എട്ടോളം മത്സരങ്ങള്‍ നഷ്ടമാകുന്നത് ദുഖകരം – മോമിനുള്‍ ഹക്ക്

ബംഗ്ലാദേശിന്റെ നാട്ടിലെയും മറുനാട്ടിലെയും ടെസ്റ്റ് മത്സരങ്ങള്‍ ഉപേക്ഷിക്കപ്പെട്ടതോടെ ടീമിന് 8 മത്സരങ്ങളാണ് നഷ്ടമാകുന്നത്. ഇത് തീരാനഷ്ടമാണെന്നാണ് ക്യാപ്റ്റന്‍ മോമിനുള്‍ ഹക്ക് പറയുന്നത്. ശ്രീലങ്കയിലേക്കുള്ള ടീമിന്റെ പര്യടനവും ബംഗ്ലാദേശിലേക്കുള്ള ന്യൂസിലാണ്ട് പര്യടനവും കൂടാതെ ഓസ്ട്രേലിയ പാക്കിസ്ഥാന്‍ എന്നിവരോടുമുള്ള മത്സരങ്ങളാണ് ഇപ്പോള്‍ മാറ്റി വെച്ചത്.

ഈ മത്സരങ്ങളില്‍ ടീമിനെ നയിക്കുവാനുള്ള അവസരം നഷ്ടമായത് വളരെ ദുഖകരമാണെന്ന് മോമിനുള്ള വ്യക്തമാക്കി. എട്ടോളം മത്സരങ്ങളിലാണ് തനിക്ക് ഇതിനുള്ള അവസരം നഷ്ടമായത്. അതും മികച്ച ടീമുകള്‍ക്കെതിരെയായിരുന്നു ഈ മത്സരങ്ങളെന്നും മോമിനുള്‍ സൂചിപ്പിച്ചു.

എന്നാല്‍ ഇപ്പോളത്തെ സാഹചര്യത്തില്‍ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലെന്നും നമ്മുടെ നിയന്ത്രണത്തിലുള്ള കാര്യങ്ങളല്ല നടക്കുന്നതെന്നും മോമിനുള്‍ വ്യക്തമാക്കി.

ടെസ്റ്റ് ടീമെന്ന നിലയില്‍ ബംഗ്ലാദേശ് ഇനിയും മെച്ചപ്പെടുവാനുണ്ട്

ടെസ്റ്റ് ക്രിക്കറ്റില്‍ ഇരുപത് വര്‍ഷം പൂര്‍ത്തിയാക്കിയെങ്കിലും ബംഗ്ലാദേശ് ടെസ്റ്റ് ക്രിക്കറ്റില്‍ ഇനിയും ഏറെ മെച്ചപ്പെടുവാനുണ്ടെന്ന് സമ്മതിച്ച് ടീം ക്യാപ്റ്റന്‍ മോമിനുള്‍ ഹക്ക്. ഇതുവരെ 119 മത്സരങ്ങള്‍ ടെസ്റ്റില്‍ കളിച്ചിട്ടുള്ള ടീം 14 ടെസ്റ്റുകളാണ് ജയിച്ചിട്ടുള്ളത്. 16 മത്സരങ്ങള്‍ സമനിലയായപ്പോള്‍ 89 മത്സരങ്ങള്‍ പരാജയത്തില്‍ കലാശിച്ചു.

ടീമെന്ന നിലയില്‍ ബംഗ്ലാദേശിന്റെ പ്രകടനം ഉദ്ദേശിച്ച തലത്തിലേക്ക് എത്തിയിട്ടില്ലെന്നതാണ് സത്യസന്ധമായ കാര്യമെന്ന് മോമിനുള്‍ വ്യക്തമാക്കി. എന്നാല്‍ ഒട്ടേറെ പോസിറ്റീവ് കാര്യങ്ങളുണ്ടെന്നും വ്യക്തിഗത പ്രതിഭകളുടെ കാര്യത്തില്‍ ടീം സമ്പുഷ്ടമാണെന്നും മോമിനുള്‍ വ്യക്തമാക്കി.

ഹാട്രിക്ക് നേടിയവരുണ്ട്, അഞ്ച് വിക്കറ്റ് നേട്ടക്കാരുണ്ട്, ഇരട്ട ശതകക്കാരുണ്ട് എന്നത് ടീമിന്റെ വ്യക്തിഗത പ്രതിഭയുടെ ശക്തി കാണിക്കുന്നുവെന്നും മോമിനുള്ള വ്യക്തമാക്കി. ആദ്യ കാലത്ത് നാട്ടില്‍ ബംഗ്ലാദേശിന് വിജയങ്ങള്‍ അധികം കൈവരിക്കുവാന്‍ പറ്റിയിരുന്നില്ലെങ്കില്‍ അത് ഇപ്പോള്‍ മാറിയിട്ടുണ്ടെന്നും മോമിനുള്ള വ്യക്തമാക്കി.

വിചാരിച്ച രീതിയില്‍ പരിശീലനം ആകുന്നില്ല, സച്ചിന്റെ വീഡിയോകളാണ് ഇപ്പോളത്തെ ആശ്രയം

കൊറോണ കാരണം ലോക്ക്ഡൗണില്‍ കഴിയുന്ന തനിക്ക് ഇപ്പോള്‍ പഴയ പോലെ പരിശിലനം സാധിക്കുന്നില്ല എന്നത് അല്പം സങ്കടം സൃഷ്ടിക്കുന്നുണ്ടെന്ന് വ്യക്തമാക്കി ബംഗ്ലാദേശ് ടെസ്റ്റ് ക്യാപ്റ്റന്‍ മോമിനുള്‍ ഹക്ക്. എന്നാല്‍ താന്‍ പരിശീലനവും ഫിറ്റ്നെസ്സ് കാര്യങ്ങളുമായി മുന്നോട്ട് പോകുന്നുണ്ടെന്നും താരം വ്യക്തമാക്കി.

താന്‍ തന്റെ തന്നെ പഴയ മത്സരങ്ങളുടെ ഹൈലൈറ്റ്സ് കാണാറില്ലെന്നും കൂടുതലായി സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഇന്നിംഗ്സുകളാണ് യൂട്യൂബില്‍ കാണുന്നതെന്ന് മോമിനുള്‍ വ്യക്തമാക്കി. കൂടാതെ ഇഷ്ടം പോലെ പഴയ ടെസ്റ്റ്, ഏകദിന മത്സരങ്ങളുടെ ഹൈലൈറ്റ്സും ക്രിക്കറ്റില്‍ ഇന്ത്യ-പാക്കിസ്ഥാന്‍ വൈര്യത്തിന്റെ പഴയ വീഡിയോകളും കാണുന്നുണ്ടെന്ന് മോമിനുള്‍ വിശദമാക്കി.

ഓസ്ട്രേലിയയ്ക്കെതിരെയുള്ള ടെസ്റ്റ് മത്സരങ്ങള്‍ നീട്ടിയത് അനുഗ്രഹം

ഓസ്ട്രേലിയയ്ക്കെതിരെയുള്ള ടെസ്റ്റ് മത്സരങ്ങള്‍ നീട്ടിയത് ഒരു കണക്കിന് അനുഗ്രഹമാണെന്ന് പറഞ്ഞ് ബംഗ്ലാദേശ് ടെസ്റ്റ് നായകന്‍ മോമിനുള്‍ ഹക്ക്. ഇപ്പോള്‍ വിലക്ക് നേരിടുന്ന ഷാക്കിബുള്‍ ഹസന്‍ ഇനി പരമ്പര നടക്കുന്ന സമയത്ത് ടീമിലേക്ക് തിരികെ എത്തുമെന്നതും മുഴുവന്‍ ശക്തിയുള്ള ടീമിനെ പരമ്പരയ്ക്ക് ഉപയോഗിക്കാനാകുമെന്ന് മോമിനുള്‍ ആശ്വാസപ്പെട്ടു.

ജൂണ്‍ 2020ല്‍ നടക്കേണ്ട ബംഗ്ലാദേശ് – ഓസ്ട്രേലിയ പരമ്പര കൊറോണ വ്യാപനത്തെത്തുടര്‍ന്ന് തല്‍ക്കാലം ഉപേക്ഷിക്കുവാന്‍ തീരുമാനിക്കുകയായിരുന്നു ഇരു ബോര്‍ഡുകളും. പരമ്പര അടുത്ത വര്‍ഷത്തേക്ക് നീട്ടുകയാണെങ്കില്‍ ഐസിസിയുടെ ഒരു വര്‍ഷത്തെ വിലക്ക് നേരിടുന്ന ഷാക്കിബ് തിരികെ എത്തുവാനുള്ള സാധ്യതയുണ്ട്. 2020 ഒക്ടോബര്‍ 29നാണ് ഷാക്കിബിന്റെ വിലക്ക് അവസാനിക്കുന്നത്.

ടെസ്റ്റ് പരമ്പര നീട്ടി വെച്ചതില്‍ തനിക്ക് ഒരു വിഷമവുമില്ലെന്നാണ് മോമിനുള്‍ ഹക്ക് വ്യക്തമാക്കിയത്. ഷാക്കിബിന്റെ ടീമിലേക്ക് മടങ്ങി വരവ് ടീമിനെ സ്വാഭാവികമായി തന്നെ ശക്തിപ്പെടുത്തുവെന്നും മോമിനുള്‍ വ്യക്തമാക്കി.

സിംബാബ്‍വേയ്ക്കെതിരെയുള്ള ജയം പാക്കിസ്ഥാന്‍ പരമ്പരയ്ക്ക് ആത്മവിശ്വാസം നല്‍കുന്നു

സിംബാബ്‍വേയ്ക്കെതിരെ ബംഗ്ലാദേശ് നേടിയ ഇന്നിംഗ്സ് ജയം പാക്കിസ്ഥാനെതിരെയുള്ള ടെസ്റ്റ് മത്സരങ്ങള്‍ക്ക് മുമ്പ് ടീമിന് വേണ്ട ആത്മവിശ്വാസം നല്‍കുമെന്ന് പറഞ്ഞ് മോമിനുള്‍ ഹക്ക്. ആറ് തുടര്‍പരാജയങ്ങള്‍ക്ക് അവസാനം കുറിയ്ക്കുവാനും ബംഗ്ലാദേശിന് ഈ വിജയത്തോടെ കഴിഞ്ഞു. ഒരു മത്സരം വിജയിക്കുക എന്നത് ഏതൊരു ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നതാണെന്നും ടീം ക്യാപ്റ്റന്‍ മോമിനുള്‍ വ്യക്തമാക്കി.

നാട്ടിലായാലും പുറത്തായാലും മികച്ച ക്രിക്കറ്റ് കളിക്കുക എന്നതാണ് ടീമിന്റെ ലക്ഷ്യമെന്നും പേസര്‍മാരെ വേണ്ട വിധത്തില്‍ ഉപയോഗിക്കുക എന്നതാണ് ടീമിന്റെ ക്യാപ്റ്റനെന്ന നിലയില്‍ താന്‍ ചെയ്യേണ്ടതെന്നും മോമിനുള്‍ വ്യക്തമാക്കി.

ഇരട്ട ശതകവുമായി മുഷ്ഫിക്കുര്‍ റഹിം, കൂറ്റന്‍ സ്കോര്‍ നേടി ബംഗ്ലാദേശ്, രണ്ടാം ഇന്നിംഗ്സില്‍ സിംബാബ്‍വേയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടം

സിംബാബ്‍വേയ്ക്കെതിരെ ധാക്ക ടെസ്റ്റില്‍ കൂറ്റന്‍ സ്കോര്‍ നേടി ബംഗ്ലാദേശ്. മുഷ്ഫിക്കുര്‍ റഹിം 203 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ 154 ഓവറില്‍ 560/6 എന്ന സ്കോറില്‍ ബംഗ്ലാദേശ് തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. മോമിനുള്‍ ഹക്ക് 132 റണ്‍സ് നേടിയപ്പോള്‍ ലിറ്റണ്‍ ദാസ് 53 റണ്‍സ് നേടി.

മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ സിംബാബ്‍വേ തങ്ങളുടെ രണ്ടാം ഇന്നിംഗ്സില്‍ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ട് നില്‍ക്കുകയാണ്. 9/2 എന്ന നിലയിലുള്ള ടീം 286 റണ്‍സ് പിന്നിലായാണ് ഇപ്പോള്‍ നില്‍ക്കുന്നത്. ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കുക എന്ന ശ്രമകരമായ ദൗത്യമാണ് സിംബാബ്‍വേയ്ക്ക് മുന്നിലുള്ളത്. നയീം ഹസനാണ് രണ്ട് വിക്കറ്റും ലഭിച്ചത്.

മോമിനുള്‍ ഹക്കിനും മുഷ്ഫിക്കുര്‍ റഹിമിനും ശതകം , ബംഗ്ലാദേശ് കുതിയ്ക്കുന്നു

ധാക്ക ടെസ്റ്റില്‍ സിംബാബ്‍വേയുടെ 265 റണ്‍സെന്ന ഒന്നാം ഇന്നിംഗ്സ് സ്കോറിന് മറുപടിയായി ബംഗ്ലാദേശിന്റെ മികച്ച ബാറ്റിംഗ് പ്രകടനം. മൂന്നാം ദിവസം ഉച്ച ഭക്ഷണത്തിനായി ടീമുകള്‍ പിരിയുമ്പോള്‍ ബംഗ്ലാദേശ് 351/3 എന്ന നിലയിലാണ്. മോമിനുള്‍ ഹക്ക് 119 റണ്‍സും മുഷ്ഫിക്കുര്‍ റഹിം 99 റണ്‍സിലുമാണ് ലഞ്ച് സമയത്തെ സ്കോര്‍.

ഉച്ച ഭക്ഷണത്തിന് ശേഷം കളി പുനരാരംഭിച്ച ആദ്യ ഓവറില്‍ തന്നെ മുഷ്ഫിക്കുര്‍ റഹിം തന്റെ ശതകം പൂര്‍ത്തിയാക്കി. നജ്മുള്‍ ഹൊസൈന്‍ ഷാന്റോ(71), തമീം ഇക്ബാല്‍(41) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. ബംഗ്ലാദേശ് 102 ഓവര്‍ പിന്നിടുമ്പോള്‍ 108 റണ്‍സ് ലീഡോടെ 373/3 എന്ന നിലയിലാണ്.

ശതകം ബൗണ്ടറിയിലൂടെ നേടിയ മുഷ്ഫിക്കുര്‍ പിന്നീട് ബൗണ്ടറികളുടെയാണ് സ്കോറിംഗ് നടത്തിയത്. മോമിനുള്‍ 122 റണ്‍സും മുഷ്ഫിക്കുര്‍ 117 റണ്‍സും നേടിയാണ് ക്രീസിലുള്ളത്.

ടീമായി കളിക്കുവാന്‍ ബംഗ്ലാദേശിന് ആയില്ല, മെച്ചപ്പെടുവാന്‍ ഒട്ടേറെ മേഖലകള്‍

ഇന്ത്യയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ ഒരു ടീമായി ബംഗ്ലാദേശിന് കളിക്കാനായില്ലെന്ന് പറഞ്ഞ് ടീം ക്യാപ്റ്റന്‍ മോമിനുള്‍ ഹക്ക്. ഒട്ടനവധി കാര്യങ്ങളില്‍ ടീം ഇനിയും മെച്ചപ്പെടുവാനുണ്ടെന്നും അവ തിരുത്തിയാല്‍ വരുന്ന ടെസ്റ്റ് മത്സരങ്ങളില്‍ ടീമിന് മികച്ച പ്രകടനം പുറത്തെടുക്കുവാനാകുമെന്നും മോമിനുള്‍ വ്യകതമാക്കി.

പാര്‍ട്ണര്‍ഷിപ്പുകള്‍ പടുത്തുയര്‍ത്തുവാന്‍ ടീമിന് വലിയ പ്രയാസം ഉണ്ടായമെന്നും അതിനാണ് വലിയ വില നല്‍കേണ്ടതെന്നും മോമിനുള്‍ ഹക്ക് വ്യക്തമാക്കി. ഈ പരമ്പരയില്‍ നിന്ന് ഒട്ടനവധി പാഠങ്ങള്‍ ടീമിന് ഉള്‍ക്കൊള്ളാനുണ്ട്, ഇത്തരത്തിലൊരു ബൗളിംഗ് യൂണിറ്റിനെ എങ്ങനെ നേരിടണമെന്നും അതിന് എന്തെല്ലാം തയ്യാറെടുപ്പുകള്‍ വേണമെന്നും ടീമിന് വ്യക്തമായെന്ന് മോമിനുള്‍ പറഞ്ഞു.

ഒരു ടീമെന്ന നിലയില്‍ ഈ പാഠം ഏവരും ഉള്‍ക്കൊള്ളുമെന്നും വരുന്ന പരമ്പരയില്‍ അത് ഞങ്ങളെ സഹായിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്ന് മോമിനുള്‍ പറഞ്ഞു. തങ്ങള്‍ക്ക് ടെക്നിക്കല്‍ ആയി പ്രശ്നങ്ങളെന്നും ഇല്ലെന്നും എന്നാല്‍ അവിടെ മെച്ചപ്പെടുവാന്‍ ഇനിയും ആകുമെന്നും പറഞ്ഞ മോമിനുള്‍ ടീം ഇനി ടാക്ടിക്കലായിയാണ് മെച്ചപ്പെടുവാനുള്ളതെന്ന് പറഞ്ഞു.

ബംഗ്ലാദേശ് സ്പിന്നര്‍മാരെ കൂടുതല്‍ ആശ്രയിക്കുന്നത് കുറയ്ക്കേണ്ട സമയമായി – മോമിനുള്‍ ഹക്ക്

ബംഗ്ലാദേശ് തങ്ങളുടെ പേസര്‍മാരെ കൂടുതല്‍ പ്രാധാന്യം നല്‍കേണ്ട സമയമായെന്ന് അഭിപ്രായപ്പെട്ട് ബംഗ്ലാദേശ് ടെസറ്റ് ക്യാപ്റ്റന്‍ മോമിനുള്‍ ഹക്ക്. ഇന്ത്യയ്ക്കെതിരെ ഇരു ടെസ്റ്റുകളിലും പരാജയപ്പെട്ടുവെങ്കിലും വലിയൊരു പാഠമായിരുന്നു ഈ പരമ്പരയെന്നും ഭാവിയില്‍ ടീമിന് മികച്ച രീതിയില്‍ പ്രകടനം പുറത്തെടുക്കുവാന്‍ ഈ പരമ്പര സഹായിക്കുമെന്നും മോമിനുള്‍ പറഞ്ഞു.

ഇന്‍ഡോറിലും കൊല്‍ക്കത്തയിലും ബംഗ്ലാദേശിനെ നിഷ്പ്രഭമാക്കിയാണ് ഇന്ത്യ വിജയം കൊയ്തത്. ബംഗ്ലാദേശ് സ്പിന്നര്‍മാരെ അമിതമായി ആശ്രയിക്കുന്നത് മതിയാക്കി പേസര്‍മാര്‍ക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കേണ്ട സമയം ആയെന്നും മോമിനുള്‍ വ്യക്തമാക്കി.

ബംഗ്ലാദേശിലെ ആഭ്യന്തര ക്രിക്കറ്റിലെ പിച്ചുകള്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി മാറിയെന്നും ഇപ്പോള്‍ പേസര്‍മാര്‍ക്കും പിച്ചുകളില്‍ നിന്ന് പിന്തുണ ലഭിയ്ക്കുന്നുണ്ടെന്നും മുമ്പത്തെ പോലെ സ്പിന്‍ അനുകൂല പിച്ചുകള്‍ മാത്രമല്ലെന്നും മോമിനുള്‍ വ്യക്തമാക്കി.

ഡേ-നൈറ്റ് ടെസ്റ്റുകള്‍ക്ക് മുമ്പ് ആവശ്യത്തിന് പരിശീലന മത്സരങ്ങള്‍ വേണം

ഡേ നൈറ്റ് ടെസ്റ്റുകള്‍ക്ക് മുമ്പ് ആവശ്യത്തിന് പരിശീലന മത്സരങ്ങള്‍ വേണമെന്ന് പറഞ്ഞ് ബംഗ്ലാദേശ് ക്യാപ്റ്റന്‍ മോമിനുള്‍ ഹക്ക്. നാളെ ഇന്ത്യയും ബംഗ്ലാദേശും ഈഡന്‍ ഗാര്‍ഡന്‍സില്‍ ചരിത്രപരമായ പിങ്ക് ബോള്‍ ടെസ്റ്റിന് ഇറങ്ങുകയാണ്. സമാനമായ സാഹചര്യത്തില്‍ ആവശ്യത്തിന് പരിശീലന മത്സരങ്ങളുണ്ടെങ്കില്‍ ഇരു ടീമുകള്‍ക്കും അത് ഗുണം ചെയ്യുമെന്ന് മോമിനുള്‍ വ്യക്തമാക്കി.

ഇപ്പോള്‍ ടീമുകള്‍ക്ക് ഏതാനും നെറ്റ് സെഷനുകള്‍ മാത്രമാണ് പരിശീലനമായി ലഭിച്ചിട്ടുള്ളത്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ‍്‍ലിയും സമാനമായ അഭിപ്രായം പങ്കുവെച്ചിരുന്നു.

ഇപ്രാവശ്യം ടെസ്റ്റ് പരമ്പരയിലേക്ക് ആവശ്യത്തിന് പരിശിലീനമില്ലാതെയാണ് ബംഗ്ലാദേശ് എത്തിയത്. ടി20 പരമ്പര കഴിഞ്ഞ് നേരെ ഇന്‍ഡോര്‍ ടെസ്റ്റിനാണ് ടീം ഇറങ്ങിയത്.

തങ്ങള്‍ക്ക് പരിശീലനം ആവശ്യത്തിന് ലഭിച്ചില്ലെങ്കിലും അതില്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാനാകുന്നതല്ലെന്നും മോമിനുള്‍ വ്യക്തമാക്കി.

ഈ ടെസ്റ്റില്‍ ബംഗ്ലാദേശിന് ഓര്‍മ്മയില്‍ സൂക്ഷിക്കാവുന്നത് രണ്ട് പേരുടെ പ്രകടനം മാത്രം

ബൗളിംഗില്‍ അബു ജയേദും ബാറ്റിംഗില്‍ മുഷ്ഫിക്കുര്‍ റഹിമും മാത്രമാണ് ബംഗ്ലാദേശിന് ഇന്‍ഡോര്‍ ടെസ്റ്റില്‍ നിന്ന് ആശ്വസിക്കാവുന്ന കാര്യമെന്ന് പറഞ്ഞ് ബംഗ്ലാദേശ് നായകന്‍ മോമിനുള്‍ ഹക്ക്. ഇന്ത്യയ്ക്കെതിരെ ഒരിന്നിംഗ്സിന്റെയും 130 റണ്‍സിന്റെയും പരാജയം ബംഗ്ലാദേശ് ഏറ്റു വാങ്ങിയപ്പോള്‍ ഇരു ഇന്നിംഗ്സുകളിലായി (43+64) 107 റണ്‍സ് നേടിയിരുന്നു. ബൗളിംഗില്‍ 4 ഇന്ത്യന്‍ വിക്കറ്റ് വീഴ്ത്തി അബു ജയേദും തിളങ്ങിയെങ്കിലും ഇതൊന്നും ഇന്ത്യയ്ക്ക് വെല്ലുവിളിയുര്‍ത്തുവാന്‍ പോകുന്നതായിരുന്നു.

ഇന്ത്യയുടെ ബൗളിംഗ് നിര അതി ശക്തമായിരുന്നുവെന്നും ബംഗ്ലാദേശ് ബാറ്റിംഗ് ടോപ് ഓര്‍ഡറിന് അത് കനത്ത വെല്ലുവിളിയായിരുന്നു. അടുത്ത പിങ്ക് ബോള്‍ ടെസ്റ്റ് മാച്ച് ആസ്വദിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും മോമിനുള്‍ വ്യക്തമാക്കി.

ഇന്ത്യയുടെ പോലെയുള്ള ശക്തരായ പേസ് അറ്റാക്കുകളെ നേരിടുവാനുള്ള മനഃക്കരുത്ത് ബംഗ്ലാദേശിനുണ്ടാകണം

ഇന്ത്യയുടെ ഇഷാന്ത് ശര്‍മ്മ, മുഹമ്മദ് ഷമി, ഉമേഷ് യാദവ് എന്നിവരടങ്ങിയ പേസ് ബൗളിംഗ് നിരയെ നേരിടുവാനുള്ള മനഃക്കരുത്ത് ബംഗ്ലാദേശിന് ഉണ്ടാകണമെന്നും അത് ഉണ്ടായില്ലെന്നും അറിയിച്ച് ബംഗ്ലാദേശ് നായകന്‍ മോമിനുള്‍ ഹക്ക്. ഇന്ത്യയ്ക്കെതിരെ ഇന്‍ഡോര്‍ ടെസ്റ്റിലെ ആദ്യ ദിവസം 150 റണ്‍സിന് ഓള്‍ഔട്ട് ആയ ശേഷം പ്രതികരിക്കുകയായിരുന്നു താരം. ഇന്ത്യയുടെ പേസ് മൂവര്‍ സംഘം 7 വിക്കറ്റാണ് തമ്മില്‍ നേടിയത്.

വിക്കറ്റ് കളിക്കാനാകാത്ത തരത്തിലുള്ള ഒന്നല്ലായിരുന്നുവെന്നും ലോക ക്രിക്കറ്റിലെ ഒന്നാം നമ്പര്‍ ടീമിനെ നേരിടുമ്പോള്‍ ടീം മാനസികമായ കരുത്തരായിരിക്കണമെന്നും മോമിനുള്‍ വ്യക്തമാക്കി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തത് ശരിയായ തീരുമാനം തന്നെയാണെന്നും മോമിനുള്‍ വ്യക്തമാക്കി. തങ്ങള്‍ക്ക് മികച്ച തുടക്കം ലഭിച്ചിരുന്നുവെങ്കില്‍ ഇതിനെ ആരും ചോദ്യം ചെയ്യില്ലായിരുന്നുവെന്നും മോമിനുള്‍ വ്യക്തമാക്കി.

Exit mobile version