വീണ്ടും തലയുടെ വിളയാട്ടം!!! ചെന്നൈയ്ക്ക് 176 റൺസ്

ഒരു ഘട്ടത്തിൽ 150 റൺസ് പോലും കടക്കില്ലെന്ന തോന്നിപ്പിച്ച ചെന്നൈയെ 176/6 എന്ന പൊരുതാവുന്ന സ്കോറിലെത്തിച്ച് എംഎസ് ധോണി. ഏഴാം വിക്കറ്റിൽ ജഡേജയെ കാഴ്ചക്കാരനായി ധോണി മിന്നി തിളങ്ങിയപ്പോള്‍ ചെന്നൈ 13 പന്തിൽ നിന്ന് 35 റൺസാണ് നേടിയത്. ഇതിൽ 28 റൺസാണ് ധോണി 9 പന്തിൽ നിന്ന് നേടിയത്. ജഡേജ 40 പന്തിൽ 57 റൺസുമായി പുറത്താകാതെ നിന്നു. 36 റൺസ് നേടി അജിങ്ക്യ രഹാനെയും 30 റൺസ് നേടിയ മോയിന്‍ അലിയുമാണ് മറ്റു പ്രധാന സ്കോറര്‍മാര്‍.

രണ്ടാം ഓവറിൽ രച്ചിന്‍ രവീന്ദ്രയെ നഷ്ടമായ ചെന്നൈയ്ക്ക് ക്യാപ്റ്റന്‍ റുതുരാജ് ഗായക്വാഡിനെ നഷ്ടമാകുമ്പോള്‍ സ്കോര്‍ ബോര്‍ഡിൽ 33 റൺസായിരുന്നു. മികച്ച ടച്ചിലാണെന്ന് തോന്നിപ്പിച്ച ഗായക്വാഡ് 13 പന്തിൽ 17 റൺസ് നേടിയാണ് പുറത്തായത്. അജിങ്ക്യ രഹാനെയ്ക്ക് കൂട്ടായി ബാറ്റിംഗ് ഓര്‍ഡറിൽ സ്ഥാനക്കയറ്റം ലഭിച്ച് എത്തിയ ജഡേജ നിലയുറപ്പിച്ച് കളിച്ചപ്പോള്‍ മൂന്നാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് 35 റൺസാണ് നേടിയത്.

24 പന്തിൽ 36 റൺസ് നേടിയ രഹാനെയെ ക്രുണാൽ പാണ്ഡ്യ പുറത്താക്കിയപ്പോള്‍ അപകടകാരിയായ ശിവം ഡുബേയെ സ്റ്റോയിനിസ് മടക്കിയയച്ചു. സമീര്‍ റിസ്വിയെ ക്രുണാൽ പുറത്താക്കിയപ്പോള്‍ ചെന്നൈ 90/5 എന്ന നിലയിലേക്ക് വീണു.

ആറാം വിക്കറ്റിൽ ജഡേജ -മോയിന്‍ സഖ്യം നേടിയ 51 റൺസാണ് ടീമിനെ മാന്യമായ സ്കോറിലേക്ക് എത്തുവാനുള്ള അടിത്തറ പാകിയത്. ഒരു ഘട്ടത്തിൽ 150 പോലും കടക്കില്ലെന്ന് കരുതിയ സ്ഥിതിയിൽ നിന്ന് 33 പന്തിൽ 51 റൺസ് നേടിയാണ് ഈ കൂട്ടുകെട്ട് ചെന്നൈയെ മുന്നോട്ട് നയിച്ചത്.

രവി ബിഷ്ണോയിയെ ഹാട്രിക്ക് സിക്സുകള്‍ക്ക് പായിച്ച് മോയിന്‍ അലി പുറത്തായപ്പോളാണ് ഈ കൂട്ടുകെട്ട് തകര്‍ന്നത്. 20 പന്തിൽ 30 റൺസാണ് മോയിന്‍ അലി നേടിയത്. എംഎസ് ധോണി കളത്തിലെത്തിയപ്പോള്‍ ചെന്നൈയെ താരം മുന്നോട്ട് നയിക്കുകയായിരുന്നു. മൂന്ന് ഫോറും രണ്ട് സിക്സും അടക്കം ധോണി 9 പന്തിൽ 29 റൺസ് നേടിയപ്പോള്‍ ചെന്നൈ 6 വിക്കറ്റ് നഷ്ടത്തിൽ 176 റൺസാണ് നേടിയത്.

 

ധോണിയെ ലോകകപ്പ് സ്ക്വാഡിലേക്ക് വരാൻ സമ്മതിപ്പിക്കുക പ്രയാസമായിരിക്കും എന്ന് രോഹിത് ശർമ്മ

ഈ ഐ പി എല്ലിൽ ഗംഭീര ഫോമിൽ കളിക്കുന്ന ധോണിയെ ടി20 ലോകകപ്പ് സ്ക്വാഡിലേക്ക് വരാൻ സമ്മതിപ്പിക്കാൻ പാടാണെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. യൂട്യൂബ് ചാനലായ Club Prairie Fire-ൽ സംസാരിക്കവെ ആണ് രോഹിത് നർമ്മത്തിൽ ധോണിയെ കുറിച്ച് സംസാരിച്ചത്. മികച്ച ഫോമിൽ ഉള്ള ധോണിയെയും ദിനേഷ് കാർത്തികിനെയും ടി20 ലോകകപ്പിൽ വിക്കറ്റ് കീപ്പറായി അമേരിക്കയിലേക്ക് കൊണ്ടു പോകുമോ എന്ന ഗിൽക്രിസ്റ്റിന്റെ ചോദ്യത്തിന് മറുപടി പറയുക ആയിരുന്നു രോഹിത് ശർമ്മ.

ധോണിയെ അമേരിക്കയിലേക്ക് വരാൻ സമ്മതിപ്പിക്കുക പ്രയാസമായിരിക്കും എന്ന് രോഹിത് പറഞ്ഞു. ധോണി മുംബൈ ഇന്ത്യൻസിന് എതിരെ കളിച്ച ഇന്നിംഗ്സ് അവിശ്വസനീയമായിരുന്നു. വെറും നാല് പന്ത് മാത്രം വാറ്റു ചെയ്ത് കളിയിൽ വലിയ സ്വാധീനം ചെലുത്താ‌ അദ്ദേഹത്തിനായി. രോഹിത് ശർമ്മ പറഞ്ഞു.


എന്നാൽ ധോണിയെ ലോകകപ്പിനു കൊണ്ടുപോകാൻ സമ്മതിപ്പിക്കുക പ്രയാസമാകും എന്ന് രോഹിത് പറഞ്ഞു. ധോണി അമേരിക്കയിലേക്ക് വരും എന്നും അത് അദ്ദേഹത്തിന്റെ പുതിയ താല്പര്യമായ ഗോൾഫ് കളിക്കാൻ ആയിരിക്കും എന്നു. രോഹിത് പറഞ്ഞു.

ദിനേഷ് കാർത്തികിന്റെ ഫോമൊനെയും രോഹിത് പ്രശംസിച്ചു. കാർത്തികിന്റെ അവസാന രണ്ട് ഇന്നിംഗ്സുകൾ അവിസ്മരണീയമായിരുന്നു എന്ന് രോഹിത് പറഞ്ഞു.

ധോണി സിക്സ് അടിക്കാൻ വേണ്ടി ഹാർദിക് മനഃപൂർവം മോശം പന്തുകൾ എറിഞ്ഞു എന്ന് ഗവാസ്കർ

ധോണിയിൽ നിന്ന് സിക്സ് വാങ്ങണം എന്ന് ആഗ്രഹിക്കുന്നത് പോലെയാണ് ഹാർദിക് പാണ്ഡ്യ ബൗൾ ചെയ്തത് എന്ന് സുനിൽ ഗവാക്സർ. ധോണിക്ക് എതിരായ ഹാർദികിന്റെ ബൗളിംഗിനെ വിമർശിക്കുക ആയിരുന്നു സുനിൽ ഗവാസ്കർ. ഹാർദിക് അവസാന ഓവറിൽ ധോണിക്ക് എതിരെ ബൗൾ ചെയ്ത് 4 പന്തിൽ 20 റൺസ് വഴങ്ങിയിരുന്നു.

തൻ്റെ പ്രിയപ്പെട്ട സീനിയറിന് ഹാർദിക് മനഃപൂർവം മോശം പന്തുകൾ എറിഞ്ഞതായി തോന്നുന്നുവെന്ന് ഗവാസ്‌കർ പ്രകോപിതനായി പറഞ്ഞു.

“ഒരുപക്ഷേ, വളരെക്കാലമായി ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മോശം തരത്തിലുള്ള ബൗളിംഗ് ആണ് ഹാർദികിൽ നിന്ന് കണ്ടത്. എൻ്റെ ഹീറോയ്ക്ക് സഹായകമാകുന്ന ബൗൾ ചെയ്യാം എന്ന രീതിയിൽ അദ്ദേഹം ബൗൾ ചെയ്തതായി എനിക്ക് തോന്നുന്നു.” ഗവാസ്കർ പറഞ്ഞു.

“അവൻ സിക്‌സറുകൾ അടിക്കാൻ പറ്റുന്ന തരത്തിലുള്ള ഡെലിവറികൾ ആണ് ഹാർദിക് എറിഞ്ഞു കൊടുത്തത്. ഒരു 6 ആണെങ്കിൽ ശരി. ഇത് മൂന്നെണ്ണമാണ്. തികച്ചും മോശം ബൗളിംഗും, മോശം ക്യാപ്റ്റൻസിയും” ഗാവസ്‌കർ പറഞ്ഞു.

ധോണിയുടെ വാക്കുകൾ ആണ് തനിക്ക് ആത്മവിശ്വാസം നൽകിയത് എന്ന് പതിരണ

മുംബൈ ഇന്ത്യൻസിന് എതിരെ ചെന്നൈ സൂപ്പർ കിംഗ്സിന്റെ വിജയശില്പിയായ പതിരണ ധോണിയുടെ വാക്കുകൾ ആണ് മുംബൈ ഇന്ത്യൻസിന് എതിരെ തനിക്ക് സഹായമായത് എന്ന് പറഞ്ഞു. മുംബൈക്ക് എതിരെ നാലു വിക്കറ്റു വീഴ്ത്തി പ്ലയർ ഓഫ് ദി മാച്ച് ആകാൻ പതിരണയ്ക്ക് ആയിരുന്നു.

“പവർപ്ലേയിൽ പന്തെറിയുമ്പോൾ, ഞാൻ വളരെ ടെൻഷനിൽ ആയിരുന്നു. അപ്പോൾ ധോണി ഭായ് പറഞ്ഞ വാക്കുകൾ തനിക്ക് സഹായകമായി. ധോണി തന്നോട് ശാന്തനായി നിൽക്കാനും ഞാൻ സ്ഥിരം പന്തുകൊണ്ട് ചെയ്യുന്ന കാര്യം ചെയ്യാനും പറഞ്ഞു. ഇതാണ് എനിക്ക് ആത്മവിശ്വാസം നൽകിയത്.” പതിരണ പറഞ്ഞു.

“പന്ത് എറിയുമ്പോൾ ആ പന്തിന്റെ ഫലം എന്താകും എന്നതിനെ കുറിച്ച് ഞാൻ അധികം ചിന്തിക്കാറില്ല, എൻ്റെ എക്സിക്യൂഷൻ ശരിയാക്കാൻ ആണ് താൻ നോക്കാറ്. അത് നന്നായാൽ എനിക്ക് എൻ്റെ പ്രതിഫലം ലഭിക്കും.” പതിരണ പറഞ്ഞു.

ധോണിയുടെ 3 സിക്സുകൾ ആണ് 2 ടീമും തമ്മിലുള്ള വ്യത്യാസം ആയത് എന്ന് റുതുരാജ്

ഇന്ന് മുംബൈ ഇന്ത്യൻസിന് എതിരെ നിർണായകമായത് എം എസ് ധോണിയുടെ ഇന്നിങ്സ് ആണ് എന്ന് ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റൻ റുതുരാജ്. ഇന്ന് മുംബൈ ഇന്ത്യൻസിന് എതിരെ അവസാനം ഇറങ്ങിയ ധോണി 4 പന്തിൽ നിന്ന് 20 റൺസ് എടുത്തിരുന്നു. ഹാർദികിനെ ഹാട്രിക്ക് സിക്സ് ആണ് ധോണി അടിച്ചത്. അവസാനം 20 റൺസിന്റെ വിജയം തന്നെയാണ് സി എസ് കെ സ്വന്തമാക്കിയതും.

ഇന്ന് മത്സര ശേഷം സംസാരിച്ച റുതുരാജ് തങ്ങളുടെ യുവ വിക്കറ്റ് കീപ്പർ വന്ന് ഹാട്രിക്ക് സിക്സ് അടിച്ചതാണ് കളിയിൽ നിർണായകമായത് എന്ന് ധോണിയെ കുറിച്ച് പറഞ്ഞു. “ഞങ്ങളുടെ യുവകീപ്പർ വന്ന് 3 സിക്സുകൾ തുടർച്ചയായി അടിച്ചു. മത്സരത്തിന്റെ അവസാനം അതു തന്നെയായി കളിയിലെ ഇരു ടീമുകളും തമ്മിലുള്ള വ്യത്യാസം” റുതുരാജ് പറഞ്ഞു.

ബുമ്ര നന്നയി ബൗൾ ചെയ്തിട്ടും 200നു മുകളിൽ സ്കോർ കണ്ടെത്താൻ ഞങ്ങൾക്ക് ആയത് രണ്ടാം ഇന്നിങ്സിൽ സ്കോർ ഡിഫൻഡ് ചെയ്യാൻ ആത്മവിശ്വാസം നൽകി എന്നും റുതുരാജ് പറഞ്ഞു.

ഹാർദികിനെ ഹാട്രിക്ക് സിക്സ് പറത്തി ധോണിയുടെ വിഷു വെടിക്കെട്ട്!!

ഇത് ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ ആഗ്രഹിച്ച രാത്രിയായി മാറി. ധോണി ആരാധകർക്ക് ഒരു സ്വപ്ന രാത്രിയും. ഇന്ന് മത്സരത്തിന്റെ ഇരുപതാം ഓവറിൽ കളത്തിലിറങ്ങിയ ധോണി നാലു പന്ത് കൊണ്ട് ഒരു വിരുന്നു തന്നെയാണ് ക്രിക്കറ്റ് പ്രേമികൾക്ക് ഒരുക്കിയത്. ഡാരി മിച്ചൽ പുറത്തായപ്പോൾ ആയിരുന്നു ധോണി വന്നത്.

ധോണി വരുമ്പോൾ നാല് പന്തുകൾ മാത്രമായിരുന്നു ബാക്കി. ബൗൾ ചെയ്യുന്നത് മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റനായ ഹാർദിക് പാണ്ഡ്യ. മുംബൈയിൽ വെച്ച് അവരുടെ ക്യാപ്റ്റനെ ധോണി ആകാശത്തേക്ക് പറത്തി. നേരിട്ട ആദ്യ പന്ത് തന്നെ ഒരു പടുകൂറ്റൻ സിക്സ്. അതുതന്നെ മതിയായിരുന്നു ആരാധകർക്ക് മനസ്സ് നിറയാൻ. രണ്ടാം പന്തിലും ധോണി സിക്സ് ആവർത്തിച്ചു. ആദ്യ പന്ത് ലോങ്ങ് ഓഫിലൂടെ ആണെങ്കിൽ രണ്ടാമത്തെ സ്ലോട്ടിൽ വന്ന പന്ത് വൈഡ് ലോങ്ങ് ഓണിലൂടെ ധോണി സിക്സ് പറത്തി. ഹാർദിക് പതറിയ നിമിഷം.

അടുത്തത് ഒരു ഫുൾട്ടോസായിരുന്നു. ഡീപ്പ് സ്ക്വയർ ലെഗ്ഗിലേക്ക് ഒരു ഫ്ലിക്കിലൂടെ മൂന്നാം സിക്സ്. 200 കടക്കില്ല എന്ന് തോന്നിയ ചെന്നൈ സൂപ്പർ സെക്സ് 200 കടന്നു. അവസാന പന്ത് ഒരു സ്ലോ ബോൾ ആയിരുന്നു. ധോണി ആഞ്ഞടിക്കാൻ ശ്രമിച്ചു എങ്കിലും ഒരു ഇൻസൈഡ് എഡ്ജ് ആയി പുറകിലേക്ക് പോയി‌. ഡബിൾ എടുത്തു.

4 പന്തിൽ 20 റൺസുമായി ധോണിയുടെ ഗംഭീര കാമിയോ‌. വാങ്കെഡെ സ്റ്റേഡിയത്തിലും ലോകത്തെമ്പാടും ധോണിയെ കാണാൻ വേണ്ടിയിരുന്ന ക്രിക്കറ്റ് പ്രേമികൾക്ക് സന്തോഷം നൽകിയ 4 പന്തുകൾ.

ദുബേയുടെ ബ്രൂട്ടൽ പവര്‍!!! അവസാന ഓവറിൽ ധോണിയുടെ സിക്സടി മേളം, കണക്കിന് വാങ്ങി മുംബൈ ബൗളിംഗ്

ഐപിഎലിലെ എൽക്ലാസ്സിക്കോയിൽ മുംബൈ ഇന്ത്യന്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് വമ്പന്‍ സ്കോര്‍. ശിവം ദുബേയുടെ താണ്ഡവത്തിന് ശേഷം അവസാന ഓവറിൽ എംഎസ് ധോണി ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്കെതിരെ നാല് പന്തിൽ മൂന്ന് സിക്സുമായി അവതരിച്ചപ്പോള്‍ 4 വിക്കറ്റ് നഷ്ടത്തിൽ 206 എന്ന പടുകൂറ്റന്‍ സ്കോറാണ് ചെന്നൈ നേടിയത്. ദുബേ 38 പന്തിൽ 66 റൺസ് നേടിയപ്പോള്‍ ധോണി 4 പന്തിൽ 20 റൺസാണ് നേടിയത്.

ഇന്ന് ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ചെന്നൈ അജിങ്ക്യ രഹാനെയെയാണ് ഓപ്പണിംഗിൽ പരീക്ഷിച്ചത്. താരം വേഗത്തിൽ പുറത്തായ ശേഷം രച്ചിന്‍ രവീന്ദ്ര റുതുരാജ് ഗായ്ക്വാഡ് കൂട്ടുകെട്ട് 52 റൺസ് കൂട്ടിചേര്‍ത്ത ശേഷം 16 പന്തിൽ 21 റൺസ് നേടിയ രവീന്ദ്രയുടെ വിക്കറ്റ് ടീമിന് നഷ്ടമായി.

പിന്നീട് ശിവം ദുബേയുടെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം ആണ് വാങ്കഡേയിൽ കണ്ടത്. 90 റൺസിന്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് ചെന്നൈ നേടിയപ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യ റുതുരാജിനെ പുറത്താക്കി കൂട്ടുകെട്ട് തകര്‍ക്കുകയായിരുന്നു. 40 പന്തിൽ 69 റൺസാണ് റുതുരാജ് നേടിയത്. മറുവശത്ത് മുംബൈ ബൗളര്‍മാരെ കണക്കിന് പ്രഹരമേല്പിച്ച് ശിവം ദുബേ താണ്ഡവമാടുകയായിരുന്നു.

അവസാന ഓവറിൽ ധോണിയുടെ ഹാട്രിക്ക് സിക്സ് കൂടിയായപ്പോള്‍ ചെന്നൈ ഇരുനൂറ് കടന്നു. അവസാന ഓവറിൽ നിന്ന് 26 റൺസാണ് വന്നത്.

അട മ്വോനെ!! ധോണിയുടെ പിൻഗാമി സഞ്ജു ആണെന്ന പ്രശംസ നേടിയ നോ ലുക്ക് റണ്ണൗട്ട്

ഇന്നലെ സഞ്ജു സാംസണും രാജസ്ഥാനും ഫീൽഡിൽ 100% നല്ല രാത്രി ആയിരുന്നില്ല. എന്നാലും ലിവിംഗ്സ്റ്റണെ റണ്ണൗട്ട് ആക്കിയ നിമിഷം സഞ്ജുവിന്റെ കീപ്പർ എന്നുള്ള ടാലന്റ് എല്ലാവരും കണ്ടു. ഇതിഹാസ താരം എം എസ് ധോണിയെ ഓർമ്മിപ്പിക്കുന്ന രീതിയിൽ ആയിരുന്നു സഞ്ജു ലിവിങ്സ്റ്റണെ റണ്ണൗട്ട് ആക്കിയത്.

അരങ്ങേറ്റക്കാരൻ തനുഷ് കോട്ടിയൻ എറിഞ്ഞ ത്രോ വിക്കറ്റിൽ നിന്ന് ഏറെ ദൂരെ ആയിരുന്നു വന്നത്, സാംസൺ അത് കൈക്കലാക്കി വിക്കറ്റ് എവിടെയാണെന്ന് പോലും നോക്കാതെ ഡൈവ് ചെയ്ത് കൊണ്ട് വിക്കറ്റിലേക്ക് എറിഞ്ഞ് റണ്ണൗട്ട് ആക്കുക ആയിരുന്നു.

പഞ്ചാബ് കിംഗ്സിനെ 147 ൽ ഒതുക്കാൻ ഈ റണ്ണൗട്ട് കാരണമായി. ധോണിയുടെ പിൻഗാമി സഞ്ജു തന്നെ എന്നാണ് ഈ റണ്ണൗട്ട് കണ്ട ക്രിക്കറ്റ് പ്രേമികൾ ഇന്റർനെറ്റിൽ കുറിക്കുന്നത്. ബാറ്റിംഗിലും വിക്കറ്റ് കീപ്പിങിലും ശാന്തതയോടെ നിൽക്കുന്ന സഞ്ജു എല്ലാ മേഖലയിലും ധോണിയെ പോലെ ആണെന്നാണ് ക്രിക്കറ്റ് ആരാധകർ പറയുന്നത്‌.

രോഹിത് CSK-യുടെ ക്യാപ്റ്റൻ ആകണം എന്ന് വോൺ

രോഹിത് ശർമ്മ ഐപിഎൽ 2025ൽ ചെന്നൈയ്ക്ക് വേണ്ടി കളിക്കുമെന്ന് തനിക്ക് തോന്നുന്നുണ്ടെന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കിൾ വോൺ. റുതുരാജ് ഗെയ്‌ക്‌വാദ് ഈ സീസൺ മാത്രമെ ചെന്നൈയുടെ ക്യാപ്റ്റൻ ആയി ഉണ്ടാകൂ എന്നാണ് താൻ കരുതുന്നത് എന്നും വോൺ പറഞ്ഞു. 2025ലെ മെഗാ ലേലത്തിൽ രോഹിത് ചെന്നൈയിലേക്ക് എത്തും എന്നും അദ്ദേഹം പറഞ്ഞു.

“എംഎസ് ധോണിക്ക് പകരം അദ്ദേഹം ചെന്നൈയിലേക്ക് പോകുമെന്ന് ഞാൻ കരുതുന്നു. ഈ വർഷം ഗെയ്‌ക്‌വാദ് ക്യാപ്റ്റൻ ആണ്. ഇത് വെറും ഹോൾഡിംഗ് ജോലിയാണെന്ന് കരുതുന്നു‌ അടുത്ത വർഷം രോഹിത് ആകാം ക്യാപ്റ്റൻ” വോൺ പറഞ്ഞു.

“ഞാൻ അവനെ ചെന്നൈയിൽ കാണുന്നു, ചെന്നൈയുടെ ക്യാപ്റ്റനായി മുംബൈയിൽ വന്നാൽ, ആരാധകർ രോഹിതിനെയും കൂവുമോ” വോൺ ചോദിച്ചു.

“ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റൻ ആണ് ധോണി, 3 ICC കിരീടം നേടാൻ വേറെ ആർക്കും ആകില്ല” ഗംഭീർ

മുൻ ഇന്ത്യൻ ഓപ്പണറും നൈറ്റ് റൈഡേഴ്‌സിൻ്റെ മെൻ്ററുമായ ഗൗതം ഗംഭീർ എംഎസ് ധോണി ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റൻ ആണ് എന്ന് പറഞ്ഞു. ഇന്ന് ഐ പി എല്ലിൽ ഗംഭീറിന്റെ കെ കെ ആർ ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടാൻ ഇരിക്കുകയാണ്.അതിനു മുന്നോടിയായി സ്റ്റാർ സ്പോർട്സിനോട് സംസാരിക്കുക ആയിരുന്നു ഗംഭീർ.

“വ്യക്തമായും, ഇന്ത്യ കണ്ട ഏറ്റവും വിജയകരമായ ക്യാപ്റ്റനാണ് എംഎസ്. 3 ഐസിസി ട്രോഫികൾ നേടി ആർക്കും ആ നിലയിലെത്താൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല. ടെസ്റ്റ് മത്സരങ്ങളും വിദേശത്ത് പരമ്പരയും ആർക്കും നേടാം. പക്ഷെ ഐ സി സി ട്രോഫി എളുപ്പമല്ല” ഗംഭീർ സ്റ്റാർ സ്‌പോർട്‌സിനോട് പറഞ്ഞു.

” ഐ പി എല്ലിലും അദ്ദേയം വിജയം ആസ്വദിച്ചു, എംഎസ് എപ്പോഴും ടാക്റ്റികലായി ചിന്തിക്കുന്ന ആളാണ്‌. അവൻ ടാക്റ്റിക്കലി വളരെ മികച്ച കളിക്കാരനാണ്. സ്പിന്നർമാരെ എങ്ങനെ നിയന്ത്രിക്കാമെന്നും അവർക്കെതിരെ എങ്ങനെ ഫീൽഡ് എങ്ങനെ ക്രമീകരിക്കാമെന്നും ധോണിക്ക് അറിയാം. അവൻ ആറിലോ ഏഴിലോ ബാറ്റ് ചെയ്‌തു കളി ഫിനിഷും ചെയ്യും.” ഗംഭീർ പറഞ്ഞു.

“അവർക്ക് ഒരു ഓവറിൽ 20 റൺസ് വേണമെങ്കിലും എംഎസ് ധോണിക്ക് ആ കളി ഫിനിഷ് ചെയ്യാൻ കഴിയും. ചെന്നൈ അത്തരത്തിലുള്ള ഒരു ടീമാണ്, അവസാന പന്ത് എറിയുന്നത് വരെ നിങ്ങൾ വിജയിക്കില്ലെന്ന് നിങ്ങൾക്കറിയാം,” ഗംഭീർ പറഞ്ഞു

ധോണി ഗ്രൗണ്ടിൽ ഇറങ്ങിയപ്പോൾ ഞെട്ടി, ഇത്രയും ശബ്ദം ഒരു ഗ്രൗണ്ടിലും കേട്ടിട്ടില്ല എന്ന് പാറ്റ് കമ്മിൻസ്

സൺ റൈസേഴ്സിന് എതിരായ മത്സരത്തിൽ ധോണി ബാറ്റ് ചെയ്യാൻ ഇറങ്ങിയപ്പോൾ താൻ ഞെട്ടിയെന്ന് ഓസ്ട്രേലിയ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്. രാജീവ് ഗാന്ധി ഇൻ്റർനാഷണൽ സ്റ്റേഡിയത്തിലെ തിങ്ങിനിറഞ്ഞ ആരാധകർ എംഎസ് ധോണി ഇറങ്ങിയപ്പോൾ വലിയ ആരവം മുഴക്കിയിരുന്നു.

42 കാരനായ ധോണി 19-ാം ഓവറിൽ ആയിരുന്നു ബാറ്റ് ചെയ്യാൻ ഇറങ്ങിയത്. 2 പന്തിൽ 1 റൺസ് മാത്രമാണ് അദ്ദേഹം നേടിയതെങ്കിലും, മുൻ ഇന്ത്യൻ ക്യാപ്റ്റന് വൻ വരവേൽപ്പാണ് ആരാധകർ നൽകിയത്.

“ഇന്ന് രാത്രി ജനക്കൂട്ടം എംഎസ് ബാറ്റിന് ഇറങ്ങിയപ്പൊൾ അമ്പരപ്പിക്കുന്ന രീതിയിലാണ് പെരുമാറിയത്, ഞാൻ ഇതുവരെ ഒരു ഗ്രൗണ്ടിലും കേട്ടിട്ടില്ലാത്തത്ര ഉച്ചത്തിലായിരുന്നു അവരുടെ ആരവങ്ങൾ,” കമ്മിൻസ് മത്സരത്തിന് ശേഷമുള്ള അവതരണ ചടങ്ങിൽ പറഞ്ഞു. ഇന്ന് കൂടുതൽ മഞ്ഞ ജേഴ്സി അണിഞ്ഞ ആരാധകർ ആയിരുന്നു എങ്കിലും അടുത്ത മത്സരം മുതൽ ഹൈദരബാദിൽ ഓറഞ്ച് ജേഴ്സികൾ കൂടുതലായി കാണാൻ ആഗ്രഹിക്കുന്നു എന്നും കമ്മിൻസ് പറഞ്ഞു.

ധോണിക്ക് 42 വയസ്സായി എന്ന് വിശ്വസിക്കാൻ ആകുന്നില്ല എന്ന് ശ്രീകാന്ത്

ഇന്നലെ എം എസ് ധോണി നടത്തിയ പ്രകടനം തന്നെ അതിശയിപ്പിച്ചു എന്ന് മുൻ ഇന്ത്യൻ താരം ശ്രീകാന്ത്. ധോണിക്ക് 42 വയസ്സായി എന്ന് വിശ്വസിക്കാൻ ആകുന്നില്ല എന്നും ധോണി ഇനിയും 2 സീസൺ എങ്കിലും ഐ പി എൽ കളിക്കും എന്നാണ് വിശ്വാസം എന്നും ശ്രീകാന്ത് പറഞ്ഞു.

” ഒരു എംഎസ് ധോണി ആരാധകൻ എന്ന നിലയിൽ, ഞാൻ വളരെ സന്തോഷവാനാണ്,42-ാം വയസ്സിൽ, ഒരാൾ ഇങ്ങനെ അടിക്കുന്നു, അവൻ പോയിൻ്റിന് മുകളിലൂടെ സിക്‌സറുകൾ അടിക്കുന്നു, അവൻ മിഡ് വിക്കറ്റ് സ്റ്റാൻഡിലേക്ക് ഒരു കൈകൊണ്ട് സിക്‌സ് അടിക്കുന്നു. ധോണി ഡെൽഹി ബൗളിംഗിനെ കീറിമുറിച്ചു.” ശ്രീകാന്ത് പറഞ്ഞു.

“ധോണിയുടെ ബാറ്റിംഗ് സെൻസേഷണൽ ആയിരുന്നു. CSK തോറ്റു. പക്ഷേ, ഇത് CSK ആരാധകരുടെ ധാർമ്മിക വിജയമായിരുന്നു, കാരണം എല്ലാവരും ധോണി ബാറ്റ് ചെയ്യുന്നത് കാണാനുള്ള അവസരത്തിനായി കാത്തിരിക്കുകയായിരുന്നു.” അദ്ദേഹം പറഞ്ഞു.

“കീപ്പിങ്ങിൻ്റെ കാര്യത്തിൽ, അദ്ദേഹം ഇപ്പോഴും ഏറ്റവും മികച്ച ഇന്ത്യൻ കീപ്പറാണ്. നമ്പർ 1 ധോണിയാണ്, നമ്പർ 2 വൃദ്ധിമാൻ സാഹയാണ്, ധോണി നന്നായി കീപ്പ് ചെയ്യുന്നു, നന്നായി ബാറ്റ് ചെയ്യുന്നു, നന്നായി വിക്കറ്റുകൾക്കിടയിൽ ഓടുന്നു, അയാൾക്ക് 42 വയസ്സുണ്ടോ?, അവൻ 2 വർഷം കൂടി IPL കളിക്കുമെന്ന് ഞാൻ കരുതുന്നു.”ശ്രീകാന്ത് പറഞ്ഞു.

Exit mobile version