ശ്രീലങ്കയ്ക്ക് അവശേഷിക്കുന്നത് രണ്ട് വിക്കറ്റ്, അഫ്ഗാനിസ്ഥാന്റെ നെഞ്ചിടിപ്പ് കൂട്ടി മഴ

ശ്രീലങ്കയെ ഓള്‍ഔട്ട് ആക്കി ലോകകപ്പില്‍ മികച്ച വിജയത്തിനുള്ള അവസരത്തിനരികെ നില്‍ക്കുന്ന അഫ്ഗാനിസ്ഥാന് തിരിച്ചടിയായി മഴ. കളി 33 ഓവറിലേക്ക് കടന്നപ്പോള്‍ 182/8 എന്ന നിലയിലുള്ള ശ്രീലങ്കയുടെ മത്സരത്തിലെ തകര്‍ച്ച പൊടുന്നനെയായിരുന്നു. 144/1 എന്ന നിലയില്‍ നിന്ന് മുഹമ്മദ് നബി ഒരോവറില്‍ നേടിയ മൂന്ന് വിക്കറ്റുകളില്‍ നിന്ന് ലങ്ക പിന്നീട് കരകയറാതെ തകരുകയായിരുന്നു.

78 റണ്‍സ് നേടിയ കുശല്‍ പെരേരയുടെ വിക്കറ്റാണ് അവസാനമായി ശ്രീലങ്കയ്ക്ക് നഷ്ടമായത്. നബി നാല് വിക്കറ്റ് നേടിയാണ് ലങ്കയുടെ തകര്‍ച്ച ഉറപ്പാക്കിയത്. മഴ വേഗത്തില്‍ അവസാനിച്ച് ശേഷിക്കുന്ന ശ്രീലങ്കന്‍ വിക്കറ്റുകള്‍ കൂടി വീഴ്ത്തുവാനായിയാവും അഫ്ഗാനിസ്ഥാന്‍ ബൗളര്‍മാരുടെ ഇനിയുള്ള കാത്തിരിപ്പ്.

ജോ റൂട്ടിന്റെ ബൗളിംഗിനു മുന്നല്‍ തകര്‍ന്ന് അഫ്ഗാനിസ്ഥാന്‍, ജോഫ്രയ്ക്കും മൂന്ന് വിക്കറ്റ്

പാക്കിസ്ഥാനെ പരാജയപ്പെടുത്തിയെത്തിയ അഫ്ഗാനിസ്ഥാന് തങ്ങളുടെ രണ്ടാം സന്നാഹ മത്സരത്തില്‍ ബാറ്റിംഗ് തകര്‍ച്ച. ഇംഗ്ലണ്ടിനെതിരെ നടന്ന മത്സരത്തില്‍ വെറും 38.4 ഓവറില്‍ ടീം ഓള്‍ഔട്ട് ആവുകയായിരുന്നു. 44 റണ്‍സ് നേടിയ മുഹമ്മദ് നബിയാണ് ടീമിന്റെ ടോപ് സ്കോറര്‍. നൂര്‍ അലി സദ്രാന്‍ 30 റണ്‍സ് നേടിയപ്പോള്‍ മറ്റു താരങ്ങളില്‍ ആരില്‍ നിന്നും വലിയൊരു ഇന്നിംഗ്സ് വരാതിരുന്നതും കാര്യങ്ങള്‍ അഫ്ഗാനിസ്ഥാന് ശ്രമകരമാക്കി മാറ്റി. അവസാന വിക്കറ്റില്‍ നബിയും ദവലത് സദ്രാനും കൂടി നേടിയ 33 റണ്‍സാണ് അഫ്ഗാനിസ്ഥാനെ 160 റണ്‍സിലേക്ക് എത്തിച്ചത്. ദവലത് സദ്രാന്‍ 20 റണ്‍സുമായി പുറത്താകാതെ നിന്നു.

അതേ സമയം ഇംഗ്ലണ്ടിനു വേണ്ടി ജോ റൂട്ടാണ് മൂന്ന് വിക്കറ്റ് നേടിയത്. ജോഫ്ര ആര്‍ച്ചര്‍ 3 വിക്കറ്റുമായി ഇംഗ്ലണ്ട് അവസാന ഇലവനില്‍ തന്നെ ഉള്‍പ്പെടുത്തേണ്ട സാഹചര്യമാണെന്ന് ഒരിക്കല്‍ കൂടി ഊട്ടിയുറപ്പിച്ചു. അതേ സമയം മോയിന്‍ അലിയ്ക്കും ബെന്‍ സ്റ്റോക്സിനും ഓരോ വിക്കറ്റാണ് ലഭിച്ചത്.

സന്നാഹ മത്സരത്തില്‍ പാക്കിസ്ഥാനെ ഞെട്ടിച്ച് അഫ്ഗാനിസ്ഥാന്‍

ലോകകപ്പിനു മുമ്പേയുള്ള സന്നാഹ മത്സരത്തില്‍ പാക്കിസ്ഥാനെതിരെ 3 വിക്കറ്റ് വിജയം കരസ്ഥമാക്കി അഫ്ഗാനിസ്ഥാന്‍. ഇന്ന് നടന്ന മത്സരത്തില്‍ ബ്രിസ്റ്റോളിലെ കൗണ്ടി ഗ്രൗണ്ടിലാണ് അഫ്ഗാനിസ്ഥാന്റെ ആവേശകരമായ ജയം. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 262 റണ്‍സിനു ഓള്‍ഔട്ട് ആയപ്പോള്‍ അഫ്ഗാനിസ്ഥാന്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 49.4 ഓവറില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.

112 റണ്‍സ് നേടിയ ബാബര്‍ അസം ആണ് പാക്കിസ്ഥാന്റെ ടോപ് സ്കോറര്‍. ഇമാം ഉള്‍ ഹക്ക്(32), ഷൊയ്ബ് മാലിക്(44) എന്നിവരും റണ്‍സ് നേടിയെങ്കിലും വലിയൊരു സ്കോര്‍ നേടുവാന്‍ പാക്കിസ്ഥാന് സാധിച്ചില്ല. മുഹമ്മദ് നബി മൂന്നും റഷീദ് ഖാന്‍, ദവലത് സദ്രാന്‍ രണ്ടും വിക്കറ്റ് നേടിയപ്പോള്‍ പാക്കിസ്ഥാന്‍ 47.5 ഓവറില്‍ 262 റണ്‍സിനു ഓള്‍ഔട്ടായി.

263 റണ്‍സ് ലക്ഷ്യം തേടിയിറങ്ങിയ അഫ്ഗാനിസ്ഥാന് വേണ്ടി 74 റണ്‍സ് നേടി പുറത്താകാതെ നിന്ന ഹഷ്മത്തുള്ള ഷഹീദിയാണ് ടീമിന്റെ ടോപ് സ്കോറര്‍. റഹ്മത് ഷാ(32), ഹസ്രത്തുള്ള സസായി(49), മുഹമ്മദ് നബി(34) എന്നിവരും നിര്‍ണ്ണായക പ്രകടനങ്ങള്‍ നടത്തി. അവസാന ഓവറില്‍ നാല് റണ്‍സായിരുന്നു അഫ്ഗാനിസ്ഥാന്‍ വിജയത്തിനായി നേടേണ്ടിയിരുന്നത്. രണ്ട് പന്ത് ബാക്കി നില്‍ക്കെ ടീം ലക്ഷ്യം മറികടന്നു. പാക്കിസ്ഥാന്‍ ബൗളര്‍മാരില്‍ വഹാബ് റിയാസ് മൂന്ന് വിക്കറ്റ് നേടി ശ്രദ്ധേയമായ പ്രകടനം നടത്തിയപ്പോള്‍ ഇമാദ് വസീമിനു 2 വിക്കറ്റ് ലഭിച്ചു.

ഗപ്ടില്‍ വെടിക്കെട്ടിനു ശേഷം ഇഴഞ്ഞ് നീങ്ങി സണ്‍റൈസേഴ്സ് ഇന്നിംഗ്സ്, അവസാന ഓവറുകളില്‍ റണ്ണടിച്ച് കൂട്ടി വിജയ് ശങ്കറും മുഹമ്മദ് നബിയും

വിശാഖപട്ടണത്തെ ആദ്യ എലിമിനേറ്ററില്‍ ആദ്യം ബാറ്റ് ചെയ്ത് 162 റണ്‍സ് നേടി സണ്‍റൈസേഴ്സ് ഹൈദ്രാബാദ്. മാര്‍ട്ടിന്‍ ഗപ്ടിലിന്റെ വെടിക്കെട്ട് പ്രകടനത്തിനു ശേഷം ഡല്‍ഹി ക്യാപിറ്റല്‍സ് സ്പിന്നര്‍മാര്‍ പിടിമുറുക്കിയപ്പോള്‍ റണ്‍സ് കണ്ടെത്തുവാന്‍ സണ്‍റൈസേഴ്സ് ബാറ്റ്സ്മാന്മാര്‍ ബുദ്ധിമുട്ടുകയായിരുന്നു. മനീഷ് പാണ്ടേയും കെയിന്‍ വില്യംസണും പൊരുതി നോക്കിയെങ്കിലും വേണ്ടത്ര വേഗത ഇന്നിംഗ്സില്‍ കൊണ്ടുവരുവാന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല. അവസാന ഓവറുകളില്‍ സണ്‍റൈസേഴ്സിനു വേണ്ടി തകര്‍ത്തടിച്ച് വിജയ് ശങ്കറും മുഹമ്മദ് നബിയുമാണ് ടീമിനെ പൊരുതാവുന്ന സ്കോറിലേക്ക് നയിച്ചത്.

ഒന്നാം വിക്കറ്റില്‍ 31 റണ്‍സാണ് സണ്‍റൈസേഴ്സ് നേടിയത്. മികച്ച തുടക്കമാണ് മാര്‍ട്ടിന്‍ ഗപ്ടില്‍ ടീമിനു നല്‍കിയതെങ്കിലും മറുവശത്ത് വൃദ്ധിമന്‍ സാഹ തന്റെ വിക്കറ്റ് വലിച്ചെറിയുകയായിരുന്നു. 8 റണ്‍സ് നേടിയ താരത്തിന്റെ വിക്കറ്റ് ഇഷാന്ത് ശര്‍മ്മയാണ് നേടിയത്. 19 പന്തില്‍ നിന്ന് 4 സിക്സും 1 ഫോറും സഹിതം 36 റണ്‍സ് നേടിയ മാര്‍ട്ടിന്‍ ഗപ്ടിലിനെ പുറത്താക്കി അമിത് മിശ്രയാണ് ഡല്‍ഹിയുടെ ഏറ്റവും വലിയ നേട്ടത്തിനു ഉടമ.

ഗപ്ടില്‍ പുറത്തായ ശേഷം സണ്‍റൈസേഴ്സ് ഇന്നിംഗ്സിന്റെ ഗതി തന്നെ നഷ്ടപ്പെടുകയായിരുന്നു. മൂന്നാം വിക്കറ്റില്‍ 34 റണ്‍സ് നേടിയെങ്കിലും 30 റണ്‍സ് നേടിയ മനീഷ് പാണ്ടേയെ കീമോ പോള്‍ പുറത്താക്കിയതോടെ 13.3 ഓവറില്‍ 90/3 എന്ന നിലയിലേക്ക് സണ്‍റൈസേഴ്സ് പ്രതിരോധത്തിലായി.

സ്കോറിംഗ് അതിവേഗത്തിലാക്കുവാനുള്ള ശ്രമത്തിനിടെ കെയിന്‍ വില്യംസണും പുറത്തായതോടെ സണ്‍റൈസേഴ്സ് കാര്യങ്ങള്‍ കൂടുതല്‍ പരുങ്ങലിലായി. 27 പന്തില്‍ നിന്ന് 28 റണ്‍സാണ് കെയിന്‍ വില്യംസണ്‍ നേടിയത്. 16 ഓവറുകള്‍ പിന്നിട്ടപ്പോള്‍ 115/4 എന്ന നിലയിലായിരുന്നു സണ്‍റൈസേഴ്സ്. അവസാന നാലോവറില്‍ നിന്ന് 47 റണ്‍സാണ് സണ്‍റൈസേഴ്സ് നേടിയത്. മുഹമ്മദ് നബിയും വിജയ് ശങ്കറും കൂടിയാണ് അവസാന ഓവറുകളില്‍ തകര്‍ത്തടിച്ചത്.

ട്രെന്റ് ബോള്‍ട്ട് എറിഞ്ഞ 19ാം ഓവറില്‍ രണ്ട് സിക്സ് നേടി വിജയ് ശങ്കര്‍ മൂന്നാമതൊരു സിക്സ് കൂടി നേടുവാന്‍ നോക്കിയെങ്കിലും ബൗണ്ടറി ലൈനില്‍ അക്സര്‍ പട്ടേല്‍ പിടിച്ച് പുറത്താകുകയായിരുന്നു. 11 പന്തില്‍ രണ്ട് വീതം ബൗണ്ടറിയും സിക്സും നേടിയാണ് വിജയ് ശങ്കര്‍ തന്റെ 25 റണ്‍സ് നേടിയത്. നബി 13 പന്തില്‍ നിന്ന് 20 റണ്‍സ് നേടി പുറത്തായി.

അവസാന ഓവറില്‍ മൂന്ന് വിക്കറ്റുകളാണ് വീണത്, കീമോ പോള്‍ ആ ഓവറില്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ദീപക് ഹൂഡ റണ്ണൗട്ടായി പുറത്തായി. 8 വിക്കറ്റ് നഷ്ടത്തിലാണ് സണ്‍റൈസേഴ്സ് ഈ സ്കോറിലേക്ക് നീങ്ങിയത്.

അഫ്ഗാനിസ്ഥാന്റെ സ്പിന്നര്‍മാര്‍ വൈവിധ്യമാര്‍ന്നവര്‍, ലോകകപ്പില്‍ ഏത് ടീമിനും വെല്ലുവിളി ഉയര്‍ത്താനാകുന്നവര്‍

ലോകകപ്പില്‍ ഏത് ടീമിനും വെല്ലുവിളി ഉയര്‍ത്തുവാന്‍ പോന്നവരാണ് അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍മാരെന്ന് അഭിപ്രായപ്പെട്ട് മുഹമ്മദ് നബി. തങ്ങളുടെ സ്പിന്നര്‍മാര്‍ വൈവിധ്യമാര്‍ന്നവരാണ്. മുജീബും റഷീദ് ഖാനും വിക്കറ്റ് നേടുവാന്‍ കെല്പുള്ളവരാകുമ്പോള്‍ താന്‍ ഡോട്ട് ബോളുകള്‍ കൂടുതല്‍ എറിഞ്ഞ് സമ്മര്‍ദ്ദം സൃഷ്ടിക്കുന്ന താരമാണ്.

അതിനാല്‍ തന്നെ ഈ ലോകകപ്പിലെ ഏത് ടീമിനെയും തങ്ങളുടെ സ്പിന്നര്‍മാര്‍ക്ക് വെള്ളം കുടിപ്പിക്കുവാന്‍ ശേഷിയുള്ളവരാണ്. ലോകകപ്പിലെ കുഞ്ഞന്മാരാണ് തങ്ങളെങ്കിലും ചില ടീമുകളെ അട്ടിമറിയ്ക്കുവാന്‍ തന്റെ ടീമിനു കഴിയുമെന്നും അഫ്ഗാനിസ്ഥാന്‍ ഓള്‍റൗണ്ടര്‍ മുഹമ്മദ് നബി പറഞ്ഞു.

അഫ്ഗാന്‍ ക്രിക്കറ്റിലെ നേതൃമാറ്റം, അതൃപ്തി പ്രകടിപ്പിച്ച് നബിയും റഷീദും

അഫ്ഗാനിസ്ഥാന്റെ ക്യാപ്റ്റന്‍സിയില്‍ നിന്ന് അസ്ഗര്‍ അഫ്ഗാനിസ്ഥാനെ മാറ്റുവാനുള്ള ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ അഭിപ്രായവുമായി റഷീദ് ഖാനും മുഹമ്മദ് നബിയും. കഴിഞ്ഞ ദിവസമാണ് അഫ്ഗാനിസ്ഥാന്റെ മൂന്ന് ഫോര്‍മാറ്റിലുമുള്ള ക്യാപ്റ്റന്‍സി അസ്ഗര്‍ അഫ്ഗാനില്‍ നിന്ന് ബോര്‍ഡ് മാറ്റിയത്. ഏകദിനങ്ഹളില്‍ ഗുല്‍ബാദിന്‍ നൈബിനെയും ടി20യില്‍ റഷീദ് ഖാനെയുമാണ് ക്യാപ്റ്റനായി നിയമിച്ചത്. ടെസ്റ്റില്‍ റഹ്മത് ഷായെയും ക്യാപ്റ്റന്‍സി ചുമതല ഏല്പിച്ചു.

ഏപ്രില്‍ 2015 മുതല്‍ അഫ്ഗാനിസ്ഥാന്റെ നായകനാണ് അസ്ഗര്‍ അഫ്ഗാന്‍. മുഹമ്മദ് നബിയില്‍ നിന്നാണ് താരം ക്യാപ്റ്റന്‍സി അന്ന് ഏറ്റെടുത്തത്. 31 ഏകദിന വിജയങ്ങളും 37 ടി20 വിജയവും ടീം ഇതിനിടെ നേടി. അയര്‍ലണ്ടിനെതിരെ ചരിത്രമായ ആദ്യ ടെസ്റ്റ് വിജയവും അഫ്ഗാനിസ്ഥാനു ഇക്കാലയളവില്‍ നേടുവാന്‍ സാധിച്ചിരുന്നു.

ലോകകപ്പിനു മുമ്പ് ഇത്തരം ഒരു മാറ്റം ടീമിന്റെ സാധ്യതകളെ ബാധിക്കുമെന്നാണ് റഷീദ് ഖാന്‍ വ്യക്തമാക്കിയത്. ബോര്‍ഡിന്റ തീരുമാനത്തോട് തന്റെ ശക്തമായ വിയോജിപ്പ് അറിയിക്കുകയാണെന്നും താന്‍ ടീമിന്റെ ക്യാപ്റ്റനായി അസ്ഗര്‍ തന്നെ തുടരണമെന്നുമാണ് ആഗ്രഹിക്കുന്നതെന്നും റഷീദ് ഖാന്‍ വ്യക്തമാക്കി.

സമാനമായ കാഴ്ചപ്പാടാണ് സീനിയര്‍ താരം മുഹമ്മദ് നബിയും വ്യക്തമാക്കിയത്. ലോകകപ്പിനു തൊട്ട് മുമ്പുള്ള ഈ തീരുമാനം ടീമിന്റെ പ്രകടനങ്ങളെ ബാധിക്കുമെന്നും നബി വ്യക്തമാക്കി. അസ്ഗര്‍ തന്നെയാണ് ടീമിനെ നയിക്കുവാനുള്ള ഏറ്റവും അനുയോജ്യനെന്നാണ് താനും വിശ്വസിക്കുന്നതെന്നാണ് മുഹമ്മദ് നബിയും അഭിപ്രായപ്പെട്ടത്.

ബൗളിംഗിലെ പഴയ പ്രതാപം വീണ്ടെടുത്ത് സണ്‍റൈസേഴ്സ് ഹൈദ്രാബാദ്, ഡല്‍ഹിയ്ക്ക് 129 റണ്‍സ്

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനം പുറത്തെടുത്ത് സണ്‍റൈസേഴ്സ് ഹൈദ്രാബാദ്. കൃത്യമായ ഇടവേളകളി‍ല്‍ വിക്കറ്റുകള്‍ വീഴ്ത്തിയാണ് സണ്‍റൈസേഴ്സ് ഡല്‍ഹിയെ സമ്മര്‍ദ്ദത്തിലാക്കിയത്. ശ്രേയസ്സ് അയ്യര്‍ മാത്രമാണ് ഡല്‍ഹി ക്യാപിറ്റല്‍സ് നിരയില്‍ റണ്‍സ് കണ്ടെത്തിയത്. 17ാം ഓവറില്‍ റഷീദ് ഖാന്റെ ഓവറിലെ ആദ്യ പന്തില്‍ പുറത്താകുമ്പോള്‍ 43 റണ്‍സാണ് ശ്രേയസ്സ് അയ്യര്‍ നേടിയത്.

ശ്രേയസ്സ് അയ്യര്‍ പുറത്തായ ശേഷം ക്രിസ് മോറിസ് നേടിയ 17 റണ്‍സിന്റെ ബലത്തില്‍ ഡല്‍ഹി 100 റണ്‍സ് കടക്കുകയായിരുന്നു. 20 ഓവറുകള്‍ പിന്നിട്ടപ്പോള്‍ ആതിഥേയര്‍ക്ക് 8 വിക്കറ്റ് നഷ്ടത്തില്‍ റണ്‍സാണ് നേടാനായത്.  അവസാന ഓവറുകളില്‍ നേടിയ ബൗണ്ടറിയും രണ്ട് സിക്സും സഹിതം 23 റണ്‍സ് നേടിയ അക്സര്‍ പട്ടേലാണ് ടീമിനെ 129 റണ്‍സിലേക്ക് എത്തിച്ചത്. വെറും 13 പന്തില്‍ നിന്നാണ് അക്സര്‍ ഈ സ്കോര്‍ നേടിയത്. അവസാന ഓവറില്‍ രണ്ട് സിക്സാണ് സിദ്ധാര്‍ത്ഥ് കൗളിന്റെ ഓവറില്‍ അക്സര്‍ പട്ടേല്‍ നേടിയത്.

സണ്‍റൈസേഴ്സ് ഹൈദ്രാബാദിനു വേണ്ടി ഭുവനേശ്വര്‍ കുമാര്‍, സിദ്ധാര്‍ത്ഥ് കൗള്‍, മുഹമ്മദ് നബി രണ്ടും റഷീദ് ഖാന്‍,  സന്ദീപ് ശര്‍മ്മ എന്നിവര്‍ ഓരോ വിക്കറ്റും നേടി. അഫ്ഗാന്‍ താരങ്ങളായ മുഹമ്മദ് നബിയും റഷീദ് ഖാനും മികച്ച രീതിയിലാണ് സണ്‍റൈസേഴ്സിനു വേണ്ടി പന്തെറിഞ്ഞത്. നബി തന്റെ നാലോവറില്‍ 21 റണ്‍സും റഷീദ് ഖാന്‍ 18 റണ്‍സുമാണ് വിട്ട് നല്‍കിയത്.

നബി മാജിക്കില്‍ തകര്‍ന്ന് റോയല്‍ ചലഞ്ചേഴ്സ്, 118 റണ്‍സ് തോല്‍വി

സണ്‍റൈസേഴ്സ് ഹൈദ്രാബാദിനെതിരെ കൂറ്റന്‍ തോല്‍വിയേറ്റു വാങ്ങി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. മുഹമ്മദ് നബിയുടെ പന്തുകള്‍ക്ക് മുന്നില്‍ ബുദ്ധിമുട്ടിയ ആര്‍സിബി ബാറ്റ്സ്മാന്മാര്‍ 19.5 ഓവറില്‍ 113 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 37 റണ്‍സ് നേടിയ കോളിന്‍ ഡി ഗ്രാന്‍ഡോം ആണ് ടീമിന്റെ ടോപ് സ്കോറര്‍. തന്റെ നാലോവറില്‍ നിന്ന് വെറും 11 റണ്‍സിനാണ് മുഹമ്മദ് നബി 4 വിക്കറ്റ് വീഴ്ത്തിയത്.

ബാംഗ്ലൂരിന്റെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണിത്. ആദ്യ മത്സരത്തില്‍ എഴുപത് റണ്‍സിനു ടീം ചെന്നൈ സൂപ്പര്‍ കിംഗ്സിനോട് ഓള്‍ഔട്ട് ആയിരുന്നു. ആ പ്രകടനത്തിലും മോശം പ്രകടനമാകുമെന്ന് കരുതിയെങ്കിലും ഏഴാം വിക്കറ്റില്‍ ഒത്തുകൂടിയ കോളിന്‍ ഡി ഗ്രാന്‍ഡോം-പ്രയസ് ബര്‍മ്മന്‍ കൂട്ടുകെട്ട് ടീമിനെ നൂറ് കടക്കുവാന്‍ സഹായിച്ചു. 51 റണ്‍സാണ് ഏഴാം വിക്കറ്റില്‍ ഇരുവരും നേടിയത്. എന്നാല്‍ ലക്ഷ്യം വളരെ വലുതായതിനാല്‍ ആരും തന്നെ കൂട്ടുകെട്ടില്‍ നിന്ന് വിജയം പ്രതീക്ഷിച്ചതുമില്ല. 19 റണ്‍സ് നേടി പ്രയസ് ബര്‍മ്മന്‍ പുറത്തായപ്പോള്‍ കോളിന്‍ ഡി ഗ്രാന്‍ഡോം 37 റണ്‍സ് നേടി. ഉമേഷ് യാദവ് അവസാനം വന്ന് അതി വേഗത്തില്‍ 14 റണ്‍സ് നേടി മടങ്ങി.

നബി നാല് വിക്കറ്റ് നേടിയപ്പോള്‍ സന്ദീപ് ശര്‍മ്മ മൂന്ന് വിക്കറ്റ് നേടി. മൂന്ന് ആര്‍സിബി ബാറ്റ്സ്മാന്മാര്‍ റണ്ണൗട്ട് രൂപത്തിലും പുറത്തായി.

നേരത്തെ ജോണി ബൈര്‍സ്റ്റോ(114), ഡേവിഡ് വാര്‍ണര്‍(100*) കൂട്ടുകെട്ടിന്റെ വെടിക്കെട്ട് പ്രകടനത്തിന്റെ ബലത്തില്‍ സണ്‍റൈസേഴ്സ് 231/2 എന്ന പടുകൂറ്റന്‍ സ്കോറാണ് നേടിയത്.

ഏകദിന പരമ്പരയില്‍ ഒപ്പം പിടിച്ച് അയര്‍ലണ്ട്, വിജയശില്പികളായത് ആന്‍ഡ്രൂ ബാല്‍ബിര്‍ണേയും പോള്‍ സ്റ്റിര്‍ലിംഗും

അഫ്ഗാനിസ്ഥാന്‍ നല്‍കിയ 217 റണ്‍സ് വിജയ ലക്ഷ്യം 47.2 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ സ്വന്തമാക്കി അയര്‍ലണ്ട്. ജയത്തോടെ ഏകദിന പരമ്പരയില്‍ 2-2നു ഒപ്പം പിടിക്കുവാന്‍ അയര്‍ലണ്ടിനായി. ഇന്ന് ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത അയര്‍ലണ്ട് അഫ്ഗാനിസ്ഥാനെ 50 ഓവറില്‍ 216/6 എന്ന നിലയില്‍ വരിഞ്ഞുകെട്ടുകയായിരുന്നു.

82 റണ്‍സ് നേടിയ അസ്ഗര്‍ അഫ്ഗാന്‍ ആണ് അഫ്ഗാനിസ്ഥാന്റെ ടോപ് സ്കോറര്‍. മുഹമ്മദ് നബി 40 റണ്‍സും റഷീദ് ഖാന്‍ 35 റണ്‍സുമായി പുറത്താകാതെ നിന്നുമാണ് ടീമിനെ 216 റണ്‍സിലേക്ക് നയിച്ചത്. അയര്‍ലണ്ടിനു വേണ്ടി ജോര്‍ജ്ജ് ഡോക്രെല്‍ 2 വിക്കറ്റ് നേടി.

ഒന്നാം വിക്കറ്റില്‍ 57 റണ്‍സ് കൂട്ടിചേര്‍ത്ത ശേഷം വില്യം പോര്‍ട്ടര്‍ഫീല്‍ഡ്(17) പുറത്തായെങ്കിലും അയര്‍ലണ്ടിന്റെ വിജയത്തിനു അടിത്തറ പാകിയ കൂട്ടുകെട്ടാണ് രണ്ടാം വിക്കറ്റില്‍ പോള്‍ സ്റ്റിര്‍ലിംഗ്-ആന്‍ഡ്രൂ ബാല്‍ബിര്‍ണേ കൂട്ടുകെട്ട് നേടിയത്. 70 റണ്‍സ് നേടിയ സ്റ്റിര്‍ലിംഗ് പുറത്താകുമ്പോള്‍ രണ്ടാം വിക്കറ്റില്‍ 81 റണ്‍സ് സഖ്യം നേടിയിരുന്നു.

സിമി സിംഗ് വേഗത്തില്‍ പുറത്തായെങ്കിലും കെവിന്‍ ഒബ്രൈന്‍ ആന്‍ഡ്രൂ ബാല്‍ബിര്‍ണേയ്ക്ക് മികച്ച പിന്തുണ നല്‍കി. 68 റണ്‍സ് നേടിയ ആന്‍ഡ്രുവിനെ മുജീബ് പുറത്താക്കിയപ്പോള്‍ കെവിന്‍ 33 റണ്‍സുമായി പുറത്താകാതെ വിജയത്തിലേക്ക് അയര്‍ലണ്ടിനെ നയിച്ചു. സഹീര്‍ ഖാന്‍ രണ്ട് വിക്കറ്റ് നേടി അഫ്ഗാന്‍ ബൗളര്‍മാരില്‍ തിളങ്ങിയെങ്കിലും ലക്ഷ്യം തീരെ ചെറുതായതിനാല്‍ വിജയത്തിലേക്ക് അയര്‍ലണ്ടിന്റെ യാത്രയെ തടയാന്‍ അഫ്ഗാനിസ്ഥാനായില്ല.

അയര്‍ലണ്ടിനെതിരെ വലിയ ജയമൊരുക്കി അഫ്ഗാനിസ്ഥാന്‍ പരമ്പരയില്‍ മുന്നില്‍

വെറും 223 റണ്‍സിനു ഓള്‍ഔട്ട് ആയെങ്കിലും 109 റണ്‍സിന്റെ വിജയം കരസ്ഥമാക്കി അഫ്ഗാനിസ്ഥാന്‍ പരമ്പരയില്‍ വീണ്ടും മുന്നില്‍. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാനെ പൊരുതാവുന്ന സ്കോറിലേക്ക് നയിച്ചത് റഷീദ് ഖാന്‍, അസ്ഗര്‍ അഫ്ഗാന്‍, മുഹമ്മദ് നബി എന്നിവരുടെ അര്‍ദ്ധ ശതകങ്ങള്‍ ആണ്. 131/7 എന്ന നിലയില്‍ 54 റണ്‍സ് നേടിയ അസ്ഗര്‍ അഫഗാനെ നഷ്ടപ്പെട്ട ശേഷം നബിയും റഷീദ് ഖാനും നേടിയ 86 റണ്‍സ് കൂട്ടുകെട്ടാണ് ടീമിനെ 200 കടക്കുവാന്‍ സഹായിച്ചത്.

മുഹമ്മദ് നബി 64 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ റഷീദ് ഖാന്‍ 52 റണ്‍സ് നേടിയ. 49.1 ഓവറില്‍ അഫ്ഗാനിസ്ഥാന്‍ 223 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. അയര്‍ലണ്ടിനായി ജെയിംസ് കാമറൂണ്‍-ഡോവ് 32 റണ്‍സിനു മൂന്ന് വിക്കറ്റും ആന്‍ഡി മക്ബ്രൈന്‍, ബോയഡ് റാങ്കിന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ അയര്‍ലണ്ട് 35.3 ഓവറില്‍ 114 റണ്‍സിനാണ് ഓള്‍ഔട്ട് ആയത്. അഫ്താബ് അലമിന്റെ മുന്നില്‍ ചൂളിയ അയര്‍ലണ്ട് ബാറ്റ്സ്മാന്മാര്‍ക്കെതിരെ മുജീബ് റഹ്മാനും റഷീദ് ഖാനും രണ്ട് വീതം വിക്കറ്റ് നേടി തിളങ്ങി. 26 റണ്‍സ് നേടിയ കെവിന്‍ ഒബ്രൈന്‍ ആണ് അയര്‍ലണ്ടിന്റെ ടോപ് സ്കോറര്‍. വില്യം പോര്‍ട്ടര്‍ ഫീല്‍ 21 റണ്‍സും സിമി സിംഗ് 20 റണ്‍സും നേടി. അഫ്താബ് അലം 4 വിക്കറ്റ് നേടിയപ്പോള്‍ തന്റെ ഓള്‍റൗണ്ട് പ്രകടനത്തിനു റഷീദ് ഖാന്‍ മാന്‍ ഓഫ് ദി മാച്ച് പട്ടം സ്വന്തമാക്കി.

ഡെറാഡൂണില്‍ നിന്ന് എന്നും എട്ട് മണിക്കൂര്‍ യാത്ര ചെയ്ത് നബി, ചികിത്സയിലുള്ള തന്റെ അച്ഛനെ കാണുവാന്‍

അയര്‍ലണ്ടിനെതിരെ തങ്ങളുടെ ഹോം പരമ്പര കളിക്കുകയാണ് അഫ്ഗാനിസ്ഥാന്‍. കലാപം നിറഞ്ഞ അഫ്ഗാന്‍ മണ്ണ് അന്താരാഷ്ട്ര ക്രിക്കറ്റിനു അനുയോജ്യമല്ലാത്തതിനാല്‍ ടീമിന്റെ ഹോം ഗ്രൗണ്ട് ഇന്ത്യയാണ്. ഇന്ത്യയിലെ ഡെറാഡൂണിലാണ് അഫ്ഗാനിസ്ഥാന്‍ അയര്‍ലണ്ടിനെ ആതിഥേയത്വം വഹിക്കുന്നത്. പരമ്പരയിലെ ടി20 മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ അഫ്ഗാനിസ്ഥാന്‍ 3-0നു വിജയം കുറിയ്ക്കുകയും ചെയ്തു.

പരമ്പരയില്‍ രണ്ട് മത്സരങ്ങളില്‍ മാന്‍ ഓഫ് ദി മാച്ചും പരമ്പരയിലെ താരമായും തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് നബി എല്ലാ ദിവസം എട്ട് മണിക്കൂറോളം ടീം താമസിക്കുന്ന ഹോട്ടലില്‍ നിന്ന് യാത്രയാകുമെന്നാണ് പറയുന്നത്. തന്റെ അച്ഛന്‍ ഹൃദ്രോഗ സംബന്ധമായ അസുഖവുമായി ചികിത്സയിലുള്ള ആശുപത്രിയിലേക്കാണ് ഈ എന്നുമുള്ള യാത്ര.

കളിയുള്ള ദിവസം യാത്രയുണ്ടാകില്ലെന്ന് കരുതുന്നുവെങ്കിലും അല്ലാത്ത ദിവസങ്ങളില്ലാം അച്ഛന്റെ സുഖവിവരങ്ങള്‍ അന്വേഷിക്കുവാനായി യാത്രയാകുന്ന താരം എന്നാല്‍ ഈ യാത്ര തന്റെ പ്രകടനത്തെ ബാധിക്കില്ലെന്ന് ഉറപ്പാക്കുകയും ചെയ്തു. അതാണ് ഈ രണ്ട് മാന്‍ ഓഫ് ദി മാച്ച്, മാന്‍ ഓഫ് ദി സീരീസ് പട്ടങ്ങള്‍ കാണിക്കുന്നത്.

നബിയുടെ വെടിക്കെട്ടിനു ശേഷം ഹാട്രിക്കുമായി റഷീദ് ഖാന്‍, പരമ്പര തൂത്തുവാരി അഫ്ഗാനിസ്ഥാന്‍

മുഹമ്മദ് നബി ബാറ്റ് കൊണ്ടും റഷീദ് ഖാന്‍ പന്ത് കൊണ്ടും മന്ത്രജാലം പുറത്തെടുത്ത മത്സരത്തില്‍ 32 റണ്‍സിന്റെ വിജയവുമായി അഫ്ഗാനിസ്ഥാന്‍. പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 210/7 എന്ന സ്കോര്‍ നേടിയപ്പോള്‍ മുഹമ്മദ് നബി 36 പന്തില്‍ നിന്ന് 81 റണ്‍സ് നേടി തിളങ്ങി. ഒപ്പം ഹസ്രത്തുള്ള സാസായി 17 പന്തില്‍ നിന്ന് 31 റണ്‍സ് നേടി പുറത്തായി. അയര്‍ലണ്ടിനു വേണ്ടി ബോയഡ് റാങ്കിന്‍ മൂന്ന് വിക്കറ്റും നേടി.

മറുപടി ബാറ്റിംനിറങ്ങിയ അയര്‍ലണ്ട് രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിന്റെ ബലത്തില്‍ കുതിച്ചുവെങ്കിലും രണ്ടോവറുകളിലായി തന്റെ ഹാട്രിക് പൂര്‍ത്തിയാക്കിയ റഷീദ് ഖാന്‍ മത്സരം അഫ്ഗാനിസ്ഥാനു അനുകൂലമാക്കുകയായിരുന്നു. 47 പന്തില്‍ നിന്ന് 74 റണ്‍സ് നേടിയ കെവിന്‍ ഒബ്രൈനും 47 റണ്‍സ് നേടി ആന്‍ഡ്രൂ ബാല്‍ബിര്‍ണേയുമാണ് അയര്‍ലണ്ട് നിരയില്‍ തിളങ്ങിയത്. ഹാട്രിക്ക് ഉള്‍പ്പെടെ അഞ്ച് വിക്കറ്റാണ് റഷീദ് ഖാന്‍ നേടിയത്.

20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സാണ് അയര്‍ലണ്ടിനു ചേസിംഗില്‍ നേടാനായത്. റഷീദ് ഖാനു പുറമെ സിയൗര്‍ റഹ്മാന്‍ രണ്ട് വിക്കറ്റ് നേടി. 6 ഫോറും 7 സിക്സും സഹിതം നേടിയ മുഹമ്മദ് നബിയാണ് കളിയിലെ താരവും പരമ്പരയിലെ താരവുമായി തിരഞ്ഞെടുക്കപ്പെട്ടത്.

Exit mobile version