കേരള ബ്ലാസ്റ്റേഴ്സ് കോച്ചിന് സ്വീഡനിൽ സ്വീകരണം ഒരുക്കി മഞ്ഞപ്പട

കേരള ബ്ലാസ്റ്റേഴ്സിൻ്റെ നിയുക്ത കോച്ചായ മൈക്കൽ സ്റ്റാഹ്റേക്ക് ജൻമനാടായ സ്റ്റോക്ക്ഹോമിൽ ഫാൻസ് സ്വീകരണം നൽകി. സ്വീഡിഷ് കൾച്ചറൽ ചായസൽക്കാര രീതിയായ ഫീക ഒരുക്കിയാണ് ബ്ലാസ്റ്റേഴ്സ് ഫാൻസ് കോച്ചിനെ കണ്ടത്. ജൂൺ 26ന് വൈകുന്നേരം സ്റ്റോക്ഹോമിലെ ലില്യേഹോംസ്ടോറിയറ്റ് മാളിൽ വച്ചാണ് പരുപാടി സംഘടിപ്പിച്ചത്. അസിസ്റ്റന്റ് കോച്ചായ ബ്യോണും പങ്കെടുക്കാമെന്ന് ഏറ്റിരുന്നതാണെങ്കിലും അവസാനനിമിഷമുണ്ടായ തിരക്ക് മൂലം അദ്ദേഹത്തിന് എത്തിച്ചേരാൻ സാധിച്ചിരുന്നില്ല.

കോച്ച് മൈക്കിലിനെ ആദ്യമേ തന്നെ പൂച്ചെണ്ട് കൊടുത്ത് സ്വീകരിച്ചതിന് ശേഷം ഫീക സംഘടിപ്പിക്കുകയായിരുന്നൂ. കേരളാ ബ്ലാസ്റ്റേഴ്സിൻ്റെ ഫാൻ ബേസിനെ പറ്റി തന്നെയായിരുന്നു കോച്ച് ആദ്യം പറഞ്ഞ് തുടങ്ങിയതും. തായ്‌ലൻഡിലും ചൈനയിലും പരിശീലകനായിരുന്ന കാലത്ത് ഏഷ്യ തന്നെയാണ് തനിക്ക് പറ്റിയ സ്ഥലമെന്ന് ഉറപ്പിച്ചിരുന്നൂ എന്നും ബ്ലാസ്റ്റേഴ്സിലേക്ക് വരാൻ തീരുമാനിച്ചതിൻ്റെ പ്രധാന ഘടകങ്ങളിലൊന്ന് ഈ ‘ഹ്യൂജ് ഫാൻബേസ്’ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. ബ്ലാസ്റ്റേഴ്സിൻ്റെ പരിശീലകനാകുന്നൂ എന്ന വാർത്ത പുറത്ത് വന്ന ഒറ്റ ദിവസം കൊണ്ട് മാത്രം തൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൻ്റെ ഫോളോവേഴ്സ് കൗണ്ട് കണ്ട് അത്ഭുതപ്പെട്ടു പോയി എന്നും അദ്ദേഹം പറഞ്ഞു. ഫാൻസിനെ പറ്റി പറയുമ്പോഴൊക്കെ അദ്ദേഹത്തിന്റെ വാക്കുകളിൽ ആവേശം നിറഞ്ഞ് നിന്നിരുന്നു.

തായ്‌ലൻഡിൽ വച്ച് നടക്കുന്ന പ്രീസീസൺ ക്യാമ്പിന് വേണ്ടി തിങ്കളാഴ്ച യാത്ര തിരിക്കുമെന്നും അതിന് ശേഷം ഡ്യൂറൻ്റ് കപ്പിൽ പങ്കെടുക്കുവാനായി ഇന്ത്യയിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു. അസിസ്റ്റന്റ് കോച്ചായ ബ്യോണിൻ്റെ കൂടെ മുമ്പ് ഒരുമിച്ച് വർക്ക് ചെയ്തിട്ടുണ്ടായിരുന്നത് ആത്മവിശ്വാസം വർധിപ്പിക്കുന്നുണ്ടെന്നും, ഫ്രെഡറികോ ന്യൂ ജനറേഷൻ രീതിയിലുള്ള ഫുട്ബാൾ അനാലിസിസ് നടത്തുന്നത് ടീമിന് മുതൽക്കൂട്ട് ആയിരിക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്.

കേരളത്തിൽ ഉറപ്പായും പോയിരിക്കേണ്ട സ്ഥലങ്ങളെപ്പറ്റിയും ഉറപ്പായും കഴിച്ചിരിക്കേണ്ട വിഭവങ്ങളെപ്പറ്റിയുമൊക്കെ അദ്ദേഹം ചോദിച്ചറിഞ്ഞത് മനസ്സ് കൊണ്ട് എത്രത്തോളം അദ്ദേഹം ടീമിൻ്റെ ഭാഗമായിക്കഴിഞ്ഞിരിക്കുന്നൂ എന്നതിന് തെളിവായിരുന്നൂ. നാട്ടിലെത്തുമ്പോൾ കാണികൾ ‘ആശാനേ’ എന്ന് വിളിക്കാനാണ് സാധ്യത എന്ന് കേട്ടപ്പോൾ ആ വാക്കിന്റെ അർത്ഥം ആരായുകയും അർത്ഥമറിഞ്ഞപ്പോൾ അദ്ദേഹം ‘ആശാൻ’ എന്ന് പുഞ്ചിരിയോടെ റിപ്പീറ്റ് ചെയ്ത് പറഞ്ഞതും ആരാധകരും ആവേശത്തോടെയാണ് കേട്ടിരുന്നത്.

ഒരു മണിക്കൂറിലധികം ആരാധകരോടൊത്ത് ചിലവഴിച്ചതിന് ശേഷം മഞ്ഞപ്പടയുടെ ഷാളും തൊപ്പിയും ഏറ്റുവാങ്ങി അവർക്കൊപ്പം ഫോട്ടോയും എടുത്താണ് കോച്ച് മടങ്ങിയത്. ‘Start to realize that I am part of a fantastic club with fans all over the world’ എന്ന ക്യാപ്ഷനുമിട്ടാണ് കോച്ച് സെൽഫി ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തത്. മഞ്ഞപ്പട ഗ്ലോബൽ പ്രതിനിധികളായ സോമു പി ജോസഫ് പരിപാടി കോഓർഡിനേറ്റ് ചെയ്യുകയും, സ്റ്റോക്ഹോമിൽ ഷിമിൻ ജോർജ്ജ് തോമസ് പരിപാടിക്ക് നേതൃത്വം നൽകകുകയും ചെയ്തു.

മിക്കേൽ സ്റ്റാറേ!! കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് പുതിയ ആശാൻ!!

കേരള ബ്ലാസ്റ്റേഴ്സ് എഫ് സി മുഖ്യ പരിശീലകനായി സ്വീഡിഷ് പരിശീലകൻ മിക്കേൽ സ്റ്റാറേയെ നിയമിച്ചു. പതിനേഴു വർഷത്തോളം പരിശീലക അനുഭവ സമ്പത്തുള്ള സ്റ്റാറേ വിവിധ പ്രമുഖ ഫുട്ബാൾ ലീഗുകളിൽ പരിശീലകനായി പ്രവർത്തിച്ചിട്ടുണ്ട്. നാല്പത്തിയെട്ടു വയസ്സുകാരനായ സ്റ്റാറേ 2026 വരെയാണ് കേരളാ ബ്ലാസ്റ്റേഴ്‌സുമായി കരാർ ഒപ്പിട്ടിരിക്കുന്നത്.

രണ്ട് ദശാബ്ദത്തിലേറെ നീണ്ട പരിശീലന പരിചയമുള്ള മൈക്കൽ സ്റ്റാറേ തൻ്റെ തന്ത്രപരമായ വൈദഗ്ദ്ധ്യത്താലും നേതൃത്വഗുണങ്ങളാലും പ്രശസ്തമാണ്. സ്വീഡിഷ് ക്ലബായ വാസ്‌ബി യൂണൈറ്റഡിലൂടെ പരിശീലക കുപ്പായം അണിഞ്ഞ സ്റ്റാറേ 2009ൽ സ്വീഡിഷ് ക്ലബായ എഐകെയുടെ മുഖ്യ പരിശീലകനായി ചുമതലയേറ്റു, എഐകെയ്‌ക്കൊപ്പം സ്വീഡിഷ് ലീഗ് ആയ ഓൾസ്‌വെൻസ്‌കാൻ ഒപ്പം തന്നെ കപ്പ് മത്സരങ്ങളായ സ്വെൻസ്‌ക കപ്പൻ, സൂപ്പർകുപെൻ എന്നിവ നേടിയതും ഐഎഫ്‌കെ ഗോട്ടെബർഗിനൊപ്പം സ്വെൻസ്‌ക കപ്പൻ നേടിയതും അദ്ദേഹത്തിന്റെ കരിയറിലെ സുപ്രധാന നേട്ടങ്ങളാണ്.

നാനൂറോളം മത്സര സമ്പത്തുള്ള സ്റ്റാറേ സ്വീഡൻ, ചൈന,നോർവേ,അമേരിക്ക, തായ്‌ലൻഡ് എന്നിവിടങ്ങളിലായി എഐകെ, പാനിയോനിയോസ്, ഐഎഫ്‌കെ ഗോട്ടെബർഗ്, ഡാലിയൻ യിഫാംഗ്, ബികെ ഹാക്കൻ, സാൻ ജോസ് എർത്ത്‌ക്വേക്ക്‌സ്, സാർപ്‌സ്‌ബോർഗ് 08, സർപ്‌സ്‌ബോർഗ് 08 തുടങ്ങിയ പ്രമുഖ ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. ഏറ്റവും അവസാനമായി തായ് ലീഗിലെ ഉതൈ താനിയെയാണ് മിക്കേൽ സ്റ്റാറേ പരിശീലിപ്പിച്ചത്. ചലനാത്മക പരിശീലന ശൈലിയും യുവ പ്രതിഭകളെ വളർത്തിയെടുക്കാനുള്ള കഴിവും അദ്ദേഹത്തിൻ്റെ കരിയറിൽ ഉടനീളം പ്രകടമാണ്.

“മാനേജ്‌മെൻ്റുമായുള്ള പ്രചോദനാത്മകവും ക്രിയാത്മകവുമായ ചർച്ചകൾക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്സിൽ ചേരാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് മൈക്കൽ സ്റ്റാറേ പറഞ്ഞു. ഏഷ്യയിൽ കോച്ചിംഗ് കരിയർ തുടരാനും ഈ മനോഹരമായ ഭൂഖണ്ഡത്തിലെ എൻ്റെ മൂന്നാമത്തെ രാജ്യത്തിൽ എത്തിച്ചേരുവാനും സാധിച്ചതിൽ ഞാൻ വളരെ അഭിമാനിക്കുന്നു. ഇന്ത്യയിൽ എത്തി എല്ലാവരെയും കാണാൻ ഞാൻ ആഗ്രഹിക്കുന്നു കൂടാതെ ഒത്തൊരുമിച്ചു ചില മഹത്തായ കാര്യങ്ങൾ ചെയ്യുവാനും സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു” – സ്റ്റാറേ കൂട്ടിച്ചേർത്തു.

“ഒരുപാട് ആകാംഷയും പ്രചോദനവും നിറഞ്ഞ ഒരു വ്യക്തിയാണ് മിക്കേൽ സ്റ്റാറേ. ഞങ്ങളുടെ പരിശീലകനിൽ ഞങ്ങൾ തിരയുന്ന എല്ലാ ഗുണങ്ങളും ഉള്ള ഒരാൾ. അപാരമായ അനുഭവസമ്പത്തും ശക്തമായ നേതൃത്വവും അദ്ദേഹത്തിനുണ്ട്. സ്റ്റാറേ കേരളാ ബ്ലാസ്റ്റേഴ്സിൽ ഞങ്ങളുടെ ഒപ്പം ചേരുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്, അദ്ദേഹത്തിന് ഒപ്പം ഒരുമിച്ച് പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.” കേരളാ ബ്ലാസ്റ്റേഴ്‌സ് സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസ് പറഞ്ഞു

മുഖ്യ പരിശീലകനെന്നതിന് പുറമേ, 1990-2005 കാലഘട്ടത്തിൽ ഗ്രോൻഡൽസ്, ഹാമർബി, എഐകെ എന്നീ ക്ലബ്ബുകളുടെ യൂത്ത് ടീമിനെയും സ്റ്റാറേ പരിശീലിപ്പിച്ചിട്ടുണ്ട്. കൂടാതെ 2004ൽ എഐകെ അണ്ടർ 19 ടീമിനെ ദേശീയ കിരീടത്തിലേക്ക് നയിക്കുവാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

ഐഎസ്എൽ ചരിത്രത്തിലെ ആദ്യ സ്വീഡിഷ് പരിശീലകൻ കൂടിയാണ് മിക്കേൽ സ്റ്റാറേ. സ്റ്റാറേയുടെ നേതൃത്വത്തിൽ ടീമിനു മികച്ച പ്രകടനം നടത്താനും, വരും സീസണുകളിൽ കിരീട നേട്ടത്തിനായി മത്സരിക്കുവാനുമുള്ള പ്രചോദനം നൽകുവാനും സാധിക്കുമെന്ന് ക്ലബ്ബിന് വിശ്വാസമുണ്ട്. പ്രീസീസണിൻ്റെ തുടക്കത്തിൽ തന്നെ മിക്കേൽ സ്റ്റാറേ ടീമിനൊപ്പം ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Exit mobile version