ഡബ്ല്യുടിടി സ്റ്റാര്‍ കണ്ടെന്റര്‍ ടൂര്‍ണ്ണമെന്റിന്റെ രണ്ടാം റൗണ്ടില്‍ കടന്ന് സത്യനും മണികയും, രണ്ടാം റൗണ്ടിലെ എതിരാളികള്‍ ജപ്പാന്‍ താരങ്ങള്‍

ദോഹയില്‍ നടക്കുന്ന ഡബ്ല്യുടിടി സ്റ്റാര്‍ കണ്ടെന്റര്‍ ടൂര്‍ണ്ണമെന്റിന്റെ രണ്ടാം റൗണ്ടില്‍ കടന്ന് ഇന്ത്യയുടെ സത്യന്‍ ജ്ഞാനശേഖരനും മണിക ബത്രയും. സത്യന്‍ ലോക റാങ്കില്‍ 40ാം സ്ഥാനത്തുള്ള ഇമ്മാന്വല്‍ ലെബെസ്സണിനെയാണ് പരാജയപ്പെടുത്തിയത്. 3-2 എന്ന സ്കോറിനാണ് സത്യന്റെ വിജയം.

സത്യന്‍ 9-11, 7-11, 11-7, 11-7, 11-4, 11-4 എന്ന സ്കോറിനാണ് ഫ്രാന്‍സിന്റെ താരത്തിനെ മികച്ച തിരിച്ചുവരവ് നടത്തി മറികടന്നത്. രണ്ടാം റൗണ്ടില്‍ ടോമോകാസു ഹാരിമോട്ടോയാണ് സത്യന്റെ എതിരാളി.

വനിത വിഭാഗത്തില്‍ മണിക ബത്ര ലോക റാങ്കിംഗില്‍ 57ാം സ്ഥാനത്തുള്ള ചെംഗ് സിയന്‍-സു വിനെ പരാജയപ്പെടുത്തിയാണ് രണ്ടാം റൗണ്ടില്‍ കടന്നത്. 3-0 ന് ആണ് ഇന്ത്യന്‍ താരത്തിന്റെ വിജയം.

തായ്പേയിയുടെ ചെംഗിനെ 11-5, 11-9, 11-9 എന്ന സ്കോറിനാണ് മണിക പരാജയപ്പെടുത്തിയത്. ലോക റാങ്കിംഗില്‍ മൂന്നാം സ്ഥാനത്തുള്ള ജപ്പാന്റെ മിമ ഇറ്റോ ആണ് അടുത്ത റൗണ്ടില്‍ മണികയുടെ എതിരാളി.

രോഹിത് ശര്‍മ്മ ഉള്‍പ്പെടെ അഞ്ച് താരങ്ങള്‍ക്ക് ഖേല്‍ രത്ന അവാര്‍ഡ്

ഇന്ത്യന്‍ പരിമിത ഓവര്‍ ക്രിക്കറ്റ് ഉപനായകന്‍ രോഹിത് ശര്‍മ്മ ഉള്‍പ്പെടെ അഞ്ച് കായിക താരങ്ങള്‍ക്ക് ഖേല്‍ രത്ന അവാര്‍ഡ് ശുപാര്‍ശ ചെയ്ത ഇന്ത്യന്‍ സര്‍ക്കാര്‍. രോഹിത് ശര്‍മ്മ, പാര അത്ലീറ്റഅ മാരിയപ്പന്‍ തംഗവേലു, ടേബിള്‍ ടെന്നീസ് താരം മണിക ബത്ര, ഗുസ്തി താരം വിനേഷ് പോഗട്ട്, ഹോക്കി താരം റാണി രാംപാല്‍ എന്നിവര്‍ക്കാണ് രാജീവ് ഗാന്ധി ഖേല്‍ രത്ന അവാര്‍ഡ്.

അര്‍ജുന അവാര്‍ഡ് ലഭിച്ചവരില്‍ ഇഷാന്ത് ശര്‍മ്മ, ദീപ്തി ശര്‍മ്മ എന്നിവര്‍ ക്രിക്കറ്റില്‍ നിന്നും  അത്ലറ്റിക്സില്‍ നിന്ന് ദ്യുതി ചന്ദും ഉള്‍പ്പെടെ 27 താരങ്ങള്‍ അടങ്ങുന്നു.

ജപ്പാന്‍ താരങ്ങളോട് കീഴടങ്ങി ഇന്ത്യയുടെ സിംഗിള്‍സ് താരങ്ങള്‍

ഹംഗേറിയന്‍ ഓപ്പണ്‍ പ്രീക്വാര്‍ട്ടറില്‍ പുറത്തായി ഇന്ത്യയുടെ വനിത പുരുഷ താരങ്ങളായ മണിക ബത്രയും സത്യന്‍ ജ്ഞാനശേഖരനും. ഇന്ന് ജപ്പാന്‍ താരങ്ങളോടാണ് ഇരുവരും തങ്ങളുടെ സിംഗിള്‍സ് മത്സരത്തില്‍ പരാജയപ്പെട്ടത്. ലോക 11ാം നമ്പര്‍ ജപ്പാന്റെ ഹിരാനോ മിയുവിനോടാണ് മണിക പരാജയപ്പെട്ടത്. 0-4 എന്ന സെറ്റ് സ്കോറിലാണ് മണിക പരാജയപ്പെട്ടത്. സ്കോര്‍: 9-11, 1-11, 7-11, 7-11.

ജപ്പാന്റെ ലോക അഞ്ചാം നമ്പര്‍ താരം ടോമോകാസു ഹാരിമോട്ടോയോടാണ് സത്യന്‍ പരാജയമേറ്റു വാങ്ങിയത്. 0-4 എന്ന സെറ്റ് സ്കോറിനാണ് സത്യന്‍ പരാജയപ്പട്ടത്. സ്കോര്‍: 8-11, 5-11, 4-11, 8-11

ലോക 14ാം റാങ്കുകാരെ മറികടന്ന് മണിക ബത്ര-ശരത് കമാല്‍ സഖ്യം ക്വാര്‍ട്ടറില്‍

ഹംഗേറിയന്‍ ഓപ്പണ്‍ മിക്സഡ് ഡബിള്‍സിന്റെ ക്വാര്‍ട്ടറില്‍ കടന്ന് ഇന്ത്യയുടെ മണിക ബത്ര-ശരത് കമാല്‍ കൂട്ടുകെട്ട്. 3-2 എന്ന സ്കോറിന് ലോക റാങ്കിംഗില്‍ 14ാം സ്ഥാനക്കാരായ ഹംഗറിയുടെ സാന്‍ഡ്ര പെര്‍ഗെല്‍-ആഡം സുഡി കൂട്ടുകെട്ടിനെയാണ് ഇന്ത്യന്‍ ജോഡി പരാജയപ്പെടുത്തിയത്.

സ്കോര്‍: 11-8, 9-11, 6-11, 11-9, 11-7

ലോക റാങ്കിംഗില്‍ 46ാം സ്ഥാനത്തേക്കുയര്‍ന്ന് ഇന്ത്യയുടെ വനിത ടേബിള്‍ ടെന്നീസ് താരം

ലോക റാങ്കിംഗില്‍ 46ാം സ്ഥാനത്തെത്തി തന്റെ ഏറ്റവും മികച്ച റാങ്കിലേക്ക് ഉയര്‍ന്ന് ഇന്ത്യയുടെ ടേബിള്‍ ടെന്നീസ് താരം മണിക ബത്ര. കഴിഞ്ഞ മാസം 47ാം റാങ്കില്‍ എത്തിയ താരം ഇപ്പോള്‍ ഒരു റാങ്കാണ് മെച്ചപ്പെടുത്തിയത്. 6817 പോയിന്റോടെയാണ് ഇന്ത്യന്‍ താരം 46ാം സ്ഥാനത്തേക്ക് എത്തിയത്. ഗോള്‍ഡ് കോസ്റ്റ് കോമണ്‍വെല്‍ത്ത് ഗെയിംസിലും ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിലും ഒട്ടനവധി മെഡലുകള്‍ നേടിയ താരം കഴിഞ്ഞ ഒരു വര്‍ഷമായി ഇത്തരം മികച്ച പ്രകടനം പുറത്തെടുക്കുന്നതാണ് കാണുന്നത്.

അതേ സമയം പുരുഷ വിഭാഗത്തില്‍ സതിയന്‍ ജ്ഞാനശേഖരന്‍ 28ാം റാങ്കിലും ശരത് കമാല്‍ 33ാം റാങ്കിലും സ്ഥിതി ചെയ്യുന്നു. ഒരു ഇന്ത്യന്‍ താരം നേടുന്ന ഉയര്‍ന്ന റാങ്കായ ഇരുപത്തിയെട്ടാം റാങ്കിലേക്ക് സതിയന്‍ കഴിഞ്ഞ മാസമാണ് എത്തിയത്.

ചരിത്രം കുറിച്ച് സതിയന്‍ ജ്ഞാനശേഖരന്‍, മണിക ബത്രയ്ക്കും നേട്ടം

ചരിത്ര നേട്ടവുമായി ടേബിള്‍ ടെന്നീസ് താരം സതിയന്‍ ജ്ഞാനശേഖരന്‍. ടേബിള്‍ ടെന്നീസ് ലോക റാങ്കിംഗില്‍ ഇന്ത്യയില്‍ നിന്ന് ഒരു താരം നേടുന്ന ഏറ്റവും ഉയര്‍ന്ന റാങ്കാണ് സതിയന്‍ നേടിയിരിക്കുന്നത്. ലോക റാങ്കിംഗില്‍ 28ാം സ്ഥാനമാണ് സതിയന്‍ സ്വന്തമാക്കിയത്. മുമ്പ് 30ാം റാങ്ക് വരെ എത്തിയ ശരത് കമാലായിരുന്നു ഏറ്റവും ഉയര്‍ന്ന റാങ്കിലെത്തിയ ഇന്ത്യന്‍ താരം.

വനിത വിഭാഗം റാങ്കിംഗില്‍ ആദ്യ 50 സ്ഥാനത്തിനുള്ളില്‍ കടക്കുവാന്‍ മണിക ബത്രയ്ക്ക് സാധിച്ചിട്ടുണ്ട്. 47ാം റാങ്കാണ് താരത്തിന്റെ നേട്ടം.

സെമിയില്‍ കാലിടറി മണിക ബത്ര-ശരത് കമാല്‍ കൂട്ടുകെട്ട്, വെങ്കല നേട്ടം

സെമി ഫൈനലില്‍ ചൈനീസ് സഖ്യത്തോട് തോറ്റ് ഇന്ത്യയുടെ മിക്സഡ് ഡബിള്‍സ് ജോഡിയായ മണിക ബത്ര-ശരത് കമാല്‍ സഖ്യം. സെമിയില്‍ എത്തി വെങ്കല മെഡലുറപ്പാക്കിയ ശേഷം ഫൈനലില്‍ കരുത്തരായ ചൈനീസ് താരങ്ങളോട് ഏഴ് ഗെയിമുള്ള മത്സരത്തില്‍ അഞ്ചാം ഗെയിമില്‍ തന്നെ മത്സരത്തിന്റെ വിധി നിര്‍ണ്ണയിക്കപ്പെടുകയായിരുന്നു.

4-1നു ഇന്ത്യന്‍ കൂട്ടുകെട്ട് പരാജയപ്പെടുകയായിരുന്നു. 9-15, 5-11, 13-11, 4-11, 8-11 എന്ന സ്കോറിനായിരുന്നു ഇന്ത്യന്‍ ടീമിന്റെ പരാജയം. ഏഷ്യന്‍ ഗെയിംസ് 2018ലെ ഇന്ത്യയുടെ 51ാം മെഡലാണ് താരങ്ങള്‍ ഇന്ന് നേടിയത്.

സെമിയില്‍ കടന്ന് മിക്സഡ് ഡബിള്‍സ് സഖ്യം

ടേബിള്‍ ടെന്നീസില്‍ നിന്ന് ഒരു മെഡല്‍ കൂടി ഉറപ്പാക്കി ഇന്ത്യ. ഇന്ന് നടന്ന മിക്സഡ് ഡബിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കൊറിയയുടെ താരങ്ങളെ പരാജയപ്പെടുത്തി ശരത് കമാല്‍ – മണിക ബത്ര കൂട്ടുകെട്ട് സെമിയില്‍ കടക്കുകയായിരുന്നു. സെമിയില്‍ എത്തിയതോടെ ഇന്ത്യയ്ക്ക് ഒരു മെഡല്‍ ഉറപ്പായിട്ടുണ്ട്.

അഞ്ച് ഗെയിം നീണ്ട പോരാട്ടത്തില്‍ ഇന്ത്യ 3-2 എന്ന സ്കോറിനാണ് ജയം സ്വന്തമാക്കിയത്. 4-11, 12-10, 6-11, 11-6, 11-8. ആദ്യ ഗെയിമും മൂന്നാമത്തെ ഗെയിമും നഷ്ടമായെങ്കിലും പതറാതെ ഇന്ത്യന്‍ സഖ്യം വിജയം ഉറപ്പാക്കുകയായിരുന്നു.

Exit mobile version