ഗോവയെ തകർത്ത് മുംബൈ സിറ്റി ISL ഫൈനലിൽ

രണ്ടാം സെമി ഫൈനലിലും എഫ് സി ഗോവയെ പരാജയപ്പെടുത്തിക്കൊണ്ട് മുംബൈ സിറ്റി ഐഎസ്എൽ ഫൈനലിൽ എത്തി. ഇന്ന് മുംബൈയിൽ വച്ച് നടന്ന രണ്ടാം പാദ സെമിയിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് മുംബൈ സിറ്റി വിജയിച്ചത്. നേരത്തെ ആദ്യപാദത്തിൽ 3-2 എന്ന് സ്കോറിനും മുംബൈ സിറ്റി വിജയിച്ചിരുന്നു. ഇതവിടെ 5-2 എന്ന് അഗ്രിഗേറ്റ് സ്കോറിലാണ് മുംബൈ സിറ്റി ഫൈനലിലേക്ക് മുന്നേറുന്നത്.

ഇന്നു മുംബൈയിൽ ആദ്യ പകുതിയിൽ ഗോളൊന്നും പിറന്നിരുന്നില്ല. 69ആം മിനിറ്റിൽ ജോർഗെ പേരേര ഡിയസ് ആണ് മുംബൈ സിറ്റിക്ക് ലീഡ് നൽകിയത്. 84ആം മിനിറ്റിൽ ചാങ്തെ രണ്ടാം ഗോൾ കണ്ടെത്തിയതോടെ മുംബൈ സിറ്റി വിജയവും ഫൈനലും ഉറപ്പിച്ചു. വിക്രം പ്രതാപിന്റെ അസിസ്റ്റിൽ നിന്നായിരുന്നു ചാങ്തെയുടെ ഗോൾ

കഴിഞ്ഞ ദിവസം ഒഡീഷ എഫ്സിയെ പരാജയപ്പെടുത്തി ഫൈനൽ ഉറപ്പിച്ച മോഹൻ ബഗാൻ ആകും ഫൈനലിൽ മുംബൈ സിറ്റിയുടെ എതിരാളികൾ.

മുംബൈ സിറ്റിയുടെ യുവതാരം ഗുർകിരത് ചെന്നൈയിനിലേക്ക്

മുംബൈ സിറ്റി എഫ്‌സിയുടെ യുവതാരം ഗുർകിരത് സിംഗിനെ ചെന്നൈയിൻ സ്വന്തമാക്കുന്നു. പുതിയ സീസണു മുന്നോടുയായി 20കാരനുമായി ചെന്നൈയിൻ കരാറിൽ എത്തിയതായാണ് റിപ്പോർട്ടുകൾ. ഗുർകിരതിന് മുംബൈ സിറ്റിയിൽ അധികം അവസരങ്ങൾ ലഭിക്കുന്നുണ്ടായിരുന്നില്ല. ഇതാണ് താരം ക്ലബ് വിടുന്നത് ആലോചിക്കാനുള്ള കാരണം.

ഇന്ത്യൻ ആരോസിൽ നിന്നാണ് 2021 താരം മുംബൈയിൽ എത്തുന്നത്. ഇതുവരെ ആകെ 3 സീസണിലായി 28 മത്സരങ്ങൾ മാത്രമെ ഐ എസ് എല്ലിൽ ഗുർകിരത് കളിച്ചിട്ടുള്ളൂ. ഈ സീസണിൽ 11 മത്സരങ്ങൾ കളിച്ച താരം ഒരു ഗോൾ അടിച്ചിരുന്നു.

ചണ്ഡിഗഡ് ഫുട്ബോൾ അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ്. ഫോർവേഡ് ആയും ഇടത് വിങ്ങറായും താരത്തിന് കളിക്കാൻ കഴിയും. പഞ്ചാബിൽ ജനിച്ച താരം ഐ ലീഗിൽ മൂന്ന് സീസണിൽ ഇന്ത്യൻ ആരോസിനൊപ്പം ഉണ്ടായിരുന്നു. 2020-21 സീസണിൽ 11 മത്സരങ്ങളിൽ പങ്കെടുക്കുകയും ഒരു ഗോൾ നേടുകയും ചെയ്യാൻ ഗുർകിരതിനായി.

 

90 മിനുട്ട് വരെ 2 ഗോളിന് പിറകിൽ, കണ്ണടച്ച് തുറക്കുമ്പോഴേക്ക് 3-2!! ISL സെമി ഫൈനലിൽ മുംബൈ സിറ്റിയുടെ വൻ തിരിച്ചുവരവ്

ഇന്ത്യൻ സൂപ്പർ ലീഗൽ ഇന്ന് നടന്ന രണ്ടാം സെമി ഫൈനലിലെ ആദ്യ പാദത്തിൽ എഫ്സി ഗോവയെ ഞെട്ടിച്ച് മുംബൈ സിറ്റിയെ. ഗോവയിലെ ഫത്തോർഡ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇഞ്ച്വറി ടൈമിൽ നേടിയ മൂന്ന് ഗോളുകളുടെ ബലത്തിൽ 3-2ന്റെ വിജയമാണ് മുംബൈ സിറ്റി നേടിയത്.

ഇന്ന് പതിനാറാം മിനിറ്റിൽ ബോറിസ് സിംഗിന്റെ ഗോളിലാണ് ഗോവ ലീഡ് എടുത്തത്. മുഹമ്മദ് യാസിറിന്റെ അസിസ്റ്റലിൽ നിന്നായിരുന്നു ഗോവയുടെ ആദ്യ ഗോൾ.

രണ്ടാം പകുതിയിൽ 56 മിനിട്ടിൽ ബ്രൻഡൺ ഫെർണാണ്ടസിന്റെ ഒരു ലോങ്ങ് റേഞ്ചർ ഗോവയുടെ ലീഡ് രണ്ടാക്കി ഉയർത്തി. ഈ രണ്ടു ഗോളുകൾ ഗോവയുടെ വിജയം ഉറപ്പിച്ചു എന്ന് കരുതിയപ്പോൾ ആണ് കളിയിൽ ട്വിസ്റ്റ് വന്നത്. 90ആം മിനുട്ടിൽ ചാങ്തെയിലൂടെ മുംബൈ സിറ്റിയുടെ ആദ്യ ഗോൾ വന്നത്. 91ആം മിനുട്ടിൽ വിക്രം പ്രതാപിലൂടെ സമനില ഗോളും. 2-0ൽ നിന്ന് കണ്ണടച്ച് തുറക്കുമ്പോഴേക്ക് 2-2.

അവിടെയും തീർന്നില്ല. ഫൈനൽ വിസിൽ വരും മുമ്പ് ചാങ്തെ വീണ്ടും ഗോളടിച്ചു. 3-2നു മുംബൈ മുന്നിൽ. അവർ വിജയവുമായി മുംബൈയിലേക്ക് മടങ്ങി. ഇനി രണ്ടാം പാദ സെമിഫൈനൽ മുംബൈയിൽ വെച്ച് നടക്കും. ഏപ്രിൽ 29നാകും മത്സരം.

അവസാന മത്സരത്തിൽ മുംബൈ സിറ്റിയെ തോൽപ്പിച്ച് മോഹൻ ബഗാൻ ISL ഷീൽഡ് സ്വന്തമാക്കി

ഇന്ത്യൻ സൂപ്പർ ലീഗ് ഷീൽഡ് മോഹൻ ബഗാൻ സ്വന്തമാക്കി. ഇന്ന് നടന്ന ലീഗിലെ അവസാനത്തെയും നിർണായകവുമായ മത്സരത്തിൽ മുംബൈ സിറ്റിയെ പരാജയപ്പെടുത്തിയാണ് മോഹൻ ബഗാൻ ഐഎസ്എൽ ഷീൽഡ് സ്വന്തമാക്കിയത്. ഇന്ന് കൊൽക്കത്തയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളിനായിരുന്നു മോഹൻ ബഗാന്റെ വിജയം.

ഇന്ന് മത്സരം ആരംഭിക്കുന്നതിനു മുമ്പ് മുംബൈ സിറ്റി 47 പോയിന്റുമായി ഒന്നാമതും മോഹൻ ബഗാൻ 45 പോയിന്റുമായി രണ്ടാമത് ആയിരുന്നു ഉണ്ടായിരുന്നത്. ഈ വിജയത്തോടെ മോഹൻ ബഗാൻ ലീഗിൽ ഒന്നാമത് ഫിനിഷ് ചെയ്തു. അവരുടെ ആദ്യ ഐഎസ്എൽ ഷീൽഡ് ആണ് അവർ ഇന്ന് സ്വന്തമാക്കിയത്. മുംബൈ സിറ്റി ഇതിനുമുമ്പ് രണ്ട് തവണ ഐഎസ്എൽ ഷീൽഡ് സ്വന്തമാക്കിയിട്ടുണ്ട്.

ഇന്ന് മത്സരത്തിന്റെ 28ആം മിനിറ്റിൽ പിറന്ന ഗോളിൽ നിന്നായിരുന്നു മോഹൻ ലീഡ് നേടിയത്. പെട്രാറ്റോസിന്റെ അസിസ്റ്റിൽ നിന്ന് ലിസ്റ്റൺ കൊളാസോ ആണ് ഗോൾ നേടിയത്. ഈ ഗോളിന് മറുപടി പറയാനോ തിരിച്ചടിക്കാനോ മുംബൈക്ക് ആയില്ല. അവർ സമനിലക്കായി ആഞ്ഞു ശ്രമിച്ചു എങ്കിലും മോഹൻ ബഗാൻ ഡിഫൻസിനെ ഭേദിക്കാൻ അവർക്ക് ആയില്ല. 81ആം മിനുട്ടിൽ കമ്മിംഗ്സിലൂടെ മോഹൻ ബഗാൻ രണ്ടാം ഗോൾ നേടി.

കിരീടം ഉറപ്പിച്ചു എന്ന് തോന്നിയ സമയത്ത് 89ആം മിനുട്ടിൽ ചാങ്തെയിലൂടെ മുംബൈ സിറ്റി ഒരു ഗോൾ മടക്കി. ഇതോടെ കളിയുടെ അവസാന നിമിഷങ്ങൾ ആവേശകരമായി. 92ആം മിനുട്ടിൽ മോഹൻ ബഗാൻ താരം ബ്രണ്ടൺ ഹാമൽ ചുവപ്പ് കണ്ട് പുറത്ത് പോയത് ബഗാനെ കൂടുതൽ സമ്മർദ്ദത്തിലാക്കി. എങ്കിലും പൊരുതി വിജയം ഉറപ്പിക്കാൻ ബഗാനായി.

വിജയത്തോടെ മോഹൻ ബഗാൻ 48 പോയിന്റുമായി ലീഗിൽ ഒന്നാമത് ഫിനിഷ് ചെയ്തു. 47 പോയിന്റുള്ള മുംബൈ സിറ്റി രണ്ടാമതും ഫിനിഷ് ചെയ്തു. മൂന്നാം സ്ഥാനത്ത് എഫ് സി ഗോവ, നാലാം സ്ഥാനത്ത് ഒഡീഷ, അഞ്ചാം സ്ഥാനത്ത് കേരള ബ്ലാസ്റ്റേഴ്സ്, ആറാം സ്ഥാനത്ത് ചെന്നൈയിൽ എന്നിവരാണ് ഫിനിഷ് ചെയ്തത്‌. ഇവരാണ് ഇനി നോക്കൗട്ട് റൗണ്ടിൽ മത്സരിക്കുക

പെരേര ഡിയസിനെ സ്വന്തമാക്കാൻ എഫ് സി ഗോവ

ജോർഗെ പെരേര ഡിയസ് മുംബൈ സിറ്റി വിടാൻ സാധ്യത. മുംബൈ സിറ്റി താരത്തിന്റെ കരാർ പുതുക്കാൻ സാധ്യതയില്ല എന്ന് IFTWC റിപ്പോർട്ട് ചെയ്യുന്നു. ഈ സീസൺ അവസാനത്തോടെ ഡിയസിന്റെ മുംബൈ സിറ്റിയിലെ കരാർ അവസാനിക്കും. എഫ് സി ഗോവയാണ് പെരേര ഡിയസിനായി രംഗത്ത് ഉള്ളത്.

മുൻ കേരള ബ്ലാസ്റ്റേഴ്സ് താരമായ ഡിയസ് അവസാന രണ്ട് സീസൺ ആയി മുംബൈ സിറ്റിക്ക് ഒപ്പം ഉണ്ട്. ഐ എസ് എല്ലിൽ ഇതുവരെ 55 മത്സരങ്ങളിൽ നിന്ന് 27 ഗോളുകൾ നേടുകയും 8 അസിസ്റ്റുകൾ സംഭാവന ചെയ്യുകയും ചെയ്ത താരമാണ് ഡിയസ്. ഈ സീസണിൽ 14 മത്സരങ്ങളിൽ നിന്ന് 8 ഗോളുകളും താരം നേടി.

കേരള ബ്ലാസ്റ്റേഴ്സിലൂടെ ആയിരുന്നു താരം ഇന്ത്യയിൽ എത്തിയത്. ബ്ലാസ്റ്റേഴ്സിനായി ആദ്യ സീസണിൽ എട്ട് ഗോളുകളും ഒരു അസിസ്റ്റും സംഭാവന ചെയ്യാൻ ഡിയസിനായിരുന്നു.

ഒഡീഷയെ തോൽപ്പിച്ച് മുംബൈ സിറ്റി ISL ഷീൽഡിന് അടുത്ത്

ഇന്ത്യൻ സൂപ്പർ ലീഗ് ഐ എസ് എൽ ഷീൽഡിലേക്ക് അടുത്ത് മുംബൈ സിറ്റി. ഇന്ന് ഒഡീഷ് എഫ്സിയെ നേരിട്ട മുംബൈ സിറ്റി ഒന്നിനെതിരെ 2 ഗോളുകൾക്ക് വിജയിച്ചു. ഈ പരാജയത്തോടെ ഒഡീഷയുടെ ഷീൽഡ് പ്രതീക്ഷകൾ അവസാനിച്ചു.

22ആം മിനിറ്റിൽ ജോർഗെ പെരേര ഡിയസിലൂടെ ആണ് മുംബൈ സിറ്റി ലീഡ് എടുത്തത്. 25ആം മിനിറ്റിൽ ഡിയേഗോ മൗറീസിയോ ഒഡിഷയ്ക്ക് സമനില നൽകി. ആദ്യ പകുതിയിൽ കളി അവസാനിക്കുമ്പോൾ 1-1 എന്ന നിലയിലായിരുന്നു.

രണ്ടാം പകുതിയിൽ 61ആം മിനിറ്റിൽ ചാങ്തെ നേടിയ ഗോളിൽ മുംബൈ സിറ്റി വിജയം ഉറപ്പിച്ചു. ഈ വിജയത്തോടെ 21 മത്സരങ്ങളിൽ നിന്നും മുംബൈ സിറ്റിക്ക് 47 പോയിൻറ് ആയി. 20 മത്സരങ്ങളിൽ നിന്ന് 42 പോയിന്റ് ഉള്ള മോഹൻ ബഗാനാണ് രണ്ടാം സ്ഥാനത്തുള്ളത്. മോഹൻ ബഗാന് രണ്ട് മത്സരങ്ങളും മുംബൈ സിറ്റിക്ക് ഒരു മത്സരവും ആണ് ബാക്കിയുള്ളത്.

മോഹൻ ബഗാൻ അടുത്ത മത്സരത്തിൽ ബംഗളൂരുവിനെ നേരിടും. അത് കഴിഞ്ഞ് മുംബൈ സിറ്റിയും മോഹൻ ബഗാനും തമ്മിലാണ് ഏറ്റുമുട്ടുന്നത്. അടുത്ത മത്സരം ബംഗളൂരുമായി മോഹൻ ബഗാൻ വിജയിക്കുകയാണെങ്കിൽ ഷീൽഡ് ആർക്ക് എന്ന് തീരുമാനിക്കുക ലീഗിലെ അവസാന മത്സരത്തിൽ മുംബൈ സിറ്റിയും മോഹൻ ബഗാനും ഏറ്റുമുട്ടുമ്പോൾ ആയിരിക്കും.

ഹൈദരബാദിനെ തോൽപ്പിച്ച് ഒന്നാം സ്ഥാനത്ത് ലീഡ് വർധിപ്പിച്ച് മുംബൈ സിറ്റി

ഇന്ത്യൻ സൂപ്പർ ലീഗിൽ ഒന്നാം സ്ഥാനത്തുള്ള ലീഡ് വർദ്ധിപ്പിച്ച് മുംബൈ സിറ്റി. ഇന്ന് ഹൈദരാബാദ് എഫ്സിയെ നേരിട്ട മുംബൈ സിറ്റി എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് വിജയിച്ചത്. ആദ്യ 32 മിനിറ്റിൽ തന്നെ മുംബൈ രണ്ടു ഗോളുകൾക്ക് മുന്നിലെത്തിയിരുന്നു. പതിനെട്ടാം മിനിറ്റിൽ ചാങ്തെയാണ് മുംബൈ സിറ്റിക്ക് ലീഡ് നൽകിയത്. വിക്രം പ്രതാപിന്റെ അസിസ്റ്റിൽ നിന്നായിരുന്നു ഈ ഗോൾ.

പിന്നീട് 32ആം മിനിറ്റിൽ മെഹ്താബ് സിങ് മുംബൈയുടെ ലീഡ് ഇരട്ടിയാക്കി. രണ്ടാം പകുതിയിൽ അവസാനം പെരേര ഡിയസ് കൂടെ ഗോൾ നേടിയതോടെ മുംബൈ സിറ്റിയുടെ വിജയം പൂർത്തിയായി. ഒരു പെനാൽറ്റിയിൽ നിന്നായിരുന്നു ഡിയസിന്റെ ഗോൾ. ഈ വിജയത്തോടെ 20 മത്സരങ്ങളിൽ നിന്നും 44 പോയിന്റുമായി അവർ ലീഗിൽ ഒന്നാമത് നിൽക്കുകയാണ് മുംബൈ സിറ്റി. ഹൈദരാബാദ് 20 മത്സരങ്ങൾ മത്സരങ്ങളിൽ നിന്ന് എട്ടു പോയി അവസാന സ്ഥാനത്താണുള്ളത്.

സ്ലൊവാക്യൻ ഫോർവേഡിനെ സൈൻ ചെയ്ത് മുംബൈ സിറ്റി

സീസൺ അവസാനത്തിലേക്കായി ഒരു പുതിയ സൈനിംഗ് പൂർത്തിയാക്കി മുംബൈ സിറ്റി എഫ്‌സി. സ്ലോവാക്യൻ ആക്രമണകാരി യാക്കൂബ് വോജ്‌റ്റൂസ് ആണ് മുംബൈ സിറ്റിയിൽ എത്തിയിരിക്കുന്നത്. 9-ാം നമ്പർ ജേഴ്‌സി ആകും താരം അണിയുക. കാൽമുട്ടിനേറ്റ പരിക്കിനെത്തുടർന്ന് സീസണിൽ പുറത്തായ സ്പാനിഷ് താരം ഇക്കർ ​​ഗുരോത്‌ക്‌സേനയ്ക്ക് പകരക്കാരനായാണ് യാക്കൂബ് എത്തുന്നത്.

ഇറ്റാലിയൻ ക്ലബുകളായ ഇൻ്റർ മിലാൻ്റെയും ചീവോയുടെയും ജേഴ്സി അണിഞ്ഞിട്ടുള്ള താരമാണ്. എംഎസ്‌കെ സിലിനയിലൂടെ ആണ് തൻ്റെ കരിയർ ആരംഭിച്ചത്. മുംബൈ സിറ്റി എഫ്‌സിയുടെ പുതിയ നമ്പർ 9 മുമ്പ് പോളണ്ടിലെയും റൊമാനിയയിലെയും വിവിധ ക്ലബ്ബുകൾക്കായും കളിച്ചിട്ടുണ്ട്. 2009/10 ൽ സ്ലൊവാക്യൻ ചാമ്പ്യൻഷിപ്പ് നേടിയപ്പോൾ എംഎസ്‌കെ സിലിനയുടെ ഭാഗമായിരുന്നു.

നിലവിൽ, ഐഎസ്എൽ ലീഗ് വിന്നേഴ്‌സ് ഷീൽഡിൻ്റെ ഉടമകളായ മുംബൈ സിറ്റി പോയിൻ്റ് പട്ടികയിൽ ഒന്നാമതാണ് നിൽക്കുന്നത്. മൂന്ന് മത്സരങ്ങൾ മാത്രമെ അവർക്ക് ലീഗ് ഘട്ടത്തിൽ ശേഷിക്കുന്നുള്ളൂ.

വിക്രം പ്രതാപിന് ഹാട്രിക്ക്!! മുംബൈ സിറ്റി ഒന്നാമത്

ഇന്ത്യൻ സൂപ്പർ ലീഗിൽ വിക്രം പ്രതാപിന്റെ ഹാട്രിക്കിന്റെ ബലത്തിൽ മുംബൈ സിറ്റിക്ക് വലിയ വിജയം. ഇന്ന് നോർത്ത് ഈസ്റ്റിനെ നേരിട്ട മുംബൈ സിറ്റി ഒന്നിനെതിരെ നാലു ഗോളുകൾക്ക് ആണ് വിജയിച്ചത്. ആദ്യ പത്ത് മിനുട്ടിൽ തന്നെ ഇന്ന് വിക്രം പ്രതാപ് മുംബൈ സിറ്റിക്ക് ആയി രണ്ടു ഗോളുകൾ നേടി. മൂന്നാം മിനുട്ടിലും പത്താം മിനുട്ടിലും ആയിരുന്നു ഗോളുകൾ.

ആദ്യ പകുതിയുടെ അവസാനം ഒരു പെനാൾട്ടിയിലൂടെ മുംബൈ സിറ്റി മൂന്നാം ഗോൾ നേടി‌‌. വാൻ നീഫ് ആണ് പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചത്. രണ്ടാം പകുതിയിൽ 80ആം മിനുട്ടിൽ വിക്രം പ്രതാപ് ഹാട്രിക്ക് പൂർത്തിയാക്കി. മലയാളി താരം മഷൂർ ഷെരീഫ് ആണ് നോർത്ത് ഈസ്റ്റിന്റെ ആശ്വാസ ഗോൾ നേടിയത്.

ഈ വിജയത്തോടെ മുംബൈ സിറ്റി ലീഗിൽ ഒന്നാമത് എത്തി. 19 മത്സരങ്ങളിൽ നിന്ന് 39 പോയിന്റുമായാണ് മുംബൈ സിറ്റി ഒന്നാമത് നിൽക്കുന്നത്. നോർത്ത് ഈസ്റ്റ് 20 പോയിന്റുമായി ഒമ്പതാമത് നിൽക്കുന്നു.

മുംബൈ സിറ്റിക്ക് വലിയ തിരിച്ചടി, പരിക്കേറ്റ രണ്ട് പ്രധാന താരങ്ങൾ ദീർഘകാലം പുറത്തിരിക്കും

മുംബൈ സിറ്റിക്ക് വലിയ തിരിച്ചടി. അവരുടെ രണ്ട് പ്രധാന താരങ്ങൾ ഇനി ഈ സീസണിൽ കളിക്കില്ല. എഫ്‌സി ഗോവയ്‌ക്കെതിരെ കളിക്കുമ്പോൾ പരിക്കേറ്റ ആയുഷ് ചിക്കാരയും പഞ്ചാബ് എഫ്‌സിക്കെതിരെ ഇറങ്ങിയപ്പോൾ പരിക്കേറ്റ ഇകർ ഗുരോത്‌ക്‌സേനയും ഈ സീസണിൽ ഇനി കളിക്കില്ല എന്ന് ക്ലബ് അറിയിച്ചു. ഇരുവർക്കും കാൽമുട്ടിന് ആണ് പരിക്ക്.

ആയുഷ് ചിക്കാര മുംബൈ സിറ്റി എഫ്‌സിയുടെ കലിംഗ സൂപ്പർ കപ്പ് കാമ്പെയ്‌നിൽ വലിയ പങ്ക് വഹിച്ചിരുന്നു. ആ ടൂർണമെൻ്റിനിടെ നാല് മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകൾ താരം നേടിയിരുന്നു.

ഈ കഴിഞ്ഞ വിൻ്റർ ട്രാൻസ്ഫർ വിൻഡോയിൽ ആയിരുന്നു ഇക്കർ ​​ഗുരോത്‌ക്‌സേന മുംബൈ ഇന്ത്യൻസിൽ എത്തിയത്, കഴിഞ്ഞ ആറ് മത്സരങ്ങളിൽ മൂന്ന് ഗോളുകളും രണ്ട് അസിസ്റ്റുകളും താരം സംഭാവന നൽകിയിരുന്നു..

ജംഷദ്പൂരിനോട് സമനില വഴങ്ങി മുംബൈ സിറ്റി

ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റിക്ക് ജംഷദ്പൂരിനോട് സമനില. ഇന്ന് നടന്ന മത്സരത്തിൽ ജംഷഡ്പൂരിന്റെ ഹോം ഗ്രൗണ്ടിൽ വച്ച് 1-1 എന്ന സമനിലയാണ് മുംബൈ സിറ്റി വഴങ്ങിയത്. അവസാന 10 മിനിറ്റുകളോളം ജംഷഡ്പൂർ 10 പേരുമായി ആണ് കളിച്ചത് എങ്കിലും പരാജയം ഒഴിവാക്കാൻ അവർക്ക് ആയി.

ഇന്നത്തെ സമനില കൊണ്ട് മുംബൈ സിറ്റിക്ക് ലീഗിൽ ഒന്നാമത് എത്താൻ ആയി. ഇന്ന് രണ്ടാം പകുതിയിലാണ് രണ്ടു ഗോളുകളും പിറന്നത്. ആദ്യം അറുപതാം മിനിറ്റിൽ സിവേറിയോ ആണ് ജംഷദ്പൂരന് ലീഡ് നൽകിയത്‌. ഇതിനു മറുപടിയായി 74ആം മിനിറ്റിൽ യുവതാരം ചാങ്തെ സമനില ഗോൾ നേടി‌.

82ആം മിനിറ്റിൽ രണ്ടാം മഞ്ഞക്കാർഡ് വാങ്ങി ചിമ ചുക്വ പുറത്തുപോയി. എന്നിട്ടും സമനിലയിൽ പിടിച്ചുനിൽക്കാൻ ജംഷദ്പൂരിനായി. ഈ സമനിലയോടെ 36 പോയിന്റുമായി മുംബൈ സിറ്റി ലീഗിൽ ഒന്നാമത് നിൽക്കുകയാണ്. 21 പോയിന്റുമായി ജംഷഡ്പൂർ ആറാം സ്ഥാനത്തേക്കും എത്തി.

ബ്രാണ്ടൺ ഫെർണാണ്ടസ് മുംബൈ സിറ്റിയിലേക്ക്

എഫ്‌സി ഗോവയുടെ ക്യാപ്റ്റൻ ആയ ബ്രാണ്ടൺ ഫെർണാണ്ടസിനെ മുംബൈ സിറ്റി സ്വന്തമാക്കും. അടുത്ത സീസണിൽ ഫ്രീ ട്രാൻസ്ഫറിൽ ബ്രാണ്ടണെ സ്വന്തമാക്കാം മുംബൈ സിറ്റി ശ്രമിക്കുന്നതായി IFTWC ആണ് റിപ്പോർട്ട് ചെയ്യുന്നത്. ഈ സീസണോടെ ബ്രാണ്ടന്റെ ഗോവയിലെ കരാർ അവസാനിക്കുകയാണ്. മുംബൈ ഐ എസ് എല്ലിന്റെ 2015 സീസണിൽ ബ്രാണ്ടൻ മുംബൈ സിറ്റിക്ക് ആയി കളിച്ചിരുന്നു.

2017-18 സീസൺ മുതൽ ബ്രാൻഡൺ എഫ് സി ഗോവയ്ക്ക് ഒപ്പം ഉണ്ട്‌. ഗോവയ്ക്കായി 121 മത്സരങ്ങൾ ഐ എസ് എല്ലിൽ കളിച്ചു. 14 ഗോളുകളും 29 അസിസ്റ്റും ബ്രാണ്ടൺ സംഭാവന ചെയ്തിട്ടുണ്ട്. 2019ൽ ഹീറോ സൂപ്പർ കപ്പ്, 2019-20-ലെ ഹീറോ ഐഎസ്‌എൽ ലീഗ് വിന്നേഴ്‌സ് ഷീൽഡ്, 2021ൽ ഡ്യൂറൻഡ് കപ്പ് എന്നീ കിരീടങ്ങൾ ബ്രണ്ടൺ ഗോവക്ക് ഒപ്പം നേടിയിട്ടുണ്ട്.

Exit mobile version