പുതിയ സീരി എ സീസണിന് മുന്നോടിയായി ടീമിനെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഡച്ച് ലെഫ്റ്റ് ബാക്ക് ടൈറല്‍ മലാഷ്യയെ സ്വന്തമാക്കാൻ എ.എസ് റോമ ശ്രമങ്ങൾ ആരംഭിച്ചു. ജേഡൻ സാഞ്ചോയെക്കുറിച്ചുള്ള ചർച്ചകൾക്കിടെയാണ് മലാഷ്യയിൽ റോമക്ക് താൽപ്പര്യമുണ്ട് എന്ന് ക്ലബറിയിച്ചത്.
കഴിഞ്ഞ സീസണിലെ നിരാശാജനകമായ പ്രകടനങ്ങൾക്കു ശേഷം ടീം മെച്ചപ്പെടുത്താൻ രണ്ട് താരങ്ങളെയും സ്വന്തമാക്കാൻ ഇറ്റാലിയൻ ക്ലബ് ആഗ്രഹിക്കുന്നുണ്ട്. സാഞ്ചോയ്ക്കായി റോമ ഏകദേശം 20 മില്യൺ പൗണ്ടിന്റെ ഒഫർ സമർപ്പിച്ചു കഴിഞ്ഞു, ഇത് സ്വീകരിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് തയ്യാറാണ്. എന്നിരുന്നാലും, സാഞ്ചോ റോമയുമായി വ്യക്തിപരമായ നിബന്ധനകളിൽ ധാരണയിലെത്താത്തതിനാൽ ഈ നീക്കം തടസ്സപ്പെട്ടിരിക്കുകയാണ്.
ഈ ചർച്ചകൾക്കിടയിലാണ് മലാഷ്യയിലേക്ക് റോമയുടെ ശ്രദ്ധ തിരിയുന്നത്. പ്രതിരോധനിരയിൽ കൂടുതൽ കരുത്ത് പകരാൻ കഴിയുന്ന, അധികം പണം മുടക്കാതെ സ്വന്തമാക്കാവുന്ന ഒരു താരമായാണ് മലാഷ്യയെ റോമ കാണുന്നത്. യുണൈറ്റഡിൽ അവസരങ്ങൾ കുറവായ മലാഷ്യ ക്ലബ് വിടാൻ ശ്രമിക്കുകയാണ്.
തുർക്കി ക്ലബ്ബായ ബെസിക്റ്റാസും ഇറ്റാലിയൻ ക്ലബ്ബായ അറ്റ്ലാന്റയും ഈ ഡച്ച് ഡിഫൻഡറിൽ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ഔദ്യോഗികമായ ഒഫറുകൾ ആരും ഇതുവരെ നൽകിയിട്ടില്ല.
പുതിയ പ്രീമിയർ ലീഗ് സീസണിൽ ഇന്ന് ഒരു കിടിലൻ പോരാട്ടമാണ് നടക്കുന്നത്. ഓൾഡ് ട്രാഫോർഡിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആഴ്സണലിനെ നേരിടുന്നു. വലിയ ട്രാൻസ്ഫർ നീക്കങ്ങൾക്ക് ശേഷം ഇരു ടീമുകളും കൂടുതൽ കരുത്തരായാണ് കളത്തിലിറങ്ങുന്നത്. റൂബൻ അമോറിമും മൈക്കൽ അർട്ടെറ്റയും അവരുടെ പുതിയ താരനിരയെ അണിനിരത്തി ആദ്യ മത്സരത്തിൽത്തന്നെ ജയിച്ച് സീസൺ പോസിറ്റീവ് ആയി ആരംഭിക്കാൻ ആണ് ലക്ഷ്യമിടുന്നത്.
ഇംഗ്ലണ്ടിലെ രണ്ട് വലിയ ക്ലബ്ബുകളുടെ ഈ പോരാട്ടം ഇന്ത്യയിലെ ഫുട്ബോൾ ആരാധകർക്ക് ആവേശം നൽകുമെന്നുറപ്പ്. കഴിഞ്ഞ വർഷത്തെ പതിനഞ്ചാം സ്ഥാനക്കാരായ യുണൈറ്റഡ് ആ നിരാശ മായ്ച്ചുകളയാൻ ലക്ഷ്യമിട്ടാണ് ഈ സീസണിലിറങ്ങുന്നത്. മാറ്റിയൂസ് കുഞ്ഞ്യ, ബ്രയാൻ എംബ്യൂമോ, യുവ സ്ട്രൈക്കർ ബെഞ്ചമിൻ ഷെസ്കോ എന്നിവരെ ടീമിലെത്തിച്ച് അവർ തങ്ങളുടെ സ്ക്വാഡ് ശക്തിപ്പെടുത്തിയിട്ടുണ്ട്. ഫിറ്റ്നസ് വീണ്ടെടുത്ത ഗോൾ കീപ്പർ ആൻഡ്രെ ഒനാന ഇന്ന് ഇറങ്ങും.
പ്രതിരോധ നിരയിൽ യോറോ, എയ്ദൻ ഹെവൻ, എന്നിവർക്ക് ഒപ്പം ഡിലിറ്റോ മഗ്വയറോ അണിനിരക്കും. ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസും കസെമിറോയും മധ്യനിരയും ഇറങ്ങും എന്നാണ് സൂചനകൾ. അറ്റാക്കിംഗ് വിംഗ് ബാക്കുകളായ അമാഡ് ഡയലോയും പാട്രിക് ഡോർഗുവും മുന്നേറ്റങ്ങൾക്ക് വേഗത കൂട്ടും എന്ന് വിശ്വസിക്കാം. എന്നാൽ വലിയ മത്സരം ആയതിനാൽ അമദിന് പകരം ഡാലോട്ടിനെ റൈറ്റ് വിങ് ബാക്ക് ആക്കിയേക്കും.
എംബ്യൂമോ-കുഞ്ഞ്യ-ഷെസ്കോ സഖ്യം അറ്റാക്കിൽ ഉണ്ടാകും. അച്ചടക്കമുള്ള ആഴ്സണൽ പ്രതിരോധത്തിനെതിരെ ഈ പുതിയ മുന്നേറ്റനിര എത്ര വേഗത്തിൽ ഒത്തിണങ്ങുമെന്നാണ് യുണൈറ്റഡിനെ സംബന്ധിച്ചുള്ള പ്രധാന ചോദ്യം.
2004-ന് ശേഷം ആദ്യമായി പ്രീമിയർ ലീഗ് കിരീടം ലക്ഷ്യമിടുന്ന ആഴ്സണൽ, മുന്നേറ്റനിരയിലേക്ക് വിക്ടർ ഗ്യോകെരെസിനെയും മധ്യനിരയിലേക്ക് മാർട്ടിൻ സുബിമെൻഡിയെയും ഉൾപ്പെടെ മികച്ച കളിക്കാരെ ടീമിലെത്തിച്ചിട്ടുണ്ട്. അവരുടെ പ്രതിരോധത്തിൽ ഗബ്രിയേൽ, സാലിബ, ബെൻ വൈറ്റ്, ലെവിസ്-സ്കെല്ലി എന്നിവർ അർട്ടെറ്റയുടെ തന്ത്രങ്ങൾക്കനുസരിച്ച് അണിനിരക്കും. ഓഡെഗാർഡ്, റൈസ്, സുബിമെൻഡി എന്നിവർ കളിയുടെ താളം നിയന്ത്രിക്കും. പുതിയ സ്ട്രൈക്കർ ഗ്യോകെരെസിനൊപ്പം മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിക്കാൻ അപകടകാരികളായ സാകയും മാർട്ടിനെല്ലിയും ഉണ്ടാകും.
ഈ മത്സരം പുതിയ താരങ്ങൾക്ക് പ്രീമിയർ ലീഗിന്റെ വലിയ വേദിയിൽ തങ്ങളുടെ കഴിവ് തെളിയിക്കാനുള്ള അവസരം കൂടിയാണിത്. സമീപകാലങ്ങളിൽ ആഴ്സണലിനാണ് ഈ പോരാട്ടത്തിൽ മുൻതൂക്കമെങ്കിലും, ഓൾഡ് ട്രാഫോർഡിലെ ഈ തീപാറും പോരാട്ടത്തിൽ എന്തും സംഭവിക്കാം.
തത്സമയ സംപ്രേക്ഷണ വിവരങ്ങൾ: തിയ്യതി: ഞായർ, ഓഗസ്റ്റ് 17, 2025 സമയം: രാത്രി 9:00 PM IST വേദി: ഓൾഡ് ട്രാഫോർഡ്, മാഞ്ചസ്റ്റർ ടിവി സംപ്രേക്ഷണം: സ്റ്റാർ സ്പോർട്സ് സെലക്ട് 1, സ്റ്റാർ സ്പോർട്സ് സെലക്ട് 1 എച്ച്ഡി തത്സമയ സ്ട്രീമിംഗ്: ജിയോഹോട്ട്സ്റ്റാർ ആപ്പ്, വെബ്സൈറ്റ്, ഒടിടിപ്ലേ പ്രീമിയത്തിലും ലഭ്യമാണ്.
പ്രധാനപ്പെട്ട പൊസിഷനായ നമ്പർ 6 റോളിലേക്ക് മുൻപ് മാഞ്ചസ്റ്റർ യുണൈറ്റഡ് ലക്ഷ്യമിട്ടിരുന്ന ബ്രൈറ്റൺ ആൻഡ് ഹോവ് ആൽബിയോൺ മിഡ്ഫീൽഡർ കാർലോസ് ബലേബയെ ഈ സീസണിൽ സ്വന്തമാക്കേണ്ടെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് തീരുമാനിച്ചു. ബ്രൈറ്റണുമായി നടത്തിയ ആദ്യ ചർച്ചകളിൽ ഈ സീസണിൽ ബലേബയെ വിൽക്കാൻ അവർ തയ്യാറല്ലെന്ന് യുണൈറ്റഡ് മനസ്സിലാക്കി.
മോയ്സസ് കൈസെഡോയെ ചെൽസി 115 മില്യൺ പൗണ്ടിന് സ്വന്തമാക്കിയതുപോലെ വലിയൊരു തുക ബലേബക്ക് വേണ്ടി നൽകാൻ യുണൈറ്റഡ് തയ്യാറല്ലായിരുന്നു. ഓൾഡ് ട്രാഫോർഡിലേക്ക് മാറാൻ ബലേബക്ക് താല്പര്യമുണ്ടായിരുന്നുവെന്നും വ്യക്തിപരമായ കരാറുകൾ ഒരു പ്രശ്നമാവില്ലായിരുന്നുവെന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. എന്നാൽ, ബ്രൈറ്റണിന്റെ കടുത്ത നിലപാടുകളും ഉയർന്ന വിലയും കാരണം യുണൈറ്റഡിന് നീക്കത്തിൽ നിന്ന് പിന്മാറേണ്ടി വന്നു. ബ്രൈറ്റൺ ഒരു തുക പറയാൻ പോലും തയ്യാറായിരുന്നില്ല.
മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിനെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മാത്യൂസ് കുഞ്ഞ്യ, ബ്രയാൻ എംബ്യൂമോ, ബെഞ്ചമിൻ സെസ്കോ എന്നിവരെ ഈ സീസണിൽ സ്വന്തമാക്കിയിരുന്നു. മിഡ്ഫീൽഡ് താരങ്ങളുടെ കാര്യത്തിൽ കോച്ച് റൂബൻ അമോറിം ശാന്തനാണ്. മേസൺ മൗണ്ടിനെപ്പോലെയുള്ള നിലവിലെ കളിക്കാർ മിഡ്ഫീൽഡിൽ ടീമിന് കരുത്ത് നൽകുമെന്ന് അദ്ദേഹം ഇന്ന് പത്ര സമ്മേളനത്തിൽ പറഞ്ഞു.
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ സൈനിംഗ് ബെഞ്ചമിൻ ഷെസ്കോ ഈ ഞായറാഴ്ച പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ആഴ്സണലിനെതിരെ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നു. കഴിഞ്ഞ വാരാന്ത്യത്തിൽ 76.5 മില്യൺ യൂറോയ്ക്കും 8.5 മില്യൺ യൂറോയുടെ ബോണസിനും ആർബി ലീപ്സിഗിൽ നിന്ന് ടീമിനൊപ്പം ചേർന്ന 21-കാരനായ സ്ലൊവേനിയൻ സ്ട്രൈക്കർ ശാരീരികമായി പൂർണ്ണ സജ്ജനാണെന്ന് മാനേജർ റൂബൻ അമോറിം സ്ഥിരീകരിച്ചു.
ഷെസ്കോ ആദ്യ ഇലവനിൽ ഉണ്ടാകുമോ എന്ന് തീരുമാനിച്ചിട്ടില്ലെങ്കിലും, താരം കളിക്കാൻ ഫിറ്റ് ആണെന്ന് അമോറിം പറഞ്ഞു. പരിക്ക് മാറി എത്തിയ ആന്ദ്രേ ഒനാനയും ആഴ്സണലിന് എതിരെ കളിക്കാൻ തയ്യാറാണ്. എന്നാൽ ഒനാന വല കാക്കാൻ ഇറങ്ങുമോ അതോ ബയിന്ദറിനെ സ്റ്റാർട്ട് ചെയ്യുമോ എന്ന് കണ്ടറിയണം. ലിസാൻഡ്രോ മാർട്ടിനസ് ആഴ്സണലിന് എതിരെ കളിക്കാൻ ഉണ്ടാകില്ല.
ബ്രൈറ്റൺ ക്ലബ്ബിന്റെ സൂപ്പർ മിഡ്ഫീൽഡർ കാർലോസ് ബലേബ ക്ലബ്ബിൽ തുടരുമെന്ന് മാനേജർ ഫാബിയാൻ ഹർസ്‌ലർ ആത്മവിശ്വാസം പ്രകടിപ്പിച്ചു. താരത്തെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് 100 മില്യൺ പൗണ്ടിന്റെ നീക്കത്തിന് ശ്രമിക്കുന്നുണ്ടെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് ഹർസ്‌ലറുടെ പ്രതികരണം.
ഫുൾഹാമിനെതിരായ പ്രീമിയർ ലീഗ് ഓപ്പണറിന് മുന്നോടിയായി സംസാരിക്കവെ, 20-കാരനായ താരത്തിന്റെ പ്രതിബദ്ധതയെ ഹർസ്‌ലർ പ്രശംസിച്ചു. മത്സരത്തിൽ ബലേബ കളിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം സ്ഥിരീകരിച്ചു. പരിശീലനത്തിൽ ബലേബ കഠിനാധ്വാനം ചെയ്യുന്നുണ്ടെന്നും പുതിയ സീസണിൽ ബ്രൈറ്റണിന്റെ പ്രധാന കളിക്കാരനായി അദ്ദേഹം തുടരുമെന്നും ഹർസ്‌ലർ ഊന്നിപ്പറഞ്ഞു.
ബലേബയെ ടീമിലെത്തിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമിക്കുന്നുണ്ട്. കാമറൂൺ മിഡ്ഫീൽഡറായ ബലേബയെ പ്രധാന ട്രാൻസ്ഫർ ലക്ഷ്യമായി യുണൈറ്റഡ് കാണുന്നു.
മാഞ്ചസ്റ്റർ യുണൈറ്റഡ് വിങ്ങർ ജേഡൺ സാഞ്ചോയെ സ്വന്തമാക്കാൻ ഇറ്റാലിയൻ ക്ലബ്ബായ എ.എസ്. റോമ ഔദ്യോഗിക ബിഡ് സമർപ്പിച്ചു. 20 മില്യൺ പൗണ്ട് നൽകി താരത്തെ സ്ഥിരമായി ടീമിലെത്തിക്കാനാണ് റോമയുടെ ശ്രമം. അതല്ലെങ്കിൽ, ഒരു സീസൺ ലോൺ അടിസ്ഥാനത്തിൽ വാങ്ങാനും അവർക്ക് താൽപര്യമുണ്ട്.
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആദ്യ ടീമിൽ നിന്ന് പുറത്തായ സാഞ്ചോയെ ടീമിൽ നിന്ന് ഒഴിവാക്കാൻ യുണൈറ്റഡ് ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. നിലവിൽ, മാഞ്ചസ്റ്റർ യുണൈറ്റഡും സാഞ്ചോയുടെ പ്രതിനിധികളും തമ്മിൽ ചർച്ചകൾ സജീവമാണ്.
പുതിയ മാനേജർ ജിയാൻ പിയറോ ഗാസ്പെരിനിയുടെ കീഴിൽ ടീമിനെ ശക്തിപ്പെടുത്താനുള്ള റൊമയുടെ നീക്കത്തിന്റെ ഭാഗമാണിത്. സാഞ്ചോയുടെ ഉയർന്ന പ്രതിവാര വേതനം കാരണം മറ്റു ക്ലബ്ബുകൾക്ക് താരത്തെ സ്വന്തമാക്കാൻ താൽപര്യമില്ലായിരുന്നു. എന്നാൽ റൊമ ഒരു സ്ഥിരം കൈമാറ്റത്തിനോ, ലോൺ അടിസ്ഥാനത്തിലോ താരത്തെ ടീമിലെത്തിക്കാൻ തയ്യാറാണ്. അടുത്ത സീസണിൽ താരത്തിന്റെ കരാർ അവസാനിക്കുന്നതിനാൽ സ്ഥിരം കൈമാറ്റത്തിനാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് മുൻഗണന നൽകുന്നത്. പക്ഷെ, ഒരു വർഷത്തേക്ക് കരാർ നീട്ടാനുള്ള ഓപ്ഷനും യുണൈറ്റഡിനുണ്ട്. ട്രാൻസ്ഫർ ജാലകം സെപ്റ്റംബർ ഒന്നിന് അവസാനിക്കുന്നതിനാൽ, ഒരു സ്ഥിരം കൈമാറ്റം സാധ്യമല്ലെങ്കിൽ വേതന ബിൽ കുറയ്ക്കാൻ താരത്തെ ലോണിൽ വിടാൻ യുണൈറ്റഡ് നിർബന്ധിതരായേക്കാം.
മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർ ടോബി കോലിയർ 2025-26 സീസണിൽ വെസ്റ്റ് ബ്രോമിച്ച് അൽബിയോണിൽ ലോണിൽ ചേരും. ഇത് സംബന്ധിച്ച് ചർച്ചകൾ നടക്കുകയാണ്. ചാമ്പ്യൻഷിപ്പിലെ നിരവധി ക്ലബ്ബുകൾക്ക് 21-കാരനായ കോലിയറിനെ ടീമിലെത്തിക്കാൻ താൽപ്പര്യമുണ്ടായിരുന്നു. എന്നാൽ, പ്രധാന പരിശീലകൻ റയാൻ മേസന്റെ കീഴിൽ പ്രീമിയർ ലീഗ് പ്രൊമോഷന് ശ്രമിക്കുന്ന വെസ്റ്റ് ബ്രോമിന്റെ പദ്ധതികളിൽ കോലിയർ ഒരു പ്രധാന ഭാഗമാകുമെന്ന് അവർ കരുതുന്നു.
2022-ൽ ബ്രൈട്ടണിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമിയിലെത്തിയ കോലിയർ 2024-ൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരായ കമ്മ്യൂണിറ്റി ഷീൽഡിൽ ആദ്യ ടീമിനായി അരങ്ങേറ്റം കുറിച്ചിരുന്നു. കഴിഞ്ഞ സീസണിൽ 19 മത്സരങ്ങളിൽ കളിച്ച താരം അവസരം കിട്ടിയപ്പോൾ ഒക്കെ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. കോബി മൈനൂ, കാസെമിറോ, കോലിയർ ഇംഗ്ലണ്ടിന്റെ U16, U17 ടീമുകളുടെ ക്യാപ്റ്റനായിരുന്നു. കൂടാതെ കഴിഞ്ഞ വർഷം U20 ടീമിനായും കളിച്ചിട്ടുണ്ട്.
മാഞ്ചസ്റ്റർ യുണൈറ്റഡിന് ദീർഘകാല പദ്ധതികളില്ലെന്ന് തുറന്നടിച്ച് താരം മാർക്കസ് റാഷ്ഫോർഡ്. വർഷങ്ങളായുള്ള സ്ഥിരതയില്ലായ്മ കാരണം ക്ലബ്ബ് “നോ മാൻസ് ലാൻഡിൽ” (ലക്ഷ്യമില്ലാത്ത അവസ്ഥയിൽ) അകപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. ബാഴ്‌സലോണയിലേക്ക് ലോൺ അടിസ്ഥാനത്തിൽ ചേർന്നതിന് ശേഷമാണ് 27-കാരനായ റാഷ്‌ഫോർഡ് യുണൈറ്റഡിന്റെ തകർച്ചയെക്കുറിച്ച് തുറന്നുപറഞ്ഞത്.
യുണൈറ്റഡിനായി 426 മത്സരങ്ങളിൽ നിന്ന് 138 ഗോളുകൾ നേടിയ റാഷ്‌ഫോർഡ്, തുടർച്ചയായുള്ള പരിശീലക മാറ്റങ്ങളാണ് ക്ലബ്ബിന്റെ വിജയത്തിന് തടസ്സമെന്ന് വിശ്വസിക്കുന്നു. “യുണൈറ്റഡ് എത്തിച്ചേരേണ്ട നിലവാരത്തിൽ നിന്ന് നമ്മൾ വളരെ താഴെയാണ്. കഴിഞ്ഞ ആറ് മാസത്തിനിടെ ഞാൻ ചിന്തിച്ചപ്പോൾ എനിക്ക് മനസ്സിലായത് ഇതാണ്, നമ്മൾ ഇത്രയധികം പ്രതീക്ഷിക്കുന്നത് എന്തിനാണ്? ഇത്രയധികം പരിശീലകരും വ്യത്യസ്ത ആശയങ്ങളും വിജയതന്ത്രങ്ങളും വന്നപ്പോൾ നമ്മൾ ഒരു ലക്ഷ്യവുമില്ലാത്ത അവസ്ഥയിലെത്തി” – റാഷ്‌ഫോർഡ് ‘Rest Is Football’ പോഡ്കാസ്റ്റിൽ പറഞ്ഞു.
ലിവർപൂളിനെ റാഷ്‌ഫോർഡ് ഉദാഹരണമായി ചൂണ്ടിക്കാട്ടി. ആദ്യകാലങ്ങളിൽ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നിട്ടും, തൻ്റെ കാഴ്ചപ്പാടുകൾ നടപ്പിലാക്കാൻ സമയം നൽകിയതുകൊണ്ടാണ് ലിവർപൂളിനെ ജർഗൻ ക്ലോപ്പ് വിജയത്തിലേക്ക് നയിച്ചത്. ഫെർഗൂസൺ കാലഘട്ടത്തിലെ വിജയ തത്വങ്ങൾ നഷ്ടപ്പെട്ടതിനെക്കുറിച്ചും റാഷ്‌ഫോർഡ് ദുഃഖം പ്രകടിപ്പിച്ചു. വ്യക്തമായ ഒരു ലക്ഷ്യബോധമില്ലെങ്കിൽ മികച്ച കളിക്കാർ ഉണ്ടായിട്ടും ടീമിന് വിജയിക്കാൻ കഴിയില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
റോം: മാഞ്ചസ്റ്റർ യുണൈറ്റഡ് താരം റസ്‌മസ് ഹോയ്‌ലൻഡിനെ സ്വന്തമാക്കാൻ ഇറ്റാലിയൻ ക്ലബ് എസി മിലാൻ ശ്രമിക്കുന്നതായി റിപ്പോർട്ട്. താരത്തെ ലോൺ വ്യവസ്ഥയിൽ ടീമിലെത്തിക്കാനാണ് മിലാൻ ശ്രമിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഡാനിഷ് ഫോർവേഡിനായി 6 മില്യൺ യൂറോ ലോൺ ഫീസായി നൽകാനും 45 മില്യൺ യൂറോയുടെ ബൈ ഓപ്ഷൻ കരാറിൽ ഉൾപ്പെടുത്താനും മിലാൻ തയ്യാറാണ്.
ലോൺ കാലയളവിൽ താരത്തിൻ്റെ മുഴുവൻ ശമ്പളവും മിലാൻ വഹിക്കും. മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരാൻ ആണ് ഹൊയ്ലുണ്ടിന് താല്പര്യം എങ്കിലും യുണൈറ്റഡ് താരത്തോട് ക്ലബ് വിടാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
അറ്റലാന്റയിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയ ഹോയ്‌ലൻഡിന് ഫോം കണ്ടെത്താൻ ഇതുവരെ ആയില്ല. ബെഞ്ചമിൻ ഷെസ്കോ കൂടി എത്തിയതോടെ താരത്തിൻ്റെ സാധ്യതകൾ കുറഞ്ഞു. അതുകൊണ്ടുതന്നെ സെരി എയിലേക്ക് തിരിച്ചെത്തുന്നത് താരത്തിന് ഫോം വീണ്ടെടുക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
പുതിയ സീസണിൽ ബെഞ്ചമിൻ ഷെസ്കോ 30-ാം നമ്പർ ജേഴ്‌സിയണിയും എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ആർ.ബി. ലീപ്‌സിഗിലും റെഡ് ബുൾ സാൽസ്ബർഗിലും താരം ഉപയോഗിച്ചിരുന്ന 30-ാം നമ്പർ തന്നെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനായും തിരഞ്ഞെടുത്തത്. 2021-ൽ തന്റെ സീനിയർ അരങ്ങേറ്റം മുതൽ സെസ്‌കോ 30-ാം നമ്പറാണ് ഉപയോഗിക്കുന്നത്.
പ്രീ-സീസൺ സൗഹൃദ മത്സരത്തിന് തൊട്ടുമുമ്പാണ് ഈ പ്രഖ്യാപനം വന്നത്. ഷെഷ്കോക്ക് 30-ാം നമ്പർ ജേഴ്‌സി നൽകുന്നതിനായി സഹതാരം ഡീഗോ ലിയോൺ തന്റെ ജേഴ്‌സി നമ്പർ 35 ആയി മാറ്റി.
2025-26 സീസണിലേക്കുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ മൂന്നാം നമ്പർ ജേഴ്‌സി ഔദ്യോഗികമായി പുറത്തിറക്കി. പതിവ് ഡിസൈനുകളിൽ നിന്നും വ്യത്യസ്തമായ രീതിയിലാണ് ഇത്തവണത്തെ ജേഴ്സി അഡിഡാസ് ഒരുക്കിയിരിക്കുന്നത്. ആകർഷകമായ മഞ്ഞയും നീലയും നിറങ്ങളുള്ള കറുത്ത ജേഴ്സിയാണ് ഇത്തവണ ക്ലബ്ബിനായി ഒരുക്കിയിരിക്കുന്നത്.
ഇതിൽ ക്ലബ്ബിന്റെ ലോഗോ മഞ്ഞനിറത്തിൽ നൽകിയിരിക്കുന്നു. സ്നാപ്ഡ്രാഗൺ ആണ് പ്രധാന സ്പോൺസർ. അഡിഡാസിന്റെ റെട്രോ ട്രെഫോയിൽ ലോഗോയും നൽകിയിട്ടുണ്ട്. ജേഴ്‌സിക്ക് ഒരു ക്ലാസിക് ഫുട്ബോൾ ശൈലി നൽകുന്നതിനോടൊപ്പം ആധുനിക സ്ട്രീറ്റ്‌വെയർ സൗന്ദര്യവും ചേർന്ന ഒരു രൂപമാണ് നൽകിയിരിക്കുന്നത്. മുൻ താരം ഡിമിറ്റർ ബെർബറ്റോവും ഇപ്പോഴത്തെ യുണൈറ്റഡ് താരങ്ങളും ചേർന്നാണ് ജേഴ്സിയുടെ പ്രകാശനം നിർവഹിച്ചത്. ജേഴ്സിയുടെ തോളുകളിലെ മഞ്ഞനിറത്തിലുള്ള ത്രീ-സ്ട്രൈപ്പ് ഡിസൈനും കോളർ ട്രിമ്മും കറുത്ത പശ്ചാത്തലത്തിന് മുകളിൽ വേറിട്ടുനിൽക്കുന്നു. ഇതിൽ നീലനിറത്തിലുള്ള ആക്സന്റുകൾ ആകർഷകമായ രൂപം നൽകുന്നു. റെട്രോ-മോഡേൺ ക്രോസ്ഓവർ ശൈലിയിലുള്ള ഈ ജേഴ്സി സാമൂഹിക മാധ്യമങ്ങളിൽ ഇതിനോടകം തന്നെ ആരാധകർക്കിടയിൽ ചർച്ചയായി കഴിഞ്ഞു.
ഈ സീസണിൽ സ്ഥിരമായി കളിക്കാൻ അവസരം ലഭിക്കണമെങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടണമെന്ന് റസ്മസ് ഹോയ്‌ലുണ്ടിനെ ക്ലബ് അറിയിച്ചു. 73.7 മില്യൺ പൗണ്ടിന് ബെഞ്ചമിൻ സെസ്‌കോയെ ടീമിലെത്തിച്ചതോടെയാണ് ഹോയ്‌ലുണ്ടിന്റെ സ്ഥാനം പിന്നോട്ട് പോയത്. താരത്തെ സ്ഥിരമായി വിൽക്കാനാണ് യുണൈറ്റഡിന്റെ ആഗ്രഹം. എന്നാൽ ലോൺ ഡീലും പരിഗണിക്കുന്നുണ്ട്.
ക്ലബിൽ തുടർന്ന് തന്റെ സ്ഥാനം നിലനിർത്താൻ ഹോയ്‌ലുണ്ട് ആഗ്രഹിക്കുന്നുണ്ടെങ്കിലും ക്ലബിന്റെ സമ്മർദ്ദം കാരണം താരത്തിന് ടീം വിടേണ്ടി വന്നേക്കും. ഹോയ്‌ലുണ്ടിനെ സ്വന്തമാക്കാൻ എസി മിലാനാണ് മുൻപന്തിയിൽ. ഒരു സീസൺ നീണ്ടു നിൽക്കുന്ന വായ്പാടിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. 3.5-4 മില്യൺ പൗണ്ട് ലോൺ ഫീസായി നൽകാനും, ലോൺ കാലാവധിക്ക് ശേഷം ഏകദേശം 34-40 മില്യൺ പൗണ്ടിന് താരത്തെ സ്ഥിരമായി സ്വന്തമാക്കാനും മിലാൻ തയ്യാറാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഹോയ്‌ലുണ്ടിന് 40 മില്യൺ പൗണ്ടാണ് യുണൈറ്റഡ് വിലയിട്ടിരിക്കുന്നത്. താരത്തിന്റെ ആഴ്ചയിൽ 110,000 പൗണ്ട് വരുന്ന വേതനം ലോൺ ഡീലിന്റെ ഭാഗമായി മിലാൻ വഹിക്കുമെന്നും സൂചനയുണ്ട്. പ്രധാന സ്ട്രൈക്കർമാർ പോയതോടെ ആക്രമണം ശക്തമാക്കാൻ ഹോയ്‌ലുണ്ടിനെ പോലൊരു താരത്തെ വേണമെന്ന് മിലാൻ വിശ്വസിക്കുന്നു.