വീണ്ടും തിളങ്ങി കെഎല്‍ രാഹുല്‍, പൂരനെയും രാഹുലിനെയും അടുത്തടുത്ത പന്തുകളില്‍ പുറത്താക്കി ശര്‍ദ്ധുല്‍ താക്കൂര്‍

ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ടോസ് നേടി ബാറ്റ് ചെയ്യുവാന്‍ തീരുമാനിച്ച കിംഗ്സ് ഇലവന്‍ പഞ്ചാബിന് 178 റണ്‍സ്. ക്യാപ്റ്റന്‍ കെഎല്‍ രാഹുലും മയാംഗ് അഗര്‍വാളും ചേര്‍ന്ന് നല്‍കിയ മികച്ച തുടക്കത്തിന് ശേഷം ക്രീസിലെത്തിയ മന്‍ദീപ് സിംഗും നിക്കോളസ് പൂരനുമെല്ലാം വേഗത്തില്‍ സ്കോറിംഗ് നടത്തിയപ്പോള്‍ കിംഗ്സ് ഇലവന്‍ ഭേദപ്പെട്ട സ്കോറിലേക്ക് നീങ്ങുകയായിരുന്നു.

അവസാന ഓവറുകളില്‍ ചെന്നൈ ബൗളര്‍മാര്‍ ശക്തമായ തിരിച്ചുവരവാണ് മത്സരത്തില്‍ നടത്തിയത്. രാഹുലിനെയും പൂരനെയും പുറത്താക്കിയ ശര്‍ദ്ധുല്‍ താക്കൂറും റണ്‍സ് വിട്ട് നല്‍കാതെ ബ്രാവോയും സമ്മര്‍ദ്ദം സൃഷ്ടിക്കുകയായിരുന്നു.

Piyushchawla

8.1 ഓവറില്‍ 61 റണ്‍സാണ് കിംഗ്സ് ഇലവന്‍ പഞ്ചാബ് ഓപ്പണര്‍മാര്‍ നേടിയത്. 19 പന്തില്‍ നിന്ന് 26 റണ്‍സ് നേടിയ മയാംഗ് അഗര്‍വാളിന്റെ വിക്കറ്റ് പിയുഷ് ചൗളയാണ് നേടിയത്. പിന്നീട് ക്രീസിലെത്തിയ മന്‍ദീപ് സിംഗും രാഹുലും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 33 റണ്‍സ് നേടി. 16 പന്തില്‍ 27 റണ്‍സ് നേടിയ മന്‍ദീപിനെ രവീന്ദ്ര ജഡേജയാണ് പുറത്താക്കിയത്.

ശര്‍ദ്ധുല്‍ താക്കൂര്‍ എറിഞ്ഞ 15ാം ഓവറിലെ രണ്ടാം പന്തില്‍ സിക്സര്‍ പറത്തി തന്റെ അര്‍ദ്ധ ശതകം നേടിയ കെഎല്‍ രാഹുല്‍ അടുത്ത രണ്ട് പന്തുകളില്‍ നിന്ന് ബൗണ്ടറിയും നേടി. 17 പന്തില്‍ 33 റണ്‍സ് നേടിയ നിക്കോളസ് പൂരനെ മികച്ച ക്യാച്ചിലൂടെ ജഡേജ കൈപ്പിടിയിലൊതുക്കിയപ്പോള്‍ താക്കൂറിന് തന്റെ ആദ്യ വിക്കറ്റ് ലഭിച്ചു.

അടുത്ത പന്തില്‍ രാഹുലിനെയും പുറത്താക്കി താക്കൂര്‍ തന്റെ രണ്ടാം വിക്കറ്റ് നേടിയപ്പോള്‍ 152/2 എന്ന നിലയില്‍ നിന്ന് 152/4 എന്ന നിലയിലേക്ക് പഞ്ചാബ് വീണു. 52 പന്തില്‍ നിന്ന് 63 റണ്‍സാണ് രാഹുലിന്റെ സ്കോര്‍. അടുത്ത പന്തില്‍ സര്‍ഫ്രാസിനെ എഡ്ജ് ചെയ്യിപ്പിക്കുവാന്‍ സര്‍ഫ്രാസിന് സാധിച്ചുവെങ്കിലും സ്ലിപ്പിലേക്ക് പന്ത് എത്താതിനാല്‍ താരത്തിന് ഹാട്രിക് നേടുവാന്‍ സാധിച്ചില്ല.

അവസാന ഓവറുകളില്‍ സെറ്റായ ബാറ്റ്സ്മാന്മാരെ പുറത്താക്കുവാന്‍ ചെന്നൈ ബൗളര്‍മാര്‍ക്ക് സാധിച്ചപ്പോള്‍ മത്സരത്തില്‍ 200നടുത്തുള്ള സ്കോറിലേക്ക് എത്തുവാന്‍ പഞ്ചാബിന് സാധിച്ചില്ലെങ്കിലും മാക്സ്വെല്ലും സര്‍ഫ്രാസും ചേര്‍ന്ന് ടീം സ്കോര്‍ 178 ലേക്ക് എത്തിയ്ക്കുകയായിരുന്നു.

കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഓപ്പണിംഗ് കൂട്ടുകെട്ട് നേടി ലോകേഷ് രാഹുലും മയാംഗ് അഗര്‍വാളും

രാജസ്ഥാന്‍ റോയല്‍സിനെതിരെയുള്ള ഇന്നത്തെ മത്സരത്തിലെ ഓപ്പണിംഗ് കൂട്ടുകെട്ടിലൂടെ കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിന്റെ റെക്കോര്‍ഡ് തിരുത്തി ക്യാപ്റ്റന്‍ ലോകേഷ് രാഹുലും മയാംഗ് അഗര്‍വാളും. 136 റണ്‍സ് നേടി 2011 ആഡം ഗില്‍ക്രിസ്റ്റും പോള്‍ വാള്‍ത്താട്ടിയും നേടിയ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിന്റെ റെക്കോര്‍ഡാണ് ഇന്ന് രാഹുല്‍ -മയാംഗ് കൂട്ടുകെട്ട് നേടിയത്.

16.3 ഓവറില്‍ നിന്ന് 183 റണ്‍സാണ് ഇന്ന് ഈ കൂട്ടുകെട്ട് നേടിയത്.106 റണ്‍സ് നേടിയ മയാംഗിനെ ടോം കറന്‍ പുറത്താക്കിയതോടെയാണ് കൂട്ടുകെട്ട് തകര്‍ന്നത്. അധികം വൈകാതെ ലോകേഷ് രാഹുലും മടങ്ങി.54 പന്തില്‍ നിന്ന് 69 റണ്‍സാണ് രാഹുല്‍ നേടിയത്.

മാജിക്കല്‍ മയാംഗ്, പിന്തുണയുമായി ലോകേഷ് രാഹുലും, രാജസ്ഥാന്‍ കടക്കേണ്ടത് റണ്‍ മല

രാജസ്ഥാന്‍ റോയല്‍സിനെതിരെ ഇന്നത്തെ ഐപിഎല്‍ മത്സരത്തില്‍ ശതകം നേടി മയാംഗ് അഗര്‍വാള്‍. ഐപിഎലിലെ തന്റെ കന്നി ശതകമാണ് ഇന്ന് മയാംഗ് അഗര്‍വാള്‍ നേടിയത്. 26 പന്തില്‍ നിന്ന് അര്‍ദ്ധ ശതകം നേടിയ താരം 19 പന്തില്‍ നിന്ന് തന്റെ അടുത്ത 50 റണ്‍സ് നേടി ഐപിഎലിലെ കന്നി ശതകം നേടി.

ലോകേഷ് രാഹുലുമായുള്ള കൂട്ടുകെട്ടില്‍ രാജസ്ഥാന്‍ ബൗളര്‍മാരെകശാപ്പ് ചെയ്തപ്പോള്‍ കിംഗ്സ് ഇലവന്‍ പഞ്ചാബ് 20 ഓവറില്‍ നിന്ന് 223 റണ്‍സാണ് നേടിയത്. മത്സരത്തില്‍ ലോകേഷ് രാഹുലും മികച്ച ഇന്നിംഗ്സാണ് കാഴ്ചവെച്ചത്. ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 183 റണ്‍സാണ് നേടിയത്.

50 പന്തില്‍ 106 റണ്‍സാണ് മയാംഗ് അഗര്‍വാള്‍ നേടിയത്. 10 ഫോറും7 സിക്സുമാണ് താരം നേടിയത്. ടോം കറനാണ് മയാംഗിന്റെ വിക്കറ്റ് നേടിയത്. അധികം വൈകാതെ ലോകേഷ് രാഹുലും മടങ്ങി.54 പന്തില്‍ നിന്ന് 69 റണ്‍സാണ് രാഹുല്‍ നേടിയത്. അങ്കിത് രാജ്പുതിനാണ് വിക്കറ്റ് ലഭിച്ചത്.

അവസാന ഓവറുകളില്‍ നിക്കോളസ് പൂരനും ഗ്ലെന്‍ മാക്സ്വെല്ലും കൂടി 29 റണ്‍സ് കൂടി നേടിയപ്പോള്‍ പഞ്ചാബ് 223 റണ്‍സ് നേടി. പൂരന്‍ 8 പന്തില്‍ 25 റണ്‍സ് നേടിയപ്പോള്‍ മാക്സ്വെല്‍ 13 റണ്‍സ് നേടി.

റണ്‍സ് വാരിക്കൂട്ടി മയാംഗ് -രാഹുല്‍ കൂട്ടുകെട്ട്, കിംഗ്സ് ഇലവന്‍ പഞ്ചാബ് കുതിയ്ക്കുന്നു

ഐപിഎലില്‍ തങ്ങളുടെ ടോപ് ഓര്‍ഡര്‍ ബാറ്റിംഗ് മികവ് തുടര്‍ന്ന് കിംഗ്സ് ഇലവന്‍ പഞ്ചാബ്. ഇന്ന് നടന്ന മത്സരത്തില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബ് രാജസ്ഥാനെതിരെ ബാറ്റ് ചെയ്തപ്പോള്‍ പത്തോവറില്‍ 110 റണ്‍സാണ് ഓപ്പണിംഗ് കൂട്ടുകെട്ട് നേടിയത്. 26 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം നേടിയ മയാംഗ് അഗര്‍വാലാണ് കൂട്ടുകെട്ടില്‍ കൂടുതല്‍ ആക്രമിച്ച് കളിച്ചത്.

പത്തോവര്‍ പിന്നിടുമ്പോള്‍ മയാംഗ് 33 പന്തില്‍ 69 റണ്‍സും 28 പന്തില്‍ 36 റണ്‍സും നേടിയാണ് ലോകേഷ് രാഹുലും ക്രീസില്‍ നില്‍ക്കുന്നത്. പവര്‍പ്ലേ പിന്നിടുമ്പോള്‍ 60 റണ്‍സ് നേടിയ ടീം അടുത്ത നാലോവറില്‍ 50 റണ്‍സ് കൂടി നേടി.

പവര്‍ പ്ലേയില്‍ കിംഗ്സ് ഇലവന്‍ ‍പഞ്ചാബിന് വിക്കറ്റ് നഷ്ടമില്ലാതെ 50 റണ്‍സ്

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കിംഗ്സ് ഇലവന്‍ പഞ്ചാബിന് മികച്ച തുടക്കം. ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ ലോകേഷ് രാഹുലും മയാംഗ് അഗര്‍വാളും ചേര്‍ന്ന് വിക്കറ്റ് നഷ്ടമില്ലാതെ പവര്‍പ്ലേയില്‍ ടീമിനെ 50 റണ്‍സിലേക്ക് എത്തിച്ചിട്ടുണ്ട്.

രാഹുല്‍ 23 റണ്‍സും മയാംഗ് 25 റണ്‍സുമാണ് നേടിയിട്ടുള്ളത്. കരുതുറ്റ ആര്‍സിബി ബാറ്റിംഗ് നിരയെ വെല്ലുവിളിക്കുവാന്‍ മികച്ച സ്കോര്‍ നേടുക എന്ന കനത്ത വെല്ലുവിളിയാണ് പഞ്ചാബ് നിരയ്ക്ക് മുന്നിലുള്ളത്.

മത്സരത്തില്‍ അനുകൂല ഫലം നേടാനാകാത്തത് വേദനാജനകം – മയാംഗ് അഗര്‍വാള്‍

ഐപിഎല്‍ 2020ലെ രണ്ടാം മത്സരം സൂപ്പര്‍ ഓവറിലാണ് ഫലം നിശ്ചയിക്കപ്പെട്ടത്. കിംഗ്സ് ഇലവന്‍ പഞ്ചാബിനെ തോല്‍വിയുടെ വക്കില്‍ നിന്ന് ജയത്തിനരികിലേക്ക് എത്തിച്ച് സ്കോറുകള്‍ ഒപ്പമെത്തിച്ചുവെങ്കിലും ടീമിനെ വിജയത്തിലേക്ക് നയിക്കുക എന്ന കടമ്പ കടക്കുവാന്‍ മയാംഗ് അഗര്‍വാളിന് സാധിച്ചില്ല. സ്കോറുകള്‍ ഒപ്പമെത്തിയ ശേഷം ഇന്നിംഗ്സിലെ അവസാന രണ്ട് പന്തുകളില്‍ മയാംഗും ക്രിസ് ജോര്‍ദ്ദനും പുറത്തായതോടെ സൂപ്പര്‍ ഓവറിലേക്ക് നീങ്ങിയ മത്സരത്തില്‍ മയാംഗിന്റെ ടീം പരാജയം ഏറ്റുവാങ്ങി.

മത്സരത്തില്‍ നിന്ന് ഒട്ടനവധി പോസിറ്റീവ് കാര്യങ്ങള്‍ ടീമിന് കണ്ടെത്താനാകുമെങ്കിലും അനുകൂല ഫലം നേടാനാകാത്തതില്‍ തനിക്ക് ഏറെ വിഷമമുണ്ടെന്ന് കിംഗ്സ് ഇലവന്‍ പഞ്ചാബ് താരം വ്യക്തമാക്കി. ന്യൂ ബോളില്‍ പഞ്ചാബ് മികച്ച രീതിയിലാണ് പന്തെറിഞ്ഞതെന്നും ഈ തോല്‍വിയില്‍ ടീം തളരേണ്ടതില്ലെന്നും ഇത് വെറും ആദ്യ മത്സരമാണെന്നും മയാംഗ് അഗര്‍വാള്‍ വ്യക്തമാക്കി.

ആദ്യ മത്സരത്തില്‍ ഇത്രയും വീരോചിതമായ പ്രകടനം പുറത്തെടുക്കാനായത് മികച്ച കാര്യമായാണ് താന്‍ വിലയിരുത്തുന്നതെന്നും മയാംഗ് വ്യക്തമാക്കി.

മയാംഗിന്റെ ഇന്നിംഗ്സ് അവിശ്വസനീയം – ലോകേഷ് രാഹുല്‍

മയാംഗ് അഗര്‍വാളിന്റെ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയുള്ള ഇന്നിംഗ്സ് അവിശ്വസീനമായ ഒന്നായിരുന്നുവെന്ന് പറഞ്ഞ് ടീം ക്യാപ്റ്റന്‍ ലോകേഷ് രാഹുല്‍. ഒരു ഘട്ടത്തില്‍ മത്സരം കൈവിട്ട പഞ്ചാബിനെ ഇത്രയും അടുത്തെത്തിച്ചത് മാന്ത്രിക പ്രകടനമെന്ന് വേണം വിശേഷിപ്പിക്കുവാനെന്നും ലോകേഷ് രാഹുല്‍ അഭിപ്രായപ്പെട്ടു.

മയാംഗ് ഏറെ കാലമായി ടെസ്റ്റിലും മികച്ച പ്രകടനം പുറത്തെടുക്കുകയാണെന്നും വന്‍ തകര്‍ച്ചയില്‍ നിന്ന് വിജയത്തിന് അടുത്ത് വരെ എത്തിയത് ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തുമെന്നും രാഹുല്‍ പറഞ്ഞു. 55/5 എന്ന നിലയിലും ടീം പോസിറ്റീവ് ചിന്തകളുമായി തന്നെയാണ് നിന്നതെന്നും തങ്ങളുടെ പദ്ധതികള്‍ നടപ്പിലാക്കുവാന്‍ മത്സരത്തില്‍ ശ്രമിച്ചുവെങ്കിലും ചില തെറ്റുകള്‍ സംഭവിച്ചുവെന്നും ലോകേഷ് രാഹുല്‍ വ്യക്തമാക്കി.

അവിശ്വസനീയ അവസാന ഓവര്‍, മത്സരം സൂപ്പര്‍ ഓവറിലേക്ക് എത്തിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്

55/5 എന്ന നിലയില്‍ നിന്ന് മത്സരം കൈവിട്ടുവെന്ന ഏവരുടെയും വിലയിരുത്തലുകളെ തെറ്റിച്ച് കിംഗ്സ് ഇലവന്‍ പഞ്ചാബിനെ വിജയത്തിലേക്ക് മയാംഗ് അഗര്‍വാല്‍ നയിക്കുമെന്ന് കരുതിയെങ്കിലും തോല്‍വിയില്‍ നിന്ന് മത്സരം സൂപ്പര്‍ ഓവറിലേക്ക് എത്തിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്.

ഇരു പക്ഷത്തേക്കും മാറി മറിഞ്ഞ മത്സരം അവസാന മൂന്ന് പന്തുകള്‍ അവശേഷിക്കെ പഞ്ചാബ് 1 റണ്‍സായിരുന്നു നേടേണ്ടിയിരുന്നത്. അവസാന രണ്ട് പന്തില്‍ നിന്ന് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയാണ് മത്സരം ടൈയിലാക്കുവാന്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് സാധിച്ചത്.

പഞ്ചാബിന്റെ തുടക്കം പാളിയ ശേഷം ആര്‍ക്കും കാര്യമായി റണ്‍സ് കണ്ടെത്തുവാന്‍ സാധിച്ചിരുന്നില്ല. താന്‍ എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റ് വീഴ്ത്തിയ അശ്വിനെ അതേ ഓവറില്‍ തന്നെ പരിക്കേറ്റ് ഡല്‍ഹിയ്ക്ക് നഷ്ടമാകുന്നതാണ് കണ്ടത്.

എന്നാല്‍ പിന്നെയും വിക്കറ്റുകള്‍ വീഴ്ത്തി സമ്മര്‍ദ്ദം സൃഷ്ടിക്കുവാന്‍ ഡല്‍ഹി ബൗളര്‍മാര്‍ക്കായി. മയാംഗ് അഗര്‍വാള്‍ ഒറ്റയാള്‍ പോരാട്ടവുമായി ഒരു വശത്ത് പൊരുതിയെങ്കിലും മറ്റു ബാറ്റ്സ്മാന്മാരുടെ പരാജയം പഞ്ചാബിന് വിനയായി. 20 റണ്‍സ് നേടിയ കൃഷ്ണപ്പ ഗൗതവും 21 റണ്‍സ് നേടിയ ലോകേഷ് രാഹുലമാണ് കിംഗ്സ് ഇലവന്‍ പഞ്ചാബ് നിരയില്‍ റണ്‍സ് കണ്ടെത്തിയ താരങ്ങള്‍.

എന്നാല്‍ പിന്നീട് മത്സരം മയാംഗ് അഗര്‍വാലിന്റെ ഒറ്റയാന്‍ പോരാട്ടത്തില്‍ തിരിച്ച് പിടിക്കുന്നതാണ് ആരാധകര്‍ക്ക് കാണുവാന്‍ കഴിഞ്ഞത്. ഒരു ഘട്ടത്തില്‍ മത്സരം ഡല്‍ഹി ജയിക്കുമെന്ന് കരുതിയ ഘട്ടത്തില്‍ നിന്നാണ് ടീം മത്സരം കൈവിട്ടത്.

മോഹിത് ശര്‍മ്മ എറിഞ്ഞ 18ാം ഓവറില്‍ രണ്ട് സിക്സ് സഹിതം 17 റണ്‍സ് നേടി ലക്ഷ്യം 12 ഓവറില്‍ 25 റണ്‍സെന്ന നിലയില്‍ ആക്കി മാറ്റുവാന്‍ മയാംഗിന് സാധിച്ചിരുന്നു. കാഗിസോ റബാഡ എറിഞ്ഞ 19ാം ഓവറില്‍ ഒരു ഫോറും ഒരു ഡബിളും നല്‍കിയ മയാംഗ് അടുത്ത പന്തില്‍ ഒരു അവസരം നല്‍കിയെങ്കിലും ബൗണ്ടറിയില്‍ ശ്രേയസ്സ് അയ്യര്‍ അത് കൈവിടുകയും പന്ത് ബൗണ്ടറിയിലേക്ക് കടത്തുകയും ചെയ്തു. ഓവറില്‍ നിന്ന് 12 റണ്‍സാണ് പിറന്നത്.

അവസാന ഓവറില്‍ വിജയത്തിനായി12 റണ്‍സ് വേണ്ടിയിരുന്ന പഞ്ചാബിന് വേണ്ടി മയാംഗ് ആദ്യ പന്തില്‍ തന്നെ സിക്സ് നേടി. അടുത്ത പന്തില്‍ ഡബിള്‍ നേടിയതോടെ ലക്ഷ്യം നാല് പന്തില്‍ അഞ്ചായി മാറി. അടുത്ത പന്തില്‍ ബൗണ്ടറി നേടി സ്കോറുകള്‍ ഒപ്പമെത്തിച്ചുവെങ്കിലും ഒരു പന്ത് അവശേഷിക്കെ ജയം ഒരു റണ്‍സ് അകലെയുള്ളപ്പോള്‍ മയാംഗ് പുറത്താകുകയായിരുന്നു.

സ്റ്റോയിനിസ് എറിഞ്ഞ ഓവറിന്റെ അവസാന മൂന്ന് പന്തിലാണ് പഞ്ചാബ് മത്സരം കൈവിടുന്നത് കണ്ടത്. 60 പന്തില്‍ നിന്ന് 89 റണ്‍സാണ് മയാംഗ് നേടിയത്. 101/6 എന്ന നിലയില്‍ നിന്ന് 157/6 എന്ന നിലയിലേക്ക് മയാംഗ് ടീമിനെ എത്തിച്ചുവെങ്കിലും ജയമെന്ന ലക്ഷ്യത്തിലേക്ക് ടീമിനെ നയിക്കുവാന്‍ മയാംഗിന് സാധിച്ചില്ല.

അവസാന ഓവറില്‍ വീഴ്ത്തിയ രണ്ട് വിക്കറ്റ് അടക്കം സ്റ്റോയിനിസ് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ റബാഡയും അശ്വിനും രണ്ട് വീതം വിക്കറ്റ് നേടി.

ഇന്ത്യൻ ടീമിൽ അവസരം ലഭിക്കാതിരുന്നപ്പോൾ ദ്രാവിഡിന്റെ വാക്കുകൾ തുണയായി : മായങ്ക് അഗർവാൾ

രഞ്ജി ട്രോഫിയിൽ മികച്ച പ്രകടനം പുറത്തെടുത്തിട്ടും ഇന്ത്യൻ ടീമിൽ അവസരം ലഭിക്കാതിരുന്നപ്പോൾ മുൻ ഇന്ത്യൻ താരം രാഹുൽ ദ്രാവിഡിന്റെ വാക്കുകളാണ് തുണയായതെന്ന് ഇന്ത്യൻ ടെസ്റ്റ് ടീം ഓപ്പണർ മായങ്ക് അഗർവാൾ. “രഞ്ജി ട്രോഫിയിലും ഇന്ത്യ എക്ക് വേണ്ടിയും താരം ഒരുപാട് റൺസ് നേടിയിരുന്നു. ആ സമയത്ത് രാഹുൽ ദ്രാവിഡിയുമായി സംസാരിച്ചു. ഇത്ര റൺസ് നേടിയിട്ടും താൻ എന്ത് കൊണ്ട് ഇന്ത്യൻ ടീമിൽ എത്തുന്നില്ലെന്ന് അന്ന് ഞാൻ രാഹുൽ ദ്രാവിഡിനോട് ചോദിച്ചു” മായങ്ക് അഗർവാൾ പറഞ്ഞു.

എന്നാൽ ഇന്ത്യൻ ടീമിൽ സെലക്ഷൻ ലഭിക്കുന്നതിന് നിന്റെ കയ്യിലുള്ള കാര്യമല്ലെന്നും നീ ഒരുപാട് കഠിനാധ്വാനം ചെയ്തത് കൊണ്ടാണ് ഇവിടെ എത്തിയതെന്നും തന്നോട് രാഹുൽ ദ്രാവിഡ് പറഞ്ഞുവെന്ന് അഗർവാൾ വെളിപ്പെടുത്തി. ടീമിൽ നിന്ന് വീണ്ടും പുറത്താവുമോ എന്ന ഭയത്തോടെ താൻ ജീവിക്കാൻ ആഗ്രഹിച്ചിരുന്നില്ലെന്നും മായങ്ക് അഗർവാൾ പറഞ്ഞു. ഇന്ത്യൻ ടീമിൽ അവസരം ലഭിക്കാതിരുന്ന സമയത്ത് രാഹുൽ ദ്രാവിഡിന്റെ വാക്കുകളാണ് തനിക്ക് പ്രചോദനമായതെന്നും മായങ്ക് അഗർവാൾ പറഞ്ഞു.

തുടർന്ന് ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിൽ തനിക്ക് അവസരം ലഭിച്ചപ്പോൾ താൻ രാഹുൽ ദ്രാവിഡിനെ വിളിച്ച് അത് അറിയിച്ചുവെന്നും അഗർവാൾ പറഞ്ഞു. 2018ൽ ഓസ്‌ട്രേലിയക്കെതിരായ പാരമ്പരയിലാണ് മായങ്ക് അഗർവാൾ ഇന്ത്യക്ക് വേണ്ടി ടെസ്റ്റിൽ അരങ്ങേറ്റം നടത്തിയത്.

ഇത് ക്രിക്കറ്റില്‍ നിന്ന് വിട്ടു നില്‍ക്കുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ കാലം – മയാംഗ് അഗര്‍വാല്‍

ക്രിക്കറ്റില്‍ നിന്ന് വിട്ട് നില്‍ക്കുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ കാലമാണ് ഇതെന്ന് പറഞ്ഞ് ഇന്ത്യന്‍ ടെസ്റ്റ് ഓപ്പണര്‍ മയാംഗ് അഗര്‍വാല്‍. നെറ്റ്സില്‍ ബാറ്റ് ചെയ്തിട്ട് കുറേ അധികം ദിവസമായെന്ന് പറഞ്ഞ താരം പൊതുവേ കളിക്കാര്‍ക്കെല്ലാം തിരക്കേറിയ ഷെഡ്യൂളാണുള്ളതെന്നും എന്നാല്‍ ഇപ്പോള്‍ വീട്ടിലിരിക്കുന്നത് നല്ലതാണെന്ന് പറഞ്ഞു. ഈ ബ്രേക്ക് ഒരു തരത്തില്‍ നല്ലതാണ്.

പക്ഷേ എന്ന് തിരിച്ച് മടങ്ങാനാകുമെന്നും ഇതെല്ലാം എന്ന് കഴയും എന്ന് അറിയാത്തതും അല്പം ബുദ്ധിമുട്ടാണെന്ന് മയാഗ് പറഞ്ഞു. സര്‍ക്കാരിന്റെ തീരുമാനങ്ങളെ അംഗീകരിച്ച് വീട്ടിനുള്ളില്‍ ഇരിക്കുകയാണ് ഉത്തരവാദിത്വപ്പെട്ട് താരമെന്ന നിലയില്‍ തനിക്ക് ചെയ്യാനാകുന്നതെന്ന് മയാംഗ് വെളിപ്പെടുത്തി.

ലോക്ക്ഡൗണ്‍ തുടങ്ങിയ സമയത്ത് വീട്ടില്‍ ആര്‍ക്കും ഒരു ഗുണമില്ലാത്ത വ്യക്തിയാണ് താനെന്ന ചിന്ത് തനിക്ക് വന്നുവെന്ന് മയാംഗ് പറഞ്ഞു. തനിക്ക് വീട്ടിലുള്ളവര്‍ക്ക് മൂല്യമുള്ള എന്തെങ്കിലും ചെയ്യാനാകുമോ എന്നാണ് താന്‍ ഈ ലോക്ക്ഡൗണ്‍ കാലത്ത് ശ്രമിക്കുന്നതെന്നും മയാംഗ് പറഞ്ഞു.

പൃഥ്വി ഷായ്ക്ക് പിന്തുണയും മയാംഗ് അഗര്‍വാളിന് പ്രശംസയുമായി കോഹ്‍ലി

ഇന്ത്യയുടെ യുവ ഓപ്പണര്‍ പൃഥ്വി ഷായ്ക്ക് പിന്തുണയുമായി വിരാട് കോഹ്‍ലി. പൃഥ്വി ന്യൂസിലാണ്ടിലെ വെല്ലിംഗ്ടണില്‍ 16, 14 എന്ന സ്കോറുകളാണ് നേടിയത്. താരത്തിന്റെ പരാജയത്തിലും പിന്തുണയുമായി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി എത്തുകയായിരുന്നു. പൃഥ്വി ഇന്ത്യയ്ക്ക് പുറത്ത് വെറും രണ്ട് മത്സരങ്ങളാണ് കളിച്ചിട്ടുള്ളതെന്നും നാച്വറല്‍ സ്ട്രോക്ക് മേക്കറായ താരം അതിനാല്‍ തന്നെ റണ്‍സ് ഉടനെ കണ്ടെത്തുമെന്നും വിരാട് അഭിപ്രായപ്പെട്ടു.

ഇരു ഇന്നിംഗ്സിലും മികച്ച പ്രകടനം പുറത്തെടുത്ത മയാംഗ് അഗര്‍വാളിനെയും പ്രശംസിക്കുവാന്‍ കോഹ്‍ലി മറന്നില്ല. മയാംഗ് ആദ്യ ഇന്നിംഗ്സില്‍ 34 റണ്‍സും രണ്ടാം ഇന്നിംഗ്സില്‍ 51 റണ്‍സുമാണ് വെല്ലിംഗ്ടണില്‍ നേടിയത്.

മയാംഗ് അഗര്‍വാളിനും മുഹമ്മദ് ഷമിയ്ക്കും ടെസ്റ്റ് റാങ്കിംഗില്‍ വലിയ നേട്ടം

ഐസിസിയുടെ ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിംഗില്‍ കുതിച്ചുയര്‍ന്ന് ഇന്ത്യന്‍ താരങ്ങളായ മുഹമ്മദ് ഷമിയും മയാംഗ് അഗര്‍വാളും. ഇന്‍ഡോറില്‍ ഇന്ത്യയുടെ ഇന്നിംഗ്സിന്റെയും 130 റണ്‍സിന്റെ വിജയത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച താരങ്ങള്‍ റാങ്കിംഗില്‍ വലിയ നേട്ടമാണ് നേടിയിട്ടുള്ളത്.

ഇരട്ട ശതകം നേടിയ മയാംഗ് 691 റേറ്റിംഗ് പോയിന്റ് നേടി 11ാം സ്ഥാനത്തിലേക്ക് എത്തിയിട്ടുണ്ട്. രോഹിത് ശര്‍മ്മയ്ക്ക് തൊട്ടുപുറകെയാണ് മയാംഗ് നില്‍ക്കുന്നത്. രോഹിത്തിന് 701 റേറ്റിംഗ് പോയിന്റാണുള്ളത്. രോഹിത്ത് പത്താം സ്ഥാനത്താണുള്ളത്.
ഇന്‍ഡോറില്‍ 243 റണ്‍സാണ് മയാംഗ് നേടിയത്. മയാംഗ് തന്റെ ആദ്യ എട്ട് ടെസ്റ്റില്‍ നിന്ന് 858 റണ്‍സാണ് നേടിയിട്ടുള്ളത്. ഡോണ്‍ ബ്രാഡ്മാനും(121) സുനില്‍ ഗവാസ്കറും(938), മാര്‍ക്ക് ടെയിലറും(907) ഉള്‍പ്പെടെ ഏഴ് താരങ്ങള്‍ മാത്രമാണ് ആദ്യ എട്ട് ടെസ്റ്റില്‍ മയാംഗിനെക്കാള്‍ റണ്‍സ് നേടിയിട്ടുള്ള താരങ്ങള്‍. എവര്‍ട്ടണ്‍ വീക്സ്(968), ജോര്‍ജ്ജ് ഹെഡ്ലി(904), ഫ്രാങ്ക് വോറെല്‍(890), ഹെര്‍ബെര്‍ട് സട്ക്ലിഫ്(872) എന്നിവരാണ് മയാംഗിനെക്കാള്‍ അധികം റണ്‍സ് ആദ്യ എട്ട് ടെസ്റ്റുകളില്‍ നേടിയിട്ടുള്ള താരങ്ങള്‍.

മുഹമ്മദ് ഷമി ആദ്യ ഇന്നിംഗ്സില്‍ മൂന്നും രണ്ടാം ഇന്നിംഗ്സില്‍ നാലും വിക്കറ്റ് നേടിയപ്പോള്‍ 8 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി റാങ്കിംഗില്‍ ഏഴാം സ്ഥാനത്തേക്കുയര്‍ന്നു. 790 റേറ്റിംഗ് പോയിന്റുള്ള ഷമി ഒരു ഇന്ത്യന്‍ പേസ് ബൗളര്‍ നേടുന്ന ഏറ്റവും മികച്ച മൂന്നാമത്തെ റേറ്റിംഗ് പോയിന്റിലേക്കാണ് എത്തിയത്. കപില്‍ ദേവ് 877 പോയിന്റും ജസ്പ്രീത് ബുംറ 832 പോയിന്റ് നേടിയതുമാണ് ഷമിയ്ക്ക് മേലുള്ള ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനം.

Exit mobile version