കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് മോഹൻ ബഗാനെതിരെ, വിജയം വേണം

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് മോഹൻ ബഗാനെ നേരിടും. കൊച്ചിയിൽ വെച്ച് നടക്കുന്ന മത്സരത്തിൽ വിജയം മാത്രമാകും കേരള ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം. അവസാന മത്സരത്തിൽ ബെംഗളൂരു എഫ് സിയോട് തോറ്റ കേരള ബ്ലാസ്റ്റേഴ്സിന് ആ തോൽവിയിൽ നിന്ന് കരകയറേണ്ടതുണ്ട്. ഇന്ന് ജയിച്ചാൽ കേരള ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് ഉറപ്പാക്കും. ഇന്ന് ജയിച്ചാൽ ബാക്കി മത്സരങ്ങൾ തോറ്റാലും ബ്ലാസ്റ്റേഴ്സ് ആദ്യ ആറിൽ ഫിനിഷ് ചെയ്യും എന്ന് ഉറപ്പാണ്.

എന്നാൽ അത് മാത്രമല്ല ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം. നേടാവുന്ന പരമാവധി പോയിന്റ് നേടി ഏറ്റവും മുകളിൽ തന്നെ ഫിനിഷ് ചെയ്യാനാണ് ബ്ലാസ്റ്റേഴ്സ് ആഗ്രഹിക്കുന്നത്. മോഹൻ ബഗാനെ കൊൽക്കത്തയിൽ ചെന്ന് തോൽപ്പിച്ച ബ്ലാസ്റ്റേഴ്സ് കൊച്ചിയിലും അതിന് സാധിക്കും എന്ന് വിശ്വസിക്കുന്നു.

ഇന്ന് രാത്രി 7.30ന് നടക്കുന്ന മത്സരം ജിയോ സിനിമയിലും സൂര്യ മൂവീസിലും തത്സമയം കാണാം.

കൊൽക്കത്ത ഡർബി വിജയിച്ച് മോഹൻ ബഗാൻ ലീഗിൽ ഒന്നാം സ്ഥാനത്തേക്ക്

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടന്ന കൊൽക്കത്ത ഡർബിയിൽ മോഹൻ ബഗാൻ ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ചു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ആയിരുന്നു മോഹൻ ബഗാന്റെ വിജയം. ഇന്ന് ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളുകൾക്ക് മുന്നിൽ എത്താൻ മോഹൻ ബഗാനായി.

തുടക്കത്തിൽ 14ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ മുന്നിൽ എത്താൻ ഈസ്റ്റ് ബംഗാളിന് അവസരം ലഭിച്ചു എങ്കിലും ക്ലൈറ്റൻ സിൽവ പെനാൾട്ടി നഷ്ടമാക്കി. പിറകെ 27ആം മിനുട്ടിൽ കമ്മിംഗ്സിലൂടെ മോഹൻ ബഗാൻ ലീഡ് എടുത്തു.

36ആം മിനുട്ടിൽ ലിസ്റ്റൺ കൊളാസോ ലീഡ് ഇരട്ടിയാക്കി. ആദ്യ പകുതിയുടെ അവസാനം ഒരു പെനാൾട്ടിയിലൂടെ പെട്രാറ്റോസും ഗോൾ നേടിയതോടെ അവർ ആദ്യ പകുതി 3-0 എന്ന് അവസാനിപ്പിച്ചു. രണ്ടാം പകുതിയിൽ ക്രെസ്പോയിലൂടെ ഒരു ഗോൾ ഈസ്റ്റ് ബംഗാൾ മടക്കി എങ്കിലും കാര്യം ഉണ്ടായില്ല. 3-1ന് ബഗാൻ കൊൽക്കത്ത ഡർബി ജയിച്ചു.

ഈ വിജയം അവരെ ലീഗിൽ ഒന്നാം സ്ഥാനത്ത് എത്തിച്ചു. 17 മത്സരങ്ങളിൽ നിന്ന് അവർക്ക് 36 പോയിന്റ് ഉണ്ട്.

ജംഷഡ്പൂരിനെ തോൽപ്പിച്ചു, മോഹൻ ബഗാൻ ഒന്നാം സ്ഥാനത്തോട് അടുക്കുന്നു

ഇന്ത്യൻ സൂപ്പർ ലീഗിലെ ഇന്ന് നടന്ന മത്സരത്തിൽ മോഹൻ ബഗാൻ ജംഷഡ്പൂരിനെ തോൽപ്പിച്ച എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് മോഹൻ ബഗാൻ വിജയിച്ചത്. കൊൽക്കത്തയിൽ നടന്ന മത്സരത്തിൽ മോഹൻ ബഗാന്റെ ആധിപത്യമാണ് കണ്ടത്. ഏഴാം മിനിറ്റിൽ പെട്രാറ്റോസിലൂടെ മോഹൻ ബഗാൻ ലീഡ് എടുത്തു. ആദ്യ പകുതി മോഹൻ ബഗാൻ 1-0 എന്ന നിലയിൽ അവസാനിപ്പിച്ചു.

രണ്ടാം പകുതിയിൽ 68ആം മിനിറ്റിൽ കമിങ്സിലൂടെ മോഹൻ ബഗാൻ അവരുടെ രണ്ടാം ഗോൾ കണ്ടെത്തി. അവസാനം എൺപതാം മിനിറ്റിൽ സദികു കൂടെ ഗോൾ നേടിയതോടെ മോഹൻ ബഗാൻ വിജയം ഉറപ്പിച്ചു. ഈ വിജയത്തോടെ മോഹൻബഗാൻ 33 പോയിന്റുമായി ലീഗിൽ രണ്ടാംസ്ഥാനത്തെത്തി. ഒന്നാമത് ഉള്ള ഒഡീഷയ്ക്ക് രണ്ടുപോയിന്റ് മാത്രം പിറകിലാണ് മോഹൻ ബഗാൻ. അതും ഒരു മത്സരം കുറവാണ് മോഹൻ ബഗാൻ കളിച്ചത്. 20 പോയിന്റുമായി ജംഷഡ്പൂർ ആറാം സ്ഥാനത്താണ്

സഹൽ ഗോളുമായി തിളങ്ങി, മോഹൻ ബഗാൻ നോർത്ത് ഈസ്റ്റിനെ തോൽപ്പിച്ചു

ഇന്ത്യൻ സൂപ്പർ ലീഗിൽ മോഹൻ ബഗാന് മികച്ച വിജയം. ഇന്ന് നോർത്ത് ഈസ്റ്റിനെ നേരിട്ട മോഹൻ ബഗാൻ രണ്ടിനെതിരെ നാലു ഗോളുകൾക്ക് ആണ് വിജയിച്ചത്. മലയാളി താരം സഹൽ അബ്ദുൽ സമദ് ഇന്ന് മോഹൻ ബഗാനായി ഗോളുമായി തിളങ്ങി. ഇന്ന് തുടക്കത്തിൽ ആറാം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ നോർത്ത് ഈസ്റ്റ് ആണ് ലീഡ് എടുത്തത്. ജൂറിച് ആയിരുന്നു ഗോൾ നേടിയത്.

ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിൽ രണ്ട് ഗോളുകൾ നേടിക്കൊണ്ട് മോഹൻ ബഗാൻ ലീഡിലേക്ക് വന്നു. ആദ്യം കൗകോയുടെ അസിസ്റ്റിൽ നിന്ന് ലിസ്റ്റൺ കൊളാസോയുടെ ഗോൾ സമനില ഗോൾ നേടി. പിന്നാലെ കമ്മിംഗ്സിന്റെ ഫിനിഷിൽ ബഗാൻ ലീഡിൽ എത്തി.

50ആം മിനുട്ടിൽ ജുറിചിലൂടെ വീണ്ടും നോർത്ത് ഈസ്റ്റ് ഒപ്പമെത്തി. 2-2. ആ സമനില അധികം നീണ്ടു നിന്നില്ല. 53ആം മിനുട്ടിൽ പെട്രാറ്റോസിലൂടെ ബഗാൻ വീണ്ടും ലീഡിൽ എത്തി‌. 57ആം മിനുട്ടിൽ ആയിരുന്നു സഹൽ അബ്ദുൽ സമദിന്റെ ഗോൾ. ഇതോടെ അവരുടെ വിജയം ഉറപ്പായി. സഹലിന്റെ ബഗാനായുള്ള ആദ്യ ഐ എസ് എൽ ഗോളാണിത്.

ഈ ജയത്തോടെ 29 പോയിന്റുമായി മോഹൻ ബഗാൻ ലീഗിൽ രണ്ടാം സ്ഥാനത്ത് എത്തി. 16 പോയിന്റുമായി നോർത്ത് ഈസ്റ്റ് ഏഴാം സ്ഥാനത്ത് നിൽക്കുകയാണ്.

ഗോവയുടെ അപരാജിത കുതിപ്പിന് അവസാനം കുറിച്ച് മോഹൻ ബഗാൻ

എഫ് സി ഗോവയുടെ അപരാജിത കുതിപ്പിന് അവസാനം. ഇന്ന് മോഹൻ ബഗാൻ ആണ് ഗോവയ്ക്ക് അവരുടെ സീസണിലെ ആദ്യ പരാജയം സമ്മാനിച്ചത്. ഗോവയിൽ നടന്ന മത്സരത്തിൽ ഏക ഗോളിനായിരുന്നു മോഹൻ ബഗാന്റെ വിജയം. രണ്ടാം പകുതിയിൽ 74ആം മിനുട്ടിൽ പെട്രാറ്റോസ് ആണ് ഗോവയുടെ ബഗാന്റെ ഗോൾ നേടിയത്.

ഈ വിജയത്തോടെ ബഗാൻ 13 മത്സരങ്ങളിൽ നിന്ന് 26 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്സിനൊപ്പം എത്തി. കേരള ബ്ലാസ്റ്റേഴ്സിനെക്കാൾ ഒരു മത്സരം കുറവാണ് മോഹൻ ബഗാൻ കളിച്ചത്‌. 28 പോയിന്റുള്ള എഫ് സി ഗോവ ലീഗിൽ രണ്ടാം സ്ഥാനത്തും നിൽക്കുന്നു.

ഹൈദരാബാദ് മോഹൻ ബഗാനോടും തോറ്റു

ഇന്ത്യൻ സൂപ്പർ ലീഗിൽ ഹൈദരാബാദ് എഫ് സിക്ക് ഒരു പരാജയം കൂടെ. ഇന്ന് മോഹൻ ബഗാനോടാണ് ഹൈദരാബാദ് എഫ് സി പരാജയപ്പെട്ടത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് മോഹൻ ബഗാൻ വിജയിച്ചത്. 12ആം മിനുട്ടിൽ അനിരുദ്ധ് താപ ആണ് ബഗാന് ലീഡ് നൽകിയത്. ആദ്യ പകുതിയുടെ അവസാനം കമ്മിങ്സിലൂടെ അവർ രണ്ടാം ഗോളും നേടി.

ഹൈദരാബാദിന് ഇന്നും കാര്യമായി അവസരങ്ങൾ സൃഷ്ടിക്കാൻ ആയില്ല. സീസണിലെ അവരുടെ പത്താം പരാജയമാണിത്. ഒരു മത്സരം പോലും ഈ സീസണിൽ വിജയിച്ചിട്ടില്ല. മോഹൻ ബഗാൻ ഈ ജയത്തോടെ 12 മത്സരങ്ങളിൽ നിന്ന് 23 പോയിന്റുമായി നാലാം സ്ഥാനത്ത് എത്തി‌

ഹ്യൂഗോ ബൗമസിനെ മോഹൻ ബഗാൻ ടീമിൽ നിന്ന് പുറത്താക്കി, ജോണി കൗകോ ടീമിൽ

മോഹൻ ബഗാന്റെ പ്രധാന താരങ്ങളിൽ ഒരാളായ ഹ്യൂഗോ ബൗമസിനെ ക്ലബ് സ്ക്വാഡിൽ നിന്ന് പുറത്താക്കിയതായി റിപ്പോർട്ടുകൾ. ഹ്യൂഗോ ബൗമസും പരിശീലകൻ ഹബാസും തമ്മിലുള്ള പ്രശ്നങ്ങൾ ആണ് ഈ നീക്കത്തിന് കാരണം എന്നാണ് റിപ്പോർട്ടുകൾ. ബൗമസിനെ ഇതിനകം തന്നെ ഐ എസ് എൽ സ്ക്വാഡിൽ നിന്ന് അവർ നീക്കി കഴിഞ്ഞു. ബൗമസുമായുള്ള കരാർ അവസാനിപ്പിക്കാൻ ആണ് സാധ്യത.

ബൗമസിന് പകരം ജോണി കൗകോയെ മോഹൻ ബഗാൻ സ്ക്വാഡിൽ ഉൾപ്പെടുത്തി. നേരത്തെ മോഹൻ ബഗാനായി വലിയ പ്രകടനങ്ങൾ നടത്തിയിട്ടുള്ള കൗകോ പരിക്ക് കാരണം ദീർഘകാലമായി പുറത്തായിരുന്നു‌.

മുംബൈ സിറ്റിയിൽ നിന്ന് രണ്ട് സീസൺ മുമ്പാണ് ബൗമസ് മോഹൻ ബഗാനിൽ എത്തിയത്‌. മുംബൈ സിറ്റിയുടെ ഇരട്ട കിരീടത്തിൽ നിർണായക പങ്കുവഹിച്ച ഹ്യൂഗോ ബൗമസ് മോഹൻ ബഗാനൊപ്പം ഐ എസ് എൽ കിരീടവും ഡ്യൂറണ്ട് കപ്പും നേടിയിരുന്നു. 2019-20 സീസണിൽ എഫ് സി ഗോവയ്ക്ക് ഒപ്പം ലീഗ് ഷീൽഡ് നേടാനും ബൗമസിനായിരുന്നു.

ആവേശകരം, കൊൽക്കത്ത ഡർബി സമനിലയിൽ അവസാനിച്ചു

ആവേശകരമായ കൊൽക്കത്തൻ ഡർബി സമനിലയിൽ അവസാനിച്ചു. അടിയും തിരിച്ചടിയും കണ്ട മത്സരത്തിൽ മോഹൻ ബഗാനും ഈസ്റ്റ് ബംഗാളും 2-2 എന്ന സമനിലയിൽ പിരിഞ്ഞു. വിജയ ഗോൾ വന്നില്ല എങ്കിലും തീർത്തും ഒരു എന്റർടെയ്നർ ആണ് ഇന്ന് സാൾട്ട്ലേക്കിൽ അരങ്ങേറിയത്. ഇന്ന് മത്സരത്തിന്റെ മൂന്നാം മിനുട്ടിൽ യുവതാരം അജയ് ഛേത്രിയിലൂടെ ഈസ്റ്റ് ബംഗാൾ ആണ് ലീഡ് എടുത്തത്.

17ആം മിനുട്ടിൽ അർമാന്ദോ സദികുവിലൂടെ മോഹൻ ബഗാൻ സമനില പിടിച്ചു. ആദ്യ പകുതി 1-1 എന്ന നിലയിൽ അവസാനിച്ചു. രണ്ടാം പകുതിയിൽ 53ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ ഈസ്റ്റ് ബംഗാൾ വീണ്ടും ലീഡ് എടുത്തു. ക്ലൈറ്റൻ സിൽവ ആണ് പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചത്.

തുടർച്ചയായി അറ്റാക്കുകൾ നടത്തി മോഹൻ ബഗാൻ കളിയിലേക്ക് തിരികെവരാൻ ശ്രമിച്ചു. 88ആം മിനുട്ടിൽ സഹൽ അബ്ദുൽ സമദിന്റെ ഒരു ക്രോസ് പെട്രാറ്റോസിന്റെ കാലിലേക്ക് എത്തി. അദ്ദേഹം മോഹൻ ബഗാന് സമനില നൽകി. സ്കോർ 2-2.

ഈ ഫലത്തോടെ മോഹൻ ബഗാൻ 20 പോയിന്റുമായി അഞ്ചാം സ്ഥാനത്ത് നിൽക്കുന്നു. ഈസ്റ്റ് ബംഗാൾ 12 പോയിന്റുമായി ഏഴാം സ്ഥാനത്തും നിൽക്കുന്നു.

കൊൽക്കത്ത ഡർബിയിൽ മോഹൻ ബഗാനെ തകർത്ത് ഈസ്റ്റ് ബംഗാൾ സെമി ഫൈനലിൽ

കൊൽക്കത്ത ഡെർബിയിൽ മോഹൻ ബഗാനെ പരാജയപ്പെടുത്തി ഈസ്റ്റ് ബംഗാൾ കലിംഗ സൂപ്പർ കപ്പ് സെമി ഫൈനലിലേക്ക് കടന്നു. ഇന്ന് നടന്ന കൊൽക്കത്ത ഡെർബിയിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ഈസ്റ്റ് ബംഗാളിന്റെ വിജയം. തുടക്കത്തിൽ ഒരു ഗോളിന് മോഹൻ ബഗാൻ മുന്നിട്ടുനിന്ന ശേഷമാണ് ഈസ്റ്റ് ബംഗാൾ തിരിച്ചടിച്ച് വലിയ വിജയം നേടിയത്.

പത്തൊമ്പതാം മിനിറ്റിൽ ഹെക്ടറിലൂടെ ആയിരുന്നു മോഹൻ ബഗാന്റെ ലീഡ് എടുത്ത ആദ്യ ഗോൾ. ഇതിന് 24ാം മിനിറ്റിൽ ക്ലൈറ്റൻ സിൽവയിലൂടെ ഈസ്റ്റ് ബംഗാൾ മറുപടി നൽകി. ആദ്യപകുതിയുടെ അവസാനം മോഹൻ ബഗാന് വീണ്ടും ലീഡ് എടുക്കാൻ ഒരു പെനാൽറ്റിയിലൂടെ അവസരം ലഭിച്ചു. എന്നാൽ പെനാൽറ്റി ലക്ഷ്യത്തിൽ ആക്കാൻ കഴിഞ്ഞില്ല. രണ്ടാം പകുതിയിൽ കൂടുതൽ അക്രമിച്ച് കളിച്ച ഈസ്റ്റ് ബംഗാൾ 63 മിനിറ്റിൽ നന്ദകുമാർ ശേഖറിന്റെ ഗോളിൽ ലീഡ് എടുത്തു
പിന്നീട് 80 മിനിറ്റിൽ ക്ലൈറ്റൻ സില്വ വീണ്ടും ഗോൾ നേടിയതോടെ വിജയമുറപ്പിച്ചു.

ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നു മത്സരങ്ങളും വിജയിച്ചാണ് ഈസ്റ്റ് ബംഗാൾ സെമിഫൈനലിലേക്ക് മുന്നേറുന്നത്. മോഹൻ ബഗാനാകട്ടെ എഫ് സി കപ്പിലെയും ഐഎസ്എല്ലിലെയും നിരാശ സൂപ്പർ കപ്പിലും തുടരുന്നതാണ് കാണാൻ കഴിഞ്ഞത്.

അവസാന രണ്ട് മിനുട്ടിൽ രണ്ട് ഗോൾ, മോഹൻ ബഗാൻ ഹൈദരബാദിനെ തോൽപ്പിച്ചു

കലിംഗ സൂപ്പർ കപ്പിൽ മോഹൻ ബഗാന് വിജയം. ഇന്ന് ഹൈദരബാദിനെ നേരിട്ട മോഹൻ ബഗാൻ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് വിജയിച്ചത്. 88ആം മിനുട്ട് വരെ ഹൈദരബാദ് മുന്നിട്ടു നിന്ന മത്സരത്തിൽ അവസാന നിമിഷങ്ങളിലാണ് കളി മാറിയത്. ഏഴാം മിനുട്ടിൽ റാമ്ലാൽചുങയുടെ ഗോളിലായിരുന്നു ഹൈദരാബാദ് ലീഡ് എടുത്തത്. ആ ലീഡ് അവർ നിലനിർത്തി വരികയായിരുന്നു. അപ്പോൾ ആണ് 84ആം മിനുട്ടിൽ നിം തമാംഗ് ചുവപ്പ് കണ്ട് പുറത്ത് പോയി‌. ഹൈദരബാദ് ഇതോടെ 10പേരായി ചുരുങ്ങി.

88ആം മിനുട്ടിൽ ഒരു സെൽഫ് ഗോളിലൂടെ മോഹൻ ബഗാൻ സമനില നേടി. പിന്നാലെ ഒരു പെനാൾട്ടിയും അവർക്ക് ലഭിച്ചു‌. പെട്രാറ്റോസ് ആ പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചു. സ്കോർ 2-1 . മോഹൻ ബഗാൻ ആദ്യ മത്സരത്തിൽ ശ്രീനിധിയെയും തോൽപ്പിച്ചിരുന്നു.

സൂപ്പർ കപ്പ്; മോഹൻ ബഗാന് വിജയ തുടക്കം

കലിംഗ സൂപ്പർ കപ്പിൽ മോഹൻ ബഗാൻ ഗ്രൂപ്പ് ഘട്ടം വിജയിച്ച് തുടങ്ങി. ഐ ലീഗ് ക്ലബായ ശ്രീനിധി ഡെക്കാനെ നേരിട്ട മോഹൻ ബഗാൻ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് വിജയിച്ചത്. തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ നിന്ന ശേഷം തിരിച്ചടിച്ചാണ് മോഹൻ ബഗാൻ വിജയിച്ചത്. 28ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ വില്യം ഒലിവേരയാണ് ശ്രീനിധിക്ക് ലീഡ് നൽകിയത്.

39ആം മിനുട്ടിൽ കമ്മിങ്സിലൂടെ മോഹൻ ബഗാൻ തിരിച്ചടിച്ചു. രണ്ടാം പകുതിയിൽ 71ആം മിനുട്ടിൽ സദികുവിലൂടെ ബഗാൻ ലീഡും എടുത്തു. അവസാനം ബഗാന്റെ അഭിഷേക് സൂര്യവംശി ചുവപ്പ് കണ്ട് പുറത്തായി എങ്കിലും അവർക്ക് വിജയം പൂർത്തിയാക്കാൻ ആയി.

മോഹൻ ബഗാൻ പരിശീലകനെ പുറത്താക്കി

മോഹൻ ബഗാൻ പരിശീലകൻ ഹുവാൻ ഫെറാൻഡോയെ ക്ലബ് പുറത്താക്കി‌. MBSG മാനേജ്മെന്റ് സ്പാനിഷ് ഹെഡ് കോച്ചുമായി പിരിഞ്ഞതായി ക്ലബ് ഔദ്യോഗികമായി അറിയിച്ചു. അന്റോണിയോ ഹബാസ് പകരം പരിശീലകനായി എത്തും എന്നും ക്ലബ് അറിയിച്ചു. ലീഗിൽ ഇപ്പോൾ അഞ്ചാം സ്ഥാനത്തുള്ള മോഹൻ ബഗാൻ കിരീടത്തിൽ നിന്ന് അകലുന്ന സാഹചര്യത്തിലാണ് ഇങ്ങനെ ഒരു നടപടി.

എഎഫ്‌സി കപ്പിൽ നിന്നും മോഹൻ ബഗാം പുറത്തായിരുന്നു. ക്ലബിന്റെ മുൻ മാനേജർ ആയ അന്റോണിയോ ലോപ്പസ് ഹബാസ് സ്‌പെയിൻകാരന് പകരക്കാരനായി ഉടൻ പ്രതീക്ഷിക്കുന്നു. 2021ൽ ഹബാസ് ക്ലബ് വിട്ടപ്പോൾ ആയിരുന്നു ഫെറാൻഡോ ചുമതലയേറ്റത്.

മുമ്പ് 2020-21 സീസണിലും 2021-22 സീസണിന്റെ ആദ്യ പകുതിയിലും അദ്ദേഹം ടീമിനെ കൈകാര്യം ചെയ്തിട്ടുണ്ട്. 2014-2016 വരെയും 2019-20 കാമ്പെയ്‌നിലും എടികെയിൽ ഹബാസ് ഉണ്ടായിരുന്നു.

Exit mobile version