ധോണിയ്ക്കൊപ്പം ഇന്നിംഗ്സ് ഫിനിഷ് ചെയ്യാനായതില്‍ സന്തോഷം: ദിനേശ് കാര്‍ത്തിക്

ധോണിയ്ക്കൊപ്പം ഏറെ കാലത്തിനു ശേഷം വീണ്ടും ഒരുമിച്ച് ബാറ്റ് ചെയ്യാനായതില്‍ ഏറെ സന്തോഷമുണ്ടെന്ന് ദിനേശ് കാര്‍ത്തിക്. ഒരു മാച്ച് ഫിനിഷ് ചെയ്ത് വിജയിച്ച ടീമിനൊപ്പം നില്‍ക്കുക എന്നത് ക്രിക്കറ്റിലെ ഏറ്റവും വലിയ പരീക്ഷണമാണ്. അതിലെ അതികായന്‍ തന്നെയാണ് ധോണിയെന്ന് കാര്‍ത്തിക് പറഞ്ഞു. ഇതുപോലെ മാച്ച് ഫിനിഷ് ചെയ്യുന്നത് ശീലമാക്കിയ ഒരു വ്യക്തിയാണ് എംഎസ്, അദ്ദേഹത്തിനൊപ്പം ടീമിന്റെ വിജയത്തില്‍ ഭാഗമാകുവാന്‍ കഴിഞ്ഞത് ഏറെ അഭിമാനം ഉയര്‍ത്തിയ മുഹൂര്‍ത്തമാണെന്ന് ദിനേശ് കാര്‍ത്തിക് പറഞ്ഞു.

അവസാന ഓവറിലേക്ക് കടക്കുമ്പോള്‍ തന്നെ തങ്ങള്‍ വിജയിക്കുമെന്ന് ഉറപ്പാക്കിയിരുന്നു. ഒരോവറില്‍ ഏഴ് റണ്‍സ് എന്നാല്‍ ബൗളര്‍ സമ്മര്‍ദ്ദത്തില്‍ തന്നെയാണ്. ആറ് മികച്ച പന്തുകള്‍ മാത്രമെറിഞ്ഞാലേ വിജയത്തില്‍ നിന്ന് ബൗളര്‍ക്ക് ഞങ്ങളെ തടയാനാകുകയുള്ളു. ഒരു തെറ്റ് വരുത്തിയാല്‍ ശിക്ഷിക്കുവാന്‍ ബാറ്റ്സ്മാന്മാര്‍ ഒരുങ്ങി നില്‍ക്കുകയാണെന്നത് ബൗളറെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കും. ഓവറിലെ ആദ്യ പന്തുകളില്‍ തന്നെ സിക്സടിച്ച് ധോണി വിജയം ഉറപ്പാക്കിയപ്പോള്‍ വിജയത്തിനു ഇരട്ടി മധുരമായെന്ന് കാര്‍ത്തിക് പറഞ്ഞു.

39ാം ശതകവുമായി അടിത്തറ നല്‍കി കോഹ്‍ലി, ഫിനിഷ് ചെയ്ത ധോണിയും കാര്‍ത്തിക്കും, ഇന്ത്യയ്ക്ക് അഡിലെയ്ഡില്‍ ജയം

ഓസ്ട്രേലിയയുടെ 299 റണ്‍സ് എന്ന ലക്ഷ്യം 4 പന്ത് ബാക്കി നില്‍ക്കെ 4 വിക്കറ്റുകളുടെ നഷ്ടത്തില്‍ മറികടന്ന് ഇന്ത്യ. വിരാട് കോഹ്‍ലിയുടെ 39ാം ശതകമാണ് ഇന്ത്യന്‍ വിജയത്തിനു അടിത്തറയായത്. നിര്‍ണ്ണായകമായ ഇന്നിംഗ്സുമയായി എംഎസ് ധോണിയും അവസാന ഓവറുകളില്‍ ശ്രദ്ധേയമായ പ്രകടനവുമായി ദിനേശ് കാര്‍ത്തിക്കും തിളങ്ങിയപ്പോള്‍ ഇന്ത്യ പരമ്പരയില്‍ ഒപ്പമെത്തി.

112 പന്തില്‍ നിന്ന് 104 റണ്‍സ് നേടിയ കോഹ്‍ലിയുടെ പ്രകടനമാണ് മത്സരം ഇന്ത്യന്‍ പക്ഷത്തേക്ക് തിരിച്ചത്. ധോണി പതിവു പോലെ മെല്ലെയാണ് തുടങ്ങിയതെങ്കിലും ഇന്നിംഗ്സിന്റെ അവസാനത്തോടെ സ്ട്രൈക്ക് റേറ്റ് ഉയര്‍ത്തുവാന്‍ താരത്തിനായി. രോഹിത് ശര്‍മ്മ 43 റണ്‍സും ശിഖര്‍ ധവാന്‍ 32 റണ്‍സും നേടിയപ്പോള്‍ ഇന്ത്യ ഒന്നാം വിക്കറ്റില്‍ 47 റണ്‍സ് നേടിയിരുന്നു.

രണ്ടാം വിക്കറ്റില്‍ 64 റണ്‍സ് കോഹ്‍ലിയുമായി കൂട്ടിചേര്‍ത്ത് രോഹിത് മടങ്ങിയപ്പോള്‍ പകരമെത്തിയ റായിഡു 24 റണ്‍സ് നേടി പുറത്തായി. മത്സരത്തിലെ തന്നെ ഏറ്റവും വലിയ കൂട്ടുകെട്ടാണ് നാലാം വിക്കറ്റില്‍ ധോണിയുമായി ചേര്‍ന്ന് കോഹ്‍ലി നേടിയത്. 82 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്.

അഞ്ചാം വിക്കറ്റില്‍ എംഎസ് ധോണിയും ദിനേശ് കാര്‍ത്തിക്കും ചേര്‍ന്ന് നിര്‍ണ്ണായകമായ കൂട്ടുകെട്ട് നേടിയാണ് ഇന്ത്യയെ പരമ്പരയില്‍ ഒപ്പമെത്തിച്ചത്. 34 പന്തില്‍ നിന്ന് 57 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. ധോണി 55 റണ്‍സും കാര്‍ത്തിക്ക് 25 റണ്‍സും നേടി പുറത്താകാതെ നിന്നു. അവസാന ഓവറില്‍ ജയിക്കുവാന്‍ ഏഴ് റണ്‍സ് വേണ്ടപ്പോള്‍ ആദ്യ പന്തില്‍ തന്നെ സിക്സടിച്ച് ധോണി സ്കോറുകള്‍ ഒപ്പമെത്തിച്ചു. അടുത്ത പന്തില്‍ സിംഗിള്‍ നേടി വിജയവും ധോണി ഉറപ്പാക്കുകയായിരുന്നു.

നാലാം നമ്പറില്‍ ധോണി എത്തുന്നത് ഗുണകരം: രോഹിത്

ഇപ്പോളത്തെ ഇന്ത്യയുടെ ബാറ്റിംഗ് ഓര്‍ഡറില്‍ എംഎസ് ധോണി എത്തുന്നത് ഇന്ത്യയ്ക്ക് ഗുണം ചെയ്യുമെന്ന് പറഞ്ഞ് ഇന്ത്യന്‍ ഉപനായകന്‍. തന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ ധോണി നാലാം നമ്പറില്‍ അനുയോജ്യനാണ്. എന്നാല്‍ നാലാം നമ്പറില്‍ മികച്ച മികവ് പുലര്‍ത്തിയ അമ്പാട്ടി റായിഡു ടീമിലുണ്ടെന്നുള്ളത് വിസ്മരിക്കപ്പെടാനുള്ളതല്ല. എന്ത് വേണമെന്ന് തീരുമാനിക്കേണ്ടത് ക്യാപ്റ്റനും കോച്ചുമാണെന്നും രോഹിത് പറഞ്ഞു.

കഴിഞ്ഞ ലോകകപ്പിനു ശേഷം വെറും 9 മത്സരങ്ങളില്‍ മാത്രമാണ് ധോണി നാലാം നമ്പറില്‍ ബാറ്റിംഗിനു ഇറങ്ങിയിട്ടുള്ളത്. ധോണിയുടെ വലിയ ഷോട്ടുകള്‍ അടിയ്ക്കുവാനുള്ള കഴിവ് ഏവര്‍ക്കും സുപരിചിതമാണെന്നും എന്നാല്‍ ഇന്ന് ധോണി ക്രീസിലെത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടമായ ഇന്ത്യ നേരത്തെ തന്നെ പ്രതിരോധത്തിലായിരുന്നുവെന്നും രോഹിത് ശര്‍മ്മ ധോണിയുടെ മെല്ലെ നീങ്ങിയ ഇന്നിംഗ്സിനെ സൂചിപ്പിച്ച് പറഞ്ഞു.

ആ ഘട്ടത്തില്‍ ഒരു കൂട്ടുകെട്ടായിരുന്നു നിര്‍ണ്ണായകം അതിനായിരുന്നു ഞങ്ങള്‍ ശ്രമിച്ചതെന്നും രോഹിത് പറഞ്ഞു. നൂറ് റണ്‍സ് കൂട്ടുകെട്ട് പൂര്‍ത്തിയാക്കിയ ശേഷം മാത്രമാണ് തങ്ങള്‍ ഓവറില്‍ ആറ് റണ്‍സ് എന്ന ലക്ഷ്യത്തോടെ ബാറ്റ് ചെയ്തതെന്നും രോഹിത് പറഞ്ഞു. ഫലം അനുകൂലമായില്ലെങ്കിലും ടീമിനു ഇത് പ്രതിസന്ധി ഘട്ടത്തില്‍ എങ്ങനെ ബാറ്റ് ചെയ്യണമെന്നുള്ളതിനു ഒരു പാഠമാണെന്നും രോഹിത് പറഞ്ഞു.

ഏകനായി പൊരുതി രോഹിത്, സിഡ്നിയില്‍ വിജയത്തുടക്കവുമായി ഓസ്ട്രേലിയ

ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ മികച്ച വിജയം നേടി ഓസ്ട്രേലിയ. നാല് റണ്‍സ് എടുക്കുന്നതിനുള്ള ടോപ് ഓര്‍ഡറിലെ മൂന്ന് താരങ്ങളെ നഷ്ടമായ ഇന്ത്യയ്ക്ക് തിരിച്ചുവരവ് അസാധ്യമായിരുന്നുവെങ്കിലും രോഹിത്തിന്റെ നേതൃത്വത്തില്‍ ധോണിയുമായി ഇന്ത്യ ആദ്യ തിരിച്ചുവരവിനുള്ള ശ്രമങ്ങള്‍ തുടങ്ങി. ഇരുവരും തുടക്കത്തില്‍ പന്തുകള്‍ ഏറെ നഷ്ടപ്പെടുത്തിയ ശേഷമാണ് ക്രീസില്‍ നിലയുറപ്പിച്ചത്. രോഹിത് തന്റെ ഇന്നിംഗ്സ് പുരോഗമിക്കവേ ഈ അന്തരം കുറച്ച് കൊണ്ടുവന്നുവെങ്കിലും ധോണിയ്ക്ക് അത് സാധിക്കാതെ പോയതും ഇന്ത്യയുടെ ലക്ഷ്യത്തെ കൂടുതല്‍ ശ്രമകരമാക്കി.

നാലാം വിക്കറ്റില്‍ ഇന്ത്യ 137 റണ്‍സാണ് രോഹിത്തും ധോണിയും നേടിയത്. പുറത്താകുമ്പോള്‍ 96 പന്തില്‍ നിന്ന് 51 റണ്‍സാണ് ധോണി നേടിയത്. തുടര്‍ന്ന് ദിനേശ് കാര്‍ത്തിക്കിനും കാര്യമായി ഒന്നും ചെയ്യാനാകാതെ വന്നപ്പോള്‍ ഇന്ത്യ പ്രതിരോധത്തിലായി. 50 ഓവറുകള്‍ അവസാനിച്ചപ്പോള്‍ ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സാണ് നേടിയത്. 34 റണ്‍സിന്റെ തോല്‍വിയിലും രോഹിത് 133 റണ്‍സുമായി തലയുയര്‍ത്താവുന്ന പ്രകടനമാണ് പുറത്തെടുത്തത്. തന്റെ 22ാം ഏകദിന ശതകമാണ് ഇന്ന് രോഹിത് സ്വന്തമാക്കിയത്.

ഓസ്ട്രേലിയയ്ക്കായി ജൈ റിച്ചാര്‍ഡ്സണ്‍ നാലും ജേസണ്‍ ബെഹറെന്‍ഡോര്‍ഫ്, സ്റ്റോയിനിസ് എന്നിവര്‍ രണ്ടും വിക്കറ്റ് നേടി.

ഇന്ത്യയ്ക്കായി പതിനായിരം ഏകദിന റണ്‍സ് തികച്ച് എംഎസ് ധോണി

സിഡ്നിയില്‍ ഓസ്ട്രേലിയന്‍ പേസ് ബൗളര്‍മാര്‍ തകര്‍ത്തെറിഞ്ഞ ഇന്ത്യന്‍ ബാറ്റിംഗ് ഓര്‍ഡറിനെ ഉപ നായകന്‍ രോഹിത് ശര്‍മ്മയോടൊപ്പം രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടയില്‍ തന്റെ റെക്കോര്‍ഡ് നേട്ടങ്ങളില്‍ ഒരെണ്ണം കൂടി സ്വന്തമാക്കി എംഎസ് ധോണി. ഇന്ത്യയ്ക്കായി ഏകദിനങ്ങളില്‍ പതിനായിരം റണ്‍സ് എന്ന നേട്ടമാണ് ഇന്നത്തെ പ്രകടനത്തിലൂടെ ധോണി സ്വന്തമാക്കിയത്.

4/3 എന്ന നിലയിലേക്ക് വീണ ഇന്ത്യയെ അവിടുന്ന് നാലാം വിക്കറ്റില്‍ നൂറ് റണ്‍സിനു മേലെയുള്ള കൂട്ടുകെട്ടോടെയാണ് ധോണി-രോഹിത് കൂട്ടുകെട്ട് പ്രതീക്ഷ നിലനിര്‍ത്തുവാന്‍ സഹായിച്ചത്.

2018 ധോണിയുടെ വര്‍ഷമല്ലായിരിക്കാം, പക്ഷേ ആ സാന്നിധ്യം ടീമിനു നല്‍കുന്ന ഉത്തേജനം ഏറെ വലുത്: രോഹിത് ശര്‍മ്മ

ഇന്ത്യന്‍ മുന്‍ നായകന്‍ രോഹിത് ശര്‍മ്മയ്ക്ക് അത്ര സുഖകരമല്ലാത്തൊരു വര്‍ഷമാണ് കടന്ന പോയത്. ബാറ്റിംഗ് ഫോമില്‍ വന്‍ വീഴ്ച സംഭവിച്ച ധോണിയ്ക്ക് കാര്യമായ വലിയ പ്രകടനങ്ങള്‍ ഒന്നും തന്നെ ഇല്ലായിരുന്നു. എന്നാല്‍ വിക്കറ്റിനു പിന്നിലും ഡ്രസ്സിംഗ് റൂമിലും ഈ മഹാരഥന്റെ സാന്നിധ്യം നല്‍കുന്ന ആത്മവിശ്വാസം ഏറെയാണെന്നാണ് ഇന്ത്യയുടെ ഉപ നായകന്‍ പറയുന്നത്.

ഞങ്ങളുടെ സംഘത്തില്‍ ധോണിയുടെ സാന്നിധ്യം ഏറെ വലുതാണെന്നാണ് രോഹിത് ധോണിയെക്കുറിച്ച് പറയുന്നത്. ടീമില്‍ ധോണിയുള്ളത് എപ്പോളും ഗുണകരമാണെന്നാണ് രോഹിത് പറഞ്ഞത്.

ധോണിയുടെ മികച്ച റാങ്കിനെ മറികടന്ന് പന്ത്

ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ ഏറ്റവും മികച്ച റാങ്ക് സ്വന്തമാക്കി ഋഷഭ് പന്ത്. ഓസ്ട്രേലിയയിലെ പ്രകടനങ്ങളുടെ ബലത്തിലാണ് പന്തിന്റെ ഈ നേട്ടം. 21 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ റാങ്കിംഗില്‍ ഇപ്പോള്‍ പതിനെഴാം സ്ഥാനത്താണ്. 1973ല്‍ ഫറൂഖ് എഞ്ചിനിയറും റാങ്കിംഗില്‍ 17ാം സ്ഥാനത്ത് എത്തിയിരുന്നു. ധോണിയുടെ ഏറ്റവും മികച്ച ടെസ്റ്റ് റാങ്കിംഗ് 19ാം സ്ഥാനമായിരുന്നു.

റേറ്റിംഗ് പോയിന്റിലും പന്ത് തന്നെയാണ് മുന്നിലുള്ളത്. 673 റേറ്റിംഗ് പോയിന്റുള്ള പന്ത് ധോണിയുടെ റേറ്റിംഗ് പോയിന്റായിരുന്നു 662 പോയിന്റെ പിന്തള്ളി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരില്‍ ഏറ്റവും മികച്ച റേറ്റിംഗ് പോയിന്റ് നേടുന്ന താരമായി മാറി. 619 റേറ്റിംഗ് പോയിന്റാണ് എഞ്ചിനിയര്‍ സ്വന്തമാക്കിയിരുന്നത്.

റെക്കോര്‍ഡുകള്‍ കാറ്റില്‍ പറത്തി പന്ത്, ധോണിയെയും മറികടന്നു

ഓസ്ട്രേലിയയ്ക്കെതിരെ സിഡ്നിയില്‍ പുറത്താകാതെ നേടിയ 159 റണ്‍സിനിടെ ഒട്ടനവധി റെക്കോര്‍ഡുകളാണ് ഋഷഭ് പന്ത് ഇന്ന് തകര്‍ത്തത്. ഓസ്ട്രേലിയയില്‍ ശതകം നേടുന്ന ആദ്യത്തെ ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന നേട്ടമാണ് തന്റെ ശതകം പൂര്‍ത്തിയാക്കിയപ്പോള്‍ പന്ത് സ്വന്തമാക്കിയത്. ഏഷ്യയ്ക്ക് പുറത്ത് ഒരു വിക്കറ്റ് കീപ്പര്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്കോറും തുടര്‍ന്ന് കുതിയ്ക്കവെ പന്ത് നേടിയിരുന്നു. തന്റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറായ 114 റണ്‍സ് മറികടന്ന് 119 റണ്‍സിലെത്തിയപ്പോള്‍ ഏഷ്യയ്ക്ക് പുറത്ത് ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ നേടുന്ന ഉയര്‍ന്ന സ്കോറും പന്ത് സ്വന്തം പേരിലാക്കി.

1959ല്‍ വിന്‍ഡീസില്‍ വിജയ് മഞ്ജരേക്കര്‍ നേടിയ 118 റണ്‍സിനെയാണ് പന്ത് ഈ നേട്ടത്തിനായി മറികടന്നത്. ഫൈസലാബാദില്‍ പാക്കിസ്ഥാനെതിരെ എംഎസ് ധോണി 2006ല്‍ നേടിയ 148 റണ്‍സ് എന്ന ഇന്ത്യന്‍ കീപ്പറുടെ റെക്കോര്‍ഡിനെയും മറികടന്നാണ് പന്ത് ഇന്ത്യ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുമ്പോള്‍ മടങ്ങുന്നത്.

ധോണിയുടേതിനു എതിരഭിപ്രായവുമായി കുംബ്ലെ, ഐപിഎലില്‍ ബൗളര്‍മാര്‍ വിട്ട് നില്‍ക്കണം

ഐപിഎലില്‍ നിന്ന് ഇന്ത്യയുടെ ലോകകപ്പ് ബൗളര്‍മാര്‍ വിട്ട് നില്‍ക്കണമെന്ന് അഭിപ്രായപ്പെട്ട് മുന്‍ ഇന്ത്യന്‍ കോച്ച് അനില്‍ കുംബ്ലെ. ലോകകപ്പിന്റെ സമയത്ത് താരങ്ങളെ ഫ്രഷ് ആയി നിലനിര്‍ത്തുവാന്‍ ഐപിഎലില്‍ നിന്ന് വിട്ട് നില്‍ക്കുന്നതാണ് നല്ലതെന്നാണ് മുന്‍ നായകനും കോച്ചുമായിരുന്ന കുംബ്ലെ പറഞ്ഞത്. എല്ലാ മത്സരങ്ങളിലും കളിപ്പിക്കാതെ ചില മത്സരങ്ങളില്‍ മാത്രം കളിപ്പിക്കുന്നതാണ് ഏറ്റവും മികച്ച ഉപാധിയെന്നാണ് കുംബ്ലെ പറഞ്ഞത്.

എന്നാല്‍ ഇത് ഫ്രാഞ്ചൈസികള്‍ക്ക് താല്പര്യമുണ്ടാകില്ലെന്നും എന്നാല്‍ ഇന്ത്യയെ കരുതി ഇത് ചെയ്യേണ്ടതാണെന്നുമാണ് കുംബ്ലെ പറഞ്ഞത്. എന്നാല്‍ അതേ ചര്‍ച്ചയില്‍ പങ്കെടുത്ത ധോണി പറഞ്ഞത് ബൗളര്‍മാര്‍ക്ക് ഏറ്റവും അനുയോജ്യമായ സ്റ്റേജാണ് ഐപിഎല്‍ എന്നാണ്.

ലോകകപ്പിനു മുമ്പ് ബൗളര്‍മാര്‍ക്ക് പറ്റിയ സാഹചര്യമാണ് ഐപിഎല്‍: ധോണി

ബൗളര്‍മാര്‍ക്ക് തങ്ങളുടെ സര്‍വ്വ കഴിവും പുറത്തെടുക്കുവാനുള്ള ഏറ്റവും മികച്ച പ്ലാറ്റ്ഫോമാണ് ഐപിഎല്‍ എന്ന് അഭിപ്രായപ്പെട്ട് എംഎസ് ധോണി. ഇന്ത്യയെ 2007 ടി20, 2011 ഏകദിന ലോകകപ്പുകളില്‍ കിരീടത്തിലേക്ക് നയിച്ച നായകന്‍ പറയുന്നത് ഐപിഎല്‍ ബൗളര്‍മാരിലെ മികവിനെ പുറത്തെടുക്കുവാന്‍ സഹായിക്കുമെന്നാണ്.

എന്നാല്‍ ഇവര്‍ പരിക്കേല്‍ക്കാതെ കാത്ത് സംരക്ഷിക്കേണ്ട ഒരു അധിക ചുമതല കൂടിയുണ്ടെന്ന് ധോണി പറഞ്ഞു. അവര്‍ക്ക് വിശ്രമം നല്‍കിയാല്‍ അലസരാവുമെന്നും അവസരം നല്‍കിയാല്‍ ഫ്രഷ് അല്ലെന്നുമാണ് കമന്റേറ്റര്‍മാരുടെ പൊതുവേ പറയാറുള്ള നിലപാട്. അതിനാല്‍ തന്നെ ബൗളര്‍മാര്‍ക്ക് സന്തുലിതമായ സാഹചര്യമാണ് ഒരുക്കേണ്ടത്.

ലോകകപ്പിനു ഇനിയും അഞ്ച് മാസം ഇരിക്കേ ഈ കാലയളവില്‍ ഇന്ത്യ 13 ഏകദനിങ്ങളിലാണ് കളിയ്ക്കുന്നത്. ലോകകപ്പിനെ ലോകകപ്പായി കാണാതെ ഒരു ബൈലാറ്ററല്‍ പരമ്പരയായി കാണുകയാണ് ആദ്യം ചെയ്യേണ്ടതെന്ന് ധോണി പറഞ്ഞു.

ധോണി ടി20 ടീമിലേക്ക് വീണ്ടും എത്തുന്നു, രാഹുലിനെയും ദിനേശ് കാര്‍ത്തിക്കിനെയും ഉള്‍പ്പെടുത്തി ഇന്ത്യന്‍ സ്ക്വാഡ്

ദിനേശ് കാര്‍ത്തിക്കിനെയും കെഎല്‍ രാഹുലിനെയും ഓസ്ട്രേലിയ ഏകദിനം ന്യൂസിലാണ്ട് പര്യടനം എന്നിവയില്‍ നിന്ന് ഒഴിവാക്കുമെന്ന വാര്‍ത്തകള്‍ അസ്ഥാനത്താക്കി ടീം പ്രഖ്യാപനം. വിന്‍ഡീസ് പരമ്പരയ്ക്കും ഓസ്ട്രേലിയ ടി20യിലും ടീമില്‍ ഇല്ലാതിരുന്ന എംഎസ് ധോണി ന്യൂസിലാണ്ടിലേക്കുള്ള ടി20 സ്ക്വാഡില്‍ ഇടം പിടിച്ചു. ഇരു സ്ക്വാഡിലേക്കും ഹാര്‍ദ്ദിക് പാണ്ഡ്യയും തിരികെ എത്തുന്നു.

മോശം ഫോമിലുള്ള കെഎല്‍ രാഹുലിനെ ഏകദിനങ്ങളില്‍ നിന്ന് ഒഴിവാക്കുമെന്നാണ് കരുതിയതെങ്കിലും അതുണ്ടായില്ല. അതേ സമയം ഏകദിനങ്ങളില്‍ ഋഷഭ് പന്തിനെ പരിഗണിച്ചിട്ടില്ല.

ഇന്ത്യ ടി20(ന്യൂസിലാണ്ട്): വിരാട് കോഹ്‍ലി, രോഹിത് ശര്‍മ്മ, കെഎല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, ഋഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്ക്, കേധാര്‍ ജാഥവ്, എംഎസ് ധോണി, ഹാര്‍ദ്ദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ, കുല്‍ദീപ് യാദവ്, യൂസുവേന്ദ്ര ചഹാല്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കമാര്‍, ഖലീല്‍ അഹമ്മദ്

ഇന്ത്യ ഏകദിനം(ഓസ്ട്രേലിയ – ന്യൂസിലാണ്ട്): വിരാട് കോഹ്‍ലി, രോഹിത് ശര്‍മ്മ, കെഎല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, അമ്പാട്ടി റായി‍‍ഡു, ദിനേശ് കാര്‍ത്തിക്ക്, കേധാര്‍ ജാഥവ്, എംഎസ് ധോണി, ഹാര്‍ദ്ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, യൂസുവേന്ദ്ര ചഹാല്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കമാര്‍, ഖലീല്‍ അഹമ്മദ്, മുഹമ്മദ് ഷമി

ഇന്ത്യ കണ്ട ഏറ്റവും വലിയ ക്രിക്കറ്റര്‍ ധോണിയെന്ന് കപില്‍ ദേവ്

ഇന്ത്യന്‍ മുന്‍ നായകന്‍ എംഎസ് ധോണിയെ പുകഴ്ത്തി കപില്‍ ദേവ്. ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് താരമാണ് ധോണിയെന്നാണ് കപില്‍ ദേവ് അഭിപ്രായപ്പെട്ടത്. ഒരു കളിക്കാരനെന്ന നിലയില്‍ രാജ്യത്തിനെ എന്നും മുന്നിലെത്തിക്കുവാന്‍ ശ്രമിക്കുന്ന താരമാണ് ധോണിയെന്നാണ് കപില്‍ പറഞ്ഞത്. ടീമിനു വേണ്ടി എന്ത് ത്യാഗം ചെയ്യുവാനും ധോണി തയ്യാറാണ്.

90 ടെസ്റ്റുകളില്‍ കളിച്ച ശേഷം യുവ താരങ്ങള്‍ക്ക് വേണ്ടി ധോണി മാറി. ശ്രമിച്ചിരുന്നുവെങ്കില്‍ നൂറ് ടെസ്റ്റ് താരത്തിനു കളിയ്ക്കാമായിരുന്നു. എന്നാല്‍ ഇന്ത്യയുടെ നല്ലതിനു വേണ്ടി ടെസ്റ്റില്‍ നിന്ന് താന്‍ മാറുന്നതാണ് നല്ലതെന്ന് തോന്നി ധോണി അത് ചെയ്യുകയായിരുന്നുവെന്നും കപില്‍ പറഞ്ഞു.

Exit mobile version