സംശയമില്ല, ടി20 ലോകകപ്പ് ഇംഗ്ലണ്ടിന് തന്നെ – മൈക്കൽ വോൺ

2021 ടി20 ലോകകപ്പ് ഇംഗ്ലണ്ടിന് തന്നെയെന്നും അതിൽ യാതൊരുവിധ സംശയവും വേണ്ടെന്ന് പറഞ്ഞ് മൈക്കൽ വോൺ. കളിയുടെ സമസ്ത മേഖലയിലും കനത്ത ആധിപത്യം പുലര്‍ത്തുവാന്‍ ഇംഗ്ലണ്ടിന് സാധിക്കുന്നുണ്ടെന്നും വൈറ്റ് ബോള്‍ ക്രിക്കറ്റിൽ ഇംഗ്ലണ്ട് അടുത്ത കാലത്തായി പുലര്‍ത്തുന്ന ആധിപത്യം ടീമിന് കിരീടം നേടിക്കൊടുക്കുമെന്നും മുന്‍ ഇംഗ്ലണ്ട് നായകന്‍ വ്യക്തമാക്കി.

ലോകോത്തര താരങ്ങളുടെ നീണ്ട നിരയാണ് ഇംഗ്ലണ്ടിന് കൈവശമുള്ളതെന്നും അവസാന സ്ക്വാഡ് പ്രഖ്യാപിക്കുവാന്‍ സെലക്ടര്‍മാര്‍ ഏറെ കഷ്ടപ്പെടുമെന്നുമാണ് വോൺ അഭിപ്രായപ്പെട്ടത്. പാക്കിസ്ഥാനെ ഏകദിനത്തിൽ തകര്‍ത്ത് വിട്ട് ഇംഗ്ലണ്ടിന്റെ രണ്ടാം നിരയുടെ വിജയത്തിന് ശേഷം ടി20 പരമ്പരയിൽ ആദ്യ മത്സരം പരാജയപ്പെട്ടുവെങ്കിലും രണ്ടാം മത്സരത്തിൽ ശക്തമായ തിരിച്ചുവരവാണ് പുറത്തെടുത്തത്.

പരമ്പരയിൽ ലിയാം ലിവിംഗ്സ്റ്റണിന്റെ മധ്യനിരയിലെ തകര്‍പ്പന്‍ പ്രകടനം കൂടിയായപ്പോള്‍ ഇംഗ്ലണ്ട് കൂടുതൽ കരുത്തരായി എന്നും താരം ഒരു ക്ലാസ് ആക്ട് ആണെന്നും വോൺ വ്യക്തമാക്കി.

ഇന്ത്യന്‍ ആരാധകര്‍ക്ക് തന്നോട് മാപ്പ് പറയാന്‍ തോന്നുന്നുണ്ടാവും – മൈക്കൽ വോൺ

ന്യൂസിലാണ്ട് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് വിജയിക്കുമെന്ന് പ്രവചിച്ച തന്നെ കളിയാക്കിയ ആയിരക്കണക്കിന് ഇന്ത്യന്‍ ആരാധകര്‍ തന്നോട് മാപ്പ് പറയേണ്ടതുണ്ടെന്ന് പറഞ്ഞ് മുന്‍ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോൺ. വോണും അലിസ്റ്റര്‍ കുക്കും വിജയം ന്യൂസിലാണ്ടിനൊപ്പമായിരിക്കുമെന്ന് പ്രവചനം നടത്തിയിരുന്നു. അന്ന് വോണിനോട് സോഷ്യൽ മീഡിയയിൽ ഇന്ത്യന്‍ ആരാധകര്‍ നടത്തിയ പ്രതികരണങ്ങളാകും താരം ഇപ്പോള്‍ പുതിയ ട്വീറ്റിടുവാന്‍ കാരണമായിരിക്കുന്നത്.

തന്റെ പ്രവചനം ശരിയായതിൽ ചില ആരാധകര്‍ക്കെങ്കിലും തന്നോട് മാപ്പ് പറയണമെന്ന് തോന്നുന്നുണ്ടെന്നാണ് താന്‍ കരുതുന്നതെന്നാണ് മൈക്കൽ വോൺ വ്യക്തമാക്കിയത്. ഇതാദ്യമായാല്ല മൈക്കൽ വോൺ ഇന്ത്യന്‍ ആരാധകര്‍ക്ക് പ്രകോപനം സൃഷ്ടിക്കുവാനുള്ള ട്വീറ്റുകളുമായി എത്തുന്നത്. 2019 ലോകകപ്പ് സെമിയിലും ഇന്ത്യയെ ന്യൂസിലാണ്ട് പരാജയപ്പെടുത്തുമെന്നാണ് വോൺ പ്രവചിച്ചത്.

കുടുംബാംഗങ്ങളെ കൊണ്ടു പോകാനാകില്ലെങ്കിൽ ആഷസ് പരമ്പര ഉപേക്ഷിക്കണം – മൈക്കൽ വോൺ

2021 ആഷസിൽ താരങ്ങള്‍ക്ക് കുടുംബാംഗങ്ങളെ കൊണ്ടു പോകാനാകില്ലെങ്കിൽ പരമ്പര തന്നെ ഉപേക്ഷിക്കണം എന്ന് പറഞ്ഞ് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോൺ. നാല് മാസത്തോളം കാലം താരങ്ങള്‍ കുടുംബത്തിൽ നിന്ന് താരങ്ങള്‍ വിട്ട് നില്‍ക്കേണ്ട സാഹചര്യമാണെങ്കിൽ പരമ്പര ഉപേക്ഷിക്കുകയാണ് ഏറ്റവും നല്ലതെന്ന് മൈക്കൽ വോണും കെവിന്‍ പീറ്റേഴ്സണും വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ദിവസമാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ആഷസിൽ കുടുംബാംഗങ്ങള്‍ക്ക് ടീമിനൊപ്പം യാത്ര ചെയ്യാനാകില്ലെന്ന് പറഞ്ഞത്. ഐസിസി ടി20 ലോകകപ്പ് കഴിഞ്ഞ് നേരിട്ട് ഓസ്ട്രേലിയയിലേക്ക് യാത്രയാകുന്ന ഇംഗ്ലണ്ടിന്റെ ഓള്‍ ഫോര്‍മാറ്റ് പ്ലേയേഴ്സ് ആണ് ഈ വിഷയത്തിൽ ഏറെ ബുദ്ധിമുട്ടുക.

ഇംഗ്ലണ്ട് ശ്രീലങ്കയോടും പാക്കിസ്ഥാനോടുമുള്ള പരമ്പരയ്ക്ക് ശേഷം ദി ഹണ്ട്രെഡിന് ആതിഥേയത്യം വഹിക്കുകയാണ്. അത് കഴി‍ഞ്ഞ് ഐപിഎൽ വന്നെത്തും അതിൽ ഇംഗ്ലണ്ട് താരങ്ങള്‍ പങ്കെടുക്കില്ലെന്നാണ് ബോര്‍ഡ് അറിയിച്ചത്. അത് കഴിഞ്ഞ ടി20 ലോകകപ്പും ആഷസും വരുമ്പോള്‍ താരങ്ങള്‍ ഏറെക്കാലം കുടുംബത്തിൽ നിന്ന് വിട്ട് നിൽക്കേണ്ട സാഹചര്യം വരും.

വിജയം ന്യൂസിലാണ്ടിനൊപ്പമെന്ന് മുന്‍ ഇംഗ്ലണ്ട് താരങ്ങള്‍

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിൽ കിരീടം ഇന്ത്യയ്ക്കല്ല ന്യൂസിലാണ്ടിനായിരിക്കുമെന്ന് പറഞ്ഞ് മുന്‍ ഇംഗ്ലണ്ട് താരങ്ങളായ മൈക്കൽ വോണും അലിസ്റ്റര്‍ കക്കും. നാളെ സൗത്താംപ്ടണിലെ ഏജീസ് ബൗളിലാണ് മത്സരം ആരംഭിക്കുക. അച്ചടക്കത്തോടെ മത്സരത്തിന്റെ അഞ്ച് ദിവസത്തിൽ കൂടുതല്‍ സമയവും കളിക്കാനുള്ള കഴിവ് ന്യൂസിലാണ്ടിനുണ്ടെന്നും അതാണ് അവരെ വിജയികളാക്കാന്‍ പോകുന്നതെന്നും മുന്‍ ഇംഗ്ലണ്ട് താരങ്ങള്‍ വ്യക്തമാക്കി.

ഇംഗ്ലണ്ടിനെ ടെസ്റ്റ് പരമ്പരയിൽ തോല്പിച്ചെത്തുന്ന ന്യൂസിലാണ്ട് മികച്ച ഫോമിലാണെന്നും ബൗളിംഗ് യൂണിറ്റ് മാത്രമല്ല ടീമിന്രെ ബാറ്റിംഗ് യൂണിറ്റും അതിശക്തരാണെന്ന് വോൺ വ്യക്തമാക്കി. താനീ അഭിപ്രായം പറഞ്ഞതിന് സോഷ്യൽ മീഡിയയിൽ തനിക്കെതിരെ ആക്രോശം ഉയരുമെന്നുറപ്പാണെങ്കിലും തനിക്ക് തോന്നുന്നത് ന്യൂസിലാണ്ടിനാവും വിജയം എന്നാണ്.

കൃത്യതയാണ് ന്യൂസിലാണ്ടിന് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിൽ തുണയാകുകയെന്നാണ് അലിസ്റ്റര്‍ കുക്ക് വ്യക്തമാക്കിയത്. ഇംഗ്ലണ്ടിനെതിരെ രണ്ട് മത്സരങ്ങള്‍ കളിച്ചത് അവര്‍ക്ക് തുണയാകുമെന്നാണ് മുന്‍ ഇംഗ്ലണ്ട് ഓപ്പണര്‍ അഭിപ്രായപ്പെട്ടത്.

ബുംറയോ ബോൾട്ടോ മികച്ചത്, വ്യക്തമായ ഉത്തരമില്ലെന്ന് മൈക്കൽ വോൺ

മുംബൈ ഇന്ത്യൻസ് താരങ്ങളായ ജസ്പ്രീത് ബുംറയും ട്രെന്റ് ബോൾട്ടും എതിരാളികളായിട്ടായിരിക്കും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഏറ്റുമുട്ടുക. ഇവരിലാരാണ് മികച്ചതെന്ന ചോദ്യത്തിന് തനിക്ക് വ്യക്തമായ ഉത്തരമില്ലെന്നാണ് ഇംഗ്ലണ്ട് മുൻ നായകൻ മൈക്കൽ വോൺ പറഞ്ഞത്. ഇരുവരും തമ്മിൽ ഒപ്പത്തിനൊപ്പമുള്ള പോരാട്ടമായിരിക്കുമെന്നും എന്നാൽ ഏറെ കാലമായി ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്ന ട്രെന്റ് ബോൾട്ടിന് താൻ നേരിയ മുൻതൂക്കം നൽകുമെന്നും വോൺ പറഞ്ഞു.

താരം കൂടുതൽ കാലമായി ടെസ്റ്റ് കളിക്കുന്നു എന്നതിനാൽ മാത്രമാണ് താൻ ഇത്തരത്തിൽ തിരഞ്ഞെടുത്തതെന്നും അല്ലെങ്കിൽ തനിക്ക് ആരാണ് മികച്ചതെന്ന അഭിപ്രായത്തിലെത്തുവാനാകാത്ത തരത്തിൽ ഇരുവരും മികച്ച താരങ്ങളാണെന്ന് മൈക്കൽ വോൺ പറഞ്ഞു.

രോഹിത് ശർമ്മയ്ക്ക് കീഴിൽ ഐപിഎൽ കളിക്കണം – മൈക്കൽ വോൺ

ഐപിഎലിൽ തനിക്ക് രോഹിത് ശർമ്മയുടെ കീഴിൽ കളിക്കണമെന്നാണ് ആഗ്രഹമെന്ന് പറഞ്ഞ് മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോൺ. ഐപിഎലിൽ കളിക്കുകയാണെങ്കിൽ ആരുടെ കീഴിൽ കളിക്കണമെന്ന ചോദ്യത്തിനാണ് താരം ഇപ്രകാരം മറുപടി പറഞ്ഞത്. രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസിയിലുള്ള മുംബൈ ഇന്ത്യൻസ് ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച ടീമാണെന്നും അത് ഒരു എതിരഭിപ്രായവും ഇല്ലാത്ത കാര്യമാണെന്നും വോൺ വ്യക്തമാക്കി.

വളരെ സംയമനത്തോടെയും കാം ആൻഡ് കംപോസ്ഡ് ആയിട്ടുള്ള ഒരു ക്യാപ്റ്റനാണ് രോഹിത്തെന്നും വളരെ കൃത്യതയോടെയുള്ള തന്ത്രങ്ങളാണ് രോഹിത്തിന്റെ ക്യാപ്റ്റൻസിയിൽ കാണാനാകുന്നതെന്നും വോൺ പറഞ്ഞു.

മാച്ച് ഫിക്സിംഗിന്റെ സമയത്ത് സല്‍മാന്‍ ബട്ടിന് ഇത്തരം വ്യക്തതയുണ്ടായിരുന്നുവെങ്കില്‍ നന്നായിരുന്നു – മൈക്കല്‍ വോണ്‍

മൈക്കല്‍ വോണ്‍ നടത്തുന്ന താരങ്ങളുടെ താരതമ്യങ്ങള്‍ അനാവശ്യ വിവാദങ്ങള്‍ക്ക് വേണ്ടിയുള്ളതാണെന്ന് അഭിപ്രായപ്പെട്ട മുന്‍ പാക്കിസ്ഥാന്‍ താരം സല്‍മാന്‍ ബട്ടിനെതിരെ മൈക്കല്‍ വോണ്‍. ഇത്തരം വ്യക്തനിറഞ്ഞ ആശയവും അഭിപ്രായവും സല്‍മാന്‍ ബട്ടിന് മാച്ച് ഫിക്സിംഗിന്റെ സമയത്ത് ഉണ്ടായിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നുവെന്നാണ് മൈക്കല്‍ വോണ്‍ പറഞ്ഞത്.

സല്‍മാന്‍ ബട്ടിന് അദ്ദേഹത്തിന്റെ അഭിപ്രായം പറയുവാന്‍ അവകാശമുണ്ടെന്നും എന്നാല്‍ താരത്തിന് 2010ല്‍ ഇത്തരത്തില്‍ വ്യക്തതയുണ്ടായിരുന്നുവെങ്കില്‍ അത് നന്നായേനെ എന്നാണ് വോണ്‍ ട്വീറ്റ് ചെയ്തത്.

കെയിന്‍ വില്യംസണ്‍ ഇന്ത്യന്‍ താരമായിരുന്നുവെങ്കില്‍ കോഹ്‍ലിയെപ്പോലെ ഏവരും അദ്ദേഹത്തെ വാഴ്ത്തിയേനെ എന്ന് പറഞ്ഞ വോണിന്റെ പ്രസ്താവനയാണ് വിവാദങ്ങളുടെ തുടക്കം.

കോഹ്‍ലിയ്ക്ക് 70 അന്താരാഷ്ട്ര ശതകങ്ങളുണ്ട്, മൈക്കല്‍ വോണിന് ഏകദിനത്തില്‍ ഒരെണ്ണം പോലുമില്ല – സല്‍മാന്‍ ബട്ട്

മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍ അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് പറഞ്ഞ് സല്‍മാന്‍ ബട്ട്. കെയിന്‍ വില്യംസണ്‍ ഇന്ത്യയ്ക്കാരനാണെങ്കില്‍ ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്ററായി വാഴ്ത്തപ്പെട്ടേനെ എന്ന വോണിന്റെ പരാമര്‍ശത്തെ ചൂണ്ടിക്കാണിച്ചാണ് മുന്‍ പാക്കിസ്ഥാന്‍ താരത്തിന്റെ പ്രതികരണം. കോഹ്‍ലിയെ വിലകുറച്ച് കാണിക്കുവാന്‍ ശ്രമിക്കുമ്പോള്‍ വോണ്‍ ഓര്‍ക്കേണ്ടത് അദ്ദേഹത്തിന് ഏകദിനത്തില്‍ ഒരു ശതകം പോലും സ്വന്തമാക്കുവാന്‍ സാധിച്ചിട്ടില്ല എന്നാണെന്നും സല്‍മാന്‍ ബട്ട് ഓര്‍മ്മിപ്പിച്ചു.

അതേ സമയം കോഹ്‍ലിയ്ക്ക് അന്താരാഷ്ട്ര ക്രിക്കറ്റില്‍ 70 ശതകമുണ്ടെന്നും സച്ചിനും റിക്കി പോണ്ടിംഗിനും പിന്നിലായാണ് താരം നിലകൊള്ളുന്നതെന്നതും മറക്കാതിരിക്കേണ്ട കാര്യമാണെന്ന് മൈക്കല്‍ വോണിനോടായി സല്‍മാന്‍ ബട്ട് പറഞ്ഞു. വളരെ അധികം ജനസംഖ്യയുള്ള രാജ്യത്തെ ഒരു താരമാണെങ്കിലും കോഹ്‍ലിയുടെ അന്താരാഷ്ട്ര ക്രിക്കറ്റിലെ പ്രകടനം മികച്ചതായതാണ് താരത്തെ കൂടുതല്‍ ആളുകള്‍ ഇഷ്ടപ്പെടുവാന്‍ കാരണമെന്നും താരം ഏറെ നാളായി ബാറ്റിംഗ് റാങ്കിംഗില്‍ മുന്‍കൈ നേടിയിട്ടുണ്ടെന്നതും പരിഗണിക്കുമ്പോള്‍ വോണ്‍ അനാവശ്യമായ താരതമ്യങ്ങള്‍ നടത്തുകയാണെന്ന് സല്‍മാന്‍ ബട്ട് പറഞ്ഞു.

കെയിന്‍ വില്യംസണ്‍ ഇന്ത്യന്‍ താരമായിരുന്നെങ്കില്‍ ലോകത്തിലെ മികച്ച താരമായി വാഴ്ത്തപ്പെട്ടേനെ – മൈക്കല്‍ വോണ്‍

കെയിന്‍ വില്യംസണ്‍ ഇന്ത്യന്‍ താരമായിരുന്നുവെങ്കില്‍ അദ്ദേഹത്തെ ലോകത്തിലെ ഏറ്റവും മികച്ച താരമായി വാഴ്ത്തിയെനേ എന്ന് പറഞ്ഞ് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍. വിരാട് കോഹ്‍ലിയാണ് മികച്ചതെന്ന് മാധ്യമങ്ങള്‍ വാഴ്ത്തുന്നത് ഏതാനും ക്ലിക്കുകള്‍ക്കായി മാത്രമാണ് എന്നും മൈക്കല്‍ വോണ്‍ പറഞ്ഞു. വിരാട് കോഹ്‍ലി അല്ല മികച്ച താരമെന്ന് പറഞ്ഞാല്‍ അപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് വലിയ തിരിച്ചടി കേള്‍ക്കേണ്ടി വരുമെന്നതിനാല്‍ തന്നെയാണ് പലരും വിരാട് കോഹ്‍ലിയാണ് മികച്ച താരമെന്ന് പറയുന്നതെന്നും വോണ്‍ പറഞ്ഞു.

വിരാടിനൊപ്പം തന്നെ മികച്ച താരമാണ് കെയിന്‍ വില്യംസണെന്നും എന്നാല്‍ ഇന്ത്യക്കാരനാണെന്ന ആനുകൂല്യവും അത് ഉപയോഗിച്ച് കൂടുതല്‍ ക്ലിക്കുകളും ലൈക്കുകളും സ്വന്തമാക്കുവാനാണ് വിരാടിനെ ഏവരും വാഴ്ത്തുന്നതെന്നും വോണ്‍ പറഞ്ഞു. വിരാടിനെ പോലെ വില്യംസണ് 100 മില്യണ്‍ ഇന്‍സ്റ്റ ഫോളോവേഴ്സ് ഇല്ലെന്ന് 30-40 മില്യണ്‍ ഡോളര്‍ സമ്പാദിക്കുന്നില്ലെന്നതോ മാറ്റി നിര്‍ത്തിയാല്‍ കെയിന്‍ വിരാടിനൊപ്പം തന്നെ മികച്ച താരമാണെന്നും വോണ്‍ സൂചിപ്പിച്ചു.

“ഇന്ത്യയുടെ മൂന്നാം ഇലവനോടേറ്റ പരാജയത്തില്‍ നാണമില്ലേ”, വോണിന്റെ ചോദ്യത്തിന് മറുപടിയുമായി ലാംഗര്‍

ഇന്ത്യയോട് ഏറ്റ ടെസ്റ്റ് പരമ്പരയിലെ പരാജയം ഓസ്ട്രേലിയയ്ക്ക് ഏറ്റ കനത്ത തിരിച്ചടിയായിരുന്നു. ഇന്ത്യയുടെ പ്രധാന താരങ്ങളാരുമില്ലാതിരുന്നപ്പോളും ഓസ്ട്രേലിയയ്ക്ക് അവരെ പരാജയപ്പെടുത്തുവാന്‍ സാധിച്ചിരുന്നില്ല. ഇതിനെക്കുറിച്ച് മൈക്കല്‍ വോണ്‍ തമാശയായി പറഞ്ഞത് ഇന്ത്യയുടെ മൂന്നാം ഇലവനോടാണ് ഓസ്ട്രേലിയ പരാജയപ്പെട്ടതെന്നാണ്.

എന്നാല്‍ ഇപ്പോള്‍ അതിന് മറുപടിയുമായി ഓസ്ട്രേലിയന്‍ മുഖ്യ കോച്ച് ജസ്റ്റിന്‍ ലാംഗര്‍ എത്തുകയായിരുന്നു. വോണ്‍ ഇത്തരത്തില്‍ ഇന്ത്യയെക്കുറിച്ച് രണ്ടാം നിരയെന്നോ മൂന്നാം നിരയെന്നോ എല്ലാം പറയുമെങ്കിലും സത്യാവസ്ഥ ക്രിക്കറ്റിനെ അത്രമേല്‍ ഇഷ്ടപ്പെടുന്ന ഒരു രാജ്യത്തെ ഒന്നര ബില്യണ്‍ ആളുകളില്‍ നിന്ന് അവസാന ഇലവനില്‍ ഇടം പിടിക്കണമെങ്കില്‍ അവര്‍ അത്രയും മികച്ച കളിക്കാരായിരിക്കണമെന്ന് ഏവരും അറിയാവുന്നതാണെന്ന് ലാംഗര്‍ പറഞ്ഞു.

ഒരു പറ്റം മികച്ച പ്രതിഭയുള്ള താരങ്ങളെയാണ് തങ്ങളന്ന് ഗ്രൗണ്ടില്‍ കണ്ടതെന്നും അവര്‍ അവരുടെ അവസരങ്ങള്‍ കൈക്കലാക്കുവാനായി തീവ്രതയോടെയാണ് മത്സരത്തെ സമീപിച്ചതെന്നും നിര്‍ഭാഗ്യവശാല്‍ തങ്ങളന്ന് എതിര്‍ഭാഗത്തായിരുന്നുവെന്നുമാണ് ലാംഗര്‍ പറഞ്ഞത്.

ഇന്ത്യയുടെ പ്രധാന താരങ്ങള്‍ പരിക്കേറ്റപ്പോള്‍ അവരുടെ യുവനിര ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫി നിലനിര്‍ത്തുവാനായി അരയും തലയും മുറുക്കിയിറങ്ങിയതാണ് നമ്മളേവരും കണ്ടതെന്നും ലാംഗര്‍ വ്യക്തമാക്കി.

രവീന്ദ്ര ജഡേജയെ കേന്ദ്രീകരിച്ച് ചെന്നൈ അടുത്ത വര്‍ഷത്തെ സ്ക്വാഡ് പടുത്തുയര്‍ത്തണം – മൈക്കല്‍ വോണ്‍

എംഎസ് ധോണി അടുത്ത വര്‍ഷവും ഐപിഎലില്‍ ചെന്നൈയ്ക്കൊപ്പമുണ്ടാകുമെന്നാണ് ചെന്നൈയുടെ സിഇഒ പറയുന്നതെങ്കിലും അടുത്ത സീസണില്‍ ടീം രവീന്ദ്ര ജഡേജയെ കേന്ദ്രീകരിച്ചാവണം തങ്ങളുടെ സ്ക്വാഡ് പടുത്തുയര്‍ത്തേണ്ടതെന്ന് പറഞ്ഞ് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍.

ഐപിഎലില്‍ നിന്ന് ഈ സീസണിന് ശേഷം ധോണി വിരമിക്കുകയാണെങ്കില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് ജഡേജയെ ക്യാപ്റ്റനാക്കി ടീമിനെ പടുത്തുയര്‍ത്തണമെന്നാണ് വോണ്‍ ആവശ്യപ്പെടുന്നത്. അടുത്ത രണ്ട് വര്‍ഷം കൂടി ധോണി ചെന്നൈയ്ക്ക് വേണ്ടി കളിച്ചേക്കാം എന്നാല്‍ അതിലപ്പുറം താരത്തിന് കളിക്കാനാകില്ല. അപ്പോള്‍ അടുത്ത സീസണ്‍ മുതല്‍ ജഡേജയെ കേന്ദ്രീകരിച്ചുള്ള ടീം സൃഷ്ടിക്കുവാന്‍ ചെന്നൈ നടപടികള്‍ ആരംഭിക്കണമെന്ന് വോണ്‍ വ്യക്തമാക്കി.

ബാറ്റിംഗും ബൗളിംഗും ഫീല്‍ഡിംഗുമായാലും ടീമിന് വേണ്ടി നൂറ് ശതമാനം ആത്മാര്‍ത്ഥതയോടെ കളത്തിലിറങ്ങുന്ന താരമാണ് ജഡേജയെന്നും താരത്തിന്റെ മൈന്‍ഡ്സെറ്റും മെന്റാലിറ്റിയും മികച്ചതാണെന്നും വോണ്‍ സൂചിപ്പിച്ചു.

ധോണിയുടെ അഭാവം കുല്‍ദീപിനെ ബാധിക്കുന്നു

വിക്കറ്റിന് പിന്നില്‍ എംഎസ് ധോണി ഇല്ലാത്തത് കുല്‍ദീപ് യാദവിന്റെ പ്രകടനത്തെ വലിയ തോതില്‍ ബാധിക്കുവാന്‍ ഇടയാക്കുന്നുണ്ടെന്ന് പറഞ്ഞ് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍. ധോണി വിക്കറ്റിന് പിന്നിലുണ്ടായിരുന്ന കാലത്ത് കുല്‍ദീപിന്റെ ആത്മവിശ്വാസം വ്യത്യസ്തമായിരുന്നുവെന്നും വോണ്‍ പറഞ്ഞു.

ധോണിയുടെ സാമീപ്യം ചിന്തിക്കുന്ന ഒരു ക്യാപ്റ്റന്റെ സഹായം കുല്‍ദീപിന് നല്‍കി വന്നിരുന്നുവെന്നും അത് താരത്തില്‍ നിന്ന് മികച്ച പ്രകടനം പുറത്ത് വരുവാന്‍ സഹായിച്ചുവെന്നും വോണ്‍ പറഞ്ഞു.

ഏകദിന ക്രിക്കറ്റില്‍ 63 മത്സരങ്ങളില്‍ നിന്ന് കുല്‍ദീപ് 105 വിക്കറ്റാണ് നേടിയിട്ടുള്ളത്. 20 ടി20 മത്സരങ്ങളില്‍ നിന്ന് 39 വിക്കറ്റ് നേടിയിട്ടുള്ള താരത്തെ ഇപ്പോള്‍ ടി20 ക്രിക്കറ്റില്‍ ഇന്ത്യ പരിഗണിക്കുക പോലും ചെയ്യുന്നില്ല.

Exit mobile version