മോശം ബാറ്റിംഗ് പ്രകടനം തോല്‍വിയ്ക്ക് കാരണം, ടോസിന് വലിയ പ്രഭാവം – മോമിനുള്‍ ഹക്ക്

ലങ്കയ്ക്കെതിരെയുള്ള തോല്‍വിയ്ക്ക് കാരണം ടോസ് നഷ്ടമായതും മോശം ബാറ്റിംഗ് പ്രകടനവുമാണെന്ന് പറഞ്ഞ് ബംഗ്ലാദേശ് ക്യാപ്റ്റന്‍ മോമിനുള്‍ ഹക്ക്. ടോസ് മത്സരത്തിനെ 50 ശതമാനത്തോളം ബാധിച്ചുവെന്നാണ് ബംഗ്ലാദേശ് ക്യാപ്റ്റന്‍ പറഞ്ഞത്. 209 റണ്‍സിന്റെ തോല്‍വിയാണ് മത്സരത്തില്‍ ബംഗ്ലാദേശ് ഏറ്റുവാങ്ങിയത്.

രണ്ട് ലോകോത്തര സ്പിന്നര്‍മാരുള്ളതിനാല്‍ തന്നെ ടീമിന്റെ കോമ്പിനേഷന്‍ തെറ്റായി എന്ന് തനിക്ക് തോന്നുന്നില്ലെന്നും മോമിനുള്‍ വ്യക്തമാക്കി. ടീമിന്റെ മോശം ബാറ്റിംഗ് ആണ് തിരിച്ചടിയായതെന്നും ബംഗ്ലാദേശ് നായകന്‍ സൂചിപ്പിച്ചു.

ശ്രീലങ്ക മൂന്ന് സ്പിന്നര്‍മാരുമായാണ് മത്സരത്തിനിറങ്ങിയതെങ്കില്‍ ബംഗ്ലാദേശ് പേസര്‍മാര്‍ക്കാണ് പ്രാമുഖ്യം നല്‍കിയത്.

ബംഗ്ലാദേശിന് പുറത്ത് ആദ്യ ശതകം തികച്ച മോമിനുള്‍ ഹക്ക്, ബംഗ്ലാദേശ് കൂറ്റന്‍ സ്കോറിലേക്ക്

ശ്രീലങ്കയ്ക്കെതിരെയുള്ള ഒന്നാം ടെസ്റ്റിന്റെ രണ്ടാം ദിവസം ല‍ഞ്ചിനായി പിരിയുമ്പോള്‍ ബംഗ്ലാദേശ് കൂറ്റന്‍ സ്കോറിലേക്ക് നീങ്ങുന്നു. ഇന്നലെ ശതകം നേടിയ നജ്മുള്‍ ഹൊസൈന്‍ ഷാന്റോയോടൊപ്പം ഇന്ന് മോമിനുള്‍ ഹക്കും ശതകം പൂര്‍ത്തിയാക്കിയപ്പോള്‍ ഉച്ച ഭക്ഷണത്തിനായി ടീമുകള്‍ പിരിയുമ്പോള്‍ ബംഗ്ലാദേശ് 378/2 എന്ന നിലയിലാണ്.

226 റണ്‍സ് കൂട്ടുകെട്ട് നേടി നജ്മുള്‍ – മോമിനുള്‍ കൂട്ടുകെട്ടാണ് ക്രീസിലുള്ളത്. മോമിനുള്‍ തന്റെ 11ാമത്തെ ടെസ്റ്റ് ശതകം ആണ് നേടിയത്. ബംഗ്ലാദേശിന് പുറത്ത് ഇത് താരത്തിന്റെ ആദ്യത്തെ ശതകം ആണ്. ഒന്നാം സെഷന്‍ അവസാനിക്കുമ്പോള്‍ നജ്മുള്‍ ഷാന്റോ 155 റണ്‍സും മോമിനുള്‍ ഹക്ക് 107 റണ്‍സും നേടിയാണ് ക്രീസിലുള്ളത്. ഇന്ന് ആദ്യ സെഷനില്‍ വിക്കറ്റ് നഷ്ടമില്ലാതെ 76 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്.

ഒന്നാം ദിവസം മികച്ച നിലയില്‍ അവസാനിപ്പിച്ച് ബംഗ്ലാദേശ്, നജ്മുളിന് കന്നി ടെസ്റ്റ് ശതകം

ശ്രീലങ്കയ്ക്കെതിരെയുള്ള ഒന്നാം ടെസ്റ്റില്‍ കരുതുറ്റ നിലയില്‍ ബംഗ്ലാദേശ്. ഇന്ന് മത്സരത്തിന്റെ ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ 302/2 എന്ന നിലയിലാണ് ബംഗ്ലാദേശ്. നജ്മുള്‍ ഹൊസൈന്‍ ഷാന്റോയും മോമിനുള്‍ ഹക്കുമാണ് 150 റണ്‍സ് മൂന്നാം വിക്കറ്റില്‍ നേടി ക്രീസിലുള്ളത്.

നജ്മുള്‍ ഹൊസൈന്‍ ഷാന്റെ 126 റണ്‍സും മോമിനുള്‍ ഹക്ക് 64 റണ്‍സും നേടിയിട്ടുണ്ട്. സൈഫ് ഹസ്സനെ(0) നഷ്ടമായ ശേഷം ഷാന്റോയും തമീം ഇക്ബാലും 144 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ നേടിയത്. 90 റണ്‍സ് നേടിയ തമീം ഇക്ബാലിനെ വീഴ്ത്തി വിശ്വ ഫെര്‍ണാണ്ടോ മത്സരത്തിലെ തന്റെ രണ്ടാമത്തെ വിക്കറ്റ് നേടുകയായിരുന്നു.

ശ്രീലങ്കയില്‍ ബാറ്റിംഗ് യൂണിറ്റ് അവസരത്തിനൊത്തുയരണം – മോമിനുള്‍ ഹക്ക്

ശ്രീലങ്കയില്‍ പരമ്പര സ്വന്തമാക്കുവാന്‍ ബാറ്റ്സ്മാന്മാരില്‍ നിന്ന് മികച്ച റണ്‍സ് വരേണ്ടതുണ്ടെന്ന് പറഞ്ഞ് മോമിനുള്‍ ഹക്ക്. കഴിഞ്ഞ കുറച്ച് പരമ്പരകളിലായി പരിശോധന നടത്തുകയാണെങ്കില്‍ ബാറ്റിംഗ് യൂണിറ്റ് ആണ് പരാജയപ്പെടുന്നതെന്നും ശ്രീലങ്കയില്‍ അവരില്‍ നിന്ന് റണ്‍സ് വന്നാല്‍ മാത്രമേ ടീമിന് പരമ്പര വിജയിക്കാനാകുകയുള്ളുവെന്ന് ബംഗ്ലാദേശ് ടെസ്റ്റ് നായകന്‍ പറഞ്ഞു.

സാഹചര്യങ്ങള്‍ അനുവദിക്കുകയാണെങ്കില്‍ താന്‍ കൂടുതല്‍ പേസര്‍മാരെ ടീമില്‍ ഉള്‍പ്പെടുത്തുവാന്‍ തയ്യാറാണെന്നും ഭാവിയിലേക്ക് മികച്ച പേസ് ബൗളിംഗ് സംഘത്തെ വളര്‍ത്തിയെടുക്കേണ്ടത് ഏറെ ആവശ്യമാണെന്നും മോമിനുള്‍ പറഞ്ഞു. പേസര്‍മാരും സ്പിന്നര്‍മാരും കുറച്ച് നാളായി മികവ് പുലര്‍ത്തുന്നുണ്ടെങ്കിലും ടീമിന് തിരിച്ചടിയായി മാറുന്നത് ബാറ്റിംഗിലെ പരാജയം ആണെന്ന് മോമിനുള്‍ ഹക്ക് തുറന്ന് സമ്മതിച്ചു.

കഴിഞ്ഞ അഞ്ച് – ആറ് ടെസ്റ്റ് മത്സരങ്ങളില്‍ വേണ്ട ഫലം ലഭിച്ചില്ലെന്നും വിജയം സ്വന്തമാക്കാനാകുന്നില്ലെങ്കില്‍ ടീമില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തുവാന്‍ സാധിക്കുകയില്ലെന്നും മോമിനുള്‍ വ്യക്തമാക്കി.

സമ്മര്‍ദ്ദമുണ്ടെങ്കിലും ക്യാപ്റ്റന്‍സി താന്‍ ആസ്വദിക്കുന്നു

ടീം പരാജയപ്പെടുമ്പോള്‍ ക്യാപ്റ്റനെന്ന നിലയില്‍ തനിക്ക് സമ്മര്‍ദ്ദമുണ്ടെന്നും എന്നാല്‍ താന്‍ തന്റെ ക്യാപ്റ്റന്‍സി ആസ്വിദിക്കുന്നുണ്ടെന്നും പറഞ്ഞ് ബംഗ്ലാദേശ് നായകന്‍ മോമിനുള്‍ ഹക്ക്. സമ്മര്‍ദ്ദ സമയത്ത് മുന്നില്‍ നിന്ന് നയിച്ച് ബാറ്റിംഗിനു കോട്ടം തട്ടാതെ രീതിയില്‍ ടീമിന്റെ ക്യാപ്റ്റന്‍സി ദൗത്യം ഏറ്റെടുക്കുക എന്നതാണ് ഏതൊരു ക്യാപ്റ്റന്റെയും വിജയ മന്ത്രം എന്ന് മോമിനുള്‍ വ്യക്തമാക്കി.

പരാജയങ്ങളില്‍ നിന്നും പോസിറ്റീവുകള്‍ കണ്ടെത്തി അതില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുകയെന്നതാണ് സമ്മര്‍ദ്ദ ഘട്ടത്തില്‍ ഒരു ക്യാപ്റ്റനെന്ന നിലയില്‍ താന്‍ ‍ചെയ്യേണ്ടതെന്നും മോമിനുള്‍ വ്യക്തമാക്കി. സമ്മര്‍ദ്ദത്തിലാകുമ്പോള്‍ ആ സമ്മര്‍ദ്ദം ആസ്വദിക്കുവാന്‍ തുടങ്ങിയാല്‍ ക്യാപ്റ്റനെന്ന നിലയില്‍ നിങ്ങള്‍ വളരുമെന്നും മോമിനുള്‍ സൂചിപ്പിച്ചു.

ബംഗ്ലാദേശ് ടെസ്റ്റ് മത്സരങ്ങള്‍ വിജയിച്ച് തുടങ്ങേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു – മോമിനുള്‍ ഹക്ക്

ടെസ്റ്റ് ഫോര്‍മാറ്റില്‍ ബംഗ്ലാദേശ് മത്സരങ്ങള്‍ വിജയിച്ച് തുടങ്ങേണ്ട സാഹചര്യം അതിക്രമിച്ചു കഴിഞ്ഞുവെന്ന് പറഞ്ഞ് ടീം ക്യാപ്റ്റന്‍ മോമിനുള്‍ ഹക്ക്. എന്നും ലേണിംഗ് മോഡില്‍ തുടരാന്‍ ബംഗ്ലാദേശിന് സാധിക്കില്ലെെന്നും മത്സരങ്ങള്‍ വിജയിക്കേണ്ട സ്ഥിതിയിലേക്ക് ടീം എത്തിയെന്നും മോമിനുള്‍ ഹക്ക് വ്യക്തമാക്കി. ബംഗ്ലാദേശില്‍ എത്തിയ രണ്ടാം നിര വിന്‍ഡീസ് ടീം വരെ രണ്ട് ടെസ്റ്റ് മത്സരങ്ങളും വിജയിച്ച് പരമ്പര സ്വന്തമാക്കി മടങ്ങിയ സാഹചര്യത്തിലൂടെയാണ് ടീം കടന്ന് പോകുന്നത്.

കഴിഞ്ഞ 20 വര്‍ഷമായി ടീം ലേണിംഗ് മോഡിലായിരുന്നുവെന്നും തനിക്ക് ഇനിയും ഈ മോഡില്‍ തുടരണമെന്നില്ലെന്നും പറഞ്ഞ മോമിനുള്‍ ഇനിയൊരു പത്ത് വര്‍ഷം കൂടി ടീം ഈ ഘട്ടത്തിലൂടെ തന്നെ പോകുകയാണെങ്കില്‍ താരങ്ങളുടെ എല്ലാം കരിയര്‍ അവസാനിച്ചതായി കരുതാമെന്നും പറഞ്ഞു. വേഗത്തില്‍ പഠിച്ച് ആ പഠനത്തിന്റെ ഫലം നല്‍കുക എന്നതാണ് ഏറ്റവും പ്രധാനമായ കാര്യമെന്നും മോമിനുള്‍ വ്യക്തമാക്കി.

വിന്‍ഡീസിന് 395 റണ്‍സ് വിജയ ലക്ഷ്യം നല്‍കി ബംഗ്ലാദേശ്

വിന്‍ഡീസിനെതിരെ തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് 223/8 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത് ബംഗ്ലാദേശ്. ഇതോടെ 395 റണ്‍സ് വിജയ ലക്ഷ്യമാണ് വിന്‍ഡീസിന് മുന്നില്‍ ബംഗ്ലാദേശ് വെച്ച് നീട്ടിയത്. മോമിനുള്‍ ഹക്ക്(115), ലിറ്റണ്‍ ദാസ്(69) എന്നിവരുടെ പ്രകടനങ്ങള്‍ക്ക് ശേഷം ജോമല്‍ വാരിക്കനും ഷാനണ്‍ ഗബ്രിയേലും വിക്കറ്റുകളുമായി വിന്‍ഡീസിന് വേണ്ടി മികവ് പുലര്‍ത്തുന്നതാണ് ചട്ടോഗ്രാമില്‍ കണ്ടത്.

റഖീം കോണ്‍വാലും ജോമല്‍ വാരിക്കനും മൂന്ന് വിക്കറ്റ് വീതം നേടിയപ്പോള്‍ ഷാനണ്‍ ഗബ്രിയേലിന് രണ്ട് വിക്കറ്റ് ലഭിച്ചു. 18/0 എന്ന നിലയിലാണ് വിന്‍ഡീസ് ചായയ്ക്ക് പിരിയുമ്പോള്‍.

മോമിനുള്‍ ഹക്കിന് അര്‍ദ്ധ ശതകം, ബംഗ്ലാദേശിന്റെ ലീഡ് മുന്നൂറ് കടന്നു

വിന്‍ഡീസിനെതിരെ ആദ്യ ടെസ്റ്റിന്റെ നാലാം ദിവസം ലഞ്ചിനായി പിരിയുമ്പോള്‍ ബംഗ്ലാദേശ് 149/4 എന്ന നിലയില്‍. മത്സരത്തില്‍ 320 റണ്‍സിന്റെ ലീഡ് ബംഗ്ലാദേശിന്റെ കൈവശമുണ്ട്. 83 റണ്‍സ് നേടിയ ക്യാപ്റ്റന്‍ മോമിനുള്‍ ഹക്കിന്റെ പ്രകടനം ആണ് മത്സരത്തില്‍ ബംഗ്ലാദേശിന് മേല്‍ക്കൈ നേടിക്കൊടുത്തത്.

ലിറ്റണ്‍ ദാസ് 38 റണ്‍സുമായി ക്രീസില്‍ മോമിനുള്ളിനൊപ്പം നില്‍ക്കുന്നു. ഇരുവരും ചേര്‍ന്ന് 76 റണ്‍സിന്റെ കൂട്ടുകെട്ടാണ് നേടിയിട്ടുള്ളത്. റഖീം കോണ്‍വാല്‍ വിന്‍ഡീസിനായി മൂന്ന് വിക്കറ്റ് നേടി.

 

രണ്ടാം ഇന്നിംഗ്സില്‍ ബംഗ്ലാദേശിന്റെ തുടക്കം മോശം

വിന്‍ഡീസിനെ 259 റണ്‍സിന് പുറത്താക്കിയ ശേഷം രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന്റെ തുടക്കം മോശം. മൂന്നാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ 218 റണ്‍സ് ലീഡ് നേടിയ ബംഗ്ലാദേശ് 47/3 എന്ന നിലയിലാണ് രണ്ടാം ഇന്നിംഗ്സില്‍.

ഇന്നിംഗ്സിന്റെ രണ്ടാം ഓവറില്‍ തമീം ഇക്ബാലിനെയും നജ്മുള്‍ ഹൊസൈന്‍ ഷാന്റോയെയും മൂന്ന് പന്തുകളുടെ ഇടവേളയില്‍ പുറത്താക്കി റഖീം കോണ്‍വാല്‍ ആണ് ബംഗ്ലാദേശിനെ 1/2 എന്ന നിലയിലേക്ക് ആക്കിയത്. ഷദ്മന്‍ ഇസ്ലാമിനെ(5) നഷ്ടമാകുമ്പോള്‍ ബംഗ്ലാദേശ് 33/3 എന്ന നിലയിലായിരുന്നു.

31 റണ്‍സ് നേടിയ ക്യാപ്റ്റന്‍ മോമിനുള്‍ ഹക്കും 10 റണ്‍സുമായി മുഷ്ഫിക്കുര്‍ റഹിമുമാണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്.

മോമിനുള്‍ ഹക്കിന് പരിക്ക്, ബംഗബന്ധു ടി20 കപ്പില്‍ കളിക്കില്ല

പരിക്കേറ്റ ബംഗ്ലാദേശ് ടെസ്റ്റ് ക്യാപ്റ്റന്‍ മോമിനുള്‍ ഹക്ക് ഇപ്പോള്‍ നടക്കുന്ന ബംഗബന്ധു ടി20 കപ്പില്‍ കളിക്കില്ല. ചിറ്റോഗ്രാമിന് വേണ്ടി ജെംകോണ്‍ ഖുല്‍നയെ നേരിടുമ്പോള്‍ ആണ് താരത്തിന്റെ കൈവിരലിന് പൊട്ടലേറ്റത്. നാല് മുതല്‍ ആറ് ആഴ്ച വരെ ഈ പരിക്ക് മാറുവാന്‍ വേണ്ടി വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ജനുവരിയില്‍ വിന്‍ഡീസിനെ നേരിടുവാന്‍ ബംഗ്ലാദേശ് തയ്യാറെടുക്കുന്ന സമയത്തിനുള്ളില്‍ താരത്തിന്റെ പരിക്ക് ഭേദമാകുമെന്നാണ് കരുതപ്പെടുന്നത്. പരമ്പരയില്‍ മൂന്ന് ടെസ്റ്റും ഏകദിനവും രണ്ട് ടി20 മത്സരവുമാണ് ഉണ്ടാകുക.

ലോക്ക്ഡൗണ്‍ ഗുണകരം, താരങ്ങള്‍ക്ക് മാനസികമായി ശക്തിപ്പെടുവാനുള്ള അവസരം ലഭിച്ചിട്ടുണ്ട്

ലോക്ക്ഡൗണ്‍ പ്രയാസകരമായ അവസ്ഥയാണെങ്കിലും താരങ്ങള്‍ക്ക് അത് ഗുണകരമായി മാറ്റുവാന്‍ പറ്റാവുന്നതാണെന്ന് പറഞ്ഞ് ബംഗ്ലാദേശ് ടെസ്റ്റ് ക്യാപ്റ്റന്‍ മോമിനുള്‍ ഹക്ക്. പരിശീലനമോ വ്യായാമോ പൂര്‍ണ്ണ തോതില്‍ താരങ്ങള്‍ക്ക് ചെയ്യാനായില്ലെങ്കിലും മാനസികമായി ശക്തിപ്പെടുവാനുള്ള അവസരം ഈ ലോക്ക്ഡൗണ്‍ കാലം നല്‍കിയിട്ടുണ്ടെന്ന് മോമിനുള്‍ ഹക്ക് വ്യക്തമാക്കി.

തങ്ങളുടെ ഗെയിം പ്ലാന്‍ മനസ്സിലാക്കുവാനും മൈന്‍ഡ് സെറ്റ് പാകപ്പെടുത്തുവാനും ഈ കാലം ഉപയോഗിച്ചവരാണ് ഭൂരിഭാഗം താരങ്ങളെന്നും താന്‍ വിശ്വസിക്കുന്നുവെന്നും മോമിനുള്‍ വ്യക്തമാക്കി. കോച്ചുമാരുമായി ഓണ്‍ലൈനിലൂടെ താരങ്ങള്‍ സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ടെന്നും ബംഗ്ലാദേശ് നായകന്‍ അഭിപ്രായപ്പെട്ടു.

ഈ ഇടവേള കാലത്ത് തങ്ങള്‍ എന്താണോ പുതുതായി മനസ്സിലാക്കിയത്, ആ വസ്തുതകളെ മുറുകെ പിടിച്ചാല്‍ മികച്ച ഫലം ഭാവിയില്‍ താരങ്ങള്‍ക്ക് വ്യക്തിഗതമായും ടീമിന് മൊത്തമായും ലഭിയ്ക്കുമെന്നും താരം വ്യക്തമാക്കി.

ശ്രീലങ്ക പരമ്പരയ്ക്ക് മുമ്പ് ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്താനാകുമെന്ന് പ്രതീക്ഷ – മോമിനുള്‍ ഹക്ക്

ശ്രീലങ്കയ്ക്കെതിരെ നടക്കുവാനിരിക്കുന്ന പരമ്പരയ്ക്ക് മുമ്പ് ബംഗ്ലാദേശിന് ആവശ്യമായ തയ്യാറെടുപ്പുകള്‍ക്ക് വേണ്ട സമയം ലഭിയ്ക്കുമെന്നാണ് പ്രതീക്ഷയെന്ന് പറഞ്ഞ് ബംഗ്ലാദേശ് ടെസ്റ്റ് നായകന്‍ മോമിനുള്‍ ഹക്ക്. ബംഗ്ലാദേശിന്റെ പരിശീലനം ആരംഭിച്ച താരങ്ങളില്‍ മോമിനുള്‍ ഹക്കും ടി20 ക്യാപ്റ്റന്‍ മഹമ്മദുള്ളയും ഉള്‍പ്പെടുന്നുണ്ട്. ജൂലൈ-ഓഗസ്റ്റ് മാസത്തില്‍ നടക്കാനിരുന്ന മൂന്ന് ടെസ്റ്റുകളുടെ പരമ്പര കൊറോണ കാരണം മാറ്റി വയ്ക്കുകയായിരുന്നു.

കാര്യങ്ങളെല്ലാം ശരിയായി മുന്നോട്ട് പോയാല്‍ ഒക്ടോബറില്‍ പരമ്പര നടത്തുമെന്നാണ് അറിയുന്നത്. അതിന് മുമ്പ് പരിശീലനത്തിന് മതിയായ സമയം ടീമിന് ലഭിയ്ക്കുമെന്നാണ് മോമിനുള്‍ ഹക്കിന്റെ പ്രതീക്ഷ. മാര്‍ച്ച് മുതല്‍ ബംഗ്ലാദേശിലെ ക്രിക്കറ്റ് പ്രവൃത്തികളെല്ലാം തടസ്സപ്പെട്ടിരിക്കുന്നസാഹചര്യമാണിപ്പോളുള്ളത്.

35 താരങ്ങളെ വെച്ച് പരിശീലനം ആരംഭിക്കുവാനാണ് ബോര്‍ഡിന്റെ തീരുമാനം. ഇതില്‍ പത്ത് താരങ്ങളാണ് ആദ്യ ഘട്ടത്തെ പരിശീലനത്തിനായി എത്തിയത്.

Exit mobile version