ലോര്‍ഡ്സിൽ ഇന്ത്യയുടെ ആവേശകരമായ വിജയം, ബട്‍ലറെ വീഴ്ത്തി സിറാജ്

ലോര്‍ഡ്സിൽ ഇംഗ്ലണ്ടിനെ മുട്ട് കുത്തിക്കാമെന്ന ഇന്ത്യയുടെ മോഹങ്ങളെ ജോസ് ബട്‍ലറും വാലറ്റവും ചേര്‍ന്ന് ഇല്ലാതാക്കുമെന്ന് തോന്നിപ്പിച്ച നിമിഷത്തിൽ നിന്ന് വിജയം പിടിച്ചെടുത്ത് ഇന്ത്യ. ഇന്ന് വിരാട് കോഹ്‍ലി ജസ്പ്രീത് ബുംറയുടെ ഓവറിൽ ബട്‍ലറുടെ ക്യാച്ച് കൈവിട്ടതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയാകുമെന്ന് കരുതിയെങ്കിലും മത്സരം അവസാനിക്കുവാന്‍ 9ൽ താഴെ ഓവറുള്ളപ്പോള്‍ ബട്‍ലറെ പുറത്താക്കി ഇന്ത്യ വിജയം സ്വന്തമാക്കുകയായിരുന്നു.

ബട്‍ലറെയും ജെയിംസ് ആന്‍ഡേഴ്സണെയും ഒരേ ഓവറിൽ പുറത്താക്കി 51.5 ഓവറിൽ 120 റൺസിന് ഓള്‍ഔട്ട് ആക്കിയാണ് ഇന്ത്യ വിജയം പിടിച്ചെടുത്തത്. 151 റൺസിന്റെ വിജയം ആണ് ഇന്ത്യ ഇന്ന് നേടിയത്.

ചായയ്ക്ക് ശേഷം ആദ്യ ഓവറിൽ തന്നെ ജോ റൂട്ടിനെ കോഹ്‍ലിയുടെ കൈകളിലെത്തിച്ച് ജസ്പ്രീത് ബുംറ ഇന്ത്യയ്ക്ക് അനുകൂലമായി മത്സരം മാറ്റിയപ്പോള്‍ മോയിന്‍ അലിയും ബട്‍ലറും ചേര്‍ന്ന് പ്രതിരോധം തീര്‍ക്കുകയായിരുന്നു.

അടുത്തടുത്ത പന്തുകളിൽ മോയിന്‍ അലിയെയും സാം കറനെയും പുറത്താക്കി സിറാജ് വീണ്ടും മത്സരത്തിലേക്ക് ഇന്ത്യയുടെ തിരിച്ചുവരവ് സാധ്യമാക്കുകയായിരുന്നു. പിന്നീട് എട്ടാം വിക്കറ്റിൽ ഒല്ലി റോബിന്‍സണേ കൂട്ടുപിടിച്ച് ജോസ് ബട്‍ലര്‍ അവസാന ഓവറുകളിൽ ഇംഗ്ലണ്ടിന്റെ രക്ഷകനായി മാറുമെന്നാണ് തോന്നിപ്പിച്ചത്.

പത്തോവറിൽ താഴെ മാത്രം മത്സരത്തിൽ അവശേഷിക്കുമ്പോള്‍ ഒല്ലി റോബിന്‍സണെ വിക്കറ്റിന് മുന്നില്‍ കുടുക്കി ഇന്ത്യ മത്സരം ആവേശകരമാക്കി മാറ്റി. 30 റൺസാണ് എട്ടാം വിക്കറ്റിൽ ഒല്ലി റോബിന്‍സണും ജോസ് ബട്ലറും ചേര്‍ന്ന് നേടിയത്.

തൊട്ടടുത്ത ഓവറിൽ ജോസ് ബട്‍ലറെ വീഴ്ത്തി സിറാജ് ഇന്ത്യയുടെ വിജയം ഒരു വിക്കറ്റ് അകലെ വരെ എത്തിച്ചു. അതെ ഓവറിൽ ജെയിംസ് ആന്‍ഡേഴ്സണെയും പുറത്താക്കി സിറാജ് തന്റെ നാലാമത്തെ വിക്കറ്റും ഇന്ത്യയുടെ വിജയവും സാധ്യമാക്കുകയായിരുന്നു.

ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് 33 റൺസ് നേടി പുറത്തായപ്പോള്‍ ജോസ് ബട്‍ലര്‍ 25 റൺസ് നേടി തനിക്ക് ലഭിച്ച ജീവന്‍ദാനം മുതലാക്കുവാന്‍ ശ്രമിച്ചുവെങ്കിലും അവസാനം കടമ്പ കടക്കുവാന്‍ സാധിച്ചില്ല. ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറ മൂന്നും ഇഷാന്ത് ശര്‍മ്മ രണ്ടും വിക്കറ്റ് നേടി.

റൂട്ട് അപരാജിതന്‍, ഇംഗ്ലണ്ടിന്റെ ലീഡ് 27 റൺസിൽ ചുരുക്കി ഇന്ത്യ

ജോ റൂട്ടിന്റെ തകര്‍പ്പന്‍ ഇന്നിംഗ്സിന്റെ ബലത്തിൽ ഇന്ത്യയ്ക്കെതിരെ 27 റൺസ് ലീഡ് നേടി ഇംഗ്ലണ്ട്. ഇന്ന് മത്സരത്തിന്റെ മൂന്നാം ദിവസം ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് 391 റൺസിലേക്ക് എത്തിച്ചതിൽ ജോ റൂട്ടിന്റെ മാസ്മരികമായ ഇന്നിംഗ്സിനായിരുന്നു പ്രധാന പങ്ക്.

ജോണി ബൈര്‍സ്റ്റോയെയും(57) ജോസ് ബട്‍ലറെയും(23) നഷ്ടമായ ശേഷം റൂട്ട് മോയിന്‍ അലിയുടെയും(27) വാലറ്റത്തിനൊപ്പവും പൊരുതി നിന്നാണ് ഇംഗ്ലണ്ടിനെ ഈ സ്കോറിലേക്ക് നയിച്ചത്.

Joeroot

റൂട്ട് പുറത്താകാതെ 180 റൺസ് നേടി നിന്നപ്പോള്‍ ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് സിറാജ് നാലും ഇഷാന്ത് ശര്‍മ്മ മൂന്നും വിക്കറ്റാണ് നേടിയത്. മുഹമ്മദ് ഷമി രണ്ട് വിക്കറ്റ് നേടി.

മൂന്ന് വിക്കറ്റ് നഷ്ടമായ ഇംഗ്ലണ്ടിന്റെ പ്രതീക്ഷകള്‍ ജോ റൂട്ടിൽ

ലോര്‍ഡ്സിൽ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് 119/3 എന്ന നിലയിൽ. ചായയ്ക്ക് ശേഷം ഇരട്ട പ്രഹരങ്ങളുമായി മുഹമ്മദ് സിറാജ് ഇംഗ്ലണ്ടിനെ 23/0 എന്ന നിലയിൽ നിന്ന് 23/2 എന്ന നിലയിലേക്ക് പ്രതിരോധത്തിലാക്കിയെങ്കിലും റോറി ബേൺസും ജോ റൂട്ടും ചേര്‍ന്ന് മൂന്നാം വിക്കറ്റിൽ നേടിയ 85 റൺസ് കൂട്ടുകെട്ട് ഇംഗ്ലണ്ടിന്റെ സ്കോര്‍ നൂറ് കടത്തുകയായിരുന്നു.

49 റൺസ് നേടിയ ബേൺസിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി ഷമി ആണ് കൂട്ടുകെട്ട് തകര്‍ത്തത്. ഇന്ത്യയുടെ സ്കോറിന് 245 റൺസ് പിന്നിലായി നില്‍ക്കുന്ന ഇംഗ്ലണ്ടിന്റെ പ്രതീക്ഷകള്‍ 48 റൺസ് നേടിയ ജോ റൂട്ടിലാണ്. 6 റൺസുമായി ജോണി ബൈര്‍സ്റ്റോ ആണ് ക്രീസിലുള്ളത്.

 

രണ്ട് സ്പിന്നര്‍മാര്‍ ടീമിൽ, സിറാജിന് അവസരമില്ല, ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനൽ ഇലവന്‍ പ്രഖ്യാപിച്ചു

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യയുടെ ഇലവന്‍ പ്രഖ്യാപിച്ചു. മികച്ച ഫോമിലുള്ള മുഹമ്മദ് സിറാജിന് പകരം സീനിയര്‍ താരവും പരിചയസമ്പത്തുമുള്ള ഇഷാന്ത് ശര്‍മ്മയ്ക്കാണ് ഇന്ത്യ അവസരം നല്‍കിയിരിക്കുന്നത്. രണ്ട് സ്പിന്നര്‍മാരെയാണ് ഇന്ത്യ മത്സരത്തിൽ കളിപ്പിക്കുന്നത്. രവീന്ദ്ര ജഡേജയും രവിചന്ദ്രന്‍ അശ്വിനുമാണ് അവസാന ഇലവനിലെ സ്പിന്നര്‍മാര്‍.

പ്രതീക്ഷിച്ച പോലെ ശുഭ്മന്‍ ഗില്ലും രോഹിത് ശര്‍മ്മയും ഓപ്പണര്‍മാരുടെ റോളിൽ എത്തുമ്പോള്‍ മൂന്ന് മുതൽ അഞ്ച് വരെ ചേതേശ്വര്‍ പുജാര, വിരാട് കോഹ്‍ലി, അജിങ്ക്യ രഹാനെ എന്നിവര്‍ ആണ് ബാറ്റേന്തുന്നത്. വിക്കറ്റ് കീപ്പറായി ഋഷഭ് പന്താണ് കളിക്കുന്നത്.

ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയുമാണ് ഇഷാന്തിനൊപ്പം പേസ് ബൗളിംഗ് ദൗത്യം ഏറ്റെടുക്കുക.

 

സിറാജിന് ടീമിൽ ഇടം ലഭിയ്ക്കും – ഹര്‍ഭജന്‍ സിംഗ്

അടുത്തിടെ അരങ്ങേറ്റം കുറിച്ച മുഹമ്മദ് സിറാജ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിൽ കളിക്കുമെന്ന് പറ‍ഞ്ഞ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് സിറാജ്. താരം മികച്ച ഫോമിലാണ് ഓസ്ട്രേലിയയിലും ഇംഗ്ലണ്ട് പരമ്പരയിലും അതിന് ശേഷം ഐപിഎലിലും പന്തെറിഞ്ഞത്. ഹര്‍ഭജന്‍ സിംഗ് പറ‍ഞ്ഞത് താനാണ് ക്യാപ്റ്റനെങ്കില്‍ ഇഷാന്ത് ശര്‍മ്മയ്ക്ക് പകരം സിറാജിന് അവസരം നല്‍കിയേനെ എന്നാണ്.

ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും ടീമിലെ പ്രധാന ബൗളര്‍മാരായി എത്തുമെന്നും മൂന്നാം പേസറുടെ റോളിൽ എത്തുക സിറാജോ ഇഷാന്ത് ശര്‍മ്മയോ ആയേക്കാമെന്നും എന്നാൽ താനാണ് ക്യാപ്റ്റനെങ്കിൽ ഇപ്പോളത്തെ ഫോം പരിഗണിച്ച് സിറാജിനായിരിക്കും അന്തിമ ഇലവനിൽ സാധ്യതയെന്നും ഹര്‍ഭജന്‍ സൂചിപ്പിച്ചു.

സിറാജിന്റെ ഫോം, പേസ്, ആത്മവിശ്വാസം എന്നിവ താരത്തിനാണ് കൂടുതൽ സാധ്യത നല്‍കുന്നതെന്നും ഹര്‍ഭജന്‍ വ്യക്തമാക്കി. ഫൈനൽ മത്സരത്തിൽ കഴി‍ഞ്ഞ ആറ് മാസത്തെ ഫോം പരിഗണിച്ചാൽ താന്‍ സിറാജിന് അവസരം നല്‍കുമെന്നും ഇഷാന്ത് പരിക്കിന്റെ പിടിയിലായിരുന്നു ഈ കാലഘട്ടത്തിലെന്നും ഹര്‍ഭജന്‍ പറ‍ഞ്ഞു.

വിലയേറിയ കാറുകൾ ഇന്ന് തനിക്കുണ്ടെങ്കിലും ആ പ്ലാറ്റിന ബൈക്ക് താനിന്നും സൂക്ഷിക്കുന്നു – മുഹമ്മദ് സിറാജ്

ഐപിഎൽ കരാറും ഇന്ത്യന്‍ ടീമിലടവുമെല്ലാം തന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തിയെങ്കിലും തന്റെ കഷ്ടപ്പാടുകളുടെ ഓര്‍മ്മയ്ക്കായി താന്‍ തന്റെ പഴയ പ്ലാറ്റിന ബൈക്ക് ഇന്നും സൂക്ഷിക്കുന്നുണ്ടെന്ന് പറഞ്ഞ് മുഹമ്മദ് സിറാജ്. തന്നെ ജീവിതത്തിൽ ഇനിയും മെച്ചപ്പെട്ട കാര്യങ്ങള്‍ ചെയ്യുവാനായി ഈ ബൈക്ക് ഓര്‍മ്മപ്പെടുത്തുമെന്നാണ് സിറാജ് പറഞ്ഞത്.

സെൽഫ് സ്റ്റാര്‍ട്ടോ കിക്കറോ ഇല്ലാതിരുന്ന ആ ബൈക്ക് വളരെ മോശം അവസ്ഥയിലായിരുന്നുവെന്നും എന്നാലത് തനിക്ക് ഗ്രൗണ്ടിൽ സമയത്തെത്തുവാൻ സഹായിക്കുമായിരുന്നുവെന്നും സിറാജ് സൂചിപ്പിച്ചു. കുറെ ദൂരം അതും ഉന്തി ഓടിയാൽ മാത്രമേ അത് ഓൺ ആകുകയുള്ളുവായിരുന്നുവെന്നും സിറാജ് പറഞ്ഞ്. ഗ്രൗണ്ടിൽ ഹൈദ്രാബാദ് ടീമംഗങ്ങൾ തങ്ങളുടെ വിലയേറിയ കാറുമായി പോയ ശേഷം മാത്രമേ താൻ തന്റെ ബൈക്കുമായുള്ള യാത്ര തുടങ്ങുള്ളുവായിരുന്നുവെന്നും സിറാജ് വ്യക്തമാക്കി.

തനിക്ക് ഇന്ന് വിലയേറിയ കാറുകൾ സ്വന്തമാണെങ്കിലും ആ പ്ലാറ്റിന ബൈക്ക് താനിന്നും സ്വന്തമാക്കി വയ്ക്കുന്നുണ്ടെന്ന് സിറാജ് പറഞ്ഞു. അത് എന്നും തന്റെ കഷ്ടപ്പാടുകൾ ഓര്‍മ്മിപ്പിക്കുന്നുവെന്നും അത് മികച്ച രീതിയിൽ ബൗൾ ചെയ്യുവാന്‍ തന്നെ കൂടുതൽ തയ്യാറാക്കുന്നുവെന്നും സിറാജ് പറഞ്ഞു.

താൻ മികവ് പുറത്തെടുക്കാത്തപ്പോളും ആര്‍സിബിയിൽ തന്നെ നിലനിര്‍ത്തുവാൻ തീരുമാനിച്ചത് വിരാട് കോഹ്‍ലി – മുഹമ്മദ് സിറാജ്

ഐപിഎലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ തന്നെ നിലനിര്‍ത്തുവാൻ തീരുമാനിച്ചതിന് പിന്നിൽ വിരാട് കോഹ്‍ലിയെന്ന് പറഞ്ഞ് മുഹമ്മദ് സിറാജ്. കഴിഞ്ഞ സീസണിൽ സിറാജ് ആര്‍സിബിയ്ക്കായി തിളക്കമാര്‍ന്ന പ്രകടനം പുറത്തെടുത്തുവെങ്കിലും അതിന് മുമ്പത്തെ സീസണ്‍ താരത്തിന് അത്ര മികച്ചതല്ലായിരുന്നു. അന്ന് തന്റെ കഴിവിൽ വിശ്വസിച്ച് വിരാട് കോഹ്‍ലി തന്നെ നിലനിര്‍ത്തുയായിരുന്നുവെന്ന് സിറാജ് പറഞ്ഞു.

സിറാജ് മുമ്പും പല തവണ തന്നെ വിരാട് കോഹ്‍ലി കരിയറിൽ പിന്തുണച്ച കാര്യം പറഞ്ഞിട്ടുണ്ട്. ഓസ്ട്രേലിയയിൽ ഇന്ത്യൻ ടീമിനൊപ്പമുണ്ടായിരുന്നപ്പോൾ താരത്തിന്റെ പിതാവ് മരിച്ചപ്പോളും വിരാട് കോഹ്‍ലി തന്നെ ആശ്വസിപ്പിക്കുവാനൊപ്പമുണ്ടായിരുന്നുവെന്ന് സിറാജ് മുമ്പ് സൂചിപ്പിച്ചിരുന്നു.

ആര്‍സിബിയില്‍ താന്‍ മികച്ച പ്രകടനം പുറത്തെടുത്തതിന് കാരണം കോഹ്‍ലിയുടെ പിന്തുണ – മുഹമ്മദ് സിറാജ്

വിരാട് കോഹ്‍ലിയുടെ പിന്തുണയാണ് തന്നെ ഇന്ന് കാണുന്ന ബൗളറാക്കിയതെന്ന് പറഞ്ഞ് മുഹമ്മദ് സിറാജ്. തന്റെ പിതാവ് മരിച്ച സമയത്ത് ഓസ്ട്രേലിയയിലെ ഹോട്ടല്‍ റൂമിലിരുന്ന കരയുകയായിരുന്ന തന്നെ ചേര്‍ത്ത് പിടിച്ച് കോഹ്‍ലി പറഞ്ഞത്, ഞാന്‍ കൂടെയുണ്ട് വിഷമിക്കേണ്ട എന്നായിരുന്നുവെന്നാണ് സിറാജ് പറഞ്ഞത്.

തന്നെ ഏത് പ്രതിസന്ധി ഘട്ടത്തിലും പിന്തുണച്ച ആളാണ് കോഹ്‍ലിയെന്നും താന്‍ ആര്‍സിബിയില്‍ മികച്ച പ്രകടനം ഈ സീസണില്‍ പുറത്തെടുത്തതിന് പിന്നില്‍ കോഹ്‍ലിയുടെ ഈ പിന്തുണയുണ്ടെന്നും സിറാജ് പറഞ്ഞു. ഈ സീസണില്‍ ആര്‍സിബിയുടെ പ്രധാന ബൗളറായി സിറാജ് മാറിയിരുന്നു.

ഓസ്ട്രേലിയയില്‍ ടെസ്റ്റ് ടീമിന്റെ ഭാഗമായി പോകുമ്പോളാണ് സിറാജിന്റെ പിതാവിന്റെ മരണം. പിന്നീട് മുന്‍നിര പേസര്‍മാര്‍ക്ക് പരിക്കേറ്റതോടെ സിറാജിന് അരങ്ങേറ്റത്തിന് അവസരം ലഭിയ്ക്കുകയും ശ്രദ്ധേയമായ പ്രകടനം താരം പുറത്തെടുക്കുകയും ചെയ്തു. ടെസ്റ്റ് അരങ്ങേറ്റത്തിന് ശേഷം സിറാജ് വളരെ അധികം മെച്ചപ്പെട്ട രീതിയിലാണ് ബൗളിംഗ് തുടര്‍ന്ന് വന്നത്.

യോര്‍ക്കറുകള്‍ എറിയുവാനാകുമെന്ന തന്റെ വിശ്വാസം തുണയായി, ടെസ്റ്റ് ക്രിക്കറ്റ് കളിച്ചതിന് ശേഷം ആത്മവിശ്വാസം ഉയര്‍ന്നു – മുഹമ്മദ് സിറാജ്

14 റണ്‍സായിരുന്നു അവസാന ഓവറില്‍ ഡല്‍ഹിയ്ക്ക് വിജയിക്കുവാന്‍ വേണ്ടിയിരുന്നത്. ക്രീസില്‍ മികച്ച രീതിയില്‍ പന്ത് കണക്ട് ചെയ്യുകയായിരുന്നു ഷിമ്രണ്‍ ഹെറ്റ്മ്യറും കൂറ്റനടികള്‍ക്ക് പേരുകേട്ട ഋഷഭ് പന്തും. മുഹമ്മദ് സിറാജിനെയാണ് വിരാട് കോഹ്‍ലി തന്റെ ടീമിന്റെ രക്ഷകനാകുവാന്‍ പന്ത് ഏല്പിച്ചത്. സിറാജ് എറിഞ്ഞ ഓവറിലെ ആദ്യ നാല് പന്തുകളില്‍ കൂറ്റനടി സാധിക്കാതെ പോയപ്പോള്‍ ഡല്‍ഹിയ്ക്ക് അവസാന രണ്ട് പന്തില്‍ ലക്ഷ്യം പത്തായി മാറി. രണ്ട് ബൗണ്ടറി നേടുവാന്‍ ഋഷഭ് പന്തിന് സാധിച്ചുവെങ്കിലും വിജയം ഒരു റണ്‍സിന് ആര്‍സിബി സ്വന്തമാക്കി.

ഹെറ്റ്മ്യറിനും പന്തിനും എതിരെ തനിക്ക് യോര്‍ക്കറുകള്‍ എറിയുവാന്‍ ആകുമെന്ന വിശ്വാസമുണ്ടായിരുന്നുവെന്നും അത് തനിക്ക് വിജയകരമായി സാധിച്ചുവെന്നുമാണ് മത്സര ശേഷം സിറാജ് പറഞ്ഞത്. യോര്‍ക്കറുകള്‍ എറിയുക എന്നത് മാത്രമായിരുന്നു തന്റെ ലക്ഷ്യമെന്നും അതിന് തനിക്ക് സാധിച്ചുവെന്നതില്‍ സന്തോഷമുണ്ടെന്നും സിറാജ് പറഞ്ഞു.

ടെസ്റ്റ് ക്രിക്കറ്റ് കളിക്കുവാന്‍ സാധിച്ചതില്‍ പിന്നെ തന്റെ ആത്മവിശ്വാസം ഏറെ ഉയര്‍ന്നുവെന്നും തന്റെ ലൈനും ലെംഗ്ത്തും വലിയ തോതില്‍ മെച്ചപ്പെട്ടിട്ടുണ്ടെന്നും ആര്‍സിബി പേസര്‍ പറഞ്ഞു. ഇഷാന്ത് ശര്‍മ്മയ്ക്കും ജസ്പ്രീത് ബുംറയ്ക്കുമൊപ്പം ഡ്രസ്സിംഗ് റൂം ഷെയര്‍ ചെയ്യാനായതും തനിക്ക് തുണയായി എന്ന് മുഹമ്മദ് സിറാജ് പറഞ്ഞു.

രാജസ്ഥാന്റെ രക്ഷയ്ക്കെത്തി ശിവം ഡുബേ – റിയാന്‍ പരാഗ് കൂട്ടുകെട്ട്, അവസാന ഓവറുകളില്‍ വെടിക്കെട്ട് ബാറ്റിംഗുമായി രാഹുല്‍ തെവാത്തിയയും

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ഒരു ഘടത്തില്‍ 18/3 എന്ന നിലയിലേക്കും പിന്നീട് 43/4 എന്ന നിലയിലേക്കും വീണ രാജസ്ഥാനെ 177 റണ്‍സിലേക്ക് എത്തിച്ച് ശിവം ഡുബേ, രാഹുല്‍ തെവാത്തിയ, റിയാന്‍ പരാഗ് എന്നിവരുടെ ബാറ്റിംഗ് പ്രകടനം. നൂറിന് താഴെ റണ്‍സിന് ടീം ഓള്‍ഔട്ട് ആവും എന്ന സ്ഥിതിയില്‍ നിന്ന് ഡുബേ 32 പന്തില്‍ 46 റണ്‍സും തെവാത്തിയ 23 പന്തില്‍ 40 റണ്‍സും നേടിയപ്പോള്‍ റിയാന്‍ പരാഗ് 25 റണ്‍സിന്റെ നിര്‍ണ്ണായക സംഭാവന നല്‍കി.

ജോസ് ബട്ലറെയും(8) ഡേവിഡ് മില്ലറെയും വീഴ്ത്തി മുഹമ്മദ് സിറാജ് ആണ് പവര്‍പ്ലേയില്‍ രാജസ്ഥാന് തിരിച്ചടി നല്‍കിയത്. മനന്‍ വോറ(7) വീണ്ടും പരാജയപ്പെട്ടപ്പോള്‍ കൈല്‍ ജാമിസണ്‍ താരത്തെ പുറത്താക്കി. 18/3 എന്ന നിലയിലേക്ക് വീണ രാജസ്ഥാനെ സഞ്ജുവും ശിവം ഡുബേയും ചേര്‍ന്ന് മെല്ലെ മുന്നോട്ട് നയിക്കുകയായിരുന്നു.

സഞ്ജു സിക്സര്‍ അടിച്ച് വാഷിംഗ്ടണ്‍ സുന്ദറിനെ വരവേറ്റുവെങ്കിലും തൊട്ടടുത്ത ഓവറില്‍ സഞ്ജുവിന്റെ വിക്കറ്റ് വീഴ്ത്തി വാഷിംഗ്ടണ്‍ സുന്ദര്‍ തിരിച്ചടിക്കുകയായിരുന്നു. 18 പന്തില്‍ 21 റണ്‍സായിരുന്നു സഞ്ജുവിന്റെ സംഭാവന. 25 റണ്‍സാണ് ഈ കൂട്ടുകെട്ട് നേടിയത്. 43/4 എന്ന നിലയിലേക്ക് വീണ രാജസ്ഥാന്റെ രക്ഷയ്ക്കെത്തിയത് ശിവം ഡുബേയും യുവതാരം റിയാന്‍ പരാഗുമായിരുന്നു.

ഇരുവരും ക്രീസില്‍ നിലയുറപ്പിച്ചപ്പോള്‍ ടീമിന്റെ സ്കോര്‍ നൂറ് കടത്തുവാന്‍ ഇരുവര്‍ക്കുമായി. 37 പന്തില്‍ 66 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. 16 പന്തില്‍ 25 റണ്‍സായിരുന്നു റിയാന്‍ പരാഗിന്റെ സ്കോര്‍. 109/5 എന്ന നിലയിലായിരുന്നു പരാഗ് പുറത്താകുമ്പോള്‍ രാജസ്ഥാന്‍. ഹര്‍ഷല്‍ പട്ടേലിനായിരുന്നു വിക്കറ്റ്.

24 റണ്‍സ് കൂടി കൂട്ടിചേര്‍ക്കുന്നതിനിടെ ശിവം ഡുബേ സ്കോറിംഗ് ഉയര്‍ത്തുന്നതിന്റെ ഭാഗമായി വിക്കറ്റ് നല്‍കി മടങ്ങിയപ്പോള്‍ സിറാജ് തന്റെ മൂന്നാം വിക്കറ്റ് നേടി. പിന്നീട് രാഹുല്‍ തെവാത്തിയ ഒറ്റയ്ക്കായിരുന്നു രാജസ്ഥാനെ മുന്നോട്ട് നയിച്ചത്. ക്രിസ് മോറിസുമായി 37 റണ്‍സ് ഏഴാം വിക്കറ്റില്‍ നേടിയ താരം 19ാം ഓവറിന്റെ അവസാന പന്തില്‍ പുറത്തായി. സ്കോര്‍ 170ല്‍ നില്‍ക്കവെ മൂന്ന് വിക്കറ്റ് നഷ്ടമായ രാജസ്ഥാന്‍ 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു.

ബാംഗ്ലൂരിന് വേണ്ടി സിറാജും ഹര്‍ഷല്‍ പട്ടേലും മൂന്ന് വീതം വിക്കറ്റ് നേടുകയായിരുന്നു.

ഉമേഷ് യാദവിന് മൂന്നാം ടെസ്റ്റില്‍ അവസരം ലഭിച്ചേക്കില്ലെന്ന് പറഞ്ഞ് ഗൗതം ഗംഭീര്‍

അഹമ്മദാബാദില്‍ നാളെ ആരംഭിയ്ക്കുന്ന ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്നാം ടെസ്റ്റില്‍ പേസര്‍ ഉമേഷ് യാദവിന് അവസരം ലഭിച്ചേക്കില്ല എന്ന് പറഞ്ഞ് ഗൗതം ഗംഭീര്‍. ഉമേഷ് യാദവിനെ പരിക്ക് മൂലം ആദ്യ രണ്ട് മത്സരങ്ങളില്‍ പരിഗണിച്ചില്ലെങ്കിലും താരത്തെ അവസാന രണ്ട് ടെസ്റ്റിനുള്ള സ്ക്വാഡിലേക്ക് ഉള്‍പ്പെടുത്തുകയായിരുന്നു.

ഓസ്ട്രേലിയയില്‍ മെല്‍ബേണ്‍ ടെസ്റ്റിനിടെ ആണ് താരത്തിന് പരിക്കേറ്റത്. എന്നാല്‍ ഇഷാന്ത് ശര്‍മ്മ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവരടങ്ങിയ പേസ് ബൗളിംഗ് സഖ്യത്തിനെ മാറ്റി ഇന്ത്യ ഉമേഷിന് മൂന്നാം ടെസ്റ്റില്‍ അവസരം നല്‍കുവാന്‍ സാധ്യതയില്ലെന്നാണ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറിന്റെ അഭിപ്രായം.

ഇന്ത്യ മൂന്ന് പേസര്‍മാരുമായി മത്സരത്തെ സമീപിക്കുകയാണെങ്കില്‍ ഉമേഷിന് സാധ്യതയില്ലെന്നാണ് താന്‍ കരുതുന്നതെന്ന് ഗംഭീര്‍ പറഞ്ഞു. സിറാജിന്റെ അരങ്ങേറ്റം മികച്ചതായിരുന്നുവെന്നും താരം അതിന് ശേഷമുള്ള മത്സരങ്ങളിലും മികച്ച രീതിയിലാണ് പന്തെറിഞ്ഞതെന്നും ഗംഭീര്‍ വ്യക്തമാക്കി.

സിറാജിന് അഞ്ച് വിക്കറ്റ് ,താക്കൂറിന് 4, ഇന്ത്യയുടെ വിജയ ലക്ഷ്യം 328 റണ്‍സ്

ബ്രിസ്ബെയിനില്‍ വിജയം സ്വന്തമാക്കുവാന്‍ ഇന്ത്യ നേടേണ്ടത് 328 റണ്‍സ്. ഇന്ന് ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സ് 294 റണ്‍സിന് അവസാനിപ്പിച്ചാണ് ഇന്ത്യ ഈ ലക്ഷ്യം തേടിയിറങ്ങുന്നത്.

മുഹമ്മദ് സിറാജ് അഞ്ചും ശര്‍ദ്ധുല്‍ താക്കൂര്‍ നാലും വിക്കറ്റ് നേടി ആണ് ഓസ്ട്രേലിയയുടെ ഇന്നിംഗ്സിന് തിരശ്ശീല വീഴ്ത്തിയത്. ഓസീസ് നിരയില്‍ സ്റ്റീവ് സ്മിത്ത് 55 റണ്‍സും കാമറൂണ്‍ ഗ്രീന്‍ 37 റണ്‍സും നേടിയപ്പോള്‍ ടിം പെയിന്‍(27) റണ്‍സ് നേടി പുറത്തായി.

അവസാന ഓവറുകളില്‍ പാറ്റ് കമ്മിന്‍സാണ് ഓസ്ട്രേലിയയുടെ ലീഡ് ഉയര്‍ത്തുവാന്‍ സഹായിച്ചത്. താരം പുറത്താകാതെ 28 റണ്‍സ് നേടി.

Exit mobile version