എക്കാലത്തെയും ഉയർന്ന വരുമാനവുമായി എംബാപ്പെ…??? നിഷേധിച്ച് പിഎസ്ജി

സുപ്പർ താരം കിലിയൻ എംബാപ്പെയെ ഏതു വിധേനയും ടീമിൽ നിലനിർത്താൻ പിഎസ്ജി വമ്പൻ നീക്കങ്ങൾ ആയിരുന്നു നടത്തിയിരുന്നത്. താരത്തിന്റെ വരുമാനത്തിൽ കുതിച്ചു ചാട്ടമുണ്ടാക്കിയ പുതിയ കരാറിനെ കുറിച്ചുള്ള വിവരങ്ങൾ കഴിഞ്ഞ ദിവസം ഫ്രഞ്ച് മാധ്യമമായ “ലെ പാരീസിയെൻ” പുറത്തു വിട്ടത് കണ്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് കായിക ലോകം. കാരണം മറ്റൊന്നുമല്ല, ഈ വിവരങ്ങൾ ശരിയാണെങ്കിൽ ലോകത്തെ എക്കാലത്തെയും ഉയർന്ന വരുമാനം നേടുന്ന കായിക താരമായി എമ്പാപ്പെ മാറിയിട്ടുണ്ട് എന്ന് തന്നെ. മൂന്ന് വർഷത്തേക്ക് അറുന്നൂറ് മില്യൺ യൂറോ ആണത്രേ പിഎസ്ജി എമ്പാപ്പെക്ക് നൽകേണ്ടി വരിക.

ലെ പാരിസിയൻ പുറത്തു വിട്ട വിവരങ്ങൾ ഇങ്ങനെ; രണ്ടു വർഷത്തെ അടിസ്ഥാന കരാർ ഒരു വർഷത്തേക്ക് കൂടി അധികരിപ്പിക്കാവുന്ന രീതിയിലും ആണ്. പക്ഷെ എമ്പാപ്പെ മനസ് വെച്ചാൽ മാത്രമേ ഒരു വർഷത്തേക്ക് കൂടി നീട്ടാൻ കഴിയൂ. കരാർ ഒപ്പിടുന്നതിനുള്ള സൈനിങ്-ഓൺ ബോണസ് 180 മില്യൺ യൂറോ..!!!. ഇത് മൂന്ന് ഘടുക്കൾ ആയി ഓരോ വർഷവും നൽകും. ഇനി നേരത്തെ ടീം വിടാൻ ആണ് താരത്തിന്റെ പദ്ധതി എങ്കിൽ ഈ തുക മുഴുവനായി എമ്പാപ്പെക്ക് നൽകാനും ക്ലബ്ബ് ബാധ്യസ്ഥരാണ്. ആറു മില്യൺ യൂറോയോളമാണ് മാസവരുമാനം. ഇത് കൂടാതെ സീസണിന് അവസാനം ടീമിൽ തന്നെ തുടരുന്നുണ്ടെങ്കിൽ എഴുപത് മില്യൺ “ലോയൽറ്റി ബോണസ്”. ടീമിൽ തുടരുന്ന മുറക്ക് ഓരോ സീസണിലും ഇതിൽ പത്ത് മില്യണിന്റെ വർധനവും ഉണ്ടാവും. ടീമിന്റെ മൊത്തം ബഡ്ജറ്റിന്റെ നാലിൽ ഒന്ന് വരും ആകെ എമ്പാപ്പെക്ക് വേണ്ടി ചിലവാക്കുന്ന തുക എന്നാണ് കാണക്ക്.

എന്നാൽ പിഎസ്ജി ഈ വാർത്തകൾ പൂർണമായും തള്ളിയിട്ടുണ്ട്. വർത്തയിലെ എല്ലാ വിവരങ്ങളും തെറ്റാണെന്ന് ചൂണ്ടിക്കാണിച്ചു കൊണ്ടാണ് പിഎസ്ജി “ലെ പാരിസിയെൻ” ന്യൂസിനോട് പ്രതികരിച്ചത്. പക്ഷെ ആകാശമുട്ടേയുള്ള വരുമാനത്തിന്റെ വാർത്തകൾ കാട്ടു തീ പോലെ പടർന്ന് കഴിഞ്ഞു. ക്ലബ്ബ് നിയമനടപടികളിലേക്ക് വരെ നീങ്ങിയേക്കും എന്ന് ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേ സമയം പിഎസ്ജിക്ക് കഴിഞ്ഞ സീസണിൽ മുന്നൂറ്റിയൻപത് മില്യൺ യൂറോയോളം നഷ്ടമാണ് ആകെ വരുമാനത്തിൽ ഉണ്ടായത് എന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. ഇതിന് പുറമെ എമ്പാപ്പെയുടെ കരാർ കൂടി ആവുമ്പോൾ എവിടെയാണ് ഫ്രഞ്ച് ടീമിന്റെ നിലവിലെ സാമ്പത്തിക സ്ഥിതിയെന്നതാണ് ചോദ്യം. ഇനി പിഎസ്ജിക്കുള്ളിലും ഇതിന്റെ അലയൊലികൾ ഉണ്ടാകുമോ എന്നത് കണ്ടറിയേണ്ടതാണ്.

മെസ്സിയുടെ ഫ്രീകിക്കും, പിന്നെ സബ്ബായി വന്ന് രക്ഷകനായ എംബപ്പെയും, പി എസ് ജി ഒന്നാമത്

പി എസ് ജിക്ക് ഫ്രഞ്ച് ലീഗിൽ ഒരു വിജയം കൂടെ‌. അവർ ഇന്ന് ഒ ജി സി നീസിനെ ആയിരുന്നു നേരിട്ടത്. നീസിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പി എസ് ജി പരാജയപ്പെടുത്തി. സബ്ബായി എത്തി ഗോൾ അടിച്ച് എംബപ്പെയാണ് പി എസ് ജിയുടെ ജയം ഉറപ്പിച്ചത്.

ഇന്ന് പാരീസിൽ നടന്ന മത്സരത്തിൽ പി എസ് ജി എമ്പപ്പെയെ ബെഞ്ചിൽ ഇരുത്തി നെയ്മറിനെയും മെസ്സിയെയും ആദ്യ ഇലവനിൽ ഇറക്കിയാണ് കളി ആരംഭിച്ചത്. മത്സരത്തിന്റെ 27ആം മിനുട്ടിൽ മെസ്സി നേടിയ ഒരു ഫ്രീകിക്ക് ആണ് ആദ്യ ഗോളിലേക്കുള്ള വഴി തെളിച്ചത്. ഡി ബോക്സിന്റെ വരയിൽ ലഭിച്ച പെനാൾട്ടി മെസ്സി തന്നെ എടുത്തു. മെസ്സി അനായാസം പന്ത് ലക്ഷ്യത്തിൽ എത്തിക്കുകയും ചെയ്തു.

ഈ ഗോളിന് ആദ്യ പകുതിയിൽ നീസിന് മറുപടി ഉണ്ടായിരുന്നില്ല. രണ്ടാം പകുതിയിൽ തുടക്കത്തി തന്നെ നീസ് സമനില കണ്ടെത്തി. വലതു വിങ്ങിൽ നിന്ന് വന്ന ഒരു ക്രോസിൽ നിന്ന് ലബോർദെ ആണ് നീസിന് സമനില നൽകിയത്. ഇതിനു ശേഷം പി എസ് ജി എമ്പപ്പെയെ കൂടെ കളത്തിൽ ഇറക്കി.

അവസാനം എമ്പപ്പെ തന്നെ വിജയ ഗോൾ നേടി. 83ആം മിനുട്ടിൽ മുകിയേലെയുടെ പാസിൽ നുന്നായിരുന്നു എമ്പപ്പെയുടെ വിജയ ഗോൾ.

ഈ ജയത്തോടെ പി എസ് ജി ലീഗിൽ 2 പോയിന്റിന്റെ ലീഡുമായി ഒന്നാമത് തുടരുകയാണ്. 25 പോയിന്റാണ് പി എസ് ജിക്ക് ഉള്ളത്.

അർക്കും തടയാൻ ആകാത്ത എംബപ്പെ ഗോൾ, പിന്നെ ജിറൂദിന്റെ ക്ലാസും, ഫ്രാൻസിന് ജയം

യുവേഫ നാഷൺസ് ലീഗിൽ ഗ്രൂപ്പ് എയിൽ ഓസ്ട്രിയക്ക് എതിരെ ഫ്രാൻസിന് ജയം. ഇന്ന് ഫ്രാൻസിൽ നടന്ന മത്സരം എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഫ്രാൻസ് വിജയിച്ചത്. രണ്ട് ഗോളുകളും ഫ്രാൻസ് രണ്ടാം പകുതിയിലാണ് നേടിയത്. 56ആം മിനുട്ടിൽ കിലിയൻ എംബപ്പെയുടെ വക ആയിരുന്നു ആദ്യ ഗോൾ. എമ്പപ്പെ പന്ത് സ്വീകരിച്ച ശേഷം തന്റെ പവറും സ്കില്ലും ഉപയോഗിച്ച് ഓസ്ട്രിയ ഡിഫൻസിനെ ആകെ മറികടന്ന് പവർഫുൾ ഷോട്ടിലൂടെ വലയിൽ പന്ത് എത്തിക്കുകയായിരുന്നു.

എമ്പപ്പെയുടെ ഫ്രാൻസിനായുള്ള 28ആമത്തെ ഗോളാണ് ഇത്. ഇതിനു ശേഷം 65ആം മിനുട്ടിൽ ഗ്രീസ്മന്റെ ഒരു ക്രോസിൽ നിന്ന് ഒരു നല്ല ഹെഡറിലൂടെ ജിറൂദ് ലീഡ് ഇരട്ടിയാക്കി. ഫ്രാൻസിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ഹെൻറിയുടെ റെക്കോർഡിന് ഒപ്പം എത്താൻ ഇനി രണ്ട് ഗോളുകൾ കൂടുയെ ജിറൂദിന് വേണ്ടു.

അഞ്ച് മത്സരങ്ങളിൽ നിന്ന് അഞ്ച് പോയിന്റുമായി ഫ്രാൻസ് ഗ്രൂപ്പിൽ മൂന്നാമത് ആണ്. ഓസ്ട്രിയ അവസാന സ്ഥാനത്തും.

ഗോളും അസിസ്റ്റുമായി യൂറോപ്പിൽ മെസ്സി തിളക്കം!! കുഞ്ഞു ഹൈഫ ഉയർത്തിയ വലിയ വെല്ലുവിളി മറികടന്ന് പി എസ് ജി

ലയണൽ മെസ്സിയുടെ മികവിൽ പി എസ് ജിക്ക് യുവേഫ ചാമ്പ്യൻസ് ലീഗിൽ തുടർച്ചയായ രണ്ടാം വിജയം. ഇന്ന് ഇസ്രായേൽ ക്ലബായ മക്കാബി ഹൈഫയെ നേരിട്ട പി എസ് ജി ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ വിജയമാണ് നേടിയത്. മെസ്സി ഒരു ഗോളും ഒരു അസിസ്റ്റും നൽകി പി എസ് ജി ജയത്തിന് ചുക്കാൻ പിടിച്ചു.

ഇസ്രായേൽ ക്ലബായ മക്കാബി ഹൈഫ ഇന്ന് പി എസ് ജിയെ ഞെട്ടിച്ചു കൊണ്ടാണ് തുടങ്ങിയത്. പിഎസ് ജിയെ ഭയമില്ലാതെ നേരിട്ട മക്കാബി ഹൈഫ കളിയുടെ 24ആം മിനുട്ടിൽ ലീഡ് എടുത്തു. വലതു വിങ്ങിൽ നിന്ന് ഹസിസ നൽകിയ ഒരു ക്രോസ് ആണ് പി എസ് ജി ഡിഫസ്ൻസ് ഭേദിച്ചത്. ചെറി പന്ത് ലക്ഷ്യത്തിൽ എത്തിച്ചു.

ഈ ഗോളിന് മറുപടി നൽകാൻ ശ്രമിച്ച പി എസ് ജി ആദ്യ പകുതിയിൽ തന്നെ സമനില കണ്ടെത്തി. മെസ്സിയും എമ്പപ്പെയും ചേർന്ന് നടത്തിയ നീക്കമാണ് ഗോളായത്. 37ആം മിനുട്ടിൽ മെസ്സിയുടെ പാാ സ്വീകരിച്ച് പെനാൾട്ടി ബോക്സിലേക്ക് നീങ്ങിയ എമ്പപ്പെ മെസ്സിയിലേക്ക് തന്നെ പന്ത് തിരികെ നൽകി. ഇസ്രായേലി ടീം ഡിഫൻസ് ആ പന്ത് തടയാൻ ശ്രമിച്ചു എങ്കിലും ഫലം ഉണ്ടായില്ല. മെസ്സി തന്റെ ഈ സീസണിലെ ആദ്യ ചാമ്പ്യൻസ് ലീഗ് ഗോൾ നേടി. സ്കോർ 1-1.

രണ്ടാം പകുതിയിൽ പി എസ് ജി ലീഡ് എടുത്തു. എമ്പപ്പെ ആണ് പി എസ് ജിക്ക് ലീഡ് നൽകിയത്. ലയണൽ മെസ്സി ഒരുക്കിയ അവസരമാണ് എമ്പപ്പെ ലക്ഷ്യത്തിൽ എത്തിച്ചത്. മത്സരത്തിന്റെ അവസാനം വെററ്റിയുടെ പാസിൽ നിന്ന് ഒരു ഇടം കാലൻ ഫിനിഷിൽ നെയ്മർ കൂടെ ഗോൾ നേടിയതോടെ പി എസ് ജി ജയം പൂർത്തിയായി.

ഗ്രൂപ്പിൽ രണ്ട് മത്സരങ്ങളിൽ നിന്ന് രണ്ട് വിജയവുമായി പി എസ് ജി ഒന്നാമത് ആണ്. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ അവർ യുവന്റസിനെയും തോൽപ്പിച്ചിരുന്നു.

എംബപ്പെയുടെ ഡബിൾ മാജിക്ക്!! പാരീസിൽ യുവന്റസിനെ തോൽപ്പിച്ച് പി എസ് ജി

പാരീസിൽ പിഎസ് ജിയുടെ വിജയക്കൊടി. ഇന്ന് ചാമ്പ്യൻസ് ലീഗിലെ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ പി എസ് ജി യുവന്റസിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു. എമ്പപ്പെയുടെ ആദ്യ പകുതിയിലെ ഇരട്ട ഗോളുകൾ ആണ് പി എസ് ജിക്ക് വിജയം നൽകിയത്

പി എസ് ജി സൂപ്പർ താരങ്ങൾ ഒരു സൂപ്പർ ടീമായി മാറുന്നത് ഈ സീസൺ തുടക്കം മുതൽ കാണുന്നുണ്ട്. അതിന്റെ തുടർച്ചയാണ് ഇന്ന് പാരീസിൽ കണ്ടത്. മത്സരത്തിന്റെ തുടക്കം മുതൽ പി എസ് ജി മത്സരത്തിൽ ആധിപത്യം പുലർത്തി. അഞ്ചാം മിനുട്ടിൽ തന്നെ അവർ ലീഡും എടുത്തു. ഈ ചാമ്പ്യൻസ് ലീഗ് സീസണിൽ കാണാൻ കഴിയുന്ന ഏറ്റവും നല്ല പാസുകളിൽ ഒന്നായി മാറുമെന്ന് ഉറപ്പുള്ള ഒരു പാസിൽ നിന്നായിരുന്നു ആദ്യ ഗോൾ വന്നത്.

പെനാൾട്ടി ബോക്സിന് പുറത്ത് നിന്ന് നെയ്മർ ചിപ് ചെയ്ത് നൽകിയ പാസിന്റെ വേഗതയും അളവും എല്ലാം കിറു കൃത്യമായിരുന്നു. യുവന്റസ് ഡിഫൻഡേഴ്സിന്റെ തലക്കു മുകളിലൂടെ എംബപ്പയ്ക്ക് ഒരു വോളി തൊടുക്കാൻ പാകത്തിൽ വന്ന ആ പാസ് എംബപ്പെ ലക്ഷ്യത്തിൽ എത്തിച്ചു. പി എസ് ജി 1-0 യുവന്റസ്.

ഇതിനു ശേഷം യുവന്റസിന് ഒരു ഗോൾ അവസരം വന്നു. 18ആം മിനുട്ടിലെ മിലികിന്റെ ഹെഡർ ഡൊണ്ണരുമ്മ തടഞ്ഞത് കൊണ്ട് കളി 1-0 എന്ന് തന്നെ തുടർന്നു. 22ആം മിനുട്ടിൽ എംബപ്പെയുടെ വക രണ്ടാം ഗോൾ വന്നു. ഈ ഗോളും മനോഹരമായിരുന്നു.

ഒരു ട്രെയിനിങ് ഗ്രൗണ്ട് എന്ന പോലെ ഹകിമിയും എംബപ്പെയും വൺ ടച്ച് പാസുകൾ കളിച്ച ശേഷമാണ് എംബപ്പെയുടെ ഫിനിഷ് വന്നത്. സ്കോർ 2-0. പാരീസിൽ പിന്നെ യുവന്റസിന് ഒരു തിരിച്ചുവരവ് പ്രതീക്ഷിക്കാൻ പോലും ആകുമായുരുന്നില്ല.

എന്നാൽ രണ്ടാം പകുതിയിൽ സബ്ബായി മക്കെന്നിയെ എത്തിച്ചു കൊണ്ട് അലെഗ്രി നടത്തിയ മാറ്റം ഫലം കണ്ടു. 53ആം മിനുട്ടിൽ മക്കെന്നി തന്നെ ഒരു ഗോൾ മടക്കി. ഇടതു വിങ്ങിൽ നിന്ന് കോസ്റ്റിച് കൊടുത്ത ഒരു ക്രോസ് മക്കെന്നി ഉയർന്ന് ചാടി ഹെഡ് ചെയ്ത് വലയിൽ എത്തിച്ചു. ജനുവരിക്ക് ശേഷം താരം യുവന്റസിനായി നേടുന്ന ആദ്യ ഗോളായിരുന്നു ഇത്. സ്കോർ 2-1.

ഇതിനു ശേഷം സമനിലക്കായി യുവന്റസും ലീഡ് ഉയർത്താൻ പി എസ് ജിയും ശ്രമിച്ചു എങ്കിലും വല പിന്നെ അനങ്ങിയില്ല. എമ്പപ്പെ നിരവധി അവസരങ്ങൾ പാഴാക്കിയത് താരത്തെ ഹാട്രിക്കിൽ നിന്ന് അകറ്റി.

അസിസ്റ്റ് ചെയ്യുന്നതിൽ സന്തോഷം കണ്ടെത്തി മെസ്സി, ഇരട്ട ഗോളുകളുമായി എമ്പപ്പെ

ഫ്രഞ്ച് ലീഗിൽ പി എസ് ജിക്ക് മറ്റൊരു വിജയം. എമ്പപ്പെയുടെ ഇരട്ട ഗോളിന്റെ ബലത്തിൽ അവർ ഇന്ന് നാന്റസിനെ എതിരില്ലാത്ത മൂന്ന് ഗോളുകളിന് പരാജയപ്പെടുത്തി. ഇരട്ട അസിസ്റ്റുമായി മെസ്സി ഇന്നും തിളങ്ങി. ലീഗിൽ ഈ സീസണിൽ ആറ് മത്സരങ്ങളിൽ നിന്ന് മെസ്സിക്ക് ആറ് അസിസ്റ്റ് ഉണ്ട്.

ഇന്ന് നെയ്മറിനെ ബെഞ്ചിൽ ഇരുത്തിയാണ് പി എസ് ജി കളി ആരംഭിച്ചത്. 18ആം മിനുട്ടിൽ ആയിരുന്നു എമ്പപ്പയുടെ ആദ്യ ഗോൾ. മെസ്സി പന്തുമായി കുതിച്ച് പെനാൾട്ടി ബോക്സിന് മുന്നിൽ വെച്ച് എമ്പപ്പക്ക് കൈമാറുകയും എമ്പപ്പെ ഗോൾ നേടുകയും ആയിരുന്നു.

ഇതിനു പിന്നാലെ ഫാബിയോ ചുവപ്പ് കണ്ടതോടെ നാന്റസ് 10 പേരായി ചുരുങ്ങി. രണ്ടാം പകുതിയിൽ 54ആം മിനുട്ടിൽ ആയിരുന്നു മെസ്സിയുടെ രണ്ടാം അസിസ്റ്റും എമ്പപ്പെയുടെ രണ്ടാം ഗോളും വന്നത്. ഇതിനു ശേഷം 68ആം മിനുട്ടിൽ നുനോ മെൻഡസ് കൂടെ ഗോൾ നേടിയതോടെ പി എസ് ജി വിജയം പൂർത്തിയായി.

6 മത്സരങ്ങളിൽ നിന്ന് 16 പോയിന്റുമായി പി എസ് ജി ആണ് ലീഗിൽ ഒന്നാമത് ഉള്ളത്.

മൂന്ന് മത്സരങ്ങൾ 17 ഗോളുകൾ, സൂപ്പർ താരങ്ങളുടെ മിവവിൽ പി എസ് ജിക്ക് സെവനപ്പ് ജയം

പി എസ് ജി ഈ സീസൺ അതി ഗംഭീരമായാണ് തുടങ്ങിയത്. ഒരു മത്സരത്തിൽ കൂടെ അവർ വലിയ സ്കോറിൽ ജയിച്ചിരിക്കുകയാണ്. ഇന്ന് ലില്ലയെ നേരിട്ട പി എസ് ജി ഏഴ് ഗോളുകൾ ആണ് അടിച്ചു കൂട്ടിയത്. എമ്പപ്പെ ഇന്ന് ഹാട്രിക്ക് നേടിയപ്പോൾ നെയ്മർ രണ്ട് ഗോളും മൂന്ന് അസിസ്റ്റും സ്വന്തമാക്കി.

മത്സരം ആരംഭിച്ച് 8 സെക്കൻഡുകളിൽ തന്നെ പി എസ് ജി ഇന്ന് ലീഡ് എടുത്തു. കിക്കോഫിൽ നിന്ന് രണ്ട് പാസുകൾക്ക് ശേഷം മെസ്സിയുടെ ഒരു ലോങ് ബോൾ എമ്പപ്പെയിൽ എത്തുകയും താരം അനായാസം ലക്ഷ്യം കാണുകയും ആയിരുന്നു. ഫ്രഞ്ച് ലീഗ് ചരിത്രത്തിലെ ഏറ്റവും വേഗതയാർന്ന ഗോളായി ഇത് മാറി.

ഈ ഗോളിന് ശേഷവും പി എസ് ജി അറ്റാക്ക് തുടർന്നു. 27ആം മിനുട്ടിൽ ഇടതു വിങ്ങിൽ നിന്ന് വന്ന മെൻഡസ് നൽകിയ പാസിൽ നിന്ന് മെസ്സി പി എസ് ജിയുടെ രണ്ടാം ഗോൾ നേടി. 39ആം മിനുട്ടിൽ ഹകീമിയിലൂടെയായിരുന്നു മൂന്നാം ഗോൾ.ഈ ഗോൾ ഒരുക്കിയത് നെയ്മർ ആയിരുന്നു.

ആദ്യ പകുതി അവസാനിക്കും മുമ്പ് നെയ്മറും വല കണ്ടെത്തിയതോടെ പാരീസ് ടീം നാലു ഗോളുകൾക്ക് മുന്നിൽ എത്തി. രണ്ടാം പകുതിയുടെ തുടക്കത്തിൽ നെയ്മർ വീണ്ടും ഗോൾ കണ്ടെത്തി. 66ആം മിനുട്ടിൽ എമ്പപ്പെയും രണ്ടാം ഗോൾ നേടി. ഇത് നെയ്മറിന്റെ അസിസ്റ്റ് ആയിരുന്നു. വീണ്ടും ഈ കൂട്ടുകെട്ടിൽ എമ്പപ്പെയുടെ ഗോൾ വന്നു. ഇതോടെ ജയം പൂർത്തിയായി. ഇതിനിടയിൽ ബാംബ ലില്ലെക്കായും ഒരു ഗോൾ നേടിയിരുന്നു.

ലീഗിൽ മൂന്നിൽ മൂന്ന് മത്സരങ്ങളും ജയിച്ച പി എസ് ജി മൂന്ന് മത്സരങ്ങളിൽ നിന്ന് 17 ഗോളുകൾ അടിച്ചു കഴിഞ്ഞു.

പി എസ് ജി അണിയറയിൽ എമ്പപ്പെ നെയ്മർ പോര് | Mbappe

Mbappe vs Neymar; പി എസ് ജിയുടെ കഴിഞ്ഞ ദിവസം നടന്ന മോണ്ട്പിയെയുനായുള്ള മത്സരത്തിനിടയിൽ നെയ്മറും എമ്പപ്പെയും തമ്മിൽ ഒരു പെനാൾട്ടിക്ക് വേണ്ടി സംസാരം ഉണ്ടായിരുന്നു. ആദ്യം ലഭിച്ച പെനാൾട്ടി എമ്പപ്പെ നഷ്ടപ്പെടുത്തിയതിനാൽ രണ്ടാമത് പെനാൾട്ടി ലഭിച്ചപ്പോൾ നെയ്മർ പന്ത് എടുത്തു. എമ്പപ്പെ നെയ്മറിനോട് താൻ പെനാൾട്ടി അടിക്കാം എന്ന് പറഞ്ഞു സംസാരിച്ചു എങ്കിലും നെയ്മർ പന്ത് കൊണ്ടുക്കാൻ തയ്യാറായിരുന്നില്ല. പെനാൾട്ടി എടുത്ത നെയ്മർ ഗോൾ നേടുകയും ചെയ്തു.

ഈ പെനാൾട്ടിയെ ചൊല്ലി ഡ്രസിംഗ് റൂമിൽ എമ്പപ്പെയും നെയ്മറും തമ്മിൽ തർക്കമുണ്ടായതായി ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഒരു പെനാൾട്ടി മാത്രമല്ല പി എസ് ജിയിലെ പ്രശ്നം. ഇന്നലെ മത്സര ശേഷം എമ്പപ്പെയെ കുറ്റം പറഞ്ഞ് നെയ്മറിന്റെ ആരാധകർ ഇട്ട ട്വീറ്റുകൾ നെയ്മർ ലൈക് ചെയ്തിരുന്നു. എമ്പപ്പെ പി എസ് ജി തന്റെ ക്ലബ് ആണെന്ന് കരുതുകയാണെന്ന് ആയിരുന്നു ഈ ട്വീറ്റുകളുടെ ഉള്ളടക്കം‌.

പി എസ് ജി എമ്പപ്പെയ്ക്ക് പുതിയ കരാർ നൽകിയപ്പോൾ താരത്തിന് ക്ലബ് എടുക്കുന്ന തീരുമാനങ്ങളിൽ സ്വാധീനം ഉണ്ടാകും എന്ന് ക്ലബ് ഉറപ്പ് കൊടുത്തിരുന്നു‌‌‌. ഇത് കൊണ്ട് തന്നെ എമ്പപ്പെ മറ്റു താരങ്ങളെക്കാൾ താൻ വലുതാണെന്ന് കരുതുന്നു‌‌. ഈ സമീപനമാണ് പി എസ് ജി ഡ്രസിങ് റൂമിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്‌.

പി എസ് ജിയോട് എമ്പപ്പെ നെയ്മറിനെ വിൽക്കാൻ ആവശ്യപ്പെട്ടിരുന്നു‌ എന്ന് നെയ്മർ കണ്ടെത്തിയത് ആണ് നെയ്മറും എമ്പപ്പെയും തമ്മിലുള്ള പ്രശ്നത്തിന് കാരണം. സൂപ്പർ താരങ്ങൾ തമ്മിലുള്ള പ്രശ്നം പി എസ് ജി ക്ലബിനു തന്നെ പ്രശ്നമായി മാറുക ആണെന്ന് ഫ്രഞ്ച് മാധ്യമങ്ങൾ പറയുന്നു.

Story Highlight: Neymar and Mbappe, PSG have
a new problem

“എമ്പപ്പെയ്ക്ക് ഒപ്പം കളിക്കാൻ ഏത് ഫുട്ബോൾ താരവും ആഗ്രഹിക്കും” – മോഡ്രിച്

റയൽ മാഡ്രിഡിലേക്ക് കൈലിയൻ എംബാപ്പെ എത്തും എന്ന അഭ്യൂഹങ്ങൾക്ക് ഇടയിൽ താൻ എമ്പപ്പെയ്ക്ക് ഒപ്പം കളിക്കാൻ ആഗ്രഹിക്കുന്നു എന്ന് റയൽ മാഡ്രിഡ് മിഡ്ഫീൽഡർ മോഡ്രിച് പറഞ്ഞു. ആരും എമ്പപ്പെയെ പോലൊരു താരത്തിനൊപ്പം കളിക്കാൻ ആഗ്രഹിക്കും എന്നും മോഡ്രിച് പറഞ്ഞു. പി എസ് ജിയെ ചാമ്പ്യൻസ് ലീഗ് രണ്ടാം പാദത്തിൽ നേരിടാൻ ഒരുങ്ങുന്നതിന് മുന്നോടിയായി സംസാരിക്കുക ആയിരുന്നു മോഡ്രിച്.

“ഞങ്ങൾ എല്ലാവരും മികച്ച കളിക്കാരുമായി കളിക്കാൻ ആഗ്രഹിക്കുന്നു, വ്യക്തമായും കൈലിയൻ അത്തരത്തിലൊരാളാണ്” മോഡ്രിച്ച് പറഞ്ഞു.

“തീർച്ചയായും എന്റെ ടീമിൽ അവനോടൊപ്പം കളിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, പക്ഷേ എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് നോക്കാം. അവൻ പാരീസിനായി കളിക്കുന്നു. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇവിടെ ഇല്ലാത്ത കളിക്കാരെക്കുറിച്ച് സംസാരിക്കുന്നത് വളരെ ബുദ്ധിമുട്ടാണ് -തീർച്ചയായും എമ്പപ്പയോടൊപ്പം കളിക്കാൻ ആഗ്രഹിക്കാത്ത ഒരു കളിക്കാരൻ നിലവിലുണ്ടെന്ന് ഞാൻ കരുതുന്നില്ല.” മോഡ്രിച് പറഞ്ഞു.

അവസാന നിമിഷം എംബപ്പെയുടെ ഗോളിൽ ജയം പിടിച്ചെടുത്തു പി.എസ്.ജി

ഫ്രഞ്ച് ലീഗ് വണ്ണിൽ അഞ്ചാമതുള്ള റെണയെസിനെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്നു പാരീസ് സെന്റ് ജർമൻ. ജയത്തോടെ ഒന്നാം സ്ഥാനത്തുള്ള തങ്ങളുടെ മുൻതൂക്കം 16 പോയിന്റുകൾ ആയി ഉയർത്താൻ പി.എസ്.ജിക്ക് ആയി. മത്സരത്തിൽ പന്ത് കൈവശം വക്കുന്നതിൽ വലിയ മുൻതൂക്കം പി.എസ്.ജി നടത്തിയെങ്കിലും അവർക്ക് വലിയ അവസരങ്ങൾ ഒന്നും തുറക്കാൻ ആയില്ല.

സമനില എന്നു ഉറപ്പിച്ച മത്സരത്തിൽ ഇഞ്ച്വറി സമയത്ത് ആണ് വിജയ ഗോൾ വന്നത്. 93 മത്തെ മിനിറ്റിൽ ഒരു പ്രത്യാക്രമണത്തിൽ ലയണൽ മെസ്സി നൽകിയ പാസിൽ നിന്നു ഗോൾ കണ്ടത്തിയ കിലിയൻ എംബപ്പെ പി.എസ്.ജി ജയം ഉറപ്പിക്കുക ആയിരുന്നു. ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡും ആയുള്ള മത്സരം അടുത്ത് വരുന്നതിനാൽ ഈ ജയം പി.എസ്.ജിക്ക് ആത്മവിശ്വാസം പകരും എന്നുറപ്പാണ്.

“എമ്പപ്പെക്ക് ഇതിലും മികച്ച ടീം വേറെ എവിടെയും ലഭിക്കില്ല”

സൂപ്പർ താരം എമ്പപ്പെക്ക് പി.എസ്.ജിയെക്കാൾ മികച്ച ടീമിനെ വേറെ എവിടെയും ലഭിക്കില്ലെന്ന് പി.എസ്.ജിയിൽ എമ്പപ്പെയുടെ സഹ താരമായ ഡി മരിയ. ബാഴ്‌സലോണയിൽ നിന്ന് സൂപ്പർ താരം മെസ്സി പി.എസ്.ജിയിലേക്ക് എത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു ഡി മരിയ. എമ്പപ്പെയെ സ്വന്തമാക്കാൻ സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡ് ശ്രമിക്കുന്നു എന്ന വർത്തകൾക്കിടയിലാണ് ഡി മരിയയുടെ പ്രതികരണം.

താൻ സ്വപനം കണ്ടെതെല്ലാം ഒരു മാസം കൊണ്ട് നടന്നെന്നും കോപ്പ അമേരിക്ക നേടിയതും മെസ്സിയുടെ കൂടെ കളിക്കാൻ കഴിയുന്നതും തന്റെ സ്വപ്നം ആയിരുന്നെന്നും ഡി മരിയ പറഞ്ഞു. പി.എസ്.ജിയിൽ എമ്പപ്പെയുടെ കരാർ അടുത്ത ജൂൺ മാസത്തോടെ അവസാനിക്കുമെങ്കിലും താരം ഇതുവരെ പുതിയ കരാറിൽ ഒപ്പിട്ടില്ല.

എമ്പപ്പെ ഉടൻ ബാലൺ ഡി ഓർ നേടുമെന്ന് ബയേൺ മ്യൂണിച് പരിശീലകൻ

പി.എസ്.ജി സൂപ്പർ താരം എമ്പപ്പെ ഉടൻ തന്നെ ഏറ്റവും മികച്ച താരത്തിനുള്ള ബലോൺ ഡി ഓർ പുരസ്‌കാരം നേടുമെന്ന് ബയേൺ മ്യൂണിച് പരിശീലകൻ ഹാൻസി ഫ്ലിക്. ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്റെ രണ്ടാം പാദത്തിൽ ബയേൺ മ്യൂണിച് പി.എസ്.ജിയെ നേരിടാനിരിക്കെയാണ് ബയേൺ മ്യൂണിക് പരിശീലകന്റെ പ്രതികരണം.

നിലവിൽ ബലോൺ ഡി ഓർ പുരസ്‌കാരം നേടാനുള്ള എല്ലാ കഴിവുകളും താരത്തിന് ഉണ്ടെന്നും ഫ്ലിക് പറഞ്ഞു. എമ്പപ്പെക്ക് മികച്ച ടെക്‌നിക്കും വേഗതയും ഉണ്ടെന്നും കൂടാതെ താരം താരം ഒരുപാട് ഗോളുകൾ നേടുന്നുണ്ടെന്നും ഫ്ലിക് പറഞ്ഞു. നേരത്തെ ചാമ്പ്യൻസ് ലീഗിലെ ആദ്യ പാദ ക്വാർട്ടറിൽ എമ്പപ്പെ നേടിയ ഇരട്ട ഗോളുകളുടെ പിൻബലത്തിൽ പി.എസ്.ജി 3-2ന് ബയേൺ മ്യൂണിച്ചിനെ പരാജയപ്പെടുത്തിയിരുന്നു.

Exit mobile version