നാലാം നമ്പറില്‍ ആര് ബാറ്റ് ചെയ്യുമെന്ന് നിശ്ചയമില്ല, ആര്‍ക്കും ബാറ്റ് ചെയ്യാം

ഇന്ത്യയുടെ നാലാം നമ്പറില്‍ ആര് ബാറ്റ് ചെയ്യുമെന്നുള്ള വലിയ ചോദ്യത്തിനു നാളുകള്‍ക്ക് മുമ്പ് വരെയുള്ള ഉത്തരം അമ്പാട്ടി റായിഡു എന്നതായിരുന്നു. പിന്നീട് 2019ല്‍ താരം ഫോം ഔട്ട് ആയതോടെ താരത്തെ മറികടന്ന് ലോകകപ്പ് ടീമില്‍ ഇടം നേടിയത് വിജയ് ശങ്കറായിരുന്നു. താരം തന്നെയാവും ഇന്ത്യയുടെ നാലാം നമ്പറില്‍ എത്തുക എന്ന് പലരും അഭിപ്രായപ്പെട്ടപ്പോളും മുന്‍ ചീഫ് സെലക്ടര്‍ ആയ സന്ദീപ് പാട്ടീല്‍ പറയുന്നത്, ആര് ആ പൊസിഷനില്‍ ബാറ്റ് ചെയ്യുമെന്നതില്‍ വ്യക്തയില്ലെന്നാണ്. ആര്‍ക്ക് വേണമെങ്കിലും ഇന്ത്യയ്ക്ക് വേണ്ടി നാലാം നമ്പറില്‍ ബാറ്റ് ചെയ്യാമെന്നും അതിനുള്ള താരങ്ങള്‍ ഇന്ത്യന്‍ സംഘത്തിലുണ്ടെന്നുമാണ് പാട്ടീല്‍ അഭിപ്രായപ്പെടുന്നത്.

ധോണിയോ ഹാര്‍ദ്ദിക്കോ കേധാറെ എന്തിനു കോഹ്‍ലി വരെ ആ പൊസിഷനില്‍ ബാറ്റ് ചെയ്യുവാന്‍ യോഗ്യനാണെന്നാണ് സന്ദീപ് പാട്ടീല്‍ പറയുന്നത്. താന്‍ സെലക്ടറായിരുന്നപ്പോള്‍ ധോണി നാലാം നമ്പറില്‍ ബാറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു, എന്നാല്‍ താരത്തിനു താല്പര്യം ആറാം നമ്പറില്‍ ബാറ്റ് ചെയ്യാനായിരുന്നു. കോഹ്‍ലി നാളെ നാലാം നമ്പറില്‍ വരില്ലെന്ന് ആര്‍ക്കും പറയാനാകില്ലെന്നും സന്ദീപ് പാട്ടീല്‍ പറഞ്ഞു.

അതേ സമയം രവിശാസ്ത്രി ഏറെ കാലം മുമ്പ് ലോകകപ്പില്‍ കോഹ്‍ലി നാലാം നമ്പറില്‍ ബാറ്റ് ചെയ്തേക്കാമെന്ന് സൂചന നല്‍കിയിരുന്നു. സാഹചര്യങ്ങള്‍ സ്വിംഗ് ബൗളിംഗിനു അനുകൂലമാണെങ്കില്‍ കോഹ്‍ലി മൂന്നിനു പകരം നാലില്‍ ബാറ്റ് ചെയ്യുമെന്നാണ് ശാസ്ത്രി അന്ന് പറഞ്ഞത്. അതേ സമയം ഇന്ത്യയുടെ സെലക്ടര്‍ എംഎസ്കെ പ്രസാദ് പറഞ്ഞത് വിജയ് ശങ്കറെയാവും നാലാം നമ്പറില്‍ ഇന്ത്യ പരീക്ഷിക്കുകയെന്നതാണ്.

എന്നാല്‍ ഇത്തരം ചര്‍ച്ചകള്‍ അടിസ്ഥാനരഹിതമാണെന്നാണ് സന്ദീപ് പാട്ടീലിന്റെ വാദം. ഏത് ബാറ്റിംഗ് പൊസിഷനുകളും പ്രാധാന്യമുള്ളതാണ്, അത് ഓപ്പണിംഗായാലും പതിനൊന്നാമനായാലും. ഇന്ത്യയ്ക്ക് നാലാം നമ്പറില്‍ ഒട്ടനവധി സാധ്യതകളുണ്ടെന്നും സന്ദീപ് പാട്ടീല്‍ അഭിപ്രായപ്പെട്ടു.

വിജയ് ശങ്കര്‍ ടീമിനു മികച്ച ബാലന്‍സ് നല്‍കുന്നു, താരം ത്രിഡൈമന്‍ഷനല്‍ എന്ന് കോഹ്‍ലിയും

മറ്റു ടീമുകള്‍ക്കള്‍ക്കുള്ള സന്തുലിതാവസ്ഥ ഇന്ത്യന്‍ ടീമിനു നല്‍കുന്ന താരമാണ് വിജയ് ശങ്കര്‍ എന്ന് പറഞ്ഞ് വിരാട് കോഹ്‍ലി. അമ്പാട്ടി റായിഡുവിനെ പിന്തള്ളി ഇന്ത്യന്‍ ടീമില്‍ സ്ഥാനം പിടിച്ച താരമാണ് വിജയ് ശങ്കര്‍. ടീം നാലാം നമ്പറിലാണ് താരത്തെ പരീക്ഷിക്കുക എന്ന മുഖ്യ സെലക്ടര്‍ എംഎസ്കെ പ്രസാദ് നല്‍കിയ സൂചനയെ പിന്തുണയ്ക്കുന്ന തരത്തിലാണ് വിരാട് കോഹ്‍ലിയും പ്രതികരിച്ചത്.

കഴിഞ്ഞ കുറച്ച് കാലമായി പല തരത്തിലുള്ള കോമ്പിനേഷനുകളാണ് ഞങ്ങള്‍ പരീക്ഷിച്ചത്. വിജയ് എത്തുമ്പോള്‍, ത്രീഡൈമന്‍ഷനലാണ് കാര്യങ്ങള്‍. വിജയ് ബൗളിംഗ്, ബാറ്റിംഗ് എന്നതിനൊപ്പം ഫീല്‍ഡിംഗിലും താരം മികവുറ്റതാണ്.

ലോകകപ്പിനു മുമ്പ് പന്തിനു വേണ്ടത്ര അവസരങ്ങള്‍ നല്‍കും

ഋഷഭ് പന്തിനു ലോകകപ്പിനു മുമ്പ് ആവശ്യമായ അവസരങ്ങള്‍ നല്‍കുമെന്ന് വ്യക്തമാക്കി എംഎസ്കെ പ്രസാദ്. ലോകകപ്പ് സ്ക്വാഡില്‍ ഉള്‍പ്പെടുത്തുന്നതിനു മുമ്പുള്ള ഈ അവസരങ്ങള്‍ പന്ത് ഉപയോഗപ്പെടുത്തുന്നതിനനുസരിച്ചാവും താരത്തിനെ ലോകകപ്പിനു ഉള്‍പ്പെടുത്തണോ വേണ്ടയോ എന്നത് തീരുമാനിക്കുക. ഇടംകൈയ്യന്‍ താരമാണെന്നതും പന്തിനെ പരിഗണിക്കുവാന്‍ കാരണമായെന്ന് പ്രസാദ് വ്യക്തമാക്കി. താരത്തിനു അനുയോജ്യമായ ബാറ്റിംഗ് ഓര്‍ഡര്‍ ഉടന്‍ തീരുമാനിക്കുമെന്നും പ്രസാദ് അറിയിച്ചു. ടീമിന്റെ ലെഫ്റ്റ്-റൈ്ഫറ്റ് കോമ്പിനേഷന്‍ മുന്നില്‍ കണ്ട് കൊണ്ടാണ് പന്തിന്റെ ടീമിലേക്കുള്ള തിരഞ്ഞെടുപ്പെന്നും പ്രസാദ് വ്യക്തമാക്കി.

താരം ടെസ്റ്റില്‍ മികവ് പുലര്‍ത്തിയ ശേഷം വിശ്രമം ആവശ്യമായതിനാലാണ് ചെറിയ ബ്രേക്ക് നല്‍കിയതെന്നും ഇനി ലോകകപ്പിനു മുമ്പ് താരത്തിനു വ്യക്തമായ അവസരങ്ങള്‍ ലഭിച്ചുവെന്ന് ഉറപ്പാക്കേണ്ടതുണെന്നും അതിനാലാണ് കാര്‍ത്തികിനെ ഒഴിവാക്കി ഓസ്ട്രേലിയയ്ക്കെതിരെ പന്തിനെ പരീക്ഷിക്കുവാന്‍ ടീം മാനേജ്മെന്റും സെലക്ടര്‍മാരും മുതിര്‍ന്നതെന്നും പ്രസാദ് വ്യക്തമാക്കി.

വരുന്ന പരമ്പരകളില്‍ ബൗളിംഗിലും ശ്രദ്ധയൂന്നണമെന്ന് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍

ബാറ്റിംഗിനെക്കാള്‍ തനിക്ക് കൂടുതല്‍ ശ്രദ്ധ വരുന്ന പരമ്പരകളില്‍ ബൗളിംഗില്‍ ചെലുത്തണമെന്ന് അഭിപ്രായപ്പെട്ട് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ വിജയ് ശങ്കര്‍. ന്യൂസിലാണ്ടിനെതിരെ ബൗളിംഗില്‍ അവസരം ലഭിക്കാതിരുന്ന വിജയ് ശങ്കര്‍ ബാറ്റിംഗില്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ശ്രീലങ്കയില്‍ നിദാഹസ് ട്രോഫിയില്‍ ഇന്ത്യയ്ക്കായി കളിച്ച താരം അന്ന് ബൗളിംഗിലൂടെയായിരുന്നു മികവ് പുലര്‍ത്തിയത്. തനിക്ക് ലഭിച്ച ഏക മാന്‍ ഓഫ് ദി മാച്ച് തന്റെ ബൗളിംഗ് പ്രകടനത്തിനായിരുന്നുവെന്ന് പറഞ്ഞ വിജയ് ശങ്കര്‍ തനിക്ക് ബൗളിംഗിലും ശ്രദ്ധയൂന്നുവാന്‍ അവസരം വരുന്ന പരമ്പരകളില്‍ സാധിക്കുമെന്നാണ് വിശ്വസിക്കുന്നത്.

ലോകകപ്പിനു തന്റെ സാധ്യത നിലനിര്‍ത്തുവാന്‍ ഇരു മേഖലകളിലും തനിക്ക് കഴിവ് തെളിയിക്കേണ്ടതുണ്ടെന്നാണ് വിജയ് ശങ്കറുടെ അഭിപ്രായം. നിദാഹസ് ട്രോഫിയില്‍ വിക്കറ്റുകള്‍ നേടുക എന്നതായിരുന്നു തന്റെ ശ്രദ്ധ. എന്നാല്‍ അടുത്തിടെ താന്‍ ബൗളിംഗില്‍ വിക്കറ്റെന്നതിലുപരി റണ്‍സ് വഴങ്ങാതെ മികച്ച ബൗളിംഗ് പുറത്തെടുക്കുക എന്നതിലായിരുന്നു ശ്രദ്ധ. വരുന്ന ഓസ്ട്രേലിയന്‍ പരമ്പരയില്‍ തനിക്ക് വിക്കറ്റിനായി ശ്രമിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിജയ് അഭിപ്രായപ്പെട്ടു.

ലോകകപ്പിനു വിജയ് ശങ്കറിനെയും പരിഗണിക്കുന്നുണ്ടെന്നാണ് ഇന്ത്യയുടെ മുഖ്യ സെലക്ടര്‍ എംഎസ്കെ പ്രസാദ് അഭിപ്രായപ്പെട്ടത്. ശങ്കറിന്റെ അടുത്തിടെയുള്ള പരമ്പരയിലെ പ്രകടനം ഇന്ത്യന്‍ ടീമിനു കൂടുതല്‍ ഉപാധികളെ നില്‍കിയിരിക്കുകയാണെന്ന് പറഞ്ഞ പ്രസാദ് താരത്തിന്റെ പ്രകടനം വരുന്ന മൂന്ന് നാല് മത്സരങ്ങളില്‍ കൂടി വിലയിരുത്തിയ ശേഷമാവും തീരുമാനം കൈക്കൊള്ളുക എന്നും അറിയിച്ചു.

ഗില്ലിനെ പരിഗണിക്കുന്നത് റിസര്‍വ് ഓപ്പണറായി, താരം അന്താരാഷ്ട്ര ക്രിക്കറ്റിനു തയ്യാറെന്ന് പ്രസാദ്

കെഎല്‍ രാഹുലിനു പകരം ടീമിലേക്ക് എത്തിയ ശുഭ്മന്‍ ഗില്ലിനെ ന്യൂസിലാണ്ട് പര്യടനത്തിലും ഉള്‍പ്പെടുത്തുെന്ന് സൂചിപ്പിച്ച് സെലക്ടര്‍ എംഎസ്കെ പ്രസാദ്. ശിഖര്‍ ധവാന്‍, രഹിത് ശര്‍മ്മ എന്നിവര്‍ക്ക് പിന്നിലായി ന്യൂസിലാണ്ടില്‍ ഇന്ത്യയുടെ റിസര്‍വ് ഓപ്പണറായി പരിഗണിക്കപ്പെടുന്നത് ശുഭ്മന്‍ ഗില്ലിനെയാണെന്നാണ് പ്രസാദ് പറഞ്ഞത്. താരം ലോകകപ്പിനു ഉണ്ടാകുമോയെന്ന് ഇപ്പോള്‍ പറയാനാകില്ലെങ്കിലും ഇന്ത്യ എ യ്ക്ക് വേണ്ടി ന്യൂസിലാണ്ടില്‍ മികച്ച പ്രകടനം നടത്തിയ താരമാണ് ശുഭ്മന്‍ ഗില്‍.

ഇന്ത്യ എ കോച്ച് രാഹുല്‍ ദ്രാവിഡുമായി ചര്‍ച്ച ചെയ്ത് താരം അന്താരാഷ്ട്ര ക്രിക്കറ്റിനു സജ്ജനാണെന്ന് നമ്മള്‍ തീരുമാനിച്ചുവെന്നും പ്രസാദ് പറഞ്ഞു. ഇന്ത്യ എ ടൂറുകളില്‍ നിന്ന് ഈ താരങ്ങളെല്ലാം തന്നെ ഏറെ കാര്യങ്ങള്‍ പഠിച്ചു കഴിഞ്ഞു. ഇവരാരും തന്നെ വലിയ പ്രതിസന്ധികളില്‍ തളരാതിരിക്കുന്നത് തന്നെ അതിന്റെ സൂചനയാണെന്ന് മയാംഗ് അഗര്‍വാളിനെയും ഹനുമ വിഹാരിയെയും ഉദാഹരണമായി പറയുകയായിരുന്നു പ്രസാദ്.

ബുംറയുടെ മികവിനു പിന്നില്‍ ഭരത് അരുണ്‍

ജസ്പ്രീത് ബുംറ മികച്ച ഫാസ്റ്റ് ബൗളറായി മാറിയതിനു പിന്നില്‍ ഇന്ത്യന്‍ ബൗളിംഗ് കോച്ച് ഭരത് അരുണെന്ന് പറഞ്ഞ് എംഎസ്കെ പ്രസാദ്. ഇന്ത്യന്‍ സപ്പോര്‍ട്ട് സ്റ്റാഫിന്റെ മേല്‍നോട്ടത്തില്‍ ജസ്പ്രീത് ബുംറ ഏറെ മെച്ചപ്പെട്ടുവെന്നാണ് പ്രസാദ് പറഞ്ഞത്. മികച്ച രീതിയിലാണ് ടീം മാനേജ്മെന്റ് താരത്തിന്റെ വര്‍ക്ക്‍ലോഡ് മാനേജ് ചെയ്തത്.

വിന്‍‍ഡീസിലെ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചിരുന്നുവെങ്കില്‍ ബുംറ ഓസ്ട്രേലിയയില്‍ നാല് ടെസ്റ്റുകളിലും കളിയ്ക്കില്ലായിരുന്നുവെന്നാണ് പ്രസാദ് പറഞ്ഞത്. ഭരത് അരുണിനോടൊപ്പം പ്രവര്‍ത്തിച്ച് ബുംറ മികച്ച ബൗളറായിക്കഴിഞ്ഞുവെന്നാണ് പ്രസാദിന്റെ അഭിപ്രായം.

അരുണ്‍ നല്‍കിയ പദ്ധതികള്‍ നടപ്പിലാക്കുവാന്‍ ജസ്പ്രീത് ബുംറ എടുത്ത ശ്രമങ്ങളും അഭിനന്ദനീയമാണെന്ന് പ്രസാദ് പറഞ്ഞു. കഠിനാധ്വാനിയായ ബൗളറാണ് ബുംറ. ബുംറയെ ടെസ്റ്റ് ടീമിലേക്ക് എടുത്തപ്പോള്‍ ഏകദിന-ടി20 സ്പെഷ്യലിസ്റ്റായ ഒരു ബൗളറെ എടുക്കണമോയെന്ന് ചോദ്യമുയര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോളത്തെ ഫലങ്ങള്‍ സെലക്ടര്‍മാര്‍ക്ക് തെറ്റിയില്ലെന്ന് കാണിക്കുന്നുവെന്നും പ്രസാദ് പറഞ്ഞു.

പന്ത് ഇന്ത്യയുടെ ലോകകപ്പ് പദ്ധതികുളുടെ ഭാഗം

ഋഷഭ് പന്തിനു ഓസ്ട്രേലിയയ്ക്കെതിരെയുള്ള ഏകദിനങ്ങളില്‍ വിശ്രമം നല്‍കിയതാണെന്നും ഡ്രോപ് ചെയ്തതല്ലെന്നും പറഞ്ഞ് മുഖ്യ സെലക്ടര്‍ എംഎസ്കെ പ്രസാദ്. ഇന്ത്യയുടെ ലോകകപ്പ് പദ്ധതിയുടെ ഭാഗമാണ് ഋഷഭ് പന്തെന്നും പ്രസാദ് പറഞ്ഞു. മൂന്ന് ടി0, നാല് ടെസ്റ്റ് എന്നിങ്ങനെ ഓസ്ട്രേലിയയില്‍ കളിച്ച പന്തിനു വിശ്രമം ആവശ്യമാണെന്ന് തോന്നി. രണ്ടാഴ്ചത്തെ പൂര്‍ണ്ണ വിശ്രമം ആവശ്യമായിരുന്നു. ഇംഗ്ലണ്ട് ലയണ്‍സിനെതിരെ താരം കളിയ്ക്കണമോ എന്നതും ഇതിനു ശേഷം മാത്രമേ തീരുമാനിക്കുകയുള്ളു. അതിനാല്‍ തന്നെ താരം ഇന്ത്യയുടെ ലോകകപ്പ് ടീമിലേക്ക് മുന്‍ നിരയില്‍ തന്നെയുണ്ടാകുമെന്നും പ്രസാദ് പറഞ്ഞു.

ടെസ്റ്റ് ടീമിലേക്ക് എടുക്കുമ്പോള്‍ ഏവര്‍ക്കും പന്തിന്റെ ബാറ്റിംഗ് വൈദഗ്ദ്യത്തെക്കുറിച്ച് എതിരഭിപ്രായമില്ലായിരുന്നു എന്നാല്‍ കീപ്പിംഗിനെക്കുറിച്ച് ചിലര്‍ നെറ്റി ചുളിപ്പിച്ചു. ഒരു ടെസ്റ്റില്‍ 11 ക്യാച്ചുകളോടെ പന്ത് തന്റെ സെലക്ഷനെ ന്യായീകരിക്കുന്ന പ്രകടനമാണ് ഓസ്ട്രേലിയയില്‍ പുറത്തെടുത്തതെന്ന് പ്രസാദ് പറഞ്ഞു.

ജഡേജ സെലക്ഷന്‍ സമയത്ത് ഫിറ്റായിരുന്നു: എംഎസ്കെ പ്രസാദ്

ടൂര്‍ ആരംഭിച്ച സമയത്ത് ജഡേജയ്ക്ക് യാതൊരുവിധ പ്രശ്നങ്ങളുമുണ്ടായിരുന്നില്ലെന്നും താരത്തിന്റെ ഫിറ്റ്നെസ്സില്‍ പരിപൂര്‍ണ്ണ തൃപ്തിയുള്ളതിനാല്‍ മാത്രമാണ് തങ്ങള്‍ ടൂറിലേക്ക് താരത്തെ പരിഗണിച്ചതെന്നും പറഞ്ഞ് മുഖ്യ സെലക്ടര്‍ എംഎസ്കെ പ്രസാദ്. രണ്ടാം ടെസ്റ്റില്‍ അശ്വിനു പരിക്കേറ്റപ്പോള്‍ ജഡേജയെ കളിപ്പിക്കാതെ പകരം സ്പിന്നറില്ലാതെയാണ് ഇന്ത്യ മത്സരത്തിലിറങ്ങിയത്. മത്സരത്തില്‍ നഥാന്‍ ലയണ്‍ മാന്‍ ഓഫ് ദി മാച്ച് പട്ടം നേടിയപ്പോള്‍ ഇന്ത്യയ്ക്ക് മുഖ്യധാര സ്പിന്നറില്ലാതിരുന്നത് തിരിച്ചടിയാകുകയായിരുന്നു. ഹനുമ വിഹാരിയാണ് പാര്‍ട്ട് ടൈം സ്പിന്നറുടെ റോള്‍ അന്ന് ഏറ്റെടുത്തത്.

ഇന്ത്യയുടെ ആ തീരുമാനം ഏറെ പഴികേള്‍ക്കാനിടയാക്കിയപ്പോള്‍ മുഖ്യ കോച്ച് പിന്നീട് വിശദീകരണവുമായി എത്തിയിരുന്നു. മാച്ച് ഫിറ്റ് അല്ലാത്തതിനാലാണ് ജഡേജയെ മത്സരിപ്പിക്കാഞ്ഞതെന്ന് രവി ശാസ്ത്രി പറയുമ്പോളും താരം പകരക്കാരനായി 20ലധികം ഓവറുകള്‍ ഫീല്‍ഡ് ചെയ്തിരുന്നു. ഇപ്പോള്‍ മൂന്നാം ടെസ്റ്റിന്റെ ഇലവനിലും ജഡേജ ഇടം പിടിച്ചു.

ടൂര്‍ ആരംഭിക്കുന്നതിനു മുമ്പ് എല്ലാ താരങ്ങളുടെയും ഫിറ്റ്നെസ് പരിശോധിച്ച ശേഷം മാത്രമാണ് സെലക്ടര്‍മാര്‍ താരങ്ങളെ തിരഞ്ഞഞെടുക്കുന്നത്. അതിനാല്‍ തന്നെ താരം അന്ന് സെലക്ഷന്‍ സമയത്ത് താരം ഫിറ്റായിരുന്നുവെന്നും പ്രസാദ് പറഞ്ഞു.

ടെസ്റ്റിലേക്ക് രോഹിത് മടങ്ങിയെത്തുവാനുള്ള കാരണം വിശദമാക്കി എംഎസ്‍കെ പ്രസാദ്

ഓസ്ട്രേലിയയില്‍ രോഹിത് ശര്‍മ്മയുടെ കേളി ശൈലി ഏറെ ഉപകാരപ്പെടുമെന്നും അതാണ് താരത്തെ പതിനൊന്ന് മാസങ്ങള്‍ക്ക് ശേഷം ടെസ്റ്റ് ടീമിലേക്ക് ഉള്‍പ്പെടുത്തുവാനുള്ള കാരണമെന്നും വ്യക്തമാക്കി മുഖ്യ സെലക്ടര്‍ എംഎസ്‍കെ പ്രസാദ്. ജനുവരിയില്‍ സെഞ്ചൂറിയണില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടെസ്റ്റ് കളിച്ച ശേഷം രോഹിത് ശര്‍മ്മ ഇന്ത്യയ്ക്കായി ടെസ്റ്റില്‍ കളിച്ചിരുന്നില്ല. രോഹിത് ശര്‍മ്മ ബാക്ക് ഫുട്ടില്‍ മികച്ച ഒരു താരമാണെന്നാണ് പ്രസാദ് അഭിപ്രായപ്പെട്ടത്. അത് ഓസ്ട്രേലിയയില്‍ ഗുണം ചെയ്യുമെന്ന് കരുതുന്നുവെന്നും പ്രസാദ് അഭിപ്രായപ്പെട്ടു.

2013ല്‍ വിന്‍ഡീസിനെതിരെ കൊല്‍ക്കത്തയില്‍ അരങ്ങേറ്റത്തില്‍ 177 റണ്‍സ് നേടി കഴിവ് തെളിയിച്ചിരുന്നുവെങ്കിലും ഇന്ത്യയ്ക്കായി പിന്നീട് 25 ടെസ്റ്റുകളില്‍ മാത്രമാണ് താരത്തിനു കളിക്കാനായിട്ടുള്ളത്. മൂന്ന് ശതകങ്ങളും താരം അടിച്ചെടുത്തിട്ടുണ്ട്.

ജാഥവിനെ ഒഴിവാക്കിയതിനു കാരണവുമായി മുഖ്യ സെലക്ടര്‍

കേധാര്‍ ജാഥവിനെ ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കിയതിനുള്ള കാരണം വ്യക്തമാക്കി എംഎസ്‍കെ പ്രസാദ്. താരത്തിന്റെ പരിക്കിന്റെ ചരിത്രമാണ് ഈ ഒരു തീരമാനത്തിനു പിന്നില്ലെന്ന് പ്രസാദ് വ്യക്തമാക്കി. ഏഷ്യ കപ്പില്‍ പരിക്കേറ്റ താരത്തിനെ ഇന്ത്യയുടെ ഏകദിന സ്ക്വാഡിലെ ആദ്യ രണ്ട് മത്സരങ്ങള്‍ക്കായി പരിഗണിച്ചില്ലെങ്കിലും പിന്നീട് താരം ദിയോദര്‍ ട്രോഫിയില്‍ കളിക്കുകയും അതിനാല്‍ തന്നെ സ്വാഭാവികമായി അവസാന മൂന്ന് ഏകദിനങ്ങള്‍ക്ക് ടീം പ്രഖ്യാപിച്ചപ്പോള്‍ ഇടം പിടിക്കുമെന്നും കരുതപ്പെട്ടതാണ്.

എന്നാല്‍ ഏവരെയും പോലെ താരത്തെയും ഞെട്ടിച്ചൊരു പ്രഖ്യാപനമായിരുന്നു ഇന്ത്യയുടെ സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചത്. തന്നെ ഒഴിവാക്കിയതിനു കാരണമൊന്നും ബിസിസിഐയോ സെലക്ടര്‍മാരോ തന്നോട് അറിയിച്ചിട്ടില്ലെന്ന് കേധാര്‍ ജാഥവ് വ്യക്തമാക്കിയെങ്കിലും താരത്തിനുള്ള മറുപടിയുമായി എംഎസ്‍കെ പ്രസാദ് രംഗത്തെത്തുകയായിരുന്നു. അടിയ്ക്കടി പരിക്കിനു പിടിയലാവുന്ന ചരിത്രമുള്ളതിനാലാണ് താരത്തെ ഒഴിവാക്കിയതെന്നാണ് പ്രസാദിന്റെ വിശദീകരണം.

അതേ സമയം ഫിറ്റ്നെസ് വീണ്ടെടുത്ത താരത്തെ ഇന്ത്യ എ യില്‍ സെലക്ടര്‍മാര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദിയോദര്‍ ട്രോഫിയിലും താരം മികച്ച ഫോമിലാണ്. ഇന്ത്യയുടെ ലോകകപ്പ് പദ്ധതികളുടെ ഭാഗമാണ് താരമെന്നും പ്രസാദ് വ്യക്തമാക്കി.

ജാര്‍ഖണ്ഡിനായി കളിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത് ധോണി തന്നെ

ജാര്‍ഖണ്ഡിനായി വിജയ് ഹസാരെ ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യന്‍ മുന്‍ നായകന്‍ എംഎസ് ധോണി കളിക്കുമെന്ന് ഇന്ത്യന്‍ സെലക്ടര്‍ എംഎസ്കെ പ്രസാദ് വ്യക്തമാക്കിയെങ്കിലും അത് വേണ്ടെന്ന് ധോണി തന്നെ തീരുമാനിക്കുകയായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. ധോണിയുടെ സാന്നിധ്യമില്ലാതെ ഗ്രൂപ്പ് ചാമ്പ്യന്മാരായി ടീം ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടുകയുണ്ടായി. മികച്ച സന്തുലിതാവസ്ഥയുള്ള ടീമില്‍ തന്റെ വരവോട് കൂടി ടീം ബാലന്‍സ് തെറ്റുവാന്‍ ഇടയായേക്കുമെന്ന് ധോണി പറയുകയും അതിനാല്‍ തന്നെ നോക്ക്ഔട്ട് ഘട്ടത്തില്‍ ഇനി താന്‍ ടീമിനൊപ്പം ചേരേണ്ടതില്ലെന്നും ധോണി തീരുമാനിക്കുകയായിരുന്നുവെന്ന് ജാര്‍ഖണ്ഡ് കോച്ച് രാജീവ് കുമാര്‍ അറിയിക്കുകയായിരുന്നു.

മഹാരാഷ്ട്രയ്ക്കെതിരെ ഒക്ടോബര്‍ 15നാണ് ജാര്‍ഖണ്ഡിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം. ഇന്ത്യയ്ക്കായി ബാറ്റ് ചെയ്യുവാന്‍ യഥേഷ്ടം അവസരം ലഭിക്കാത്ത ധോണിയ്ക്ക് തന്റെ ബാറ്റിംഗ് മെച്ചപ്പെടുത്തുവാനായി വിജയ് ഹസാരെ മത്സരങ്ങള്‍ ഉപയോഗപ്പെടുത്താമെന്നായിരുന്നു കണക്ക് കൂട്ടല്‍. എന്നാല്‍ ടീമിന്റെ മെച്ചത്തിനു വേണ്ടി തന്റെ വ്യക്തിഗത ആവശ്യങ്ങളെ ധോണി മാറ്റി വയ്ക്കുകയായിരുന്നു.

പന്ത് ഒരു ബാറ്റ്സ്മാനായി മികച്ച് നിന്നു, കീപ്പിംഗ് ഇനിയും ഏറെ മെച്ചപ്പെടാനുണ്ട്

ഋഷഭ് പന്തിന്റെ ഇംഗ്ലണ്ട് പ്രകടനത്തെക്കുറിച്ച് മുഖ്യ സെലക്ടര്‍ എംഎസ്‍കെ പ്രസാദിന്റെ അഭിപ്രായം ഇപ്രകാരം. ഒരു ബാറ്റ്സ്മാനെന്ന നിലയില്‍ പന്ത് മികച്ച് നിന്നുവെങ്കിലും കീപ്പിംഗില്‍ താരം ഇനിയും ഏറെ മെച്ചപ്പെടാനുണ്ടെന്നാണ് പ്രസാദ് പറഞ്ഞത്. 20 വയസ്സുകാരന്‍ ഋഷഭ് പന്തിനു പ്രത്യേകം പരിശീലന മോഡ്യൂള്‍ സൃഷ്ടിച്ച് താരത്തിന്റെ കീപ്പിംഗ് കഴിവുകള്‍ മെച്ചപ്പെടുത്തേണ്ടതായുണ്ടെന്ന് പ്രസാദ് അഭിപ്രായപ്പെട്ടു. സ്പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പിംഗ് കോച്ചിന്റെ സേവനം ഇതിനായി ഉപയോഗിക്കണമെന്നും പ്രസാദ് അഭിപ്രായപ്പെട്ടു.

ഓവലില്‍ ഇന്ത്യ തോറ്റുവെങ്കിലും പന്ത് ശതകം നേടി ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തിരുന്നു. എന്നാല്‍ പരമ്പരയിലെ താരത്തിന്റെ കീപ്പിംഗ് ശരാശരിയ്ക്കും താഴെയായിരുന്നു. താരം കീപ്പ് ചെയ്ത ആറ് ഇന്നിംഗ്സുകളിലായി വളരെയേറെ ബൈ റണ്ണുകള്‍ പന്ത് വഴങ്ങിയിരുന്നു. താരത്തിന്റെ ബാറ്റിംഗ് കഴിവും പേടിയില്ലാതെ ബാറ്റ് വീശുന്നതും തന്നെ ഏറെ ആകര്‍ഷിച്ചുവെന്ന് പറഞ്ഞ പ്രസാദ് എന്നാല്‍ താരം വിക്കറ്റ് കീപ്പിംഗ് മെച്ചപ്പെടുത്തേണ്ടത് ആവശ്യമാണെന്ന് അഭിപ്രായപ്പെട്ടു.

Exit mobile version