കിഡ്സിനെതിരെ വിജയം, മാസ്റ്റേഴ്സ് സിസി സെമിയിൽ

സെലസ്റ്റിയൽ ട്രോഫിയുടെ സെമി ഫൈനലില്‍ പ്രവേശിച്ച് മാസ്റ്റേഴ്സ് സിസി തിരുവനന്തപുരം. ഗ്രൂപ്പ് ബിയിൽ ഇന്ന് കിഡ്സ് സിസിയ്ക്കെതിരെ 8 വിക്കറ്റ് വിജയം ആണ് മാസ്റ്റേഴ്സ് നേടിയത്. ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങളിലും വിജയം കുറിച്ചാണ് മാസ്റ്റേഴ്സിന്റെ സെമി പ്രവേശനം.

ആദ്യം ബാറ്റ് ചെയ്ത കിഡ്സിന് 27 ഓവറിൽ നിന്ന് 118/9 എന്ന സ്കോറാണ് നേടാനായത്. അലന്‍ അലക്സ്(25), നന്ദകുമാര്‍(23), താഹിര്‍(23*) എന്നിവരുടെ ബാറ്റിംഗാണ് ടീമിനെ 118 റൺസിലേക്ക് എത്തിച്ചത്. മാസ്റ്റേഴ്സിനായി അതുൽ രവീന്ദ്രന്‍ മൂന്നും രാഹുല്‍ ചന്ദ്രന്‍, അനന്തകൃഷ്ണന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

വിഷ്ണു രാജ് 50 റൺസ് നേടി പുറത്താകാതെ നിന്നപ്പോള്‍ 38 പന്തിൽ 49 റൺസ് നേടിയ ഭരത് സൂര്യ തന്റെ പ്രകടനത്തിന് മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം സ്വന്തമാക്കി. ഒരേ ഓവറിൽ അഭിഷേക് നായരെയും കൃഷ്ണ പ്രസാദിനെയും പുറത്താക്കി താഹിര്‍ മാസ്റ്റേഴ്സിനെ 33/2 എന്ന നിലയിലാക്കിയെങ്കിലും പിന്നീട് കിഡ്സ് ബൗളര്‍മാര്‍ക്ക് വിക്കറ്റ് നേടാന്‍ സാധിക്കാതെ വന്നപ്പോള്‍ 18.1 ഓവറിൽ മാസ്റ്റേഴ്സ് വിജയം കുറിച്ചു.

സസ്സെക്സിനെതിരെ 9 വിക്കറ്റ് വിജയം നേടി മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ്

സസ്സെക്സ് കോഴിക്കോടിനെതിരെ വിജയം നേടി മാസ്റ്റേഴ്സ് തിരുവനന്തപുരം. ഇന്ന് ആദ്യം ബാറ്റ് ചെയ്ത സസ്സെക്സ് 26 ഓവറിൽ 140/9 എന്ന സ്കോര്‍ നേടിയപ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തിൽ 20.5 ഓവറിൽ ആണ് വിജയം കുറിച്ചത്.

വിഷ്ണു രാജ് 76 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ 57 റൺസ് നേടിയ അഭിഷേക് ജി നായരുടെ വിക്കറ്റാണ് ടീമിന് നഷ്ടമായത്. ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റിൽ 111 റൺസാണ് നേടിയത്.

നേരത്തെ സസ്സെക്സിനായി 58 റൺസ് നേടിയ ശ്രേയസ് ആണ് ബാറ്റിംഗിൽ തിളങ്ങിയത്. മാസ്റ്റേഴ്സിനായി രാഹുല്‍ ചന്ദ്രന്‍ അഞ്ച് വിക്കറ്റ് നേടി.

സ്വാന്റൺസിനെതിരെ മാസ്റ്റേഴ്സ് സിസിയ്ക്ക് 66 റൺസ് വിജയം

സെലസ്റ്റിയൽ ട്രോഫിയിൽ ഇന്ന് നടന്ന രണ്ടാം മത്സരത്തിൽ സ്വാന്റൺസ് സിസിയ്ക്കെതിരെ മികച്ച വിജയം നേടി മാസ്റ്റേഴ്സ് സിസി. 66 റൺസിനാണ് മാസ്റ്റേഴ്സിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത മാസ്റ്റേഴ്സ് 29.5 ഓവറിൽ 189 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ കൃഷ്ണ പ്രസാദ് 54 റൺസുമായി ടോപ് സ്കോറര്‍ ആയി. വിഷ്ണു രാജ്(39), ഭരത് സൂര്യ(37) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍.

ആദ്യ ഓവറിൽ തന്നെ ഓപ്പണര്‍ അഭിഷേക് നായരെ നഷ്ടമായ ശേഷം വിഷ്ണു രാജും കൃഷ്ണപ്രസാദും ചേര്‍ന്ന് 75 റൺസാണ് രണ്ടാം വിക്കറ്റിൽ നേടിയത്. സ്വാന്റൺസിന് വേണ്ടി ഹരിപ്രസാദും വിഷ്ണു പി കുമാറും മൂന്ന് വീതം വിക്കറ്റ് നേടി ബൗളിംഗിൽ തിളങ്ങി.

മറുപടി ബാറ്റിംഗിനിറങ്ങിയ സ്വാന്റൺസിന് 28 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 123 റൺസ് മാത്രമേ നേടാനായുള്ളു. 26 റൺസ് നേടിയ ഘനശ്യാം ആണ് ടീമിന്റെ ടോപ് സ്കോറര്‍. അപ്പു പ്രകാശ് 25 റൺസും നേടി.

മാസ്റ്റേഴ്സിന് വേണ്ടി അനന്തകൃഷ്ണന്‍ 3 വിക്കറ്റ് നേടിയപ്പോള്‍ അതുൽ രവീന്ദ്രന്‍, അഭിഷേക് മോഹന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

മാസ്റ്റേഴ്സിന്റെ കൃഷ്ണ പ്രസാദ് ആണ് കളിയിലെ താരം.

അനന്തകൃഷ്ണന്റെ ഒറ്റയാള്‍ പോരാട്ടം വിഫലം, മാസ്റ്റേഴ്സിനെ വീഴ്ത്തി ഏജീസ് സെലെസ്റ്റിയൽ ട്രോഫി ഫൈനലിൽ

195 റൺസെന്ന ലക്ഷ്യം തേടിയിറങ്ങിയ മാസ്റ്റേഴ്സിന്റെ ബാറ്റിംഗ് നിരയയ്ക്ക് പിഴച്ചപ്പോള്‍ ടീമിൽ പൊരുതി നിന്നത് അനന്തകൃഷ്ണന്‍ മാത്രം. ആദ്യ ഓവറിൽ കൃഷ്ണപ്രസാദിനെ നഷ്ടമായ ടീമിനെ 91 റൺസ് രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ വിഷ്ണുരാജും അനന്തകൃഷ്ണനും മുന്നോട്ട് നയിച്ചപ്പോള്‍ മാസ്റ്റേഴ്സ് വിജയം പ്രതീക്ഷിച്ചതായിരുന്നു. എന്നാൽ 24 റൺസ് നേടിയ വിഷ്ണു രാജിനെ അഖിൽ എംഎസ് വീഴ്ത്തിയതോടെ ഒരു വശത്ത് വിക്കറ്റുകള്‍ പൊടുന്നനെ മാസ്റ്റേഴ്സിന് നഷ്ടമാകുവാന്‍ തുടങ്ങി.

അനന്തു ഒരു വശത്ത് റൺസ് കണ്ടെത്തുമ്പോളും അഖിൽ എംഎസ് മറുവശത്ത് വിക്കറ്റുകളുമായി ഏജീസിന് മത്സരത്തിലാധിപത്യം ഉറപ്പിക്കുകയായിരുന്നു. 69 പന്തിൽ 87 റൺസ് നേടിയ അനന്തകൃഷ്ണനെ മിഥുന്‍ എസ് വീഴ്ത്തിയപ്പോള്‍ മാസ്റ്റേഴ്സ് 24.2 ഓവറിൽ ഓള്‍ഔട്ട് ആയി. 5 വിക്കറ്റ് നേടിയ അഖിൽ എംഎസും 2 വീതം വിക്കറ്റുമായി മനു കൃഷ്ണനും മിഥുന്‍ എസും ആണ് ടീമിന്റെ 49 റൺസ് വിജയത്തിന് ചുക്കാന്‍ പിടിച്ചത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഏജീസ് 7 വിക്കറ്റ് നഷ്ടത്തിൽ 194 റൺസാണ് നേടിയത്. വിഷ്ണു എന്‍ ബാബു(58), മുഹമ്മദ് ഷാനു(35), മനുകൃഷ്ണന്‍(22*), സച്ചിന്‍ മോഹന്‍(23) എന്നിവരാണ് ഏജീസിന്റെ പ്രധാന സ്കോറര്‍മാര്‍. മാസ്റ്റേഴ്സിന് വേണ്ടി ഗോകുൽ ഗോപിനാഥ് മൂന്നും വൈശാഖ് ചന്ദ്രന്‍ രണ്ടും വിക്കറ്റ് നേടി.

രോഹന്‍ കുന്നുമ്മലിനും ഷൗൺ റോജറിനും അര്‍ദ്ധ ശതകങ്ങള്‍, അനായാസ വിജയവുമായി മാസ്റ്റേഴ്സ്

മുത്തൂറ്റ് ഇസിസിയ്ക്കെതിരെ മികച്ച വിജയവുമായി മാസ്റ്റേഴ്സ് സിസി. ഇന്ന് നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുത്തൂറ്റ് ഇസിസി 30 ഓവറിൽ 144 റൺസിന് പുറത്താക്കിയ ശേഷം ലക്ഷ്യം 16.1 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു.

ഗോകുൽ ഗോപിനാഥ് 4 വിക്കറ്റും ഇദന്‍ ആപ്പിള്‍ ടോം, വൈശാഖ് ചന്ദ്രന്‍ എന്നിവര്‍ 2 വിക്കറ്റും നേടിയപ്പോള്‍ മുത്തൂറ്റ് ഇസിസിയ്ക്കായി അനന്ദു സുനിൽ 45 റൺസ് നേടി. സുധി അനിൽ(22), ഗിരീഷ് പിജി(20) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍.

രോഹന്‍ കുന്നുമ്മൽ( 25 പന്തിൽ 54), ഷൗൺ റോജര്‍(35 പന്തിൽ 50*) എന്നിവരുടെ അര്‍ദ്ധ ശതകങ്ങള്‍ക്കൊപ്പം ഭരത് സൂര്യ 24 റൺസുമായി പുറതതാകാതെ നിന്നപ്പോള്‍ 8 വിക്കറ്റ് വിജയത്തിലേക്ക് 16.1 ഓവറിൽ മാസ്റ്റേഴ്സ് സിസി എത്തുകയായിരുന്നു. സുധി സുനിൽ മുത്തൂറ്റ് ഇസിസിയ്ക്കായി രണ്ട് വിക്കറ്റ് നേടി.

Exit mobile version