ഓസ്ട്രേലിയയ്ക്ക് നാല് വിക്കറ്റ് നഷ്ടം, ലീഡ് ഇരുനൂറിനോട് അടുക്കുന്നു

ഗാബയില്‍ നാലാം ദിവസം ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ 149/4 എന്ന നിലയില്‍. മൂന്നാം ദിവസത്തെ സ്കോറായ 21/0 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ആതിഥേയര്‍ ഒന്നാം വിക്കറ്റില്‍ 89 റണ്‍സ് നേടുകയായിരുന്നു.

മാര്‍ക്കസ് ഹരിസിനെ(38) പുറത്താക്കി ശര്‍ദ്ധുല്‍ താക്കൂര്‍ ആണ് ഇന്ത്യയ്ക്ക് ആദ്യ ബ്രേക്ക്ത്രൂ നല്‍കിയത്. തൊട്ടടുത്ത ഓവറില്‍ 48 റണ്‍സ് നേടിയ ഡേവിഡ് വാര്‍ണറെ വിക്കറ്റിന് മുന്നില്‍ കുടുക്കി വാഷിംഗ്ടണ്‍ സുന്ദറും വിക്കറ്റ് വീഴ്ത്തി.

പിന്നീട് മാര്‍നസ് ലാബൂഷാനെ-സ്റ്റീവ് സ്മിത്ത് കൂട്ടുകെട്ട് മൂന്നാം വിക്കറ്റില്‍ 32 റണ്‍സ് നേടിയെങ്കിലും ലാബൂഷാനെയെയും(25) അതേ ഓവറില്‍ തന്നെ മാത്യു വെയിഡിനെയും പുറത്താക്കി മുഹമ്മദ് സിറാജ് ഇരട്ട പ്രഹരം ഏല്പിച്ചു.

28 റണ്‍സുമായി സ്മിത്തും 4 റണ്‍സ് നേടി കാമറൂണ്‍ ഗ്രീനുമാണ് ഓസ്ട്രേലിയയ്ക്കായി ക്രീസില്‍ നില്‍ക്കുന്നത്. അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 26 റണ്‍സ് നേടിയിട്ടുണ്ട്.

ഓസ്ട്രേലിയയ്ക്ക് ഓപ്പണര്‍മാരെ നഷ്ടം, ഓരോ വിക്കറ്റുമായി സിറാജും താക്കുറും

ഇന്ത്യയ്ക്കെതിരെ ഗാബയില്‍ ആദ്യ ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയയ്ക്ക് തുടക്കത്തില്‍ തിരിച്ചടി. ഡേവിഡ് വാര്‍ണറെയും മാര്‍ക്കസ് ഹാരിസിനെയും നഷ്ടമായ ടീമിനെ അവിടെ നിന്ന് മാര്‍നസ് ലാബൂഷാനെ – സ്റ്റീവ് സ്മിത്ത് കൂട്ടുകെട്ടാണ് മുന്നോട്ട് നയിച്ചത്. വാര്‍ണറെ(1) സിറാജ് പുറത്താക്കിയപ്പോള്‍ മാര്‍ക്കസ് ഹാരിസിന്റെ വിക്കറ്റ്(5) ശര്‍ദ്ധുല്‍ താക്കൂര്‍ നേടി.

17/2 എന്ന നിലയില്‍ നിന്ന് 39/2 എന്ന നിലയിലാണ് ഇപ്പോള്‍ 17 ഓവറുകള്‍ പിന്നിടുമ്പോള്‍ ഓസ്ട്രേലിയ. സ്മിത്ത് 15 റണ്‍സും മാര്‍നസ് ലാബൂഷാനെ 8 റണ്‍സും നേടി ക്രീസില്‍ നില്‍ക്കുന്നു. ഇന്ത്യയ്ക്കായി നടരാജനും വാഷിംഗ്ടണ്‍ സുന്ദറും ടെസ്റ്റ് അരങ്ങേറ്റം കുറിയ്ക്കുന്നുണ്ട് ബ്രിസ്ബെയിനിലെ ഈ നാലാം ടെസ്റ്റില്‍.

ഇത്തരം ആളുകള്‍ കളി കാണാനെത്തി മത്സര സാഹചര്യം മോശമാക്കാതിരിക്കുന്നതാണ് നല്ലത് – വിവിഎസ് ലക്ഷ്മണ്‍

മുഹമ്മദ് സിറാജിനെതിരെ രണ്ടാം ദിവസവും കാണികളില്‍ നിന്ന് മോശം പെരുമാറ്റം ഉയര്‍ന്ന സാഹചര്യത്തില്‍ അതിനെതിരെ വിമര്‍ശനവുമായി വിവിഎസ് ലക്ഷ്മണ്‍. സിഡ്നി ടെസ്റ്റിന്റെ മൂന്നാം ദിവസം മുഹമ്മദ് സിറാജിനും ജസ്പ്രീത് ബുംറയ്ക്കും എതിരെ കാണികളില്‍ നിന്ന് വംശീയാധിക്ഷേപം ഉണ്ടായിരുന്നു. ഇതിനെത്തുടര്‍ന്ന് ഇന്ത്യ പരാതി നല്‍കുകയും ചെയ്തു.

ഇന്ന് സിറാജിനെതിരെ വീണ്ടും സംഭവം ഉയര്‍ന്നപ്പോള്‍ താരം അമ്പയറോട് കാര്യം സൂചിപ്പിക്കുകയും ആ കാണികളെ ഗ്രൗണ്ടില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. എസ്‍സിജി പോലുള്ള ഐതിഹാസിക വേദിയില്‍ ഇത്തരം കാഴ്ച കാണേണ്ടി വരുന്നത് വളരെ ദുഃഖകരമായ സംഭവമാണെന്നാണ് ഇന്ത്യന്‍ ഇതിഹാസ താരം വിവിഎസ് ലക്ഷ്മണ്‍ പറഞ്ഞത്. ഇത്തരം പരിപാടികള്‍ക്ക് ഒരു സ്ഥാനവും ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഉണ്ടാകാന്‍ പാടില്ലെന്നും ലക്ഷ്മണ്‍ പറഞ്ഞു.

കാണികള്‍ സ്പോര്‍ട്സ് താരങ്ങളെ സ്പോര്‍ട്ടിംഗ് ഫീല്‍ഡില്‍ അസഭ്യം പറയുന്നത് തനിക്ക് മനസ്സിലാകാത്ത കാര്യമാണെന്നും അവര്‍ കളി ആസ്വദിക്കുവാനും താരങ്ങളെ ബഹുമാനിക്കുവാനും വയ്യെങ്കില്‍ എന്തിനാണ് സ്റ്റേഡിയത്തിലേക്ക് വരുന്നതെന്നും വിവിഎസ് വ്യക്തമാക്കി.

വാര്‍ണറെ പുറത്താക്കി സിറാജ്, സിഡ്നിയില്‍ കളി തടസ്സപ്പെടുത്തി മഴ

സിഡ്നി ടെസ്റ്റില്‍ ആദ്യ ദിവസം വില്ലനായി മഴ. മത്സരത്തില്‍ ടോസ് നേടി ഓസ്ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുത്തുവെങ്കിലും 7.1 ഓവറുകള്‍ മാത്രമേ ഇതുവരെ എറിയുവാന്‍ സാധിച്ചുള്ളു. ഡേവിഡ് വാര്‍ണറെ(5) നഷ്ടമായ ഓസ്ട്രേലിയയ്ക്ക് 21 റണ്‍സാണ് ഒരു വിക്കറ്റ് നഷ്ടത്തില്‍ നേടാനായത്.

14 റണ്‍സുമായി വില്‍ പുകോവസ്കിയും 2 റണ്‍സ് നേടി മാര്‍നസ് ലാബൂഷാനെയുമാണ് ക്രീസിലുള്ളത്. മുഹമ്മദ് സിറാജിനാണ് വാര്‍ണറുടെ വിക്കറ്റ്. മഴ മാറാതെ പിന്തുടര്‍ന്നതോടെ ടീമുകള്‍ ലഞ്ച് നേരത്തെ ആക്കുവാന് ‍തീരുമാനിക്കുകയായിരുന്നു.

തുടര്‍ന്ന് മഴയില്ലെങ്കില്‍ ഇന്ത്യന്‍ സമയം രാവിലെ 7.30ന് രണ്ടാം സെഷന്‍ മത്സരം ആരംഭിക്കുമെന്നാണ് അറിയുന്നത്.

ഓസ്ട്രേലിയയുടെ ചെറുത്ത്നില്പ് അവസാനിച്ചു, ജയത്തിനായി ഇന്ത്യ നേടേണ്ടത് 70 റണ്‍സ്

മെല്‍ബേണ്‍ ടെസ്റ്റിന്റെ നാലാം ദിവസം ആദ്യ സെഷനില്‍ തന്നെ ഓസ്ട്രേലിയയുടെ ചെറുത്ത്നില്പ് അവസാനിച്ചു. പാറ്റ് കമ്മിന്‍സും കാമറൂണ്‍ ഗ്രീനും ചേര്‍ന്ന് നല്‍കിയ 57 റണ്‍സിന്റെ ഏഴാം വിക്കറ്റ് കൂട്ടുകെട്ട് തകര്‍ത്ത് ജസ്പ്രീത് ബുംറയാണ് ഇന്ത്യയ്ക്ക് നിര്‍ണ്ണായകമായ ബ്രേക്ക്ത്രൂ നല്‍കിയത്. 21 റണ്‍സ് കൂടി എട്ടാം വിക്കറ്റില്‍ കാമറൂണ്‍ പെയിനും മിച്ചല്‍ സ്റ്റാര്‍ക്കും നേടിയെങ്കിലും മുഹമ്മദ് സിറാജ് 45 റണ്‍സ് നേടിയ കാമറൂണ്‍ ഗ്രീനിനെ മടക്കി.

103.1 ഓവറില്‍ 200 റണ്‍സാണ് ഓസ്ട്രേലിയ നേടിയത്. മത്സരത്തില്‍ 70 റണ്‍സ് നേടിയാല്‍ ഇന്ത്യയ്ക്ക് വിജയം ഉറപ്പിക്കാം. സിറാജ് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ജസ്പ്രീത് ബുംറയും രവീന്ദ്ര ജഡേജയും രണ്ട് വീതം വിക്കറ്റ് നേടി.

അവസാന വിക്കറ്റില്‍ 15 റണ്‍സ് കൂട്ടുകെട്ട് ഓസ്ട്രേലിയയെ ആദ്യ സെഷന്‍ അതിജീവിക്കുവാന്‍ സഹായിക്കുമെന്നാണ് കരുതിയതെങ്കിലും ലഞ്ചിന് തൊട്ടുമുമ്പുള്ള ഓവറില്‍ ഹാസല്‍വുഡിനെ(10) വീഴ്ത്തി അശ്വിന്‍ ഇന്ത്യയ്ക്ക് ആശ്വാസം നല്‍കി.

ഗില്ലിനും സിറാജിനും അരങ്ങേറ്റം, രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യയുടെ ഇലവന്‍ പ്രഖ്യാപിച്ചു

എംസിജിയില്‍ നാളെ ആരംഭിയ്ക്കുന്ന ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിനുള്ള ഇന്ത്യയുടെ സ്ക്വാഡ് പ്രഖ്യാപിച്ചു. പ്രതീക്ഷിച്ച പോലെ നാല് മാറ്റങ്ങളാണ് ടീമിലുള്ളത്. വിരാട് കോഹ്‍ലി നാട്ടിലേക്ക് മടങ്ങുകയും ഷമി പരിക്കേറ്റ് പുറത്തായതും മാറ്റി നിര്‍ത്തിയാല്‍ വൃദ്ധിമന്‍ സാഹയെയും പൃദ്ധി ഷായെയും ടീമില്‍ നിന്ന് പുറത്താക്കുകയാണ്.

ഷായ്ക്ക് പകരം ശുഭ്മന്‍ ഗില്‍ തന്റെ ടെസ്റ്റ് അരങ്ങേറ്റം കുറിയ്ക്കുമ്പോള്‍ സാഹയുടെ സ്ഥാനം ഋഷഭ് പന്ത് സ്വന്തമാക്കുന്നു. അതെ സമയം മുഹമ്മദ് ഷമിയ്ക്ക് പകരം മുഹമ്മദ് സിറാജ് തന്റെ അരങ്ങേറ്റം കുറിയ്ക്കുകയാണ്. വിരാട് കോഹ്‍ലിയുടെ സ്ഥാനത്തേക്ക് രവീന്ദ്ര ജഡേജ എത്തുന്നു.

Teamindia

എന്റെ പിതാവിന്റെ സ്വപ്നങ്ങള്‍ സഫലീകരിക്കുക ഇനി തന്റെ ലക്ഷ്യം – മുഹമ്മദ് സിറാജ്

ഐപിഎലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടി ഭേദപ്പെട്ട പ്രകടനമാണ് മുഹമ്മദ് സിറാജ് നടത്തിയത്. ആ പ്രകടനത്തിന്റെ ബലത്തില്‍ താരം ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കുകയും ചെയ്തു. ഓസ്ട്രേലിയയില്‍ എത്തിയ താരത്തിനെ ടെസ്റ്റ് ടീമിലേക്കും ഉള്‍പ്പെടുത്തിയെങ്കിലും താരത്തിന്റെ പിതാവിന്റെ മരണ വാര്‍ത്തയാണ് പിന്നാലെ എത്തിയത്.

താരത്തിന് നാട്ടിലേക്ക് മടങ്ങുവാനുള്ള അവസരം ബിസിസിഐ നല്‍കിയെങ്കിലും അത് വേണ്ടെന്ന് വെച്ച് താരം ടീമിനൊപ്പം തുടരുകയായിരുന്നു. ഓസ്ട്രേലിയന്‍ ക്വാറന്റൈന്‍ നിയമ പ്രകാരം താരത്തിന് ഉടനെ നാട്ടിലേക്ക് മടങ്ങുവാനും സാധിക്കില്ലായിരുന്നു. അതിനാല്‍ തന്നെ താരം ടീമിനൊപ്പം തുടരുകയായിരുന്നു.

താന്‍ തന്റെ അമ്മയോട് സംസാരിച്ചുവെന്നും അമ്മയും തന്നോട് ടീമിനൊപ്പം നില്‍ക്കുവാനാണ് ആവശ്യപ്പെട്ടത്. ടീമിനൊപ്പം നിന്ന് തന്റെ പിതാവിന്റെ ആഗ്രഹങ്ങളും സ്വപ്നനങ്ങളും സഫലമാക്കുവാനാണ് തന്റെ അമ്മ ആവശ്യപ്പെട്ടതെന്ന് താരം വ്യക്തമാക്കി.

തന്നെ ഏറ്റവും അധികം പിന്തുണച്ച വ്യക്തിയായിരുന്നു തന്റെ പിതാവ്. അതിനാല്‍ തന്നെ വളരെ വലിയ നഷ്ടമാണ് തനിക്കിത് എന്നും സിറാജ് കൂട്ടിചേര്‍ത്തു. തന്റെ ടീമംഗങ്ങളെല്ലാം തന്നെ തന്നെ വേണ്ട വിധം പിന്തുണയ്ക്കുകയും ചെയ്തപ്പോള്‍ തനിക്ക് വലിയ ആശ്വാസം ഉണ്ടായെന്നും സിറാജ് പറഞ്ഞു.

നവംബര്‍ 27നാണ് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ആദ്യ ഏകദിനം. മൂന്ന് മത്സരങ്ങളുടെ പരമ്പരയ്ക്ക് ശേഷം മൂന്ന് ടി20 മത്സരങ്ങള്‍ കളിച്ച ശേഷം ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ടെസ്റ്റ് പരമ്പര ഡിസംബര്‍ 17ന് ആരംഭിക്കും.

ആര്‍സിബിയിലെ ഏറ്റവും സരസനായ വ്യക്തി കോളിന്‍ ഡി ഗ്രാന്‍ഡോമെന്ന് – സിറാജ്

ആര്‍സിബിയില്‍ ഏറ്റവും സരസനായ വ്യക്തി ന്യൂസിലാണ്ട് ഓള്‍റൗണ്ടര്‍ കോളിന്‍ ഡി ഗ്രാന്‍ഡോം ആണെന്ന് പറഞ്ഞ് മുഹമ്മദ് സിറാജ്. 2018 സീസണ്‍ വരെ സണ്‍റൈസേഴ്സ് ഹൈദ്രാബാദിന് വേണ്ടി കളിച്ചിരുന്ന താരത്തെ 2.6 കോടി രൂപയ്ക്കാണ് ആര്‍സിബി സ്വന്തമാക്കിയത്. ഹൈദ്രാബാദിനെ അപേക്ഷിച്ച് താരത്തിന് കൂടുതല്‍ അവസരം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിലെത്തിയപ്പോള്‍ ലഭിച്ചു.

രണ്ട് വര്‍ഷമായി ആര്‍സിബിയോടൊപ്പമുള്ള തനിക്ക് ടീമില്‍ കോളിന്‍ ഡി ഗ്രാന്‍ഡോം ആണ് ഏറ്റവും സരസനായ താരമായി തോന്നിയതെന്ന് അഭിപ്രായപ്പെട്ടു. ഒരു ഡ്രസ്സിംഗ് റൂം പങ്കുവെച്ചതാകാം കാരണമെന്ന് സിറാജ് വ്യക്തമാക്കി. എന്നാല്‍ ഈ സീസണിലെ ലേലത്തിന് മുമ്പ് ഗ്രാന്‍ഡോമിനെ ബാംഗ്ലൂര്‍ റിലീസ് ചെയ്യുകയും താരം ലേലത്തില്‍ ആവശ്യക്കാരില്ലാതെ പോകുകയുമായിരുന്നു.

താന്‍ പന്തെറിയുവാന്‍ ഏറ്റവും പ്രയാസം നേരിട്ടത് വിരാട് കോഹ്‍ലി, എംഎസ് ധോണി, എബി ഡി വില്ലിയേഴ്സ് എന്നിവര്‍ക്കെതിരെയെന്ന് മുഹമ്മദ് സിറാജ്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ താന്‍ നേരിട്ട ബാറ്റ്സ്മാന്മാരില്‍ ഏറ്റവും പ്രയാസം എബി ഡി വില്ലിയേഴ്സ്, വിരാട് കോഹ്‍ലി, എംഎസ് ധോണി എന്നിവരെയാണെന്ന് അഭിപ്രായപ്പെട്ട് മുഹമ്മദ് സിറാജ്. ഐപിഎലില്‍ ഇപ്പോള്‍ വിരാടിനും ഡി വില്ലിയേഴ്സിനും ഒപ്പം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിലാണ് കളിക്കുന്നതെങ്കിലും മുമ്പ് സണ്‍ റൈസേഴ്സിന് വേണ്ടി കളിക്കുമ്പോള്‍ താരത്തിന് ഇവര്‍ക്കെതിരെ പന്തെറിയേണ്ടി വന്നിട്ടുണ്ട്.

എംഎസ് ധോണിയാണ് താരം തിരഞ്ഞെടുത്ത മറ്റൊരു പ്രയാസമേറിയ ബാറ്റ്സ്മാന്‍. കഴിഞ്ഞ വര്‍ഷം ധോണിയുടെ പ്രഹരം താരത്തിന് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഐപിഎലില്‍ സണ്‍റൈസേഴ്സിന് വേണ്ടി കളിക്കുമ്പോള്‍ ഏഴ് മത്സരങ്ങള്‍ മാത്രം കളിച്ചിട്ടുള്ള താരം ആര്‍സിബിയില്‍ എത്തിയ ശേഷം 20 മത്സരത്തില്‍ കളിച്ചിട്ടുണ്ട്. 2018, 19 സീസണില്‍ താരം യഥാക്രമം 11ഉം 7ഉം വിക്കറ്റാണ് നേടിയിട്ടുള്ളത്.

ഈ വര്‍ഷം രഞ്ജിയില്‍ മികച്ച ഫോമിലായിരുന്ന താരത്തിന് കൊറോണ കഴിഞ്ഞ് ഐപിഎല്‍ ആരംഭിക്കുമ്പോള്‍ സമാനമായ പ്രകടനം പുറത്തെടുക്കാനാകുമെന്നാണ് പ്രതീക്ഷ. ഹൈദ്രാബാദിന് വേണ്ടി രഞ്ജിയില്‍ രണ്ടാമത്തെ മികച്ച വിക്കറ്റ് നേട്ടക്കാരനായി മാറിയിരുന്നു സിറാജ് കഴിഞ്ഞ രഞ്ജി സീസണില്‍. 5 മത്സരങ്ങളില്‍ നിന്ന് താരം 19 വിക്കറ്റാണ് നേടിയത്.

പൊരുതി നേടിയ വിജയവുമായി ഹൈദ്രാബാദ്, ആന്ധ്രയെ പരാജയപ്പെടുത്തിയത് 14 റണ്‍സിനു

14 റണ്‍സിനു ആന്ധ്രയെ പരാജയപ്പെടുത്തി വിജയ് ഹസാരെ ട്രോഫിയുടെ സെമിയില്‍ കടന്ന് ഹൈദ്രാബാദ്. ഇന്നലെ നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഹൈദ്രാബാദ് ആദ്യം ബാറ്റ് ചെയ്ത് 281/8 എന്ന സ്കോര്‍ നേടിയപ്പോള്‍ ആന്ധ്രയ്ക്ക് 267/9 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളു.

96 റണ്‍സ് നേടിയ ബവാങ്ക സന്ദീപിന്റെ ഇന്നിംഗ്സിനെ ചുറ്റിപ്പറ്റിയാണ് ഹൈദ്രാബാദ് മുന്നോട്ട് നീങ്ങിയത്. തന്മയ് അഗര്‍വാല്‍(31), അമ്പാട്ടി റായിഡു(28), കൊല്ല സമുന്ത(27) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. ആന്ധ്രയ്ക്കായി ബണ്ടാരു അയ്യപ്പ, ഗിരിനാഥ് റെഡ്ഢി, യാര പ്രിത്വിരാജ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

ഇന്ത്യന്‍ ടെസ്റ്റ് താരം ഹനുമ വിഹാരി(95), റിക്കി ഭുയി(52) എന്നിവരുടെ പോരാട്ട വീര്യം അവസാനിച്ചപ്പോള്‍ ആന്ധ്രയുടെ ചെറുത്ത് നില്പ് അവസാനിക്കുകയായിരുന്നു. ക്രീസില്‍ വിഹാരി നിന്നിരുന്നപ്പോള്‍ ജയ സാധ്യത ആന്ധ്ര മുന്നില്‍ കണ്ടിരുന്നുവെങ്കിലും മുഹമ്മദ് സിറാജ് ആന്ധ്രയുടെ പ്രതീക്ഷകള്‍ അവസാനിപ്പിച്ച് ഹനുമ വിഹാരിയെ പുറത്താക്കി. ഭുയിയുടെ വിക്കറ്റും സിറാജ് നേരത്തെ വീഴ്ത്തിയിരുന്നു. മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ രവി കിരണ്‍ രണ്ട് വിക്കറ്റുകള്‍ നേടി.

മുഹമ്മദ് സിറാജിനും ഹനുമ വിഹാരിയ്ക്കും ഇന്ത്യന്‍ ടീമില്‍ നിന്ന് വിടുതല്‍ നല്‍കി

വിജയ് ഹസാരെ ട്രോഫി ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്കായി മുഹമ്മദ് സിറാജിനെയും ഹനുമ വിഹാരിയെയും വിട്ടു നല്‍കി ഇന്ത്യന്‍ ക്രിക്കറ്റ് ടീം. വിന്‍ഡീസിനെതിരെ ടെസ്റ്റ് ടീമില്‍ അംഗമായിരുന്നുവെങ്കിലും ഇരു താരങ്ങള്‍ക്കും അവസാന ഇലവനില്‍ ഇടം പിടിച്ചിക്കാനായിരുന്നില്ല. ഒക്ടോബര്‍ 15നു ഇരുവരും ഹൈദ്രാബാദിനായി ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം കളിക്കാന്‍ ലഭ്യമാകുമെന്നാണ് അറിയുന്നത്.

ആന്ധ്രയാണ് ഹൈദ്രാബാദിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ എതിരാളികള്‍. ബെംഗളൂരുവിലാണ് മത്സരം നടക്കുക.

Exit mobile version