മഹേന്ദ്ര സിംഗ് ധോണിയെ ആരാധകർ എത്ര സ്നേഹിക്കുന്നു എന്നും ആരാധകരെ ധോണിയെത്ര സ്നേഹിക്കുന്നു എന്നതിലും ഒരു തർക്കവും ആർക്കും ഇല്ല. ഈ സീസണിലെ ധോണിയുടെ പ്രകടനങ്ങൾ അതിനുദാഹരണമാണ്. ധോണിയെ കാണാനാണ് കളി കാണുന്നതിനേക്കാൾ ആളുകൾ പ്രാധാന്യം കൊടുക്കുന്നത് എന്ന് ചെന്നൈ സൂപ്പർ കിംഗ്സിന്റെ മത്സരം കണ്ടാൽ തോന്നും. അവർക്ക് വിക്കറ്റ് പോയതിന്റെ നിരാശയെക്കാൾ ധോണി ഗ്രൗണ്ടിലേക്ക് വരുന്നതിന്റെ ആഘോഷമാണ്. ഏത് സ്റ്റേഡിയവും മഞ്ഞക്കടലാകുന്നത് ഈ ധോണി സ്നേഹം കൊണ്ടു തന്നെയാണ്.

ധോണി ഈ സീസണിൽ ബാറ്റു ചെയ്യാൻ ഇറങ്ങിയപ്പോൾ എല്ലാം ആരാധകരെ സന്തോഷിപ്പിക്കുകയും ചെയ്തു. ഇന്നും അത്തരത്തിൽ ഒരു ഇന്നിംഗ്സ് ആണ് കാണാനായത്. 11 പന്തിൽ പുറത്താകാതെ 26 റൺസ്. കൂറ്റൻ സിക്സുകൾ ഒക്കെ നന്നായി ആരാധകർക്ക് ആസ്വദിക്കാൻ കഴിഞ്ഞു. ആരാധകർക്ക് ഈ അടികൾ ഒരു വിരുന്നാണ് എങ്കിലും ടീമിന് ധോണിയുടെ ഇന്നിംഗ്സുകൾ എങ്ങനെ സഹായമാകുന്നു എന്നത് ഒരു വലിയ ചോദ്യമാണ്.
ധോണി ഇറങ്ങാൻ വൈകുന്നത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ ബാറ്റിംഗ് പലപ്പോഴും കളിയിൽ ഒരു ഇമ്പാക്റ്റും ഇല്ലാതെ ബാറ്റിംഗ് ആയി മാറുകയാണ്. ധോണി കളത്തിൽ ഇറങ്ങും മുമ്പ് തന്നെ പലപ്പോഴും ചെന്നൈ സൂപ്പർ കിംഗ്സ് പരാജയം സമ്മതിച്ചു കഴിഞ്ഞ അവസ്ഥയിലായിരുന്നു. ഇന്നും അങ്ങനെ ഒരു ദിവസമായിരുന്നു. ധോണി നേരത്തെ ഇറങ്ങി കുറച്ച് കൂടെ അധികനേരം ബാറ്റു ചെയ്തിരുന്നെങ്കിൽ ചിലപ്പോൾ ചെന്നൈ എത്തിപ്പിടിച്ചേക്കാം എന്ന് തോന്നുന്ന ഒരു മത്സരമായിരുന്നു ഇന്ന് നടന്നത്.

എന്നാൽ ധോണി ഇറങ്ങാൻ വൈകിയത് കൊണ്ട് തന്നെ തോണി ഇറങ്ങുമ്പോൾ വിജയലക്ഷ്യം വളരെ വളരെ ദൂരത്തായിരുന്നു. ധോണിയുടെ ആരോഗ്യപ്രശ്നങ്ങളാണ് ധോണി അധിക നേരം ചെയ്യാത്തതിന് കാരണം എന്ന് കഴിഞ്ഞദിവസം ഫ്ലമിംഗ് പറഞ്ഞിരുന്നു. എന്നാൽ 20 ഓവർ കീപ്പ് ചെയ്യുന്ന ധോണി ഒരു രണ്ടു ഓവർ അധികം ബാറ്റു ചെയ്താൽ എന്താണ് സംഭവിക്കുക എന്ന് ആർക്കും മനസ്സിലാകുന്നില്ല.
കഴിഞ്ഞ മത്സരത്തിൽ ധോണി ഒമ്പതാമനായി ഇറങ്ങിയപ്പോഴും ഇതേ നിരാശ ക്രിക്കറ്റ് പ്രേമികൾക്കിടയിൽ ഉണ്ടായിരുന്നു. ധോണി അവസാനം ഇറങ്ങി രണ്ട് സിക്സ് അടിക്കുന്നത് കാണാനല്ല ശരിക്കും ക്രിക്കറ്റ് പ്രേമികൾ ആഗ്രഹിക്കുന്നത്. അദ്ദേഹം കുറച്ചു നേരത്തെ ഇറങ്ങി ടീമിന് സഹായമാകുന്ന ഒരു ഇന്നിംഗ്സ് കളിക്കുന്നതിലാണ്. ധോണി ആരാധകർക്ക് വേണ്ടി കളിക്കുന്നതിനിടയിൽ ടീമിനെ മറന്നുപോകുന്നോ എന്നൊരു സംശയമാണ് ഉയരുന്നത്.