ഓസ്ട്രേലിയയ്ക്കും അരങ്ങേറ്റ താരം

ഇന്ത്യയ്ക്കെതിരെ വിശാഖപട്ടണത്ത് നടക്കുന്ന ആദ്യ ടി20 മത്സരത്തില്‍ ഇന്ത്യയെ പോലെ ഓസ്ട്രേലിയയ്ക്കായും ഒരു താരം അരങ്ങേറ്റം നടത്തും. ടെസ്റ്റ് ടീമിലും ഏകദിനത്തിലും കളിച്ചിട്ടുള്ള ഓസ്ട്രേലിയയുടെ പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ് ആണ് സന്ദര്‍ശകര്‍ക്കായി അരങ്ങേറ്റം നടത്താന്‍ ഒരുങ്ങുന്നത്. ഓസ്ട്രേലിയയ്ക്കായി ടി20 അരങ്ങേറ്റം നടത്തുന്ന 94ാമത്തെ താരമാണ് പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ്.

മാര്‍ക്കസ് സ്റ്റോയിനിസ് ആണ് താരത്തിനു ക്യാപ് നല്‍കിയത്.

വിജയത്തോടെ ക്ലിംഗര്‍ കരിയര്‍ അവസാനിപ്പിച്ചു, പെര്‍ത്തിനു 27 റണ്‍സ് ജയം

ബിഗ് ബാഷില്‍ തന്റെ അവസാന മത്സരം ജയത്തോടെ അവസാനിപ്പിച്ച് മൈക്കല്‍ ക്ലിംഗര്‍. ഇന്നലെ പെര്‍ത്തിന്റെ മെല്‍ബേണ്‍ സ്റ്റാര്‍സിനെതിരെയുള്ള വിജയം താരത്തിന്റെ ബിഗ് ബാഷിലെ അവസാന മത്സരമായിരുന്നു. ആദ്യം ബാറ്റ് ചെയ്ത പെര്‍ത്ത് 182/3 എന്ന സ്കോര്‍ നേടിയപ്പോള്‍ മെല്‍ബേണ്‍ സ്റ്റാര്‍സിനു 155/9 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളു.

ക്ലിംഗര്‍ തന്റെ അവസാന മത്സരത്തില്‍ 30 റണ്‍സ് നേടിയപ്പോള്‍ 42 പന്തില്‍ 69 റണ്‍സ് നേടി ആഷ്ടണ്‍ ടര്‍ണറും 27 പന്തില്‍ 44 റണ്‍സ് നേടിയ കാമറൂണ്‍ ബാന്‍ക്രോഫ്ടുമാണ് ടീമിനായി തിളങ്ങിയത്. പെര്‍ത്തിനു വേണ്ടി ജോഷ് ഇംഗ്ലിസ് 26 റണ്‍സ് നേടി.

ഗ്ലെന്‍ മാക്സ്വെല്ലും മാര്‍ക്കസ് സ്റ്റോയിനിസും സ്റ്റാര്‍സിനു വേണ്ടി തിളങ്ങിയെങ്കിലും ജയം നേടുവാന്‍ ടീമിനു സാധിച്ചില്ല. മാക്സ്വെല്‍ 40 പന്തില്‍ 61 റണ്‍സ് നേടിയപ്പോള്‍ സ്റ്റോയിനിസ് 49 റണ്‍സ് നേടി. ഇരുവരും പുറത്തായ ശേഷം വിക്കറ്റുകളുമായി പെര്‍ത്ത് മത്സരത്തിലേക്ക് തിരികെ എത്തുകയായിരുന്നു. 20 ഓവര്‍ അവസാനിച്ചപ്പോള്‍ 155 റണ്‍സാണ് 9 വിക്കറ്റുകളുടെ നഷ്ടത്തില്‍ സ്റ്റാര്‍സ് നേടിയത്.

മൂന്ന് വീതം വിക്കറ്റുമായി മാത്യൂ കെല്ലിയും നഥാന്‍ കോള്‍ട്ടര്‍-നൈലുമാണ് പെര്‍ത്തിന്റെ ബൗളര്‍മാരില്‍ തിളങ്ങിയവര്‍. ആന്‍ഡ്രൂ ടൈ രണ്ട് വിക്കറ്റ് നേടി.

രണ്ടാം ടെസ്റ്റില്‍ സ്റ്റോയിനിസ് ഓസ്ട്രേലിയന്‍ ടീമില്‍

മാറ്റ് റെന്‍ഷായ്ക്ക് പകരം മാര്‍ക്കസ് സ്റ്റോയിനിസിനെ ടീമില്‍ ഉള്‍പ്പെടുത്തി ഓസ്ട്രേലിയ. ശ്രീലങ്കയ്ക്കെതിരെയുള്ള രണ്ടാം ടെസ്റ്റിലേക്കുള്ള സ്ക്വാഡിലേക്കാണ് താരത്തെ ചേര്‍ത്തിരിക്കുന്നത്. ബ്രിസ്ബെയിന്‍ ഹീറ്റിനു വേണ്ടി കളിക്കാനുള്ള അവസരം ന്ല‍കുന്നതിനു വേണ്ടിയാണ് റെന്‍ഷായെ ടീമില്‍ നിന്ന് റിലീസ് ചെയ്യുവാന്‍ ക്രിക്കറ്റ് ഓസ്ട്രേലിയ തീരുമാനിച്ചിരിക്കുന്നത്.

രണ്ടാം ടെസ്റ്റിലും ഓപ്പണിംഗില്‍ മാറ്റം വരുത്തുവാന്‍ സാധ്യതയില്ലാത്തതിനാലാണ് റെന്‍ഷായെ ടീമില്‍ നിന്ന് വിടുതല്‍ നല്‍കുന്നത്. മാര്‍ക്കസ് ഹാരിസും ജ ബേണ്‍സും തന്നെയാവും രണ്ടാം ടെസ്റ്റിലും ഓസീസ് ഓപ്പണര്‍മാര്‍.

തോല്‍വി ഒഴിയാതെ അഡിലെയ്ഡ്, മെല്‍ബേണ്‍ സ്റ്റാര്‍സിനോടേറ്റ് വാങ്ങിയത് 44 റണ്‍സിന്റെ പരാജയം

വീണ്ടുമൊരു മത്സരം കൂടി പരാജയപ്പെട്ട് അഡിലെയ്ഡ് സ്ട്രൈക്കേഴ്സ്. ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ മെല്‍ബേണ്‍ സ്റ്റാര്‍സിനോട് കൂറ്റന്‍ തോല്‍വിയാണ് സ്ട്രൈക്കേഴ്സ് ഏറ്റുവാങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത സ്റ്റാര്‍സ് 20 ഓവറില്‍ രണ്ട് വിക്കറ്റുകളുടെ നഷ്ടത്തില്‍ 167 റണ്‍സ് നേടിയപ്പോള്‍ അഡിലെയ്ഡ് 123 റണ്‍സിനു 19.4 ഓവറില്‍ ഓള്‍ഔട്ട് ആവുകയായിരുന്നു. 44 റണ്‍സിന്റെ വിജയമാണ് മത്സരത്തില്‍ സ്റ്റാര്‍സിനു സ്വന്തമാക്കാനായത്.

72 റണ്‍സ് നേടി പുറത്താകാതെ നിന്ന ബെന്‍ ഡങ്കിനൊപ്പം മാര്‍ക്കസ് സ്റ്റോയിനിസ്(53), പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ്(36) എന്നിവരും കൂടി ചേര്‍ന്നാണ് 167 റണ്‍സിലേക്ക് സ്റ്റാര്‍സിനെ നയിച്ചത്. സ്റ്റോയിനിസിനെ റഷീദ് ഖാന്‍ പുറത്താക്കിയപ്പോള്‍ ഹാന്‍ഡ്സ്കോമ്പ് റണ്ണൗട്ടായാണ് പുറത്തായത്.

അലക്സെ കാറെ(30), ജേക്ക് ലേമാന്‍(40) എന്നിവരുടെ സ്കോറുകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ അഡിലെയ്ഡ് ബാറ്റിംഗ് തീര്‍ത്തും പരാജയമായി മാറുകയായിരുന്നു. ഡ്വെയിന്‍ ബ്രാവോ, ലിയാം പ്ലങ്കറ്റ്, മാര്‍ക്കസ് സ്റ്റോയിനിസ് എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് നേടി സ്റ്റാര്‍സിനു മികച്ച വിജയം ഒരുക്കുകയായിരുന്നു.

ഓള്‍റൗണ്ട് മികവുമായി സ്റ്റോയിനിസ്, ഡെര്‍ബിയില്‍ സ്റ്റാര്‍സിനു ജയം

മെല്‍ബേണ്‍ ഡെര്‍ബിയില്‍ 6 വിക്കറ്റ് ജയവുമായി സ്റ്റാര്‍സ്. ഇന്ന് നടന്ന മത്സരത്തില്‍ മാര്‍ക്കസ് സ്റ്റോയിനിസിന്റെ പ്രകടനമാണ് സ്റ്റാര്‍സിന്റെ വിജയം ഒരുക്കിയത്. 19.3 ഓവറില്‍ റെനഗേഡ്സിനെ 121 റണ്‍സിനു ഓള്‍ഔട്ട് ആക്കിയ സ്റ്റാര്‍സ് ലക്ഷ്യം 4 വിക്കറ്റ് നഷ്ടത്തില്‍ നാല് പന്ത് അവശേഷിക്കെ നേടുകയായിരുന്നു. ഓപ്പണറായി ഇറങ്ങി 70 റണ്‍സ് നേടിയ സ്റ്റോയിനിസ് ആണ് ടീമിന്റെ ജയമൊരുക്കിയത്. നേരത്തെ ബൗളിംഗില്‍ സ്റ്റോയിനിസ് മൂന്ന് വിക്കറ്റും നേടിയിരുന്നു.

ആദ്യം ബാറ്റ് ചെയ്ത റെനഗേഡ്സിനായി 28 റണ്‍സ് നേടിയ മുഹമ്മദ് നബിയാണ് ടോപ് സ്കോറര്‍. ടോം കൂപ്പര്‍ 24 റണ്‍സും ഡാനിയേല്‍ ക്രിസ്റ്റ്യന്‍ 18 റണ്‍സും നേടി. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയാണ് സ്റ്റാര്‍സ് ബൗളര്‍മാര്‍ റെനഗേഡ്സ് ബാറ്റ്സ്മാന്മാരെ സമ്മര്‍ദ്ദത്തിലാക്കിയത്. മാര്‍ക്കസ് സ്റ്റോയിനിസിന്റെ മൂന്ന് വിക്കറ്റുകള്‍ക്ക് പുറമെ ജാക്സണ്‍ ബേര്‍ഡ്, ലിയാം പ്ലങ്കറ്റ്, ആഡം സംപ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

രണ്ടാം പന്തില്‍ ബെന്‍ ഡങ്കിനെ നഷ്ടമായെങ്കിലും 70 റണ്‍സ് നേടി പുറത്താകാതെ നിന്ന സ്റ്റോയിനിസ് ടീമിന്റെ വിജയം ഉറപ്പാക്കിയാണ് ക്രീസ് വിട്ടത്. കെയിന്‍ റിച്ചാര്‍ഡ്സണ് രണ്ട് വിക്കറ്റ് ലഭിച്ചപ്പോള്‍ നബിയ്ക്ക് ഒരു വിക്കറ്റ് ലഭിച്ചു. ഡ്വെയിന്‍ ബ്രാവോ(17*), നിക് മാഡിന്‍സണ്‍(19) എന്നിവരും സ്റ്റോയിനിസിനു മികച്ച പിന്തുണ നല്‍കി.

അവസാന ഓവറുകളില്‍ മികച്ച പ്രകടനവുമായി ഓസ്ട്രേലിയ, ഇന്ത്യയ്ക്ക് ജയിക്കുവാന്‍ 289 റണ്‍സ്

സിഡ്നി ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ആദ്യ ഏകദിനത്തില്‍ ഓസ്ട്രേലിയയ്ക്ക് പൊരുതാവുന്ന സ്കോര്‍. പീറ്റര്‍ ഹാന്‍ഡ്സ്കോമ്പിന്റെ പ്രകടനത്തിനു ഒപ്പം ഉസ്മാന്‍ ഖവാജ, ഷോണ്‍ മാര്‍ഷ്, മാര്‍ക്കസ് സ്റ്റോയിനിസ് എന്നിവരുടെ പ്രകടനങ്ങളാണ് ടീമിനു നിര്‍ണ്ണായകമായത്. 289 റണ്‍സാണ് പരമ്പരയില്‍ വിജയത്തുടക്കത്തിനായി ഇന്ത്യ നേടേണ്ടത്. അവസാന ഓവറുകളില്‍ ഓസ്ട്രേലിയ മത്സരം സ്വന്തം പക്ഷതേക്ക് മാറ്റുകയായിരുന്നു. അവസാന പത്തോവറില്‍ നിന്ന് മാത്രം 93 റണ്‍സാണ് ഓസ്ട്രേലിയ നേടിയത്.

തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യ വരുത്തിയ സമ്മര്‍ദ്ദത്തിനിടയില്‍ അര്‍ദ്ധ ശതകങ്ങള്‍ നേടുവാന്‍ ഉസ്മാന്‍ ഖവാജയ്ക്കും ഷോണ്‍ മാര്‍ഷിനും സാധിച്ചു. മൂന്നാം വിക്കറ്റില്‍ മെല്ലെയെങ്കിലും 92 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. ഖവാജ 59 റണ്‍സ് നേടി പുറത്തായ ശേഷം പീറ്റര്‍ ഹാന്‍ഡ്സ്കോമ്പുമായി ചേര്‍ന്ന് ഷോണ്‍ മാര്‍ഷ് ടീമിനെ മുന്നോട്ട് നയിച്ചു. അര്‍ദ്ധ ശതകം നേടിയ ഉടനെ മാര്‍ഷ്(54) പുറത്താകുമ്പോള്‍ 186 ആയിരുന്നു സ്കോര്‍.

പിന്നീട് പീറ്റര്‍ ഹാന്‍ഡ്സ്കോമ്പും മാര്‍ക്കസ് സ്റ്റോയിനിസും ചേര്‍ന്ന് അതിവേഗം സ്കോറിംഗ് നടത്തുകയായിരുന്നു. അഞ്ചാം വിക്കറ്റില്‍ 68 റണ്‍സാണ് ഇരുവരും ചേര്‍ന്ന് 59 പന്തില്‍ നിന്ന് നേടിയത്. ടീമിനു 288 റണ്‍സാണ് നിശ്ചിത 50 ഓവറുകള്‍ക്ക് ശേഷം 5 വിക്കറ്റ് നഷ്ടത്തില്‍ നേടാനായത്.

61 പന്തില്‍ നിന്ന് 73 റണ്‍സ് നേടിയ ഹാന്‍ഡ്സ്കോമ്പിനെ ഭുവനേശ്വര്‍ കുമാറാണ് പുറത്താക്കിയത്. മാര്‍ക്കസ് സ്റ്റോയിനിസ് 47 റണ്‍സുമായി പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവും ഭുവനേശ്വര്‍ കുമാറും രണ്ട് വീതം വിക്കറ്റ് നേടിയപ്പോള്‍ രവീന്ദ്ര ജഡേജ ഒരു വിക്കറ്റ് നേടി.

സ്റ്റോയിനിസിന്റെ ഓള്‍റൗണ്ട് മികവില്‍ മെല്‍ബേണ്‍ സ്റ്റാര്‍സിനു ജയം, മാക്സ്വെല്ലും കസറി

സിഡ്നി തണ്ടറിനെതിരെ 8 വിക്കറ്റ് വിജയം സ്വന്തമാക്കി മെല്‍ബേണ്‍ സ്റ്റാര്‍സ്. ഇന്നലെ നടന്ന ആദ്യ ബിഗ് ബാഷ് മത്സരത്തില്‍ സിഡ്നി തണ്ടര്‍ 135/8 എന്ന സ്കോര്‍ നേടിയപ്പോള്‍ മെല്‍ബേണ്‍ 17.2 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യം മറികടന്നത്. 2 വിക്കറ്റും 34 റണ്‍സും നേടിയ മാര്‍ക്കസ് സ്റ്റോയിനിസ് ആണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

25 പന്തില്‍ 42 റണ്‍സ് നേടിയ ഡാനിയേല്‍ സാംസ് ആണ് തണ്ടറിന്റെ ടോപ് സ്കോറര്‍. ജോ റൂട്ട് 26 റണ്‍സ് നേടിയെങ്കിലും 28 പന്തുകളാണ് ഇംഗ്ലണ്ട് നായകന്‍ നേരിടേണ്ടി വന്നത്. സ്റ്റോയിനിസിനു പുറമെ സ്റ്റാര്‍സിനായി സ്കോട്ട് ബോളണ്ട് രണ്ട് വിക്കറ്റ് നേടി.

നിക് ലാര്‍ക്കിനും ഗ്ലെന്‍ മാക്സ്വെല്ലും പുറത്താകാതെ 41 റണ്‍സ് വീതം നേടി ക്രീസില്‍ നിന്ന് മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 80 റണ്‍സ് നേടിയാണ് സ്റ്റാര്‍സിന്റെ വിജയം ഉറപ്പാക്കിയത്.

സ്റ്റോയിനിസിന്റെ ഓള്‍റൗണ്ട് പ്രകടനം, മെല്‍ബേണ്‍ ഡെര്‍ബിയില്‍ ജയം സ്വന്തമാക്കി സ്റ്റാര്‍സ്

ഇന്ന് നടന്ന രണ്ടാം ബിഗ് ബാഷ് മത്സരമായ മെല്‍ബേണ്‍ ഡെര്‍ബിയില്‍ വിജയം സ്വന്തമാക്കി സ്റ്റാര്‍സ്. റെനഗേഡ്സിനെതിരെ 7 വിക്കറ്റ് വിജയമാണ് മെല്‍ബേണ്‍ സ്റ്റാര്‍സ് സ്വന്തമാക്കിയത്. 78 റണ്‍സും രണ്ട് വിക്കറ്റും നേടിയ സ്റ്റാര്‍സിന്റെ മാര്‍ക്കസ് സ്റ്റോയിനിസ് ആണ് കളിയിലെ താരം. ആദ്യം ബാറ്റ് ചെയ്ത റെനഗേഡ്സ് 148/9 എന്ന സ്കോര്‍ നേടിയപ്പോള്‍ 17.5 ഓവറില്‍ സ്റ്റാര്‍സ് 3 വിക്കറ്റ് നഷ്ടത്തില്‍ വിജയം കുറിച്ചു.

30 റണ്‍സ് നേടി സാം ഹാര്‍പ്പറും 32 റണ്‍സ് നേടിയ ഡാനിയേല്‍ ക്രിസ്റ്റ്യനും മാത്രമാണ് റെനഗേഡ്സിനായി തിളങ്ങാനായത്. ഡ്വെയിന്‍ ബ്രാവോ മൂന്ന് വിക്കറ്റും സ്റ്റോയിനിസ്, സ്കോട്ട് ബോളണ്ട് എന്നിവര്‍ രണ്ടും ആഡം സംപ, സന്ദീപ് ലാമിച്ചാനെ എന്നിവര്‍ ഓരോ വിക്കറ്റും നേടി സ്റ്റാര്‍സിനു വേണ്ടി തിളങ്ങി.

ഓപ്പണറായി ഇറങ്ങിയ സ്റ്റോയിനിസ് 49 പന്തില്‍ പുറത്താകാതെ 78 റണ്‍സ് നേടിയപ്പോള്‍ ബെന്‍ ഡങ്ക്(32), ഗ്ലെന്‍ മാക്സ്വെല്‍(33) എന്നിവരും സ്റ്റാര്‍സിനു വേണ്ടി തിളങ്ങി. 2 വിക്കറ്റുമായി കാമറൂണ്‍ ബോയസ് റെനഗേഡ്സിനു വേണ്ടി തിളങ്ങി.

സ്റ്റോയിനിസ് ടെസ്റ്റ് അരങ്ങേറ്റം കുറിയ്ക്കുമെന്ന് പ്രതീക്ഷ പുലര്‍ത്തി ഷെയിന്‍ വാട്സണ്‍

ഓസ്ട്രേലിയയ്ക്കായി ഉടന്‍ ടെസ്റ്റില്‍ മാര്‍ക്കസ് സ്റ്റോയിനിസ് അരങ്ങേറ്റം കുറിയ്ക്കുമെന്ന് അഭിപ്രായപ്പെട്ട് ഷെയിന്‍ വാട്സണ്‍. ഓസ്ട്രേലിയയ്ക്കായി ഏകദിനത്തിലും ടി2യിലും മികവ് പുലര്‍ത്തിയ താരമാണ് സ്റ്റോയിനിസ്. ഓസീസ് ടീമില്‍ മോശം ഫോമില്‍ കളിയ്ക്കുന്ന പീറ്റര്‍ ഹാന്‍ഡ്സ്കോമ്പിനു പകരം ടീമില്‍ സ്റ്റോയിനിസിനെ ഉള്‍പ്പെടുത്തണമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. എന്നാല്‍ ശേഷിക്കുന്ന ടെസ്റ്റിലേക്കുള്ള സ്ക്വാ‍ഡ് പ്രഖ്യാപിച്ചപ്പോള്‍ സ്റ്റോയിനിസിനു ഇടം ലഭിച്ചിരുന്നില്ല.

ഇപ്പോള്‍ മുന്‍ ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഷെയിന്‍ വാട്സണും ഇതേ അഭിപ്രായമാണ് പങ്കുവയ്ക്കുന്നത്. ഏറെ വൈകാതെ തന്നെ സ്റ്റോയിനിസ് അരങ്ങേറ്റം കുറിയ്ക്കുമെന്നാണ് വാട്സണ്‍ പറയുന്നത്. ഏകദിനത്തിലും ടി20യിലും കൂറ്റന്‍ടികള്‍ കാഴ്ചവെച്ചിട്ടുള്ള താരം സാങ്കേതികമായി ടെസ്റ്റിനു അനുയോജ്യനാണെന്നാണ് വാട്സണ്‍ പറയുന്നത്.

പൊരുതി നോക്കി ദിനേശ് കാര്‍ത്തിക്ക്, ഓസ്ട്രേലിയയെ വിജയത്തിലേക്ക് നയിച്ച് സ്റ്റോയിനിസ്

ആദ്യ ടി20യില്‍ വിജയം നേടുവാന്‍ കഴിയാതെ ഇന്ത്യ. ഒരു വശത്ത് ശിഖര്‍ ധവാന്‍ അടിച്ച് തകര്‍ത്ത ശേഷം അപ്രാപ്യമായ ലക്ഷ്യം മുന്നില്‍ നില്‍ക്കെ ഋഷഭ്  പന്തും ദിനേശ് കാര്‍ത്തിക്കും പൊരുതി ഇന്ത്യയെ വീണ്ടും മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നുവെങ്കിലും 17 ഓവറില്‍ നിന്ന് വിജയത്തിനായി 174 റണ്‍സ് നേടേണ്ടിയിരുന്ന ഇന്ത്യയ്ക്ക് 169 റണ്‍സ് മാത്രമേ നേടാനായുള്ളു. ഓസ്ട്രേലിയ 4 റണ്‍സിന്റെ വിജയം മത്സരത്തില്‍ സ്വന്തമാക്കി.

രോഹിത് ശര്‍മ്മയെ(7) ജേസണ്‍ ബെഹെന്‍ഡ്രോഫ് പുറത്താക്കിയപ്പോള്‍ ആഡം സംപ ലോകേഷ് രാഹുലിനെയും(13) വിരാട് കോഹ്‍ലിയെയും(4) പുറത്താക്കി. 14ാം ഓവറില്‍ 25 റണ്‍സ് നേടി ദിനേശ് കാര്‍ത്തിക്ക് മത്സരത്തില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ വീണ്ടും സജീവമാക്കി. 2 സിക്സും 2 ബൗണ്ടറിയുമാണ് ആന്‍ഡ്രൂ ടൈ എറിഞ്ഞ ഓവറില്‍ നിന്ന് കാര്‍ത്തിക്ക് നേടിയത്. ഓവര്‍ അവസാനിച്ചപ്പോള്‍ ഇന്ത്യയുടെ വിജയ ലക്ഷ്യം 18 പന്തില്‍ 35 റണ്‍സായി മാറിയിരുന്നു.

മാര്‍ക്കസ് സ്റ്റോയിനിസ് എറിഞ്ഞ 15ാം ഓവറില്‍ നിന്ന് ഇന്ത്യന്‍ താരങ്ങളായ ദിനേശ് കാര്‍ത്തിക്കും ഋഷഭ് പന്തും 11 റണ്‍സ് നേടി മത്സരത്തില്‍ ഇന്ത്യയ്ക്കും സാധ്യത സൃഷ്ടിച്ചു. അവസാന രണ്ടോവറില്‍ 24 റണ്‍സെന്ന ലക്ഷ്യം പിന്തുടരാനിറങ്ങിയ ഇന്ത്യയ്ക്ക് 20 റണ്‍സ് നേടിയ ഋഷഭ് പന്തിനെ ഓവറിന്റെ മൂന്നാം പന്തില്‍ നഷ്ടമായി. ആന്‍ഡ്രൂ ടൈയ്ക്കാണ് വിക്കറ്റ്.

ഓവറില്‍ നിന്ന് 11 റണ്‍സ് വന്നപ്പോള്‍ ഇന്ത്യയുടെ ലക്ഷ്യം അവസാന ഓവറില്‍ 13 റണ്‍സായി മാറി. ഓവറിന്റെ മൂന്നാം പന്തില്‍ ക്രുണാല്‍ പാണ്ഡ്യയുടെ വിക്കറ്റ് വീഴ്ത്തി സ്റ്റോയിനിസ് ഇന്ത്യയെ പ്രതിരോധത്തിലാക്കി. തൊട്ടടുത്ത പന്തില്‍ കാര്‍ത്തിക്കിനെയും പുറത്താക്കി ഓസ്ട്രേലിയയെ വിജയത്തിലേക്ക് സ്റ്റോയിനിസ് നയിച്ചു. 13 പന്തില്‍ നിന്ന് 30 റണ്‍സാണ് കാര്‍ത്തിക്ക് നേടിയത്.

മത്സരത്തില്‍ നിന്ന് ഓസ്ട്രേലിയയ്ക്കായി മാര്‍ക്കസ് സ്റ്റോയിനിസും ആഡം സംപയും രണ്ട് വീതം വിക്കറ്റ് നേടിയപ്പോള്‍ ആന്‍ഡ്രൂ ടൈ വളരെയധികം റണ്‍സ് വഴങ്ങി. ഓസ്ട്രേലിയ വ്യക്തമായ മേല്‍ക്കൈ സ്വന്തമാക്കിയ മത്സര സ്ഥിതിയില്‍ നിന്ന് ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കിയത് ടൈയുടെ ഓവറില്‍ പിറന്ന 25 റണ്‍സാണ്.

രസംകൊല്ലിയായി മഴ, ഇന്ത്യയ്ക്ക് ജയിക്കുവാന്‍ 174 റണ്‍സ്

ഗാബയിലെ ഗ്രീന്‍ ടോപ് പിച്ചില്‍ ബൗളര്‍മാര്‍ക്ക് തിളങ്ങാനാകുമെന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലിയുടെ പ്രതീക്ഷകളെ തല്ലി തകര്‍ത്ത് ഗ്ലെന്‍ മാക്സ്വെല്ലും മാര്‍ക്കസ് സ്റ്റോയിനിസും. ഇരു താരങ്ങളും തകര്‍ത്തടിച്ചപ്പോള്‍ ഇന്ത്യയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയ്ക്ക് മികച്ച സ്കോര്‍. 158 റണ്‍സാണ് 4 വിക്കറ്റുകളുടെ നഷ്ടത്തില്‍ ആതിഥേയര്‍ 17 ഓവറില്‍ നിന്ന് നേടിയത്. ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യയുടെ വിജയ ലക്ഷ്യം 174 റണ്‍സായി പുനഃക്രമീകരിക്കുകയായിരുന്നു.

ഡാര്‍സി ഷോര്‍ട്ടിനെ തുടക്കത്തില്‍ നഷ്ടമായ ശേഷം തിരിച്ചുവരവ് നടത്തിയ ഓസീസ് നിരയിലെ ആരോണ്‍ ഫിഞ്ചിനെയും(27) ക്രിസ് ലിന്നിനെയും(37) പുറത്താക്കി കുല്‍ദീപ് യാദവ് ഇന്ത്യയ്ക്ക് അനുകൂലമാക്കി മത്സരത്തെ മാറ്റിയെങ്കിലും തുടര്‍ന്ന് മാക്സ്വെല്ലും സ്റ്റോയിനിസും മത്സരത്തെ മാറ്റി മറിച്ചു.

78 റണ്‍സാണ് നാലാം വിക്കറ്റില്‍ നിന്ന് ഇരുവരും നേടിയത്. എന്നാല്‍ 16.1 ഓവറില്‍ മഴ വില്ലനായി എത്തിയ ശേഷം മത്സരം പുനരാരംഭിച്ചപ്പോള്‍ ഇന്നിംഗ്സ് 17 ഓവറാക്കി ചുരുക്കി. മത്സരം പുനരാരംഭിച്ച ആദ്യ പന്തില്‍ തന്നെ ഗ്ലെന്‍ മാക്സ്വെല്‍ 46 റണ്‍സ് നേടി പുറത്തായി. 24 പന്തുകളാണ് ഗ്ലെന്‍ മാക്സ്വെല്‍ നേരിട്ടത്.

അഞ്ച് പന്തുകള്‍ക്ക് ശേഷം ഓസ്ട്രേലിയന്‍ ഇന്നിംഗ്സ് അവസാനിച്ചപ്പോള്‍ 158 റണ്‍സാണ് നാല് വിക്കറ്റ് നഷ്ടത്തില്‍ ടീം നേടിയത്. മാര്‍ക്കസ് സ്റ്റോയിനിസ് 33 റണ്‍സ് നേടി പുറത്താകാതെ നിന്നു. 19 പന്തില്‍ നിന്നാണ് സ്റ്റോയിനിസിന്റെ പ്രകടനം.

ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവ് രണ്ടും ഖലീല്‍ അഹമ്മദ് ജസ്പ്രീത് ബുംറ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ഏഴ് തോല്‍വികള്‍ക്ക് ശേഷം ഓസ്ട്രേലിയ ജയിച്ചത് ഏഴ് റണ്‍സിനു

ഏഴ് ഏകദിന തോല്‍വികള്‍ അതിനു ശേഷം ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഏഴ് റണ്‍സ് ത്രില്ലര്‍ ജയവുമായി ഓസ്ട്രേലിയ. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയുടെ ഇന്നിംഗ്സ് അവസാനിക്കുമ്പോള്‍ എട്ടാം തോല്‍വിയ്ക്ക് പോന്നൊരു സ്കോര്‍ മാത്രമായിരുന്നു ടീമിന്റെ കൈവശം. 48.3 ഓവറില്‍ ടീം 231 റണ്‍സിനു ഓള്‍ഔട്ട് ആയപ്പോള്‍ അലക്സ് കാറെ 47 റണ്‍സുമായി ടോപ് സ്കോറര്‍ ആയി. ക്രിസ് ലിന്‍(44), ആരോണ്‍ ഫിഞ്ച്(41) എന്നിവരുടെ ശ്രമങ്ങളും ടീമിനു തുണയായപ്പോള്‍ വാലറ്റത്തില്‍ 22 റണ്‍സ് നേടി ആഡം സംപയും നിര്‍ണ്ണായക സംഭാവനകള്‍ നല്‍കി.

4 വിക്കറ്റ് നേടിയ കാഗിസോ റബാഡയും മൂന്ന് വിക്കറ്റുമായി ഡ്വെയിന്‍ പ്രെട്ടോറിയസും ഒപ്പം രണ്ട് വിക്കറ്റ് സ്വന്തമാക്കി ഡെയില്‍ സ്റ്റെയിനും ചേര്‍ന്നാണ് ഓസ്ട്രേലിയയെ പിടിച്ചു കെട്ടിയത്.

ചേസിംഗിനിറങ്ങി 68/4 എന്ന നിലയിലേക്ക് വീണ ദക്ഷിണാഫ്രിക്കയെ ഫാഫ് ഡു പ്ലെസി(47)-ഡേവിഡ് മില്ലര്‍ കൂട്ടുകെട്ട്(51) ആണ് വീണ്ടും മത്സരത്തിലേക്ക് തിരികെ കൊണ്ടു വരുന്നത്. 74 റണ്‍സാണ് അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നേടിയത്. മില്ലര്‍ ക്രീസില്‍ നിന്നിരുന്ന സമയത്ത് ദക്ഷിണാഫഅരിക്ക വിജയം മണത്തിരുന്നുവെങ്കിലും 43ാം ഓവറിന്റെ മൂന്നാം പന്തില്‍ സ്റ്റോയിനിസ് താരത്തെ വിക്കറ്റിനു മുന്നില്‍ കുടുങ്ങിയപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ പ്രയാണത്തിനു അത് വിഘ്നം സൃഷ്ടിച്ചു.

ലുംഗിസാനി ഗിഡിയും(19*) ഇമ്രാന്‍ താഹിറും(11*) ചേര്‍ന്ന് 22 റണ്‍സുമായി പത്താം വിക്കറ്റില്‍ ഒന്നു പൊരുതി നോക്കിയെങ്കിലും ഓവറുകള്‍ അവശേഷിക്കാതെ വന്നപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് 7 റണ്‍സിന്റെ അകലെ മാത്രമേ എത്തുവാന്‍ സാധിച്ചുള്ളു.

സ്റ്റോയിനിസ് മൂന്നും മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹാസല്‍വുഡ് എന്നിവര്‍ രണ്ടും വിക്കറ്റാണ് ഓസ്ട്രേലിയയ്ക്കായി നേടിയത്. പാറ്റ് കമ്മിന്‍സിനു ഒരു വിക്കറ്റും ലഭിച്ചു. നായകന്‍ ആരോണ്‍ ഫിഞ്ചാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

Exit mobile version