ഗുണ്ടോഗനു മുന്നിൽ പുതിയ കരാർ വെച്ച് മാഞ്ചസ്റ്റർ സിറ്റി, താരം ക്ലബിൽ തുടരുമെന്ന് പ്രതീക്ഷ

മാഞ്ചസ്റ്റർ സിറ്റിയുടെ എഫ് എ കപ്പ് ഫൈനലിലെ ഹീറോ ഗുണ്ടോഗനു മുന്നിൽ പുതിയ കരാർ വെച്ച് മാഞ്ചസ്റ്റർ സിറ്റി. താരം ക്ലബ് വിടാൻ ശ്രമിക്കവെ ആണ് പുതിയ കരാർ മുന്നിൽ വെച്ച് മാഞ്ചസ്റ്റർ സിറ്റി കാത്തു നിൽക്കുന്നത്. 2024വരെയുള്ള കരാർ ആണ് ഗുണ്ടോഗനു നൽകിയിരിക്കുന്നത്. താരത്തിനു വേണമെങ്കിൽ 2025വരെ ആ കരാർ നീട്ടാനുള്ള വ്യവസ്ഥയും കരാറിൽ ഉണ്ടാകും. തനിക്ക് സിറ്റി ദീർഘകാല കരാർ നൽകുന്നില്ല എന്നതാണ് ഗുണ്ടോഗൻ ക്ലബ് വിടുന്നത് ആലോചിക്കാനുള്ള പ്രധാന കാരണം.

ഗുണ്ടോഗനു വേണ്ടി ആഴ്സണൽ, ബാഴ്സലോണ തുടങ്ങിയ ക്ലബുകൾ ഓഫറുമായി ഒരു വശത്തുണ്ട്. താരം സിറ്റിയുടെ കരാർ സ്വീകരിക്കും എന്ന വിശ്വാസത്തിൽ ആണ് മാഞ്ചസ്റ്റർ സിറ്റി. കഴിഞ്ഞ ദിവസം പെപ് ഗ്വാർഡിയോളയും ഈ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. 32കാരനായ താരം മാഞ്ചസ്റ്റർ സിറ്റിയിൽ എത്തിയതു മുതൽ പെപിന്റെ ടീമിലെ പ്രധാന താരമാണ്. സിറ്റി ടീമിലെ ഏറ്റവും അണ്ടർ റേറ്റഡ് താരമായാണ് ഗുണ്ടോഗൻ അറിയപ്പെടുന്നത്.

എഫ് എ കപ്പ് ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ സിറ്റി 2-1ന് തോൽപ്പിച്ചപ്പോൾ രണ്ടു ഗോളുകളും നേടിയത് ഗുണ്ടോഗൻ ആയിരുന്നു. ഈ വാരാന്ത്യത്തിൽ നടക്കുന്ന ചാമ്പ്യൻസ് ലീഗ് ഫൈനൽ കഴിഞ്ഞാകും ഗുണ്ടോഗൻ തന്റെ തീരുമാനം പ്രഖ്യാപിക്കുക.

ഇത്തിഹാദിൽ ഇഞ്ച്വറി ടൈമിൽ മാഞ്ചസ്റ്റർ സിറ്റി നിലത്ത്, ആഴ്സണൽ ലോകകപ്പ് കഴിയും വരെ ഒന്നാമതെന്ന് ഉറപ്പായി

ബ്രെന്റ്ഫോർഡ് പ്രീമിയർ ലീഗിലേക്ക് എത്തിയത് മുതൽ വലിയ ടീമുകളെ ഞെട്ടിക്കാനും നല്ല ഫുട്ബോൾ കളിക്കാനും മറന്നിട്ടേയില്ല. ഇന്ന് മാഞ്ചസ്റ്ററിൽ ചെന്ന് ലീഗ് ചാമ്പ്യന്മാരായ സിറ്റിയെ തോൽപ്പിച്ചതും അത്തരം ഒരു പ്രകടനമായിരുന്നു. 2-1 എന്ന സ്കോറിലാണ് സിറ്റിയെ ഇന്ന് ബ്രെന്റ്ഫോർഡ് തോൽപ്പിച്ചത്. അതും ഒരു ഇഞ്ച്വറി ടൈം ഗോളിൽ.

ഈ സീസണിൽ വകിയ ടീമുകളെ ഒക്കെ ഞെട്ടിച്ച് ശീലിച്ച ബ്രെന്റ്ഫോർഡ് ഇന്ന് ഇത്തിഹാദ് സ്റ്റേഡിയത്തിൽ മാഞ്ചസ്റ്റർ സിറ്റിക്കും വലിയ തലവേദന ആയി. നന്നായി ഡിഫൻഡ് ചെയ്തും ഒപ്പം കൗണ്ടർ അറ്റാക്ക് ചെയ്തും ബ്രെന്റ്ഫോർഡ് ഇന്ന് ആദ്യ പകുതിയിൽ മികച്ചു നിന്നു. മത്സരത്തിന്റെ പതിനാറാം മിനുട്ടിൽ ഐവാൻ ടോണിയുടെ ഒരു ഹെഡർ മാഞ്ചസ്റ്റർ സിറ്റിയെ കീഴ്പ്പെടുത്തി വലയിൽ എത്തി. സ്കോർ 1-0.

ഈ ഗോളിന് ശേഷവും സിറ്റി പതിവ് താളം കണ്ടെത്താൻ പ്രയാസപ്പെട്ടു. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുമ്പ് യുവതാരം ഫിൽ ഫോഡന്റെ ഒരു നല്ല സ്ട്രൈക്ക് മാഞ്ചസ്റ്റർ സിറ്റിക്ക് സമനില നൽകി.

രണ്ടാം പകുതിയിൽ മത്സരത്തിന്റെ ഗതി അതുപോലെ തുടർന്നു. കൂടുതൽ അറ്റാക്കിലേക്ക് സിറ്റി തിരിഞ്ഞു. ഡിഫൻസ് ബ്രേക്ക് ചെയ്യാൻ ആകാത്തതോടെ സിറ്റി ലോങ് ഷോട്ടുകൾ തൊടുക്കേണ്ടി വരുന്നതും കാണാൻ ആയി. ലീഡെടുക്കാൻ ഏറ്റവും നല്ല അവസരം ലഭിച്ചത് ഗുണ്ടോഗനായിരുന്നു. ഹാളണ്ടുമായി വൺ ടച്ച് കളിച്ചു മുന്നേറിയ ഗുണ്ടോഗന് ഒരു സുവർണ്ണാവസരം ലഭിച്ചു എങ്കിലും പന്ത് ടാർഗറ്റിലേക്ക് പോലും പോയില്ല.

മത്സരത്തിൽ സിറ്റി വിജയ ഗോളിനായി ആഞ്ഞു ശ്രമിക്കവെ 98ആം മിനുട്ടിൽ ഒരു ബ്രെന്റ്ഫോർഡ് കൗണ്ടർ, ആ ബ്രേക്കിൽ ഐവൻ ടോണിയുടെ രണ്ടാം ഗോൾ. സിറ്റിയുടെ പരാജയം ഉറച്ച നിമിഷം.

ഈ പരാജയത്തോടെ സിറ്റി 32 പോയിന്റുമായി ലീഗിൽ രണ്ടാമത് തന്നെ നിൽക്കുകയാണ്. ഈ തോൽവി ലോകകപ്പ് കഴിയുന്നത് വരെ ആഴ്സണൽ ലീഗിൽ ഒന്നാമത് നിൽക്കും എന്നും ഉറപ്പിച്ചു. ബ്രെന്റ്ഫോർഡ് 19 പോയിന്റുമായി 10ആം സ്ഥാനത്താണ്‌

മാഞ്ചസ്റ്റർ സിറ്റിക്ക് അപ്രതീക്ഷിത സമനില, പ്രീമിയർ ലീഗ് കിരീട പോരാട്ടം ആവേശകരമാകുന്നു

ലിവർപൂളിന് ആശ്വാസമാകുന്ന ഫലമാണ് ഇന്നലെ ക്രിസ്റ്റൽ പാലസ് മാഞ്ചസ്റ്റർ സിറ്റിക്ക് എതിരെ നേടിയത്. പാലസിന്റെ ഹോം ഗ്രൗണ്ടിൽ വെച്ച് നടന്ന മത്സരത്തിൽ ഒരു ഗോൾ രഹിത സമനില. ഇന്നലെ 75%ത്തോളം പൊസഷൻ ഉണ്ടായിരുന്നു എങ്കിലും അധികം അവസരം സൃഷ്ടിക്കാൻ പെപ്പിന്റെ ടീമിനായില്ല. ആകെ നാലു ഷോട്ടുകളെ ടാർഗറ്റിലേക്ക് എത്തിയുള്ളൂ. പെപ് ഇത് തുടർച്ചയായ മൂന്നാം തവണയാണ് ക്രിസ്റ്റൽ പാലസിന് മുന്നിൽ പതറുന്നത്. വിയേര പരിശീലകബായി എത്തിയ ശേഷം പാലസ് മാഞ്ചസ്റ്റർ സിറ്റിയോട് തോറ്റിട്ടില്ല.

ഈ സമനില കിരീട പോരാട്ടം മാറ്റിമറിക്കും. 29 മത്സരങ്ങളിൽ 70 പോയിന്റുമായി സിറ്റി ഒന്നാമത് നിൽക്കുകയാണ്. 28 മത്സരങ്ങളിൽ 66 പോയിന്റാണ് ലിവർപൂളിന് ഉള്ളത്. ലിവർപൂൾ അടുത്ത മത്സരം വിജയിച്ചാൽ സിറ്റിയും ലിവർപൂളും തമ്മിലുള്ള പോയിന്റ് വ്യത്യാസം ഒരു പോയിന്റായി കുറയും.

ആദ്യ പാദത്തിന്റെ കരുത്തിൽ മാഞ്ചസ്റ്റർ സിറ്റി ക്വാർട്ടറിലേക്ക്

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇംഗ്ലീഷ് ക്ലബായ മാഞ്ചസ്റ്റർ സിറ്റി അനായാസം ക്വാർട്ടറിൽ. ആദ്യ പാദത്തിലെ 5-0 എന്ന വലിയ ലീഡിന്റെ കരുത്തുമായി സ്പോർടിങിനെ നേരിടാൻ ഇറങ്ങിയ മാഞ്ചസ്റ്റർ സിറ്റി ഇന്ന് സമ്മർദ്ദം ഒട്ടുമില്ലാതെ ആണ് കളിച്ചത്. പന്ത് കയ്യിൽ വെച്ച് സമാധാനത്തിൽ കളിച്ച സിറ്റി ഗോൾ രഹിത സമനില ഇന്ന് സ്വന്തമാക്കി. അഗ്രിഗേറ്റിൽ 5-0ന്റെ വിജയം.

വലിയ ലീഡ് ഉണ്ടായിരുന്നു എങ്കിലും മികച്ച സ്ക്വാഡിനെ തന്നെയാണ് പെപ് ഇന്നും കളത്തിൽ ഇറക്കിയത്. ആദ്യ പകുതിയിൽ ഇന്ന് ഗോൾ ഒന്നും പിറന്നില്ല. രണ്ടാം പകുതിയിൽ യുവതാരം ജെയിംസ് മകാറ്റിയെ പെപ് കളത്തിൽ ഇറക്കി താരത്തിന് അവസരം നൽകി. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ജീസുസിലൂടെ സിറ്റി ലീഡ് എടുത്തു എങ്കിലും വാർ ഓഫ്സൈഡ് വിളിച്ചു. ഇതിനു ശേഷം കാര്യമായ അവസരങ്ങൾ സിറ്റിയും സൃഷ്ടിച്ചില്ല.

മാഞ്ചസ്റ്റർ സിറ്റിക്ക് ഇന്ന് പോർച്ചുഗലിൽ സ്പോർടിങിന്റെ പരീക്ഷ

ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ ഇന്ന് മാഞ്ചസ്റ്റർ സിറ്റി അവരുടെ ആദ്യ പാദ മത്സരത്തിനായി പോർച്ചുഗലിലേക്ക് പോകും. പോർച്ചുഗീസ് ക്ലബായ സ്പോർടിങിനെ ആണ് സിറ്റി ഇന്ന് നേരിടേണ്ടത്. 12 പോയിന്റുമായി ഗ്രൂപ്പ് എയിൽ ഒന്നാമതെത്തിയാണ് സിറ്റി പ്രീക്വാർട്ടറിലേക്ക് എത്തിയത്.

അതേസമയം ഗ്രൂപ്പ് സിയിൽ അയാക്‌സിന് പിന്നിൽ രണ്ടാമതാണ് സ്‌പോർട്ടിംഗ് എത്തിയത്. ഗ്രൂപ്പിൽ ബൊറൂസിയ ഡോർട്ട്മുണ്ടിനെ പുറത്താക്കി ആയിരുന്നു സ്പോർടിങ് നോക്കൗട്ട് റൗണ്ടിലേക്ക് എത്തിയത്‌. 2008-09 സീസണ് ശേഷം ആദ്യമായാണ് സ്പോർടിങ് പ്രീക്കാർട്ടറിലേക്ക് എത്തുന്നത്.

അവസാന സീസണിൽ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ചെൽസിയോട് പരാജയപ്പെട്ട സിറ്റി ഇത്തവണ കിരീടത്തിന് ഫേവറിറ്റുകൾ ആണ്. സിറ്റിക്ക് ഒപ്പം ഇന്ന് ഗ്രീലിഷ്,_ജീസുസ് എന്നിവർ പരിക്ക് കാരണം ഉണ്ടാവില്ല. സസ്പെൻഷൻ കാരണം വാൽക്കറും ഇന്ന് ഉണ്ടാവില്ല.

Exit mobile version