“കറുത്ത പ്രേതങ്ങൾ”, എംബപ്പെക്കും ഫ്രാൻസിനും എതിരെ വംശീയാധിക്ഷേപം നടത്തി ടി ജി മോഹൻദാസ്

ഫ്രാൻസ് ദേശീയ ടീമിനെയും എംബപ്പെയെയും വംശീയമായി അധിക്ഷേപിച്ച് സംഘ്പരിവാർ സൈദ്ദാന്തികൻ ടി.ജി. മോഹൻദാസ്. ട്വിറ്റർ വഴി ആണ് സംസ്ഥാന ബി.ജെ.പി. ബൗദ്ധിക സെൽ മുൻ കൺവീനർ ടി.ജി. മോഹൻദാസ് വിവാദ പ്രസ്താവന നടത്തിയത്. എംബപ്പെയുടെയും ഫ്രാൻസ് ടീമിന്റെ തൊലി നിറം ചൂണ്ടിക്കാണിച്ചാണ് വളരെ മോശം പ്രസ്താവന ടി ജി മോഹൻദാസ് നടത്തിയത്.

“ഫ്രഞ്ച്കാര് വെളുത്ത് തുടുത്ത സായ്പൻമാരായിരിക്കും എന്നാണ് ഞാൻ വിചാരിച്ചത്! ഇതിപ്പോ…
എന്നേക്കാൾ കറുത്ത പ്രേതങ്ങൾ!! ആ എംബാപ്പെയെ രാത്രിയിലെങ്ങാൻ വഴിയിൽ കണ്ടാൽ നമ്മള് ഞെട്ടി ഏഴ് ദിവസം പനി പിടിച്ചു കിടക്കും! ഹൊ!” എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

മോഹൻദാസിന്റെ ട്വീറ്റിന് എതിരെ ഏറെ വിമർശനങ്ങൾ ഉയർന്നെങ്കിലും ട്വീറ്റ് പിൻവലിക്കാനോ സ്വയം തിരുത്താനോ അദ്ദേഹം തയ്യാറായിട്ടില്ല. ആ ട്വീറ്റിനെ ന്യായീകരിച്ചു കൊണ്ടുള്ള ട്വീറ്റുകൾ ആണ് അദ്ദേഹം പിറകെ വീണ്ടും പങ്കുവെച്ചത്.

ഇന്നലെ ലോകകപ്പ് ഫൈനലിൽ ഹാട്രിക്ക് നേടിക്കൊണ്ട് ഐതിഹാസിക പ്രകടനം നടത്തിയ താരമാണ് എംബപ്പെ.

സങ്കടം എംബപ്പെയെ ഓർത്ത് മാത്രം!!

ഇന്ന് കണ്ട ലോകകപ്പ് ഫൈനൽ ലോകകപ്പ് ഫൈനൽ ചരിത്രത്തിലെ തന്നെ മികച്ച ഫൈനലിൽ ഒന്നായി എന്നും വാഴ്ത്തപ്പെടും. ഇന്നത്തെ ഫൈനലിന്റെ സങ്കടം എംബപ്പെയെ ഓർത്ത് മാത്രമാകും. മത്സരം ഫ്രാൻസിന് കൈവിട്ടു പോയി എന്ന് തോന്നിച്ചപ്പോൾ എല്ലാം രക്ഷനായി എത്തിയത് എംബപ്പെ ആയിരുന്നു. 80 ആം മിനുട്ടിലും 81ആം മിനുട്ടിലും ഗോൾ നേടി ഫ്രാൻസിന് സമനില നേടിക്കൊടുത്തപ്പോൾ എംബപ്പെയെ ഓർത്ത് ഫുട്ബോൾ ലോകം തന്നെ അഭിമാനിച്ചു.

എംബപ്പെ നേടിയ ആ രണ്ടാം ഗോൾ അദ്ദേഹത്തിന്റെ മികവിന് അടിവരയിടുന്ന ഗോളായിരുന്നു. പിന്നീട് എക്സ്ട്രാ ടൈമിൽ മെസ്സി അർജന്റീനക്ക് വീണ്ടും ലീഡ് നൽകിയപ്പോഴും എംബപ്പെ തന്നെ ഫ്രാൻസിന് പ്രതീക്ഷ നൽകി. ലോകകപ്പിന്റെ ചരിത്രത്തിൽ ഹാട്രിക്ക് നേടുന്ന ആദ്യ താരമായി എംബപ്പെ മാറിയ നിമിഷം.

ലോകകപ്പ് ഫൈനലിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമായും എംബപ്പെ ഇന്നത്തെ മൂന്ന് ഗോളുകളോടെ മാറി. രണ്ട് ലോകകപ്പ് ഫൈനലുകളിൽ നിന്നായി 4 ഗോളുകൾ എംബപ്പെ നേടി കഴിഞ്ഞു. 23 കാരന് മുന്നിൽ ഇനിയും എത്രയോ ലോകകപ്പുകൾ മുന്നിൽ ഇരിക്കുന്നു.

ഒരു ലോകകപ്പ് ഫൈനലിൽ ഹാട്രിക്ക് നേടിയിട്ടും ടീം വിജയിച്ചില്ല എന്നത് എംബപ്പെക്ക് നൽകുന്ന വേദന ചെറുതാകില്ല. എട്ട് ഗോളുകൾ നേടി ഗോൾഡൻ ബൂട്ട് നേടിയെങ്കിലും കിരീടം നേടാൻ ആവാത്തത് എംബപ്പെക്ക് വലിയ നിരാശ നൽകും.

ഇങ്ങനെ ഒരു ലോകക്കപ്പ് ഫൈനൽ!!! അർജന്റീന ലോക ചാമ്പ്യൻസ്.. മെസ്സിയും

ലയണൽ മെസ്സിയും അർജന്റീനയും ലോക കിരീടം സ്വന്തമാക്കി. 1986നു ശേഷം അർജന്റീനയുടെ ആദ്യ ലോകകപ്പ് കിരീടം. മെസ്സിയുടെ കരിയറിലെ ആദ്യ ലോകകപ്പ് എന്ന സ്വപ്നം. എല്ലാം ഖത്തറിൽ പൂവണിഞ്ഞു.

ഖത്തർ ലോകകപ്പ് ഫൈൻലിൽ നിലവിലെ ലോകചാമ്പ്യന്മാരായ ഫ്രാൻസിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് ആണ് അർജന്റീന കിരീടം സ്വന്തമാക്കിയത്. ആവേശകരമായ മത്സരത്തിൽ പെനാൾട്ടി ഷൂട്ടൗട്ട് വരെ നീണ്ട പോരാട്ടത്തിന് ഒടുവിലായിരുന്നു വിജയം. ഇരട്ട ഗോളുകളുമായി മെസ്സി തന്നെയാണ് അർജന്റീനയുടെ ഹീറോ ആയത്. മെസ്സിയുടെ ഇരട്ട ഗോളിന് എംബപ്പെയുടെ ഹാട്രിക്ക് കൊണ്ടുള്ള മറുപടിയും ഇന്ന് കണ്ടു.

ആദ്യ 90 മിനുടട്ടിലും എക്സ്ട്രാ ടൈമിലും ഫ്രാൻസിന്റെ തിരിച്ചുവരവ് കണ്ട മത്സരത്തിൽ കളി 120 മിനുട്ട് കഴിഞ്ഞപ്പോൾ 3-3 എന്ന നിലയിൽ ആയിരുന്നു. അവിടെ നിന്ന് പെനാൾട്ടി ഷൂട്ടൗട്ടിൽ അർജന്റീന മികവ് കാണിച്ച് കിരീടം സ്വന്തമാക്കി.

ലുസൈൽ സ്റ്റേഡിയത്തിൽ ഇന്ന് നന്നായി തുടങ്ങിയത് അർജന്റീന ആയിരുന്നു. അവർ തുടക്കം മുതൽ പന്ത് കൈവശം വെച്ചാണ് കളിച്ചത്. നല്ല നീക്കങ്ങളും നടത്തി. എന്നാൽ ലോരിസിനെ പരീക്ഷിക്കാൻ ഉള്ള അവസരങ്ങൾ സൃഷ്ടിക്കപ്പെട്ടില്ല. പക്ഷെ 21ആം മിനുട്ടിൽ ഒരു പെനാൾട്ടി അർജന്റീനയുടെ രക്ഷയ്ക്ക് എത്തി.

ഡി മറിയയെ ഡെംബലെ വീഴ്ത്തിയതിന് റഫറി പെനാൾട്ടി വിധിച്ചു. പെനാൾട്ടി എടുക്കാൻ എത്തിയത് സാക്ഷാൽ മെസ്സി. തന്റെ സ്വപ്ന സാക്ഷാത്കാരത്തിലേക്ക് അർജന്റീനയേ അടുപ്പിച്ച് കൊണ്ട് മെസ്സി ഗോൾ നേടി. സ്കോർ 1-0. മെസ്സിയുടെ ഈ ലോകകപ്പിലെ ആറാം ഗോളായി ഇത്.

ഫ്രാൻസ് ഈ ഗോൾ വന്നിട്ടും ഉണർന്നില്ല. 36ആം മിനുട്ടിൽ അർജന്റീന ലീഡ് ഇരട്ടിയാക്കി. ഒരു കൗണ്ടറിൽ നിന്ന് മെസ്സി തുടങ്ങിയ അറ്റാക്ക് മകാലിസ്റ്ററിൽ എത്തി. മകാലിസ്റ്റർ ഗോൾ മുഖത്ത് വെച്ച് ഡി മരിയക്ക് പാസ് നൽകി. ഗോളുമായി ഡി മരിയ അർജന്റീനയെ രണ്ടു ഗോളുകൾക്ക് മുന്നിൽ എത്തിച്ചു.

ഇതിനു ശേഷം ദെഷാംസ് രണ്ട് മാറ്റങ്ങൾ ഫ്രാൻസ് ടീമിൽ വരുത്തി. ജിറൂദും ഡെംബലെയും പുറത്ത് പോയി തുറാമും മുവാനിയും കളത്തിലേക്ക് എത്തി. എങ്കിലും ആദ്യ പകുതിയിൽ ഒരു തിരിച്ചുവരവ് നടത്താൻ ഫ്രാൻസിന് ആയില്ല.

രണ്ടാം പകുതിയിലും ഫ്രാൻസ് നിരവധി മാറ്റങ്ങൾ നടത്തി. പക്ഷെ ഒരു മാറ്റവും അർജന്റീനയെ സമ്മർദ്ദത്തിൽ ആക്കാൻ പോവുന്നത് ആയിരുന്നില്ല. ഫ്രാൻസിന് നല്ല ഒരു അവസരം പോലും നൽകാതെ പിടിച്ചു നിൽക്കാൻ അർജന്റീനക്കായി. പക്ഷെ 80ആം മിനുട്ടിൽ അർജന്റീന സമ്മാനിച്ച പെനാൾട്ടി ഫ്രാൻസിന് ആശ്വാസം നൽകി. ഒറ്റമെൻഡി മുവാനിയെ വീഴ്ത്തിയതിന് ലഭിച്ച പെനാൾട്ടി എംബപ്പെ ലക്ഷ്യത്തിൽ എത്തിച്ചു. സ്കോർ 2-1.

പിന്നെ ആവേശകരമായ അവസാന പത്തു മിനുട്ടുകൾ. അർജന്റീന ഡിഫൻസ് ശക്തമാക്കാൻ ഒരുങ്ങുന്നതിന് മുമ്പ് തന്നെ എംബപ്പെയുടെ വക രണ്ടാം ഗോൾ. തുറാമിന്റെ പാസിൽ നിന്ന് എംബപ്പെയുടെ അപാര ഫിനിഷ്. 2-2. ഈ ലോകകപ്പിലെ എംബപ്പെയുടെ എഴാം ഗോൾ.

ഇതിനു ശേഷം ഫ്രാൻസ് നിരന്തരം അർജന്റീനയെ സമ്മർദ്ദത്തിൽ ആക്കി. റാബിയോ കളിയുടെ ഇഞ്ച്വറി ടൈമിൽ വിജയ ഗോളിന് അടുത്ത് എത്തി എങ്കിലും മൂന്നാം ഗോൾ വന്നില്ല. 97ആം മിനുട്ടിൽ മെസ്സിയുടെ ഒരു സ്ക്രീമർ ലോരിസ് തടഞ്ഞത് ഫ്രാൻസിന് രക്ഷയായി.

അവസാനം കളി എക്സ്ട്രാ ടൈമിലേക്ക്. എക്സ്ട്രാ ടൈമിന്റെ ആദ്യ പകുതിയുടെ അവസാനം നെസ്സി ഒരുക്കിയ അവസരം ലൗട്ടാരോക്ക് ലക്ഷ്യത്തിൽ എത്തിക്കാൻ ആയില്ല. രണ്ട് വലിയ ബ്ലോക്കുകൾ ഉപമെകാനോ നടത്തിയ കളി 2-2 എന്ന് നിർത്തി.

എക്സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയിൽ ലയണൽ മെസ്സിയിലൂടെ അർജന്റീന വീണ്ടും മുന്നിൽ. ഒരു മനോഹര നീക്കത്തിലൂടെ ആയിരുന്നു ഗോൾ വന്നത്. ലൗട്ടാരോയുടെ ഷോട്ട് ലോരിസ് തടഞ്ഞു എങ്കിലും മെസ്സി രക്ഷയ്ക്ക് എത്തി. റീബൗണ്ടിൽ പന്ത് വലയിൽ. അർജന്റീന 3-2 ഫ്രാൻസ്.

നാടകീയതകൾ അവസാനിക്കുന്നില്ല. 117ആം മിനുട്ടിൽ വീണ്ടും ഫ്രാൻസിന് പെനാൾട്ടി. ഇത്തവണ ഒരു ഹാൻഡ് ബോളിന്. എംബപ്പെ വീണ്ടും പെനാൾട്ടി സ്പോട്ടിൽ. എമി മാർട്ടിനസിനെ കീഴടക്കി എംബപ്പെയുടെ ഹാട്രിക്ക്. സ്കോർ 3-3. ലോകകപ്പ് ഫൈനലിൽ ഹാട്രിക്ക് നേടുന്ന ആദ്യ താരമായി എംബപ്പെ മാറി.

എക്സ്ട്രാ ടൈമിന്റെ അവസാന നിമിഷം എമി മാർട്ടിനസ് നടത്തിയ സേവ് അർജന്റീനയെ രക്ഷിച്ചു. തുടർന്ന് കളി പെനാൾട്ടിയിലേക്ക് നീങ്ങി.

ഷൂട്ടൗട്ടിൽ ആദ്യ കിക്ക് എടുത്ത എംബപ്പെ വല കണ്ടു. അർജന്റീനക്കായി കിക്ക് എടുത്ത മെസ്സിക്കും പിഴച്ചില്ല. സ്കോർ 1-1. ഫ്രാൻസിനായി രണ്ടാം കിക്ക് എടുത്ത കോമാൻ. എമി രക്ഷകനായി. അർജന്റീനക്ക് മുൻതൂക്കം. അർജന്റീനയുടെ രണ്ടാം കിക്ക് എടുത്ത ഡിബാലയും ലക്ഷ്യത്തിൽ എത്തിച്ചു. അർജന്റീന 2-1ന് മുന്നിൽ.

ചൗമനിയുടെ കിക്ക് പുറത്ത്. കിരീടം ഫ്രാൻസിൽ നിന്ന് അകന്ന നിമിഷം.അവസാനം അഞ്ചാം കിക്ക് മോണ്ടിയൽ ലക്ഷ്യത്തിൽ എത്തിച്ചതോടെ അർജന്റീന ചാമ്പ്യനായി. പെനാൾട്ടി ഷൂട്ടൗട്ടിൽ 4-2ന്റെ വിജയം.

രോഗ വ്യാപനം, ഫ്രാൻസ് ക്യാമ്പിൽ സാമൂഹിക അകലം

ഞായറാഴ്ച അർജന്റീനയ്‌ക്കെതിരായ ലോകകപ്പ് ഫൈനലിന് മുന്നോടിയായി ടീമിൽ ഫ്ലൂ പടരുന്നതിനാൽ ഫ്രാൻസ് ക്യാമ്പിൽ സാമൂഹിക അകലം പോലുള്ള നിയന്ത്രണങ്ങൾ കൊണ്ടു വന്നു‌. റാബിയോ, ഉപമെകാനോ എന്നിവർക്ക് പിന്നാലെ കോമാനും അസുഖം ബാധിച്ചിരുന്നു. ഇതോടെയാണ് ആരോഗ്യ സുരക്ഷാ നടപടികൾ കോവിഡ് കാലത്ത് എന്ന പോലെ ഫ്രാൻസ് ക്യാമ്പിൽ കൊണ്ടുവന്നത്.

അസുഖം മൂലം മൊറോക്കോയ്‌ക്കെതിരായ സെമി ഫൈനലിൽ അഡ്രിയൻ റാബിയോയുജ് ദയോട്ട് ഉപമെക്കാനോയും കളിച്ചിരുന്നില്ല. നിലവിലുള്ള എയർ കണ്ടീഷനിംഗാണ് രോഗം വരാനുള്ള കാരണം എന്നാണ് പ്രാഥമിക വിലയിരുത്തൽ. അതേസമയം ഇംഗ്ലണ്ടിന്റെ കളിക്കാരിൽ നിന്ന് വന്ന രോഗമാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

കിംഗ്സ്ലി കോമാൻ ഇപ്പോൾ ഐസൊലേഷനിൽ ആണ്‌. ഫ്രാൻസിന്റെ ഹോട്ടലിന് ചുറ്റും കൂടുതൽ തീവ്രമായ നടപടികളും കൊണ്ടുവന്നിട്ടുണ്ട്. ഹാൻഡ് വാഷ് പോലുള്ള കാര്യങ്ങളും സാനിറ്റൈസേഷനും വീണ്ടും ഫ്രാൻസ് ക്യാമ്പിൽ എത്തി. ഹോട്ടലിൽ മാസ്കും നിർബന്ധമാക്കിയിട്ടുണ്ട്‌.

ഇനി അവസാന അങ്കം!! അർജന്റീന – ഫ്രാൻസ് ഫൈനൽ.. കപ്പ് എവിടേക്ക്!?

അങ്ങനെ ഖത്തർ ലോകകപ്പിലെ കലാശ പോരാട്ടം തീരുമാനമായി. നിലവിലെ ലോക ചാമ്പ്യന്മാരായ ഫ്രാൻസും മെസ്സിയുടെ ആദ്യ കിരീടം തേടിയെത്തുന്ന അർജന്റീനയും ആകും ലുസൈൽ സ്റ്റേഡിയത്തിൽ ഞായറാഴ്ച കിരീടത്തിനായി നേർക്കുനേർ വരിക. ഇന്ന് സെമി ഫൈനലിൽ മൊറോക്കോയെ തോൽപ്പിച്ചാണ് ഫ്രാൻസ് ഫൈനലിലേക്ക് മാർച്ച് ചെയ്തത്. ഫ്രാൻസ് ക്വാർട്ടറിൽ ഇംഗ്ലണ്ടിനെയും പ്രീക്വാർട്ടറിൽ പോളണ്ടിനെയും ആയിരുന്നു തോൽപ്പിച്ചത്.

ഗ്രൂപ്പ് ഘട്ടത്തിൽ ഫ്രാൻസ് ഒന്നാമത് ആയിരുന്നു എങ്കിലും അവർക്ക് ടുണീഷ്യയോട് ഒരു പരാജയം നേരിടേണ്ടി വന്നിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ ഡെന്മാർക്കിനെയും ഓസ്ട്രേലിയയെയും തോൽപ്പിക്കാനും ഫ്രാൻസിനായി. അർജന്റീനയെ തോൽപ്പിച്ച് കിരീടം നേടുക ആണെങ്കിൽ 1962ൽ ബ്രസീൽ കിരീടം നിലനിർത്തിയ ശേഷം കിരീടം നിലനിർത്തുന്ന ആദ്യ രാജ്യമാകും ഫ്രാൻസ്.

അർജന്റീന ഗ്രൂപ്പ് ഘട്ടം തുടങ്ങിയത് തന്നെ ഒരു പരാജയത്തിലൂടെ ആയിരുന്നു. സൗദിയോട് ഏറ്റ അപ്രതീക്ഷിത പരാജയത്തിനു ശേഷം അർജന്റീന ഫൈനൽ വരെ അഞ്ചു കളികൾ തുടർച്ചയായി വിജയിച്ചു. ഗ്രൂപ്പിൽ മെക്സിക്കോയേയും പോളണ്ടിനെയും തോൽപ്പിച്ച അർജന്റീനക്ക് ഗ്രൂപ്പ് ചാമ്പ്യന്മാരാകാൻ ആയി.

പ്രീക്വാർട്ടറിൽ അർജന്റീനക്ക് മുന്നിൽ ഉണ്ടായിരുന്നത് ഓസ്ട്രേലിയ ആയിരുന്നു. അനായാസം ആ വെല്ലുവിളി അവർ മറികടന്നു. ക്വാർട്ടറിൽ പെനാൾട്ടി ഷൂട്ടൗട്ട് വരെ നീണ്ട പോരാട്ടത്തിന് ഒടുവിൽ അവർ നെതർലാന്റ്സിനെ വീഴ്ത്തി. പിന്നെ സെമിയിൽ ഏകപക്ഷീയമായി ക്രൊയേഷ്യയെയും അർജന്റീന പരാജയപ്പെടുത്തി.

“എംബപ്പെയെ നേരിടാൻ മൊറോക്കോക്ക് ഹകീമി ഉണ്ട്”

ഇന്ന് സെമി ഫൈനലിൽ എംബപ്പെയെയും ഫ്രാൻസിനെയും നേരിടാൻ ഒരുങ്ങുകയാണ് മൊറോക്കോ. കൈലിയൻ എംബാപ്പെ നേരിടാൻ ഞാൻ പ്രത്യേക തന്ത്രപരമായ പദ്ധതികളൊന്നും പരീക്ഷിക്കാൻ പോകുന്നില്ല എന്ന് മൊറോക്കോൻ പരിശീലകൻ ഇന്നലെ പറഞ്ഞു.

ഫ്രാൻസിന് എംബപ്പെ മാത്രമല്ല വേറെയും മികച്ച താരങ്ങളുണ്ട്. ഗ്രീസ്‌മാൻ തന്റെ എറ്റവും മികച്ച ഫോമിൽ നിൽക്കുകയാണ്. ഒപ്പം ഓസ്മാൻ ഡെംബെലെയും ഗംഭീര പ്രകടനമാണ് നടത്തുന്നത്. നമ്മൾ എംബാപ്പെയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാൽ അത് തെറ്റാകും. അവർ ലോക ചാമ്പ്യന്മാരാണ്. റെഗ്രഗുയി പറഞ്ഞു.

സെമിയിൽ പിഎസ്‌ജി ടീമംഗങ്ങളായ എംബാപ്പെയും അച്‌റഫ് ഹക്കിമിയും തമ്മിലുള്ള പോരാട്ടത്തിനായി കാത്തിരിക്കുകയാണെന്നും മൊറോക്കൻ കോച്ച് പറഞ്ഞു.

എന്നെക്കാൾ നന്നായി എംബാപ്പെയെ അച്‌റഫിന് അറിയാം, കൂടാതെ ദിവസേന അദ്ദേഹത്തോടൊപ്പം പരിശീലനം നടത്തുകയും ചെയ്യുന്നു, അതിനാൽ എംബപ്പെയെ എങ്ങനെ നേരിടണമെന്ന് എന്നെക്കാൾ നന്നായി ഹകീമിക്ക് അറിയാം. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ് ഹക്കിമി, അതിനാൽ ഇത് ഇരുവരും തമ്മിലുൻ മികച്ച പോരാട്ടമായിരിക്കും നമ്മുക്ക് കാണാൻ ആവുക. റെഗ്രഗുയി കൂട്ടിച്ചേർത്തു.

“എംബപ്പെയുടെ കളി കാണുമ്പോൾ എന്നെ ഓർമ്മ വരുന്നു” – റൊണാൾഡോ

ഫ്രഞ്ച് യുവതരാം എംബപ്പെയുടെ കളി ത‌ന്റെ പഴയ പ്രകടനങ്ങളെ ഓർമ്മിപ്പിക്കുന്നു എന്ന് ബ്രസീൽ ഇതിഹാസം റൊണാൾഡോ.

എംബപ്പെ ഏറെ വേഗതയുള്ള താരമാണ്. ഞാൻ മുമ്പ് കളിച്ചപ്പോൾ എങ്ങനെ ആയിരുന്നു അതൊക്കെ അവൻ എന്നെ ഓർമ്മിപ്പിക്കുന്നു. റൊണാൾഡോ പറഞ്ഞു. എംബപ്പെക്ക് അവന്റെ കഴിവ് എങ്ങനെ ഉപയോഗിക്കാമെന്ന് അറിയാം. മറ്റുള്ളവരെക്കാൾ വേഗത്തിൽ എങ്ങനെ പോകാമെന്നും ആ കഴിവ് എങ്ങനെ അസിസ്റ്റ് ചെയ്യാനോ സ്കോർ ചെയ്യാനോ ഉപയോഗിക്കാമെന്നും എംബപ്പെക്ക് കൃത്യമായ ധാരണയുണ്ട് എന്ന് റൊണാൾഡോ പറഞ്ഞു.

ലോകകപ്പ് നേടാൻ തന്റെ ഫേവറിറ്റ്സ് ഫ്രാൻസാണെന്നും മികച്ച കളിക്കാരനുള്ള പുരസ്‌കാരം എംബാപ്പെ നേടുമെന്നും ഫെനോമെനോ പറഞ്ഞു.

ലോകകപ്പ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഫ്രാൻസ് ആണ് ഫേവറിറ്റ്സ് എന്ന് ഞാൻ പറഞ്ഞിരുന്നു എന്നും താരം പറഞ്ഞു.

എംബാപ്പെയുടെ അനിയൻ എംബാപ്പെ പി എസ് ജി സീനിയർ ടീമിനൊപ്പം പരിശീലനം ആരംഭിച്ചു

കിലിയൻ എംബപ്പെയുടെ അനുജൻ ആയ ഏഥൻ എംബപ്പെ പി എസ് ജി സീനിയർ ടീമിനൊപ്പം പരിശീലനം ആരംഭിച്ചു. 15കാരനായ ഏഥൻ എംബപ്പെ അവസാന കുറച്ചു കാലമായി പി എസ് ജിക്ക് യൂത്ത് ടീമിനൊപ്പം ഉണ്ട്. പ്രീസീസണിൽ പി എസ് ജി സീനിയർ ടീമിനൊപ്പം താരം പരിശീലനം നടത്തിയിരുന്നു‌. ഏഥൻ എംബാപ്പെ മധ്യനിര താരമാണ്. ലെഫ്റ്റ് ഫൂട്ടറും ആണ്.

കഴിഞ്ഞ സീസണിൽ യുവേഫ യൂത്ത് ലീഗിൽ സ്ഥിര സാന്നിദ്ധ്യം ആയിരുന്നു ഏഥൻ. ഏഥൻ 2024വരെ പി എസ് ജിയിൽ കരാർ ഉണ്ട്. വരും സീസണിൽ ഏഥൻ പി എസ് ജിക്കായി സീനിയർ അരങ്ങേറ്റം നടത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. 2017ൽ ആയിരുന്നു ഏഥൻ പി എസ് ജിയിലേക്ക് എത്തിയത്.

“ഗോൾഡൻ ബൂട്ട് നേടാനല്ല ലോകകപ്പ് നേടാൻ ആണ് വന്നത്” – എംബപ്പെ

താൻ ഗോൾഡൻ ബൂട്ട് നേടാൻ അല്ല ഖത്തറിൽ വന്നത് എന്ന് ഫ്രഞ്ച് സ്ട്രൈക്കർ എംബപ്പെ. ഇന്നലെ പോളണ്ടിന് എതിരെ ഇരട്ട ഗോളുകൾ അടിച്ച ശേഷം സംസാരിക്കുക ആയിരുന്നു എംബപ്പെ.

ഞാൻ സ്വപ്നം കാണുന്നത് ലോകകപ്പ് മാത്രമാണ്. ഈ ലോകകപ്പ് നേടാനാണ് ഞാൻ ഇവിടെ വന്നത്. ഞാൻ ഇവിടെ വന്നത് ഗോൾഡൻ ബോൾ അല്ലെങ്കിൽ ഗോൾഡൻ ബൂട്ട് നേടാനല്ല. അദ്ദേഹം പറഞ്ഞു.

ഞാൻ ഗോൾഡൻ ബൂട്ട് വിജയിച്ചാൽ തീർച്ചയായും ഞാൻ സന്തുഷ്ടനാകും, പക്ഷേ അതിനല്ല ഞാൻ ഇവിടെ വന്നത്. ഞാൻ കിരീടം വിജയിക്കാനാണ് ഇവിടെയുള്ളത്, ഫ്രഞ്ച് ദേശീയ ടീമിനെ സഹായിക്കാൻ ഞാൻ ഇവിടെയുണ്ടാകും. എംബാപ്പെ പറഞ്ഞു.

ഇന്നലത്തെ ഗോളുകളോടെ എംബപ്പെ ഈ ലോകകപ്പിൽ അഞ്ചു ഗോളുകളുമായി ടോപ് സ്കോറർ ആയി നിൽക്കുകയാണ്.

ലോകചാമ്പ്യന്മാർ ലോകകപ്പ് ക്വാർട്ടറിൽ, എംബപ്പെക്ക് മുന്നിൽ ഒരക്ഷരം മിണ്ടാതെ പോളണ്ട് മടങ്ങി!!

നികവിലെ ലോക ചാമ്പ്യന്മാരായ ഫ്രാൻസ് ഖത്തർ ലോകകപ്പ് ക്വാർട്ടറിലേക്ക് മുന്നേറി. ഇന്ന് നടന്ന മത്സരത്തിൽ പോളണ്ടിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോൽപ്പിച്ചാണ് ഫ്രാൻസ് ക്വാർട്ടറിലേക്ക് മുന്നേറിയത്. ജിറൂദും എംബാപ്പെയും ആണ് ഫ്രാൻസിന്റെ ഗോളുകൾ നേടിയത്. എംബപ്പെ രണ്ട് ഗോളും ഒരു അസിസ്റ്റുമായി താരമായി മാറി.

അൽ തുമാമ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഫ്രാൻസിന്റെ ആധിപത്യം ആണ് തുടക്കം മുതലേ കണ്ടത്. നാലാം മിനുട്ടിൽ ഗ്രീസ്മൻ എടുത്ത കോർണറിൽ നിന്നുള്ള വരാനെയുടെ ഹെഡർ ഫ്രാൻസിന്റെ ആദ്യ ഗോൾ ശ്രമം ആയി മാറി. 13ആം മിനുട്ടിൽ ചൗമനിയുടെ ഷോട്ടിൽ നിന്ന് പോളിഷ് കീപ്പർ ചെസ്നിയുടെ ആദ്യ സേവും വന്നു. 20ആം മിനുട്ടിൽ ഗ്രീസ്മന്റെ ഒരു ഫ്ലിക്കും ചെസ്നി സേവ് ചെയ്തു.

പോളണ്ടിന്റെ ആദ്യ ഗോൾ ശ്രമം വന്നത് 21ആം മിനുട്ടിൽ ആയിരുന്നു. 20 യാർഡ് അകലെ നിന്നുള്ള ലെവൻഡോസ്കിയുടെ ഷോട്ട് പക്ഷെ ഗോളിൽ നിന്ന് അകലെ പോയി.

ആദ്യ പകുതി അവസാനിക്കാൻ ഒരു മിനുട്ട് മാത്രം ബാക്കി ഇരിക്കെ ഫ്രാൻസിന്റെ ഗോൾ വന്നു. എംബപ്പെയുടെ പാസ് സ്വീകരിച്ച് ഒരു ഇടം കാലൻ സ്ട്രൈക്കിലൂടെ ആണ് ജിറൂഡ് ഫ്രാൻസിന് ലീഡ് നൽകിയത്‌. ഈ ഗോളോടെ ഫ്രാൻസിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമായി ജിറൂദ് മാറി. അദ്ദേഹത്തിന്റെ 52ആം അന്താരാഷ്ട്ര ഗോളായിരുന്നു ഇത്.

ഈ ഗോളിന്റെ ആത്മവിശ്വാസത്തിൽ ആണ് ഫ്രാൻസ് രണ്ടാം പകുതി കളിച്ചത്‌. അവർ പലപ്പോഴും രണ്ടാം ഗോളിന് അടുത്തെത്തി‌. 74ആം മിനുട്ടിൽ എംബപ്പെയിലൂടെ ഫ്രാൻസ് രണ്ടാം ഗോൾ കണ്ടെത്തി. ഒരു കൗണ്ടറിന് ഒടുവിൽ ഡെംബലെ നൽകിയ പാസ് സ്വീകരിച്ച് ഒരു പവർ ഫുൾ ഫിനിഷിലൂടെ ആണ് എംബപ്പെ രണ്ടാം ഗോൾ കണ്ടെത്തിയത്‌. എംബപ്പെയുടെ ഈ ലോകകപ്പിലെ നാലാം ഗോളാണിത്‌. ഇഞ്ച്വറി ടൈമിൽ ഇതിനേക്കാൾ നല്ല ഒരു സ്ട്രൈക്കിലൂടെ എംബപ്പെ ഫ്രാൻസിനെ മൂന്നാം ഗോളും ടൂർണമെന്റിലെ തന്റെ അഞ്ചാം ഗോളും നേടി.

രണ്ടാം പകുതിയിൽ കാര്യമായി ഗോൾ ശ്രമം വരെ പോളണ്ടിൽ നിന്ന് ഉണ്ടായില്ല. അവസാന നിമിഷം ഒരു ഹാൻഡ്ബോളിന് റഫറി പെനാൾട്ടി നൽകി. ഇത് ലക്ഷ്യത്തിൽ എത്തിച്ച് ലെവൻഡോസ്കി പോളണ്ടിന്റെ പരാജയ ഭാരം കുറക്കും എന്ന് കരുതി. ലെവയുടെ ആദ്യ പെനാൾട്ടി ലോറിസ് തടഞ്ഞു എങ്കിലും അദ്ദേഹം ഗോൾ ലൈൻ വിട്ടിരുന്നു. ഇതോടെ വീണ്ടും ലെവ പെനാൾട്ടി എടുത്തു. അവരുടെ ആശ്വാസ ഗോളും നേടി.

. ഇംഗ്ലണ്ടും സെനഗലും തമ്മിലുള്ള മത്സരത്തിലെ വിജയികളെ ആകും ഫ്രാൻസ് ഇനി ക്വാർട്ടറിൽ നേരിടുക‌

എംബപ്പെയുടെ ചിറകിലേറി ഫ്രാൻസ് പ്രീക്വാർട്ടറിലേക്ക്

ഗ്രൂപ്പ് ഡിയിലെ നിർണായക മത്സരത്തിൽ ഡെന്മാർക്കിനെ പരാജയപ്പെടുത്തി കൊണ്ട് ഫ്രാൻസ് പ്രീക്വാർട്ടർ യോഗ്യത ഉറപ്പിച്ചു. ഇന്ന് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഫ്രാൻസ് ഡെന്മാർക്കിനെ പരാജയപ്പെടുത്തിയത്. എംബപ്പെയുടെ ഇരട്ട ഗോളുകൾ ആണ് ഫ്രാൻസിന് വിജയത്തിൽ കരുത്തായത്‌.

ഫ്രാൻസ് ഇന്ന് ഡെന്മാർക്കിനെതിരെ അത്ര വേഗത്തിൽ അല്ല തുടങ്ങിയത്. ഡെന്മാർക്ക് അത്ര ചെറിയ ടീം അല്ലാത്തത് കൊണ്ട് തന്നെ അവർ അധികം പ്രസ് ചെയ്യാതെ കരുതലോടെ ആണ് തുടങ്ങിയത്. എംബാപ്പെയുടെ പേസ് ഇടക്ക് ഡെന്മാർക്ക് വെല്ലുവിളി ആയി. 20ആം മിനുട്ടിൽ ഡെംബലെയുടെ ഒരു ക്രോസ് റാബിയോ ഹെഡ് ചെയ്തു എങ്കിലും കാസ്പർ ഷീമൈക്കളിന്റെ പറക്കും സേവ് ഡെന്മാർക്കിന്റെ രക്ഷയ്ക്ക് എത്തി. ഇതായിരുന്നു ആദ്യ പകുതിയിലെ ആദ്യ ഗോൾ ശ്രമം.

പതിയെ ഫ്രാൻസ് കൂടുതൽ സമ്മർദ്ദം ഡെന്മാർക്ക് ഡിഫൻസിന് മേൽ ചെലുത്താൻ തുടങ്ങി. 33ആം മിനുട്ടിൽ ഗ്രീസ്മന്റെ ഒരു ഷോട്ടും കാസ്പെർ തടഞ്ഞു. 35ആം മിനുട്ടിൽ ഡെന്മാർക്കിന്റെ ഒരു കൗണ്ടർ ഫ്രാൻസിനെ പ്രതിരോധത്തിൽ ആക്കി. കോർണിലിയസിന്റെ ഷോട്ട് പക്ഷെ ടാർഗറ്റിലേക്ക് എത്തിയില്ല.

40ആം മിനുട്ടിൽ ഡെംബലെയുടെ പാസിൽ നിന്ന് എംബപ്പെക്ക് നല്ല അവസരം കിട്ടി. എംബപ്പെയുടെ ഷോട്ട് ആകാശത്തേക്കാണ് പോയത്. ആദ്യ പകുതി ഗോൾരഹിതമായി അവസാനിച്ചു.

രണ്ടാം പകുതിയിൽ ആദ്യ അവസരം വന്നത് എംബപ്പെയുടെ ബൂട്ടിൽ നിന്നായിരുന്നു‌. 56ആം മിനുട്ടിലെ പി എസ് ജി താരത്തിന്റെ ഇടം കാലൻ ഷോട്ടും ഷിമൈക്കിൾ അനായാസം തടഞ്ഞു‌. പിന്നാലെ 59ആം മിനുട്ടിൽ ഒരു ലോംഗ് ബോൾ മികച്ച ഫസ്റ്റ് ടച്ചിലൂടെ കണ്ട്രോൾ ചെഉമ്യ്തു എങ്കിലും അദ്ദേഹത്തിന്റെ ഷോട്ട് നിരാശപ്പെടുത്തുന്നതായിരുന്നു.

അധികം വൈകിയില്ല. 61ആം മിനുട്ടിൽ ഫ്രാൻസ് ഗോൾ കണ്ടെത്തി. തിയോ ഹെർണാണ്ടസും എംബപ്പെയും ചേർന്ന് പെനാൾട്ടി ബോക്സിന്റെ ഇടതു ഭാഗത്തു കൂടെ നടത്തിയ നീക്കം ആണ് ഫ്രാൻസിന് ഗോൾ നൽകിയത്. എംബപ്പെയുടെ ഈ ലോകകപ്പിലെ രണ്ടാം ഗോൾ.

ഈ ഗോളിന് ശേഷം ഡെന്മാർക്ക് അറ്റാക്കിലേക്ക് തിരിഞ്ഞു. എഴ് മിനുട്ടിനകം അവർ തിരിച്ചടിച്ചു. 68ആം മിനുട്ടിൽ എറിക്സന്റെ കോർണർ ആൻഡേഴ്സൺ പെനാൾട്ടി ബോക്സിൽ നിന്ന് ചെയ്ത ഹെഡർ എറിക്സന്റെ മറ്റൊരു ഹെഡറിലൂടെ വലയിലേക്ക്. സ്കോർ 1-1.

ഇതിനു പിന്നാലെ 73ആം മിനുട്ടിൽ ലിൻഡ്സ്റ്റോമിലൂടെ ഡെന്മാർക്ക് രണ്ടാം ഗോളിന് അടുത്ത് എത്തി. ഇത്തവണ ലോറിസിന്റെ മികച്ച സേവാണ് ഫ്രാൻസിനെ രക്ഷിച്ചത്. 80ആം മിനുട്ടിൽ ഡെന്മാർക്കിന്റെ മറ്റൊരു അറ്റാക്കിൽ ബ്രാത്വൈറ്റിന്റെ ഷോട്ട് പോസ്റ്റിൽ ഉരുമ്മിയാണ് പുറത്ത് പോയത്‌.

എന്നാൽ ലോക ചാമ്പ്യന്മാർ വിജയമല്ലാതെ ഒന്നു കൊണ്ടും തൃപ്തിപ്പെടുമായിരുന്നില്ല. 86ആം മിനുട്ടിൽ വീണ്ടും എംബപ്പെ സൂപ്പർ സ്റ്റാറായി. വലതു വിങ്ങിൽ നിന്ന് വന്ന ഗ്രീസ്മന്റെ മനോഹര ക്രോസ് വലയിലേക്ക് എത്തിച്ച് എംബപ്പെ ഖത്തറിലെ തന്റെ മൂന്നാം ഗോൾ ആഘോഷിച്ചു. സ്കോർ 2-1.

ഈ ഗോൾ ഫ്രാൻസിന്റെ വിജയവും നോക്കൗട്ട് യോഗ്യതയും ഉറപ്പിച്ചു. 2 മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഡെന്മാർക്കിന് 1 പോയിന്റു മാത്രമെ ഉള്ളൂ‌‌. അവസാന മത്സരം വിജയിച്ചാലും ഡെന്മാർക്കിന്റെ നോക്കൗട്ട് പ്രതീക്ഷ മറ്റു ഫലങ്ങൾ അപേക്ഷിച്ച് ആകും. ഫ്രാൻസിന് 6 പോയിന്റുണ്ട്. ഫ്രാൻസ് ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ടുണീഷ്യയെയും ഡെന്മാർക്ക് ഓസ്ട്രേലിയയെയും നേരിടും.

പാരീസിൽ ഗോളോട് ഗോൾ, മെസ്സിയുടെ മാസ്റ്റർ ക്ലാസ്, ഒപ്പം വല നിറച്ച് എമ്പപ്പെയും നെയ്മറും

യുവേഫ ചാമ്പ്യൻസ് ലീഗിൽ പി എസ് ജിക്ക് ഒരു വമ്പൻ വിജയം. ഇന്ന് ഇസ്രായേൽ ക്ലബായ മകാബി ഹൈഫയെ നേരിട്ട പി എസ് ജി രണ്ടിനെതിരെ എഴ് ഗോളുകൾക്കാണ് വിജയിച്ചത്. രണ്ട് അസിസ്റ്റും രണ്ടു ഗോളുമായി മെസ്സി ഇന്ന് താറ്റമായി. മെസ്സി മാത്രമല്ല എമ്പപ്പെയും നെയ്മറും എല്ലാം ഇന്ന് ഗോൾ വല കണ്ടു.

മത്സരത്തിന്റെ പത്തൊമ്പതാം മിനുട്ടിൽ മെസ്സിയിലൂടെ ആണ് പി എസ് ജി ലീഡ് എടുത്തത്. എമ്പപ്പെ പെനാൾട്ടി ബോക്സിൽ വെച്ച് കൈമാറിയ പാസ് സ്വീകരിച്ച് ഔട്ടർ ഫൂട്ടു കൊണ്ട് മെസ്സി പന്ത് വലയിലേക്ക് തൊടുക്കുക ആയിരുന്നു.

ഇതിനു ശേഷം 32ആം മിനുട്ടിൽ എമ്പപ്പെയിലൂടെ പി എസ് ജി ലീഡ് ഇരട്ടിയാക്കി. എമ്പപ്പയുടെ സീസണിലെ പി എസ് ജിക്കായുള്ള പതിനഞ്ചാം ഗോളായിരുന്നു ഇത്. 35ആം മിനുട്ടിൽ നെയ്മറിലൂടെ പാരീസ് ക്ലബ് ലീഡ് മൂന്നാക്കി. മെസ്സിയുടെ പാസിൽ നിന്നായിരുന്നു ഈ ഗോൾ.

ആദ്യ പകുതി അവസാനിക്കും മുമ്പ് പെനാൾട്ടി ബോക്സിന് പുറത്ത് നിന്ന് മെസ്സിയുടെ ഒരു മനോഹരമായ സ്ട്രൈക്കും കൂടെ വന്നു. ഇതോടെ ആദ്യ പകുതിയിൽ തന്നെ ക്ലബ് 4-1ന് മുന്നിൽ. അബ്ദുലയി സെക് ആയിരുന്നു ഹൈഫക്ക് ആയി ആദ്യ പകുതിയിൽ ഗോൾ നേടിയത്. സെക് രണ്ടാം പകുതിയിലും വല കുലുക്കി സ്കോർ 4-2 എന്നാക്കി.

ഇതുകൊണ്ട് ഒന്നും പി എസ് ജി സമ്മർദ്ദത്തിൽ ആയില്ല. അധികം വൈകാതെ എമ്പപ്പെയിലൂടെ പി എസ് ജിയുടെ അഞ്ചാം ഗോൾ, അതിനു ശേഷം സെൽഫ് ഗോളിലൂടെ ആറാം ഗോളും. 67 മിനുട്ടിൽ തന്നെ 6-2 ന്റെ ലീഡ്. മെസ്സിയുടെ അസിസ്റ്റിൽ നിന്ന് സോളറുടെ വകയായിരുന്നു പി എസ് ജിയുടെ ഇന്നത്തെ അവസാന ഗോൾ.

ഈ വിജയത്തോടെ പി എസ് ജി 5 മത്സരങ്ങളിൽ നിന്ന് 11 പോയിന്റുമായി ഗ്രൂപ്പ് എച്ചിൽ ഒന്നാമത് നിൽക്കുകയാണ്.

Exit mobile version