ടോപ് ഫോറിലെത്തുവാന്‍ കൊല്‍ക്കത്തയ്ക്ക് ഈ ബൗളിംഗ് ലൈനപ്പ് പോര

കൊല്‍ക്കത്തയുടെ നിലവിലുള്ള ബൗളിംഗ് ലൈനപ്പിനു ടീമിനെ ടോപ് ഫോറിലെത്തിക്കുവാനുള്ള കഴിവില്ലായിരുന്നുവെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് പറഞ്ഞ് ഡാനിയേല്‍ വെട്ടോറി. ഐപിഎല്‍ പ്രാഥമിക ഘട്ടത്തിലെ അവസാന മത്സരത്തിലാണ് കൊല്‍ക്കത്ത മുംബൈയോട് തോറ്റഅ പ്ലേ ഓഫിനു പുറത്ത് പോയത്. എന്നാല്‍ കൊല്‍ക്കത്തയുടെ മോശം ബൗളിംഗ് പ്രകടനമാണ് ടീമിനു തിരിച്ചടിയായതെ്നനാണ് ഡാനിയേല്‍ വെട്ടോറി വിശ്വസിക്കുന്നത്.

അടുത്ത സീസണില്‍ ഒരു വിദേശ ഫാസ്റ്റ് ബൗളറെ ടീമില്‍ എത്തിക്കുകയാണ് ടീം ചെയ്യേണ്ടതെന്നും വെട്ടോറി പറഞ്ഞു. മിച്ചല്‍ സ്റ്റാര്‍ക്കോ പാറ്റ് കമ്മിന്‍സോ കൊല്‍ക്കത്തയിലേക്ക് എത്തിയാല്‍ അത് ടീമിനു മികച്ച മുതല്‍ക്കൂട്ടാവുമെന്നും വെട്ടോറി പറഞ്ഞു. സ്റ്റാര്‍ക്കിനെ കൊല്‍ക്കത്ത രണ്ട് വര്‍ഷം മുമ്പ് സ്വന്തമാക്കിയെങ്കിലും ഒരിക്കല്‍ പോലും താരം ടീമിനു വേണ്ടി കളിച്ചിരുന്നില്ല.

പേസ് ബൗളര്‍മാരുടെ വര്‍ക്ക് ലോഡ് കൈകാര്യം ചെയ്യണം

പേസ് ബൗളര്‍മാരായ പാറ്റ് കമ്മിന്‍സിന്റെയും മിച്ചല്‍ സ്റ്റാര്‍ക്കിന്റെയും വര്‍ക്ക് ലോഡ് ക്രിക്കറ്റ് ഓസ്ട്രേലിയയും ടീം മാനേജ്മെന്റും വ്യക്തമായ മികവോടെ കൈകാര്യം ചെയ്യണമെന്ന് പറഞ്ഞ് ഓസ്ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച്. പാറ്റ് കമ്മിന്‍സ് ഓസ്ട്രേലിയയ്ക്ക് വേണ്ടി ഏറെ മത്സരങ്ങളില്‍ ഈ സീസണില്‍ പന്തെറിഞ്ഞു കഴിഞ്ഞുവെന്നും താരത്തിനു വിശ്രമം ആവശ്യമാണെന്നും ഫിഞ്ച് പറഞ്ഞു. ഓസ്ട്രേലിയന്‍ സമ്മറില്‍ താരം ഏറെ മത്സരങ്ങള്‍ കളിച്ചുവെന്നും ഏപ്രിലില്‍ മത്സരമില്ലാത്തത് താരത്തിനെ ലോകകപ്പിനു തയ്യാറാക്കുമെന്നും ഓസ്ട്രേലിയന്‍ നായകന്‍ പറഞ്ഞു. ഈ ഇടവേള താരത്തിനു മികച്ച ശാരീര സ്ഥിതി വീണ്ടെടുത്ത് തിരിച്ചെത്തുവാനുള്ള അനിവാര്യമായ കാലമാണെന്നാണ് ഫിഞ്ച് അഭിപ്രായപ്പെട്ടത്.

അതേ സമയം മിച്ചല്‍ സ്റ്റാര്‍ക്കിനെ പോലെ അധികം ക്രിക്കറ്റ് കളിച്ചിട്ടില്ലാത്ത താരങ്ങള്‍ക്ക് പന്തെറിയുവാനും മത്സരക്ഷമത തെളിയിക്കുവാനും മതിയായ അവസരങ്ങള്‍ സൃഷ്ടിക്കുവാനും ടീം മാനേജ്മെന്റും ക്രിക്കറ്റ് ബോര്‍ഡും ബാധ്യസ്ഥരാണെന്ന് ഫിഞ്ച് പറഞ്ഞു. ഇന്ത്യയ്ക്കും പാക്കിസ്ഥാനുമെതിരെ 10 ഏകദിനങ്ങളിലാണ് ഓസ്ട്രേലിയ അടുത്ത് കളിക്കാന്‍ ഒരുങ്ങുന്നത്.

ലോകകപ്പിനു മുമ്പ് താരങ്ങള്‍ക്ക് കഴിവ് തെളിയിക്കുവാനുള്ള അവസരമാണെങ്കിലും പാറ്റ് കമ്മിന്‍സിനെ പോലുള്ള താരത്തിനു മതിയായ വിശ്രമം ആവശ്യമായ ഘട്ടം കൂടിയാണിതെന്ന് ഫിഞ്ച് പറഞ്ഞു. ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കുമെതിരെ ടെസ്റ്റ് പരമ്പര പൂര്‍ണ്ണമായും കളിച്ച താരമാണ് പാറ്റ് കമ്മിന്‍സ്. അതിനാല്‍ തന്നെ വരുന്ന പത്ത് മത്സരങ്ങളില്‍ എല്ലാത്തിലും പാറ്റ് കമ്മിന്‍സ് കളിക്കുവാനുള്ള സാധ്യത കുറവാണ്. താരത്തിനും ഓസ്ട്രേലിയന്‍ ക്രിക്കറ്റിനും വേണ്ടിയാവും ഈ തീരൂമാനമെന്നും ഫിഞ്ച് പറഞ്ഞു.

സ്റ്റാര്‍ക്കിനു പ്രതീക്ഷ, പാക്കിസ്ഥാനെതിരെ മടങ്ങി വരാനാകുമെന്ന്

ശ്രീലങ്കയ്ക്കെതിരെ രണ്ടാം ടെസ്റ്റില്‍ പരിക്കേറ്റ മിച്ചല്‍ സ്റ്റാര്‍ക്ക് തന്റെ തിരിച്ചുവരവ് പാക്കിസ്ഥാനെതിരെ സാധ്യമാകുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചു. ലോകകപ്പിനു മുമ്പ് താരത്തിനു തയ്യാറെടുപ്പിനു വേണ്ട മത്സര പരിചയത്തിനായി തനിക്ക് പാക്കിസ്ഥാന്‍ പരമ്പര കളിക്കുന്നതിലൂടെ സാധിക്കുമെന്നാണ് താരത്തിന്റെ അഭിപ്രായം. ഏതാനുൺ ആഴ്ചയ്ക്കുള്ളില്‍ താന്‍ വീണ്ടും ബൗളിംഗ് ആരംഭിക്കുമെന്നും മാര്‍ച്ച് 22നു ആരംഭിക്കുന്ന പരമ്പരയില്‍ താനുണ്ടാകുമെന്നുമാണ് സ്റ്റാര്‍ക്ക് പറയുന്നത്.

ഇന്ത്യയ്ക്കെതിരെയുള്ള മത്സരങ്ങള്‍ നഷ്ടമാകുമെങ്കിലും പാക്കിസ്ഥാനെതിരെ തനിക്ക് തിരിച്ചുവരാനാകുമെന്നാണ് സ്റ്റാര്‍ക്ക് പറയുന്നത്. ഇന്ത്യന്‍ പരമ്പരയില്‍ ഒരു ഘട്ടത്തിലും തനിക്ക് തിരിച്ചുവരവിനുള്ള സാധ്യതയില്ല. എന്നാല്‍ പാക്കിസ്ഥാനെതിരെ കാര്യങ്ങള്‍ ശരിയായ ദിശയിലാണെന്ന് സ്റ്റാര്‍ക്ക് കൂട്ടിചേര്‍ത്തു.

മാര്‍ച്ച് 2-13 വരെയാണ് ഇന്ത്യ ഓസ്ട്രേലിയ ഏകദിന പരമ്പര. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. അതിനു മുമ്പ് ഫെബ്രുവരി അവസാനത്തില്‍ ടീം രണ്ട് ടി20 മത്സരങ്ങളിലും പങ്കെടുക്കും. പാക്കിസ്ഥാനെതിരെ മാര്‍ച്ച് 22 മുതല്‍ 31 വരെ അഞ്ച് ഏകദിനങ്ങളിലാണ് ഓസ്ട്രേലിയ കളിയ്ക്കുന്നത്.

ഇന്ത്യയിലേക്ക് സ്റ്റാര്‍ക്കില്ല, ഓസ്ട്രേലിയന്‍ ടീം പ്രഖ്യാപിച്ചു

ഇന്ത്യയില്‍ നടക്കുന്ന ഏകദിന ടി20 മത്സരങ്ങളുടെ പരമ്പരയ്ക്കുള്ള ഓസ്ട്രേലിയയുടെ സ്ക്വാഡിനെ പ്രഖ്യാപിച്ചു. രണ്ട് ടി20യ്ക്കും 5 ഏകദിനങ്ങള്‍ക്കുമായാണ് ഓസ്ട്രേലിയ ഇന്ത്യന്‍ സന്ദര്‍ശനത്തിനൊരുങ്ങുന്നത്. മിച്ചല്‍ സ്റ്റാര്‍ക്കിനെ ടീമിലേക്ക് പരിഗണിച്ചിട്ടില്ല. നേരത്തെ ഇന്ത്യയുടെ ഓസ്ട്രേലിയയിലെ ഏകദിന പരമ്പരയിലും താരം പങ്കെടുത്തിരുന്നില്ല. അന്ന് വിശ്രമത്തിനായാണ് സ്റ്റാര്‍ക്കിനു അവധി കൊടുത്തതെങ്കില്‍ ഇത്തവണ ശ്രീലങ്കയ്ക്കെതിരെയുള്ള ടെസ്റ്റിനിടെ പരിക്കേറ്റതാണ് താരത്തിനു തിരിച്ചടിയായത്. സ്റ്റാര്‍ക്ക് പാക്കിസ്ഥാനെതിരെയുള്ള ഏകദിന പരമ്പരയുടെ സമയത്ത് തിരിച്ചെത്തുമെന്നാണ് കരുതപ്പെടുന്നത്.

പിറ്റര്‍ സിഡില്‍, മിച്ചല്‍ മാര്‍ഷ് എന്നിവര്‍ പുറത്തേക്ക് പോകുമ്പോള്‍ കെയിന്‍ റിച്ചാര്‍ഡ്സണ്‍ ടീമിലേക്ക് എത്തുന്നു. ഷോണ്‍ മാര്‍ഷിനു കരുതലെന്ന നിലയില്‍ ഡാര്‍സി ഷോര്‍ട്ടിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഷോണ്‍ മാര്‍ഷ് തന്റെ രണ്ടാമത്തെ കുട്ടിയെ പ്രതീക്ഷിക്കുന്നതിനാല്‍ പരമ്പരയ്ക്കിടയില്‍ മടങ്ങി പോയേക്കുമെന്നാണ് കരുതുന്നത്.

ഓസ്ട്രേലിയ: ആരോണ്‍ ഫിഞ്ച്, പാറ്റ് കമ്മിന്‍സ്, അലക്സ് കാറെ, ജേസണ്‍ ബെഹ്രെന്‍ഡോര്‍ഫ്, നഥാന്‍ കോള്‍ട്ടര്‍-നൈല്‍, പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ്, ഉസ്മാന്‍ ഖവാജ, നഥാന്‍ ലയണ്‍, ഷോണ്‍ മാര്‍ഷ്, ഗ്ലെന്‍ മാക്സ്വെല്‍, ജൈ റിച്ചാര്‍ഡ്സണ്‍, കെയിന്‍ റിച്ചാര്‍ഡ്സണ്‍, മാര്‍ക്കസ് സ്റ്റോയിനിസ്, ആഷ്ടണ്‍ ടര്‍ണര്‍, ആഡം സംപ, ഡാര്‍സി ഷോര്‍ട്ട്

സ്റ്റാര്‍ക്കിനു മുന്നില്‍ തകര്‍ന്ന് ശ്രീലങ്ക, 366 റണ്‍സ് ജയം സ്വന്തമാക്കി ഓസ്ട്രേലിയ

ശ്രീലങ്കയെ രണ്ടാം ടെസ്റ്റിലും പരാജയപ്പെടുത്തി ഓസ്ട്രേലിയ. 366 റണ്‍സിന്റെ വിജയമാണ് ഓസ്ട്രേലിയ സന്ദര്‍ശകരെ 149 റണ്‍സിനു പുറത്താക്കിയ ശേഷം സ്വന്തമാക്കിയത്. 17/0 എന്ന തലേ ദിവസത്തെ സ്കോറില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച ശ്രീലങ്ക 51 ഓവറില്‍ 149 റണ്‍സിനു ഓള്‍ഔട്ട് ആകുകയായിരുന്നു. രണ്ടാം ഇന്നിംഗ്സിലും അഞ്ച് വിക്കറ്റ് നേട്ടം കൊയ്ത് മിച്ചല്‍ സ്റ്റാര്‍ക്ക് തന്റെ വിക്കറ്റ് നേട്ടം മത്സരത്തില്‍ നിന്ന് പത്താക്കി മാറ്റി. 42 റണ്‍സ് നേടിയ കുശല്‍ മെന്‍ഡിസ് ആണ് ശ്രീലങ്കയുടെ ടോപ് സ്കോറര്‍.

ലഹിരു തിരിമന്നേ 30 റണ്‍സ് നേടിയപ്പോള്‍ നിരോഷന്‍ ഡിക്ക്വെല്ല 27 റണ്‍സ് നേടി പുറത്തായി. ചമിക കരുണാരന്തേയാണ് രണ്ടക്കം കടന്ന മറ്റൊരു താരം. 22 റണ്സാണ് വാലറ്റത്തില്‍ താരം സ്വന്തമാക്കിയത്. സ്റ്റാര്‍ക്കിനു പുറമെ പാറ്റ് കമ്മിന്‍സ് മൂന്ന് വിക്കറ്റ് നേടി ഓസ്ട്രേലിയന്‍ നിരയില്‍ തിളങ്ങി.

ഫോളോ ഓണ്‍ നടപ്പിലാക്കാതെ ഓസ്ട്രേലിയ, തകര്‍ന്നടിഞ്ഞ് ശ്രീലങ്ക

ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് 215 റണ്‍സിനു അവസാനിപ്പിച്ചുവെങ്കിലും ഫോളോ ഓണ്‍ നടപ്പിലാക്കാതെ ഓസ്ട്രേലിയ. രണ്ടാം ദിവസത്തെ സ്കോറായ 123/3 എന്ന നിലയില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച ശേഷം 92 റണ്‍സ് കൂടി നേടുന്നതിനിടെ പുറത്താകുകയായിരുന്നു ശ്രീലങ്ക. മിച്ചല്‍ സ്റ്റാര്‍ക്കാണ് 5 വിക്കറ്റുകള്‍ വീഴ്ത്തി ശ്രീല്കയുടെ നടുവടിച്ചത്. 319 റണ്‍സിന്റെ ലീഡ് നേടിയെങ്കിലും ഫോളോ ഓണ്‍ നടപ്പാക്കേണ്ടെന്ന് ടിം പെയിന്‍ തീരുമാനിച്ചതോടെ ഓസ്ട്രേലിയ രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ചു.

പരിക്കേറ്റ ദിമുത് കരുണാരത്നേ തിരികെ എത്തി 59 റണ്‍സ് നേടിയെങ്കിലും കുശല്‍ ജനിത പെരേര(29) പരിക്കേറ്റതിനാല്‍ വീണ്ടും ബാറ്റ് ചെയ്യാനെത്തിയിരുന്നില്ല. ലഹിരു തിരിമന്നേ 41 റണ്‍സ് നേടിയപ്പോള്‍ 25 റണ്‍സ് വീതം നേടി നിരോഷന്‍ ഡിക്ക്വെല്ലയും ധനന്‍ജയ ഡി സില്‍വയും ചെറുത്ത് നില്പിനു ശ്രമിച്ചു. ധനന്‍ജയ ഹിറ്റ് വിക്കറ്റ് രൂപത്തിലാണ് പുറത്തായത്.

മെല്‍ബേണില്‍ റണ്‍ പറുദ്ദീസ, 443 റണ്‍സിനു ഡിക്ലയര്‍ ചെയ്ത് ഇന്ത്യ

മെല്‍ബേണിലെ മൂന്നാം ടെസ്റ്റില്‍ 443 റണ്‍സിനു ഡിക്ലയര്‍ ചെയ്ത് ഇന്ത്യ. ഇന്ന് മത്സരത്തിന്റെ രണ്ടാം ദിവസം അവസാനിക്കാറായപ്പോളാണ് ഇന്ത്യ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തത്. 7 വിക്കറ്റുകള്‍ നഷ്ടമായപ്പോളാണ് ഇന്ത്യയുടെ ഡിക്ലറേഷന്‍. ചേതേശ്വര്‍ പുജാര ശതകം നേടിയപ്പോള്‍ വിരാട് കോഹ്‍ലി, രോഹിത് ശര്‍മ്മ എന്നിവരും ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തു.

215/2 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് ആദ്യ സെഷനില്‍ തന്നെ വിരാട് കോഹ്‍ലിയെയും ചേതേശ്വര്‍ പുജാരയെയും നഷ്ടമായിരുന്നു. 82 റണ്‍സ് നേടിയ കോഹ്‍ലിയെ സ്റ്റാര്‍ക്ക് പുറത്താക്കിയപ്പോള്‍ ശതകം തികച്ച പുജാരയെ പാറ്റ് കമ്മിന്‍സ് മടക്കി. 106 റണ്‍സാണ് പുജാര നേടിയത്. തുടര്‍ന്ന് അജിങ്ക്യ രഹാനെയും രോഹിത് ശര്‍മ്മയും ചേര്‍ന്ന് ഇന്ത്യയെ 350 കടക്കുവാന്‍ സഹായിച്ചു.

34 റണ്‍സ് നേടിയ രഹാനയെ ലയണ്‍ പുറത്താക്കി. 63 റണ്‍സുമായി രോഹിത് അപരാജിതനായി നിന്നപ്പോള്‍ ഋഷഭ് പന്ത് 39 റണ്‍സ് നേടി. ഓസ്ട്രേലിയയ്ക്കായി പാറ്റ് കമ്മിന്‍സ് മൂന്നും മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടും വിക്കറ്റ് നേടി.

രണ്ടാം ദിവസം അവസാനിയ്ക്കുമ്പോള്‍ ഓസ്ട്രേലിയ വിക്കറ്റ് നഷ്ടമില്ലാതെ എട്ട് റണ്‍സ് നേടിയിട്ടഉണ്ട്. മാര്‍ക്കസ് ഹാരിസ്(5*), ആരോണ്‍ ഫിഞ്ച്(3*) എന്നിവരാണ് ക്രീസില്‍.

ഷെയിന്‍ വോണിനെ താന്‍ കണക്കിലെടുക്കുന്നില്ല: മിച്ചല്‍ സ്റ്റാര്‍ക്ക്

മോശം ഫോമിനെത്തുടര്‍ന്ന് നിശിതമായ വിമര്‍ശനം കേള്‍ക്കുന്ന മിച്ചല്‍ സ്റ്റാര്‍ക്ക് തന്നെ വിമര്‍ശിച്ച ഓസ്ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയിന്‍ വോണിനെ ഗൗനിക്കുന്നില്ലെന്ന് തിരിച്ചടിച്ചു. ആദ്യ ടെസ്റ്റില്‍ 5 വിക്കറ്റ് മാത്രമാണ് സ്റ്റാര്‍ക്ക് രണ്ട് ഇന്നിംഗ്സില്‍ നിന്ന് നേടിയത്. ഇതിനായി 103 റണ്‍സ് വഴങ്ങുകയും ചെയ്തു ടെസ്റ്റ് ഓസ്ട്രേലിയ പരാജയപ്പെടുകയും ചെയ്തിരുന്നു.

ഇതിനെത്തുടര്‍ന്ന് സ്റ്റാര്‍ക്കിനെ ഇലവനില്‍ നിന്ന് പുറത്താക്കണമെന്നും ഫോം നഷ്ടമായ താരം ടീമിനു ബാധ്യതയാണെന്നും ഷെയിന്‍ വോണ്‍ പറഞ്ഞിരുന്നു. എന്നാല്‍ രണ്ടാം ടെസ്റ്റില്‍ ഓസ്ട്രേലിയയ്ക്ക് രണ്ട് ഇന്നിംഗ്സുകളിലും മികച്ച തുടക്കമാണ് സ്റ്റാര്‍ക്ക് നല്‍കിയത്. 5 വിക്കറ്റാണ് ഈ ടെസ്റ്റിലും നേടിയതെങ്കിലും ഇന്നിംഗ്സിന്റെ തുടക്കത്തില്‍ തന്നെ പ്രഹരം ഏല്പിക്കുവാന്‍ സ്റ്റാര്‍ക്കിനു സാധിച്ചിരുന്നു.

താന്‍ അരങ്ങേറ്റം കുറിച്ചത് മുതല്‍ തന്നെ ആളുകള്‍ ആക്രമിക്കുന്നുണ്ട് ഇതൊന്നും തന്നെ ഇനി ബാധിക്കില്ലെന്നാണ് സ്റ്റാര്‍ക്ക് പ്രതികരിച്ചത്. തന്റെ ടീമംഗങ്ങളും കോച്ചും ക്യാപ്റ്റനും തന്റെ പ്രകടനത്തില്‍ തൃപ്തരാണോ എന്നത് മാത്രമാണ് താന്‍ കാര്യമാക്കിയെടുക്കുന്നതെന്നാണ് സ്റ്റാര്‍ക്ക് ഷെയിന്‍ വോണിന്റെ അഭിപ്രായത്തെക്കുറിച്ച് പറഞ്ഞത്.

ആദ്യ മത്സരത്തിനു ശേഷം സ്റ്റാര്‍ക്കിനു പിന്തുണയുമായി ടിം പെയിന്‍ രംഗത്തെത്തിയിരുന്നു. പെര്‍ത്തില്‍ ഇന്ത്യുയുടെ നടുവൊടിക്കുക സ്റ്റാര്‍ക്ക് ആവുമെന്നാണ് പെയിന്‍ പറഞ്ഞത്. അത് സാധിച്ചില്ലെങ്കിലും ശ്രദ്ധേയമായ സംഭാവന നല്‍കി സ്റ്റാര്‍ക്കും ഓസ്ട്രേലിയയുടെ വിജയത്തില്‍ പങ്കുവഹിച്ചു.

മുരളി വിജയ് പൂജ്യത്തിനു പുറത്ത്, ഓസ്ട്രേലിയയ്ക്ക് പ്രതീക്ഷിച്ച തുടക്കം

326 റണ്‍സിനു ഓസ്ട്രേലിയയെ ഓള്‍ഔട്ട് ആക്കിയ ശേഷം ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തില്‍ തിരിച്ചടി. രണ്ടാം ദിവസം ഉച്ച ഭക്ഷണ സമയത്ത് ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 6 റണ്‍സാണ് നേടിയിട്ടുള്ളത്. മിച്ചല്‍ സ്റ്റാര്‍ക്ക് മുരളി വിജയെ പുറത്താക്കിയതോടെ ലഞ്ചിനു പിരിയുവാന്‍ അമ്പയര്‍മാര്‍ തീരുമാനിക്കുകയായിരുന്നു.

ഒരു റണ്‍സുമായി ലോകേഷ് രാഹുല്‍ ആണ് ക്രീസില്‍ നില്‍ക്കുന്നത്.

പെര്‍ത്തില്‍ ഇന്ത്യയുടെ നട്ടല്ലൊടിക്കും, സ്റ്റാര്‍ക്കിനു പിന്തുണയുമായി ടിം പെയിന്‍

ഇന്ത്യയ്ക്കെതിരെ അഡിലെയ്ഡില്‍ ഓസ്ട്രേലിയ പരാജയപ്പെടുമ്പോള്‍ ഏറെ നിറം മങ്ങിയത് മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പ്രകടനമായിരുന്നു. ഓസ്ട്രേലിയയുടെ പേസ് ബൗളിംഗ് പട തീര്‍ത്തും മോശം പ്രകടനം പുറത്തെടുത്തപ്പോള്‍ സ്റ്റാര്‍ക്കിന്റെ പ്രകടനം ഏറെ സംശയം ഉണര്‍ത്തുന്നതായിരുന്നു. മത്സരത്തില്‍ തന്റെ വജ്രായുധമായ ഇന്‍-സ്വിംഗറുകള്‍ എറിയുവാന്‍ മിച്ചല്‍ സ്റ്റാര്‍ക്ക് പരാജയപ്പെട്ടപ്പോള്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ സധൈര്യം താരത്തെ നേരിടുകയായിരുന്നു.

എന്നാല്‍ താരം പെര്‍ത്തില്‍ മാച്ച് വിന്നറാകുമെന്നും ഓസ്ട്രേലിയന്‍ നിരയിലെ മാറ്റമായി മാറുമെന്നുമാണ് ഓസ്ട്രേലിയന്‍ നായകന്‍ ടിം പെയിന്‍ അഭിപ്രായപ്പെട്ടത്. പേസ് ബൗളിംഗിനെ തുണയ്ക്കുന്ന പെര്‍ത്തിലെ പിച്ചില്‍ സ്റ്റാര്‍ക്ക് ഇന്ത്യയുടെ നട്ടെല്ലൊടിക്കുമന്നാണ് പെയിന്‍ പറയുന്നത്.

ഇന്ത്യന്‍ വിജയം വൈകിപ്പിച്ച് ഓസ്ട്രേലിയന്‍ വാലറ്റം, സ്റ്റാര്‍ക്കിനെ പുറത്താക്കി മത്സരം ഇന്ത്യയ്ക്കനുകൂലമാക്കി ഷമി

അഡിലെയ്ഡില്‍ ഇന്ത്യയുടെ ടെസ്റ്റ് വിജയം ഓസ്ട്രേലിയന്‍ വാലറ്റം വൈകിപ്പിക്കുന്നു. 100 ഓവറുകള്‍ പിന്നിടുമ്പോള്‍ ഓസ്ട്രേലിയ 228/7 എന്ന നിലയിലായിരുന്ന ഓസീസിന്റെ അതിജീവനമായി ഓസ്ട്രേലിയന്‍ വാലറ്റം മാറിയിരുന്നു. എട്ടാം വിക്കറ്റില്‍ മിച്ചല്‍ സ്റ്റാര്‍ക്കും-പാറ്റ് കമ്മിന്‍സും 41 റണ്‍സ് നേടി നിലയുറപ്പിച്ചതോടെയാണ് ഇന്ത്യന്‍ ക്യാമ്പില്‍ ആശങ്ക ജനിപ്പിക്കുന്ന സ്ഥിതിവിശേഷമായത്. ഇന്ത്യയ്ക്ക് വിജയത്തിനായി 2 വിക്കറ്റുകള്‍ നേടേണ്ടപ്പോള്‍ ഓസ്ട്രേലിയന്‍ വിജയം 94 റണ്‍സ് ഇപ്പോള്‍ നേടേണ്ടത്.

ഇന്നിംഗ്സിലെ 101ാം  ഓവറില്‍ 28 റണ്‍സ് നേടിയ സ്റ്റാര്‍ക്കിനെ പുറത്താക്കി മുഹമ്മദ് ഷമി ഇന്ത്യയെ വീണ്ടും മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. പാറ്റ് കമ്മിന്‍സ് 17 റണ്‍സുമാണ് നേടിയിരിക്കുന്നത്. 104/4 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഓസീസ് നിരയില്‍ ഷോണ്‍ മാര്‍ഷ്(60), ടിം പെയിന്‍(41) എന്നിവരുടെ ചെറുത്ത് നില്പാണ് നിര്‍ണ്ണായകമായത്.

ഇരുവരെയും പുറത്താക്കിയത് ജസ്പ്രീത് ബുംറയായിരുന്നു. ട്രാവിസ് ഹെഡിന്റെ വിക്കറ്റ് ഇഷാന്ത് ശര്‍മ്മ നേടി.

അവസാന ടി20യില്‍ ഓസ്ട്രേലിയയ്ക്ക് കരുത്തേകുവാന്‍ സ്റ്റാര്‍ക്ക് എത്തുന്നു

ഇന്ത്യയ്ക്കെതിരെ അവസാന ടി20യില്‍ ഓസ്ട്രേലിയന്‍ ടീമിലേക്ക് മിച്ചല്‍ സ്റ്റാര്‍ക്ക് തിരികെ എത്തുന്നു. ബില്ലി സ്റ്റാന്‍ലേക്കിനു പകരക്കാരനെന്ന നിലയിലാണ് താരം ടീമിലേക്ക് എത്തുന്നത്. എന്നാല്‍ രണ്ടാം ടി20യില്‍ സ്റ്റാന്‍ലേക്ക് പകരം ടീമിലെത്തിയ നഥാന്‍ കോള്‍ട്ടര്‍-നൈല്‍ ഇതോടെ സിഡ്നിയില്‍ കളിക്കില്ലെന്ന് വേണം മനസ്സിലാക്കുവാന്‍.

സ്റ്റാന്‍ലേക്ക് പരിശീലനത്തിനിടെ പരിക്കേറ്റതോടെയാണ് ടീമിനു പുറത്ത് പോകുന്നത്. സ്റ്റാര്‍ക്ക് 2016ലാണ് അവസാനമായി അന്താരാഷ്ട്ര ടി20 മത്സരം കളിക്കുന്നത്.

പരമ്പരയിലെ ആദ്യ മത്സരം ഓസ്ട്രേലിയ ജയിച്ചപ്പോള്‍ രണ്ടാം മത്സരം മഴ മൂലം ഉപേക്ഷിക്കുകയായിരുന്നു. സിഡ്നിയില്‍ നവംബര്‍ 25നു ആണ് പരമ്പരയിലെ അവസാന മത്സരം നടക്കുക. മത്സരത്തില്‍ വിജയിച്ചാല്‍ മാത്രമേ പരമ്പരയില്‍ ഇന്ത്യയ്ക്ക് ഒപ്പമെത്തുവാനാകുള്ളു.

Exit mobile version