ഒരു ലക്ഷ്യവും ഇംഗ്ലണ്ടിനു വലുതല്ല, 359 റണ്‍സ് 45 ഓവറിനുള്ളില്‍ നേടി ടീം

പാക്കിസ്ഥാന്‍ നല്‍കിയ 359 റണ്‍സ് ലക്ഷ്യം 44.5 ഓവറില്‍ 4 വിക്കറ്റുകളുടെ നഷ്ടത്തിലാണ് ഇംഗ്ലണ്ട് മറികടന്നത്. പാക്കിസ്ഥാന് വേണ്ടി 151 റണ്‍സ് നേടിയ ഇമാം ഉള്‍ ഹക്കിന്റെ പ്രകടനത്തെ മറികടക്കുന്ന പ്രകടനവുമായി ജോണി ബൈര്‍സ്റ്റോ-ജേസണ്‍ റോയ് കൂട്ടുകെട്ടിനൊപ്പം മധ്യ നിരയും അവസരത്തിനൊത്തുയര്‍ന്നപ്പോള്‍ ഇംഗ്ലണ്ടിന്റെ ജയം അനായാസമായി മാറുകയായിരുന്നു.

159 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ ഇംഗ്ലണ്ട് നേടിയത്. 55 പന്തില്‍ 8 ഫോറും 4 സിക്സും സഹിതം ജേസണ്‍ റോയ് 76 റണ്‍സ് നേടിയപ്പോള്‍ ജോണി ബൈര്‍സ്റ്റോ 93 പന്തില്‍ നിന്ന് 128 റണ്‍സ് നേടി കളിയിലെ താരമായി മാറി. ബൈര്‍സ്റ്റോ പുറത്താകുമ്പോള്‍ 28.4 ഓവറില്‍ നിന്ന് ഇംഗ്ലണ്ട് 234 റണ്‍സാണ് നേടിയിരുന്നത്.

തുടര്‍ന്ന് ജോ റൂട്ട്(43), ബെന്‍ സ്റ്റോക്സ്(37), മോയിന്‍ അലി(46*) എന്നിവരോടൊപ്പം ഓയിന്‍ മോര്‍ഗനും(17*) ചേര്‍ന്ന് ഇംഗ്ലണ്ടിന്റെ വിജയം ഉറപ്പാക്കുകയായിരുന്നു.

മോയിന്‍ അലിയ്ക്ക് പരിക്ക്, നാളത്തെ ആദ്യ ഏകദിനത്തില്‍ കളിയ്ക്കില്ല

പാക്കിസ്ഥാനെതിരെ നാളെ ഇംഗ്ലണ്ടിന്റെ ആദ്യ ഏകദിനത്തില്‍ ടീമിനു മോയിന്‍ അലിയുടെ സേവനം ലഭ്യമാകില്ല. വാരിയെല്ലിനേറ്റ പരിക്കാണ് താരത്തിനെ നാളത്തെ മത്സരത്തില്‍ നിന്ന് വിട്ട് നില്‍ക്കുവാന്‍ പ്രേരിപ്പിക്കുന്നത്. എന്നാല്‍ സൗത്താംപ്ടണില്‍ നടക്കുന്ന അടുത്ത മത്സരത്തില്‍ മോയിന്‍ അലി കളിയ്ക്കാനെത്തുമെന്നതിനാല്‍ പരിക്ക് അത്ര ഗുരുതരമല്ലെന്ന് വേണം മനസ്സിലാക്കുവാന്‍.

നാളെ ലണ്ടനിലെ കെന്നിംഗ്ടണ്‍ ഓവലിലാണ് ആദ്യ മത്സരം നടക്കുന്നത്. മോയിന്‍ അലിയ്ക്ക് പകരം ജോ ഡെന്‍ലി അവസാന ഇലവനില്‍ എത്തിയേക്കുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്.

കിംഗ് കോഹ്‍ലി തിരിച്ചെത്തി, ആര്‍സിബിയ്ക്ക് 213 റണ്‍സ്

ഇന്നിംഗ്സിന്റെ അവസാന പന്തില്‍ പുറത്തായെങ്കിലും കിംഗ് കോഹ്‍ലിയുടെ ശതകത്തിന്റെ ബലത്തില്‍ 213 റണ്‍സിലേക്ക് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ എത്തിച്ച് വിരാട് കോഹ്‍ലി. 58 പന്തില്‍ 9 ഫോറും 4 സിക്സും സഹിതം 100 റണ്‍സ് നേടിയാണ് വിരോട് കോഹ്‍ലി പുറത്തായത്. 11 റണ്‍സ് നേടിയ പാര്‍ത്ഥിവ് പട്ടേലിനെ സുനില്‍ നരൈന്‍ പുത്താക്കിയപ്പോള്‍ വണ്‍ ഡൗണായി സ്ഥാനക്കയറ്റം കിട്ടിയ അക്ഷ്ദീപ് നാഥിനെയും ബാംഗ്ലൂരിനു വേഗത്തില്‍ നഷ്ടമായി.

എന്നാല്‍ വിരാട് കോഹ്‍ലിയും മോയിന്‍ അലിയും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 90 റണ്‍സ് കൂട്ടുകെട്ട് പുറത്തെടുത്തതോടെ കൊല്‍ക്കത്ത ബൗളര്‍മാരെ തച്ചുടയ്ക്കുകയായിരുന്നു. 28 പന്തില്‍ നിന്ന് 5 ഫോറും 6 സിക്സും നേടിയ മോയിന്‍ അലിയാണ് വിരാട് കോഹ്‍ലിയെ വെല്ലുന്ന സ്ട്രൈക്ക് റേറ്റോടു കൂടി ബാറ്റ് വീശിയത്.
കുല്‍ദീപ് യാദവ് മോയിനിനെ പുറത്താക്കിയ ശേഷം വിരാട് കോഹ‍്‍ലി അടിച്ച് തകര്‍ത്തപ്പോള്‍ അവസാന നാലോവറില്‍ നിന്ന് ബാംഗ്ലൂര്‍ 64 റണ്‍സാണ് നേടിയത്. കുല്‍ദീപ് യാദവിനാണ് കണക്കറ്റ് പ്രഹരം ലഭിച്ചത്. 4 ഓവറില്‍ 59 റണ്‍സാണ് കുല്‍ദീപ് വഴങ്ങിയത്. അതേ സമയം ആന്‍ഡ്രേ റസ്സല്‍ മികച്ച ബൗളിംഗ് പ്രകടനം പുറത്തെടുത്തു. തന്റെ ഒരു വിക്കറ്റിനായി മൂന്നോവറില്‍ നിന്ന് റസ്സല് വെറും 17 റണ്‍സ് മാത്രമാണ് വഴങ്ങിയത്.

മോയിന്‍ അലിയുടെയും എബി ഡി വില്ലിയേഴ്സിന്റെയും മികവില്‍ 171 റണ്‍സ് നേടി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍

വിരാട് കോഹ്‍ലിയെയും(8) പാര്‍ത്ഥിവ് പട്ടേലിനെയും(28) തുടക്കത്തില്‍ നഷ്ടമായ ശേഷം മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ മോയിന്‍ അലിയും എബി ഡി വില്ലിയേഴ്സും നേടിയ 95 റണ്‍സിന്റെ ബലത്തില്‍ 171 റണ്‍സിലേക്ക് നീങ്ങി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. അവസാന ഓവറില്‍ റണ്ണൗട്ട് ആവുമ്പോള്‍ 51 പന്തില്‍ നിന്ന് 75 റണ്‍സാണ് എബി ഡി വില്ലിയേഴ്സ് നേടിയത്. ലസിത് മലിംഗയുടെ ബൗളിംഗിലൂടെയാണ് മുംബൈ ഇന്നിംഗ്സിന്റെ അവസാനത്തില്‍ ബാംഗ്ലൂരിനെ പിടിച്ചുകെട്ടിയത്. ഏഴ് വിക്കറ്റുകളാണ് ബാംഗ്ലൂരിനു നഷ്ടമായത്.

മൂന്നാം ഓവറിന്റെ ആദ്യ പന്തില്‍ വിരാട് കോഹ്‍ലിയെ മികച്ച പന്തിലൂടെ ക്വിന്റണ്‍ ഡി കോക്കിന്റെ കൈകളിലെത്തിച്ച് ജേസണ്‍ ബെഹ്രെന്‍ഡോര്‍ഫ് ബാംഗ്ലൂരിനു ആദ്യ തിരിച്ചടി നല്‍കി. തന്റെ പതിവു ശൈലിയില്‍ ബാറ്റ് വീശിയ പാര്‍ത്ഥിവ് പട്ടേല്‍ പുറത്താകുമ്പോള്‍ ബാംഗ്ലൂര്‍ 49 റണ്‍സാണ് നേടിയത്. 37 റണ്‍സാണ് പാര്‍ത്ഥിവ് പട്ടേലും എബി ഡി വില്ലിയേഴ്സും ചേര്‍ന്ന് നേടിയത്.

പിന്നീട് മൂന്നാം വിക്കറ്റില്‍ ശക്തമായ പ്രകടനം പുറത്തെടുക്കുന്ന എബിഡി-മോയിന്‍ അലി കൂട്ടുകെട്ടിനെയാണ് കണ്ടത്. അതിവേഗം ബാറ്റ് വീശിയ മോയിന്‍ അലി 32 പന്തില്‍ നിന്ന് 50 റണ്‍സ് നേടി പുറത്തായപ്പോള്‍ മലിംഗയ്ക്കായിരുന്നു വിക്കറ്റ്. 5 സിക്സും ഒരു ഫോറും അടക്കമായിരുന്നു മോയിന്‍ അലിയുടെ വെടിക്കെട്ട് ഇന്നിംഗ്സ്. അതേ ഓവറില്‍ തന്നെ മാര്‍ക്കസ് സ്റ്റോയിനിസിനെയും ആര്‍സിബിയ്ക്ക് നഷ്ടമായി.

തുടക്കം അതിവേഗത്തിലല്ലായിരുന്നുവെങ്കിലും മോയിന്‍ പുറത്തായ ശേഷം തന്റെ വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത എബിഡി യഥേഷ്ടം സിക്സും ഫോറും നേടുകയായിരുന്നു. എന്നാല്‍ അവസാന ഓവറില്‍ മലിംഗയെ സിക്സര്‍ പറത്തിയ ശേഷം രണ്ടാം പന്തില്‍ രണ്ടാം റണ്‍ നേടുന്നതില്‍ നിന്ന് അക്ഷദീപ് നാഥ് എബിഡിയെ തിരികെ അയയ്ച്ചപ്പോള്‍ താരം റണ്ണൗട്ടാവുന്നതാണ് കണ്ടത്.

അതോടെ 185നു മുകളില്‍ റണ്‍സ് നേടുമെന്ന കരുതിയ ബാംഗ്ലൂര്‍ ഇന്നിംഗ്സിന്റെ താളം തെറ്റി. അത് കഴിഞ്ഞ അക്ഷ്ദീപിനെയും പവന്‍ നേഗിയെയും ഒരേ ശൈലിയില്‍ പുറത്താക്കി മലിംഗ മുംബൈയ്ക്ക് മേധാവിത്വം നേടിക്കൊടുത്തു. ബൗണ്ടറി ലൈനില്‍ നിന്നുള്ള ഡയറക്ട് ത്രോയിലൂടെയാണ് പൊള്ളാര്‍ഡ് എബിഡിയെ പുറത്താക്കിയത്. മലിംഗ നാല് വിക്കറ്റ് നേടി തന്റെ മടങ്ങിവരവ് ആഘോഷിച്ചു.

ബാംഗ്ലൂര്‍ സ്കോറിനു മാന്യത പകര്‍ന്ന് മോയിന്‍ അലി, റബാഡയുടെ നാല് വിക്കറ്റില്‍ ഗതി നഷ്ടപ്പെട്ട് ആര്‍സിബി

ഇഴഞ്ഞ് നീങ്ങിയ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഇന്നിംഗ്സിനെ മാന്യമായ സ്കോറിലേക്ക് എത്തിച്ച് മോയിന്‍ അലി. ഒരു ഘട്ടത്തില്‍ റണ്‍സ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടുകയായിരുന്നു ബാംഗ്ലൂരിനെ തുണച്ചത് മോയിന്‍ അലിയും അവസാന ഓവറുകളില്‍ 12 പന്തില്‍ നിന്ന് 19 റണ്‍സ് നേടിയ അക്ഷദീപ് നാഥിന്റെയും പ്രകടനങ്ങളാണ്. വിരാട് കോഹ്‍ലി അവസാന ഓവറുകളില്‍ രണ്ട് സിക്സോടു കൂടി ബാംഗ്ലൂരിനെ വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരുമെന്ന് കരുതിയെങ്കിലും റബാഡ താരത്തെ വീഴുത്തുകയായിരുന്നു. 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സാണ് ബാംഗ്ലൂര്‍ നേടിയത്.

മോയിന്‍ അലി ക്രീസിലെത്തി 18 പന്തില്‍ നിന്ന് 32 റണ്‍സ് നേടി പുറത്താകുമ്പോള്‍ ബാംഗ്ലൂരിന്റെ സ്കോര്‍ 100 കടന്നിരുന്നു. നേരത്തെ ടോസ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ രണ്ടോവറില്‍ 16 റണ്‍സ് നേടിയെങ്കിലും പാര്‍ത്ഥിവ് പട്ടേല്‍(9) രണ്ടാം ഓവറിന്റെ അവസാന പന്തില്‍ പുറത്തായി.

എബി ഡി വില്ലിയേഴ്സ് ക്രീസിലെത്തിയ ശേഷവും വിരാടിനും എബിഡിയ്ക്ക് സ്കോറിംഗ് വേഗത്തിലാക്കുവാന്‍ സാധിച്ചില്ല. പവര്‍പ്ലേ അവസാനിക്കുന്നതിനു തൊട്ട് മുമ്പ് 17 റണ്‍സ് നേടിയ എബിഡിയെ റബാഡ പുറത്താക്കിയതോടെ ബാംഗ്ലൂരിന്റെ കാര്യങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലായി. സ്റ്റോയിനിസും വന്ന് വേഗത്തില്‍ പുറത്തായപ്പോള്‍ 10.4 ഓവറില്‍ 66/3 എന്ന നിലയിലേക്ക് ബാംഗ്ലൂര്‍ വീണു. 15 റണ്‍സാണ് ഓസ്ട്രേലിയന്‍ താരം നേടിയത്.

ഈ സമയമെല്ലാം തന്റെ പതിവു ശൈലിയില്‍ ബാറ്റ് വീശാനാകാതെ ബുദ്ധിമുട്ടുന്ന വിരാട് കോഹ്‍ലിയെയാണ് കാണുവാന്‍ സാധിച്ചത്. എന്നാല്‍ ബാംഗ്ലൂരിനു ആശ്വാസമായി മോയിന്‍ അലിയുടെ വെടിക്കെട്ട് വരികയായിരുന്നു. സന്ദീപ് ലാമിച്ചാനെയെ വീണ്ടുമൊരു സിക്സ് പായിക്കുവാനുള്ള ശ്രമത്തിനിടെ സ്റ്റംപ് ചെയ്ത് പുറത്താകുമ്പോള്‍ മൂന്ന് സിക്സ് തന്റെ ഇന്നിംഗ്സില്‍ മോയിന്‍ നേടിയിരുന്നു.

മോയിന്‍ പുറത്തായ ശേഷം അക്ഷ്ദീപ് നാഥ് ക്രീസിലെത്തി ബൗണ്ടറികള്‍ നേടി സ്കോറിംഗ് വേഗത നിലനിര്‍ത്തിയെന്ന് ഉറപ്പാക്കുന്നതാണ് കണ്ടത്. ഇന്നിംഗ്സിന്റെ 17ാം ഓവറില്‍ സന്ദീപ് ലാമിച്ചാനെയെ രണ്ട് സിക്സര്‍ പറത്തി കോഹ്‍ലി തന്റെ പതിവു ശൈലിയിലേക്ക് ഗിയര്‍ മാറുമെന്ന് കരുതിയെങ്കിലും അടുത്ത ഓവറില്‍ കാഗിസോ റബാഡയ്ക്ക് ഇരയായി മടങ്ങി. കോഹ്‍ലി 33 പന്തില്‍ നിന്നാണ് 41 റണ്‍സ് നേടി പുറത്തായത്. ഒരു ബൗണ്ടറിയും രണ്ട് സിക്സുമായിരുന്നു ഇന്നിംഗ്സില്‍. ബാംഗ്ലൂരിന്റെ രണ്ട് വമ്പന്‍ താരങ്ങളെയും കാഗിസോ റബാഡയാണ് പുറത്താക്കിയത്.

അതേ ഓവറില്‍ തന്നെ അക്ഷ്ദീപ് നാഥിനെയും പവന്‍ നേഗിയെയും പുറത്താക്കി റബാഡ ഓവറിലെ തന്റെ മൂന്നാം വിക്കറ്റും മത്സരത്തിലെ നാലാം വിക്കറ്റും നേടി. അവസാന നാലോവറില്‍ നിന്ന് 35 റണ്‍സ് നേടിയതാണ് ബാംഗ്ലൂരിനു തുണയായത്.

കാഗിസോ റബാഡ നാലും ക്രിസ് മോറിസ് രണ്ടും വിക്കറ്റ് നേടിയപ്പോള്‍ സന്ദീപ് ലാമിച്ചാനെയും അക്സര്‍ പട്ടേലും ഓരോ വിക്കറ്റ് വീതം നേടി.

മോയിന്‍ അലിയ്ക്ക് വിശ്രമം, പകരം സാം കറന്‍ ടീമില്‍

വിന്‍ഡീസിനെതിരെ ഇംഗ്ലണ്ടിന്റെ ടി20 ടീമില്‍ ഇടം പിടിച്ച് സാം കറന്‍. മോയിന്‍ അലിയ്ക്ക് വിശ്രമം നല്‍കുവാന്‍ ബോര്‍ഡ് തീരുമാനിച്ചതോടെയാണ് സാം കറനു നറുക്ക് വീണത്. ലോകകപ്പ് വരാനിരിക്കെ താരങ്ങള്‍ക്ക് മതിയായ വിശ്രമം ആവശ്യമായതിനാലും മോയിന്‍ അലിയെപ്പോലെ ബെന്‍ സ്റ്റോക്സ്, ജോസ് ബട്‍ലര്‍ എന്നിവരും ഐപിഎല്‍ കളിക്കാനിരിക്കുന്നതിനാലാണ് ഇവര്‍ക്ക് വിന്‍ഡീസിനെതിരെയുള്ള ടി20 പരമ്പരയില്‍ വിശ്രമം നല്‍കുവാന്‍ ഇംഗ്ലണ്ട് തീരുമാനിച്ചത്. മോയിന്‍ അലി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനും ബെന്‍ സ്റ്റോക്സും ജോസ് ബട‍്‍ലറും രാജസ്ഥാന്‍ റോയല്‍സിനു വേണ്ടിയുമാണ് ഐപിഎലില്‍ കളിക്കുന്നത്.

അതേ സമയം സാം കറനെ ഐപിഎലില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കിയിട്ടുണ്ടെങ്കിലും താരം ഏകദിന പരമ്പരയില്‍ ഇംഗ്ലണ്ടിനു വേണ്ടി കളിക്കാത്തതിനാലാണ് ടി20 പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മാര്‍ച്ച് 23നു ഐപിഎല്‍ ആരംഭിക്കുവാനിരിക്കെ ഇംഗ്ലണ്ടിന്റെ കരിബീയന്‍ ടൂര്‍ മാര്‍ച്ച് 10ന് ആണ് അവസാനിക്കുന്നത്.

232 റണ്‍സ് ജയവുമായി ഇംഗ്ലണ്ടിനു ആശ്വാസത്തോടെ മടക്കം, ശതകവുമായി പുറത്താകാതെ ചേസ്

പരമ്പര നേരത്തെ തന്നെ കൈവിട്ടിരിന്നുവെങ്കിലും മൂന്നാം ടെസ്റ്റില്‍ ആശ്വാസ ജയം സ്വന്തമാക്കി ഇംഗ്ലണ്ട്. സെയിന്റ് ലൂസിയയില്‍ ഇംഗ്ലണ്ട് 232 റണ്‍സിന്റെ മികച്ച വിജയമാണ് സ്വന്തമാക്കിയത്. മാര്‍ക്ക് വുഡിന്റെ ഒന്നാം ഇന്നിംഗ്സ് മികവിന്റെ ബലത്തിലാണ് ഇംഗ്ലണ്ട് ഈ ജയം പിടിച്ചെടുത്തത്. രണ്ടാം ഇന്നിംഗ്സില്‍ വിന്‍ഡീസിനെ 252 റണ്‍സിനു പുറത്താക്കിയ ഇംഗ്ലണ്ടിനു വേണ്ടി ജെയിംസ് ആന്‍ഡേഴ്സണും മോയിന്‍ അലിയും മൂന്ന് വീതം വിക്കറ്റും ബെന്‍ സ്റ്റോക്സ് രണ്ടും വിക്കറ്റ് നേടി.

റോഷ്ടണ്‍ ചേസ് ഒരറ്റത്ത് പൊരുതി നിന്നുവെങ്കിലും വിന്‍ഡീസ് ടോപ് ഓര്‍ഡര്‍ കൈവിട്ടത്താണ് മത്സരത്തില്‍ വിന്‍ഡീസ് പൊരുതാതെ കീഴടങ്ങുവാന്‍ കാരണം. വാലറ്റത്തില്‍ കെമര്‍ റോച്ചും(29), അല്‍സാരി ജോസഫും(34) ചേസിനൊപ്പം ഉയര്‍ത്തിയ പ്രതിരോധമാണ് ആതിഥേയരെ 252 റണ്‍സിലേക്ക് നയിച്ചത്. 102 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയായിരുന്നു റോഷ്ടണ്‍ ചേസ്. നേരത്തെ വിന്‍ഡീസിന്റെ ഒന്നാം ഇന്നിംഗ്സ് 154 റണ്‍സില്‍ അവസാനിച്ചിരുന്നു.

ജോ റൂട്ട്(122), ജോസ് ബട്‍ലര്‍(56), ജോ ഡെന്‍ലി(69), ബെന്‍ സ്റ്റോക്സ്(48*) എന്നിവരുടെ മികവിലാണ് രണ്ടാം ഇന്നിംഗ്സില്‍ 361/5 എന്ന നിലയില്‍ ഇംഗ്ലണ്ട് ഡിക്ലയര്‍ ചെയ്തത്. ഒന്നാം ഇന്നിംഗ്സില്‍ 277 റണ്‍സാണ് ടീമിനു നേടാനായത്.

142 റണ്‍സ് ലീഡ്, മൂന്നാം ടെസ്റ്റില്‍ മേല്‍ക്കൈ നേടി ഇംഗ്ലണ്ട്

പരമ്പരയില്‍ ആദ്യമായി വിന്‍ഡീസിനെതിരെ മേല്‍ക്കൈ നേടി ഇംഗ്ലണ്ട്. സെയിന്റ് ലൂസിയ ടെസ്റ്റിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സില്‍ 19/0 എന്ന നിലയിലാണ്. മത്സരത്തില്‍ 142 റണ്‍സ് ലീഡാണ് സ്വന്തമാക്കിയിട്ടുള്ളത്. റോറി ബേണ്‍സ്(10*), കീറ്റണ്‍ ജെന്നിംഗ്സ്(8*) എന്നിവരാണ് സന്ദര്‍ശകര്‍ക്കായി ക്രീസിലുള്ളത്.

മത്സരത്തില്‍ 277 റണ്‍സിനു ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സ് അവസാനിച്ചുവെങ്കിലും ടീം വിന്‍ഡീസിനെ 154 റണ്‍സിനു പുറത്താക്കി തിരിച്ചടിയ്ക്കകയായിരുന്നു. മാര്‍ക്ക് വുഡ് അഞ്ചും മോയിന്‍ അലി നാലും വിക്കറ്റ് നേടിയാണ് വിന്‍ഡീസിന്റെ നടുവൊടിച്ചത്. ഒന്നാം വിക്കറ്റില്‍ 57 റണ്‍സ് കൂട്ടുകെട്ട് നേടി ഇംഗ്ലണ്ടിന്റെ സ്കോര്‍ അനായാസം വിന്‍ഡീസ് മറികടക്കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും ഓവറുകളുടെ വ്യത്യാസത്തില്‍ ടീം തകരുകയായിരുന്നു.

2 റണ്‍സ് നേടുന്നതിനിടെ നാല് വിക്കറ്റുകളാണ് ടോപ് ഓര്‍ഡറില്‍ വിന്‍ഡീസിനു നഷ്ടമായത്. ഓപ്പണര്‍മാരെ മോയിന്‍ അലി പുറത്താക്കിയപ്പോള്‍ അടുത്ത രണ്ട് വിക്കറ്റ് വീഴ്ത്തിയത് മാര്‍ക്ക് വുഡ് ആയിരുന്നു. 41 റണ്‍സ് നേടിയ ജോണ്‍ കാംപെല്‍ ആണ് വിന്‍ഡീസിന്റെ ടോപ് സ്കോറര്‍. ഷെയിന്‍ ഡോവ്റിച്ച് 38 റണ്‍സ് നേടി പുറത്തായി. സ്റ്റുവര്‍ട് ബ്രോഡിനായിരുന്നു വിക്കറ്റ്.

നേരത്തെ ജോസ് ബട്‍ലര്‍-ബെന്‍ സ്റ്റോക്സ് കൂട്ടുകെട്ട് അഞ്ചാം വിക്കറ്റില്‍ നേടിയ 125 റണ്‍സ് കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിനെ തിരിച്ചുവരവിന്റെ പാതയിലേക്ക് നയിച്ചത്. എന്നാല്‍ ബട്‍ലര്‍(67), സ്റ്റോക്സ്(79) എന്നിവര്‍ പുറത്തായ ശേഷം ഇംഗ്ലണ്ട് ഇന്നിംഗ്സ് 277 റണ്‍സില്‍ അവസാനിച്ചു. 232/4 എന്ന നിലയില്‍ മുന്നേറുകയായിരുന്നു ഇംഗ്ലണ്ടിന്റെ അവസാന ആറ് വിക്കറ്റുകള്‍ 45 റണ്‍സ് നേടുന്നതിനിടെയാണ് നഷ്ടമായത്.

വിന്‍ഡീസിനായി കെമര്‍ റോച്ച് നാലും ഷാനണ്‍ ഗബ്രിയേല്‍, അല്‍സാരി ജോസഫ്, കീമോ പോള്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

വിന്‍ഡീസ് 306 റണ്‍സിനു പുറത്ത്

ആന്റിഗ്വ ടെസ്റ്റില്‍ വിന്‍ഡീസ് ഇന്നിംഗ്സിനു അവസാനം. 306 റണ്‍സിനു ആതിഥേയര്‍ പുറത്താകുമ്പോള്‍ 119 റണ്‍സിന്റെ ലീഡാണ് ടീം നേടിയത്. തലേ ദിവസത്തെ സ്കോറായ 272/6 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച വിന്‍ഡീസിനു 34 റണ്‍സ് കൂടി മാത്രമേ നേടാനായുള്ളു. ഡാരെന്‍ ബ്രാവോ തന്റെ അര്‍ദ്ധ ശതകം തികച്ചയുടനെ പുറത്തായപ്പോള്‍ ജേസണ്‍ ഹോള്‍ഡര്‍ 22 റണ്‍സ് നേടി പുറത്തായി. വിന്‍ഡീസ് ഇന്നിംഗ്സില്‍ അര്‍ദ്ധ ശതകം നേടിയ ഏക താരം ഡാരെന്‍ ബ്രാവോ ആയിരുന്നു.

ഇംഗ്ലണ്ടിനായി മോയിന്‍ അലിയും സ്റ്റുവര്‍ട് ബ്രോഡും മൂന്ന് വീതം വിക്കറ്റും ജെയിംസ് ആന്‍ഡേഴ്സണ്‍, ബെന്‍ സ്റ്റോക്സ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

റോച്ചും ഗബ്രിയേലും ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടു

ആന്റിഗ്വ ടെസ്റ്റിലും ഇംഗ്ലണ്ടിനു ബാറ്റിംഗ് പരാജയം. 61 ഓവര്‍ മാത്രം നീണ്ട് നിന്ന ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് 187 റണ്‍സിനു അവസാനിക്കുകയായിരുന്നു. ഇന്ന് ടോസ് നേടി വിന്‍ഡീസ് ബൗളിംഗ് തിരഞ്ഞെടുത്ത ശേഷം ഇംഗ്ലണ്ട് നിരയില്‍ ജോണി ബൈര്‍സ്റ്റോ(52), മോയിന്‍ അലി(60), ബെന്‍ ഫോക്സ്(35) എന്നിവര്‍ മാത്രമാണ് വിന്‍ഡീസ് ബൗളര്‍മാര്‍ക്കെതിരെ ചെറുത്ത് നില്പിനു ശ്രമിച്ചത്.

ആദ്യ സെഷനു ശേഷം മോയിന്‍ അലിയും ബെന്‍ ഫോക്സും ഇംഗ്ലണ്ടിനെ 172/6 എന്ന നിലയില്‍ ചായ വരെ കൊണ്ടെത്തിച്ചു. എന്നാല്‍ മൂന്നാം സെഷന്‍ ആരംഭിച്ച ശേഷം ഇംഗ്ലണ്ട് തകര്‍ന്നടിയുകയായിരുന്നു. 178/6 എന്ന നിലയില്‍ നിന്ന് ടീം 9 റണ്‍സ് എടുക്കുന്നതിനിടയില്‍ ഓള്‍ഔട്ട് ആയി.

വിന്‍ഡീസിനായി കെമര്‍ റോച്ച് നാലും ഷാനണ്‍ ഗബ്രിയേല്‍ മൂന്നും വിക്കറ്റ് നേടി. അല്‍സാരി ജോസഫിനു രണ്ട് വിക്കറ്റും നായകന്‍ ജേസണ്‍ ഹോള്‍ഡറിനു ഒരു വിക്കറ്റും ലഭിച്ചു.

ഇംഗ്ലണ്ട് തിരിച്ചു വരവിന്റെ പാതയില്‍, മോയിന്‍ അലിയ്ക്ക് അര്‍ദ്ധ ശതകം

ആദ്യ സെഷനില്‍ നാല് വിക്കറ്റുകള്‍ നഷ്ടമായ ശേഷം രണ്ടാം സെഷനിലെ രണ്ടാം പന്തില്‍ തന്നെ ജോണി ബൈര്‍സ്റ്റോയെ(52) ബെന്‍ സ്റ്റോക്സിനെയും ഇംഗ്ലണ്ടിനു നഷ്ടമായെങ്കിലും ടീമിനെ തിരിച്ചുവരവിന്റെ പാതയിലേക്ക് നയിച്ച് മോയിന്‍ അലിയും ബെന്‍ ഫോക്സും. രണ്ടാം സെഷന്‍ അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് 172/6 എന്ന നിലയിലാണ്.

ബെന്‍ സ്റ്റോക്സിനെ(14) ഷാനണ്‍ ഗബ്രിയേല്‍ പുറത്താക്കിയ ശേഷം അപരാജിതമായ 79 റണ്‍സ് ഏഴാം വിക്കറ്റ് കൂട്ടുകെട്ടിലൂടെ ഇംഗ്ലണ്ട് വന്‍ തകര്‍ച്ചയെയാണ് ഇപ്പോള്‍ അതിജീവിച്ചിരിക്കുന്നത്. മോയിന്‍ അലി തന്റെ 14ാം അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി 55 റണ്‍സുമായി നില്‍ക്കുമ്പോള്‍ ബെന്‍ ഫോക്സ് 32 റണ്‍സാണ് നേടിയിട്ടുള്ളത്.

അവസാന സെഷനില്‍ ഇംഗ്ലണ്ടിനെ പുറത്താക്കുക എന്ന ലക്ഷ്യത്തോടെയാവും വിന്‍ഡീസ് ഗ്രൗണ്ടിലേക്ക് ഇറങ്ങുന്നത്.

രണ്ടാം ദിനം വീണത് 18 വിക്കറ്റുകള്‍, വിന്‍ഡീസിനു കൂറ്റന്‍ ലീഡ്

ബാര്‍ബഡോസില്‍ വിന്‍ഡീസിനെ വിജയത്തില്‍ നിന്ന് ഇംഗ്ലണ്ടിനു തടയാനാകണമെങ്കില്‍ മഹാത്ഭുതങ്ങള്‍ സംഭവിക്കണം. 212 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ വിന്‍ഡീസ് രണ്ടാം ഇന്നിംഗ്സില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സാണ് നേടിയിട്ടുള്ളത്. മത്സരത്തില്‍ 339 റണ്‍സിന്റെ വലിയ ലീഡാണ് ആതിഥേയര്‍ നേടിയിരിക്കുന്നത്. തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് 289 റണ്‍സിനു അവസാനിപ്പിച്ച ശേഷം 80കളിലെ പേസ് നിരയെ അനുസ്മരിപ്പിക്കുന്ന പ്രകടനം വിന്‍ഡീസ് പുറത്തെടുത്തപ്പോള്‍ ഇംഗ്ലണ്ട് വെറും 77 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു.

കെമര്‍ റോച്ച് അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ ജേസണ്‍ ഹോള്‍ഡറും അല്‍സാരി ജോസഫും രണ്ട് വീതം വിക്കറ്റ് നേടി ഇംഗ്ലണ്ടിന്റെ നടുവൊടിച്ചു. 17 റണ്‍സ് നേടിയ കീറ്റണ്‍ ജെന്നിംഗ്സ് ടോപ് സ്കോറര്‍ ആയപ്പോള്‍ സാം കറന്‍(14), ആദില്‍ റഷീദ്(12), ജോണി ബൈര്‍സ്റ്റോ(12) എന്നിവരാണ് രണ്ടക്കം കടന്ന താരങ്ങള്‍.

വിന്‍ഡീസിന്റെ രണ്ടാം ഇന്നിംഗ്സിലും തുടക്കം മികച്ചതായിരുന്നു. പിന്നീട് പതിവു പോലെ തകര്‍ന്നടിഞ്ഞുവെങ്കിലും വലിയ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയത് ടീമിനു തുണയായി. ഒന്നാം വിക്കറ്റില്‍ 52 റണ്‍സ് കൂട്ടിചേര്‍ത്ത് ശേഷമാണ് ക്രെയിഗ് ബ്രാത്‍വൈറ്റ്(24)-ജോണ്‍ കാംപെല്‍(33) കൂട്ടുകെട്ട് പിരിഞ്ഞത്. മോയിന്‍ അലി മൂന്ന് വിക്കറ്റ് നേടി ഇംഗ്ലണ്ടിനു വേണ്ടി തിളങ്ങി. ഷിമ്രണ്‍ ഹെറ്റ്മ്യര്‍ 31 റണ്‍സ് നേടി പുറത്തായി.

രണ്ടാം ദിവസം അവസാനക്കുമ്പോള്‍ 36 ഓവറില്‍ 127 റണ്‍സ് എന്ന നിലയിലാണ് വിന്‍ഡീസ്. 27 റണ്‍സുമായി ഷെയിന്‍ ഡോവ്റിച്ചും 7 റണ്‍സ് നേടി ജേസണ്‍ ഹോള്‍ഡറുമാണ് ക്രീസില്‍ നില്‍ക്കുന്നത്.

Exit mobile version