മോഹൻ ബഗാൻ താരം അർമാന്ദോ സദികുവിന് 4 മത്സരത്തിൽ വിലക്ക്, ഫൈനൽ നഷ്ടമാകും

ഇന്ത്യൻ സൂപ്പർ ലീഗിൽ ഫൈനലിനു മുമ്പ് മോഹൻ ബഗാന് തിരിച്ചടി. അവരുടെ പ്രധാന താരമായ അർമാന്ദോ സദികുവിനെ മോഹൻ ബഗാന് ഫൈനലിൽ നഷ്ടമാകും. അദ്ദേഹത്തെ എഐ എഫ് എഫ് അച്ചടക്ക കമ്മിറ്റി 4 മത്സരങ്ങളിലേക്ക് വിലക്കി. സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ കിട്ടിയ ചുവപ്പ് കാർഡ് ആണ് 4 മത്സരത്തിലെ വിലക്കിന് കാരണമായത്.

ഈ സീസണിൽ സദികു 22 മത്സരങ്ങൾ ഐ എസ് എല്ലിൽ കളിച്ചിട്ടുണ്ട്. 8 ഗോളുകളും 1 അസിസ്റ്റും നൽകി മോഹൻ ബഗാന്റെ വിജയങ്ങളിൽ സദികു നിർണായക പങ്കുവഹിച്ചിരുന്നു. ഫൈനലിൽ സദികുവിന്റെ അഭാവം ബഗാന് വലിയ തിരിച്ചടിയാകും.

93ആം മിനുട്ടിൽ സഹലിന്റെ ഗോൾ!! മോഹൻ ബഗാൻ ISL ഫൈനലിൽ

ഇന്ത്യൻ സൂപ്പർ ലീഗിൽ ഫൈനലിൽ സ്ഥാനം ഉറപ്പിച്ചു മോഹൻ ബഗാൻ. ഇന്ന് നടന്ന സെമിഫൈനലിന്റെ രണ്ടാം പാദത്തിൽ ഒഡീഷ എഫ് സിയെ എതിരില്ലാത്ത രണ്ടു ഗോളുകൾ തോൽപ്പിച്ചാണ് മോഹൻ ബഗാൻ ഫൈനൽ ഉറപ്പിച്ചത്. ആദ്യമത്സരത്തിൽ ഒഡീഷയിൽ വച്ച് 2-1ന് മോഹൻ ബഗാൻ പരാജയപ്പെട്ടിരുന്നു. ഇതോടെ 3-2ന്റെ അഗ്രിഗേറ്റ് സ്കോറിലാണ് മോഹൻബഗാൻ ഫൈനലിലേക്ക് മുന്നേറിയത്.

ഇന്ന് കൊൽക്കത്തയിൽ വച്ച് നടന്ന മത്സരത്തിൽ 22ആം മിനിറ്റിൽ കമിങ്സ് ആണ് മോഹൻ ബഗാന് ലീഡ് നൽകിയത്. ഈ ലീഡ് ആദ്യ പകുതിയിൽ തുടർന്നു. രണ്ടാം പകുതിയിൽ പരിക്കു മാറി എത്തിയ സഹൽ സബ്ബായി കളത്തിൽ ഇറങ്ങി. തുടർന്ന് 90ആം മിനിറ്റിൽ സഹലിന്റെ ഗോളിൽ മോഹൻ ബഗാൻ വിജയം ഉറപ്പിച്ചു.

ഇനി നാളെ നടക്കുന്ന രണ്ടാം സെമിഫൈനലിൽ മുംബൈ സിറ്റി എഫ് സി ഗോവയെ നേരിടും

ആശിഖ് കുരുണിയൻ പരിക്ക് മാറി എത്തി

ഇന്ത്യൻ ഫുട്ബോൾ താരം ആഷിഖ് കുരുണിയന് പരിക്ക് മാറി തിരികെയെത്തി. താരം മോഹൻ ബഗാൻ സ്ക്വാഡിനൊപ്പം പരിശീലനം പുനരാരംഭിച്ചു. കഴിഞ്ഞ സെപ്റ്റംബർ മുതൽ പരിക്ക് കാരണം ആശിഖ് പുറത്തിരിക്കുകയാണ്. ആശിഖ് മോഹൻ ബഗാനായി ഈ സീസണിൽ ഇനി കളിക്കുമോ എന്നത് ഇപ്പോഴും സംശയമാണ്. താരം ഇനി അടുത്ത പ്രീസീസണിൽ മാത്രമെ കളിക്കാൻ സാധ്യതയുള്ളൂ. എങ്കിലും ആശിഖ് ഫിറ്റ്നസ് തിരികെയെടുക്കന്നതിന് അടുത്താണ്‌.

താരത്തിന് ഇന്ത്യക്ക് ആയി കളിക്കവെ ആയിരുന്നു പരിക്കേറ്റത്. കിംഗ്സ് കപ്പിൽ ഇറാഖിനെതിരായ മത്സരത്തിന് ഇടയിൽ ആയിരുന്നു പരിക്ക്. എ സി എൽ ഇഞ്ച്വറി ആയിരുന്നു. ഈ ഐ എസ് എല്ലിൽ ഒരു മത്സരം പോലും അതുകൊണ്ട് ആശിഖിന് കളിക്കാൻ ആയിരുന്നില്ല.

സെമി ഫൈനൽ ആദ്യ പാദത്തിൽ ഒഡീഷ മോഹൻ ബഗാനെ വീഴ്ത്തി

ഇന്ത്യൻസ് സൂപ്പർ ലീഗിലെ ആദ്യ സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ ഒഡീഷ എഫ് സി മോഹൻ ബഗാനെ പരാജയപ്പെടുത്തി. ഒഡീഷയിൽ വെച്ച് നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് ഒഡീഷ ജയിച്ചത്. തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷം തിരിച്ചടിച്ചായിരുന്നു ഒഡീഷയുടെ വിജയം. ഇന്ന് മത്സരത്തിൽ ഇരു ടീമുകളും ഒരോ ചുവപ്പ് കാർഡും വാങ്ങി.

ഇന്ന് മത്സരം ആരംഭിച്ച് മൂന്നാം മിനുട്ടിൽ തന്നെ മൻവീർ സിംഗ് മോഹൻ ബഗാനെ മുന്നിൽ എത്തിച്ചു. പക്ഷെ ലീഡ് ആകെ 11 മിനുട്ട് മാത്രമെ നീണ്ടുനിന്നുള്ളൂ. കാർലോസ് ദെൽഗാഡോയിലൂടെ ഒഡീഷ സമനില പിടിച്ചു. ആദ്യ പകുതിയിൽ തന്നെ 39ആം മിനുട്ടിൽ റോയ് കൃഷ്ണയുടെ ഗോൾ ഒഡീഷയെ മുന്നിലും എത്തിച്ചു.

രണ്ടാം പകുതിയിൽ 67ആം മിനുട്ടിൽ ബഗാന്റെ അർമാണ്ടോ സദികുവും 74ആം മിനുട്ടിൽ ഒഡീഷയുടെ കാർലോസ് ഡെൽഗാഡോയും ചുവപ്പ് കണ്ട് പുറത്തായി. ഇതോടെ രണ്ടു ടീമുകളും 10 പേരായി ചുരുങ്ങി.

ഇനി 28ആം തീയതി കൊൽക്കത്തയിൽ വെച്ച് രണ്ടാം പാദ സെമി നടക്കും.

മലയാളി യുവതാരം മുഹമ്മദ് സനാൻ മോഹൻ ബഗാനിലേക്ക്

മലയാളി യുവ ഫോർവേഡ് മുഹമ്മദ് സനാൻ മോഹൻ ബഗാൻ ക്ലബിലേക്ക് എത്തുന്നു. മോഹൻ ബഗാൻ താരത്തെ സ്വന്തമാക്കാൻ ശ്രമിക്കുന്നതായി നേരത്തെ തന്നെ വാർത്തകൾ ഉണ്ടായിരുന്നു. ഇപ്പോൾ സനാൻ മോഹൻ ബഗാനുമായി കരാർ ധാരണയിൽ എത്തിയതായി റിപ്പോർട്ടുകൾ വരുന്നുണ്ട്. ഈ സീസണിൽ ജംഷദ്പൂർ എഫ് സിക്ക് ആയി നല്ല പ്രകടനം കാഴ്ചവെക്കാൻ 20കാരനായി.

ഈ സീസണിൽ 20 മത്സരങ്ങൾ കളിച്ച താരം 2 ഗോളുകളും ഒരു അസിസ്റ്റും സംഭാവന ചെയ്തിരുന്നു. റിലയൻസ് യൂത്ത് ഫൗണ്ടേഷൻ ടീമിന്റെ ഭാഗമായി വളർന്നു വന്ന സനാൻ ഈ സീസൺ തുടക്കം മുതൽ ആണ് ജംഷദ്പൂരിന്റെ ഭാഗമായത്.

2016 മുതൽ സനാൻ റിലയൻസ് ടീമിന്റെ ഒപ്പം ഉണ്ടായിരുന്മു. സനാൻ റിലയൻസ് ടീമിനൊപ്പം വിദേശ പര്യടനങ്ങളും നടത്തിയിട്ടുണ്ട്. മലപ്പുറം മഞ്ചേരി സ്വദേശിയാണ്. മുമ്പ് പ്രൊഡിജി അക്കാദമിക്ക് ഒപ്പവും താരം കളിച്ചിട്ടുണ്ട്.

സഹൽ അബ്ദുൽ സമദിന് ക്ലബ് കരിയറിലെ രണ്ടാം കിരീടം

മലയാളികളുടെ പ്രിയ താരം സഹൽ അബ്ദുൽ സമദ് തന്റെ ക്ലബ് കരിയറിലെ രണ്ടാം കിരീടം സ്വന്തമാക്കി. ഇന്ന് മോഹൻ ബഗാൻ മുംബൈ സിറ്റിയെ തോൽപ്പിച്ച് ഐ എസ് എൽ ഷീൽഡ് സ്വന്തമാക്കിയിരുന്നു. ഇത് സഹലിന്റെ ക്ലബ് കരിയറിലെ രണ്ടാം കിരീടമാണ്. നേരെത്തെ കഴിഞ്ഞ സെപ്റ്റംബറിൽ മോഹൻ ബഗാനൊപ്പം ഡ്യൂറണ്ട് കപ്പും സഹൽ നേടിയിരുന്നു.

പരിക്ക് കാരണം ഈ സീസൺ ഐ എസ് എല്ലിൽ സഹലിന് നിരവധി മത്സരങ്ങൾ നഷ്ടമായിരുന്നു. 13 മത്സരങ്ങൾ ഐ എസ് എല്ലിൽ കളിച്ച താരം മോഹൻ ബഗാനായി ഒരു ഗോളും നാല് അസിസ്റ്റും നൽകി.

ഈ സീസൺ തുടക്കത്തിൽ മാത്രമായിരുന്നു സഹൽ മോഹൻ ബഗാനിൽ എത്തിയത്‌‌. ക്ലബിൽ എത്തി ആദ്യ സീസണിൽ തന്നെ രണ്ട് കിരീടം നേടാൻ ആയത് സഹലിന് വലിയ ഊർജ്ജമാകും. ഷീൽഡിന് പിറകെ ഇനി ഐ എസ് എൽ കിരീടം കൂടെ നേടുക ആകും മോഹൻ ബഗാന്റെ ലക്ഷ്യം.

ബഗാനിൽ പോകും മുമ്പ് അവസാന ആറു വർഷമായി സഹൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടായിരുന്നു. പക്ഷെ ഒരു കിരീടം പോലും താരത്തിന് നേടാൻ ആയിരുന്നില്ല. ഐ എസ് എല്ലിൽ റണ്ണേഴ്സ് അപ്പ് ആയതായിരുന്നു സഹലിന്റെ കേരള ബ്ലാസ്റ്റേഴ്സിലെ ഏറ്റവും വലിയ നേട്ടം.

സഹൽ ഇന്ത്യൻ ദേശീയ ടീമിനൊപ്പം കിരീടങ്ങൾ നേടിയിട്ടുണ്ട്. ഇന്ത്യക്ക് ഒപ്പം നാലു കിരീടങ്ങൾ അദ്ദേഹം നേടി. രണ്ട് സാഫ് കപ്പും ഒരു ട്രി നാഷണൽ ടൂർണമെന്റും ഒരു ഇന്റർ കോണ്ടിനെന്റൽ കപ്പും സഹൽ നേടിയിട്ടുണ്ട്. പരിക്ക് കാരണം നീണ്ട കാലം കളിക്കളത്തിൽ ഇല്ല എങ്കിലും മലയാളി താരം ആഷിഖ് കുരുണിയനും ഈ മോഹൻ ബഗാൻ ടീമിന്റെ ഭാഗമാണ്.

അവസാന മത്സരത്തിൽ മുംബൈ സിറ്റിയെ തോൽപ്പിച്ച് മോഹൻ ബഗാൻ ISL ഷീൽഡ് സ്വന്തമാക്കി

ഇന്ത്യൻ സൂപ്പർ ലീഗ് ഷീൽഡ് മോഹൻ ബഗാൻ സ്വന്തമാക്കി. ഇന്ന് നടന്ന ലീഗിലെ അവസാനത്തെയും നിർണായകവുമായ മത്സരത്തിൽ മുംബൈ സിറ്റിയെ പരാജയപ്പെടുത്തിയാണ് മോഹൻ ബഗാൻ ഐഎസ്എൽ ഷീൽഡ് സ്വന്തമാക്കിയത്. ഇന്ന് കൊൽക്കത്തയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളിനായിരുന്നു മോഹൻ ബഗാന്റെ വിജയം.

ഇന്ന് മത്സരം ആരംഭിക്കുന്നതിനു മുമ്പ് മുംബൈ സിറ്റി 47 പോയിന്റുമായി ഒന്നാമതും മോഹൻ ബഗാൻ 45 പോയിന്റുമായി രണ്ടാമത് ആയിരുന്നു ഉണ്ടായിരുന്നത്. ഈ വിജയത്തോടെ മോഹൻ ബഗാൻ ലീഗിൽ ഒന്നാമത് ഫിനിഷ് ചെയ്തു. അവരുടെ ആദ്യ ഐഎസ്എൽ ഷീൽഡ് ആണ് അവർ ഇന്ന് സ്വന്തമാക്കിയത്. മുംബൈ സിറ്റി ഇതിനുമുമ്പ് രണ്ട് തവണ ഐഎസ്എൽ ഷീൽഡ് സ്വന്തമാക്കിയിട്ടുണ്ട്.

ഇന്ന് മത്സരത്തിന്റെ 28ആം മിനിറ്റിൽ പിറന്ന ഗോളിൽ നിന്നായിരുന്നു മോഹൻ ലീഡ് നേടിയത്. പെട്രാറ്റോസിന്റെ അസിസ്റ്റിൽ നിന്ന് ലിസ്റ്റൺ കൊളാസോ ആണ് ഗോൾ നേടിയത്. ഈ ഗോളിന് മറുപടി പറയാനോ തിരിച്ചടിക്കാനോ മുംബൈക്ക് ആയില്ല. അവർ സമനിലക്കായി ആഞ്ഞു ശ്രമിച്ചു എങ്കിലും മോഹൻ ബഗാൻ ഡിഫൻസിനെ ഭേദിക്കാൻ അവർക്ക് ആയില്ല. 81ആം മിനുട്ടിൽ കമ്മിംഗ്സിലൂടെ മോഹൻ ബഗാൻ രണ്ടാം ഗോൾ നേടി.

കിരീടം ഉറപ്പിച്ചു എന്ന് തോന്നിയ സമയത്ത് 89ആം മിനുട്ടിൽ ചാങ്തെയിലൂടെ മുംബൈ സിറ്റി ഒരു ഗോൾ മടക്കി. ഇതോടെ കളിയുടെ അവസാന നിമിഷങ്ങൾ ആവേശകരമായി. 92ആം മിനുട്ടിൽ മോഹൻ ബഗാൻ താരം ബ്രണ്ടൺ ഹാമൽ ചുവപ്പ് കണ്ട് പുറത്ത് പോയത് ബഗാനെ കൂടുതൽ സമ്മർദ്ദത്തിലാക്കി. എങ്കിലും പൊരുതി വിജയം ഉറപ്പിക്കാൻ ബഗാനായി.

വിജയത്തോടെ മോഹൻ ബഗാൻ 48 പോയിന്റുമായി ലീഗിൽ ഒന്നാമത് ഫിനിഷ് ചെയ്തു. 47 പോയിന്റുള്ള മുംബൈ സിറ്റി രണ്ടാമതും ഫിനിഷ് ചെയ്തു. മൂന്നാം സ്ഥാനത്ത് എഫ് സി ഗോവ, നാലാം സ്ഥാനത്ത് ഒഡീഷ, അഞ്ചാം സ്ഥാനത്ത് കേരള ബ്ലാസ്റ്റേഴ്സ്, ആറാം സ്ഥാനത്ത് ചെന്നൈയിൽ എന്നിവരാണ് ഫിനിഷ് ചെയ്തത്‌. ഇവരാണ് ഇനി നോക്കൗട്ട് റൗണ്ടിൽ മത്സരിക്കുക

ബെംഗളൂരുവിനെ തകർത്ത് ISL ഷീൽഡ് പ്രതീക്ഷ കാത്ത് മോഹൻ ബഗാൻ

ഇന്ത്യൻ സൂപ്പർ ലീഗിൽ ഷീൽഡ് വിജയിക്കാമെന്ന പ്രതീക്ഷ കാത്ത് മുംബൈ സിറ്റി. ബെംഗളൂരുവിൽ വെച്ച് നടന്ന മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളികൾക്ക് മുംബൈ സിറ്റി ബെംഗളൂരു എഫ് സിയെ തോൽപ്പിച്ചു. ഇതോടെ ഐ എസ് എൽ ഷീൽഡ് ആര് നേടും എന്നത് അവസാന മത്സരത്തിൽ മാത്രമെ അറിയാം ആകു. മുംബൈ സിറ്റിയും മോഹൻ ബഗാനും ആണ് അവസാന മത്സരത്തിൽ നേർക്കുനേർ വരുന്നത്.

ഇന്ന് ആദ്യ പകുതിയിൽ 17ആം മിനുട്ടിൽ ഹെക്റ്ററിലൂടെ മോഹൻ ബഗാൻ ലീഡ് എടുത്തു. 40ആം മിനുട്ടിൽ സമനില നേടാൻ ഒരു അവസരം ബെംഗളൂരുവിന് ലഭിച്ചു എങ്കിലും സുനിൽ ഛേത്രിക്ക് പെനാൾട്ടി ലക്ഷ്യത്തിൽ എത്തിക്കാൻ ആയില്ല. രണ്ടാം പകുതിയിൽ 51ആം മിനുട്ടിൽ മൻവീർ സിംഗിലൂടെ മോഹൻ ബഗാൻ ലീഡ് എടുത്തു. പിന്നീട് 8 മിനുട്ടിനകം അനിരുദ്ധ് താപയും അർമാണ്ടോ സദീകുവും കൂടെ ഗോൾ നേടിയതോടെ സ്കോർ 4-0 എന്നായി.

ഈ വിജയത്തോടെ ബഗാന് 45 പോയിന്റാണ് ഉള്ളത്. മുംബൈ സിറ്റിക്ക് 47 പോയിന്റും. ഏപ്രിൽ 15ന് ഇരുവരും ഏറ്റുമുട്ടും.

പഞ്ചാബിനെ പരാജയപ്പെടുത്തി മോഹൻ ബഗാൻ, ഷീൽഡ് പ്രതീക്ഷകൾ കാത്തു

ഇന്ത്യൻ സൂപ്പർ ലീഗൽ ഇന്ന് നടന്ന മത്സരത്തിൽ മോഹൻ ബഗാൻ പഞ്ചാബ് എഫ് സിയെ പരാജയപ്പെടുത്തി. ഇന്ന് നടന്ന എവേ മത്സരത്തിൽ മറുപടിയില്ലാത്ത ഒരു ഗോളിന് ആയിരുന്നു മോഹൻ ബഗാന്റെ വിജയം. ഈ വിജയം അവരുടെ ഷീൽഡ് പ്രതീക്ഷകൾ കാത്തു.

ഇന്ന് ആദ്യ പകുതിയിൽ 42ആം മിനിറ്റിൽ പെട്രാറ്റോസ് ആണ് മോഹൻ ബഗാന്റെ ഗോൾ നേടിയത്. ഈ ഗോളിന് മറുപടി നൽകാൻ പഞ്ചാബിന് ആയില്ല. ഈ പരാജയത്തോടെ പഞ്ചാബിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ അവസാനിച്ചു. അവർ ഇപ്പോൾ 21 മത്സരങ്ങളിൽ നിന്ന് 21 പോയിന്റുമായി പത്താം സ്ഥാനത്ത് നിൽക്കുകയാണ്.

മോഹൻ ബഗാൻ 20 മത്സരങ്ങളിൽ നിന്ന് 42 പോയിന്റുമായി രണ്ടാം സ്ഥാനത്ത് നൽകുകയാണ്. ഒന്നാമത് ഉള്ള മുംബൈ സിറ്റിമ്മ് രണ്ടു പോയിന്റ് പിറകിലാണ് മോഹൻ ബഗാൻ ഉള്ളത്. ഇനി മുംബൈ സിറ്റിക്കും മോഹൻ ബഗാനും രണ്ട് മത്സരങ്ങൾ വീതമാണ് ബാക്കി ഉള്ളത്.

94ആം മിനുട്ടിൽ മോഹൻ ബഗാന്റെ സമനില, 97ആം മിനുട്ടിൽ ചെന്നൈയിന്റെ വിജയ ഗോൾ!! ത്രില്ലിംഗ് ഫിനിഷ്

ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന ആവേശകരമായ മത്സരത്തിൽ മോഹൻ ബഗാൻ ചെന്നൈയിനോട് പരാജയപ്പെട്ടു. 97ആം മിനുട്ടിൽ വിജയ ഗോളിൽ ആണ് ചെന്നൈയിൻ ഇന്ന് വിജയിച്ചത്. 3-2 എന്ന സ്കോറിനായിരുന്നു വിജയം.

കൊൽക്കത്തയിൽ നടന്ന മത്സരത്തിൽ ഇന്ന് 29ആം മിനിട്ടിൽ മോഹൻ ബഗാൻ ജോണി കോക്കോയിലൂടെ ലീഡ് എടുത്തു. ആദ്യ പകുതി അവസാനിക്കും വരെ അവർക്ക് ലീഡ് നിലനിർത്താനായി. രണ്ടാം പകുതിയിൽ ശക്തമായി തിരിച്ചടിച്ച ചെന്നൈയിൻ 73ആം മിനിറ്റിൽ ജോർജൻ
മുറേയിലൂടെ സമനില ഗോൾ നേടി. അധികം വൈകാതെ 80ആം മിനിറ്റിൽ റോബർട്ട് എഡഡ്വേർഡ്സ് ചെന്നൈയിനായി രണ്ടാം ഗോൾ നേടി അവരെ മുന്നിലെത്തിച്ചു.

അവർ വിജയത്തിലേക്ക് പോവുകയാണ് എന്ന് പ്രതീക്ഷിച്ചു എങ്കിലും അവസാനം ഒരു പെനാൽറ്റി അവരെ ചതിച്ചു. പെനാൽറ്റി ലക്ഷത്തിൽ എത്തിച്ചുകൊണ്ട് പെട്രാറ്റോസ് മോഹൻ ബഗാന് സമനില നൽകി. പക്ഷെ വിട്ടു കൊടുക്കാൻ ചെന്നൈയിൻ തയ്യാറായില്ല. 94ആം മിനുട്ടിലെ സമനില ഗോൾ വീണ് മിനുട്ടുകൾക്ക് അകം ഇർഫാനിലൂടെ ചെന്നൈയിൻ ലീഡ് തിരികെ നേടി. ഈ ഗോൾ ചെന്നൈയിന് ജയവും നൽകി.

ഈ പരാജയത്തോടെ 39 പോയിന്റുമായി മോഹൻബഗാൻ ലീഗിൽ രണ്ടാം സ്ഥാനത്ത് നിൽക്കുകയാണ്. 21 പോയിന്റുള്ള ചെന്നൈയിൻ 9ആം സ്ഥാനത്താണ് നിൽക്കുന്നത്. അവരുടെ പ്ലേ ഓഫ് പ്രതീക്ഷകൾക്ക് വലിയ ഊർജ്ജമാണ് ഇന്നത്തെ വിജയം.

ഡിഫൻഡിംഗ് മറന്ന് കേരള ബ്ലാസ്റ്റേഴ്സ്!! 7 ഗോൾ ത്രില്ലറിൽ മോഹൻ ബഗാനോട് തോൽവി

ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന ത്രില്ലറിൽ കേരള ബ്ലാസ്റ്റേഴ്സ് മോഹൻ ബഗാനോട് പരാജയപ്പെട്ടു. മൂന്നിനെതിരെ നാലു ഗോളുകൾക്ക് ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ പരാജയം. ഡിഫൻഡ് ചെയ്യാൻ മറന്നതാണ് കേരള ബ്ലാസ്റ്റേഴ്സിന് പരാജയം നൽകിയത്.

കൊച്ചിയിൽ നടന്ന മത്സരത്തിൽ തുടക്കത്തിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് പിറകിലായി. കളിയുടെ അഞ്ചാം മിനുട്ടിൽ അർമാന്ദോ സദികു ആണ് മോഹൻ ബഗാന് ലീഡ് നൽകിയത്. പ്രിതം കോട്ടാകിന്റെ ഒരു മിസ് ജഡ്ജ്മന്റാണ് ബ്ലാസ്റ്റേഴ്സ് ഡിഫൻസ് ആ ഗോൾ വഴങ്ങാൻ കാരണം. ഈ ഗോളിന് ശേഷം കേരള ബ്ലാസ്റ്റേഴ്സ് മെച്ചപ്പെട്ട ഫുട്ബോൾ കാഴ്ചവെച്ചു എങ്കിലും നല്ല അവസരം പിറന്നില്ല.

രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സ് അറ്റാക്കിന് മൂർച്ച കൂട്ടി. 54ആം മിനുട്ടിൽ വിബിൻ മോഹനന്റെ ഗോളിൽ ബ്ലാസ്റ്റേഴ്സ് സമനില നേടി. രാഹുലിന്റെ അസിസ്റ്റിൽ നിന്ന് ഒരു മനോഹരമായ ഫിനിഷിലൂടെ ആണ് വിബിൻ ഗോൾ കണ്ടെത്തിയത്. പക്ഷെ സമനില നീണ്ടു നിന്നില്ല.

60ആം മിനുട്ടിൽ സദികുവിലൂടെ മോഹൻ ബഗാൻ വീണ്ടും ലീഡ് എടുത്തു. സെറ്റ് പീസിലെ മോശം ഡിഫൻഡിംഗ് ആയിരുന്നു ഈ ഗോളിന് കാരണം. സ്കോർ 1-2.

വീണ്ടും ബ്ലാസ്റ്റേഴ്സ് പൊരുതി 63ആം മിനുട്ടിൽ വീണ്ടും ബ്ലാസ്റ്റേഴ്സ് ഒപ്പം എത്തി. ഇത്തവണ ഒരു അർധാവസരം തന്റെ സ്വന്തം പ്രയത്നത്തിലൂടെ ദിമി ഗോളാക്കി മാറ്റുക ആയിരുന്നു. ദിമിയുടെ 11ആം ഗോളായിരുന്നു ഇത്. ഇത്തവണയും സമനില നീണ്ടു നിന്നില്ല.

68ആം മിനുട്ടിൽ വീണ്ടും ബഗാൻ മുന്നിൽ. ഇത്തവണ ഒരു ഫ്രീ ഹെഡറിലൂടെ ദീപക് താങ്ക്രി ആണ് ബഗാനായി ഗോൾ നേടിയത്. സ്കോർ 2-3. ഇതിനു ശേഷം ബ്ലാസ്റ്റേഴ്സും തളർന്നു. മോഹൻ ബഗാൻ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്നതും കാണാൻ ആയി. അവസാനം ഇഞ്ച്വറി ടൈമിൽ കമ്മിംഗ്സിലൂടെ ബഗാൻ നാലാം ഗോൾ നേടി. 98ആം മിനുട്ടിൽ ദിമി വീണ്ടും ഗോൾ നേടി സ്കോർ 3-4 എന്നാക്കി. ഒരു സമനില ഗോളിനായി ശ്രമിക്കാനുള്ള സമയം പിന്നെ ഉണ്ടായിരുന്നില്ല.

ഈ പരാജയത്തോടെ ബ്ലാസ്റ്റേഴ്സ് അഞ്ചാമത് തന്നെ നിൽക്കുകയാണ്. 18 മത്സരങ്ങളിൽ നിന്ന് ബ്ലാസ്റ്റേഴ്സ് 29 പോയിന്റിൽ നിൽക്കുകയാണ്. 39 പോയിന്റുള്ള മോഹൻ ബഗാൻ രണ്ടാമതും നിൽക്കുന്നു.

മോഹൻ ബഗാനെതിരെ കേരള ബ്ലാസ്റ്റേഴ്സ് പിറകിൽ

ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് മോഹൻ ബഗാനെ നേരിടുകയാണ്. കൊച്ചിയിൽ നടക്കുന്ന മത്സരം ആദ്യ പകുതിക്ക് പിരിയുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ഒരു ഗോളിന് പിറകിൽ നിൽക്കുകയാണ്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് പിറകിലായി.

കളിയുടെ അഞ്ചാം മിനുട്ടിൽ അർമാന്ദോ സദികു ആണ് മോഹൻ ബഗാന് ലീഡ് നൽകിയത്. പ്രിതം കോട്ടാകിന്റെ ഒരു മിസ് ജഡ്ജ്മന്റാണ് ബ്ലാസ്റ്റേഴ്സ് ഡിഫൻസ് ആ ഗോൾ വഴങ്ങാൻ കാരണം. ഈ ഗോളിന് ശേഷം കേരള ബ്ലാസ്റ്റേഴ്സ് മെച്ചപ്പെട്ട ഫുട്ബോൾ കാഴ്ചവെച്ചു എങ്കിലും നല്ല അവസരം പിറന്നില്ല.

ദിമിക്ക് ഗോളടിക്കാൻ ഒരു അവസരം ഒരുക്കാൻ ബ്ലാസ്റ്റേഴ്സിന് ഇതുവരെ ആയിട്ടില്ല. എഫ് സി ഗോവയോട് എന്ന പോലെ രണ്ടാം പകുതിയിൽ ഒരു തിരിച്ചുവരവ് ബ്ലാസ്റ്റേഴ്സ് നടത്തുമെന്നാണ് ഇനി പ്രതീക്ഷ.

Exit mobile version