കേരളത്തിന്റെ സെമി സ്വപ്നങ്ങള്‍ തകര്‍ത്ത് രോനിത് മോറെ, കര്‍ണ്ണാടകയ്ക്ക് 80 റണ്‍സ് വിജയം

വിജയ് ഹസാരെ ട്രോഫി സെമി ഫൈനലില്‍ കടന്ന് കര്‍ണ്ണാടക. ഇന്ന് നടന്ന മത്സരത്തില്‍ കേരളത്തിനെതിരെ 80 റണ്‍സ് വിജയം കരസ്ഥമാക്കിയാണ് കര്‍ണ്ണാടക മുന്നേറിയത്. ആദ്യം ബാറ്റ് ചെയ്ത കര്‍ണ്ണാടക 338 റണ്‍സാണ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ നേടിയത്.

കേരളത്തിന് തുടക്കം മുതല്‍ വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ അഞ്ചാം വിക്കറ്റില്‍ വത്സല്‍ ഗോവിന്ദ് – മുഹമ്മദ് അസ്ഹറുദ്ദീന്‍ കൂട്ടുകെട്ട് മാത്രമാണ് പൊരുതി നോക്കിയത്. അസ്ഹറുദ്ദീന്‍ 34 പന്തില്‍ നിന്ന് 52 റണ്‍സ് നേടിയെങ്കിലും ശ്രേയസ്സ് ഗോപാലിന് വിക്കറ്റ് നല്‍കി മടങ്ങിയപ്പോള്‍ അഞ്ചാം വിക്കറ്റില്‍ ഇവര്‍ 92 റണ്‍സാണ് നേടിയത്.

അധികം വൈകാതെ 92 റണ്‍സ് നേടിയ വത്സല്‍ ഗോവിന്ദും പുറത്താകുകയായിരുന്നു. റോബിന്‍ ഉത്തപ്പ, രോഹന്‍ കുന്നുമ്മല്‍, വത്സല്‍ ഗോവിന്ദ് എന്നിവരുടെ വിക്കറ്റ് രോനിത് മോറെയാണ് നേടിയത്. അസ്ഹറുദ്ദീന്റേതുള്‍പ്പെടെ രണ്ട് വിക്കറ്റ് ശ്രേയസ്സ് ഗോപാല്‍ നേടി.

രോണിത് മോറെ ബേസില്‍ തമ്പിയെയും ശ്രീശാന്തിനെയും പുറത്താക്കി തന്റെ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയപ്പോള്‍ കേരളം 43.4 ഓവറില്‍ 258 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു. 24 റണ്‍സ് നേടിയ ജലജ് സക്സേനയെ പുറത്താക്കി കൃഷ്ണപ്പ ഗൗതം ആണ് കേരള ഇന്നിംഗ്സിന് അവസാനം കുറിച്ചത്. ഗൗതമിന്റെ മത്സരത്തിലെ രണ്ടാമത്തെ വിക്കറ്റായിരുന്നു ഇത്.

സച്ചിന്‍ ബേബിയുടെയും സഞ്ജു സാംസണിന്റെയും അര്‍ദ്ധ ശതകങ്ങള്‍ വിഫലം, കേരളത്തിനെതിരെ ഹരിയാനയ്ക്ക് നാല് റണ്‍സ് വിജയം

സച്ചിന്‍ ബേബിയുടെ വീരോചിതമായ ഇന്നിംഗ്സിനും കേരളത്തെ വിജയത്തിലേക്ക് നയിക്കാനായില്ല. സച്ചിന്‍ ബേബി 36 പന്തില്‍ 68 റണ്‍സ് നേടി കൈവിട്ട മത്സരത്തിലേക്ക് കേരളത്തെ തിരികെ കൊണ്ടുവന്നുവെങ്കിലും അവസാന ഓവറില്‍ 12 റണ്‍സ് നേടുവാന്‍ കേരളത്തിന് സാധിക്കാതെ പോയപ്പോള്‍ സയ്യദ് മുഷ്താഖ് അലി ട്രോഫിയുടെ നോക്ക്ഔട്ട് ഘട്ടത്തില്‍ കടന്ന് ഹരിയാന.

സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണ് കേരളം ഇന്ന് ഏറ്റുവാങ്ങിയത്. ഇന്ന് നടന്ന മത്സരത്തില്‍ കേരളത്തിനെതിരെ ഹരിയാന ആദ്യം ബാറ്റ് ചെയ്ത് 198 റണ്‍സ് നേടിയിരുന്നു. കൂറ്റന്‍ ലക്ഷ്യം തേടിയിറങ്ങിയ കേരളത്തിന് 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സേ നേടാനായുള്ളു.

റോബിന്‍ ഉത്തപ്പയെ തുടക്കത്തിലെ നഷ്ടമായ ശേഷം രണ്ടാം വിക്കറ്റില്‍ സഞ്ജു സാംസണും മുഹമ്മദ് അസ്ഹറുദ്ദീനും ചേര്‍ന്ന് ടീമിനായി 81 റണ്‍സ് കൂട്ടുകെട്ട് നേടി മത്സരത്തില്‍ പ്രതീക്ഷ പുലര്‍ത്തിയെങ്കിലും സഞ്ജുവിനെയും അസ്ഹറുദ്ദിനെയും ഒരേ ഓവറില്‍ പുറത്താക്കി സുമിത് കുമാര്‍ കേരളത്തിന്റെ സാധ്യതകളെ ഇല്ലാതാക്കി. സഞ്ജു 31 പന്തില്‍ 51 റണ്‍സും അസ്ഹറുദ്ദീന്‍ 25 പന്തില്‍ 35 റണ്‍സും നേടുകയായിരുന്നു.

11 ഓവറില്‍ കേരളം 102/3 എന്ന നിലയിലായിരുന്നു. അവിടെ നിന്ന് സച്ചിന്‍ ബേബി 38 പന്തില്‍ നിന്ന് നേടിയ 66 റണ്‍സാണ് കേരളത്തിന്റെ പ്രതീക്ഷയായി മാറിയത്. അവസാന രണ്ടോവറില്‍ 26 റണ്‍സ് ആയിരുന്നു കേരളത്തിന് വേണ്ടിയിരുന്നത്. മോഹിത് ശര്‍മ്മ എറിഞ്ഞ 19ാം ഓവറിലെ ആദ്യ മൂന്ന് പന്തുകളില്‍ സല്‍മാന്‍ നിസാറിന് വലിയ ഷോട്ടുകള്‍ നേടാനായില്ലെങ്കിലും നാലാം പന്തില്‍ സച്ചിന്‍ ബേബി സിക്സര്‍ നേടി. ഓവറിലെ അവസാന പന്തില്‍ സല്‍മാന്‍ നിസാര്‍ ഒരു ബൗണ്ടറി നേടിയപ്പോള്‍ ലക്ഷ്യം ആറ് പന്തില്‍ 12 റണ്‍സായി മാറി.

അവസാന ഓവറിലെ മൂന്നാം പന്തില്‍ കേരളത്തിന് സല്‍മാന്‍ നിസാറിന്റെ വിക്കറ്റ് നഷ്ടപ്പെടുകയായിരുന്നു. മൂന്ന് പന്തില്‍ 11 റണ്‍സ് വേണ്ട ഘട്ടത്തില്‍ സച്ചിന്‍ ബേബി റണ്ണൗട്ടായതോട് കൂടി കേരളത്തിന്റെ ലക്ഷ്യം രണ്ട് പന്തില്‍ 10 റണ്‍സായി മാറി.

137 നോട്ട്ഔട്ട്, അസ്ഹറിന് 1.37 ലക്ഷത്തിന്റെ ക്യാഷ് പ്രൈസ് പ്രഖ്യാപിച്ച് കേരള ക്രിക്കറ്റ് അസോസ്സിയേഷന്‍

കേരളത്തിന് വേണ്ടി ടി20 ക്രിക്കറ്റില്‍ ആദ്യ ശതകം നേടിയ താരമായി മാറിയ മുഹമ്മദ് അസ്ഹറുദ്ദീന് പാരിതോഷികം പ്രഖ്യാപിച്ച് കേരള ക്രിക്കറ്റ് അസോസ്സിയേഷന്‍. കേരള ക്രിക്കറ്റ് അസോസ്സിയേഷന്‍ അംഗങ്ങളും പ്രസിഡന്റും സെക്രട്ടറിയും താരത്തിന്റെ പ്രകടനത്തെ അനുമോദിക്കുന്നതിന്റെ ഭാഗമായി ഒരു ലക്ഷത്തി മുപ്പത്തിയേഴായിരം രൂപ പാരിതോഷികം ആയി നല്‍കുമെന്ന് സെക്രട്ടറ്റി അഡ്വ. ശ്രീജിത്ത് വി നായര്‍ പറഞ്ഞു.

മുംബൈയ്ക്കെതിരെ 54 പന്തില്‍ നിന്ന് 137 റണ്‍സ് നേടി പുറത്താകാതെ നിന്ന അസ്ഹറുദ്ദീന്റെ പ്രകടനം കേരളത്തെ സയ്യദ് മുഷ്താഖ് അലി ട്രോഫിയിലെ രണ്ടാം ജയത്തിലേക്ക് ടീമിനെ നയിക്കുകയായിരുന്നു.

കേരളത്തിനായി ടി20 ക്രിക്കറ്റില്‍ ശതകം നേടുന്ന ആദ്യ താരമായി മുഹമ്മദ് അസ്ഹറുദ്ദീന്‍

കേരളത്തിന് വേണ്ടി ടി20 ക്രിക്കറ്റില്‍ ശതകം നേടുന്ന ആദ്യ താരമായി മുഹമ്മദ് അസ്ഹറുദ്ദീന്‍. ഇന്ന് കേരളത്തിന് വേണ്ടി താരം 54 പന്തില്‍ നിന്ന് 137 റണ്‍സുമായി പുറത്താകാതെ നിന്ന് ടീമിനെ വിജയത്തിലേക്ക് നയിക്കുന്നതിനിടയിലാണ് ഈ നേട്ടം സ്വന്തമാക്കിയത്.

ഇതിന് മുമ്പ് 2013ല്‍ ഡല്‍ഹിയ്ക്കെതിരെ രോഹന്‍ പ്രേം പുറത്താകാതെ നേടിയ 92 റണ്‍സാണ് കേരളത്തിനായുള്ള ഉയര്‍ന്ന സ്കോര്‍. സയ്യദ് മുഷ്താഖ് അലി ട്രോഫിയിലെ വേഗതയേറിയ രണ്ടാമത്തെ ശതകം ആണ് ഇത്. 2018ല്‍ ഋഷഭ് പന്ത് നേടിയ 32 പന്തില്‍ നിന്നുള്ള ശതകം ആണ് ഏറ്റവും വേഗതയേറിയ ശതകം.

അസ്ഹര്‍ അടിയില്‍ വീണ് മുംബൈ, കേരളത്തിന് രണ്ടാം ജയം

മുംബൈ നല്‍കിയ 197 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യം നിഷ്പ്രയാസം മറികടന്ന് കേരളം. 15.5 ഓവറിലാണ് 2 വിക്കറ്റ് നഷ്ടത്തില്‍ കേരളം ഈ സ്കോര്‍ മറികടന്നത്. 54 പന്തില്‍ 137 റണ്‍സ് നേടിയ അസ്ഹറുദ്ദീന്റെ പ്രകടനം ആണ് കേരളത്തിന് മത്സരം അനുകൂലമാക്കി മാറ്റിയത്. 9 ഫോറും 11 സിക്സുമാണ് അസ്ഹറുദ്ദീന്‍ നേടിയത്.

23 പന്തില്‍ 33 റണ്‍സ് നേടിയ റോബിന്‍ ഉത്തപ്പയും 12 പന്തില്‍ 22 റണ്‍സ് നേടിയ സഞ്ജു സാംസണും മികച്ച പ്രകടനം കേരളത്തിനായി നേടി.

മുഹമ്മദ് അസ്ഹറുദ്ദീന്റെ ഒറ്റയാന്‍ പ്രകടനമാണ് കേരളത്തെ വിജയത്തിലേക്ക് നയിച്ചത്. 20 പന്തില്‍ അര്‍ദ്ധ ശതകം നേടിയ അസ്ഹറുദ്ദീന്‍ തന്റെ ശതകം പൂര്‍ത്തിയാക്കുവാന്‍ 17 പന്ത് കൂടിയാണ് നേരിട്ടത്.

6 ഓവറില്‍ 88 റണ്‍സ് നേടിയ ടീമിന് 10 ഓവറില്‍ 140 റണ്‍സാണ് നേടാനായത്.

സയ്യദ് മുഷ്താഖ് അലി ട്രോഫിയെ ആവേശം കൊള്ളിച്ച ശതകവുമായി മുഹമ്മദ് അസ്ഹറുദ്ദീന്‍

കേരളത്തിന് വേണ്ടി മുംബൈയ്ക്കെതിരെ വെടിക്കെട്ട് പ്രകടനവുമായി മുഹമ്മദ് അസ്ഹറുദ്ദീന്‍. 197 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യം തേടിയിറങ്ങിയ കേരളത്തിന് വേണ്ടി മുംബൈയെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് മുഹമ്മദ് അസ്ഹറുദ്ദീന്‍ പുറത്തെടുത്തത്.

20 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയ 8 വീതം സിക്സും ഫോറുമാണ് ശതകം പൂര്‍ത്തിയാക്കുമ്പോള്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ നേടിയത്.അസ്ഹറുദ്ദീന്‍ 37 പന്തില്‍ നിന്നാണ് തന്റെ ശതകം പൂര്‍ത്തിയാക്കിയത്.

20 പന്തില്‍ അര്‍ദ്ധ ശതകം തികച്ച് മുഹമ്മദ് അസ്ഹറുദ്ദീന്‍, കേരളം 6 ഓവറില്‍ 88 റണ്‍സ്

മുഹമ്മദ് അസ്ഹറുദ്ദീന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെ മികവില്‍ മുംബൈ നല്‍കിയ 197 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ കേരളത്തിന് മികച്ച തുടക്കം. അസ്ഹറുദ്ദീന്‍ 20 പന്തില്‍ തന്റെ അര്‍ദ്ധ ശതകം നേടിയപ്പോള്‍ കേരളം 6 ഓവറില്‍ 88 റണ്‍സാണ് വിക്കറ്റ് നഷ്ടമില്ലാതെ നേടിയിട്ടുള്ളത്.

24 പന്തില്‍ 65 റണ്‍സ് നേടി അസ്ഹറുദ്ദീനും 13 പന്തില്‍ 20 റണ്‍സ് നേടി റോബിന്‍ ഉത്തപ്പയുമാണ് കേരളത്തിനായി ക്രീസിലുള്ളത്.

“സൗരവ് ഗാംഗുലിയെ ക്യാപ്റ്റനായി വളർത്തിയതിൽ അസ്ഹറിന് വലിയ പങ്കുണ്ട്”

സൗരവ് ഗാംഗുലി ഇന്ത്യയുടെ മികച്ച ക്യാപ്റ്റന്മാരിൽ ഒരാളായി വളർത്തിയതിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ധീന് വലിയ പങ്കുണ്ടെന്ന് മുൻ പാകിസ്ഥാൻ വിക്കറ്റ് കീപ്പർ റഷീദ് ലത്തീഫ്. മുഹമ്മദ് അസ്ഹറുദ്ധീൻ മികച്ചൊരു ക്യാപ്റ്റൻ മാത്രമല്ലെന്നും ഇന്ത്യക്ക് വേണ്ടി സൗരവ് ഗാംഗുലിയെ പോലെ ഒരു ക്യാപ്റ്റനെ സംഭാവന ചെയ്തിട്ടുണ്ടെന്നും ലത്തീഫ് പറഞ്ഞു. 1992ൽ അന്ന് ക്യാപ്റ്റനായിരുന്ന അസ്ഹറുദ്ധീന് കീഴിലാണ് സൗരവ് ഗാംഗുലി ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റം നടത്തിയത്.

കഴിഞ്ഞ മാസം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച മഹേന്ദ്ര സിംഗ് ധോണിയേയും റഷീദ് ലത്തീഫ് പ്രശ്‌നംസിച്ചു. മഹേന്ദ്ര സിംഗ് ധോണിക്ക് അസ്ഹറുദീന്റെയും സൗരവ് ഗാംഗുലിയുടെയും കഴിവുകൾ ലഭിച്ചിട്ടുണ്ടെന്നും ലത്തീഫ് പറഞ്ഞു. ധോണി ഇന്ത്യൻ ടീമിൽ വിജയിക്കാൻ കഴിയുമെന്ന വിശ്വാസം വളർത്തിയെന്നും റഷീദ് ലത്തീഫ് പറഞ്ഞു.

ഒരു ക്യാപ്റ്റനും ഇതുവരെ ലഭിക്കാതെ മൂന്ന് ഐ.സി.സി കിരീടങ്ങൾ ധോണി നേടിയെന്നും യുവതാരങ്ങൾക്ക് ധോണി വളരെയധികം പ്രചോദനം നൽകിയെന്നും റഷീദ് ലത്തീഫ് പറഞ്ഞു. തന്റെ സ്വഭാവത്തിന് അനുസരിച്ച് ധോണി യുവതാരങ്ങളെ വളർത്തിയെന്നും ഇത് യുവതാരങ്ങളിൽ ആത്മവിശ്വാസം വളർത്താൻ സഹായകരമായെന്നും റഷീദ് ലത്തീഫ് പറഞ്ഞു.

ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കാൻ അവസരം ലഭിച്ചാൽ ഇരുകൈയും നീട്ടി സ്വീകരിക്കും : അസ്ഹറുദ്ധീൻ

ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കാൻ അവസരം ലഭിച്ചാൽ ഇരു കൈയും നീട്ടി സ്വീകരിക്കുമെന്ന് മുൻ ഇന്ത്യൻ നായകൻ മുഹമ്മദ് അസ്ഹറുദ്ധീൻ. നിലവിൽ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റാണ് അസ്ഹറുദ്ധീൻ. ഇന്ത്യൻ ടീമിനൊപ്പം പ്രവർത്തിക്കാൻ തനിക്ക് അവസരം ലഭിച്ചാൽ താൻ അത് ഒരു കാരണവശാലും ഒഴിവാക്കില്ലെന്നും അസ്ഹർ പറഞ്ഞു. നിലവിൽ ഇന്ത്യൻ ടീമിന്റെ പരിശീലകനായ രവി ശാസ്ത്രിയുടെ കാലാവധി 2021ൽ നടക്കുന്ന ടി20 ലോകകപ്പ് വരെയാണ്.

അതെ സമയം ഇന്ത്യൻ ടീമിന്റെ കൂടെ കൂടുതൽ സ്റ്റാഫുകൾ യാത്ര ചെയ്യുന്നത് എന്തിനാണെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ചോദിച്ചു. താൻ ബാറ്റിങ്ങിലും ഫീൽഡിങ്ങിലും സ്‌പെഷലൈസ് ചെയ്ത ആളാണെന്നും താൻ ഒരു ടീമിനെ പരിശീലിപ്പിക്കുകയാണെങ്കിൽ വേറെ ഒരു ബാറ്റിംഗ് പരിശീലകന്റെ ആവശ്യം ഇല്ലെന്നും അസ്ഹർ പറഞ്ഞു. ക്രിക്കറ്റിലെ ടി20 ഫോർമാറ്റ് ആസ്വദിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ആസ്വദിക്കുന്നുണ്ടെന്നും എന്നാൽ ഫ്രാഞ്ചൈസി ഉടമകൾ എന്നെ സ്വന്തമാക്കുമോ എന്ന് അവരോട് ചോദിക്കണമെന്നും അസ്ഹർ പറഞ്ഞു.

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഒരു പരമ്പരയില്‍ 500ലധികം റണ്‍സ് നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി രോഹിത് ശര്‍മ്മ

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഒരു ടെസ്റ്റ് പരമ്പരയില്‍ 500ലധികം റണ്‍സ് നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ബഹുമതി സ്വന്തമാക്കി രോഹിത് ശര്‍മ്മ. ഇന്ന് തന്റെ ഇരട്ട ശതകത്തിന് തൊട്ടടുത്തെത്തി 199 റണ്‍സില്‍ നില്‍ക്കുന്ന രോഹിത് ശര്‍മ്മ ഇതുവരെ പരമ്പരയില്‍ മൂന്ന് ശതകം ഉള്‍പ്പെടെയാണ് റണ്‍സ് വാരിക്കൂട്ടിയിരിക്കുന്നത്. 1996/97 സീസണില്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ നേടിയ 388 റണ്‍സായിരുന്നു ഇതിന് മുമ്പുള്ള ഏറ്റവും മികച്ച ഇന്ത്യന്‍ താരത്തിന്റെ പ്രകടനം.

വിനൂ മങ്കഡ്, ബുധി കുന്ദേരന്‍, സുനില്‍ ഗവാസ്കര്‍, വിരേന്ദര്‍ സേവാഗ് എന്നിവരാണ് ഒരു പരമ്പരയില്‍ 500ലധികം റണ്‍സ് നേടുന്ന ഇന്ത്യന്‍ ഓപ്പണര്‍മാര്‍. ഇതില്‍ സുനില്‍ ഗവാസ്കര്‍ അഞ്ച് തവണ ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്.

223 റണ്‍സിനു ഓള്‍ഔട്ട് ആയി കേരളം, പഞ്ചാബിന് ജയിക്കുവാന്‍ 128 റണ്‍സ്

127 റണ്‍സ് ലീഡ് സ്വന്തമാക്കി കേരളത്തിന്റെ രണ്ടാം ഇന്നിംഗ്സ് അവസാനിപ്പിച്ച് പഞ്ചാബ്. മയാംഗ് മാര്‍ക്കണ്ടേയുടെ നാല് വിക്കറ്റ് നേട്ടമാണ് മികച്ച നിലയില്‍ കുതിയ്ക്കുകയായിരുന്നു കേരളത്തിനു കടിഞ്ഞാണിട്ടത്. 112 റണ്‍സ് നേടിയ മുഹമ്മദ് അസ്ഹറുദ്ദീന്‍ കേരളത്തിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ മയാംഗ് മാര്‍ക്കണ്ടേ 4 വിക്കറ്റ് നേടി.

വിഷ്ണു വിനോദ്(36), സച്ചിന്‍ ബേബി(16), രാഹുല്‍ പി(28) എന്നിവരാണ് ടീമില്‍ രണ്ടക്കം കടന്ന താരങ്ങള്‍.

കേരളത്തെ വട്ടംകറക്കി മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ താരം, മുഹമ്മദ് അസ്ഹറുദ്ദീനു ശതകം, കേരളത്തിനു ബാറ്റിംഗ് തകര്‍ച്ച, കൈവശം നേരിയ ലീഡ് മാത്രം

പഞ്ചാബിനെതിരെ നിര്‍ണ്ണായകമായ രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിനു രണ്ടാം ഇന്നിംഗ്സിലും ബാറ്റിംഗ് തകര്‍ച്ച. 190/4 എന്ന നിലയില്‍ നിന്ന് 204/8 എന്ന നിലയിലേക്ക് കേരളം വീണതോടെ മത്സരത്തില്‍ വലിയ ലീഡ് നേടുകയെന്ന കേരളത്തിന്റെ പ്രതീക്ഷകള്‍ തകരുകയായിരുന്നു. 112 റണ്‍സ് നേടിയ മുഹമ്മദ് അസ്ഹറുദ്ദീന്റെ വിക്കറ്റ് ബല്‍തേജ് സിംഗ് നേടിയതോടെയാണ് കേരളത്തിന്റെ തകര്‍ച്ച ആരംഭിച്ചത്. വിഷ്ണു വിനോദ് 36 റണ്‍സ് നേടിയപ്പോള്‍ ജലജ് സക്സേന 3 റണ്‍സ് മാത്രം നേടി പുറത്തായി.

മൂന്നാം ദിവസം ഉച്ച ഭക്ഷണത്തിനായി ടീമുകള്‍ പിരിയുമ്പോള്‍ കേരളം 220/8 എന്ന നിലയിലാണ്. 124 റണ്‍സ് ലീഡ് കൈവശമുള്ള കേരളത്തിനായി സിജോമോന്‍ ജോസഫ്(7*), നിധീഷ് എംഡി(8*) എന്നിവരാണ് ക്രീസില്‍ നില്‍ക്കുന്നത്.

ഒരേ ഓവറില്‍ വിഷ്ണു വിനോദിനെയും ബേസില്‍ തമ്പിയെയും പുറത്താക്കി മുംബൈ ഇന്ത്യന്‍സിന്റെ ഐപിഎല്‍ താരം മയാംഗ് മാര്‍ക്കണ്ടേയാണ് കേരളത്തിന്റെ നില കൂടുതല്‍ പരിതാപകരമാക്കിയത്. പഞ്ചാബിനു വേണ്ടി മയാംഗ് മാര്‍ക്കണ്ടേ മൂന്നും ബല്‍തേജ് സിംഗ്, മന്‍പ്രീത് ഗ്രേവാല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി. ആദ്യ ഇന്നിംഗ്സില്‍ ആറ് വിക്കറ്റ് നേടിയ സിദ്ധാര്‍ത്ഥ് കൗളിനു ഒരു വിക്കറ്റ് മാത്രമാണ് രണ്ടാം ഇന്നിംഗ്സില്‍ ലഭിച്ചത്.

Exit mobile version