മാക്സ്വെല്‍ മൂന്നാം റാങ്കിലേക്ക്, ഇന്ത്യയുടെ കെഎല്‍ രാഹുലിനും മികച്ച നേട്ടം

ഇന്ത്യയില്‍ ആദ്യമായി ഓസ്ട്രേലിയയെ ടി20 പരമ്പര വിജയം നേടിക്കൊടുക്കുവാന്‍ സഹായിച്ച ഗ്ലെന്‍ മാക്സ്വെല്ലിന്റെ പ്രകടനം താരത്തിനു ടി20 ലോക റാങ്കിംഗില്‍ മൂന്നാം സ്ഥാനത്തേക്ക് എത്തുവാന്‍ സഹായിച്ചു. പരമ്പരയിലെ രണ്ട് മത്സരങ്ങളില്‍ നിന്നായി 56, 113* എന്നീ സ്കോറുകള്‍ നേടിയ താരം രണ്ട് സ്ഥാനം മെച്ചപ്പെടുത്തിയാണ് മൂന്നാം റാങ്കിലേക്ക് ഉയര്‍ന്നത്.

കെഎല്‍ രാഹുല്‍ നാല് സ്ഥാനം മെച്ചപ്പെടത്തി ആറാം റാങ്കിലേക്ക് ഉയരുകയായിരുന്നു. ആദ്യ മത്സരത്തില്‍ അര്‍ദ്ധ ശതകം നേടിയ രാഹുല്‍ രണ്ടാം മത്സരത്തില്‍ 47 റണ്‍സ് നേടി പുറത്താകുകയായിരുന്നു. വിരാട് കോഹ്‍ലിയ്ക്കും(17ാം റാങ്ക്) എംഎസ് ധോണിയ്ക്കും(56ാം റാങ്ക്) റാങ്കിംഗില്‍ നേട്ടം ഉണ്ടായിട്ടുണ്ട്.

വെടിക്കെട്ടുമായി കോഹ്‍ലി, മികവ് പുലര്‍ത്തി രാഹുലും ധോണിയും

ഓസ്ട്രേലിയയ്ക്കെതിരെ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ മികവാര്‍ന്ന പ്രകടനവുമായി ഇന്ത്യ. നായകന്‍ വിരാട് കോഹ്‍ലിയുടെ അര്‍ദ്ധ ശതകത്തിനൊപ്പം 47 റണ്‍സുമായി ലോകേഷ് രാഹുലും 40 റണ്‍സ് നേടി എംഎസ് ധോണിയും ബാറ്റിംഗില്‍ മികവ് തെളിയിച്ചപ്പോള്‍ 20 ഓവറില്‍ നിന്ന് ഇന്ത്യ 190/4 എന്ന സ്കോറാണ്  നേടിയത്.

ഇന്നിംഗ്സിന്റെ 15ാം ഓവറില്‍ നഥാന്‍ കോള്‍ട്ടര്‍-നൈലിനെ മൂന്ന് സിക്സറുകള്‍ക്ക് തുടര്‍ച്ചയായി പറത്തിയ കോഹ്‍ലി 29 പന്തില്‍ നിന്ന് തന്റെ 50 റണ്‍സ് പൂര്‍ത്തിയാക്കുകയായിരുന്നു. 18ാം ഓവറില്‍ ഡാര്‍സി ഷോര്‍ട്ടിനെ ഒരു സിക്സിനും ഫോറിനും പറത്തി ധോണിയും വിരാടിനൊപ്പം ചേര്‍ന്നപ്പോള്‍ ഇന്ത്യയുടെ സ്കോര്‍ 150 കടന്നു.

ഇന്നിംഗ്സ് അവസാനിക്കുമ്പോള്‍ കോഹ്‍ലി 38 പന്തില്‍ നിന്ന് 72 റണ്‍സ് നേടിയപ്പോള്‍ ധോണി നേടിയത് 40 റണ്‍സായിരുന്നു. 23 പന്ത് നേരിട്ട ധോണി അവസാന ഓവറിലെ ആദ്യ പന്തില്‍ പാറ്റ് കമ്മിന്‍സിനു വിക്കറ്റ് നല്‍കി മടങ്ങുമ്പോള്‍ 3 വീതം സിക്സും ഫോറും നേടുകയായിരുന്നു. 26 പന്തില്‍ നിന്ന് 47 റണ്‍സ് നേടി കെഎല്‍ രാഹുല്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും മികവ് പുലര്‍ത്തിയെങ്കിലും വിശാഖപട്ടണത്തേതിലെ പോലെ അര്‍ദ്ധ ശതകം നേടുവാന്‍ താരത്തിനായില്ല.

ധോണിയെ രണ്ടാം ടി20യില്‍ പുറത്തിരുത്തി വിജയ് ശങ്കര്‍ക്ക് അവസരം നല്‍കണമെന്ന് ഹേമംഗ് ബദാനി

മഹേന്ദ്ര സിംഗ് ധോണിയ്ക്ക് രണ്ടാം മത്സരത്തില്‍ വിശ്രമം നല്‍കി പകരം വിജയ് ശങ്കര്‍ക്ക് അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹേമംഗ് ബദാനി. ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് വലിയ വേഗത്തില്‍ സ്കോറിംഗ് നടത്താനായില്ലെന്ന സാഹചര്യം നിലനില്‍ക്കെ ധോണിയുടെ ബാറ്റിംഗിനു പരക്കെ വിമര്‍ശനം കേള്‍ക്കുന്നതിനിടെയാണ് മുന്‍ ഇന്ത്യന്‍ താരത്തിന്റെ പരാമര്‍ശം. ഇന്ത്യ ആദ്യ ടി20യില്‍ 80/3 എന്ന നിലയില്‍ നിന്ന് 126/7 റണ്‍സില്‍ മാത്രമാണ് എത്തി നിന്നത്.

വിക്കറ്റുകള്‍ വീണ സമയത്ത് ക്രീസിലെത്തി പതിവു ശൈലിയില്‍ നിലയുറപ്പിച്ച ധോണിയ്ക്ക് എന്നാല്‍ വലിയ ഷോട്ടുകള്‍ അവസാന ഓവറുകളില്‍ ഉതിര്‍ക്കുവാന്‍ സാധിച്ചിരുന്നില്ല. 37 പന്തില്‍ നിന്ന് 29 റണ്‍സ് നേടിയാണ് ധോണി ക്രീസില്‍ പുറത്താകാതെ നിന്നത്. പരമ്പരയില്‍ ആദ്യ മത്സരത്തില്‍ പുറകില്‍ പോയ ഇന്ത്യ 2015നു ശേഷം ആദ്യമായി നാട്ടില്‍ ഒരു പരമ്പര നഷ്ടപ്പെടുന്നതിന്റെ വക്കിലെത്തി നില്‍ക്കുമ്പോളാണ് മുന്‍ ഇന്ത്യന്‍ താരം ധോണിയെ അവസാന ഇലവനില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെടുന്നത്.

എന്നാല്‍ ധോണിയുടെ മോശം ഫോമല്ല ബദാനിയുടെ ഈ പ്രസ്താവനയ്ക്ക് കാരണം. ധോണി ലോകകപ്പിനു സ്ഥാനം ഉറപ്പായ താരമാണെന്നും അതിനാല്‍ തന്നെ ഇന്ത്യ വിജയ് ശങ്കറെ പരീക്ഷിച്ച് തെളിയിക്കുവാന്‍ ഈ അവസരങ്ങള്‍ ഉപയോഗിക്കണം അതിനാല്‍ തന്നെ ധോണിയ്ക്ക് മത്സരത്തില്‍ നിന്ന് വിശ്രമം നല്‍കണമെന്നാണ് ബദാനി പറയുന്നത്. ഋഷഭ് പന്തിനെയോ ദിനേശ് കാര്‍ത്തിക്കിനെയോ രണ്ടാം കീപ്പറായി പരീക്ഷിക്കുവാനും ഈ പരമ്പര ഉപയോഗിക്കേണ്ടതായിരുന്നുവെന്ന് ബദാനി പറഞ്ഞു.

ധോണി ചെയ്തത് ശരി, ആ പിച്ചില്‍ അതേ ചെയ്യുവാനാകുള്ളു: മാക്സ്വെല്‍

വിശാഖപട്ടണത്തിലെ ബാറ്റിംഗ് ദുഷ്കരമായ പിച്ചില്‍ ധോണി ചെയ്തത് ശരിയെന്ന് അഭിപ്രായപ്പെട്ട മാക്സ്വെല്‍. 20 ഓവറില്‍ നിന്ന് ഇന്ത്യ 126 റണ്‍സ് മാത്രമാണ് നേടിയത്. അതില്‍ ധോണി 37 പന്തില്‍ നിന്ന് 29 റണ്‍സ് നേടി പുറത്താകാതെ നിന്നു. ടി20യില്‍ അത് ഒരു മോശം സ്ട്രൈക്ക് റേറ്റ് ആയിരുന്നുവെങ്കിലും വിക്കറ്റിന്റെ സ്വഭാവം വെച്ച് ധോണിയെ കുറ്റം പറയാനാകില്ലെന്നാണ് മാക്സ്വെല്‍ പറഞ്ഞത്.

ഓസ്ട്രേലിയയ്ക്ക് വേണ്ടി വെടിക്കെട്ട് പ്രകടനം നടത്തി വരാറുള്ള ഡാര്‍സി ഷോര്‍ട്ടും പതിവില്‍ നിന്ന് വിപരീതമായി 37 പന്തില്‍ നിന്ന് 37 റണ്‍സാണ് നേടിയത്. അതേ സമയം ഗ്ലെന്‍ മാക്സ്വെല്ലും(43 പന്തില്‍ 56) കെഎല്‍ രാഹുലും(36 പന്തില്‍ 50) മാത്രമാണ് ഈ പിച്ചില്‍ നിന്ന് വേഗത്തില്‍ സ്കോര്‍ ചെയ്തത്. വിരാട് കോഹ്‍ലി 17 പന്തില്‍ 24 റണ്‍സ് നേടിയെങ്കിലും ക്രീസില്‍ അധിക സമയം ചെലവഴിക്കാനായില്ല.

അവസാന ഓവറില്‍ ധോണി ഒരു സിക്സ് നേടിയെങ്കിലും പിന്നീട് ഓവറില്‍ നിന്ന് വൈഡിലൂടെ ലഭിച്ച ഒരു റണ്‍സ് കൂടിയെ ധോണിയ്ക്ക് നേടാനായുള്ളു എന്നത് തന്നെ പിച്ചിന്റെ ദുര്‍ഘടം പിടിച്ച അവസ്ഥയെ സൂചിപ്പിച്ചുവെന്നാണ് ഓസ്ട്രേലിയയുടെ വെടിക്കെട്ട് താരം പറഞ്ഞത്. അവസാന ഓവറില്‍ ധോണിയെ ഒരു ബൗണ്ടറിയില്‍ മാത്രം ഒതുക്കാനാകുക എന്നത് പ്രയാസകരമായ കാര്യമാണ്. പിച്ച് ഒരു പ്രധാന ഘടകം ആയിരുന്നുവെന്നത് ഇത് വ്യക്തമാക്കുന്നു.

ഐപിഎല്‍ 2019നു ധോണി കോഹ്‍ലി പോരോടെ തുടക്കം

ഐപിഎല്‍ 2019 ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും എറ്റുമുട്ടും. മാര്‍ച്ച് 23നു ചെന്നൈയിലാണ് മത്സരം. ആദ്യ രണ്ടാഴ്ചത്തെ മത്സരങ്ങളുടെ ഫിക്സ്ച്ചറുകള്‍ മാത്രമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ലോകസഭ 2019 തിരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപനം മുന്‍ നിര്‍ത്തിയാണ് രണ്ടാഴ്ചത്തെ മത്സരക്രമം മാത്രം പുറത്ത് വിട്ടത്.

തിരഞ്ഞെടുപ്പ് തീയ്യതി വന്ന ശേഷം ആവശ്യമെങ്കില്‍ ഈ ഫിക്സ്ച്ചറുകള്‍ക്ക് മാറ്റം വരുത്തുവാനും ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ അംഗങ്ങള്‍ ആലോചിക്കുന്നുണ്ടെന്നാണ് അറിയുന്നത്. മാര്‍ച്ച് 23 മുതല്‍ ഏപ്രില്‍ 5 വരെ 17 മത്സരങ്ങളാണ് നടക്കുക. മാര്‍ച്ച് 24, 30, 31 എന്നീ തീയ്യതികളില്‍ രണ്ട് മത്സരങ്ങളുണ്ടാകും.

ഋഷഭ് പന്ത് ആദ്യ കാലത്തെ ധോണിയെ അനുസ്മരിപ്പിക്കുന്നു

ഇന്ത്യയുടെ ഏറ്റവും പുതിയ ബാറ്റിംഗ് സെന്‍സേഷനായ ഋഷഭ് പന്ത് ധോണിയുടെ ആദ്യ കാലങ്ങളെ ഓര്‍മ്മപ്പെടുത്തുന്നുവെന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം ദീപ് ദാസ്ഗുപ്ത. ധോണി വന്നപ്പോള്‍ മുതല്‍ ഇന്നുള്ള താരം വരെയുള്ള താരത്തിന്റെ വളര്‍ച്ച ഒരു പ്രക്രിയയായിരുന്നു. അതുപോലെ തന്നെ പന്തും കാലം പുരോഗമിക്കവെ മികച്ച താരമായി മാറുമെന്ന് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ പറഞ്ഞു.

ഋഷഭിനു വെറും 21-22 വയസ്സ് മാത്രമാണായിട്ടുള്ളത്. തന്റെ കരിയറിന്റെ നല്ലൊരു സമയം ഇനിയും താരത്തിനു ബാക്കിയായിട്ടുണ്ട്. വിക്കറ്റ് കീപ്പറെന്ന നിലയില്‍ മാത്രമല്ല ബാറ്റ്സ്മാനെന്ന നിലയിലും താരം മികവ് തെളിയിക്കുമെന്ന് ദീപ് ദാസ്ഗുപ്ത പറഞ്ഞു.

ധോണിയെ വിമര്‍ശിക്കാനുള്ള യോഗ്യത ആര്‍ക്കുമില്ല

എംഎസ് ധോണിയെ വിമര്‍ശിക്കുവാനും മാത്രം പോന്ന ആരുമില്ലെന്ന് പറഞ്ഞ് രവി ശാസ്ത്രി. ധോണിയുടെ സിഡ്നിയിലെ ഇന്നിംഗ്സിനെക്കുറിച്ചുയര്‍ന്ന് ചോദ്യത്തിനു മറുപടിയായാണ് രവി ശാസ്ത്രിയുടെ മറുപടി. ധോണി 2008ലെയോ 2011ലെയോ പഴയ ബാറ്റ്സ്മാനായിരിക്കില്ല എന്നാലും ഇത്തരം താരങ്ങള്‍ 30-40 വര്‍ഷങ്ങള്‍ മാത്രം വരുമ്പോളുണ്ടാകുന്ന താരങ്ങളാണ്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, കപില്‍ ദേവ്, സുനില്‍ ഗവാസ്കര്‍ എന്നിവരെപ്പോലുള്ള ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസമാണ് ധോണി.

വിക്കറ്റിനു പിന്നില്‍ ധോണിയുടെ മികവ് പഴയത് പോലെത്തന്നെ മികച്ച് നില്‍ക്കുന്നതാണ്. സ്പിന്നര്‍മാര്‍ ധോണി വിക്കറ്റിനു പിന്നിലുള്ളപ്പോള്‍ കൂടുതല്‍ അപകടകാരിയാകുന്നു. അത് കൂടാതെ സര്‍ക്കിളിനുള്ളിലെ ഫീല്‍ഡിംഗ് ആംഗിളുകള്‍ ഏറ്റവും അധികം അറിയാവുന്നതും ധോണിയ്ക്ക് തന്നെയാണെന്നും രവിശാസ്ത്രി പറഞ്ഞു.

ക്രിക്കറ്റിനെക്കുറിച്ച് എന്തെങ്കിലും പഠിച്ച ശേഷം മാത്രമാണ് ധോണിയെ കുറ്റം പറയാന്‍ ആളുകള്‍ മുതിരാവുള്ളുവെന്നും രവി ശാസ്ത്രി പറഞ്ഞു.

ധോണിയ്ക്ക് റാങ്കിംഗില്‍ മുന്നേറ്റം, ട്രെന്റ് ബോള്‍ട്ട് ബൗളര്‍മാരില്‍ മൂന്നാം സ്ഥാനത്ത്

ഐസിസി ഏകദിന റാങ്കിംഗില്‍ റാങ്ക് മെച്ചപ്പെടുത്തി എംഎസ് ധോണി. മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ബാറ്റ്സ്മാന്മാരുടെ പട്ടികയില്‍ എംഎസ് ധോണി 17ാം സ്ഥാനത്ത് എത്തിയിട്ടുണ്ട്. ഓസ്ട്രേലിയയ്ക്കെതിരെ മൂന്ന് തുടര്‍ അര്‍ദ്ധ ശതകങ്ങളാണ് ധോണിയെ മുന്നോട്ട് എത്തിക്കുവാന്‍ സഹായിച്ചത്. റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യയുടെ വിരാട് കോഹ്‍ലി തന്നെയാണ്.

അതേ സമയം പേസ് ബൗളര്‍മാരില്‍ ട്രെന്റ് ബോള്‍ട്ട് ഇന്ത്യയ്ക്കെതിരെ നേടിയ 12 വിക്കറ്റുകളെ ബലത്തില്‍ റാങ്കിംഗില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. പരമ്പരയില്‍ ന്യൂസിലാണ്ട് വിജയിച്ച് ഏക മത്സരത്തില്‍ ട്രെന്റ് ബോള്‍ട്ട് 5 വിക്കറ്റ് നേട്ടം കൊയ്തിരുന്നു. ഇതിന്റെ ബലത്തില്‍ 7 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി മൂന്നാം സ്ഥാനത്തേക്ക് താരം ഉയരുകയായിരുന്നു.

ഇന്ത്യയുടെ ജസ്പ്രീത് ബുംറയും അഫ്ഗാനിസ്ഥാന്റെ റഷീദ് ഖാനുമാണ് റാങ്കിംഗില്‍ നിലവില്‍ ബോള്‍ട്ടിനു മുന്നിലുള്ളത്. 2016 ജനുവരിയില്‍ ഏകദിന ബൗളര്‍മാരുടെ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് എത്തിയ താരമായിരുന്നു ട്രെന്റ് ബോള്‍ട്ട്.

രോഹിത്തും ശിഖറും തിളങ്ങി, അവസാന ഓവറില്‍ 21 റണ്‍സ് നേടി കേധാറും ധോണിയും

ന്യൂസിലാണ്ടിനെതിരെ ബേ ഓവലില്‍ നടക്കുന്ന രണ്ടാം ഏകദിനത്തില്‍ മികച്ച സ്കോര്‍ നേടി ഇന്ത്യ. 50 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 324 റണ്‍സ് നേടുകയായിരുന്നു.  ഇന്ന് മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്കായി ഓപ്പണര്‍മാര്‍ മികച്ച തുടക്കം നല്‍കുകയായിരുന്നു. ഒന്നാം വിക്കറ്റില്‍ രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും ചേര്‍ന്ന് 154 റണ്‍സാണ് നേടിയത്. 66 റണ്‍സ് നേടിയ ശിഖര്‍ ധവാനെയാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. ട്രെന്റ ബോള്‍ട്ടിനായിരുന്നു വിക്കറ്റ്.

ഏറെ വൈകാതെ രോഹിത് ശര്‍മ്മയെയും ഇന്ത്യയ്ക്ക് നഷ്ടമായി. പുറത്താകുമ്പോള്‍ 87 റണ്‍സായിരുന്നു രോഹിത് നേടിയത്. ലോക്കി ഫെര്‍ഗൂസണായിരുന്നു വിക്കറ്റ്. തുടര്‍ന്ന് മൂന്നാം വിക്കറ്റില്‍ വിരാട് കോഹ്‍ലിയും അമ്പാട്ടി റായിഡുവും ചേര്‍ന്ന് 64 റണ്‍സ് കൂട്ടി ചേര്‍ത്തുവെങ്കിലും ബോള്‍ട്ട് വിരാടിനെ(43) പവലിയനിലേക്ക് മടക്കി.

ധോണിയ്ക്കൊപ്പം നാലാം വിക്കറ്റില്‍ 35 റണ്‍സ് നേടി തന്റെ വ്യക്തിഗത സ്കോര്‍ 47ല്‍ നില്‍ക്കെ ലോക്കി ഫെര്‍ഗൂസണ്‍ റിട്ടേണ്‍ ക്യാച്ച് നല്‍കി അമ്പാട്ടി റായിഡുവും മടങ്ങിയപ്പോള്‍ ഇന്ത്യയെ 300 കടത്തുക എന്ന ലക്ഷ്യം ധോണിയിലേക്ക് വന്ന് ചേരുകയായിരുന്നു. കേധാര്‍ ജാഥവിനൊപ്പം ഇന്ത്യയുടെ സ്കോര്‍ 300 കടത്തുവാന്‍ ധോണിയ്ക്ക് സാധിച്ചു.

ഇന്നിംഗ്സിന്റെ അവസാന ഓവറില്‍ ലോക്കി ഫെര്‍ഗൂസണെ മൂന്ന് ബൗണ്ടറിയും ഒരു സിക്സും സഹിതം 21 റണ്‍സ് നേടി കേധാര്‍ ജാഥവും എംഎസ് ധോണിയും ചേര്‍ന്ന് ഇന്ത്യയെ 324 എന്ന മികച്ച സ്കോറിലേക്ക് നയിക്കുകയായിരുന്നു. 26 പന്തില്‍ നിന്ന് 53 റണ്‍സ് നേടിയാണ് അഞ്ചാം വിക്കറ്റില്‍ ധോണി കേധാര്‍ കൂട്ടുകെട്ട് ഇന്ത്യയെ മുന്നോട്ട് നയിച്ചത്.

ധോണി 33 പന്തില്‍ നിന്ന് 48 റണ്‍സും കേധാര്‍ ജാഥവ് 10 പന്തില്‍ നിന്ന് 22 റണ്‍സും നേടിയാണ് അപരാജിത കൂട്ടുകെട്ടിനെ മുന്നോട്ട് കൊണ്ടുപോയത്. ന്യൂസിലാണ്ടിനായി ലോക്കി ഫെര്‍ഗൂസണും ട്രെന്റ് ബോള്‍ട്ടും രണ്ട് വീതം വിക്കറ്റ് നേടി.

 

ധോണി അഞ്ചാമനായി ഇറങ്ങുന്നതാണ് ഏറ്റവും നല്ലതെന്നാണ് തന്റെ അഭിപ്രായം: കോഹ്‍ലി

അഡിലെയ്ഡില്‍ ഇന്ത്യ ഉപയോഗിച്ച ബാറ്റിംഗ് ലൈനപ്പാണ് തന്റെ അഭിപ്രായത്തില്‍ ഇന്ന് ടീമിനു ഏറ്റവും അനുയോജ്യമെന്ന് അഭിപ്രായപ്പെട്ട് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി. മെല്‍ബേണില്‍ ഇന്ത്യ ആ ലൈനപ്പില്‍ നിന്ന് മൂന്ന് മാറ്റം വരുത്തിയെങ്കിലും തന്റെ അഭിപ്രായത്തില്‍ ഇന്ന് ഇന്ത്യന്‍ ടീമിനു ഏറ്റവും അനുയോജ്യമായ ബാറ്റിംഗ് ലൈനപ്പ് അന്നത്തേതായിരുന്നുവെന്നാണ് കോഹ്‍ലി പറഞ്ഞത്.

ഹാര്‍ദ്ദിക് പാണ്ഡ്യ ടീമില്‍ ഇല്ലാത്തതിനാല്‍ ഇതാണ് തന്റെ അഭിപ്രായത്തില്‍ ഇന്ത്യയ്ക്ക് മികച്ച ലൈനപ്പ്. കോഹ്‍ലി അഞ്ചാം നമ്പറിലാണ് ഏറ്റവും മികച്ചതെന്നാണ് തന്റെ അഭിപ്രായം. എന്നാല്‍ നേരത്തെ രോഹിത് ശര്‍മ്മ ധോണി നാലാം നമ്പറില്‍ ഇറങ്ങണമെന്ന് അഭിപ്രായം പറഞ്ഞിരുന്നു. ധോണി നാലിലായാലും അഞ്ചിലായാലും ടീമിനു വേണ്ടി കളിക്കുന്ന താരമാണെന്നും കോഹ്‍ലി അഭിപ്രായപ്പെട്ടു.

2016ല്‍ നാലാം നമ്പറില്‍ ബാറ്റ് ചെയ്ത് തുടങ്ങിയ ധോണി അതിനു ശേഷം അഞ്ച്, ആറ് സ്ഥാനങ്ങളില്‍ ടീമിനായി ബാറ്റ് ചെയ്തിട്ടുണ്ട്. ടീമിന്റെ ആവശ്യം അനുസരിച്ച് തന്റെ സ്ഥാനത്തില്‍ മാറ്റം വരുത്താന്‍ തയ്യാറായിട്ടുള്ള താരമാണ് ധോണി. കേധാര്‍ ജാഥവും വിജയ് ശങ്കറും ഇലവനില്‍ സ്ഥാനം പിടിച്ചതോണ്ടാണ് ധോണിയെ മെല്‍ബേണില്‍ നാലാം നമ്പറില്‍ ഇറക്കിയതെന്നും കോഹ്‍ലി പറഞ്ഞു.

റായിഡു ഇല്ലാത്തതിനാലും ദിനേശ് കാര്‍ത്തിക് ആറാം നമ്പറില്‍ മികവ് പുലര്‍ത്തുന്നതിനാലുമാണ് ഈ മാറ്റം ടീം വരുത്തിയത്. കേധാര്‍ ടൂര്‍ണ്ണമെന്റിലെ ആദ്യ മത്സരം കളിക്കുന്നതിനാലും നാലാം നമ്പറില്‍ താരത്തെ പരീക്ഷിക്കേണ്ടെന്ന് മാനേ്മെന്റ് തീരുമാനിച്ചിരുന്നു. ആദ്യ രണ്ട് മത്സരങ്ങളിലും മികവ് പുലര്‍ത്തിയ ധോണിയെ നാലാം നമ്പറില്‍ ഇറക്കാന്‍ അത്തരത്തിലാണ് തീരമാനിച്ചത്.

ധോണിയെക്കാള്‍ ഇന്ത്യന്‍ ക്രിക്കറ്റിനോട് പ്രതിബദ്ധതയുള്ള വേറൊരു താരമില്ല: വിരാട് കോഹ്‍ലി

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ മഹേന്ദ്ര സിംഗ് ധോണിയെ വാനോളം പുകഴ്ത്തി വിരാട് കോഹ്‍ലി. ധോണിയെപ്പോലെ ഇന്ത്യന്‍ ക്രിക്കറ്റിനോട് ഇത്രയും ആത്മാര്‍ത്ഥയും പ്രതിബദ്ധതയുമുള്ള വേറൊരു ക്രിക്കറ്റ് താരമില്ലെന്നാണ് എംഎസ് ധോണിയെക്കുറിച്ച് വിരാട് കോഹ്‍ലി പറഞ്ഞത്. ഇന്ത്യയുടെ 2-1 എന്ന സ്കോറിനുള്ള ഏകദിന പരമ്പരയ്ക്ക് ശേഷമുള്ള പ്രതികരണമായിരുന്നു വിരാട് കോഹ്‍ലിയുടേത്. കളിക്കളത്തിനു പുറത്ത് ആളുകള്‍ പലതും പറയും എന്നാല്‍ ധോണിയെക്കുറിച്ചുള്ള തന്റെ അഭിപ്രായം ഇതാണെന്നാണ് കോഹ്‍ലി പറഞ്ഞത്.

പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും അര്‍ദ്ധ ശതകം നേടി ഇന്ത്യയുടെ പരമ്പര വിജയത്തില്‍ നിര്‍ണ്ണായക സ്വാധീനമായി ധോണി മാറിയിരുന്നു. അവസാന മത്സരത്തില്‍ 87 റണ്‍സ് നേടിയാണ് ധോണി പുറത്താകാതെ നിന്നത്. ടീമെന്ന നിലയില്‍ ഞങ്ങള്‍ ധോണിയുടെ ഫോമില്‍ സന്തോഷമുള്ളവരാണ്. ധോണി റണ്‍സ് വീണ്ടും കണ്ടെത്തുന്നതും വീണ്ടും ഫോമിലേക്ക് ഉയരുന്നത് ഇന്ത്യയ്ക്ക് ലോകകപ്പില്‍ ഗുണം ചെയ്യും. കൃത്യ സമയത്ത് തന്നെയാണ് ധോണി തന്റെ ഫോം കണ്ടെത്തിയിരിക്കുന്നതെന്നത് ഇന്ത്യയ്ക്ക് മികച്ച ആത്മവിശ്വാസം നല്‍കുമെന്നും കോഹ്‍ലി പറഞ്ഞു.

ന്യൂസിലാണ്ടിനു സമാനമായ പ്രകടനം ധോണിയില്‍ നിന്നുണ്ടാകുമെന്ന് കോഹ്‍ലി വിശ്വാസം പ്രകടിപ്പിച്ചു. തന്റെ പ്രകടനങ്ങള്‍ക്ക് ധോണി മാന്‍ ഓഫ് ദി സീരീസ് പുരസ്കാരം നേടിയിരുന്നു. 2018ലെ മോശം ഫോമിനു ശേഷം മികച്ച ഫോമില്‍ 2019 ധോണിയ്ക്ക് തുടങ്ങാനായി എന്നതും താരത്തിന്റെയും ടം ഇന്ത്യയുടെയും ആത്മവിശ്വാസം ഉയര്‍ത്തുമെന്ന് ഉറപ്പാണ്.

ജയം ഉറപ്പാക്കി ധോണിയും കേധാറും, ഇന്ത്യയ്ക്ക് ഏകദിന പരമ്പര

മെല്‍ബേണില്‍ ജയിക്കാന്‍ നേടേണ്ടത് 231 റണ്‍സ് മാത്രമായിരുന്നുവെങ്കിലും ഇന്ത്യയ്ക്ക് കാര്യം അത്ര എളുപ്പമായിരുന്നില്ല. 7 വിക്കറ്റിന്റെ ജയം നേടിയെങ്കിലും ഇന്ത്യന്‍ ക്യാമ്പുകളെ സമ്മര്‍ദ്ദത്തിലാക്കിയ ശേഷമുള്ള ജയമായിരുന്നു ഇത്. എംഎസ് ധോണിയുടെയും കേധാര്‍ ജാഥവിന്റെയും അര്‍ദ്ധ ശതകങ്ങളാണ് മത്സരം ഇന്ത്യയ്ക്ക് അനുകൂലമാക്കി മാറ്റിയത്.

നിര്‍ണ്ണായകമായ 121 റണ്‍സ് നേടി ധോണി-കേധാര്‍ കൂട്ടുകെട്ടാണ് ഇന്ത്യയുടെ ജയം ഉറപ്പാക്കിയത്. രണ്ടാം ഏകദിനത്തെ അപേക്ഷിച്ച് തന്റെ ബാറ്റിംഗ് മികവില്‍ പിന്നോട്ട് പോയ ധോണിയ്ക്ക് കേധാര്‍ ജാഥവ് ക്രീസിലെത്തി വേഗത്തില്‍ സ്കോറിംഗ് നടത്തിയത് തുണയായി മാറി. ഇടയ്ക്ക് ഫിസിയോയുടെ സേവനവും തേടിയാണ് ധോണി ക്രീസില്‍ നിലയുറപ്പിച്ചത്.

അവസാന നാലോവറില്‍ നിന്ന് 33 റണ്‍സ് ജയത്തിനായി വേണ്ടിയിരുന്ന ഇന്ത്യ 4 പന്ത് ബാക്കി നില്‍ക്കെയാണ് വിജയം കുറിച്ചത്. ജൈ റിച്ചാര്‍ഡ്സണ്‍ എറിഞ്ഞ 47ാം ഓവറില്‍ നിന്ന് 6 റണ്‍സ് മാത്രം ഇന്ത്യ നേടിയപ്പോള്‍ ലക്ഷ്യം 3 ഓവറില്‍ 27 റണ്‍സായി മാറി. സ്റ്റോയിനിസ് എറിഞ്ഞ 48ാം ഓവറിന്റെ ആദ്യ പന്തില്‍ ധോണിയുടെ ക്യാച്ച് ഡ്രോപ് ചെയ്യുകയും ആ പന്തില്‍ റണ്ണൗട്ട് ശ്രമവും അതിജീവിച്ച് ഇന്ത്യ രണ്ട് റണ്‍സ് നേടി. അടുത്ത പന്ത് ബൗണ്ടറി കടത്തി ധോണി മത്സരത്തില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ സജീവമാക്കി നിര്‍ത്തി. ശേഷിക്കുന്ന പന്തുകളില്‍ നിന്ന് സിംഗിളുകള്‍ നേടിയ ഇന്ത്യ കേധാര്‍ ജാഥവിലൂടെ അവസാന പന്തില്‍ ബൗണ്ടറി നേടിയപ്പോള്‍ ഓവറില്‍ നിന്ന് 13 റണ്‍സ് സ്വന്തമാക്കി ലക്ഷ്യം രണ്ടോവറില്‍ 14 ആക്കി ചുരുക്കി.

പീറ്റര്‍ സിഡിലിന്റെ അടുത്ത ഓവറി‍ല്‍ 13 റണ്‍സ് നേടി ഇന്ത്യ സ്കോറുകള്‍ ഒപ്പമെത്തിച്ചു. സ്റ്റോയിനിസിന്റെ അവസാന ഓവറിലെ രണ്ടാം പന്തില്‍ ബൗണ്ടറി പായിച്ചാണ് ഇന്ത്യ പരമ്പര ജയം സ്വന്തമാക്കിയത്.

വിരാട് കോഹ്‍ലി 46 റണ്‍സ് നേടി തിളങ്ങി. ധോണി 87 റണ്‍സ് നേടിയപ്പോള്‍ കേധാര്‍ ജാഥവ് 61 റണ്‍സും സ്വന്തമാക്കി ക്രീസില്‍ വിജയ സമയത്ത് നിലയുറപ്പിച്ചു. ഓസീസ് ബൗളര്‍മാരില്‍ ജൈ റിച്ചാര്‍ഡ്സണ്‍ ആയിരുന്നു ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തത്. ഒരു വിക്കറ്റ് മാത്രമാണ് ലഭിച്ചതെങ്കിലും 27 റണ്‍സ് മാത്രമേ താരം വഴങ്ങിയുള്ളു.

Exit mobile version