഎലില്‍ തന്നെ താരം കളിച്ചേക്കില്ലെന്നുമുള്ള തരത്തിലുള്ള വാര്‍ത്തകളാണ് സമൂഹ മാധ്യമങ്ങളില്‍ പരക്കുന്നത്.

പരിശീലനത്തിനിടെ ഹാംസ്ട്രിംഗ് പരിക്ക് മൂലമാണ് താരം കളം വിട്ടതെന്നും ഉടനടി ഫിസിയോയുടെ സേവനം താരം ആവശ്യപ്പെടുകയായിരുന്നുവെന്നുമാണ് ലഭിയ്ക്കുന്ന വിവരം. ഇന്ന് ടോസിന്റെ സമയത്ത് ഇതിനെക്കുറിച്ച് കൂടുതല്‍ വിവരം അറിയാനാകുമെന്നാണ് കരുതുന്നത്.

ശിക്ഷയായി ഇമോജി കിറ്റ്, അതിലും റെക്കോർഡിട്ട് മുംബൈ ഇന്ത്യൻസിന്റെ ഇഷാൻ കിഷൻ

രസകരമായ ഒരു റെക്കോർഡുമായി മുംബൈ ഇന്ത്യൻസ് താരം ഇഷാൻ കിഷൻ. കളിക്കളത്തിന് പുറത്തും താരങ്ങളുടെ പ്രൊഫഷണലിസം ഉറപ്പു വരുത്തുന്നതിനായി ഇമോജി കിറ്റുകൾ എന്നൊരു ട്രഡിഷൻ മുംബൈ ഇന്ത്യൻസ് കൊണ്ട് വന്നിരുന്നു. പ്രൊഫഷണൽ അല്ലാതെയുള്ള താരങ്ങളുടെ പെരുമാറ്റത്തിനെതിരെയായി രസകരമായ ശിക്ഷയായിരുന്നു ഇത്. ഇമോജി കിറ്റ് അണിഞ്ഞ താരങ്ങളുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്യുക എന്നതായിരുന്നു ശിക്ഷ.

രാഹുല്‍ ചഹാര്‍, സൂര്യകുമാര്‍ യാദവ്,അനുകൂല്‍ റോയ്, ഇഷന്‍ കിഷന്‍ തുടങ്ങിയ താരങ്ങൾ എല്ലാം ഇ ശിക്ഷ ഏറ്റുവാങ്ങി. എന്നാൽ അതിലും റെക്കോർഡിട്ട് മുംബൈ ഇന്ത്യൻസിന്റെ ഇഷാൻ കിഷൻ. തുടർച്ചയായ രണ്ടു സീസണുകളിൽ ഈ ശിക്ഷ ഏറ്റുവാങ്ങുന്ന ആദ്യ മുംബൈ ഇന്ത്യൻസ് താരമായി മാറി ഇഷാൻ കിഷൻ. ഇമോക്കി കിട്ടണിഞ്ഞു നിൽക്കുന്ന താരത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് മുംബൈ ഇന്ത്യൻസ്.

സണ്‍റൈസേഴ്സിനെതിരെയുള്ള വിജയം ഏറെ സന്തോഷം നല്‍കുന്ന ജയം

മുംബൈ ഇന്ത്യന്‍സിന്റെ സണ്‍റൈസേഴ്സിനെതിരെയുള്ള വിജയം ഏറെ സന്തോഷം നല്‍കുന്നതെന്ന് പറഞ്ഞ് രോഹിത് ശര്‍മ്മ. ഇന്നലെ മികച്ചൊരു ബാറ്റിംഗ് പ്രകടനമല്ല ടീം പുറത്തെടുത്തത്. 136 റണ്‍സിലേക്ക് എത്തിയത് തന്നെ പൊള്ളാര്‍ഡിന്റെ 26 പന്തില്‍ നിന്നുള്ള 46 റണ്‍സ് മൂലമാണ്, എന്നാല്‍ കൃത്യതയോടെ പന്തെറിഞ്ഞ എതിരാളികളെ സംശയത്തിലാക്കുവാന്‍ ഞങ്ങളുടെ ബൗളര്‍മാര്‍ക്ക് സാധിച്ചു. ഇത്തരത്തിലുള്ള വിജയം ഏറെ സന്തോഷം തരുന്നതാണ്. സ്വാഭാവികമായി എല്ലാ വിജയവും സന്തോഷം നല്‍കുന്നു. എന്നാല്‍ ഇത് ഏറെ സന്തോഷം നല്‍കുന്നു കാരണം 136 റണ്‍സിനെയാണ് ഞങ്ങള്‍ പ്രതിരോധിച്ചതെന്നും രോഹിത് പറഞ്ഞു.

സണ്‍റൈസേഴ്സിന്റെ സ്കോറിംഗ് മുഴുവന്‍ ടോപ് ഓര്‍ഡറാണ് നടത്തുന്നത്, എന്നാല്‍ അവരുടെ മധ്യനിര മോശമാണെന്നല്ല, പക്ഷേ ഈ ടൂര്‍ണ്ണമെന്റില്‍ അവര്‍ക്ക് സമ്മര്‍ദ്ദത്തില്‍ അടിപ്പെടേണ്ടി വന്നിട്ടില്ല, അതിനെ ചൂഷണം ചെയ്യുകയായിരുന്നു ഞങ്ങളുടെ ലക്ഷ്യമെന്ന് രോഹിത് ശര്‍മ്മ വ്യക്തമാക്കി. ഇപ്പോള്‍ തന്നെ കഴിവതും മത്സരങ്ങള്‍ വിജയിക്കുക എന്നതാണ് ലക്ഷ്യം കാരണം ടൂര്‍ണ്ണമെന്റ് അവസാനത്തോടെ ലോകകപ്പിന്റെ തയ്യാറെടുപ്പുകള്‍ക്കായി പലരും യാത്രയാകും. അപ്പോള്‍ ടീമിനു എല്ലാ മത്സരങ്ങളും വിജയിക്കുകയെന്നത് ശ്രമകരമായി മാറിയേക്കാം, അതിനാല്‍ തന്നെ ഇപ്പോള്‍ ലഭിയ്ക്കുന്ന ജയങ്ങളെല്ലാം തന്നെ ഏറെ സന്തോഷം നല്‍കുന്നതാണെന്ന് രോഹിത് ശര്‍മ്മ വ്യക്തമാക്കി.

വിക്കറ്റുകളല്ല, വിജയങ്ങളാണ് ആഘോഷിക്കാറ്

ഐപിഎലിന്റെ 12 വര്‍ഷത്തെ റെക്കോര്‍ഡ് തന്റെ അരങ്ങേറ്റത്തില്‍ തിരുത്തിക്കുറിച്ച മുംബൈ ഇന്ത്യന്‍സ് താരം അല്‍സാരി ജോസഫിന്റെ വാക്കുകളാണിത്, താന്‍ വിക്കറ്റുകളല്ല, വിജയങ്ങളാണ് ആഘോഷിക്കാറെന്ന്. മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ചായ ശേഷം സംസാരിക്കുമ്പോളാണ് താരം തന്റെ മനസ്സ് തുറന്നത്.

അവിശ്വസനീയമായ തുടക്കം, സ്വപ്നതുല്യമെന്ന് പറയാം, ഇതിലും മികച്ചൊരു തുടക്കം തനിക്ക് ലഭിയ്ക്കുമെന്ന് തോന്നുന്നില്ലെന്നും ജോസഫ് പറഞ്ഞു. 136 റണ്‍സ് മാത്രമാണ് മുംബൈയ്ക്ക് ഇന്നലെ ആദ്യം ബാറ്റ് ചെയ്ത് നേടാനായത്. തടയേണ്ടത് വിസ്ഫോടനമായ തുടക്കം ടൂര്‍ണ്ണമെന്റില്‍ നേടിയിട്ടുള്ള സണ്‍റൈസേഴ്സിനെതിരെയും.

ടീമിനു വേണ്ടി തന്റെ സര്‍വ്വ കഴിവും എടുത്ത് പോരാടുകയെന്നതായിരുന്നു തന്റെ ലക്ഷ്യം. തന്റെ ആദ്യ മത്സരത്തില്‍ വിക്കറ്റുകള്‍ നേടുകയെന്നതിനെക്കുറിച്ച് മാത്രമേ ചിന്തിച്ചുള്ളു. സാധാരണ ആഘോഷത്തില്‍ പരം അമിതമായ ഒരു ആഘോഷവും താരത്തില്‍ നിന്നുണ്ടായിരുന്നില്ല. ഡേവിഡ് വാര്‍ണറുടെയുള്‍പ്പടെയുള്ള വിക്കറ്റുകള്‍ നേടിയ ശേഷവും താരം ഹൈ-ഫൈകളില്‍ മാത്രം ഒതുക്കുകയായിരുന്നു തന്റെ ആഘോഷം.

താന്‍ വിക്കറ്റുകള്‍ ആഘോഷിക്കാറില്ല, വിജയങ്ങളാണ് ആഘോഷിക്കാറ്. വിക്കറ്റുകള്‍ മാത്രം നേടുകയല്ല, ടീമിനെ വിജയത്തിലേക്ക് നയിക്കുകയെന്നതാണ് താന്‍ ഉന്നം വയ്ക്കുന്നതെന്നും അല്‍സാരി ജോസഫ് വ്യക്തമാക്കി.

അവിസ്മരണീയ അരങ്ങേറ്റം, പന്ത്രണ്ട് റണ്‍സിനു ആറ് വിക്കറ്റ്, അല്‍സാരി ജോസഫിന്റെ ഊജ്ജ്വല പ്രകടനം

സ്വപ്ന തുല്യമായ ഐപിഎല്‍ അരങ്ങേറ്റത്തിനു സാക്ഷ്യം വഹിച്ച് ഹൈദ്രാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയം. തന്റെ നാലോവര്‍ സ്പെല്‍ പൂര്‍ത്തിയാക്കുവാന്‍ രണ്ട് പന്ത് അവശേഷിക്കെയാണ് 6 വിക്കറ്റ് നേടി അല്‍സാരി ജോസഫ് മുംബൈയെ വിജയത്തിലേക്ക് നയിച്ചത്. തന്റെ സ്പെലില്ലെ ആദ്യ പന്തില്‍ ഡേവിഡ് വാര്‍ണറെ പുറത്താക്കിയ താരം വെറും 12 റണ്‍സ് മാത്രമാണ് വിട്ട് നല്‍കിയത്.

വിജയ് ശങ്കര്‍, ദീപക് ഹൂഡ, റഷീദ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, സിദ്ധാര്‍ത്ഥ് കൗള്‍ എന്നിവരാണ് അല്‍സാരിയുടെ അവിസ്മരണീയ അരങ്ങേറ്റത്തിലെ ഇരകള്‍. 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഐപിഎലില്‍ ഒരു ബൗളറുടെ ഏറ്റവും മികച്ച ബൗളിംഗ് റെക്കോര്‍ഡ് തകര്‍ക്കപ്പെടുന്നത്. സൊഹൈല്‍ തന്‍വീര്‍ ആദ്യ സീസണില്‍ നേടിയ റെക്കോര്‍ഡാണ് ഇന്ന് 22 വയസ്സുകാരന്‍ അരങ്ങേറ്റക്കാരന്‍ തകര്‍ത്തത്.

Exit mobile version