സഹലിന് ഗോൾ, എ എഫ് സി കപ്പിൽ ഒഡീഷയെ തകർത്തെറിഞ്ഞ് മോഹൻ ബഗാൻ

എ എഫ് സി കപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ മോഹൻ ബഗാന് വലിയ വിജയം. ഇന്ന് നടന്ന മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളുകൾക്ക് ആണ് മോഹൻ ബഗാൻ വിജയിച്ചത്. സഹൽ അബ്ദുൽ സമദ് തന്റെ ആദ്യ ഏഷ്യൻ ഗോൾ ഇന്ന് നേടി. ഗോളില്ലാത്ത ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ ആയിരുന്നു കളിയിലെ എല്ലാ ഗോളും പിറന്നത്.

46ആം മിനുട്ടിൽ സഹലിന്റെ പവർഫുൾ ഫിനിഷ് ആണ് ആദ്യ ഗോൾ ആയി മാറിയത്. പിന്നെ ഒഡീഷ ഡിഫൻസ് തകർന്നു. പെട്രാറ്റോസ് ഇരട്ട ഗോളുകൾ നേടി. 68ആം മിനുട്ടിലും 83ആം മിനുട്ടിലുമായിരുന്നു പെട്രാറ്റോസിന്റെ ഗോളുകൾ. 79ആം മിനുട്ടിൽ ലിസ്റ്റൺ കൊളാസോയും ബഗാനായി ഗോൾ നേടി‌. ബസുന്ദര കിങ്സും മസിയ ക്ലബും ആണ് ഗ്രൂപ്പിൽ ഇന്ത്യൻ ടീമുകൾക്ക് മുന്നിൽ ഇനിയുള്ള എതിരാളികൾ.

അവസാനം സഹൽ അബ്ദുൽ സമദിന് ക്ലബ് തലത്തിൽ ഒരു കിരീടം

ഇന്ന് ഡ്യൂറണ്ട് കപ്പിൽ മോഹൻ ബഗാൻ കിരീടം ഉയർത്തിയതോടെ മലയാളികളുടെ പ്രിയ താരം സഹൽ അബ്ദുൽ സമദ് തന്റെ ക്ലബ് കരിയറിലെ ആദ്യ കിരീടം ഉയർത്തി. കഴിഞ്ഞ മാസം മാത്രമായിരുന്നു സഹൽ മോഹൻ ബഗാനിൽ എത്തിയത്‌‌. ക്ലബിൽ എത്തി ആദ്യ ടൂർണമെന്റിൽ തന്നെ കിരീടം നേടാൻ ആയത് സഹലിന് വലിയ ഊർജ്ജമാകും. ഇന്ന് ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ച് ആയിരുന്നു മോഹൻ ബഗാൻ കിരീടം ഉയർത്തിയത്.

കേരള ബ്ലാസ്റ്റേഴ്സ് വിട്ട് മോഹൻ ബഗാനിലേക്ക് പോകുമ്പോൾ കിരീടം നേടുകയാണ് പ്രധാന ലക്ഷ്യം എന്ന് സഹൽ പറഞ്ഞിരുന്നു‌. അവസാന ആറു വർഷമായി സഹൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടായിരുന്നു. പക്ഷെ ഒരു കിരീടം പോലും താരത്തിന് നേടാൻ ആയിരുന്നില്ല. ഐ എസ് എല്ലിൽ റണ്ണേഴ്സ് അഊ ആയതായിരുന്നു സഹലിന്റെ കേരള ബ്ലാസ്റ്റേഴ്സിലെ ഏറ്റവും വലിയ നേട്ടം.

ബ്ലാസ്റ്റഴ്സിൽ കിരീടം ഇല്ലെങ്കിലും സഹൽ ഇന്ത്യൻ ദേശീയ ടീമിനൊപ്പം കിരീടങ്ങൾ നേടിയിട്ടുണ്ട്. ഇന്ത്യക്ക് ഒപ്പം നാലു കിരീടങ്ങൾ അദ്ദേഹം നേടി. രണ്ട് സാഫ് കപ്പും ഒരു ട്രി നാഷണൽ ടൂർണമെന്റും ഒരു ഇന്റർ കോണ്ടിനെന്റൽ കപ്പും സഹൽ നേടിയിട്ടുണ്ട്. ഈ ഡ്യൂറണ്ട് കപ്പോടെ സഹൽ ക്ലബ് തലത്തിലും കൂടുതൽ കിരീടങ്ങൾ നേടും എന്ന് പ്രതീക്ഷിക്കാം‌. ഇന്ന് കിരീടം നേടിയ മോഹൻ ബഗാൻ ടീമിൽ മലയാളി താരം ആഷിഖ് കുരുണിയനും ഉണ്ടായിരുന്നു.

കൊൽക്കത്ത ഡർബി വിജയിച്ച് മോഹൻ ബഗാൻ ഡ്യൂറണ്ട് കപ്പ് കിരീടം സ്വന്തമാക്കി

ഡ്യൂറണ്ട് കപ്പ് കിരീടം മോഹൻ ബഗാൻ സ്വന്തമാക്കി. ഇന്ന് നടന്ന ഫൈനലിൽ മത്സരത്തിൽ കൊൽക്കത്ത ഡർബിയിൽ ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ച് ആണ് മോഹൻ ബഗാൻ കിരീടത്തിൽ മുത്തമിട്ടത്. മറുപടി ഇല്ലാത്ത ഒരു ഗോളിനായിരുന്നു ബഗാന്റെ വിജയം. അതും അര മണിക്കൂറോളം പത്തു പേരുമായി കളിച്ചാണ് ബഗാൻ വിജയിച്ചത്. ഇന്ന് 62ആം മിനുട്ടിൽ മോഹൻ ബഗാന് അവരുടെ താരം അനിരുദ്ധ് താപയെ ചുവപ്പ് കാരണം നഷ്ടമായിരുന്നു.

ഇന്ന് ആദ്യ പകുതിയിൽ കളി ഗോൾ രഹിതമായിരുന്നു. രണ്ടാം പകുതിയിൽ ദിമിത്രി പെട്രാറ്റോസ് വിജയ ഗോൾ നേടി. മത്സരത്തിന്റെ 71ആം മിനുട്ടിൽ ആയിരുന്നു ഈ ഗോൾ. നേരത്തെ ഗ്രൂപ്പ് ഘട്ടത്തിൽ മോഹൻ ബഗാൻ ഈസ്റ്റ് ബംഗാളിനോട് പരാജയപ്പെട്ടിരുന്നു. അതിനുള്ള പകവീട്ടൽ കൂടിയായി ഈ വിജയം.

മുംബൈ സിറ്റിയെ തകർത്ത് മോഹൻ ബഗാൻ ഡ്യൂറണ്ട് കപ്പ് സെമിയിൽ

ഡ്യൂറണ്ട് കപ്പിൽ മുംബൈ സിറ്റിയെ തോൽപ്പിച്ച് മോഹൻ ബഗാൻ സെമി ഫൈനലിലേക്ക് മുന്നേറി. ഇന്ന് നടന്ന ക്വാർട്ടർ ഫൈനലിൽ മുംബൈയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ആണ് മോഹൻ ബഗാൻ തോൽപ്പിച്ചത്‌. മത്സരത്തിന്റെ ആറാം മിനുട്ടിൽ തന്നെ ഒരു പെനാൾട്ടിയിലൂടെ ലീഡ് എടുക്കാൻ മോഹൻ ബഗാനായി. കമ്മിൻസിനെ വീഴ്ത്തിയതിനു കിട്ടിയ പെനാൾട്ടി താരം തന്നെ ലക്ഷ്യത്തിൽ എത്തിച്ചു.

28ആം മിനുട്ടിൽ പെരേര ഡിയസിന്റെ ഒരു ക്ലോസ് റേഞ്ചിൽ നിന്നുള്ള ഫിനിഷ് മുംബൈ സിറ്റിക്ക് സമനില നൽകി. എന്നാൽ ഈ സമനില ഏതാനും നിമിഷങ്ങളേ നീണ്ടു നിന്നുള്ളൂ. 31ആം മിനുട്ടിൽ മൻവീർ സിംഗിലൂടെ മോഹൻ ബഗാൻ ലീഡ് തിരിച്ചുപിടിച്ചു. അഹ്മദ് ജാഹുവിന്റെ ക്രോസിൽ നിന്ന് ആയിരുന്നു മൻവീറിന്റെ ഫിനിഷ്. സ്കോർ 2-1.

മത്സരത്തിന്റെ 63ആം മിനുട്ടിൽ അൻവർ അലിയിലൂടെ മോഹൻ ബഗാൻ മൂന്നാം ഗോളും കണ്ടെത്തി. ആഷിക് കുരുണിയന്റെ ക്രോസിൽ നിന്ന് ഒരു ഹെഡറിലൂടെ ആയിരുന്നു അൻവറിന്റെ ഫിനിഷ്. ഈ ഗോൾ ബഗാന്റെ വിജയം ഉറപ്പിച്ചു.

സെമി ഫൈനലിൽ ഇനി എഫ് സി ഗോവയെ ആകും ബഗാൻ നേരിടുക. മറ്റൊരു സെമിയിൽ ഈസ്റ്റ് ബംഗാൾ നോർത്ത് ഈസ്റ്റിനെയും നേരിടും.

എ എഫ് സി കപ്പ്, ഒഡീഷയും മോഹൻ ബഗാനും ഗ്രൂപ്പ് ഡിയിൽ

എ എഫ് സി കപ്പിൽ ഇന്ത്യൻ ടീമുകൾ ഗ്രൂപ്പ് ഡിയിൽ മത്സരിക്കും. ഇന്ത്യയെ പ്രതിനിധീകരിക്കുന്ന കോണ്ടിനെന്റൽ അരങ്ങേറ്റക്കാരായ ഒഡീഷ എഫ്‌സിയും യോഗ്യതാ പ്ലേ ഓഫ് ജേതാക്കളായ മോഹൻ ബഗാൻ സൂപ്പർ ജയന്റുമാണ് എഎഫ്‌സി കപ്പിന്റെ ഗ്രൂപ്പ് ഡിയിൽ ഇടം നേടിയത്‌. 2021-22 ബംഗ്ലാദേശ് പ്രീമിയർ ലീഗ് ജേതാക്കളായ ബശുന്ധര കിംഗ്‌സും 2022 മാലിദ്വീപിന്റെ ദിവേഹി പ്രീമിയർ ലീഗ് ജേതാക്കളായ മസിയ എസ് ആൻഡ് ആർസിയുമാണ് ഗ്രൂപ്പിലെ മറ്റ് രണ്ട് ടീമുകൾ.

2023ലെ സൂപ്പർ കപ്പ് നേടിയ ഒഡീഷ അത് കഴിഞ്ഞു ഗോകുലം കേരള എഫ്‌സിക്കെതിരായ ക്ലബ് പ്ലേ ഓഫും വിജയിച്ചാണ് ഗ്രൂപ്പ ഒഡീഷ എഫ്‌സി നേരിട്ട് ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടിയത്. 2022-23 ഇന്ത്യൻ സൂപ്പർ ലീഗിലെ ചാമ്പ്യന്മാരായ മോഹൻ ബഗാൻ എസ്‌ജി, പ്രാഥമിക റൗണ്ട് 2-ൽ നേപ്പാളിന്റെ മച്ചിന്ദ്ര എഫ്‌സിയെയും (3-1) ബംഗ്ലാദേശിലെ അബഹാനി ലിമിറ്റഡ് ധാക്കയെയും (3- 1) തോൽപ്പിച്ച് ആണ് തുടർച്ചയായ മൂന്നാം സീസണിലും AFC കപ്പ് ഗ്രൂപ്പ് സ്റ്റേജ് ബെർത്ത് ബുക്ക് ചെയ്തത്‌.

ഗ്രൂപ്പ് ജേതാക്കൾ ഇന്റർ സോൺ പ്ലേ ഓഫ് സെമി ഫൈനലിലേക്ക് യോഗ്യത നേടും. ഹോം ആൻഡ് എവേ റൗണ്ട് റോബിൻ അടിസ്ഥാനത്തിലായിരിക്കും മത്സരങ്ങൾ നടക്കുക. ഒഡീഷ എഫ്‌സി അവരുടെ ഹോം മത്സരങ്ങൾ ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ കളിക്കും, കൊൽക്കത്തയിലെ വിവേകാനന്ദ യുബ ഭാരതി ക്രിരംഗൻ മോഹൻ ബഗാൻ എസ്‌ജിയുടെ ഹോം മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കും.

സൂപ്പർ ജയം; എഎഫ്സി കപ്പ് ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടി മോഹൻ ബഗാൻ

എഎഫ്സി കപ്പ് പ്ലേ ഓഫ് ഘട്ടവും താണ്ടി മോഹൻ ബഗാന്റെ കുതിപ്പ് തുടരുന്നു. ഇന്ന് നടന്ന മത്സരത്തിൽ ബംഗ്ലാദേശ് ടീമായ ധാക അബഹാനിയെ കീഴടക്കിയാണ് ബഗാൻ ഭൂഖണ്ഡത്തിന്റെ പോരാട്ടത്തിലേക്ക് പേരെഴുതി ചേർത്തത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ഐഎസ്എൽ ടീമിന്റെ വിജയം. ജയ്സൻ കമ്മിങ്സ്, സാദിഖൂ എന്നിവർ ബഗാന് വേണ്ടി വല കുലുക്കിയപ്പോൾ മറ്റൊരു ഗോൾ സെൽഫ് ഗോൾ ആയിരുന്നു. ധാക്ക ടീമിന് വേണ്ടി കോർണിലിയസ് സ്റ്റുവർട് വല കുലുക്കി.

മത്സരത്തിൽ ആദ്യം ലീഡ് വഴങ്ങേണ്ടി വന്നെങ്കിലും ശക്തമായ തിരിച്ചു വരവ് തന്നെയാണ് ബഗാൻ കുറിച്ചത്. 62% ശതമാനം പോസഷനും ഇരുപതോളം ഷോട്ടുകളുമായി എതിരാളികൾക്ക് മേൽ പൂർണമായി ആധിപത്യം നേടാൻ അവർക്കായി. ലിസ്റ്റൻ കോളാസോയും കമ്മിങ്സും ചേർന്ന നീക്കത്തിലൂടെ ബഗാനും കോർണിലിയസും അൻവർ അലിയും ചേർന്ന നീക്കത്തിലൂടെ അബഹാനിയും ആദ്യ മുന്നേറ്റങ്ങൾ നടത്തി. പതിനേഴാം മിനിറ്റിൽ ബംഗ്ലാദേശ് ടീം ലീഡ് നേടി. എതിർ താരത്തിന്റെ ഷോട്ട് തടയുന്നതിൽ കീപ്പർ വിശാൽ ഖേയ്ത്തിന് പിഴച്ചപ്പോൾ കൃത്യമായി ഇടപെട്ട കോർണിലിയസ് പന്ത് വലയിൽ എത്തിച്ചു. പിന്നീട് ബഗാൻ തുടർച്ചയായ അക്രമങ്ങൾ നടത്തി. ഹ്യൂഗോ ബോമസിനെ വീഴ്ത്തിയതിന് ബഗാൻ താരങ്ങളുടെ പെനാൽറ്റിക്ക് വേണ്ടിയുള്ള മുറവിളി റഫറി ചെവിക്കൊണ്ടില്ല. തുടർന്ന് സഹലിലൂടെ അർധാവസരങ്ങളും ഇന്ത്യൻ ടീമിന് ലഭിച്ചു. ഒരുവിൽ 35ആം മിനിറ്റിൽ കോളാസോയെ ബോക്‌സിൽ വീഴ്ത്തിയതിന് റഫറി പെനാൽറ്റി സ്പോട്ടിലേക്ക് വിരൽ ചൂണ്ടി. കിക്ക് എടുത്ത കമ്മിങ്സിന് ഒട്ടും പിഴച്ചില്ല. ഇഞ്ചുറി ടൈമിൽ ഫ്രീകിക്കിൽ നിന്നുള്ള എതിർ ടീമിന്റെ ശ്രമം വിശാൽ ഖേയ്ത് സേവ് ചെയ്തു.

രണ്ടാം പകുതിയിലും മോഹൻ ബഗാൻ ആക്രമണം തുടർന്നു. 58ആം മിനിറ്റിൽ അവർ ലീഡ് കരസ്ഥമാക്കി. പോസ്റ്റിലേക്കുള്ള ഹ്യൂഗോ ബോമസിന്റെ ശ്രമം എതിർ താരമായ മീലാദ് ഷെയ്ഖിൽ തട്ടി പോസ്റ്റിൽ തന്നെ അവസാനിച്ചു. രണ്ടു മിനിറ്റിനു ശേഷം കോർണറിൽ നിന്നും സാദിഖൂ കൂടി ലക്ഷ്യം കണ്ടതോടെ നിർണായകമായ രണ്ടു ഗോൾ ലീഡ് ബഗാൻ കരസ്ഥമാക്കി. ഇതോടെ മത്സരം പൂർണ്ണമായും അവരുടെ നിയന്ത്രണതത്തിലായി. ആഷിഖ് കുരുണിയനും മൻവീറിനും അവസരങ്ങൾ ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചില്ല.

ഫ്ലൊറെന്റിൻ പോഗ്ബ ഇനി മോഹൻ ബഗാനൊപ്പം ഇല്ല

ഫ്രഞ്ച് താരം പോൾ പോഗ്ബയുടെ സഹോദരൻ ആയ ഫ്ലൊറെന്റിൻ പോഗ്ബയെ ഇനി ഐ എസ് എല്ലിൽ ഇല്ല. മോഹൻ ബഗാൻ താരത്തിന്റെ കരാർ റദ്ദാക്കിയതായി IFTWC റിപ്പോർട്ട് ചെയ്യുന്നു. ഡിഫൻഡറായ ഫ്ലൊറെന്റിൻ പോഗ്ബയ്ക്ക് ഇന്ത്യയിൽ അത്ര നല്ല കാലമായിരുന്നില്ല. കഴിഞ്ഞ സീസണിൽ ബഗാന് കാര്യമായി സംഭാവന ചെയ്യാൻ പോഗ്ബക്ക് ആയിരുന്നില്ല. ഇനിയും കരാർ ബാക്കിയിരിക്കെ ആണ് ക്ലബ് താരത്തെ പറഞ്ഞു വിടുന്നത്.

ഫ്രഞ്ച് രണ്ടാം ഡിവിഷനിൽ നിന്ന് ആയിരുന്നു‌ പോഗ്ബ ഇന്ത്യയിൽ എത്തിയത്. 32കാരനായ ഫ്ലൊറെന്റിൻ പോഗ്ബ മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പോഗ്ബയുടെ മൂത്ത സഹോദരനാണ്. അതുകൊണ്ട് തന്നെ പോഗ്ബയുടെ സൈനിംഗ് അന്ന് വലിയ വാർത്ത ആയിരുന്നു.

മുമ്പ് എം എൽ എസ് ക്ലബായ അറ്റ്ലാന്റ യുണൈറ്റഡിനായി കളിച്ചിട്ടുണ്ട്. ആറ് വർഷത്തോളം ഫ്രഞ്ച് ലീഗ് ക്ലബായ സൈന്റ് എറ്റിയന് ഒപ്പവും ഏട്ടൻ പോഗ്ബ ഉണ്ടായിരുന്നു. ഫ്രാൻസിന്റെ യുവടീമുകൾക്ക് കളിച്ചിട്ടുണ്ട് എങ്കിലും സീനിയർ ടീമിന് കളിക്കാനായി ഗിനിയ ദേശീയ ടീം ആണ് ഫ്ലൊറെന്റിൻ തിരഞ്ഞെടുത്തത്‌. ഗിനിയക്കായി പക്ഷെ കുറച്ച് മത്സരങ്ങൾ മാത്രമെ അദ്ദേഹം കളിച്ചിട്ടുള്ളൂ.

“ഹെഡ് മാസ്റ്റർ” ആയി അൻവർ അലി, എഎഫ്സി കപ്പ് രണ്ടാം പ്രിലിമിനറി റൗണ്ട് കടന്ന് മോഹൻ ബഗാൻ

സീസണിലെ ഏഷ്യൻ പോരാട്ടങ്ങൾക്ക് തുടക്കം കുറിച്ച മോഹൻ ബഗാന് മികച്ച തുടക്കം. എഎഫ്സി കപ്പ് രണ്ടാം പ്രിലിമിനറി റൗണ്ടിൽ നേപ്പാൾ ക്ലബ്ബ് ആയ മച്ചിന്ദ്ര എഫ്സിയെ നേരിട്ട ബഗാൻ, ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വിജയം കരസ്ഥമാക്കിയത്. അൻവർ അലിയുടെ എണ്ണം പറഞ്ഞ രണ്ടു ഹെഡർ ഗോളുകളും ജേസൻ കമ്മിങ്സിന്റെ മറ്റൊരു ഗോളും ബഗാനെ വിജയം എളുപ്പമാക്കുകയായിരുന്നു സഹൽ അബ്ദുസമദ്, അനിരുദ്ധ് ഥാപ്പ തുടങ്ങിയവർ ബഗാൻ ജേഴ്സിയിൽ അണിനിരന്നിരുന്നു.

ആദ്യ മിനിറ്റിൽ തന്നെ ബഗാൻ മുന്നേറ്റത്തിൽ ഹ്യൂഗോ ബൊമസിന്റെ ക്രോസിൽ ആഷിഖ് കുരുണിയന്റെ ക്രോസ് എതിർ പോസിറ്റിന് മുകളിലൂടെ കടന്ന് പോയി. സഹലിന്റെ മികച്ചൊരു ഷോട്ട് മച്ചിന്ദ്രാ കീപ്പർ സേവ് ചെയ്തു. ആദ്യ ഗോളിനായി 39ആം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. ഹ്യൂഗോ ബൊമസിന്റെ കോർണറിൽ തല വെച്ച് അൻവർ അലിയാണ് വല കുലുക്കിയത്. ആഷിഖിന്റെയും മൻവീറിന്റെയും ശ്രമങ്ങൾ തടഞ്ഞു കൊണ്ട് കീപ്പർ നേപ്പാൾ ക്ലബ്ബിന്റെ രക്ഷക്ക് എത്തിയെങ്കിലും ജേസൻ കമ്മിങ്സിലൂടെ ഐഎസ്എൽ ക്ലബ്ബ് ലീഡ് ഉയർത്തി. ക്ലബ്ബ് ജേഴ്‌സിയിൽ താരത്തിന്റെ ആദ്യ ഗോൾ ആയിരുന്നു ഇത്. കൗണ്ടർ നീക്കത്തിൽ അപാരമായ വേഗത്തിൽ ബോളുമായി കുതിച്ച താരം, തടയാൻ എത്തിയ കീപ്പറേയും മറികടന്ന് ലക്ഷ്യം കാണുകയായിരുന്നു. പിന്നീട് പരിക്കേറ്റ ആഷിഖിന് കളം വിടേണ്ടി വന്നു. 77ആം മിനിറ്റിൽ മച്ചിന്ദ്ര എഫ്സി തിരിച്ചടിച്ചു. മെസോക്കെ ഓളുമോ ആണ് വല കുലുക്കിയത്. മുഴുവൻ സമയത്തിന് അഞ്ച് മിനിറ്റ് ബാക്കി നിൽക്കെ ബഗാന്റെ ജയമുറപ്പിച്ച ഗോൾ എത്തി. പിച്ചിന്റെ ഇടത് ഭാഗത്ത് എതിർ ബോക്സിന് പുറത്തു നിന്നും എത്തിയ ദിമിത്രിയുടെ ഫ്രീകിക്കിൽ അതിമനോഹരമായ ഹെഡർ ഉതിർത്ത് അൻവർ അലി ഒരിക്കൽ കൂടി വല കുലുക്കുകയായിരുന്നു.

കൊൽക്കത്ത ഡർബിയിൽ മോഹൻ ബഗാന്റെ സൂപ്പർ താരനിരയെ വീഴ്ത്തി ഈസ്റ്റ് ബംഗാൾ

ഈ സീസണിലെ ആദ്യ കൊൽക്കത്ത ഡർബിയിൽ ഈസ്റ്റ് ബംഗാളിന് വിജയം. സൂപ്പർ താരനിരയുമായി ഡ്യൂറണ്ട് കപ്പ് ഗ്രൂപ്പ് ഘട്ട മത്സരത്തിന് ഇറങ്ങിയ മോഹൻ ബഗാനെ മറുപടിയില്ലാത്ത ഏക ഗോളിനാണ് ഈസ്റ്റ് ബംഗാൾ തോൽപ്പിച്ചത്. കാർലസ് കൊദ്രതിന്റെ കീഴിൽ ഇറങ്ങിയ ഈസ്റ്റ് ബംഗാൾ മോഹൻ ബഗാനെതിരെ അവരുടെ ടാക്ടിക്സുകൾ കൃത്യമായി പ്രാവർത്തികമാക്കുന്നത് തുടക്കം മുതൽ കാണാൻ ആയി.

മത്സരത്തിന്റെ ആദ്യ പകുതിയിൽ ഗോൾ ഒന്നും പിറന്നില്ല. രണ്ടാം പകുതിയിൽ അറുപതാൻ മിനുട്ടിലാണ് ഏവരെയും ഞെട്ടിച്ചു കൊണ്ട് ഈസ്റ്റ് ബംഗാൾ ലീഡ് എടുത്തത്. നന്ദ കുമാർ ശേഖർ ആയിരുന്നു സ്കോർ‌. മനോഹരമായി ഡ്രിബിൾ ചെയ്ത് പെനാൾട്ടി ബോക്സിൽ കയറി തന്റെ ഇടം കാലു കൊണ്ട് കണ്ണഞ്ചിപ്പിക്കുന്ന സ്ട്രൈക്കിലൂടെ നന്ദ പന്ത് വലയിൽ എത്തിക്കുകയായിരുന്നു. സ്കോർ 1-0.

ഇതിനു ശേഷം മോഹൻ ബഗാൻ വലിയ സബ്ബുകൾ നടത്തി കളിയിലേക്ക് തിരികെ വരാൻ ശ്രമിച്ചു എങ്കിലും പരാജയം ഒഴിവാക്കാൻ അവർക്ക് ആയില്ല. ഈ വിജയത്തോടെ ഈസ്റ്റ് ബംഗാൾ 2 മത്സരങ്ങളിൽ നിന്ന് 4 പോയിന്റുമായി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്ത് എത്തി. 3 മത്സരങ്ങളിൽ നിന്ന് 6 പോയിന്റുമായി ബഗാൻ ഗ്രൂപ്പിൽ ഒന്നാമത് തന്നെ നിൽക്കുന്നു.

ഒരു വലിയ സൈനിംഗ് കൂടെ, സ്പാനിഷ് ഡിഫൻഡർ ഹെക്ടർ യുസ്റ്റെ മോഹൻ ബഗാനിൽ

നിലവിലെ ഇന്ത്യൻ സൂപ്പർ ലീഗ് ചാമ്പ്യന്മാരായ മോഹൻ ബഗാൻ സൂപ്പർ ജയന്റ് ഒരു വലിയ സൈനിംഗ് കൂടെ പൂർത്തിയാക്കി. സ്പാനിഷ് ഡിഫൻഡർ ഹെക്ടർ യുസ്റ്റെയെ ആണ് അവ പുതുതായി സ്വന്തമാക്കിയിരിക്കുന്നത്‌. ഇന്ന് ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നു‌. യൂറോപ്പ ലീഗയിലും ലാലിഗയിലും എല്ലാം കളിച്ചിട്ടുള്ള താരമാണ് യുസ്റ്റെ.

സൈപ്രിയറ്റ് ക്ലബ് എസി ഒമോണിയയിൽ ആയിരുന്നു യൂസ്റ്റെ അവസാന രണ്ട് സീസണുകൾ ചെലവഴിച്ചത്‌. അവിടെ രണ്ട് തവണ സൈപ്രിയറ്റ് കപ്പും 2021ൽ സൈപ്രിയറ്റ് സൂപ്പർ കപ്പും നേടി. ഈ ക്ലബിനൊപ്പം അദ്ദേഹ. UEFA യൂറോപ്പ ലീഗ് ,  UEFA യൂറോപ്പ കോൺഫറൻസ് ലീഗ് ടൂർണമമെന്റുകളുടെ ഭാഗമായി. മാഞ്ചസ്റ്റർ യുണൈറ്റഡിന് എതിരെയും താരം യൂറോപ്പ ലീഗിൽ കളിച്ചിട്ടുണ്ട്.  ഗ്രാനഡയ്‌ക്കൊപ്പം ലാലിഗയിൽ സ്പാനിഷ് താരം കളിച്ചിട്ടുണ്ട്. 35കാരനായ താരം ഒരു വർഷത്തെ കരാർ ആണ് ഒപ്പുവെച്ചത്.

ഫൈവ് സ്റ്റാർ പ്രകടനവുമായി മോഹൻ ബഗാൻ ഡ്യൂറണ്ട് കപ്പ് ആരംഭിച്ചു

മോഹൻ ബഗാന്റെ വലിയ വിജയത്തോടെ ഡ്യൂറണ്ട് കപ്പിന്റെ പുതിയ സീസൺ ആരംഭിച്ചു. ഇന്ന് ബംഗ്ലാദേശ് ആർമി ടീമിനെ നേരിട്ട മോഹൻ ബഗാൻ എതിരില്ലാത്ത അഞ്ചു ഗോളുകളുടെ വിജയം നേടി. ആദ്യ പകുതിയിൽ തന്നെ മോഹൻ ബഗാൻ 3 ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു. 15ആം മിനുട്ടിൽ രവി റാണയുടെ പാസിൽ നിന്ന് ലിസ്റ്റൺ കൊളാസോ മോഹൻ ബഗാന് ലീഡ് നൽകി.

30ആം മിനുട്ടിൽ കിട്ടിയ പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് മൻവീർ സിംഗ് ബഗാന്റെ ലീഡ് ഇരട്ടിയാക്കി. 40ആം മിനുട്ടിൽ ലിസ്റ്റണും സുഹൈലും ചേർന്ന് നടത്തിയ ഒരു നീക്കത്തിന് ഒടുവിൽ സുഹൈൽ ബഗാന്റെ മൂന്നാം ഗോൾ നേടി. രണ്ടാം പകുതിയിൽ ഹ്നാംതെയും കിയാൻ നസീരിയും കൂടെ ഗോൾ നേടിയതോടെ മോഹൻ ബഗാന്റെ വിജയം പൂർത്തിയായി.

“എന്റെ കരിയറിൽ ഇതുവരെ ഐഎസ്എൽ കിരീടം നേടിയിട്ടില്ല, മോഹൻ ബഗാനൊപ്പം അതാണ് ലക്ഷ്യം” – സഹൽ

മോഹൻ ബഗാനിലേക്ക് എത്തിയ സഹൽ താൻ ഐ എസ് എൽ കിരീടം എന്ന ലക്ഷ്യവുമായാണ് കൊൽക്കത്തൻ ക്ലബിൽ കരാർ ഒപ്പുവെച്ചത് എന്ന് പറഞ്ഞു. “കഴിഞ്ഞ സീസണിൽ മോഹൻ ബഗാൻ ഐഎസ്എൽ കിരീടം നേടിയിരുന്നു. എന്നാൽ എന്റെ കരിയറിൽ താൻ ഒരിക്കലും ഐഎസ്എൽ കിരീടം നേടിയിട്ടില്ല. ഈ ട്രോഫി നേടാൻ ആഗ്രഹിച്ചു കൊണ്ടാണ് ഞാൻ മോഹൻ ബഗാനിൽ ഒപ്പിട്ടത്. മോഹൻ ബഗാനിൽ ഐഎസ്എൽ ട്രോഫി നേടുകയെന്ന എന്റെ സ്വപ്നം സാക്ഷാത്കരിക്കുമെന്നു ഞാൻ വിശ്വസിക്കുന്നു.” സഹൽ പറഞ്ഞു.

“മോഹൻ ബഗാൻ സൂപ്പർ ജയന്റ് ജേഴ്‌സി അണിയുന്നതിനെ കുറിച്ചോർത്ത് ഞാൻ അഭിമാനം കൊള്ളുന്നു. ഗ്രീൻ, മെറൂൺ ജേഴ്‌സി ധരിച്ച് ഡെർബിയിൽ കളിക്കാനുള്ള സാധ്യത എനിക്ക് ആവേശം നൽകുന്നുണ്ട്.” സഹൽ പറഞ്ഞു.

“ഐ എം വിജയൻ, ജോ പോൾ അഞ്ചേരി തുടങ്ങിയ കേരളത്തിൽ നിന്നുള്ള പ്രശസ്തരായ കളിക്കാർ കൊൽക്കത്ത ക്ലബ്ബുകളിൽ കളിച്ച് അംഗീകാരം നേടിയിട്ടുണ്ട്‌ കൊൽക്കത്തയിലേക്ക് പോകുന്നതിന് മുമ്പ് ഞാൻ അവരോട് സംസാരിക്കും, അവരുടെ നിർദ്ദേശങ്ങളും അനുഗ്രഹങ്ങളും തേടും” സഹൽ പറഞ്ഞു.

“അവർ ഇപ്പോഴും കൊൽക്കത്തയിൽ ഐക്കണുകളായി കണക്കാക്കപ്പെടുന്നു. അതുപോലെ, അവരെപ്പോലെ ആരാധകരുടെ ഹൃദയം കീഴടക്കാൻ ഞാൻ ആഗ്രഹിക്കുന്നു.” സഹൽ കൂട്ടിച്ചേർത്തു

Exit mobile version