സ്റ്റാര്‍സിന് രണ്ടാം ജയം ഒരുക്കി ആഡം സംപയും മാര്‍ക്കസ് സ്റ്റോയിനിസും

ബിഗ് ബാഷില്‍ തങ്ങളുട രണ്ടാം വിജയം കരസ്ഥമാക്കി മെല്‍ബേണ്‍ സ്റ്റാര്‍സ്. ടോപ് ഓര്‍ഡറില്‍ 37 പന്തില്‍ നിന്ന് 61 റണ്‍സ് നേടിയ മാര്‍ക്കസ് സ്റ്റോയിനിസും 29 പന്തില്‍ 39 റണ്‍സ് നേടിയ ഗ്ലെന്‍ മാക്സ്വെല്ലും കസറിയപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത സ്റ്റാര്‍സ് 8 വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സാണ് നേടിയത്.

ബെന്‍ ഡങ്ക്(16), നിക്ക് ലാര്‍ക്കിന്‍(15), ആന്‍ഡ്രേ ഫ്ലെച്ചര്‍(12) എന്നിവരും സ്റ്റാര്‍സ് നിരയില്‍ റണ്‍സ് കണ്ടെത്തുവാന്‍ ശ്രമിച്ചു. സിഡ്നി തണ്ടറിന് വേണ്ടി ഡാനിയേല്‍ സാംസ്, തന്‍വീര്‍ സംഗ, ക്രിസ് ഗ്രീന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടുകയായിരുന്നു.

20 ഓവറില്‍ 147/9 എന്ന നിലയില്‍ സിഡ്നിയെ ഒതുക്കിയാണ് 22 റണ്‍സിന്റെ വിജയം മെല്‍ബേണ്‍ സ്റ്റാര്‍സ് നേടിയത്. അലെക്സ് ഹെയില്‍സ്-കാല്ലം ഫെര്‍ഗൂസണ്‍ കൂട്ടുകെട്ടിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് മാത്രമാണ് മത്സരത്തില്‍ സിഡ്നിയുടെ പ്രതീക്ഷയായി നിന്നത്.

ഫെര്‍ഗൂസണ്‍ 54 റണ്‍സും ഹെയില്‍സ് 46 റണ്‍സും നേടി മടങ്ങിയ ശേഷം വലിയ വെല്ലുവിളിയുയര്‍ത്താതെ സിഡ്നി കീഴടങ്ങി. ലിയാം ഹാച്ചര്‍ 3 വിക്കറ്റ് നേടിയപ്പോള്‍ തന്റെ നാലോവറില്‍ വെറും 10 റണ്‍സ് വിട്ട് നല്‍കി രണ്ട് വിക്കറ്റ് നേടിയ ആഡം സംപയാണ് കളിയിലെ താരം. ഹില്‍ട്ടണ്‍ കാര്‍ട്റൈറ്റിന് രണ്ട് വിക്കറ്റ് ലഭിച്ചു.

പോണ്ടിംഗ് തന്നെ വളരെ അധികം വിശ്വസിക്കുന്നു, തനിക്ക് വലിയ ഉത്തരവാദിത്വം തരുവാന്‍ ആഗ്രഹിക്കുന്നു – മാര്‍ക്കസ് സ്റ്റോയിനിസ്

ഐപിഎലില്‍ ഫ്ലോട്ടറുടെ റോളില്‍ ഉപയോഗിക്കപ്പെട്ട ഓസ്ട്രേലിയന്‍ താരം മാര്‍ക്കസ് സ്റ്റോയിനിസ് ആദ്യ മത്സരങ്ങള്‍ മധ്യ നിരയില്‍ ഇറങ്ങിയപ്പോള്‍ പ്ലേ ഓഫിലെത്തിയപ്പോള്‍ ഓപ്പണറുടെ റോളിലേക്ക് പരിഗണിക്കപ്പെടുകയായിരുന്നു. രണ്ടാം ക്വാളിഫയറില്‍ ഓപ്പണറായി എത്തി നേടിയ വേഗത്തിലുള്ള 38 റണ്‍സിന്റെ ബലത്തില്‍ സണ്‍റൈസേഴ്സിനെ പിന്തള്ളി ഡല്‍ഹിയുടെ ഫൈനല്‍ പ്രവേശനം നടന്നപ്പോള്‍ ടൂര്‍ണ്ണമെന്റില്‍ താരം 13 വിക്കറ്റും 352 റണ്‍സുമാണ് നേടിയത്.

ഡല്‍ഹി കോച്ച് റിക്കി പോണ്ടിംഗിനാണ് താരം തന്നെ പിന്തുണച്ചതിനുള്ള നന്ദി അറിയിച്ചത്. തന്നില്‍ വളരെ അധികം വിശ്വാസമുള്ള വ്യക്തിയാണ് റിക്കിയെന്നും തനിക്ക് വലിയ ഉത്തരവാദിത്വം നല്‍കുവാന്‍ അദ്ദേഹം ആഗ്രഹിക്കുന്നുണ്ടെന്നും പറഞ്ഞ സ്റ്റോയിനിസ് എന്നാല്‍ താന്‍ കുറച്ച് കൂടി സാഹചര്യങ്ങളുമായി പൊരുത്തപ്പെടേണ്ടതുണ്ടെന്ന് തുറന്ന് സമ്മതിച്ചു.

മത്സരത്തിന്റെ ഏത് ഘട്ടത്തിലായാലും തനിക്ക് ടീമിന് വേണ്ടി പ്രഭാവം സൃഷ്ടിക്കുവാന്‍ സന്തോഷമേയുള്ളുവെന്നും താന്‍ റിക്കിയോട് തന്നെ ആവശ്യമെങ്കില്‍ ഏത് ദൗത്യവും വിശ്വസിച്ച് ഏല്പിക്കാമെന്ന് പലവട്ടം പറഞ്ഞിട്ടുണ്ടെന്നും താരം വ്യക്തമാക്കി.

താന്‍ റിക്കി പോണ്ടിംഗിന്റെ വലിയൊരു ഫാനാണെന്നും താരം നെറ്റ്സിലും മറ്റും തന്നെ വളരെ അധികം സഹായിക്കാറുണ്ടെന്നും മാര്‍ക്കസ് വ്യക്തമാക്കി.

വില്യംസണും സമാദും പ്രതീക്ഷ നല്‍കിയെങ്കിലും പൊരുതി വീണ് സണ്‍റൈസേഴ്സ്, ആദ്യ ഫൈനല്‍ എത്തി ഡല്‍ഹി ക്യാപിറ്റല്‍സ്

ഐപിഎല്‍ ചരിത്രത്തിലെ ആദ്യ ഫൈനലില്‍ കടന്ന് ഡല്‍ഹി ക്യാപിറ്റല്‍സ്. ഇന്ന് സണ്‍റൈസേഴ്സിനെ 172 റണ്‍സില്‍ ഒതുക്കി 17 റണ്‍സിന്റെ വിജയത്തോടെയാണ് ഡല്‍ഹി ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്. കെയിന്‍ വില്യംസണും അബ്ദുള്‍ സമാദും സണ്‍റൈസേഴ്സ് പ്രതീക്ഷ കാത്ത് രക്ഷിച്ചുവെങ്കിലും സ്റ്റോയിനിസ് വില്യംസണെ പുറത്താക്കിയ ശേഷം ടീം തകര്‍ന്നു. അടുത്ത ഓവറില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി റബാഡയും രംഗത്തെത്തിയതോടെ ഡല്‍ഹി വിജയം സ്വന്തമാക്കി.

പ്രിയം ഗാര്‍ഗ് മികച്ച രീതിയിലാണ് തുടങ്ങിയതെങ്കിലും മറുവശത്ത് റബാഡ 2 റണ്‍സ് നേടിയ ഡേവിഡ് വാര്‍ണറെ പുറത്താക്കി. താന്‍ മികച്ച ഫോമിലാണെന്ന് മനീഷ് പാണ്ടേ തുടക്കത്തില്‍ കാണിച്ചുവെങ്കിലും സ്റ്റോയിനിസ് പ്രിയം ഗാര്‍ഗിനെയും മനീഷിനെയും പുറത്താക്കി സണ്‍റൈസേഴ്സിനെ സമ്മര്‍ദ്ദത്തിലാക്കുകയായിരുന്നു.

ഹോള്‍ഡറെ കൂട്ടുപിടിച്ച് നാലാം വിക്കറ്റില്‍ 46 റണ്‍സ് കെയിന്‍ വില്യംസണ്‍ നേടിയെങ്കിലും അക്സര്‍ പട്ടേലിന് വിക്കറ്റ് നല്‍കി ഹോള്‍ഡര്‍ മടങ്ങുകയായിരുന്നു. 11 റണ്‍സാണ് താരം നേടിയത്. 35 പന്തില്‍ നിന്ന് വില്യംസണ്‍ തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കുകയായിരുന്നു.

Williamsonsamad

36 പന്തില്‍ 77 റണ്‍സെന്ന വലിയ ലക്ഷ്യം തേടിയിറങ്ങിയ സണ്‍റൈസേഴ്സ് ആഗ്രഹിച്ച ഓവറാണ് പിന്നീട് വന്നത്. ആന്‍റിക് നോര്‍ക്കിയ എറിഞ്ഞ ഓവറില്‍ നിന്ന് 16 റണ്‍സ് വന്നപ്പോള്‍ ഒരു സിക്സും രണ്ട് ഫോറും നേടിയത് അബ്ദുള്‍ സമാദ് ആയിരുന്നു.

അശ്വിന്‍ എറിഞ്ഞ അടുത്ത ഓവറില്‍ പത്ത് റണ്‍സ് പിറന്നപ്പോള്‍ അവസാന നാലോവറില്‍ 51 റണ്‍സായി സണ്‍റൈസേഴ്സ് ലക്ഷ്യം. 31 പന്തില്‍ നിന്ന് 57 റണ്‍സ് നേടിയ കൂട്ടുകെട്ട് സ്റ്റോയിനിസ് തകര്‍ക്കുമ്പോള്‍ 43 റണ്‍സ് വേണമായിരുന്നു സണ്‍റൈസേഴ്സിന്. 45 പന്തില്‍ നിന്ന് 67 റണ്‍സ് നേടിയ വില്യംസണിനെ സണ്‍റൈസേഴ്സിന് നഷ്ടമായപ്പോള്‍ കനത്ത തിരിച്ചടിയാണ് ടീം നേരിട്ടത്.

അശ്വിന്‍ എറിഞ്ഞ അടുത്ത ഓവറില്‍ ഒരു സിക്സും ഫോറും നേടി റഷീദ് ഖാനും മത്സരം സജീവമാക്കി നിര്‍ത്തിയപ്പോള്‍ ലക്ഷ്യം 2 ഓവറില്‍ 30 റണ്‍സായി. അബ്ദുള്‍ സമാദ് കാഗിസോ റബാഡയെ ഒരു സിക്സര്‍ പറത്തി സണ്‍റൈസേഴ്സ് ക്യാമ്പില്‍ ആഹ്ലാദ നിമിഷങ്ങള്‍ നല്‍കിയെങ്കിലും സമാദിനെയും റഷീദ് ഖാനെയും അടുത്തടുത്ത പന്തുകളില്‍ പുറത്താക്കി റബാഡ ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു. ശ്രീവത്സ് ഗോസ്വാമിയെയും താരം അതേ ഓവറില്‍ പുറത്താക്കിയെങ്കിലും ഇടയ്ക്ക് ഒരു വൈഡ് എറിഞ്ഞതിനാല്‍ താരത്തിന് ഹാട്രിക്ക് ലഭിച്ചില്ല.

ഇതോടെ അവസാന ഓവറിലെ ലക്ഷ്യം 22 റണ്‍സായി മാറി. എന്നാല്‍ ഓവറില്‍ നിന്ന് 4 റണ്‍സ് മാത്രം പിറന്നപ്പോള്‍ സണ്‍റൈസേഴ്സ് 17 റണ്‍സ് തോല്‍വി ഏറ്റുവാങ്ങി.

തന്റെ അവസാന ഓവറിലെ 3 വിക്കറ്റ് ഉള്‍പ്പെടെ നാല് വിക്കറ്റ് നേടിയ കാഗിസോ റബാഡയും മൂന്ന് നിര്‍ണ്ണായക വിക്കറ്റ് നേടിയ മാര്‍ക്കസ് സ്റ്റോയിനിസുമാണ് ഡല്‍ഹിയുടെ വിജയം ഉറപ്പിച്ചത്.

ക്യാച്ചുകള്‍ കൈവിട്ട് ഡല്‍ഹിയുടെ ബാറ്റിംഗ് എളുപ്പമാക്കി സണ്‍റൈസേഴ്സ്, ധവാന്‍, സ്റ്റോയിനിസ്, ഹെറ്റ്മ്യര്‍ മികവില്‍ ഡല്‍ഹിയ്ക്ക് വലിയ സ്കോര്‍

മാര്‍ക്കസ് സ്റ്റോയിനിസിനെ ഓപ്പണറാക്കി പരീക്ഷിക്കുവാനുള്ള തീരുമാനം വിജയം കണ്ടപ്പോള്‍ സണ്‍റൈസേഴ്സിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ക്യാപിറ്റല്‍സിന് മികച്ച സ്കോര്‍. 20 ഓവറില്‍ നിന്ന് 3 വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സാണ് ഡല്‍ഹി നേടിയത്. മാര്‍ക്കസ് സ്റ്റോയിനിസ്, ശിഖര്‍ ധവാന്‍, ഷിമ്രണ്‍ ഹെറ്റ്മ്യര്‍ എന്നിവരുടെ ബാറ്റിംഗ് പ്രകടനം ആണ് ഡല്‍ഹിയെ മികച്ച സ്കോറിലേക്ക് എത്തിച്ചത്.

ഒന്നാം വിക്കറ്റില്‍ ശിഖര്‍ ധവാനും മാര്‍ക്കസ് സ്റ്റോയിനിസും ചേര്‍ന്ന് 86 റണ്‍സാണ് 8.2 ഓവറില്‍ നേടിയത്. ജേസണ്‍ ഹോള്‍ഡര്‍ തുടക്കത്തില്‍ സ്റ്റോയിനിസിന്റെ ക്യാച്ച് കൈവിട്ട ശേഷം ആണ് താരം അടിച്ച് തകര്‍ക്കാന്‍ തുടങ്ങിയത്. താരത്തിന്റെ വ്യക്തിഗത സ്കോര്‍ 3ല്‍ നില്‍ക്കുമ്പോളാണ് ഈ അവസരം ഹോള്‍ഡര്‍ കൈവിട്ടത്.

27 പന്തില്‍ നിന്ന് 38 റണ്‍സ് നേടിയ സ്റ്റോയിനിസിനെ റഷീദ് ഖാന്‍ ആണ് പുറത്താക്കിയത്. പിന്നീട് ശ്രേയസ്സ് അയ്യര്‍ ശിഖര്‍ ധവാനോടൊപ്പം ചേര്‍ന്ന് സ്കോര്‍ ബോര്‍ഡ് മുന്നോട്ട് നയിക്കുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 40 റണ്‍സ് ആണ് നേടിയത്.

ഹോള്‍ഡറെ കടന്നാക്രമിക്കുവാന്‍ തീരുമാനിച്ച ശ്രേയസ്സ് അയ്യറിന്റെ ശ്രമകരമായ ക്യാച്ച് കെയിന്‍ വില്യംസണ്‍ കൈവിട്ടുവെങ്കിലും തൊട്ടടുത്ത പന്തില്‍ തന്നെ അയ്യര്‍ പുറത്തായി(21). അയ്യരുടെ വിക്കറ്റ് വീണത് ഡല്‍ഹിയ്ക്ക് ഒരു തരത്തില്‍ ഗുണമായി മാറുകയായിരുന്നു.

ഹെറ്റ്മ്യര്‍ പിന്നീട് തകര്‍ത്തടിക്കുന്നത് കണ്ടപ്പോള്‍ ഡല്‍ഹി വലിയ സ്കോറിലേക്ക് നീങ്ങുകയായിരുന്നു. ഹെറ്റ്മ്യറും ധവാനും ചേര്‍ന്ന് 52 റണ്‍സ് മൂന്നാം വിക്കറ്റില്‍ നേടിയപ്പോള്‍ ധവാനെ പുറത്താക്കി സന്ദീപ് ശര്‍മ്മ കൂട്ടുകെട്ട് തകര്‍ത്തു. ഇതിനിടെ സണ്‍റൈസേഴ്സ് ഹെറ്റ്മ്യറിന്റെയും ധവാന്റെയും ക്യാച്ചുകള്‍ കൈവിട്ടിരുന്നു. ധവാന്‍ 50 പന്തില്‍ 78 റണ്‍സും ഹെറ്റ്മ്യര്‍ 22 പന്തില്‍ 42 റണ്‍സും നേടുകയായിരുന്നു.

ആധികാരികം മുംബൈ, ഡല്‍ഹിയുടെ തോല്‍വിയുറപ്പാക്കി ബുംറയും ബോള്‍ട്ടും

ട്രെന്റ് ബോള്‍ട്ട് ആദ്യ ഓവറില്‍ നല്‍കിയ ഇരട്ട പ്രഹരത്തിന് ശേഷം തിരിച്ച് കയറാനാകാതെ ഡല്‍ഹി ക്യാപിറ്റല്‍സ്. 201 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ഡല്‍ഹി അക്കൗണ്ട് തുറക്കുന്നതിന് മുമ്പ് തന്നെ പൃഥ്വി ഷാ, അജിങ്ക്യ രഹാനെ എന്നിവരെ നഷ്ടമായി പ്രതിസന്ധിയിലായി. ശിഖര്‍ ധവാനെ ബുംറ പുറത്താക്കിയപ്പോള്‍ ആദ്യ മൂന്ന് ബാറ്റ്സ്മാന്മാരും പൂജ്യത്തിനാണ് പുറത്തായത്.

0/3 എന്ന നിലയില്‍ നിന്ന് ശ്രേയസ്സ് അയ്യരെയും(12) ഋഷഭ് പന്തിനെയും(5) നഷ്ടപ്പെട്ട ഡല്‍ഹിയെ കൂറ്റന്‍ തോല്‍വിയില്‍ നിന്ന് കരകയറ്റിയത്. മാര്‍ക്കസ് സ്റ്റോയിനിസും അക്സര്‍ പട്ടേലും ചേര്‍ന്നാണ്. 46 പന്തില്‍ 65 റണ്‍സ് നേടിയ സ്റ്റോയിനിസും അക്സറും ചേര്‍ന്ന് ആറാം വിക്കറ്റില്‍ 71 റണ്‍സാണ് നേടിയത്. സ്റ്റോയിനിസിനെയും ഡാനിയേല്‍ സാംസിനെയും പുറത്താക്കി ബുംറ വീണ്ടും ഡല്‍ഹിയുടെ ചേസിംഗിന് തടയിടുകയായിരുന്നു.

20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സാണ് ഡല്‍ഹി നേടിയത്. 29 റണ്‍സിന്റെ എട്ടാം വിക്കറ്റുമായി അക്സറും റബാഡയും ചേര്‍ന്നാണ് ടീമിന്റെ സ്കോര്‍ ഇത്രയും എത്തിച്ചത്. അക്സര്‍ 42 റണ്‍സും റബാഡ 15 റണ്‍സും നേടി.

ഷാര്‍ജ്ജയിലും ജയിക്കാനാകാതെ രാജസ്ഥാന്‍ റോയല്‍സ്

ആദ്യ രണ്ട് കളികള്‍ ജയിച്ച ഷാര്‍ജ്ജയിലും ജയം കൈവിട്ട് രാജസ്ഥാന്‍ റോയല്‍സ്. തങ്ങളുടെ മോശം ബാറ്റിംഗ് പ്രകടനം ടീം ഇന്നത്തെ മത്സരത്തിലും തുടര്‍ന്നപ്പോള്‍ 185 റണ്‍സെന്ന വിജയ ലക്ഷ്യം തേടിയിറങ്ങിയ രാജസ്ഥാന് 19.4 ഓവറില്‍ 138 റണ്‍സ് മാത്രമേ നേടുവാനായുള്ളു. 46 റണ്‍സിന്റെ വിജയമാണ് ഡല്‍ഹി ഇന്ന് നേടിയത്. ഇതോടെ ടീം പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി.

ഡല്‍ഹി ക്യാപിറ്റല്‍സ് ബൗളര്‍മാര്‍ക്ക് വിക്കറ്റുകള്‍ നേടിക്കൊടുത്തതില്‍ ഫീല്‍ഡര്‍മാരുടെ പങ്ക് ഏറെ വലുതായിരുന്നു. നാലോളം തകര്‍പ്പന്‍ ക്യാച്ചുകളാണ് ഡല്‍ഹി ഫീല്‍ഡര്‍മാര്‍ ഇന്ന് പൂര്‍ത്തിയാക്കിയത്.

ജോസ് ബട്‍ലര്‍ കഴിഞ്ഞ തവണത്തെ പോലെ മിന്നും തുടക്കം നല്‍കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും അശ്വിന്റെ ഓവറില്‍ മികച്ചൊരു ക്യാച്ച് ശിഖര്‍ ധവാന്‍ പൂര്‍ത്തിയാക്കിയപ്പോള്‍ 13 റണ്‍സ് നേടിയ താരം മടങ്ങി. സ്കോര്‍ ബോര്‍ഡില്‍ 15 റണ്‍സായിരുന്നു രാജസ്ഥാന്‍ നേടിയത്. പിന്നീട് മെല്ലെയെങ്കിലും യശസ്വി ജൈസ്വാലും സ്റ്റീവ് സ്മിത്തും ടീമിനെ മുന്നോട്ട് നയിച്ചുവെങ്കിലും വീണ്ടുമൊരു മികച്ച ക്യാച്ച് പൂര്‍ത്തിയാക്കി ഡല്‍ഹി ഫീല്‍ഡര്‍മാര്‍ ടീമിനെ പിന്തുണച്ചു. 24 റണ്‍സ് നേടിയ സ്മിത്തിനെ ആന്‍റിക് നോര്‍കിയയുടെ ഓവറില്‍ ഹെറ്റ്മ്യര്‍ പിടിച്ചാണ് പുറത്താക്കിയത്. 8.1 ഓവറില്‍ 56/2 എന്ന നിലയിലായിരുന്നു രാജസ്ഥാന്‍ ആ ഘട്ടത്തില്‍.

പത്തോവറി 65 റണ്‍സാണ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സ് നേടിയത്. പതിനൊന്നാം ഓവര്‍ എറിയാനെത്തിയ സ്റ്റോയിനിസിനെ സിക്സറോട് കൂടിയാണ് യശസ്വി ജൈസ്വാല്‍ വരവേറ്റതെങ്കിലും അതെ ഓവറില്‍ സഞ്ജു വലിയ ഷോട്ടിന് ശ്രമിച്ച് ഹെറ്റ്മ്യറിന് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു.

അടുത്ത ഓവറില്‍ മഹിപാല്‍ ലോംറോറിനെ(1) അശ്വിന്‍ പുറത്താക്കിയപ്പോള്‍ 34 റണ്‍സ് നേടിയ ജൈസ്വാലിനെ പുറത്താക്കി സ്റ്റോയിനിസ് തന്റെ രണ്ടാം വിക്കറ്റ് നേടി. 72/2 എന്ന നിലയില്‍ നിന്ന് 82/5 എന്ന നിലയിലേക്ക് രാജസ്ഥാന്‍ വീഴുകയായിരുന്നു.

ഇതിനിടെ വലിയ ഷോട്ടുകള്‍ക്ക് ശ്രമിച്ച് ആന്‍ഡ്രൂ ടൈയും മടങ്ങിയപ്പോള്‍ അവസാന 6 ഓവറില്‍ 96 എന്ന വലിയ ലക്ഷ്യമായിരുന്നു രാജസ്ഥാന്‍ നേടേണ്ടിയിരുന്നത്. റബാഡയും മികച്ച ക്യാച്ചിലൂടെയാണ് അക്സര്‍ പട്ടേലിന് ഈ വിക്കറ്റ് നേടിക്കൊടുത്തത്.

38 റണ്‍സ് നേടിയ രാഹുല്‍ തെവാത്തിയ ആണ് ടീമിന്റെ ടോപ് സ്കോറര്‍. അവസാന ഓവറില്‍ റബാഡയാണ് താരത്തെ പുറത്താക്കിയത്. ഡല്‍ഹി ബൗളര്‍മാരില്‍ കാഗിസോ റബാഡ മൂന്നും രവിചന്ദ്രന്‍ അശ്വിന്‍, മാര്‍ക്കസ് സ്റ്റോയിനിസ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടുകയായിരുന്നു.

ടോപ് ഓര്‍ഡര്‍ തകര്‍ന്നുവെങ്കിലും ഡല്‍ഹി ക്യാപിറ്റല്‍സിനെ മികച്ച സ്കോറിലേക്ക് നയിച്ച് ഹെറ്റ്മ്യറും വാലറ്റവും

രാജസ്ഥാന്‍ റോയല്‍സിനെതിരെ ടോപ് ഓര്‍ഡര്‍ തകര്‍ന്ന് 79/4 എന്ന നിലയിലേക്ക് വീണുവെങ്കിലും 184/8 എന്ന മികച്ച സ്കോര്‍ നേടി ഡല്‍ഹി ക്യാപിറ്റല്‍സ്. ജോഫ്ര ആര്‍ച്ചറുടെ സ്പെല്ലില്‍ ഡല്‍ഹിയുടെ തുടക്കം പാളിയെങ്കിലും മാര്‍ക്കസ് സ്റ്റോയിനസും ഷിമ്രണ്‍ ഹെറ്റ്മ്യറും വാലറ്റവും ചേര്‍ന്നാണ് ടീമിനെ ഈ സ്കോറിലേക്ക് പോയത്. ഷിമ്രണ്‍ ഹെറ്റ്മ്യറുടെ വെടിക്കെട്ട് ഇന്നിംഗ്സാണ് ഡല്‍ഹിയെ ഈ ലക്ഷ്യത്തിലേറക്ക് നയിച്ചത്. 24 പന്തില്‍ നിന്ന് 5 സിക്സ് അടക്കമാണ് ഹെറ്റ്മ്യര്‍ തന്റെ 45 റണ്‍സ് നേടിയത്.

രണ്ടാം ഓവറില്‍ ശിഖര്‍ ധവാനെ(5) യശസ്വി ജൈസ്വാളിന്റെ കൈകളിലെത്തിച്ച് ജോഫ്ര ഡല്‍ഹിയ്ക്ക് ആദ്യ പ്രഹരം നല്‍കി. പൃഥ്വിയുടെ സ്കോര്‍ 9ല്‍ നില്‍ക്കവെ വരുണ്‍ ആരോണിന്റെ ഓവറില്‍ പൃഥ്വി നല്‍കിയ അവസരം ഫൈന്‍ ലെഗില്‍ യുവ താരം കാര്‍ത്തിക് ത്യാഗി കൈവിടുകയായിരുന്നു. തൊട്ടടുത്ത പന്തില്‍ സിക്സര്‍ പറത്തി പൃഥ്വി തനിക്ക് നല്‍കിയ അവസരം മുതലാക്കി. എന്നാല്‍ അധികം വൈകാതെ പൃഥ്വിയെ സ്വന്തം ബൗളിംഗില്‍ പിടിച്ച് ജോഫ്ര ആര്‍ച്ചര്‍ ഇന്നിംഗ്സിലെ തന്റെ രണ്ടാം വിക്കറ്റ് നേടി.

10 പന്തില്‍ 19 റണ്‍സ് നേടിയ പൃഥ്വിയുടെ വിക്കറ്റ് വീഴുമ്പോള്‍ 4.2 ഓവറില്‍ 42 റണ്‍സാണ് ഡല്‍ഹി ക്യാപിറ്റല്‍സ് നേടിയത്. യശ്വസി ജൈസ്വാല്‍ വീണ്ടും ഫീല്‍ഡില്‍ തിളങ്ങിയപ്പോള്‍ 22 റണ്‍സ് നേടിയ ഡല്‍ഹി ക്യാപ്റ്റന്‍ ശ്രേയസ്സ് അയ്യരെ റണ്ണൗട്ടാക്കിയതോടെ പവര്‍പ്ലേയ്ക്കുള്ളില്‍ മൂന്നാമത്തെ വിക്കറ്റും ഡല്‍ഹിയ്ക്ക് നഷ്ടമായി. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ ഡല്‍ഹി 51/3 എന്ന നിലയിലായിരുന്നു.

29 റണ്‍സ് നാലാം വിക്കറ്റില്‍ നേടി മാര്‍ക്കസ് സ്റ്റോയിനിസ് – ഋഷഭ് പന്ത് കൂട്ടുകെട്ട് ടീമിനെ മുന്നോട്ട് നയിക്കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും വിക്കറ്റിനിടയിലെ ഓട്ടത്തിലുണ്ടായ പിഴവ് പന്തിന്റെ ഇന്നിംഗ്സിന് അവസാനം കുറിച്ചു. 87 റണ്‍സാണ് പത്തോവറില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് നേടിയത്.

അഞ്ചാം വിക്കറ്റില്‍ ഹെറ്റ്മ്യറിനൊപ്പം 30 റണ്‍സ് കൂട്ടുകെട്ട് നേടിയെങ്കിലും സ്റ്റോയിനിസ് വിക്കറ്റ് വലിച്ചെറിഞ്ഞപ്പോള്‍ തെവാത്തിയയ്ക്ക് തന്റെ ആദ്യ വിക്കറ്റ് നേടി.30 പന്തില്‍ നിന്ന് 39 റണ്‍സാണ് സ്റ്റോയിനിസ് നേടിയത്. 15 ഓവര്‍ അവസാനിച്ചപ്പോള്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സാണ് ഡല്‍ഹി ക്യാപിറ്റല്‍സ് നേടിയത്.

ഹര്‍ഷല്‍ പട്ടേലിനെ കൂട്ടുപിടിച്ച് ആറാം വിക്കറ്റില്‍ 40 റണ്‍സ് നേടി ഷിമ്രണ്‍ ഹെറ്റ്മ്യര്‍ മത്സരം രാജസ്ഥാന്റെ പക്കല്‍ നിന്ന് തട്ടിയെടുക്കുമെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് ബൗണ്ടറിയില്‍ മികച്ചൊരു ക്യാച്ചിലൂടെ രാഹുല്‍ തെവാത്തിയ കാര്‍ത്തിക് ത്യാഗിയ്ക്ക് തന്റെ ആദ്യ വിക്കറ്റ് നേടി.

വാലറ്റത്തില്‍ ഹര്‍ഷല്‍ പട്ടേല്‍(16), അക്സര്‍ പട്ടേല്‍(8 പന്തില്‍ 17 റണ്‍സ്) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ഡല്‍ഹി ക്യാപിറ്റല്‍സ് 184 റണ്‍സിലേക്ക് എത്തിയത്.

സ്റ്റോയിനിസിന്റെ ഇന്നിംഗ്സ് പ്രശംസനീയം, റബാഡ മാച്ച് വിന്നര്‍ – ശ്രേയസ്സ് അയ്യര്‍

കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെയുള്ള മത്സരം മാറി മറിയുന്നത് കണ്ട് നില്‍ക്കുക ഏറ്റവും പ്രയാസകരമായ കാര്യമായിരുന്നുവെന്ന് പറഞ്ഞ് ഡല്‍ഹി ക്യാപിറ്റല്‍സ് ടീം ക്യാപ്റ്റന്‍ ശ്രേയസ്സ് അയ്യര്‍. ഡല്‍ഹിയ്ക്ക് സൂപ്പര്‍ ഓവറില്‍ വിജയം നേടാനായെങ്കിലും ക്യാച്ചിംഗ് പോലുള്ള കാര്യങ്ങളില്‍ ടീം ഇനിയും മെച്ചപ്പെടുവാനുണ്ടെന്ന് അയ്യര്‍ പറഞ്ഞു.

മാര്‍ക്കസ് സ്റ്റോയിനിസ് പിച്ച് മനസ്സിലാക്കി ബാറ്റ് ചെയ്ത വിധം ഏറെ പ്രശംസനീയമാണ്. ഇന്നിംഗ്സില്‍ പ്രതിസന്ധി ഘട്ടത്തില്‍ ക്രീസിലെത്തി അവസാന ഓവര്‍ വരെ നിലയുറച്ച ശേഷം ടീമിനെ പൊരുതാവുന്ന സ്കോറിലേക്ക് നയിച്ചത് സ്റ്റോയിനിസിന്റെ പ്രകടനമാണ്. അത് പോലെ തന്നെ കാഗിസോ റബാഡ ഒരു മാച്ച് വിന്നറാണെന്നും അതിനാലാണ് താന്‍ അവസാന ഓവറിലേക്ക് താരത്തെ കാത്ത് സൂക്ഷിച്ചതെന്നും അയ്യര്‍ പറഞ്ഞു.

താനും പന്തും മധ്യ ഓവറുകളില്‍ മികച്ച രീതിയിലാണ് ബാറ്റ് ചെയ്തതെന്നും എന്നാല്‍ ടോപ് ഓര്‍ഡറില്‍ നിന്ന് അടുത്ത മത്സരത്തില്‍ ടീം ഏറെ പ്രതീക്ഷിക്കുന്നുണ്ടെന്നും ശ്രേയസ്സ് അയ്യര്‍ സൂചിപ്പിച്ചു.

ഭാഗ്യം കൂടെയുണ്ടെങ്കില്‍ വില്ലനില്‍ നിന്ന് ഹീറോ ആകുന്നത് വളരെ എളുപ്പം

കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ വിജയം ഭാഗ്യത്തിന്റെ തുണയോട് കൂടിയാണെന്ന് പറഞ്ഞ് മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ട മാര്‍ക്കസ് സ്റ്റോയിനിസ്. 3 ഓവറില്‍ 29 റണ്‍സിന് രണ്ട് വിക്കറ്റും 21 പന്തില്‍ നിന്ന് 53 റണ്‍സും നേടിയ സ്റ്റോയിനിസിന്റെ പ്രകടനം ഇരു ഇന്നിംഗ്സുകളിലെയും അവസാന ഓവറുകളിലെ പ്രത്യേകതയായിരുന്നു.

തകര്‍ന്ന ഡല്‍ഹി ബാറ്റിംഗിനെ മുന്നോട്ട് നയിച്ച ശ്രേയസ്സ് അയ്യര്‍ ഋഷഭ് പന്ത് കൂട്ടുകെട്ടിന് ശേഷം അധികം റണ്‍സിലേക്ക് ടീം എത്തുകയില്ലെന്ന് കരുതിയ നിമിഷത്തിലാണ് ക്രിസ് ജോര്‍ദ്ദന്‍ എറിഞ്ഞ അവസാന ഓവറില്‍ 30 റണ്‍സ് നേടി സ്റ്റോയിനിസ് മത്സരഗതി മാറ്റിയത്.

തിരിച്ച് പഞ്ചാബിനെ 55/5 എന്ന നിലയിലേക്ക് എറിഞ്ഞ് ഇട്ട ശേഷം മത്സരം അനായാസം ഡല്‍ഹി ജയിക്കുമെന്ന് കരുതിയ നിമിഷത്തിലാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാമ്പിനെ പരിഭ്രാന്തിയിലാക്കി മയാംഗിന്റെ ഇന്നിംഗ്സ് വരുന്നത്. അവസാന ഓവറില്‍ 13 റണ്‍സ് വേണ്ട ഘട്ടത്തില്‍ സ്റ്റോയിനിസിനെയാണ് ശ്രേയസ്സ് അയ്യര്‍ ദൗത്യം ഏല്പിച്ചത്.

ആദ്യ മൂന്ന് പന്തില്‍ തന്നെ സ്കോറുകള്‍ ഒപ്പമെത്തിച്ച മയാംഗിനെയും കിംഗ്സ് ഇലവന്‍ പഞ്ചാബിനെയും ഞെട്ടിച്ച് പിന്നീട് ഒരു റണ്‍സ് പോലും വിട്ട് നല്‍കാതെ സ്റ്റോയിനിസ് മയാംഗിനെയും ക്രിസ് ജോര്‍ദ്ദനെയും പുറത്താക്കി മത്സരം സൂപ്പര്‍ ഓവറിലേക്ക് നയിക്കുകയായിരുന്നു. സൂപ്പര്‍ ഓവറില്‍ കാഗിസോ റബാഡയുടെ മികവില്‍ ഡല്‍ഹി വിജയം ഉറപ്പാക്കി.

ചില മത്സരങ്ങളില്‍ ഭാഗ്യത്തിന്റെ തുണ ടീമിനും ചില താരങ്ങള്‍ക്കുമൊപ്പമുണ്ടാകുമെന്നാണ് സ്റ്റോയിനിസ് പറഞ്ഞത്, അത്തരം ഭാഗ്യമുണ്ടെങ്കില്‍ വില്ലനില്‍ നിന്ന് ഹീറോ ആകുവാന്‍ എളുപ്പമാണ്. അതിനാല്‍ തന്നെ മികച്ച ഫലം ലഭിയ്ക്കുന്ന ദിവസങ്ങള്‍ ആസ്വദിക്കുക എന്നത് മാത്രമാണ് ചെയ്യുവാനുള്ളതെന്നും താരം വ്യക്തമാക്കി.

അവിശ്വസനീയ അവസാന ഓവര്‍, മത്സരം സൂപ്പര്‍ ഓവറിലേക്ക് എത്തിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്

55/5 എന്ന നിലയില്‍ നിന്ന് മത്സരം കൈവിട്ടുവെന്ന ഏവരുടെയും വിലയിരുത്തലുകളെ തെറ്റിച്ച് കിംഗ്സ് ഇലവന്‍ പഞ്ചാബിനെ വിജയത്തിലേക്ക് മയാംഗ് അഗര്‍വാല്‍ നയിക്കുമെന്ന് കരുതിയെങ്കിലും തോല്‍വിയില്‍ നിന്ന് മത്സരം സൂപ്പര്‍ ഓവറിലേക്ക് എത്തിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്.

ഇരു പക്ഷത്തേക്കും മാറി മറിഞ്ഞ മത്സരം അവസാന മൂന്ന് പന്തുകള്‍ അവശേഷിക്കെ പഞ്ചാബ് 1 റണ്‍സായിരുന്നു നേടേണ്ടിയിരുന്നത്. അവസാന രണ്ട് പന്തില്‍ നിന്ന് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയാണ് മത്സരം ടൈയിലാക്കുവാന്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് സാധിച്ചത്.

പഞ്ചാബിന്റെ തുടക്കം പാളിയ ശേഷം ആര്‍ക്കും കാര്യമായി റണ്‍സ് കണ്ടെത്തുവാന്‍ സാധിച്ചിരുന്നില്ല. താന്‍ എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റ് വീഴ്ത്തിയ അശ്വിനെ അതേ ഓവറില്‍ തന്നെ പരിക്കേറ്റ് ഡല്‍ഹിയ്ക്ക് നഷ്ടമാകുന്നതാണ് കണ്ടത്.

എന്നാല്‍ പിന്നെയും വിക്കറ്റുകള്‍ വീഴ്ത്തി സമ്മര്‍ദ്ദം സൃഷ്ടിക്കുവാന്‍ ഡല്‍ഹി ബൗളര്‍മാര്‍ക്കായി. മയാംഗ് അഗര്‍വാള്‍ ഒറ്റയാള്‍ പോരാട്ടവുമായി ഒരു വശത്ത് പൊരുതിയെങ്കിലും മറ്റു ബാറ്റ്സ്മാന്മാരുടെ പരാജയം പഞ്ചാബിന് വിനയായി. 20 റണ്‍സ് നേടിയ കൃഷ്ണപ്പ ഗൗതവും 21 റണ്‍സ് നേടിയ ലോകേഷ് രാഹുലമാണ് കിംഗ്സ് ഇലവന്‍ പഞ്ചാബ് നിരയില്‍ റണ്‍സ് കണ്ടെത്തിയ താരങ്ങള്‍.

എന്നാല്‍ പിന്നീട് മത്സരം മയാംഗ് അഗര്‍വാലിന്റെ ഒറ്റയാന്‍ പോരാട്ടത്തില്‍ തിരിച്ച് പിടിക്കുന്നതാണ് ആരാധകര്‍ക്ക് കാണുവാന്‍ കഴിഞ്ഞത്. ഒരു ഘട്ടത്തില്‍ മത്സരം ഡല്‍ഹി ജയിക്കുമെന്ന് കരുതിയ ഘട്ടത്തില്‍ നിന്നാണ് ടീം മത്സരം കൈവിട്ടത്.

മോഹിത് ശര്‍മ്മ എറിഞ്ഞ 18ാം ഓവറില്‍ രണ്ട് സിക്സ് സഹിതം 17 റണ്‍സ് നേടി ലക്ഷ്യം 12 ഓവറില്‍ 25 റണ്‍സെന്ന നിലയില്‍ ആക്കി മാറ്റുവാന്‍ മയാംഗിന് സാധിച്ചിരുന്നു. കാഗിസോ റബാഡ എറിഞ്ഞ 19ാം ഓവറില്‍ ഒരു ഫോറും ഒരു ഡബിളും നല്‍കിയ മയാംഗ് അടുത്ത പന്തില്‍ ഒരു അവസരം നല്‍കിയെങ്കിലും ബൗണ്ടറിയില്‍ ശ്രേയസ്സ് അയ്യര്‍ അത് കൈവിടുകയും പന്ത് ബൗണ്ടറിയിലേക്ക് കടത്തുകയും ചെയ്തു. ഓവറില്‍ നിന്ന് 12 റണ്‍സാണ് പിറന്നത്.

അവസാന ഓവറില്‍ വിജയത്തിനായി12 റണ്‍സ് വേണ്ടിയിരുന്ന പഞ്ചാബിന് വേണ്ടി മയാംഗ് ആദ്യ പന്തില്‍ തന്നെ സിക്സ് നേടി. അടുത്ത പന്തില്‍ ഡബിള്‍ നേടിയതോടെ ലക്ഷ്യം നാല് പന്തില്‍ അഞ്ചായി മാറി. അടുത്ത പന്തില്‍ ബൗണ്ടറി നേടി സ്കോറുകള്‍ ഒപ്പമെത്തിച്ചുവെങ്കിലും ഒരു പന്ത് അവശേഷിക്കെ ജയം ഒരു റണ്‍സ് അകലെയുള്ളപ്പോള്‍ മയാംഗ് പുറത്താകുകയായിരുന്നു.

സ്റ്റോയിനിസ് എറിഞ്ഞ ഓവറിന്റെ അവസാന മൂന്ന് പന്തിലാണ് പഞ്ചാബ് മത്സരം കൈവിടുന്നത് കണ്ടത്. 60 പന്തില്‍ നിന്ന് 89 റണ്‍സാണ് മയാംഗ് നേടിയത്. 101/6 എന്ന നിലയില്‍ നിന്ന് 157/6 എന്ന നിലയിലേക്ക് മയാംഗ് ടീമിനെ എത്തിച്ചുവെങ്കിലും ജയമെന്ന ലക്ഷ്യത്തിലേക്ക് ടീമിനെ നയിക്കുവാന്‍ മയാംഗിന് സാധിച്ചില്ല.

അവസാന ഓവറില്‍ വീഴ്ത്തിയ രണ്ട് വിക്കറ്റ് അടക്കം സ്റ്റോയിനിസ് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ റബാഡയും അശ്വിനും രണ്ട് വീതം വിക്കറ്റ് നേടി.

അയ്യര്‍-പന്ത് കൂട്ടുകെട്ടിന് ശേഷം അവസാന ഓവറുകളില്‍ സ്റ്റോയിനിസിന്റെ വെടിക്കെട്ട്, 20 പന്തില്‍ അര്‍ദ്ധ ശതകം

തുടക്കത്തില്‍ മുഹമ്മദ് ഷമി ഏല്പിച്ച പ്രഹരത്തില്‍ നിന്ന് കരകയറാനാകാതെ ഡല്‍ഹി ക്യാപിറ്റല്‍സ് പതറിയെങ്കിലും അവസാന ഓവറുകളില്‍ 20 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം തികച്ച സ്റ്റോയിനിസിന്റെ മികവില്‍ ഐപിഎല്‍ 2020ന്റെ രണ്ടാമത്തെ മത്സരത്തില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ 157/8 റണ്‍സ് മാത്രം നേടി ഡല്‍ഹിയുടെ യുവനിര.

13/3 എന്ന നിലയിലേക്ക് വീണ ഡല്‍ഹിയെ ശ്രേയസ്സ് അയ്യര്‍-ഋഷഭ് പന്ത് കൂട്ടുകെട്ട് 73 റണ്‍സ് നേടി മുന്നോട്ട് നയിച്ചുവെങ്കിലും ഇന്നിംഗ്സിന്റെ അവസാന ഘട്ടത്തില്‍ ഇരുവരും പുറത്തായതോടെ ഡല്‍ഹിയുടെ തകര്‍ച്ച പൂര്‍ണ്ണമായി.

അടുത്തടുത്ത പന്തുകളിലാണ് 31 റണ്‍സ് നേടിയ ഋഷഭ് പന്തും 39 റണ്‍സ് നേടിയ അയ്യരും പുറത്തായത്. രവി ബിഷ്ണോയ് പന്തിനെ പുറത്താക്കിയപ്പോള്‍ മുഹമ്മദ് ഷമിയ്ക്കാണ് അയ്യരുടെ വിക്കറ്റ്. അവസാന ഓവറുകളില്‍ മാര്‍ക്കസ് സ്റ്റോയിനിസിന്റെ ബാറ്റിംഗ് പ്രകടനമാണ് ഡല്‍ഹിയെ 153 റണ്‍സിലേക്ക് നയിച്ചത്. 7 ഫോറും 3 സിക്സും നേടിയ താരം 21 പന്തില്‍ നിന്ന് 53 റണ്‍സ് നേടുകയായിരുന്നു.

127/7 എന്ന നിലയില്‍ അശ്വിന്‍ പുറത്തായ ശേഷം കാഗിസോ റബാഡയെ കാഴ്ചക്കാരനാക്കിയാണ് എട്ടാം വിക്കറ്റില്‍ സ്റ്റോയിനിസ് 27 റണ്‍സ് നേടിയത്.

ക്രിസ് ജോര്‍ദ്ദന്‍ എറിഞ്ഞ അവസാന ഓവറില്‍ 30 റണ്‍സാണ് ഡല്‍ഹി ക്യാപിറ്റല്‍സ് നേടിയത്. വിക്കറ്റൊന്നും ലഭിയ്ക്കാതിരുന്ന താരം 56 റണ്‍സാണ് നാലോവറില്‍ വഴങ്ങിയത്. പഞ്ചാബിന് വേണ്ടി മുഹമ്മദ് ഷമി മൂന്നും ഷെല്‍ഡണ്‍ കോട്രെല്‍ 2 വിക്കറ്റും നേടി. രവി ബിഷ്ണോയിയ്ക്കാണ് ഒരു വിക്കറ്റ്.

ഹാരിസ് റൗഫിന് മുന്നില്‍ തകര്‍ന്നടിഞ്ഞ് ഹോബാര്‍ട്ട് ഹറികെയിന്‍സ്

മെല്‍ബേണ്‍ സ്റ്റാര്‍സിന്റെ 163/4 എന്ന സ്കോര്‍ പിന്തുടര്‍ന്ന ഹോബാര്‍ട്ട് ഹറികെയിന്‍സിനെ തകര്‍ത്തെറിഞ്ഞ് ഹാരിസ് റൗഫ്. താരത്തിന്റെ അഞ്ച് വിക്കറ്റ് പ്രകടനത്തില്‍ ഹോബാര്‍ട്ട് ആടിയുലഞ്ഞ് 111 റണ്‍സിന് 16 ഓവറില്‍ ഓള്‍ഔട്ട് ആയപ്പോള്‍ 52 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് മെല്‍ബേണ്‍ സ്റ്റാര്‍സ് നേടിയത്.

54 പന്തില്‍ 81 റണ്‍സ് നേടിയ മാര്‍ക്കസ് സ്റ്റോയിനിസിന്റെയും 40 റണ്‍സ് നേടിയ നിക്ക് മാഡിന്‍സണിന്റെയും മികവില്‍ സ്റ്റാര്‍സ് 163 റണ്‍സിലേക്ക് നീങ്ങുകയായിരുന്നു. ഹോബാര്‍ട്ടിന് വേണ്ടി റിലീ മെറെഡിത്ത് മൂന്ന് വിക്കറ്റ് നേടി.

ഹാരിസ് റൗഫിനൊപ്പം 2 വിക്കറ്റുമായി ആഡം സംപയും ഗ്ലെന്‍ മാക്സ്വെല്ലും സ്റ്റാര്‍സ് ബൗളര്‍മാരില്‍ തിളങ്ങി. 18 പന്തില്‍ പുറത്താകാതെ 32 റണ്‍സ് നേടിയ ക്ലൈവ് റോസ് ആണ് ഹോബാര്‍ട്ടിന്റെ ടോപ് സ്കോറര്‍. കാലെബ് ജൂവല്‍ 25 റണ്‍സും നേടി.

Exit mobile version