ഓസിൽ ഫുട്ബോളിൽ നിന്ന് വിരമിച്ചു

മുൻ ജർമ്മൻ ദേശീയ ടീം മിഡ്ഫീൽഡറും ഈ തലമുറയിലെ ഏറ്റവും മികച്ച പ്ലേ മേക്കർമാരിൽ ഒരാളുമായിരുന്ന മെസ്യൂട്ട് ഓസിൽ പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. യൂറോപ്പിലെ പല വലിയ ക്ലബ്ബുകൾക്കായും കളിച്ച കരിയറിന് ശേഷമാണ് 34-കാരൻ ഈ തീരുമാനം എടുത്തത്.

ഷാൽകെയിലൂടെയാണ് ഒസിൽ തന്റെ കരിയർ ആരംഭിച്ചത്, അവിടെ അദ്ദേഹം ജർമ്മൻ ഫുട്ബോളിലെ മികച്ച യുവ പ്രതിഭകളിൽ ഒരാളായി സ്വയം മാറി. 2010-ൽ അദ്ദേഹം റയൽ മാഡ്രിഡിനായി കരാർ ഒപ്പുവച്ചു, അവിടെ ക്ലബ്ബിനെ ലാ ലിഗ കിരീടം നേടാനും യുവേഫ ചാമ്പ്യൻസ് ലീഗിന്റെ സെമി ഫൈനലിലെത്താനും അദ്ദേഹം സഹായിച്ചു.

2013-ൽ, ഒരു ക്ലബ്-റെക്കോർഡ് ട്രാൻസ്ഫർ ഡീലിൽ താരം ആഴ്സണലിൽ ചേരുകയും ലണ്ടൻ ആസ്ഥാനമായുള്ള ക്ലബിൽ ആരാധകരുടെ പ്രിയങ്കരനായി മാറുകയും ചെയ്തു, അവിടെ അദ്ദേഹം മൂന്ന് എഫ്എ കപ്പ് ട്രോഫികൾ നേടി. പിന്നീട് അദ്ദേഹം ടർക്കിഷ് ടീമായ ഫെനർബാഷിലേക്കും പിന്നീട് ഇസ്താംബുൾ ബസക്സെഹിറിലേക്കും മാറിയിരുന്നു‌.

ജർമ്മൻ ദേശീയ ടീമിനായി 106 മത്സരങ്ങൾ കളിച്ച അദ്ദേഹം 2014-ൽ ബ്രസീലിൽ നടന്ന FIFA ലോകകപ്പ് നേടാൻ അവരെ സഹായിച്ചു. താൻ കളിച്ച എല്ലാ ക്ലബ്ബുകൾക്കും ഫുട്ബോളിലെ സുഹൃത്തുക്കൾക്കും നന്ദി പറഞ്ഞു കൊണ്ട് ഒരു പോസ്റ്റിലൂടെയാണ് ഓസിൽ വിരമിക്കൽ പ്രഖ്യാപിച്ചത്.

ജർമ്മൻ മത്സരത്തിന് മെസ്യുട് ഓസിലിന്റെ ചിത്രവും ആയി എത്തി കാണികൾ

ജർമ്മനിയുടെ പ്രതിഷേധത്തിന് മറുപടിയായി മുൻ ജർമ്മൻ താരം മെസ്യുട് ഓസിലിന്റെ ചിത്രവും ആയി എത്തി ഖത്തർ കാണികളുടെ പ്രതിഷേധം. മനുഷ്യാവകാശ പ്രശ്നങ്ങൾ ഉയർത്തി വൺ ലവ് ആം ബാന്റ് അണിയാൻ അനുവദിക്കാത്തത് അടക്കം ചൂണ്ടിക്കാട്ടി കഴിഞ്ഞ മത്സരത്തിൽ വാ പൊത്തി ജർമ്മൻ ടീം പ്രതിഷേധം നടത്തിയതിന് മറുപടി ആയാണ് ആതിഥേയരുടെ ഇന്നത്തെ മറുപടി.

ഇന്നത്തെ സ്‌പെയിൻ ജർമ്മനി മത്സരത്തിൽ കാണികൾ ഓസിലിന്റെ ചിത്രം ഉയർത്തി വാ പൊത്തി ജർമ്മൻ താരങ്ങൾക്ക് മറുപടി നൽകുക ആയിരുന്നു. 2018 ലോകകപ്പിലെ പരാജയത്തിന് ശേഷം വിരമിച്ച സമയത്ത് തനിക്ക് നേരെ വലിയ വംശീയ അധിക്ഷേപങ്ങൾ ഉണ്ടായി എന്നു ഓസിൽ ആരോപണം ഉന്നയിച്ചിരുന്നു. അന്ന് ജർമ്മൻ സഹതാരങ്ങൾ ആരും ഓസിലിന് പിന്തുണയും ആയി എത്തിയില്ല എന്നതും അന്ന് അവർ മൗനം പാലിച്ചു എന്നതും ഓർമ്മിപ്പിക്കാൻ ആണ് ഓസിലിന്റെ ചിത്രം ആതിഥേയ കാണികൾ ഉപയോഗിച്ചത്.

18 മാസങ്ങൾക്ക് ശേഷം ഓസിൽ ഗോളടിച്ചു

18 മാസത്തെ ഇടവേളക്ക് ശേഷം മുൻ ആഴ്‌സണൽ താരം ഓസിൽ ഗോളടിച്ചു. ടർക്കിഷ് ലീഗിൽ ഫെനബാഷേക്ക് വേണ്ടിയാണ് ഓസിൽ ഗോൾ നേടിയത്. 2020 ഫെബ്രുവരിക്ക് ശേഷം ആദ്യമായാണ് ഓസിൽ ഗോൾ നേടുന്നത്. 2020ൽ ആഴ്‌സണലിന് വേണ്ടി കളിക്കുമ്പോൾ ന്യൂ കാസിൽ യൂണൈറ്റഡിനെതിരെയാണ് ഓസിൽ ഇതിന് മുൻപ് ഗോൾ നേടിയത്.

കഴിഞ്ഞ ജനുവരിയിലാണ് ഫ്രീ ട്രാൻസ്ഫറിൽ ഓസിൽ ഫെനബാഷേയിൽ എത്തുന്നത്. എന്നാൽ ടീമിൽ എത്തി 11 മത്സരങ്ങൾ കളിച്ചെങ്കിലും ഇതുവരെ ഒരു അസിസ്റ്റ് മാത്രമായിരുന്നു ഓസിലിന്റെ സമ്പാദ്യം. ആഴ്‌സണൽ പരിശീലകനായ അർടെറ്റയുടെ ടീമിൽ ഇടം ലഭിക്കാതിരുന്നതോടെയാണ് ഓസിൽ കഴിഞ്ഞ ജനുവരിയിൽ ആഴ്‌സണൽ വിട്ടത്.

ഓസിലിന് മുൻനിർത്തി ആർട്ടെറ്റ ആഴ്‌സണൽ ടീമിനെ ഉണ്ടാക്കണമെന്ന് മുൻ താരം

മുൻ റയൽ മാഡ്രിഡ് താരം മെസ്യൂട്ട് ഓസിലിനെ മുൻ നിർത്തി പുതിയ പരിശീലകൻ മൈക്കിൾ ആർട്ടെറ്റ ടീമിനെ ഉണ്ടാക്കിയെടുക്കണമെന്ന് മുൻ ആഴ്‌സണൽ താരം പെനൻന്റ്. പുതിയ മാനേജർക്ക് കീഴിൽ ആഴ്‌സണൽ ഇലവനിൽ ഒരു പ്രധാന താരമായി മാറാൻ ഓസിലിന് കഴിയുമെന്നും മുൻ ആഴ്‌സണൽ താരം പറഞ്ഞു.

മുൻ പരിശീലകൻ ഉനൈ എമേറിക്ക് കീഴിൽ ആഴ്‌സണൽ ടീമിൽ അവസരങ്ങൾ ലഭിക്കാതിരുന്ന ഓസിൽ ടീം വിടുമെന്ന വാർത്തകൾ ഉണ്ടായിരുന്നു. മികച്ച താരമാണെങ്കിലും ഗ്രൗണ്ടിലെ മനോഭാവവും ഗ്രൗണ്ടിലെ അലസതയും താരത്തിനെതിരെ വിമർശനങ്ങൾ ഉയരാൻ കാരണമായിരുന്നു. മോശം പ്രകടനത്തെ തുടർന്ന് ഈ കഴിഞ്ഞ നവംബറിലാണ് ആഴ്‌സണൽ ഉനൈ എമേറിയെ പുറത്താക്കിയത്. എന്നാൽ പുതിയ പരിശീലകൻ വന്നതോടെ ഓസിലിന് ആഴ്‌സണൽ ടീമിൽ അവസരം ലഭിക്കുമെന്നാണ് പെനൻന്റ് കരുതുന്നത്.

പരിക്കിൽ നിന്ന് തിരിച്ചെത്തി ആഴ്‌സണലിന്റെ മുഖ്യതാരങ്ങൾ

സീസണിലെ ആദ്യ അന്താരാഷ്ട്ര മത്സരങ്ങൾക്ക് ശേഷമുള്ള പരിശീലനത്തിൽ ആഴ്‌സണലിനെ തേടി നല്ല വാർത്തകൾ എത്തുന്നു. പരിക്കിൽ നിന്നും മോചിതർ ആയ ഹെക്ടർ ബെല്ലരിൻ, കിരേൻ ടിയേർനി, എമിലി സ്മിത്ത് റോ, റോബ് ഹോൾഡിങ് എന്നിവർക്ക് പുറമെ മെസ്യൂട്ട് ഓസിൽ കൂടി ഇന്ന് ആദ്യ ടീമിന് ഒപ്പം പരിശീലനത്തിന് ഇറങ്ങിയത് ആഴ്‌സണലിന് വലിയ ഊർജം ആണ് പകരുക. അസുഖം മാറിയ ശേഷം ഓസിൽ തിരിച്ചു വരുന്നത് ആഴ്‌സണലിന് വലിയ കരുത്ത് പകരും. ഒപ്പം യുവ പ്രതിരോധ താരം ഹോൾഡിങ് കളത്തിലേക്ക് ഉടൻ മടങ്ങി എത്തിയേക്കും എന്നതും ആഴ്‌സണലിന് വളരെ നല്ല വാർത്തയാണ്.

അതേസമയം നീണ്ട നാളത്തെ പരിക്കിന് ശേഷം ആദ്യമായാണ് ആഴ്‌സണൽ വലത് ബാക്ക് ആയ ഹെക്ടർ ബെല്ലരിൻ പരിശീലനത്തിനു ഇറങ്ങിയത്. മാസങ്ങൾ നീണ്ട വിശ്രമശേഷം ബെല്ലരിൻ കളത്തിൽ തിരിച്ചു വരാൻ കാത്തിരിക്കുന്ന ആരാധകർക്ക് ഇത് വലിയ ആവേശം ആണ് പകരുക. അതോടൊപ്പം ഈ സീസണിൽ സ്‌കോട്ടിഷ് ജേതാക്കൾ കെൽറ്റിക്കിൽ ടീമിലെത്തിയ ഇടത് ബാക്ക് ആയ കിരേൻ ടിയേർനിയും ആദ്യമായി ആഴ്‌സണൽ ആദ്യ ടീമിനൊപ്പം പരിശീലനത്തിനു ഇറങ്ങി. ടീമിൽ എത്തുമ്പോൾ പരിക്കിൽ ആയിരുന്ന ടിയേർനിയുടെ അരങ്ങേറ്റത്തിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകർ. അതേസമയം പരിക്കിൽ നിന്ന് മോചിതനായ യുവതാരം എമിലി സ്മിത്ത് റോയുടെ മടങ്ങി വരവും ആഴ്‌സണലിന് വളരെ നല്ല വാർത്തയാണ്.

ഓസിൽ..നിശബ്ദനായ പോരാളി 

വലതു വിങ്ങിൽ നിന്നും ഇടം കാലുകൊണ്ടൊരു ക്രോസ്സ്. കൊറിയൻ ഡിഫൻഡർമാർക്കു മുകളിലൂടെ പറന്ന് മാറ്റ് ഹമ്മൽസിന്റെ തലയിലേക്ക് താഴ്ന്നിറങ്ങി. അനായാസം വലയിലേക്ക് തിരിച്ചുവിടാവുന്ന പന്ത്. പക്ഷെ ഹമ്മൽസിനു പിഴച്ചു. ജർമൻ താരങ്ങൾ തലയിൽ കൈവച്ചു. പക്ഷെ ക്രോസ്സ് പായിച്ച ആ ഇടംകാലൻ തല താഴ്ത്തികൊണ്ട് നിന്നു. മെസ്യൂട് ഓസിൽ എന്ന ആ കളിക്കാരന് അതൊരു പുതിയ കഥയായിരുന്നില്ല. കൊറിയക്കെതിരായ കളിയിൽ ഓസിൽ സൃഷ്ടിച്ച ഏഴാമത്തെ ഗോളവസരമായിരുന്നു അത്. ഒരെണ്ണം പോലും ലക്ഷ്യത്തിലെത്തിക്കാൻ മറ്റുള്ളവർക്കായില്ല. എന്നാൽ റഫറി ഫൈനൽ വിസിൽ മുഴക്കുന്നതിനു മുമ്പേ തന്നെ ഓസിലിനെ സമൂഹ മാധ്യമങ്ങൾ ട്രോൾ കൊണ്ട് മൂടിയിരുന്നു. ഒരു ജർമൻ എം പി ട്വിറ്ററിൽ കുറിച്ചു: ”ഓസിലില്ലായിരുന്നെങ്കിൽ ജർമ്മനി ഇന്ന് ജയിക്കുമായിരുന്നു”. എന്തുകൊണ്ട് ഓസിൽ മാത്രം അവർക്കൊരു കുറ്റവാളിയായി മാറുന്നു?
ഒരു ടീം കളി തോൽക്കുമ്പോൾ ആ ടീമിലെ ഏറ്റവും മികച്ച കളിക്കാരനായിരിക്കും കൂടുതൽ പഴി കേൾക്കുന്നത്. അർജന്റീന തോൽക്കുമ്പോൾ മെസ്സിക്കെന്നപോലെ ജർമ്മനി തോൽക്കുമ്പോൾ ഓസിലും പ്രതിയായി മുദ്ര കുത്തപ്പെടുന്നു. എന്നാൽ ഇതിനോട് ചേർത്ത് വായിക്കേണ്ട ചിലതുണ്ട്. അവ രാഷ്ട്രീയവും വംശീയവുമാണ്.
ഓസിൽ തുർക്കി വംശജനാണ്. കഴിഞ്ഞ മാസം തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ബ്രിട്ടനിലെത്തിയപ്പോൾ ഇംഗ്ലീഷ് ക്ലബ്ബുകളായ ആഴ്‌സണലിന് വേണ്ടി കളിക്കുന്ന ഓസിലും മാഞ്ചസ്റ്റർ സിറ്റിക്കുവേണ്ടി ബൂട്ടണിയുന്ന മറ്റൊരു തുർക്കി വംശജൻ  ഇകായ് ഗുൻഡോഗനും അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. ജർമൻ രാഷ്ട്രീയത്തിലെ തീവ്ര വലതുകക്ഷികൾ ഇരു താരങ്ങളെയും രൂക്ഷമായി വിമർശിക്കുകയും ഇരുവർക്കും ജർമൻ കുപ്പായമണിയാനുള്ള അവകാശമില്ലെന്ന് പറയുകയും ചെയ്തു.
സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച ഓസിലിനെ അവർ വീണ്ടും തിരഞ്ഞുപിടിച്ച് വിമർശിക്കുന്നു. നിയോ നാസി സ്വഭാവമുള്ള ജർമൻ വലതുപക്ഷ രാഷ്ട്രീയക്കാർക്ക് ഓസിലിന്റെ കളിയല്ല, അയാളുടെ മതവും വംശവുമാണ് പ്രശ്‍നം എന്ന് വ്യക്തമാണ്. അവർക്കൊപ്പം ജർമനിയുടെ മുൻതാരങ്ങളും മാധ്യമങ്ങളും ചേരുന്നതോടെ പ്രതിക്കൂട്ടിൽ ഓസിൽ ഏകനാവുന്നു. “അയാൾ ഒരു മടിയനായ തവളയെ പോലിരിക്കുന്നു”എന്ന് പറഞ്ഞത് മുൻ ജർമൻ താരം മരിയോ ബാസ്‌ലർ ആണ്. മെക്സിക്കോക്ക് എതിരെ ജർമനി തോൽക്കാനുള്ള കാരണം ഓസിൽ ആണെന്ന് പറഞ്ഞത് മുൻ ജർമൻ ക്യാപ്റ്റൻ ലോതർ മത്തേവൂസും.
ആ മത്സരത്തിൽ നാലു മികച്ച അവസരങ്ങൾ ഉണ്ടാക്കുകയും 79 പാസ്സുകളിൽ 72 ഉം ലക്ഷ്യത്തിലെത്തിക്കുകയും ചെയ്ത ഓസിൽ പ്രതിയാക്കപ്പെടുമ്പോൾ, ദയനീയ പ്രകടനം കാഴ്ചവെച്ച മുള്ളർ, പ്ലാറ്റൻഹാർട്, ഹമ്മൽസ് എന്നിവരെ അവർ സൗകര്യപൂർവം മറക്കുന്നു.
കളിക്കളത്തിനകത്തും പുറത്തും നിശ്ശബ്ദനാണ് ഓസിൽ.ഓരോ തവണയും കളിക്കാനിറങ്ങുമ്പോൾ ഗോളവസരങ്ങൾ സൃഷ്ടിക്കുന്ന ഒരു യന്ത്രമായി അയാൾ മാറുന്നു.ഓസിലിന്റെ ഇടംകാലിൽ നിന്ന് വരുന്ന ത്രൂ പാസുകൾ ഫുട്ബോൾ പ്രേമികൾക്ക് മനോഹരമായ കാഴ്ചയാണ്. വംശീയത മനസ്സിലൊളിപ്പിച്ച് ഫുട്ബോൾ കാണുന്നവർക്ക് അത് കാണാനേ കഴിയില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version