സൂപ്പർ ഓവറിൽ കേരളത്തെ മറികടന്ന് ആന്ധ്ര

റാഞ്ചി: മെൻസ് അണ്ടർ 23 സ്റ്റേറ്റ് ട്രോഫി ക്രിക്കറ്റിലെ ആവേശപ്പോരാട്ടത്തിൽ കേരളത്തെ മറികടന്ന് ആന്ധ്ര. സൂപ്പർ ഓവറിലായിരുന്നു ആന്ധ്രയുടെ വിജയം. നേരത്തെ 50 ഓവറിൽ 213 റൺസ് വീതം നേടി ഇരു ടീമുകളും തുല്യത പാലിച്ചതിനെ തുടർന്നായിരുന്നു മത്സരം സൂപ്പർ ഓവറിലേക്ക് നീങ്ങിയത്. സൂപ്പർ ഓവറിൽ കേരളം ഉയർത്തിയ 12 റൺസ് വിജയലക്ഷ്യം ആന്ധ ഒരു പന്ത് ബാക്കി നില്‍ക്കെ മറികടന്നു.

ടോസ് നേടി ഫീൽഡിങ് തെരഞ്ഞെടുത്ത കേരളത്തിന് ബൌളർമാർ മികച്ച തുടക്കമാണ് നല്കിയത്. സ്കോർ ബോർഡ് തുറക്കും മുൻപെ ക്യാപ്റ്റൻ ഹേമന്ത് റെഡ്ഡിയെ പുറത്താക്കി എം.നിഖിലാണ് കേരളത്തിന് ആദ്യ വഴിത്തിരിവൊരുക്കിയത്. സ്കോർ 45ൽ നില്‍ക്കെ രേവന്ത് റെഡ്ഡിയെ അഖിനും പുറത്താക്കി. 11 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ സായ് ശ്രാവൺ, തേജ, സുബ്രഹ്മണ്യം എന്നിവരെ പുറത്താക്കി അഭിജിത് പ്രവീൺ ആന്ധ്രയെ സമ്മർദ്ദത്തിലാക്കി. മധ്യനിരയിലും വാലറ്റത്തുമായി പാണ്ഡുരംഗ രാജുവും, കെ എസ് രാജുവും, എസ് ഡി എൻ വി പ്രസാദും സാകേത് റാമും നടത്തിയ ചെറുത്തുനില്പാണ് ആന്ധ്രയുടെ സ്കോർ 213ൽ എത്തിച്ചത്. എസ് ഡി എൻ വി പ്രസാദ് 44ഉം കെ എസ് രാജു 32ഉം പാണ്ഡുരംഗ രാജു 27ഉം സാകേത് രാം 28ഉം റൺസെടുത്തു.കേരളത്തിന് വേണ്ടി അഭിജിത് പ്രവീൺ നാല് വിക്കറ്റും, ജെറിൻ പി എസ് രണ്ട് വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരള ബാറ്റർമാരിൽ വരുൺ നായനാരും ഗോവിന്ദ് ദേവ് പൈയും നിഖിലും മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ചത്. വരുൺ 87ഉം, ഗോവിന്ദ് 45ഉം, നിഖിൽ 27ഉം റൺസെടുത്തു. 50 ഓവറിൽ 213 റൺസിന് കേരളം ഓൾ ഔട്ടായി. തുടർന്നാണ് മത്സരം സൂപ്പർ ഓവറിലേക്ക് നീങ്ങിയത്. സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത കേരളം രണ്ട് വിക്കറ്റ് നഷ്ടത്തിൽ 11 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ആന്ധ്രയ്ക്ക് അഞ്ച് പന്തിൽ രണ്ട് സിക്സടക്കം 14 റൺസുമായി പുറത്താകാതെ നിന്ന എസ് ഡി എൻ വി പ്രസാദാണ് വിജയമൊരുക്കിയത്.

കേരളത്തെ തോല്പിച്ച് സൌരാഷ്ട്ര

റാഞ്ചി : മെൻസ് അണ്ടർ 23 സ്റ്റേറ്റ് ട്രോഫിയിൽ കേരളത്തിന് വീണ്ടും തോൽവി. സൌരാഷ്ട്ര 96 റൺസിനാണ് കേരളത്തെ തോല്പിച്ചത്. ടൂർണ്ണമെൻ്റിൽ ഇത് കേരളത്തിൻ്റെ തുടർച്ചയായ മൂന്നാം തോൽവിയാണ്. ആദ്യം ബാറ്റ് ചെയ്ത സൌരാഷ്ട്ര 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 309 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 46.2 ഓവറിൽ 213 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു.

ടോസ് നേടിയ കേരളം സൌരാഷ്ട്രയെ ആദ്യം ബാറ്റിങ്ങിന് അയക്കുകയായിരുന്നു. പി ചൌഹാനും രാജ് വഗേലയും ചേർന്ന് മികച്ച തുടക്കമാണ് സൌരാഷ്ട്രയ്ക്ക് നല്കിയത്. ചൌഹാൻ 39 പന്തിൽ 56 റൺസ് നേടി. തുടരെയുള്ള ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി കേരളം റണ്ണൊഴുക്കിന് തടയിട്ടെങ്കിലും മധ്യനിരയിൽ ഗജ്ജർ സമ്മർ സൌരാഷ്ട്രയ്ക്ക് തുണയായി. ഒരറ്റത്ത് ഉറച്ച് നിന്ന ഗജ്ജർ 90 റൺസുമായി പുറത്താകാതെ നിന്നു. 31 റൺസെടുത്ത മൌര്യ ഗൊഗാറിയും 26 റൺസ് വീതം നേടിയ അൻഷ് ഗോസായ്, തീർഥ്രാജ് സിങ് ജഡേജ തുടങ്ങിയവരും സൌരാഷ്ട്രയ്ക്ക് വേണ്ടി ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ചു. കേരളത്തിന് വേണ്ടി അഖിൻ നാല് വിക്കറ്റ് വീഴ്ത്തി.

വലിയ ലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് വേണ്ടി മുൻനിര ബാറ്റർമാരിൽ അഭിഷേക് നായർ മാത്രമാണ് മികച്ച പ്രകടനം കാഴ്ച വച്ചത്. രണ്ടാം വിക്കറ്റിൽ അഭിഷേകും വരുൺ നായനാരും ചേർന്നുള്ള കൂട്ടുകെട്ട് കേരളത്തിന് പ്രതീക്ഷ നല്കി. എന്നാൽ ഇരുവരും പുറത്തായതോടെ തുടരെ വിക്കറ്റുകൾ വീണു. അഭിഷേക് നായർ 59ഉം വരുൺ നായനാർ 27ഉം റൺസെടുത്തു.വാലറ്റത്ത് ജെറിനും അനുരാജും പവൻ രാജും നടത്തിയ ചെറുത്തുനില്പാണ് കേരളത്തിന് വലിയ തോൽവി ഒഴിവാക്കിയത്. അനുരാജ് 35 റൺസുമായി പുറത്താകാതെ നിന്നു.ജെറിൻ 25ഉം പവൻ രാജ് 23ഉം റൺസെടുത്തു. സൌരാഷ്ട്രയ്ക്ക് വേണ്ടി ഡി ഗോഹിൽ, ഗജ്ജർ സമ്മർ, ക്രെയ്ൻസ് ഫുലേത്ര, മൌര്യ ഗൊഗാറി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

U23 സ്റ്റേറ്റ് ട്രോഫി; കേരളത്തെ തോല്പിച്ച് ഹരിയാന

റാഞ്ചി : മെൻസ് അണ്ടർ 23 സ്റ്റേറ്റ് ട്രോഫിയിൽ കേരളത്തെ തോല്പിച്ച് ഹരിയാന. പത്ത് വിക്കറ്റിനായിരുന്നു ഹരിയാനയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം ഇരുപത്തി ഏഴാം ഓവറിൽ വെറും 80 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഹരിയാന 7.2 ഓവറിൽ ലക്ഷ്യത്തിലെത്തി.

ബാറ്റിങ് നിര അമ്പെ പരായജപ്പെട്ടതാണ് മത്സരത്തിൽ കേരളത്തിന് തിരിച്ചടിയായത്. സ്കോർ ആറിലെത്തിയപ്പോൾ തന്നെ കേരളത്തിന് ആദ്യ വിക്കറ്റ് നഷ്ടമായി. മൂന്ന് റൺസെടുത്ത അഭിഷേക് നായരാണ് ആദ്യം പുറത്തായത്, തുടർന്നെത്തിയ വരുൺ നായനാർ രണ്ടാം പന്തിൽ തന്നെ പുറത്തായപ്പോൾ കാമിൽ അബൂബക്കർ ഒരു റൺസെടുത്ത് പുറത്തായി. ഒമർ അബൂബക്കറും ക്യാപ്റ്റൻ രോഹൻ നായരും ചേർന്നുള്ള 46 റൺസിൻ്റെ കൂട്ടുകെട്ട് കേരളത്തിന് പ്രതീക്ഷ നല്കി. എന്നാൽ ഇരുവരും പുറത്തായതോടെ കേരളത്തിൻ്റെ ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞു. വെറും മൂന്ന് റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ആറ് വിക്കറ്റുകളാണ് വീണത്. മധ്യനിരയെയും വാലറ്റത്തെയും പുറത്താക്കി ഭുവൻ റോഹില്ലയാണ് കേരള ബാറ്റിങ് നിരയെ തകർത്തെറിഞ്ഞത്. 8.2 ഓവറിൽ വെറും 22 റൺസ് വഴങ്ങിയാണ് ഭുവൻ ആറ് വിക്കറ്റ് വീഴ്ത്തിയത്. അനൂജ് തക്രൽ മൂന്ന് വിക്കറ്റും വീഴ്ത്തി. 31 റൺസെടുത്ത ഒമർ അബൂബക്കറും 19 റൺസെടുത്ത രോഹൻ നായരും 14 റൺസെടുത്ത ജെറിൻ പി സും മാത്രമാണ് കേരള ബാറ്റിങ് നിരയിൽ രണ്ടക്കം കടന്നത്.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഹരിയാനയ്ക്ക് ഓപ്പണർ അർഷ് രംഗയുടെ പ്രകടനമാണ് അനായാസ വിജയം ഒരുക്കിയത്. 25 പന്തിൽ 54 റൺസ് നേടിയ അർഷും 22 റൺസെടുത്ത യഷ് വർധൻ ദലാലും ചേർന്ന് എട്ടാം ഓവറിൽ ഹരിയാനയെ ലക്ഷ്യത്തിലെത്തിച്ചു

അക്ഷയും അഭിജിതും തിളങ്ങി, കേരളത്തിന് മൂന്നാം വിജയം

റാഞ്ചി: മെൻസ് അണ്ടർ 23 സ്റ്റേറ്റ് ട്രോഫിയിൽ വിജയക്കുതിപ്പ് തുടർന്ന് കേരളം. ഉത്തരാഖണ്ഡിനെ 80 റൺസിന് മറികടന്നാണ്,കേരളം ടൂർണ്ണമെൻ്റിൽ തുടരെയുള്ള മൂന്നാം വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം 49.4 ഓവറിൽ 309 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഉത്തരാഖണ്ഡ് നാല്‍പ്പത്തി നാലാം ഓവറിൽ 229 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു.

മെൻസ് അണ്ടർ 23 സ്റ്റേറ്റ് ട്രോഫിയിൽ 52 റണ്‍സ് നേടിയ വരുണ്‍ നായനാര്‍

ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് ഓപ്പണർമാരായ ഒമർ അബൂബക്കറും അഭിഷേക് നായരും ചേർന്ന് ഭേദപ്പെട്ട തുടക്കമാണ് നല്കിയത്. ഓപ്പണിങ് കൂട്ടുകെട്ടിൽ 56 റൺസ് പിറന്നു. എന്നാൽ തുടരെ മൂന്ന് വിക്കറ്റുകൾ വീണത് കേരളത്തിന് തിരിച്ചടിയായി. ഒമർ അബൂബക്കർ 38ഉം അഭിഷേക് നായർ 16ഉം കാമിൽ അബൂബക്കർ പൂജ്യത്തിനും പുറത്തായി. നാലാം വിക്കറ്റിൽ ഒത്തു ചേർന്ന വരുൺ നായനാരും അക്ഷയ് ടി കെയും ചേർന്നാണ് കേരളത്തിൻ്റെ മികച്ച സ്കോറിന് അടിത്തറയിട്ടത്. ഇരുവരും ചേർന്ന് 108 റൺസ് കൂട്ടിച്ചേർത്തു. വരുൺ നായനാർ 57 പന്തിൽ 52ഉം അക്ഷയ് ടി കെ 89 പന്തുകളിൽ 118ഉം റൺസെടുത്തു. നാല് ഫോറും പത്ത് സിക്സും അടങ്ങുന്നതായിരുന്നു അക്ഷയുടെ ഇന്നിങ്സ്. തുടർന്നെത്തിയ അഭിജിത് പ്രവീണും കഴിഞ്ഞ മത്സരത്തിലെ മികച്ച ഫോം തുടർന്നു. 35 പന്തുകളിൽ മൂന്ന് ഫോറും മൂന്ന് സിക്സുമടക്കം 47 റൺസാണ് അഭിജിത് നേടിയത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഹർഷ് പട്വാളാണ് ഉത്തരാഖണ്ഡ് ബൌളിങ് നിരയിൽ തിളങ്ങിയത്. അവനീഷ് സുധ മൂന്ന് വിക്കറ്റ് വീഴ്ത്തി.

തുടർന്ന് ബാറ്റ് ചെയ്ത ഉത്തരാഖണ്ഡിനെ ഒരു ഘട്ടത്തിലും നിലയുറപ്പിക്കാൻ കേരള ബൌളർമാർ അനുവദിച്ചില്ല. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി പിടിമുറുക്കിയതോടെ നാല്‍പ്പത്തി നാലാം ഓവറിൽ 229 റൺസിന് ഉത്തരാണ്ഡ് ഓൾഔട്ടായി. ബൌളിങ്ങിലും തിളങ്ങിയ അഭിജിത് പ്രവീൺ നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ അശ്വന്ത് ശങ്കർ മൂന്നും പവൻ രാജ് രണ്ടും വിക്കറ്റുകൾ നേടി

രോഹനും അഭിജിതും തിളങ്ങി, കേരളത്തിന് വൻ വിജയം

റാഞ്ചി: മെൻസ് അണ്ടർ 23 സ്റ്റേറ്റ് ട്രോഫിയിൽ തുടരെ രണ്ടാം വിജയവുമായി കേരളം. നാഗാലൻ്റിനെതിരെ 203 റൺസിൻ്റെ കൂറ്റൻ വിജയമാണ് കേരളം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 349 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ നാഗാലൻ്റ് 147 റൺസിന് പുറത്തായി. ക്യാപ്റ്റൻ രോഹൻ നായരുടെയും അഭിജിത് പ്രവീണിൻ്റെയും ഉജ്ജ്വല ഇന്നിങ്സുകളാണ് കേരളത്തിന് കൂറ്റൻ വിജയമൊരുക്കിയത്.

മെൻസ് അണ്ടർ 23 സ്റ്റേറ്റ് ട്രോഫിയിൽ 64 റൺസ് നേടിയ അഭിജിത് പ്രവീൺ

ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് അഞ്ച് റൺസെടുത്ത പവൻ ശ്രീധറിൻ്റെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായി. എന്നാൽ കഴിഞ്ഞ മത്സരത്തിലെപ്പോലെ ഒമർ അബൂബക്കറും കാമിൽ അബൂബക്കറും ചേർന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് കേരളത്തിന് തുണയായി. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 85 റൺസ് കൂട്ടിച്ചേർത്തു. ഒമർ 49ഉം കാമിൽ 63ഉം റൺസ് നേടി. തുടർന്നെത്തിയ ക്യാപ്റ്റൻ രോഹൻ നായരുടെയും വെടിക്കെട്ട് പ്രകടനം കാഴ്ചവച്ച അഭിജിത് പ്രവീണിൻ്റെയും ഇന്നിങ്സുകളാണ് കേരളത്തിൻ്റെ സ്കോർ 300 കടത്തിയത്. അഞ്ചാം വിക്കറ്റിൽ 88 റൺസാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്. രോഹൻ 110 പന്തുകളിൽ 109 റൺസ് നേടി. മറുവശത്ത് വെറും 25 പന്തുകളിൽ 64 റൺസുമായി അഭിജിത് പുറത്താകാതെ നിന്നു. രണ്ട് ഫോറും ആറ് സിക്സും അടങ്ങുന്നതായിരുന്നു അഭിജിതിൻ്റെ ഇന്നിങ്സ്. അക്ഷയ് ടി കെ 29ഉം നിഖിൽ എം 16 റൺസും നേടി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ നാഗാലൻ്റ് നിരയിൽ ഓപ്പണർ മുഖവി സുമിയും ക്യാപ്റ്റൻ തോഹുകയും മാത്രമാണ് അല്പമെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ചത്. മുഖവി 59ഉം തോഹുക 34ഉം റൺസെടുത്തു. ഇവർക്ക് പുറമെ രണ്ട് താരങ്ങൾ കൂടി മാത്രമാണ് നാഗാലൻ്റ് നിരയിൽ രണ്ടക്കം കടന്നത്. 41.4 ഓവറിൽ 147 റൺസിന് നാഗാലൻ്റ് ഓൾഔട്ടാവുകയായിരുന്നു. കേരളത്തിന് വേണ്ടി അകിനും, കിരൺ സാഗറും മൂന്ന് വിക്കറ്റ് വീതവും അനുരാജ് രണ്ട് വിക്കറ്റും വീഴ്ത്തി

Exit mobile version