ജസ്പ്രീത് ബുംറ @ മെല്‍ബേണ്‍, ട്രെന്റ് ബ്രിഡ്ജ്, ജോഹാന്നസ്ബര്‍ഗ്

മെല്‍ബേണില്‍ ആറ് വിക്കറ്റുകള്‍ വീഴ്ത്തിയ ജസ്പ്രീത് ബുംറയ്ക്ക് അത്യപൂര്‍വ്വമായ നേട്ടം. ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ ഒരേ കലണ്ടര്‍ വര്‍ഷത്തില്‍ 5 വിക്കറ്റ് നേട്ടം കൊയ്യുന്ന ആദ്യ ഏഷ്യന്‍ താരമെന്ന ബഹുമതിയാണ് ബുംറ ഇന്നത്തെ പ്രകടനത്തോടെ സ്വന്തമാക്കിയത്. ഈ വര്‍ഷം ദക്ഷിണാഫ്രിക്കയിലും ഇംഗ്ലണ്ടിലും താരം സമാനമായ നേട്ടം നേടിയിരുന്നു.

ദക്ഷിണാഫ്രിക്കയിലെ ജോഹാന്നസ്ബര്‍ഗില്‍ 5/54 എന്ന സ്പെല്ലും ഇംഗ്ലണ്ടിലെ ട്രെന്റ് ബ്രിഡ്ജില്‍ 5/85 എന്ന സ്പെല്ലും പുറത്തെടുത്ത് അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ച ബുംറ 6/33 എന്ന നേട്ടമാണ് ഓസ്ട്രേലിയയില്‍ സ്വന്തമാക്കിയത്.

ജസ്പ്രീത് ബുംറയ്ക്ക് ആറ് വിക്കറ്റ്, ഓസ്ട്രേലിയ ഓള്‍ഔട്ട്, ഇന്ത്യയ്ക്ക് 292 റണ്‍സ് ഒന്നാം ഇന്നിംഗ്സ് ലീഡ്

മെല്‍ബേണ്‍ ടെസ്റ്റില്‍ വ്യക്തമായ മേല്‍ക്കൈ നേടി ഇന്ത്യ. ജസ്പ്രീത് ബുംറയുടെ 6 വിക്കറ്റ് നേട്ടത്തിന്റെ ബലത്തില്‍ ഓസ്ട്രേലിയയെ 151 റണ്‍സിനു ഓള്‍ഔട്ട് ആക്കി 292 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് ഇന്ത്യ ഇന്ന് സ്വന്തമാക്കിയത്. 22 വീതം റണ്‍സ് നേടിയ മാര്‍ക്കസ് ഹാരിസും ടിം പെയിനുമാണ് ഓസ്ട്രേലിയയുടെ ടോപ് സ്കോറര്‍മാര്‍.

ഉസ്മാന്‍ ഖ്വാജ(21), ട്രാവിസ് ഹെഡ്(20), പാറ്റ് കമ്മിന്‍സ്(17) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു താരങ്ങള്‍. ഇന്ത്യയ്ക്കായി ബുംറയ്ക്കൊപ്പം രവീന്ദ്ര ജഡേജ(2), ഇഷാന്ത് ശര്‍മ്മ, മുഹമ്മദ് ഷമി എന്നിവര്‍ വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.

ഇന്ത്യയ്ക്ക് ജയിക്കാനായില്ലെങ്കില്‍ കാരണക്കാരന്‍ പുജാര: റിക്കി പോണ്ടിംഗ്

ഇന്ത്യ മെല്‍ബേണില്‍ ജയിക്കുന്നില്ലെങ്കില്‍ അതിനു കാരണം പുജാരയുടെ ഇന്നിംഗ്സാണെന്ന് പറഞ്ഞ് റിക്കി പോണ്ടിംഗ്. 319 പന്തില്‍ നിന്ന് 106 റണ്‍സ് നേടിയ പുജാരയുടെ ബാറ്റിംഗ് വേഗതക്കുറവിനെ പരാമ്ര‍ശിച്ചാണ് മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്. വിരാട് കോഹ്‍ലിയും തന്റെ പതിവു ശൈലിയ്ക്ക് വിപരീതമായാണ് ബാറ്റ് വീശിയത്. 204 പന്തില്‍ നിന്നാണ് ഇന്ത്യന്‍ നായകന്‍ തന്റെ 82 റണ്‍സ് നേടി പുറത്തായത്.

ഇന്ത്യ മത്സരം വിജയിക്കുകയാണെങ്കില്‍ ഈ ഇന്നിംഗ്സ് മികച്ചതെന്ന് വാഴ്ത്തപ്പെടും. എന്നാല്‍ ഓസ്ട്രേലിയയെ രണ്ട് വട്ടം പുറത്താക്കുവാനുള്ള സമയം ടീമിനു ലഭിയ്ക്കുന്നില്ലെങ്കില്‍ അതിനു കാരണം ഈ ഇന്നിംഗ്സാണെന്ന് പുജാരയുടെ ഇന്നിംഗ്സിനെ സൂചിപ്പിച്ച് റിക്കി പോണ്ടിംഗ് പറഞ്ഞു.

പുജാര ക്രീസില്‍ നില്‍‍ക്കുമ്പോള്‍ റണ്‍റേറ്റ് ഉയര്‍ത്തുവാന്‍ ഇന്ത്യ പെടാപ്പാട് പെടുമെന്ന് പറഞ്ഞ പോണ്ടിംഗ് താരം റണ്‍സ് നേടുന്നതിനെക്കുറിച്ച് ചിന്താകുലനല്ലെന്നും പറഞ്ഞു. പരമ്പരയിലെ രണ്ടാമത്തെ ശതകമാണ് പുജാര നേടിയത്. താരം ഔട്ട് ആകുമെന്ന തോന്നിപ്പിക്കാതെ മികച്ച ഫോമിലാണ് കളിയ്ക്കുന്നത്. എന്നാല്‍ റണ്‍റേറ്റ് 2 റണ്‍സിനടുത്ത് മാത്രമാണെങ്കില്‍ ഒരു ടീമും ഇതുപോലുള്ള പിച്ചുകളില്‍ ടെസ്റ്റ് മത്സരം വിജയിക്കുവാന്‍ പോണില്ലെന്നും റിക്കി പോണ്ടിംഗ് പറഞ്ഞു.

മിച്ചല്‍ മാര്‍ഷിനോടുള്ള പെരുമാറ്റം മോശം, നിരാശാജനം

ഓസ്ട്രേലിയന്‍ ടീമിലേക്ക് തിരികെ എത്തിയ ഉപ നായകന്‍ മിച്ചല്‍ മാര്‍ഷിനെതിരെ കൂവിയ കാണികളുടെ പ്രവൃത്തിയെ മോശമെന്ന് വിശേഷിപ്പിച്ച് ട്രാവിസ് ഹെഡ്. മോശവും നിരാശാജനകവുമായ പ്രവണതയാണ് മെല്‍ബേണിലെ ഏഴുപതിനായിരത്തിലുമധികമുള്ള കാണികള്‍ ചെയ്തതെന്നാണ് ട്രാവിസ് ഹെഡ് വിശേഷിപ്പിച്ചത്. പീറ്റര്‍ ഹാന്‍ഡ്സ്കോമ്പിനു പകരം ടീമിലെത്തിയ മിച്ചല്‍ മാര്‍ഷിന്റെ തിരഞ്ഞെടുപ്പിലുള്ള അമര്‍ഷമാണ് താരത്തെ കൂക്കിവിളികളോടെ വരവേല്‍ക്കുവാന്‍ കാണികളെ പ്രേരിപ്പിച്ചത്.

മാര്‍ഷിന്റെ സ്പെല്ലുകളുടെ തുടക്കത്തില്‍ ആണ് കാണികളുടെ ഈ മോശം പ്രവണത. വളരെ ഉയര‍ത്തിലുള്ള ശബ്ദം ഓസ്ട്രേലിയന്‍ ടീമംഗങ്ങളെ അസ്വസ്ഥരാക്കിയിരുന്നു. മികച്ച ടീം പ്ലേയര്‍ ആയ മാര്‍ഷിനു ഇത് കേള്‍ക്കേണ്ടി വന്നത് ദുഖകരമാണെന്നും ട്രാവിസ് ഹെഡ് പറഞ്ഞു.

എംസിജിയില്‍ മാസ്മരിക പ്രകടനവുമായി മയാംഗ്, മെല്‍ബേണില്‍ ഇന്ത്യ മുന്നോട്ട് കുതിയ്ക്കുന്നു

ഇന്ത്യയുടെ അരങ്ങേറ്റക്കാരന്‍ ഓപ്പണിംഗ് ബാറ്റ്സ്മാന്‍ മയാംഗ് അഗര്‍വാലിന്റെ തകര്‍പ്പന്‍ പ്രകടനത്തിന്റെ ബലത്തില്‍ മെല്‍ബേണ്‍ ടെസ്റ്റില്‍ മികച്ച സ്കോര്‍ നേടി ഇന്ത്യ. പുതിയ ഓപ്പണര്‍മാരുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് ഹനുമ വിഹാരിയെ(8) നഷ്ടമായെങ്കിലും 18.5 ഓവര്‍ വരെ വിക്കറ്റ് നഷ്ടമില്ലാതെ പിടിച്ച് നില്‍ക്കുവാന്‍ ഓപ്പണിംഗ് കൂട്ടുകെട്ടിനായി. 66 പന്തുകള്‍ നേരിട്ട വിഹാരി ഓസീസ് ബൗളിംഗിന്റെ മൂര്‍ച്ച കളഞ്ഞ ശേഷമാണ് പാറ്റ് കമ്മിന്‍സിനു വിക്കറ്റ് നല്‍കി മടങ്ങിയത്. ഹനുമ വിഹാരി പുറത്താകുമ്പോള്‍ ഇന്ത്യയുടെ സ്കോര്‍ ബോര്‍ഡ് 40 റണ്‍സായിരുന്നു.

പിന്നീട് മത്സരത്തില്‍ മെല്ലെ മെല്ലെ ഇന്ത്യ പിടി മുറുക്കുന്ന കാഴ്ചയാണ് രണ്ടത്. മയാംഗ് അഗര്‍വാലും ചേതേശ്വര്‍ പുജാരയും ചേര്‍ന്ന് ഇന്ത്യന്‍ സ്കോര്‍ മുന്നോട്ട് നയിക്കുകയായിരുന്നു. 49 ഓവറുകള്‍ പിന്നിടുമ്പോള്‍ ഇന്ത്യ 112/1 എന്ന നിലയിലാണ്. 72 റണ്‍സ് രണ്ടാം വിക്കറ്റ് കൂട്ടുകെട്ടുമായി മയാംഗും(65*) ചേതേശ്വര്‍ പുജാരയുമാണ്(33*) ക്രീസില്‍ നില്‍ക്കുന്നത്.

മൂന്നാം ടെസ്റ്റില്‍ ഇന്ത്യ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് മാറ്റങ്ങളോടെ ഇന്ത്യ ടെസ്റ്റിനിറങ്ങുമ്പോള്‍ ഓസ്ട്രേലിയന്‍ നിരയില്‍ ഒരു മാറ്റമാണുള്ളത്.

മെല്‍ബേണ്‍ പിച്ചില്‍ ഫലമുണ്ടാവും എന്ന് പ്രതീക്ഷ: വിരാട് കോഹ്‍ലി

കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് മെല്‍ബേണ്‍ പിച്ചില്‍ നിന്ന് ഒരു ഫലമുണ്ടാവുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് അറിയിച്ച് വിരാട് കോഹ്‍ലി. കഴിഞ്ഞ സീരീസില്‍ ഓസ്ട്രേലിയ 2-0നു മുന്നില്‍ നില്‍ക്കെയാണ് മെല്‍ബേണിലെ പിച്ചില്‍ മത്സരം സമനിലയിലേക്ക് നീങ്ങുകയായിരുന്നു. എന്നാല്‍ ഇത്തവണ കൂടുതല്‍ പച്ചപ്പുള്ള പിച്ചില്‍ നിന്ന് മത്സരത്തില്‍ ഒരു ഫലമുണ്ടാകുമെന്നാണ് ഇന്ത്യന്‍ നായകന്‍ പ്രതീക്ഷ പങ്കുവെച്ചത്.

പരമ്പരയില്‍ ഓരോ ടെസ്റ്റ് ഇരു ടീമുകളും വിജയിച്ച് നില്‍ക്കുമ്പോള്‍ പരമ്പരയുടെ ഗതി നിര്‍ണ്ണയിക്കുന്ന മത്സരമാകും മെല്‍ബേണിലേത്. ജയ പ്രതീക്ഷയുമായി എത്തുന്ന ഇന്ത്യ പിച്ചില്‍ മൂന്ന് മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. ടെസ്റ്റ് മത്സരത്തില്‍ ബൗളര്‍മാര്‍ക്ക് ഗുണകരമായ അവസ്ഥയാണെങ്കില്‍ മത്സരം കൂടുതല്‍ ആവേശകരമാകുമെന്നാണ് തന്റെ അഭിപ്രായമെന്നും വിരാട് പറഞ്ഞു.

മാര്‍ഷിനെ ഉള്‍പ്പെടുത്തി ഓസ്ട്രേലിയന്‍ ഇലവന്‍

ഇന്ത്യയ്ക്കെതിരെ ബോക്സിംഗ് ഡേ ടെസ്റ്റിനുള്ള ഇലവനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയയും. പ്രതീക്ഷിച്ച പോലെ ഒരു മാറ്റമാണ് ടീമില്‍ വരുത്തിയിരിക്കുന്നത്. മധ്യ നിര ബാറ്റ്സ്മാന്‍ പീറ്റര്‍ ഹാന്‍ഡ്സ്കോമ്പിനു പകരം ഓസ്ട്രേലിയന്‍ ഉപനായകന്‍ മിച്ചല്‍ മാര്‍ഷ് ടീമിലേക്ക് എത്തി. മാര്‍ഷിനെ ആദ്യ രണ്ട് ടെസ്റ്റില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഓസ്ട്രേലിയന്‍ മുഖ്യ കോച്ച് ജസ്റ്റിന്‍ ലാംഗര്‍ ഈ മാറ്റത്തിന്റെ സൂചന നല്‍കിയിരുന്നു.

ഓസ്ട്രേലിയ: ആരോണ്‍ ഫിഞ്ച്, മാര്‍ക്കസ് ഹാരിസ്, ഉസ്മാന്‍ ഖവാജ, ഷോണ്‍ മാര്‍ഷ്, മിച്ചല്‍ മാര്‍ഷ്, ടിം പെയിന്‍, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലയണ്‍, ജോഷ് ഹാസല്‍വുഡ്

മയാംഗ് അഗര്‍വാല്‍ ടെസ്റ്റ് അരങ്ങേറ്റം കുറിക്കും, രാഹുലും മുരളി വിജയ്‍യും പുറത്ത്

മെല്‍ബേണില്‍ നാളെ ആരംഭിക്കുന്ന മൂന്നാം ടെസ്റ്റില്‍ മയാംഗ് അഗര്‍വാല്‍ അരങ്ങേറ്റം കുറിയ്ക്കും. ഓപ്പണര്‍മാരായ കെഎല്‍ രാഹുല്‍, മുരളി വിജയ് എന്നിവരെ പുറത്താക്കിയ ഇന്ത്യ പകരം ആ സ്ഥാനത്തേക്ക് മയാംഗിനെയും ഹനുമ വിഹാരിയെയും ഇറക്കുമെന്ന് വേണം മനസ്സിലാക്കുവാന്‍. അതേ സമയം ഉമേഷ് യാദവിനു പകരം ഇന്ത്യ രവീന്ദ്ര ജഡേജയെ ടീമിലെത്തിച്ചു.

ഇതോടെ ഇന്ത്യയ്ക്കായി ടെസ്റ്റ് അരങ്ങേറ്റം കുറിയ്ക്കുന്ന 295ാമത്തെ കളിക്കാരനായി മയാംഗ് അഗര്‍വാല്‍ മാറും. രോഹിത് ശര്‍മ്മ ടെസ്റ്റ് ഇലവനിലേക്ക് മടങ്ങിയെത്തുമ്പോള്‍ അശ്വിന്‍ പുറത്ത് തന്നെയാണ്.

ഇന്ത്യ: വിരാട് കോഹ്‍ലി, അജിങ്ക്യ രഹാനെ, മയാംഗ് അഗര്‍വാല്‍, ഹനുമ വിഹാരി, ചേതേശ്വര്‍ പുജാര, രോഹിത് ശര്‍മ്മ, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ്മ, ജസ്പ്രീത് ബുംറ

ഇന്ത്യ ഓസ്ട്രേലിയ രണ്ടാം ടി20 ഉപേക്ഷിച്ചു

ഓസ്ട്രേലിയന്‍ ഇന്നിംഗ്സിന്റെ അവസാനത്തോടു എത്തിയ മഴ മാറാതെ തുടര്‍ന്നപ്പോള്‍ ഇന്ത്യ ഓസ്ട്രേലിയ രണ്ടാം ടി20 ഉപേക്ഷിച്ചു. ഇതോടെ പരമ്പരയില്‍ ഒപ്പമെത്തുവാനുള്ള സുവര്‍ണ്ണാവസരമാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ബൗളര്‍മാര്‍ കൃത്യതയോടെ പന്തെറിഞ്ഞപ്പോള്‍ ഓസ്ട്രേലിയയെ വരിഞ്ഞുകെട്ടുവാന്‍ ടീമിനായിരുന്നു. 19 ഓവറില്‍ 137 എന്ന പുനക്രമീകരിച്ച ലക്ഷ്യം ഇന്ത്യയ്ക്ക് നേടുവാനുള്ള സാധ്യത ഏറെയായിരുന്നെവിന്നിരിക്കെ മത്സരം ഉപേക്ഷിക്കുവാനുള്ള തീരുമാനം ഇന്ത്യയ്ക്ക് തിരിച്ചടിയായി.

എന്നാല്‍ മഴ പെയ്തതിനാല്‍ വിക്കറ്റില്‍ നിന്ന് ഓസ്ട്രേലിയയ്ക്കും ഗുണം ലഭിച്ചേക്കുമെന്നതിനാല്‍ അവരെയും എഴുതി തള്ളുവാന്‍ സാധിക്കില്ല. ഇന്ത്യയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്യാന്‍ അയയ്ക്കപ്പെട്ട ഓസ്ട്രേലിയ 132/7 എന്ന സ്കോറാണ് 19 ഓവറില്‍ നിന്ന് നേടിയത്. 32 റണ്‍സ് നേടിയ ബെന്‍ മക്ഡര്‍മട്ട് ആണ് ഓസീസ് നിരയിലെ ടോപ് സ്കോറര്‍.

Exit mobile version