ഉബൈദിന് അരങ്ങേറ്റം, ജസ്റ്റിന് ഗോൾ, ഈസ്റ്റ് ബംഗാൾ തിരിച്ചടിച്ച് സമനില പിടിച്ചു

കൂത്തുപറമ്പുകാരൻ ഉബൈദ് സി കെയുടെ അരങ്ങേറ്റം കണ്ട നിർണായക പോരാട്ടത്തിൽ ഈസ്റ്റ് ബംഗാൾ മിനേർവയോട് സ്വന്തം തട്ടകത്തിൽ സമനില വഴങ്ങി. കിരീട പോരാട്ടത്തിൽ മിനേർവയോടൊപ്പം നിക്കാൻ ഇന്ന് ഈസ്റ്റ് ബംഗാളിന് ജയം അത്യാവശ്യമായിരുന്നു. ജയിക്കാൻ കഴിയാത്തതിൽ നിരാശ ഉണ്ടാകുമെങ്കിലും രണ്ട് ഗോളിന് പിറകിൽ നിന്ന ശേഷമാണ് സമനില പിടിച്ചത് എന്നത് ഖാലിദ് ജമീലിനും സംഘത്തിനും ആശ്വാസമേകും.

20ആം മിനുട്ടിൽ അർഷദീപ് സിങും 33ആം മിനുട്ടിൽ ചെഞ്ചോയും നേടിയ ഗോളിൽ ലീഗിലെ ഒന്നാം സ്ഥാനക്കാരായ മിനേർവ 2-0ന്റെ ലീഡെടുത്തിരുന്നു. രണ്ടാം പകുതിയിലാണ് ഈസ് ബംഗാൾ തിരിച്ചുവരവ് നടത്തിയത്. 50ആം മിനുട്ടിൽ ഒരു പെനാൾട്ടി ഈസ്റ്റ് ബംഗാളിന് ലഭിച്ചു എങ്കിലും യുസയ്ക്ക് പെനാൾട്ടി ലക്ഷ്യത്തിൽ എത്തിക്കാൻ ആയില്ല.

59ആം മിനുട്ടിൽ മലയാളി താരം ജോബി ജസ്റ്റിൻ നേടിയ ഗോളിൽ കളിയിലേക്ക് ഈസ്റ്റ് ബംഗാൾ തിരിച്ചുവന്നു. പിന്നീട് കളിയുടെ അവസാന നിമിഷം വൻലാൽറംഡിക ഈസ്റ്റ് ബംഗാളിന് സമനില ഗോളുൻ നേടികൊടുത്തു. സമനിലയോടെ ഈസ്റ്റ് ബംഗാളിന്റെ കിരീട പ്രതീക്ഷകൾക്ക് മങ്ങലേറ്റു. 12 മത്സരങ്ങളിൽ 20 പോയന്റ് മാത്രമുള്ള ഈസ്റ്റ് ബംഗാൾ ഇപ്പോൾ മൂന്നാം സ്ഥാനത്താണ്. 11 മത്സരങ്ങളിൽ 26 പോയന്റുള്ള മിനേർവ ആണ് ഒന്നാമത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സ്വന്തം ഗ്രൗണ്ടിൽ മിനർവയോട് തോറ്റ് ഗോകുലം കേരള

ഐ ലീഗിൽ ഗോകുലത്തിന് വീണ്ടും തോൽവി. ഇത്തവണ മിനർവയാണ് ഗോകുലം കേരളയെ സ്വന്ത ഗ്രൗണ്ടിൽ വെച്ച് ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചത്. 18ആം മിനുട്ടിൽ ഗഗൻദീപ് സിങ് നേടിയ ഗോളാണ് മിനർവക്ക് വിജയം ഒരുക്കിയത്. മത്സരത്തിലുടനീളം നിരവധി അവസരങ്ങൾ സൃഷ്ടിച്ചിട്ടും ഗോൾ നേടാനാവാതെ പോയതാണ് ഗോകുലത്തിനു തിരിച്ചടിയായത്. ജയത്തോടെ ഒന്നാം സ്ഥാനത്തുള്ള ഈസ്റ്റ് ബംഗാളിന് തൊട്ടടുത്ത് ഏത്താനും മിനർവക്കായി.

പുതുതായി ടീമിൽ എത്തിയ ഫോർവേഡ് ഒഡാഫ ഒക്കോലിയെ മുന്നിൽ നിർത്തിക്കൊണ്ടാണ് ഗോകുലം കേരള മത്സരം തുടങ്ങിയത്. മിനർവ ഗോൾ മുഖം ആക്രമിച്ച്കൊണ്ടാണ് ഗോകുലം മത്സരം തുടങ്ങിയത്. മിനർവ ഗോൾ കീപ്പർ രക്ഷിത് ദാഗറിന്റെ രക്ഷപെടുത്തലാണ് തുടക്കത്തിൽ തന്നെ ഗോൾ വഴങ്ങുന്നതിൽ നിന്ന് അവരുടെ രക്ഷക്കെത്തിയത്.

തുടർന്നാണ് മത്സരത്തിന്റെ ഗതി നിർണയിച്ച ഗോൾ വന്നത്. ഗോകുലം പ്രതിരോധ നിരയെ കബളിപ്പിച്ച് ചെഞ്ചോ തളികയിലെന്നോണം നൽകിയ പാസ് ഗോളാക്കി ഗഗൻദീപ് ഗോൾ നേടുകയായിരുന്നു. തുടർന്ന് ശക്തമായി തിരിച്ചടിച്ച ഗോകുലം ഗോകുലത്തിനു വേണ്ടി ആദ്യ മത്സരം കളിക്കുന്ന ഒഡാഫയിലൂടെ ഗോളിനടുത്ത് എത്തിയെങ്കിലും കിവി സീമോമിയുടെ ക്രോസ്സ് ലക്ഷ്യത്തിലെത്തിക്കാൻ താരത്തിനായില്ല. തുടർന്ന് മത്സരത്തിൽ ലീഡ് നേടാനുള്ള അവസരം മിനർവക്ക് ലഭിച്ചെങ്കിലും അത് മുതലെടുക്കാൻ അവർക്കായില്ല.

ജയത്തോടെ ഒരു മത്സരം ശേഷിക്കെ ഈസ്റ്റ് ബംഗാളിന് തൊട്ടു പിറകിലെത്താൻ മിനർവക്കായി. 7 മത്സരങ്ങളിൽ നിന്ന് മിനർവക്ക് 16 പോയിന്റാണ് ഉള്ളത്. 8 മത്സരങ്ങൾ കളിച്ച ഈസ്റ്റ് ബംഗാൾ 17 പോയിന്റോടെ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 7 മത്സരങ്ങളിൽ നിന്ന് 4 പോയിന്റുമായി ഗോകുലം ഇപ്പോഴും ഒൻപതാം സ്ഥാനത്താണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version